ആഘോഷങ്ങളുടെ പേരില്‍ റാലിയും സംഘം ചേരലും വേണ്ടെന്ന് വിദേശികള്‍ക്ക് കുവൈത്ത് ആഭ്യന്തര മന്ത്രാലത്തിന്റെ മുന്നറിയിപ്പ്. ഫുട്ബോള്‍ മത്സരങ്ങളിലെ വിജയം, സ്വന്തം രാജ്യങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ചിലര്‍ നടത്തുന്ന ആഘോഷപ്രകടനങ്ങള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.
ലോകത്തെവിടെയെങ്കിലും ഫുട്ബോള്‍ മത്സരത്തില്‍ തങ്ങളുടെ നാടോ ഇഷ്ട ടീമോ വിജയിച്ചാല്‍ വാഹനങ്ങളുമായി റോഡിലിറങ്ങി ആഘോഷിക്കുന്ന പ്രവണതയുണ്ട് ചില രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക്. സ്വന്തം രാജ്യങ്ങളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും ചിലപ്പോള്‍ ആഘോഷം അരങ്ങേറാറുണ്ട്. ഇത്തരം ആഘോഷ പരിപാടി ഗതാഗത തടസത്തിന് പുറമെ ശബ്ദ മലിനീകരണത്തിനും ഇടയാക്കുന്നു. നിയമവിധേയമല്ലാത്ത അത്തരം ആഘോഷ പ്രകടനങ്ങളില്‍ പങ്കെടുക്കുന്നവരെ പിടികൂടി നാടുകടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിച്ചുള്ള റാലി അനുവദനീയമല്ല. മുന്‍കൂര്‍ അനുമതി വാങ്ങി മാത്രമേ അത്തരം ആഘോഷം പാടുള്ളൂ. ജനങ്ങള്‍ക്കും സ്വത്തിനും സംരക്ഷണം നല്‍കുന്നതിന്റെ ഭാഗമായുള്ള നിയമ നടപടികളുമായി മുഴുവന്‍ വിദേശികളും സഹകരിക്കണമെന്നും മന്ത്രാലയം അഭ്യര്‍ഥിച്ചു.