മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിലേക്ക് രാഷ്ട്രീയപാര്‍ട്ടികളുടെ പ്രതിഷേധം. അനധികൃതമായി സ്ഥാപിച്ച വാട്ടര്‍ബോ നീക്കംചെയ്യാനെത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ വോമ്പനാട്ട് കായലില്‍ പൊലീസ് വളഞ്ഞു. ഡിസിസിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധവും റിസോര്‍ട്ടിന് മുന്നില്‍ നടന്നു.
കായലിലൂടെ സഞ്ചരിച്ച് റിസോര്‍ട്ടിന് മുന്നില്‍ വളച്ചുകെട്ടിയ ഭാഗങ്ങള്‍ പൊളിക്കാനുള്ള യുവമോര്‍ച്ചയുടെ ആദ്യശ്രമം ബോട്ടുജെട്ടിയില്‍ വച്ചുതന്നെ പൊലീസ് പരാജയപ്പെടുത്തി. രണ്ടുമണിക്കൂര്‍ കഴിഞ്ഞ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ രഹസ്യമായെത്തി റിസോര്‍ട്ടിന് മുന്‍വശത്തേക്ക് കുതിച്ചു. വാട്ടര്‍ ബോ സ്ഥാപിച്ച്, റിസോര്‍ട്ട് കൈവശപ്പെടുത്തിയ ഭാഗത്തെത്തിയപ്പോഴേക്കും സ്പീഡ് ബോട്ടില്‍ പൊലീസ് പാഞ്ഞെത്തി. യുവമോര്‍ച്ചക്കാരുടെ ബോട്ട് വളഞ്ഞു.
ബോട്ടിലേക്ക് കയറാനുള്ള പൊലീസ് ശ്രമം പരാജയപ്പെട്ടതോടെ വെള്ളത്തിലേക്ക് ചാടാനായി പ്രവര്‍ത്തകര്‍ തയ്യാറെടുത്തു. കൂടുതല്‍ പൊലീസ് എത്തി ആ ശ്രമവും പരാജയപ്പെടുത്തി. എന്നാല്‍ കയ്യേറ്റം ഒഴിപ്പിക്കുംവരെ പ്രതിഷേധം തുടരുമെന്ന് സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.
രാവിലെ ജില്ലാകോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലും റിസോര്‍ട്ടിലേക്ക് മാര്‍ച്ച് നടത്തി. പൊലീസ് വലയംതീര്ത്തതോടെ വലിയകുളം ജെട്ടിയില്‍ പ്രതിഷേധം അവസാനിപ്പിച്ചു. ഡിസിസി പ്രസിഡന്റ് എം.ലിജു ഉദ്ഘാടനംചെയ്തു.