തൃക്കരിപ്പൂർ∙ മന്ത്രി എം.എം.മണിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടതിനു പിന്നാലെ സസ്പെൻഷനിലായ വൈദ്യുത വകുപ്പ് ജീവനക്കാരന്റെ വീട് ആക്രമിച്ചു. പടന്ന ഓരിയിലെ പി.കെ.സുഗുണന്റെ വീടിനു നേരെ രാത്രി ഒരു മണിക്കു ശേഷമാണ് അക്രമം നടന്നത്. ജനൽപാളികൾ തകർത്തു. വീടിനു നേരെ കല്ലേറും ഉണ്ടായി. ഈ സമയം സുഗുണൻ വീട്ടിലുണ്ടായിരുന്നില്ല. ഭാര്യയും അമ്മയും മാത്രമുള്ളപ്പോഴാണ് അക്രമം.
കഴിഞ്ഞ ഏഴിനു ഫെയ്സ്ബുക് പോസ്റ്റിട്ടതിനെ തുടർന്നു അന്വേഷണം നടത്തിയിരുന്നു. കോൺഗ്രസ് അനുകൂല സംഘടനാ പ്രവർത്തകനായ സുഗുണൻ ചെറുവത്തൂർ 110 കെവി സബ് സ്റ്റേഷനിലെ മസ്ദൂർ ജീവനക്കാരനാണ്. ചീഫ് എൻജിനീയറുടെ നിർദേശപ്രകാരം കാസർകോട് എക്സി. എൻജിനീയർ സസ്പെൻഷൻ നടപടി സ്വീകരിച്ചത്. സംഭവത്തിനു പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു.