TOPICS COVERED

2025ലും ഒരു സ്ത്രീക്ക് തന്നെ ബോഡിഷെയ്മിങ് നടത്തരുതെന്ന് പരസ്യമായി സമൂഹത്തോടു പറയേണ്ടി വരുന്നുണ്ടെങ്കില്‍ അതില്‍ ആരാണ് ലജ്ജിക്കേണ്ടത്? ആ സ്ത്രീക്ക് ഒറ്റയ്ക്ക് ആ അപമാനത്തിനെതിരെ പോരാടേണ്ടി വന്നെങ്കില്‍ അത് ഏതവസ്ഥയെയാണ് സൂചിപ്പിക്കുന്നത്? ഇക്കാലത്തും മനുഷ്യര്‍ രൂപത്തിന്റെയും ഭാരത്തിന്റെയും ഉയരത്തിന്റെയും നിറത്തിന്റെയും പേരില്‍ അപമാനിക്കപ്പെടുന്നുവെന്നത് യാഥാര്‍ഥ്യമാണ്. സമൂഹമെന്ന നിലയില്‍ നമ്മള്‍ ലജ്ജിക്കണം.  ഇപ്പോഴും ശരീരനിന്ദയ്ക്ക് ഇരയായി അതിനെതിരെ പോരാടേണ്ടി വരുന്നവര്‍ക്ക് നിരുപാധികം പിന്തുണ നല്‍കണം. ഒപ്പം സെലക്റ്റീവ് പിന്തുണയുടെ കാപട്യങ്ങളും തിരിച്ചറിയണം. 

യുവനടി ഗൗരി കിഷന്‍ ആദ്യം നേരിട്ട ചോദ്യം ഇതാണ്. തൊട്ടടുത്ത ദിവസം നടന്ന മറ്റൊരു ചടങ്ങില്‍ ഇതേ മട്ടിലുളള സമീപനം ആവര്‍ത്തിച്ചപ്പോള്‍ ഗൗരി ശക്തമായി അതിനെതിരെ പ്രതികരിച്ചു. ചോദ്യം ചെയ്തു. നായികയെ എടുത്തു പൊക്കി വട്ടം കറക്കുന്ന സീനൊക്കെ ഉണ്ടല്ലോ. എത്ര ഭാരമുണ്ടായിരുന്നു എന്നതാണ് ഗൗരിയുടെ സിനിമയിലെ നായകനോട് യൂട്യൂബര്‍ ചോദിച്ച ചോദ്യം. അത് മോശമാണ്, ശരീരനിന്ദയാണ് എന്ന് ഗൗരി ആവര്‍ത്തിച്ച് വ്യക്തമാക്കുമ്പോഴും ചോദ്യം ചോദിച്ച യൂട്യൂബര്‍ ഗൗരിയോട് തര്‍ക്കിക്കുകയാണ്. വിചിത്രമായ ന്യായങ്ങള്‍. ചോദ്യം നായകനോടല്ലേ, നിങ്ങളോടല്ലല്ലോ, ശരീരഭാരത്തെക്കുറിച്ച് ചോദിക്കുന്നതില്‍ എന്താണ് തെറ്റ് ? എല്ലാവരോടും ചോദിക്കാറുണ്ടല്ലോ, ഇക്കാലമത്രയും ചോദിച്ചിട്ടും ആര്‍ക്കും പ്രശ്നമൊന്നുമില്ലല്ലോ തുടങ്ങി അവിശ്വസനീയമായ ന്യായങ്ങള്‍ ഗൗരി നേരിട്ടു. അറുപതോളം പേരുണ്ടായിരുന്ന വാര്‍ത്താസമ്മേളനവേദിയില്‍ ഒരാള്‍ പോലും ഗൗരിക്കു വേണ്ടി ശബ്ദിച്ചില്ലെന്നു മാത്രമല്ല, അവരെ നിശബ്ദയാക്കാന്‍ അനുചിതമായി ശബ്ദമുയര്‍ത്തുകയും ചെയ്തു. ശരീരനിന്ദ നേരിട്ട ഗൗരി തന്നെ ആള്‍ക്കൂട്ട ആക്രമണവും നേരിടേണ്ടി വന്നു. 

ഗൗരി ശക്തമായ നിലപാടില്‍ ഉറച്ചു നിന്നതോടെ സിനിമാലോകം മാത്രമല്ല, സമൂഹത്തിന്റെ എല്ലാ കോണില്‍ നിന്നും പിന്തുണയുണ്ടായി. മലയാളിയായ നടിയെ പിന്തുണച്ച് അമ്മ സംഘടനയും രംഗത്തു വന്നു.  സ്ത്രീകൾ ഭരണസാരഥ്യം ഏറ്റെടുത്തശേഷം ഇതാദ്യമായാണ് ഇത്തരമൊരു വിഷയത്തിൽ അമ്മ നിലപാട് വ്യക്തമാക്കുന്നത്. നേരത്തെ നടിമാർ ഉൾപ്പെടെയുള്ളവർ വിവിധ വിഷയങ്ങളിൽ നൽകിയ പരാതികൾ പുഴ്ത്തിയതിന്റെ പേരിൽ സംഘടന  വിമർശനം നേരിട്ടിരുന്നു. ഗൗരി കിഷനുണ്ടായ അനുഭവം അങ്ങേയറ്റം ഖേദകരമാണെന്ന് നടികര്‍ സംഘവും പ്രതികരിച്ചു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ എടുക്കുമെന്നും നടികർ സംഘം അറിയിച്ചു.ഗൗരിയെ പിന്തുണച്ച് ഗായിക ചിന്മയി, നടി ഖുശ്ബു  അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു പക്ഷേ ലോകം എങ്ങെനയെല്ലാം തിരുത്താന്‍ ശ്രമിച്ചിട്ടും ആ യൂട്യൂബര്‍ മാത്രം താന്‍ ചെയ്തതില്‍ ഒരു തെറ്റുമില്ലെന്ന് ആവര്‍ത്തിച്ച് നിന്നിടത്തു നില്‍ക്കുന്നു. 

സത്യത്തില്‍ ഗൗരി നേരിടേണ്ടി വന്ന അപമാനം നമ്മളെ ഞെട്ടിക്കുന്നുണ്ടോ? സത്യസന്ധമായി ചോദിച്ചാല്‍ അതൊരു ഞെട്ടലാണോ? അല്ല. സിനിമാലോകത്തു മാത്രമല്ല, സമൂഹത്തിലാകെ  ഈ സമീപനം ആവര്‍ത്തിക്കുന്നത് നമ്മള്‍ കണ്ടു നില്‍ക്കുന്നുണ്ട്.പുരുഷാധികാരം സൃഷ്ടിച്ചു വച്ചപൊതുസൗന്ദര്യമാനദണ്ഡങ്ങള്‍ക്കുള്ളില്‍ ഒതുങ്ങാത്ത മനുഷ്യര്‍ എന്നും എവിടെയും എങ്ങനെയെങ്കിലുമൊക്കെ ഈ അപമാനം നേരിട്ടു ജീവിക്കുന്നുണ്ട്. അത് നമുക്കറിയാം. എന്തുകൊണ്ടാണ് ഇക്കാലത്തും മനുഷ്യര്‍, പ്രത്യേകിച്ച് സ്ത്രീകള്‍ രൂപത്തിന്റെ പേരില്‍ ഇങ്ങനെ ആക്രമിക്കപ്പെടുന്നത്?

സ്ത്രീകള്‍ മാത്രമല്ല പുരുഷന്‍മാരും ട്രാന്‍സ് വിഭാഗവും ഒക്കെ രൂപത്തിന്റെ പേരില്‍ പരസ്യമായ അവഹേളനം നേരിടുന്നുണ്ട്. തമാശയെന്ന പേരില്‍ സിനിമകളില്‍ തന്നെയാണ് ശരീരത്തിന്റെ പേരില്‍ അപമാനിച്ചു രസിക്കുന്നത് നമ്മള്‍ കൂടുതലും കണ്ടിട്ടുള്ളത്. അടുത്ത കാലത്ത് തമിഴില്‍ തുടരെ തുടരെ വമ്പന്‍ ഹിറ്റുകള്‍ സൃഷ്ടിച്ച നടനും സംവിധായകനുമായ പ്രദീപ് രംഗനാഥനും പരസ്യമായ ശരീരനിന്ദ നേരിടേണ്ടി വന്നു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും  നേരിടേണ്ടി വരുന്നുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ അവഹേളനം നേരിടേണ്ടി വരുന്നത് സ്ത്രീകളാണ്. എന്തുകൊണ്ടാണ് കൂടുതലായും സ്ത്രീകള്‍ ബോഡി ഷെയ്മിങ് നേരിടേണ്ടി വരുന്നത്. സാംസ്കാരികവും സാമൂഹ്യവും ചരിത്രപരവുമായ കാരണങ്ങളുണ്ട് ഇതിനു പിന്നില്‍. സൗന്ദര്യവും രൂപവും ബന്ധിപ്പിച്ചുകൊണ്ടാണ് പലപ്പോഴും സ്ത്രീകളെ സമൂഹം വിലയിരുത്തുന്നത്. സ്ത്രീശരീരം ചില പ്രത്യേക അളവുകള്‍ക്കും സൗന്ദര്യസങ്കല്‍പങ്ങള്‍ക്കും അനുസൃതമായിരിക്കണമെന്ന നിര്‍ബന്ധബുദ്ധി കാലാതീതമായി സമൂഹം വച്ചു പുലര്‍ത്തിപ്പോരുന്നുണ്ട്. പൊതുബോധത്തിലൂന്നിയ സൗന്ദര്യസങ്കല്‍പത്തില്‍ നിന്നു വ്യത്യസ്തമായ ഏതു വ്യക്തിയെയും ജഡ്ജ് ചെയ്യാനും ഗ്രേഡ് ചെയ്യാനും അവഹേളിക്കാനും അധികാരമുണ്ടെന്നു കരുതിപ്പോരുന്ന പുരുഷാധിപത്യമനോഭാവമാണ് സ്ത്രീകളെ രൂപത്തിലും പുറംകാഴ്ചയിലും വിലയിരുത്താന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നത്. അതുകൊണ്ടാണ് ഇതിനോടകം മികവു തെളിയിച്ച് ശ്രദ്ധേയയായ ഒരു യുവനടിയുടെ ഭാരത്തെക്കുറിച്ച് ഒരു പൊതുവേദിയില്‍ തീര്‍ത്തും അസ്വീകാര്യമായ ഒരു ചോദ്യം ചോദിക്കാന്‍ ഒരു പുരുഷന് കഴിയുന്നത്. ആ ചോദ്യത്തിലെ സ്ത്രീവിരുദ്ധതയെ തുറന്നു കാണിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുമ്പോള്‍  ഒപ്പമുള്ള പുരുഷന്‍മാര്‍ പോലും ആ നടിക്കെതിരെ ആക്രോശിക്കുന്നത്. കൂടെയുള്ള പുരുഷസഹപ്രവര്‍ത്തകര്‍ ഈ അനീതി ചോദ്യം ചെയ്യാതെ നിശബ്ദരാകുന്നതും ഒരേ കാരണം കൊണ്ടാണ്. 

സ്ത്രീയെ അളക്കാനുള്ള പുരുഷാധികാരം ചോദ്യം ചെയ്യപ്പെടുന്നത് എല്ലാ പുരുഷന്‍മാരും ഒരു പോലെ ഭീഷണിയായി കാണുന്നു. ആ എതിര്‍ശബ്ദം ഒറ്റക്കെട്ടായി ചെറുത്തുതോല്‍പിക്കേണ്ട പ്രതിരോധമാണെന്ന വെല്ലുവിളി അവര്‍ തിരിച്ചറിയുന്നതുകൊണ്ടാണ് സ്ത്രീവിരുദ്ധത ചോദ്യം ചെയ്യുമ്പോള്‍ സ്ത്രീ ഒറ്റയ്ക്കായിപോകുന്നത്. സ്ത്രീയുടെ ശരീരം ഒരു ലൈംഗികവസ്തുവല്ലെന്ന തിരിച്ചറിവ് സമൂഹത്തിനാകെ ഉണ്ടാകുക എന്നതാണ് യഥാര്‍ഥ വെല്ലുവിളി. സ്ത്രീയുടെ വ്യക്തിത്വത്തേക്കാള്‍ രൂപത്തിന് പ്രാധാന്യം കല്‍പിക്കുന്നത്  വസ്തുവല്‍ക്കരണമാണ്. തങ്ങളുടെ വരുതിയില്‍ നില്‍ക്കാത്ത, ബുദ്ധിയുള്ള, വ്യക്തിത്വമുള്ള സ്ത്രീയെ നേരിടാനും നിയന്ത്രിക്കാനുമുള്ള പുരുഷസമൂഹത്തിന്റെ ഉപബോധപ്രേരണയാണ് മാധ്യമങ്ങളിലും സിനിമകളിലും സമൂഹമാധ്യമങ്ങളിലും അധിക്ഷേപശകാരമായി നിറയുന്നത്. സ്ത്രീകള്‍ മാത്രമല്ല ,പുരുഷന്‍മാരും ബോഡി ഷെയ്മിങ് നേരിടേണ്ടി വരുന്നില്ലേ എന്നു ചോദിക്കാം. പക്ഷേ താരതമ്യം ചെയ്യാനാകാത്ത ആഘാതമാണ് സ്ത്രീകള്‍ നേരിടേണ്ടി വരുന്നത്. കാരണം പുരുഷന്റെ രൂപഭാവങ്ങള്‍   സാമൂഹ്യസ്വീകാര്യതയിലെ  പ്രധാന ഘടകമായി  കണക്കാക്കപ്പെടില്ല. ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തിയ ഐശ്വര്യറായി പോലും ഇപ്പോള്‍  ബോഡി ഷെയ്മിങ് നേരിടുന്നത് പ്രായത്തിനൊത്ത്  മാറിയരൂപത്തെച്ചൊല്ലിയാണ്. ശരീരത്തിന്റെ രൂപവും പ്രായവും ഇത്രയും വലിയ സമ്മര്‍ദം നേരിടേണ്ടിവരുന്ന അവസ്ഥ സ്ത്രീകളേപ്പോലെ പുരുഷന് നേരിടേണ്ടി വരുന്നില്ല. ഇപ്പോള്‍  ഗൗരിക്ക് കേരളത്തിലുടനീളം വലിയ പിന്തുണ കിട്ടി.  പിന്നില്‍ അണി നിരക്കാന്‍ പതിനായിരങ്ങള്‍ തിരക്കു കൂട്ടുന്നത് നമ്മള് ‍ കണ്ടു. പക്ഷേ ഈ പിന്തുണക്കാര്‍ക്ക് ഇഷ്ടപ്പെടാത്ത ഒരു അഭിപ്രായം  നിങ്ങള്‍ പറഞ്ഞുനോക്കൂ. ആന്റി, അമ്മച്ചി, തള്ള തുടങ്ങിയ പ്രയോഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ അലയൊലി തീര്‍ക്കും. മലയാളസിനിമാലോകത്തെ അനീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ WCC അംഗങ്ങള്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ നേരിടുന്ന അധിക്ഷേപം നോക്കൂ. ഇപ്പോള്‍ ഞെട്ടല്‍ രേഖപ്പെടുത്തി പിന്തുണ പ്രഖ്യാപിക്കുന്നവരാരെങ്കിലും ഈ അധിക്ഷേപം കണ്ടെന്നു നടിക്കുന്നുണ്ടോ?  മറ്റൊരാളെ അധിക്ഷേപിക്കുന്നത് നിയമപരമായി കര്‍ശനമായി നേരിടാന്‍ നമ്മള്‍ തയാറാണോ? നമ്മുടെ ഭരണകൂടങ്ങളും നിയമസംവിധാനവും തയാറാണോ? അന്നു തീരും ഈ അധിക്ഷേപ പെരുമഴ. അന്നേ തീരൂ. അതുവരെ ഈ മുതലക്കണ്ണീരും പിന്തുണയുടെ പെരുമഴയും കണ്ടു ചിരിക്കട്ടെ ഉശിരുള്ള പെണ്ണുങ്ങള്‍. 

ഒരാളെ രൂപത്തിന്റെ പേരില്‍ മോശമായി വിലയിരുത്തുന്നതെന്തും ശരീരനിന്ദയാണ്. സത്യത്തില്‍ മറ്റൊരാളുടെ രൂപമോ നിറമോ ഉയരമോ പ്രായമോ ഒന്നും നിങ്ങളെ ബാധിക്കുന്ന വിഷയമേ അല്ല. എന്നിട്ടും അതെക്കുറിച്ച്  അഭിപ്രായം പറയാന്‍ തോന്നുന്നത് അപ്പുറത്തു നില്‍ക്കുന്ന ആളെ മാനസികമായി തകര്‍ക്കാന്‍ തോന്നുമ്പോഴാണ്. അതിന്് സ്നേഹമെന്നോ കരുതലെന്നോ ഉല്‍ക്കണ്ഠയെന്നോ പേരിട്ടു ന്യായീകരിച്ചിട്ടൊന്നും കാര്യമില്ല. സംഭവം സിംപ്ലി ബോഡി ഷെയ്മിങ് ആണ്. ആ വ്യക്തിയെ അപമാനിക്കലാണ്. ലളിതമായി ആ വ്യക്തിയോടുള്ള വെറുപ്പ് വിളിച്ചു പറയുകയാണ്. വിയോജിപ്പ് പ്രകടിപ്പിക്കാന്‍ ഏറ്റവും ഹീനമായ തരംതാഴ്ന്ന വഴി തേടുകയാണ്. നിങ്ങളുടെ സങ്കല്‍പത്തിലുള്ള രൂപവും സ്വഭാവുമല്ലാത്ത ഒരാളെ അടിച്ചു താഴെയിടാനുള്ള ആസക്തി അടക്കാന്‍ പറ്റാത്തതുകൊണ്ട് വാക്കുകള്‍ കൊണ്ട് അവരെ മുറിവേല്‍പിക്കാന്‍ ശ്രമിക്കുകയാണ്. ബോഡി ഷെയ്മിങിന് ഒരു ന്യായവും ന്യായീകരണവുമില്ല. നിങ്ങള്‍ ഒരാളെ അപമാനിക്കുന്നു അത്രയേയുള്ളൂ. അതില്‍ ഒരു സദുദ്ദേശവും വിശാലനന്‍മയും അവകാശപ്പെടേണ്ട. പക്ഷേ അത് നിങ്ങളെ തന്നെ സ്വയം വെളിപ്പെടുത്തുകയാണ് എന്നു തിരിച്ചറിയണം. 

ENGLISH SUMMARY:

Body shaming is unacceptable and continues to be a pervasive issue in society, especially affecting women. It is crucial to support those who face this discrimination and recognize the hypocrisy of selective support.