ഇന്നലെ പിണറായി വിജയന്റെ ദിവസമായിരുന്നെങ്കില്‍ ഇന്ന് രാജ്മോഹന്‍ ഉണ്ണിത്താന്റെ ദിവസമാണ്. ആരും നെറ്റി ചുളിക്കണ്ട. സുപ്രീംകോടതിയില്‍ ഇന്ന് വിജയിച്ചത് ഈ കോണ്‍ഗ്രസ് നേതാവാണ്. മൃഗീയമായ സദാചാര പൊലീസിങ്ങിന് ഇരയായി, അതിന്റെ പേരില്‍ സ്വന്തം പാര്ട്ടിക്കാര് പോലും ആട്ടിപ്പായിച്ച രാജ്മോഹന്‍ ഉണ്ണിത്താന്.
സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീംകോടതിയുടെ ഒന്‍പതംഗ ഭരണഘടനാബെഞ്ച് വിധിക്കുമ്പോള്‍ കേരളത്തിന് അത് നല്‍കുന്നത് സദാചാര പൊലീസുകാരുടെ കടപൂട്ടാനുള്ള പാഠം കൂടിയാണ്. നിങ്ങളുടെ വികൃതമായ സദാചാരസംഹിതകള്‍ ഇനി കേവലം ആക്രമണം മാത്രമാവില്ല. അത് മൗലികാവകാശ ലംഘനം കൂടിയാകും. പ്രായപൂര്‍ത്തിയെത്തിയ രണ്ടുവ്യക്തികള്‍ തമ്മിലുള്ള സ്വകാര്യ ബന്ധങ്ങള്‍ ഇനി അവര്‍ക്കുതന്നെ വിട്ടേക്കൂ
ഈ സുപ്രധാന സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ 9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാടിതാണ്. കുഴിച്ചുമൂടൂ, വ്യാജ സദാചാരത്തെ. ആദരിക്കൂ, വ്യക്തിയുടെ സത്തയെ, സ്വാതന്ത്ര്യത്തെ. സദാചാര പൊലീസിങ്ങിന് ഇരയായ നൂറുകണക്കിനുപേരോട് ഈ സമൂഹം ഇരക്കട്ടെ, മാപ്പ്. വേണം അതില്‍ ആദ്യത്തെ മാപ്പ്, രാജ്മോഹന്‍ ഉണ്ണിത്താനോട്