വൈദികന് പ്രതിയായ കൊട്ടിയൂര്‍ പീഡനക്കേസില്‍ കുറ്റകൃത്യങ്ങളെ ഏകോപിപ്പിച്ചത് രണ്ടാം പ്രതി തങ്കമ്മയാണെന്ന് പൊലീസ്. ഒന്നാം പ്രതി ഫാ.റോബിന്റെ നിര്‍ദേശപ്രകാരം മറ്റുപ്രതികളുമായി ബന്ധപ്പെട്ടതും തങ്കമ്മയാണ്. ഇന്ന് അന്വേഷണ സംഘത്തിനു മുമ്പാകെ കീഴടങ്ങിയ ഫാ.തോമസ് ജോസഫ് തേരകത്തിനെതിരെ ഗൂഢാലോചന ഉള്‍പ്പെടെയുള്ള ഗൗരവ വകുപ്പുകള്‍ ചുമത്തിയാണ് കോടതിയില്‍ ഹാജരാക്കിയത്. കീഴടങ്ങിയ മൂന്നു പ്രതികള്‍ക്കും പോക്സോ കോടതി ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജാമ്യം അനുവദിച്ചു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായ വിവരം അറിഞ്ഞതുമുതല്‍ ഫാ.റോബിന് ഇടവക അംഗമായ തങ്കമ്മയെ ആണ് ചുമതല ഏല്‍പ്പിച്ചത്. തൊക്കിലങ്ങാടി ആശുപത്രിയില്‍ പ്രസവത്തിന് എത്തിച്ചതും തുടര്‍ന്ന് പെണ്‍കുട്ടിയേയും കുഞ്ഞിനേയും രഹസ്യമായി വൈത്തിരിയിലേക്ക് കടത്തിയതും തങ്കമ്മ നേരിട്ടാണ്. കുറ്റകൃത്യം മറക്കാന്‍ ഫാ.തോമസ് തേരകത്ത ഉള്‍പ്പെടെ ബന്ധപ്പെടതും തങ്കമ്മ തന്നെ. ഹൈക്കോടതി നിര്‍ദേശപ്രകാരം ഇന്ന് പേരാവൂര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ ഫാ.തോമസ് തേരകത്തിനും സി.ബെറ്റി ജോസിനും സി.ഒഫീലിയക്കും കോടതി കര്‍ശനഉപാധികളോടെ ജാമ്യം അനുവദിച്ചു.ഫാ.തോമസ് തേരകത്തിനെതിരെ പൊലീസ് ഗുരുതരവകുപ്പുകള്‍ ചുമത്തി.എന്നാല്‍ കുറ്റം ചെയ്തിട്ടില്ലെന്നാണ് സ്വയം കരുതുന്നതെന്ന് തോമസ് തേരകം പ്രതികരിച്ചു.
കുറ്റകൃത്യത്തില്‍ ഫാ.റോബിന്റെ വലംകയ്യായി നിന്ന തങ്കമ്മ ഇന്ന് മറ്റുപ്രതികള്‍ക്കൊപ്പം ഹാജരായില്ല. ഹൈക്കോടതി നിര്‍ദേശം അവസാനിക്കുന്ന നാളെ രാവിലെ അന്വേഷണഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകും.ഇന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ തങ്കമ്മയെ വിശദമായി ചോദ്യം ചെയ്യും. ഫാ.റോബിന് എട്ടുവര്‍ഷത്തെ വീസയെടുത്താണ് കാനഡയിലേക്ക് മുങ്ങാന്‍ ശ്രമിച്ചതെന്നും പൊലീസ് പറഞ്ഞു. ഇന്നത്തെ ചോദ്യം ചെയ്യലില്‍ പൊലീസിന് നിര്‍ണായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.