TOPICS COVERED

നമ്മള്‍ തിരഞ്ഞെടുത്തവരാണോ  നമ്മളെ ഭരിക്കുന്നത്. മാസങ്ങളായി ഇന്ത്യയുടെ ആത്മാവിനെ പിടിച്ചുലയ്ക്കുന്ന ആ ചോദ്യത്തിനുള്ള ഉത്തരം പറയാതെ പറയുന്നു ഇന്ത്യയുെട തിരഞ്ഞെടുപ്പു കമ്മിഷന്‍.  ഇതിനു മുന്‍പ്  ഈ ചോദ്യം ഉയര്‍ന്നത് രാഹുല്‍ ഗാന്ധി കര്‍ണാടകയിലും മഹാരാഷ്ട്രയിലും വോട്ട് കൊള്ള ആരോപിച്ചപ്പോഴാണ്. ഇത്തവണ ഹരിയാന സംസ്ഥാനത്തിലാകെ വോട്ട് അട്ടിമറി നടന്നുവെന്ന് രാഹുല്‍ ഗാന്ധി തെളിവുകള്‍ നിരത്തി ആരോപിക്കുമ്പോഴും കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷന് കൃത്യമായ മറുപടിയില്ല. പകല്‍ പോലെ വ്യക്തമായ ക്രമക്കേടുകളില്‍ അന്വേഷണവുമില്ല. നടപടിയുമില്ല. ഇന്ത്യന്‍ പൗരന്‍ മനസിലാക്കേണ്ടതെന്താണ്? 

വോട്ടുകൊള്ളയില്‍ പ്രതിപക്ഷനേതാവിന്റെ മൂന്നാം വാര്‍ത്താസമ്മേളനമാണിത്. ആദ്യ രണ്ടിനേക്കാള്‍ ആഘാതമുള്ളത്. കൂടുതല്‍ പ്രഹരശേഷിയുള്ള ചോദ്യങ്ങളും. രാഹുല്‍  ഗാന്ധി ചോദിക്കുന്ന ചോദ്യങ്ങളും അതിന് തിരഞ്ഞെടുപ്പു കമ്മിഷന്റെയും കേന്ദ്രസര്‍ക്കാരിന്റെയും മറുപടിയും നോക്കാം.  രാഹുല്‍ ഗാന്ധിയുടെ ചോദ്യങ്ങള്‍ വ്യക്തമാണ്, തെളിവ് തിരഞ്ഞെടുപ്പു കമ്മിഷന്റെ തന്നെ വോട്ടര്‍പട്ടികയാണ്.  ആദ്യത്തെ ആരോപണം, ഹരിയാന നിയമസഭാതിരഞ്ഞെടുപ്പിലെ രണ്ടു കോടി വോട്ടര്‍മാരുള്ള പട്ടികയില്‍ 25 ലക്ഷവും കള്ളവോട്ടുകളാണ്. .  എന്നുവച്ചാല്‍ സംസ്ഥാനത്തെ എട്ടിലൊന്നു വോട്ടും വ്യാജം. ആരോപണത്തിനടിസ്ഥാനം,  കമ്മിഷന്റെ തന്നെ പട്ടിക.  5,21,619 വ്യാജവോട്ടുകള്‍ പട്ടികയിലുണ്ട്.  19, 26,351 കൂട്ട വോട്ടുകളും.  ഇതടക്കം 25,41,144 കള്ളവോട്ടുകള്‍ ആണ് തെളിവുസഹിതം രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഈ ആരോപണത്തിന് കമ്മിഷന്റെ മറുപടിയെന്താണെന്നറിയാമോ? എന്തുകൊണ്ട് അന്നേ പരാതിപ്പെട്ടില്ല?  അടുത്ത ഗുരുതരമായ ആരോപണം തെളിവ് സഹിതം. ബ്രസീലിയന്‍ മോഡല്‍ ഹരിയാനയിലെ വോട്ടര്‍പട്ടികയില്‍ ഇടംപിടിച്ചതെങ്ങനെ? അതും ഒരു തവണയല്ല, 22 തവണ. തിരഞ്ഞെടുപ്പു കമ്മിഷന്റെ മറുപടി അതു തന്നെ:എന്തുകൊണ്ട് നേരത്തെ പരാതിപ്പെട്ടില്ല? അടുത്ത ചോദ്യം. ഒരു മണ്ഡലത്തില്‍ ഒരാള്‍ മാത്രം ഒരേ ഫോട്ടോയില്‍ പല പേരുകളിലായി നൂറു വോട്ടുകള്‍. ഇതെങ്ങനെ സംഭവിച്ചു? കമ്മിഷന് ഉത്തരമേയില്ല. 

തിരഞ്ഞെടുപ്പ് കമ്മിഷന്റെ തന്നെ വോട്ടര്‍പട്ടികയെടുത്ത് രാജ്യത്തിനു മുന്നില്‍ വച്ച് ലോക്സഭാ പ്രതിപക്ഷനേതാവ് ചോദിക്കുകയാണ്. കാല്‍കോടി കള്ളവോട്ടുകള്‍ എങ്ങനെ ഹരിയാനയിലെ വോട്ടര്‍പട്ടികയില്‍ ഇടം പിടിച്ചു? അതിഗുരുതരമായ ചോദ്യത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന് ഔദ്യോഗികമായ മറുപടി പോലുമില്ല. കമ്മിഷന്റെ വക്താക്കളായി രംഗത്തിറങ്ങിയിരിക്കുന്നത് കേന്ദ്രമന്ത്രിമാരും ബി.ജെ.പിയും. അതെങ്ങനെയാണ് അട്ടിമറിയുടെ ഗുണഭോക്താക്കളെന്നു സംശയിക്കപ്പെടുന്നവര്‍ കമ്മിഷനു വേണ്ടി മറുപടി പറയാനിറങ്ങുന്നത്?  നമ്മുടെ ജനാധിപത്യസംവിധാനത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന ഗുരുതരമായ ആരോപണത്തില്‍ മൗനം പാലിക്കാന്‍ തിരഞ്ഞെടുപ്പു കമ്മിഷന് എന്താണവകാശം? 

രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തെറ്റാണെന്ന് ബി.ജെ.പി നേതാക്കളായ കേന്ദ്രമന്ത്രിമാര്‍ പറയുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ മിണ്ടുന്നില്ല. മിണ്ടുന്ന ബി.ജെ.പിക്കാര്‍ക്ക് തിരഞ്ഞെടുപ്പു കമ്മിഷന്റെ വോട്ടര്‍പട്ടികയിലെ ക്രമക്കേടുകളില്‍ ആധികാരികമായി എന്തു പറയാന്‍ കഴിയും? അതുകൊണ്ട് പതിവു പോലെ രാഹുല്‍ ഗാന്ധിയെ ആക്ഷേപിക്കുകയാണ്. അധിക്ഷേപം മാത്രമേയുള്ളൂ, ബി.ജെ.പിക്കും വസ്തുതാപരമായ ചോദ്യങ്ങള്‍ക്ക് വസ്തുത നിഴലിക്കുന്ന ഒരുത്തരം പോലും പറയാനില്ല. രാഹുല്‍ പേരെടുത്തു പറഞ്ഞ ചില വോട്ടര്‍മാരെ കേന്ദ്രസര്‍ക്കാരിനു വേണ്ടി മാധ്യമപ്രവര്‍ത്തനം നടത്തുന്ന ചില മാധ്യമങ്ങള്‍ രംഗത്തു കൊണ്ടു വന്നെങ്കിലും ബ്രസീലിയന്‍ മോഡലിന്റെ പടം വോട്ടര്‍പട്ടികയില്‍ വന്നതെങ്ങനെ എന്ന ചോദ്യത്തിന് അവര്‍ക്കാര്‍ക്കും ഉത്തരമില്ല. 

ഉത്തരമറിയാവുന്നത്, ഉത്തരമുണ്ടാകേണ്ടത് തിരഞ്ഞെടുപ്പു കമ്മിഷനാണ്. കമ്മിഷന്‍ മിണ്ടുന്നില്ല. ഇതിനു മുന്‍പ് കര്‍ണാടകയിലെയും മഹാരാഷ്ട്രയിലെയും വോട്ടര്‍ പട്ടിക ക്രമക്കേടുകള്‍ രാഹുല്‍ ഗാന്ധി തെളിവു സഹിതം രാജ്യത്തിനു മുന്നില്‍ അവതരിപ്പിച്ചപ്പോഴും കമ്മിഷന് വ്യക്തമായ മറുപടി ഉണ്ടായിരുന്നില്ല. മറുപടിയെന്ന പേരില്‍ രംഗത്തെത്തിയപ്പോഴും ദുര്‍ബലമായ മറുചോദ്യങ്ങളില്‍ വിളറി നില്‍ക്കുന്ന കമ്മിഷനെയാണ് രാജ്യം കണ്ടത്. ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്ത് സമഗ്രമായ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിക്കാന്‍ ഇന്ത്യയുടെ തിരഞ്ഞെടുപ്പ് കമ്മിഷന് കഴിയാത്തതെന്താണ് എന്ന ചോദ്യത്തിലുണ്ട് എല്ലാ സംശയങ്ങളുടെയും ഉത്തരം .  

കര്‍ണാടക, മഹാരാഷ്ട്ര ആരോപണങ്ങളുയര്‍ന്നപ്പോള്‍ തിരഞ്ഞെടുപ്പു കമ്മിഷനും ശ്രമിച്ചത് അതിനു തന്നെ. ഇപ്പോഴും അടിസ്ഥാനരഹിതമെന്ന ഒരൊറ്റ നിഷേധത്തില്‍ ഒതുങ്ങാത്ത വസ്തുതകള്‍ ലോകത്തിനു മുന്നിലുണ്ടെന്ന് കമ്മിഷനറിയാം. പക്ഷേ കമ്മിഷന്‍ അന്വേഷിക്കാന്‍ തയാറല്ല. ഭരണഘടനാ സംവിധാനങ്ങളെക്കുറിച്ച് ഇത്രമേല്‍ ഗുരുതരമായ ഒരു ആരോപണം ഇതിനു മുന്‍പൊരിക്കലും ഉയര്‍ന്നിട്ടില്ല. സാധാരണഗതിയില്‍ നടക്കുന്ന ഒരു പരിശോധനയ്ക്കു പോലും തിരഞ്ഞെടുപ്പു കമ്മിഷന്‍ തയാറല്ലെങ്കില്‍ കമ്മിഷന് പ്രശ്നം നേരത്തേ അറിയാമെന്നല്ലേ രാജ്യം മനസിലാക്കേണ്ടത്. രാജ്യത്തെ ഭരണസംവിധാനത്തിന്റെ വിശ്വാസ്യത മുള്‍മുനയില്‍ നില്‍ക്കുമ്പോള്‍ തിരഞ്ഞെടുപ്പു കമ്മിഷന്റെ ചോദ്യമാണ് വിചിത്രം. എന്തുകൊണ്ട് നേരത്തേ പരാതി ഉന്നയിച്ചില്ലെന്ന്. എത്ര മാസങ്ങള്‍ നീണ്ട പരിശോധനയിലൂടെയാണ് രാഹുല്‍ ഗാന്ധിയുടെ ടീം ഈ ക്രമക്കേടുകള്‍ കണ്ടെത്തിയത് എന്ന് കമ്മിഷനറിയാത്തതല്ല. കര്‍ണാടകയിലും മഹാരാഷ്ട്രയിലും കള്ളവോട്ട് കൂട്ടിച്ചേര്‍ക്കല്‍ പുറത്തു കൊണ്ടു വന്നത് പ്രത്യേക ഫോമുകളുടെ വിലയിരുത്തലാണെങ്കില്‍ ഹരിയാനയില്‍ ആ ഫോം തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കിട്ടാതിരിക്കാന്‍ കമ്മിഷന്‍ പരിപൂര്‍ണശ്രദ്ധ പുലര്‍ത്തി. ആജ്ഞാനുവര്‍ത്തികളായി, അനുസരണയുള്ള കാലാള്‍പ്പടയെപ്പോലെ രാജ്യത്തിന്റെ തിരഞ്ഞെടുപ്പു കമ്മിഷന്‍ ഇങ്ങനെ തലകുനിച്ചു നില്‍ക്കുന്നതെന്തിനാണ്? അതിനുള്ള ഉത്തരം തിരഞ്ഞെടുപ്പു കമ്മിഷന്റെ നിയമനത്തിലടക്കം മോദി സര്‍ക്കാര്‍ കൊണ്ടു വന്ന മാറ്റങ്ങളിലുണ്ട്.  സംവിധാനത്തിന്റെ അന്തസ് ഉയര്‍ത്തിപ്പിടിക്കാന്‍ സമീപകാലത്ത് ശ്രമിച്ച തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍ക്ക് നേരിടേണ്ടി വന്ന പോരാട്ടങ്ങളുടെ ചരിത്രത്തിലുണ്ട്.  അതുകൊണ്ട് രാജ്യത്തെ ഭരണപക്ഷത്തോടും പ്രതിപക്ഷത്തോടും തുല്യമായ ബഹുമാനത്തോടെ പെരുമാറാന്‍ ബാധ്യതപ്പെട്ട മുഖ്യതിരഞ്ഞെടുപ്പു കമ്മിഷണര്‍ പ്രതിപക്ഷനേതാവിന്റെ വസ്തുതാപരമായ ചോദ്യങ്ങളോടു പോലും ബഹുമാനമില്ലാതെ പെരുമാറുമ്പോള്‍ നമ്മള്‍ അല്‍ഭുതപ്പെടുന്നില്ല.

നിഷ്പക്ഷതയും വിശ്വാസ്യതയും ഉയര്‍ത്തിപ്പിടിക്കുന്ന തിരഞ്ഞെടുപ്പു കമ്മിഷന്‍ ഒരു സങ്കല്‍പം മാത്രമായിരിക്കുന്നു എന്നത് നമ്മള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. പിന്നെ ആരാണ് ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം ജനതയ്ക്ക് നല്‍കുക? ഈ അട്ടിമറികളിലൂടെ അധികാരത്തിലെത്തിയെന്ന് ആരോപണം നേരിടുന്ന ബി.ജെപി. സര്‍ക്കാരുകള്‍ക്ക്, കേന്ദ്രസര്‍ക്കാരിന് ലജ്ജ തോന്നേണ്ടതല്ലേ? ഇതൊന്നും ശരിയല്ലെന്നു സ്ഥാപിക്കാനായി പോലും ഒരു അന്വേഷണം വേണമെന്ന് മോദി ഭരണകൂടത്തിനും തോന്നില്ല. കാരണം നമ്മുടെ ജനാധിപത്യം പഴുതുകളിലൂടെ അട്ടിമറിക്കാവുന്ന ഒരു ദുര്‍ബലസംവിധാനമാണെന്ന അമിത ആത്മവിശ്വാസം ബി.ജെ.പിക്ക് ബലമാകുന്നു. 

കോണ്‍ഗ്രസ് ബിഹാറിലെ തോല്‍വിയുടെ കാരണം ഇപ്പോഴേ കണ്ടു പിടിച്ചു എന്നു മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പരോക്ഷമായെങ്കിലും വോട്ടു കൊള്ള ആരോപണത്തോടു പ്രതികരിച്ചത്. ഇതിനു മുന്‍പും രാഹുല്‍ ഗാന്ധി പുറത്തു വിട്ട ആരോപണങ്ങളോട് പ്രധാനമന്ത്രി പ്രതികരിച്ചിട്ടില്ല. രാഹുല്‍ ഗാന്ധിക്ക് സമനില തെറ്റിയെന്നാണ് ബി.ജെപിയുടെ ആരോപണം. ആരുടെ സമനിലയാണ് തെറ്റിയതെന്ന് കണ്ടു പിടിക്കാന്‍ എളുപ്പം കഴിയുമല്ലോ. എന്തുകൊണ്ടാണ് രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്ക് വോട്ടര്‍പട്ടികയില്‍ സുതാര്യതവേണമെന്നു തോന്നാത്തത്.  എന്തുകൊണ്ടാണ് സ്വന്തം തിരഞ്ഞെടുപ്പ് തന്നെ സംശയത്തിലായിട്ടും രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് സത്യം തെളിയിക്കണമെന്നു തോന്നാത്തത്? എല്ലാ ചോദ്യങ്ങളും ഉത്തരം കൂടിയാണെന്നു തിരിച്ചറിഞ്ഞേ നമുക്ക് നമ്മുടെ ജനാധിപത്യം സംരക്ഷിക്കാനാകൂ. 

രാഹുല്‍ ഗാന്ധിയെ അധിക്ഷേപിക്കാനും പരിഹസിക്കാനും പാഞ്ഞുനടക്കുകയാണ് ബി.ജെ.പി. നേതാക്കള്‍. ബിഹാറിലെ ഒന്നാംഘട്ട വോട്ടെടുപ്പിന് തൊട്ടു തലേന്നാണ് പിടിച്ചുകുലുക്കുന്ന എച്ച് ഫയല്‍സുമായി രാഹുല്‍ഗാന്ധി രാജ്യത്തിനു മുന്നിലെത്തിയത്. വോട്ടുകൊള്ളയുടെ അടുത്ത ഭാഗം ബിഹാറിലായിരിക്കുമെന്നും തിരഞ്ഞെടുപ്പിനു ശേഷം ഇത് പുറത്തുകൊണ്ടു വരുമെന്നും രാഹുല്‍ മുന്നറിയിപ്പു നല്‍കുമ്പോള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് പുച്ഛം മാത്രമാണ് മറുപടി.  നരേന്ദ്രമോദി പ്രധാനമന്ത്രിയായത് അട്ടിമറിയിലൂടെയാണ് എന്നു കൂടിയാണ് രാഹുല്‍ ഗാന്ധി ചൂണ്ടുവിരല്‍ ഉയര്‍ത്തിയിരിക്കുന്നത്. പരിഹസിച്ചൊഴിയുന്നതിനു പകരം ആ ആരോപണം തെറ്റാണെന്ന് തെളിയിക്കാന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് ഉത്തരവാദിത്തമില്ലേ? രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്ക് ഉത്തരവാദിത്തമില്ലേ? ജനാധിപത്യത്തിലാണ് വൈവിധ്യങ്ങളുടെ രാജ്യത്തിന്റെ നിലനില്‍പ്. നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്ന തിരഞ്ഞെടുപ്പു സംവിധാനവും വിശ്വാസ്യതയുള്ള വോട്ടര്‍പട്ടികയും ആ ജനാധിപത്യപ്രക്രിയയിലെ ഏറ്റവും സുപ്രധാനഘടകമാണ്. തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യത ഭരണാധികാരികള്‍ക്ക് ഒരു പ്രശ്നമല്ലാതാകുന്നത് ജനാധിപത്യത്തിന് അപായസൂചനയാണ്. 

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് നമ്മുടെ ഇന്ത്യ. ആ നിലയിലേക്കെത്തിക്കാന്‍ രാജ്യത്തിന്റെ ശില്‍പികള്‍, ഭരണഘടനാശില്‍പികള്‍ നടത്തിയ പോരാട്ടം നമ്മള്‍ ഓര്‍ക്കണം. അധികാരം രാജ്യത്തിന്റെ ജനാധിപത്യം ശക്തിപ്പെടുത്താന്‍ ഉപയോഗിച്ച ഭരണാധികാരികളുണ്ടായിരുന്ന രാജ്യമാണ് നമ്മുടേത്. ജനാധിപത്യത്തിനും മുകളിലാണ് അധികാരമെന്ന് ഭരണാധികാരികള്‍ക്കു തോന്നിയപ്പോള്‍ ജനാധിപത്യം തന്നെ അവരെ തിരുത്തിയിട്ടുണ്ട്. അപ്പോഴെല്ലാം രാജ്യം തിരിച്ചറിഞ്ഞത് ജനാധിപത്യമാണ് നമ്മുടെ ശക്തി എന്നാണ്. ജനാധിപത്യം അധികാരം ശക്തിപ്പെടുത്താനായി ഉപയോഗിക്കുന്ന ഭരണാധികാരികളാണോ ഇപ്പോള്‍ നമ്മളെ ഭരിക്കുന്നതെന്ന് അറിയാനുള്ള അവകാശം നമുക്കുണ്ട്.  രാഹുല്‍ ഗാന്ധിയുടെ ചോദ്യങ്ങള്‍ക്ക് കേന്ദ്രതിരഞ്ഞെടുപ്പു കമ്മിഷന്‍ വസ്തുതാപരമായി വ്യക്തമായി ഉത്തരം പറയണം. ആരോപണങ്ങളില്‍ പ്രതിക്കൂട്ടില്‍ കമ്മിഷനൊപ്പം നില്‍ക്കുന്ന കേന്ദ്രഭരണകൂടം പരിഹാസവും അധിക്ഷേപവും നടത്തിയാലും ജനാധിപത്യത്തിന്റെ ചോദ്യങ്ങള്‍ക്ക് നമുക്കുത്തരം കിട്ടണം.   ആരും നമുക്ക് നല്‍കിയ ഔദാര്യമല്ല ജനാധിപത്യം. 

ENGLISH SUMMARY:

Election irregularities question the credibility of Indian Democracy. Rahul Gandhi raises concerns about voter list discrepancies and election fairness, highlighting critical questions about our democratic process.