അധികാരത്തിന്റെ മൂര്‍ധന്യത്തില്‍  ഭരണത്തുടര്‍ച്ചയില്‍ സംശയം വന്നാല്‍ ഭരണകൂടത്തിനുണ്ടാകുന്ന ഒരു അങ്കലാപ്പുണ്ട്. കേരളം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത് ആ അങ്കലാപ്പാണ്. പത്തുവര്‍ഷമായി അധികാരം മാത്രം ശീലിച്ച നേതാക്കള്‍ അവരുടെ തന്ന രാഷ്ട്രീയവും ചരിത്രവും മറന്ന് നിലയില്ലാത്ത വര്‍ത്തമാനം പറയുന്നത് നമ്മള്‍ കാണുന്നു.  സി.പി.എം എന്ന പാര്‍ട്ടി അധികാരത്തുടര്‍ച്ചയ്ക്കു വേണ്ടി ഏതറ്റം വരെ പോകുമെന്നു സൂക്ഷ്മമായി കണ്ടറിയാനുള്ള രാഷ്ട്രീയസന്ദര്‍ഭമാണ് ഇപ്പോള്‍ നമുക്ക് മുന്നിലുള്ളത്.  ആ പോക്കില്‍ കേരളത്തിന്റെ ആത്മാവായ മതേതരത്വം തന്നെ തകര്‍ത്തു കളയേണ്ടി വന്നാല്‍ അതിനും മടിക്കില്ലെന്ന ഭീതി നമ്മളെയും പേടിപ്പിക്കണം. തിരഞ്ഞെടുപ്പില്‍ ജയിച്ചവരുടെ  മതം നോക്കാന്‍ ഒരു മന്ത്രി തന്നെ പറഞ്ഞിട്ടും അത് വര്‍ഗീയതയാണെന്ന് വര്‍ഗീയതയ്ക്കെതിരെ പോരാട്ടം പ്രഖ്യാപിച്ചിരിക്കുന്ന ഭരണപ്പാര്‍ട്ടിക്കു തോന്നിയില്ല. മന്ത്രിയെക്കൊണ്ട് പാര്‍ട്ടി തിരുത്തിക്കാന്‍ ജനരോഷം വേണ്ടി വന്നു   സി.പി.എമ്മിന്റെ വര്‍ഗീയവിരുദ്ധരാഷ്ട്രീയത്തെ കേരളം ഇനി എങ്ങനെ വിശ്വസിക്കണം?

ENGLISH SUMMARY:

Kerala politics is currently experiencing a period of unease as the ruling party faces uncertainty regarding their ability to retain power. This situation highlights the extent to which the CPM might go to maintain control, raising concerns about the potential erosion of secular values in Kerala.