പാര്‍ക്ക് വിവാദത്തില്‍ ജില്ലാ, സംസ്ഥാന നേതൃത്വങ്ങളുടെ നിലപാട് അംഗീകരിക്കാതെ, പി.വി.അന്‍വര്‍ എം.എല്‍.എയെ പിന്തുണച്ച് കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് സോളി ജോസഫ്. ഈ വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശങ്ങള്‍ നല്‍കിയിട്ടില്ല. നിയമാനുസൃതമായ നടപടിയാണ് പഞ്ചായത്ത് സ്വീകരിച്ചിട്ടുള്ളതെന്നും സോളി ജോസഫ് മനോരമ ന്യൂസിനോട് പറഞ്ഞു. പാര്‍ക്കിന്റെ അനുമതി റദ്ദാക്കണമെന്ന് ജില്ലാ, സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരുന്നു.
അതേസമയം, പി.വി. അന്‍വറിന്റെ വാട്ടര്‍ തീം പാര്ക്കിന് നല്കിയ അനുമതി, പഞ്ചായത്ത് എത്രയും വേഗം റദ്ദാക്കുമെന്നാണ് പ്രതീക്ഷയെന്ന് കോഴിക്കോട് ഡിസിസി അധ്യക്ഷന്‍ ടി. സിദ്ദിഖ്. അന്‍വറിനെ അനുകൂലിച്ചുള്ള പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടിനോട് യോജിപ്പില്ല. തിരുത്തേണ്ടവരെ തിരുത്തുമെന്നും ടി.സിദ്ദിഖ് കോഴിക്കോട് പറഞ്ഞു.