കണ്ണൂര്‍ കൊട്ടിയൂരില്‍ വൈദികന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ മൂന്നുപ്രതികള്‍ കീഴടങ്ങി. വയനാട് ശിശുക്ഷേമസമിതി മുന്‍ അധ്യക്ഷന്‍ ഫാദര്‍ തോമസ് തേരകം, സമിതിയംഗമായിരുന്ന സിസ്റ്റര്‍ ബെറ്റി, സിസ്റ്റര്‍ ഒഫീലിയ എന്നിവരാണ് പുലര്‍ച്ചെ പേരാവൂര്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഹൈക്കോടതിനിര്ദേശമുണ്ടായിട്ടും രണ്ടാംപ്രതി തങ്കമ്മ നെല്ലിയാനി ഇതുവരെ കീഴടങ്ങിയിട്ടില്ല.
ഹൈക്കോടതി കീഴടങ്ങാന്‍ നല്കിയ സമയപരിധി നാളെ അവസാനിക്കാനിരിക്കേയാണ് ഫാദര്‍ തോമസ് തേരകവും സിസ്റ്റര്‍ ബെറ്റി, ഒഫീലിയ എന്നിവരും പേരാവൂര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. പുലര്‍ച്ചെ ആറരയ്ക്ക് അഭിഭാഷകര്‍ക്കൊപ്പം സ്റ്റേഷനിലെത്തിയ മൂവരുടേയും അറസ്റ്റ് രേഖപ്പെടുത്തി. തുടര്‍ന്ന് സിഐ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ വിശദമായ മൊഴിയെടുത്തു. വൈദ്യപരിശോധനയ്ക്കുശേഷം മൂന്നുപേരെയും തലശേരി പോക്സോ കോടതിയില്‍ ഹാജരാക്കും.
കേസിലെ എട്ട്, ഒന്‍പത്, പത്ത് പ്രതികളാണ് കീഴടങ്ങിയവര്‍. രണ്ടാംപ്രതിയും കൊട്ടിയൂര്‍ ഇടവകാംഗവുമായ തങ്കമ്മ നെല്ലിയാനി ഇനിയും കീഴടങ്ങിയിട്ടില്ല. കുറ്റകൃത്യം മറയ്ക്കാന്‍ മുഖ്യപ്രതി ഫാദര്‍ റോബിനെ സഹായിച്ചുവെന്നാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. തങ്കമ്മയുടെ മകളും ആറാംപ്രതിയുമായ സി.ലിസ് മരിയ, ഏഴാം പ്രതി സി.അനീറ്റ എന്നിവരും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. കേസിലെ മൂന്നും നാലും അഞ്ചും പ്രതികളുടെ ജാമ്യാപേക്ഷയില്‍ തലശേരി അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കോടതി തിങ്കളാഴ്ച വിധിപറയും.