സദാചാര പൊലീസിങ്ങിന്റെ പേരില്‍ ശിവസേനക്കാരുടെ അതിക്രമം അരങ്ങേറി ഒരാഴ്ച പിന്നിടുമ്പോഴും കൊച്ചി മറൈന്‍ ഡ്രൈവില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്കെത്തിയിട്ടില്ല. ശിവസേന അക്രമത്തെ തുടര്‍ന്നുടലെടുത്ത ഭീതിയെ തുടര്‍ന്ന് മറൈന്‍ ഡ്രൈവിലെത്തുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. മേഖലയില്‍ പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചെങ്കിലും സഞ്ചാരികളുടെ പരിഭ്രാന്തി ഇല്ലാതാക്കാന്‍ ഇതുകൊണ്ടും സാധിച്ചിട്ടില്ല.
സദാചാരത്തിന്റെ പേരുപറഞ്ഞ് ശിവസേനക്കാര്‍ അഴിഞ്ഞാടിയ മറൈന്‍ ഡ്രൈവിലെ അബ്ദുള്‍ കലാം മാര്‍ഗ്. അതിക്രമം നടന്ന് ആഴ്ചയൊന്ന് പിന്നിടുമ്പോള്‍ പേരിനു പോലുമില്ല ആള്‍ത്തിരക്ക്. ആണും പെണ്ണും ഒന്നിച്ചിരുന്ന ഇരിപ്പിടങ്ങള്‍ കാലി. ആകെ വരുന്നത് സമീപത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുളള ചില വിദ്യാര്‍ഥികള്‍ മാത്രം. ശിവസേനയുടെ അതിക്രമത്തിനെതിരെ പ്രതിഷേധങ്ങളൊരുപാടരങ്ങേറിയെങ്കിലും ആളുകളുടെ പേടി മാറിയിട്ടില്ലെന്ന് കണ്ടവരെല്ലാം ഒരുപോലെ പറഞ്ഞു.
ആള്ത്തിരക്കൊഴിഞ്ഞതോടെ കുറഞ്ഞ കച്ചവടത്തെ പറ്റിയായിരുന്നു കാസര്‍കോട്ടുകാരനായ വ്യാപാരി അഫ്സലിന് പറയാനുണ്ടായിരുന്നത്. ശിവസേനയുടെ അക്രമത്തിനു മുമ്പില്‍ കയ്യും കെട്ടി നോക്കി നിന്ന പൊലീസ് പക്ഷേ മുഴുവന്‍ സമയ നിരീക്ഷണവുമായി മഫ്തിയിലും അല്ലാതെയും മറൈന്‍ ഡ്രൈവിലിപ്പോള് സജീവമാണുതാനും.