നമ്പര്‍ വണ്‍ കേരളം ഇപ്പോള്‍ ഏറ്റവും പേടിക്കുന്നതെന്താണെന്നറിയാമോ? പ്രതിഛായ! മുഖ്യമന്ത്രിയുടെ പ്രതിഛായ, മന്ത്രിമാരുടെ പ്രതിഛായ! സര്‍ക്കാരിന്‍റെ പ്രതിഛായ! പ്രതിഛായയേക്കാള്‍ പ്രധാനമല്ല ഒരു ജീവനും. മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ചാലും സര്‍ക്കാരിന്‍റെ പ്രതിഛായ തകര്‍ക്കാനുള്ള നീക്കമെന്ന് പറയാന്‍ തൊലിക്കട്ടിയുള്ള നേതാക്കള്‍ കേരളത്തെ വെല്ലുവിളിക്കുന്നു. പ്രതിഛായയില്‍ മാത്രം അഭിരമിക്കുന്ന ഭരണാധികാരികള്‍ കേരളത്തെ ഒഴിവാക്കാവുന്ന ദുരന്തങ്ങളിലേക്കും പ്രശ്നങ്ങളിലേക്കും തള്ളിവിടുകയാണ്. ദുരന്തമുഖത്തും വികസനക്കണക്കുകള്‍ പറഞ്ഞ് പി.ആര്‍ കളിക്കാനിറങ്ങുന്ന ഈ നേതാക്കള്‍ കേരളത്തിന്‍റെ സ്വാഭാവികരാഷ്ട്രീയ ധാര്‍മിക ബോധത്തെ തന്നെ പ്രതിസന്ധിയിലാക്കുന്നു. പ്രതിച്ഛായ ഭീതിയല്ല മനുഷ്യത്വമാണ് ഭരണാധികാരികളെ നയിക്കേണ്ടത്.  

നമ്പര്‍ വണ്‍ ആരോഗ്യകേരളത്തിന്‍റെ ഗുരുതരമായ അനാസ്ഥയുടെ രക്തസാക്ഷിയാണ് ബിന്ദു. കോട്ടയം മെഡിക്കല്‍ കോളജിലെ അപകടമരണം ഭരണകൂടം മറുപടി പറയേണ്ട നരഹത്യയാണ്. ബലക്ഷയമുണ്ടെന്ന് അധികാരികള്‍ക്കൊക്കെ അറിയാമായിരുന്ന കെട്ടിടം തകര്‍ന്നാണ് മകളുടെ ചികില്‍സയ്ക്കായെത്തിയ അമ്മ ദാരുണമരണത്തിനിരയായത്. അതിലേറെ ബിന്ദുവിന്‍റെ മരണത്തിലേക്കു നയിച്ച,  വകുപ്പുമന്ത്രിയുടെയും ജില്ലയിലെ മന്ത്രിയുടെയും സാന്നിധ്യത്തിലുണ്ടായ ഗുരുതരമായ അനാസ്ഥ അവിശ്വസനീയമാണ്. പ്രതിഛായയില്‍ മാത്രം അഭിരമിക്കുന്ന ഭരണശൈലിയുടെ ഞെട്ടിക്കുന്ന മുഖമാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ കേരളം കണ്ടത്. കോട്ടയം മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്നത് മൂന്നാം തീയതി രാവിലെ 10.50ന്. വെറും അഞ്ചു കിലോമീറ്റര്‍ അകലെ മുഖ്യമന്ത്രിയുടെ അവലോകനയോഗത്തിലായിരുന്നു മന്ത്രിമാരും ജില്ലാഭരണകൂടവും മെഡിക്കല്‍ കോളജ് അധികൃതരുമെല്ലാം. ആരോഗ്യമന്ത്രിയും ജില്ലയിലെ മന്ത്രി വി.എന്‍.വാസവനും ഇരുപതു മിനിറ്റിനുള്ളില്‍ സ്ഥലത്തെത്തി. സാധാരണ ഗതിയില്‍ അധികൃതര്‍ നേരിട്ടെത്തിയാല്‍ രക്ഷാപ്രവര്‍ത്തനം അതി വേഗത്തില്‍ നടക്കും. പക്ഷേ കോട്ടയത്ത് കണ്ടതെന്താണ്? മന്ത്രിമാരുടെ വാദം അടുത്ത നിമിഷങ്ങളില്‍ തന്നെ രോഗികള്‍ ചോദ്യം ചെയ്തു. അവര്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ ആരുമില്ലെന്ന് ആരാണ് പറയുന്നതെന്ന് അവര്‍ ചോദിച്ചു.

ആരും കുടുങ്ങിയിട്ടില്ലെന്ന് പ്രഖ്യാപിച്ച്  മന്ത്രിമാര്‍ അവലോകനയോഗത്തിലേക്കു ധൃതിപ്പെട്ട് മടങ്ങുമ്പോള്‍ ബിന്ദു എന്ന നിസഹായയായ സ്ത്രീ ആ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവനു വേണ്ടി പൊരുതുകയായിരുന്നിരിക്കും. ഒന്നാലോചിച്ചു നോക്കൂ, ഒരു ജീവന്‍ കുടുങ്ങിക്കിടക്കുന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കു മുന്നില്‍ വച്ചാണ് നമ്മുടെ മന്ത്രിമാര്‍ ആരുമില്ലാത്ത കെട്ടിടമെന്നു കേട്ടറിവ് വച്ച് പ്രഖ്യാപിച്ചത്. ഒരു മെഡിക്കല്‍ കോളജാണ്. പതിനായിരങ്ങള്‍ ദിനംപ്രതി വന്നു പോകുന്ന ആരോഗ്യകേന്ദ്രം. ഉപയോഗിക്കാത്ത കെട്ടിടമായാല്‍ പോലും ആരെങ്കിലും കുടുങ്ങിയോ എന്ന് അടിയന്തരപ്രാധാന്യത്തോടെ തിരച്ചില്‍ നടക്കേണ്ട സ്ഥലം. അവിടെ നിന്നുകൊണ്ടാണ് ദുരന്തമുഖത്തെ അടിസ്ഥാന പ്രോട്ടോക്കോള്‍ പോലും പാലിക്കാതെ മന്ത്രിമാര്‍ ആളില്ലാത്ത കെട്ടിടമെന്ന് പ്രഖ്യാപിച്ച് ദുരന്തം ലഘൂകരിക്കാന്‍ ശ്രമിച്ചത്. നേതാക്കളൊന്നുമാകണ്ട, സാമാന്യബോധമുള്ള സാധാരണക്കാര്‍ പോലും കാണിക്കാത്ത അലംഭാവം മന്ത്രിമാര്‍ കാണിച്ചതെന്തുകൊണ്ടാണ്? കാരണം പ്രതിഛായാപ്പേടി. നമ്പര്‍ വണ്‍ കേരളത്തില്‍, നമ്പര്‍ വണ്‍ ആരോഗ്യകേരളത്തില്‍ ഒരു മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്നു വീഴുകയോ. അഥവാ വീണാല്‍ തന്നെ അത്  പാവം മനുഷ്യര്‍ ഉപയോഗിച്ചിരുന്നതാണെന്ന് സമ്മതിക്കാനോ, ഒരിക്കലുമില്ല. ആദ്യം പ്രതിച്ഛായ സംരക്ഷിക്കണം. അതു കഴിഞ്ഞിട്ടാവാം രക്ഷാപ്രവര്‍ത്തനം 

മന്ത്രിമാര്‍ക്കു പിന്നാലെ സ്ഥലത്തെത്തിയ എംഎല്‍എ ചാണ്ടി ഉമ്മന്‍ ആവര്‍ത്തിച്ചാവശ്യപ്പെടുന്നുണ്ട്. എന്താണ് തിരച്ചില്‍ നടത്താത്തത്, ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോയെന്നു നോക്കണ്ടേയെന്ന്. തിരച്ചില്‍ തുടരാത്തതെന്താണെന്ന് ചാണ്ടി ഉമ്മന് ചോദിക്കേണ്ടി വന്നതെന്തുകൊണ്ടാണ്? തിരച്ചില്‍ നിര്‍ത്തിവച്ചതുകൊണ്ടാണ്. യന്ത്രങ്ങള്‍ വരട്ടെ എന്ന് ആര്‍.എം.ഒ ഒരു മര്യാദയുമില്ലാതെ ജനപ്രതിനിധിയോട് തര്‍ക്കിക്കുന്നതന്തുകൊണ്ടാണ്? തിരച്ചില്‍ നിര്‍ത്തിവച്ചതുകൊണ്ടു തന്നെയാണ്. എല്ലാ മാധ്യമങ്ങളുടെയും തല്‍സമയദൃശ്യങ്ങളിലൂടെ ലോകം കണ്ടുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ അവിടെ ഒരു തിരച്ചിലും നടക്കുന്നില്ലെന്ന്. എന്നിട്ടും നമ്മുടെ മന്ത്രിമാരും പാര്‍ട്ടി സെക്രട്ടറിയും ന്യായീകരിച്ചതെന്താണ്? കള്ളം പറയുകയാണ് പാര്‍ട്ടി സെക്രട്ടറി. കള്ളം പറഞ്ഞുകൊണ്ടേയിരിക്കുകയാണ് മന്ത്രിമാര്‍. തിരച്ചില്‍ ഒരു ഘട്ടത്തിലും നിര്‍ത്തിയിട്ടില്ലത്രേ. മാധ്യമങ്ങളുടെ കാമറകള്‍ക്കു മുന്നില്‍ നടന്ന, ലോകം തല്‍സമയം കണ്ട ഒരു കാര്യമാണ് കള്ളം പറഞ്ഞ് സമര്‍ഥിക്കാന്‍ ഭരണനേതൃത്വം ശ്രമിക്കുന്നത്. ആരെങ്കിലും ഉള്ളില്‍ കുടുങ്ങിയിട്ടുണ്ടാകാമെന്ന് സംശയമെങ്കിലും തോന്നിയിരുന്നെങ്കില്‍, ഒരു മിനിറ്റു പോലും തിരച്ചില്‍ നിര്‍ത്തിവച്ച് യന്ത്രങ്ങള്‍ വരട്ടെ എന്ന് അധികാരികള്‍ പറയുമായിരുന്നോ? ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്ന വേവലാതിയുണ്ടായിരുന്നോ തിരച്ചിലിന്? എന്തുകൊണ്ടില്ലാതെ പോയി. ആരുമില്ലാത്ത, അടച്ചിട്ട കെട്ടിടം എന്ന് മന്ത്രിമാര്‍ തന്നെ സാക്ഷ്യപ്പെടുത്തിയതോടെ തിരച്ചില്‍ നിര്‍ത്തിയെന്നത് യാഥാര്‍ഥ്യം. യന്ത്രങ്ങള്‍ എത്തും വരെ ലാഘവത്തോടെ നോക്കിനില്‍ക്കുകയായിരുന്നു രക്ഷാപ്രവര്‍ത്തകര്‍. മാനുഷികമായി ചെയ്യാവുന്ന ഒരു രക്ഷാപ്രവര്‍ത്തനത്തിനും ശ്രമമുണ്ടായില്ല. 

തിരച്ചില്‍ തുടരാത്തതെന്ത് എന്ന് ആവര്‍ത്തിച്ചു ചോദിച്ച ചാണ്ടി ഉമ്മന്‍ എം.എല്‍.എ തന്നെ പരുക്കേറ്റവരെ സന്ദര്‍ശിച്ച് വിവരങ്ങള്‍ ആരാഞ്ഞപ്പോഴാണ് ബിന്ദുവിനെ കാണാനില്ലെന്ന വിവരവും ഗൗരവത്തിലെടുക്കുന്നതും അധികൃതര്‍ക്കു മുന്നില്‍ ഉന്നയിക്കുന്നതും. അത്രയും നേരം തിരച്ചില്‍ നിര്‍ത്തിവച്ച് അവശിഷ്ടങ്ങള്‍ നീക്കാനായി യന്ത്രങ്ങളെത്തുന്നത് കാത്തിരുന്നവര്‍ വീണ്ടും തിരച്ചില്‍ നടത്തുന്നതും കെട്ടിടം വീണ് രണ്ടരമണിക്കൂറിനു ശേഷം ബിന്ദുവിനെ കണ്ടെത്തുന്നതും ഇതിനു ശേഷമാണ്. ഇതിലാണ് വീഴ്ചയുണ്ടായില്ലെന്ന് ഭരണനേതൃത്വം നമ്മളോട് പറയുന്നത്. ആരുമില്ലാത്ത കെട്ടിടമെന്നു പ്രഖ്യാപിച്ച മന്ത്രിമാര്‍ക്ക് നമുക്കുള്ള ധാര്‍മിക ഉത്തരവാദിത്തമൊക്കെയേ ഉള്ളൂ എന്ന് പാര്‍ട്ടി സെക്രട്ടറി പഠിപ്പിക്കുന്നത്. നമ്മള്‍ കണ്ടതല്ല ശരി. സര്‍ക്കാരും പാര്‍ട്ടിയും പറയുന്നതാണ്. ലോകം നേരിട്ടു കണ്ട വീഴ്ചകളില്‍ എന്തിനായിരിക്കും ഈ ബഹുമാന്യനേതാക്കള്‍ ഇങ്ങനെ കള്ളം പറയുന്നത്? കാരണം വീഴ്ച പറ്റി എന്നു സമ്മതിക്കാന്‍ പറ്റില്ല. വീഴ്ചയെന്നാല്‍ പ്രതിഛായയെ ബാധിക്കുന്ന പ്രശ്നമാണ്. യാഥാര്‍ഥ്യം എന്തുമാവട്ടെ, ഈ നമ്പര്‍ വണ്‍ കേരളത്തിലെ നമ്പര്‍ വണ്‍ ഭരണാധികാരികള്‍ക്ക് വീഴ്ച പറ്റില്ല.  ആ വീഴ്ച ജീവനെടുത്താലും അതു സംഭവിച്ചുവെന്ന് സമ്മതിക്കാന്‍ പറ്റില്ല. മനുഷ്യന്‍റെ സാമാന്യബോധത്തെ ഇങ്ങനെ വെല്ലുവിളിക്കാന്‍ നിങ്ങള്‍ക്കിത്രയും ധൈര്യം കിട്ടുന്നതെവിടെ നിന്നാണ്?

ആ ധൈര്യം എവിടെ നിന്നാണന്ന് എല്ലാവര്‍ക്കുമറിയാം. വീഴ്ച പറ്റിയെന്ന് സമ്മതിക്കാനാകാത്ത ഒരു മുഖ്യമന്ത്രിയാണ് ഈ കപ്പലിന്റെ കപ്പിത്താന്‍. ഏറ്റവും പുതിയ ഉദാഹരണം ആരോഗ്യമേഖലയില്‍ തന്നെ കണ്ടല്ലോ. ഏറ്റവും പ്രധാനപ്പെട്ട മെഡിക്കല്‍ കോളജില്‍ നിസ്വാര്‍ഥ സേവനം നടത്തുന്ന ഒരു ഡോക്ടര്‍ നമ്പര്‍ വണ്‍ ആരോഗ്യകേരളത്തിലെ നമ്പര്‍ വണ്‍ മെഡിക്കല്‍ കോളജിലെ യാഥാര്‍ഥ്യങ്ങള്‍ ഗത്യന്തരമില്ലാതെ ലോകത്തോടു പറ‍ഞ്ഞു. ആര്‍ക്കും നിഷേധിക്കാനാകാത്ത സത്യങ്ങളാണ് തിരുവനന്തപുരം മെഡി.കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് ലോകത്തോടു വിളിച്ചു പറഞ്ഞത്. മാസങ്ങളായി ആവശ്യപ്പെടുന്ന ശസ്ത്രക്രിയാ ഉപകരങ്ങള്‍ കിട്ടാതെ ശസ്ത്രക്രിയകള്‍ റദ്ദാക്കേണ്ടി വരുന്ന ഗുരുതരമായ അനാസ്ഥ വകുപ്പു മേധാവിക്ക് പൊതുസമക്ഷം പറയേണ്ടി വന്നതെന്തുകൊണ്ടാണ്? ഡോ.ഹാരിസ് പൊതുജനാരോഗ്യമേഖലയില്‍ നിസ്വാര്‍ഥനായി പ്രവര്‍ത്തിക്കുന്ന മാതൃകാഡോക്ടര്‍. അതു മാത്രമല്ല, അദ്ദേഹത്തിന് ഈ സര്‍ക്കാരിനിഷ്ടപ്പെടുന്ന അധികയോഗ്യതകളുമുണ്ട്. ചട്ടവും റൂളുമൊന്നും നോക്കാതെ സി.പി.എമ്മിനെ പരസ്യമായി പിന്തുണയ്ക്കുന്ന രാഷ്ട്രീയനിലപാടുള്ളയാളാണ്. തലസ്ഥാനത്തെ ഉന്നത സി.പി.എം  നേതാവിന്‍റെ അടുത്ത ബന്ധുവാണ്. അതുകൊണ്ടു തന്നെ ആരോഗ്യമന്ത്രിക്ക് ആദ്യം ഡോ.ഹാരിസിനെ തള്ളിപ്പറയാന്‍ കഴിഞ്ഞില്ല. പക്ഷേ വീഴ്ചകളുടെ ഉത്തരവാദിത്തം സിസ്റ്റത്തെ ഏല്‍പിച്ച് വകുപ്പു മന്ത്രി ഉത്തരവാദിത്തത്തില്‍ നിന്ന് തലയൂരി.

ഡോ.ഹാരിസിന്‍റെ തുറന്നു പറച്ചില്‍ മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ സ്ഥിതിയും പുറത്തു കൊണ്ടു വന്നതോടെ, പ്രതിപക്ഷം ശക്തമായി ഏറ്റെടുത്തതോടെ മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. ശരവേഗത്തില്‍ ശസ്ത്രക്രിയാ ഉപകരണങ്ങള്‍ തിരുവനന്തപുരം മെഡി.കോളജിലെത്തി. പക്ഷേ അതിന് ഡോ.ഹാരിസ് കൊടുക്കേണ്ടി വരുന്ന വിലയെത്രയെന്നും കേരളത്തിന് ബോധ്യമായി. പ്രഫഷണല്‍ സൂയിസൈ‍ഡെന്ന് അദ്ദേഹത്തിനു തന്നെ സമ്മതിക്കേണ്ടിവന്നു. ഡോ.ഹാരിസിനെപ്പോെല സത്യം വിളിച്ചുപറയുന്നവരെ എങ്ങനെ നേരിടുമെന്ന് ഭീഷണിപ്പെടുത്താന്‍ നേതൃത്വം നല്‍കിയത് സാക്ഷാല്‍ മുഖ്യമന്ത്രി തന്നെയാണ്. എന്തിനാണ് മുഖ്യമന്ത്രി ഡോ.ഹാരിസിനെ ഭീഷണിപ്പെടുത്തിയത്? കോട്ടയം ദുരന്തം എത്രയും പെട്ടെന്ന് ലഘൂകരിച്ചു കാണിക്കാന്‍ മന്ത്രിമാര്‍ ശ്രമിച്ചതെന്തുകൊണ്ടാണ്? കാരണം ഇന്ന് നമ്മുടെ കേരളത്തില്‍ മറ്റെന്തിനേക്കാളും പ്രാധാന്യമുള്ളത് ഒരു ബലൂണിനാണ്. നമ്പര്‍ വണ്‍ കേരളമെന്ന ബലൂണ്‍. ഡോ.ഹാരിസ് അതില്‍ ചെറുതായൊന്നു കുത്തി. നമ്പര്‍ വണ്‍ കേരളത്തിന്റെ കാറ്റു പോകാതിരിക്കാന്‍ മുഖ്യമന്ത്രി ഡോ.ഹാരിസിനെതിരെ അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്തുമ്പോഴാണ് കോട്ടയത്ത് മെഡി.കോളജ് കെട്ടിടം തകര്‍ന്നു വീണത്. നമ്പര്‍ വണ്‍ ബലൂണ്‍ പൊട്ടിത്തെറിച്ചു വീഴുന്നതു കണ്ടു പരിഭ്രമിച്ച മന്ത്രിമാര്‍ക്ക് നില തെറ്റി. ഉത്തരവാദിത്തം മറന്നു. കടമകള്‍ മറന്നു. ജീവന്റെ വില മറന്നു.  ജീവന്‍ രക്ഷിക്കുന്നതിനേക്കാള്‍ പ്രധാനമാണ് പ്രതിച്ഛായ സംരക്ഷണമെന്ന് മുഖ്യമന്ത്രി മന്ത്രിമാരെ പഠിപ്പിച്ചിട്ടുണ്ട്. ആ പാഠത്തിന്റെ വിലയാണ് കേരളം ഇപ്പോള്‍ ഒടുക്കിക്കൊണ്ടിരിക്കുന്നത്. 

കോട്ടയത്തുണ്ടായത് അപകടം പോലുമല്ല. മാനുഷികമായ വീഴ്ചയാണ്. കെട്ടിടം താനേ ഇടിഞ്ഞു വീണതല്ല. ബലക്ഷയം വര്‍ഷങ്ങള്‍ക്കു മുന്‍പേ കണ്ടെത്തി, വിദഗ്ധര്‍ റിപ്പോര്‍ട്ട് നല്‍കി ഇടിഞ്ഞു വീഴുമെന്ന് മുന്നറിയിപ്പു നല്‍കിയതാണ്. എന്നിട്ട് ആളില്ലാത്ത കെട്ടിടമെന്ന് ആന്തലില്ലാതെ പ്രഖ്യാപിച്ച് ഓടിപ്പോയ മന്ത്രിമാര്‍ മരണവാര്‍ത്തയറിഞ്ഞപ്പോള്‍ ഒരു ഖേദപ്രകടനം പോലുമില്ലാതെ പ്രതിരോധിക്കാന്‍ ഉയര്‍ത്തിയതും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തു കിട്ടിയ ആദ്യ അപായ മുന്നറിയിപ്പാണ്. നിസഹായരായ മനുഷ്യര്‍ ഇപ്പോഴും ഉപയോഗിച്ചുകൊണ്ടിരുന്ന കെട്ടിടത്തെ ഉപയോഗശൂന്യമായ കെട്ടിടമെന്ന് പ്രഖ്യാപിച്ച് രക്ഷാപ്രവര്‍ത്തനം വഴിതിരിച്ചു വിട്ടതിന് ഒരു ഖേദപ്രകടനം മന്ത്രി നടത്തിയില്ല. അവിചാരിതമായി ഒരു ജീവന്‍ പൊലിഞ്ഞ സാഹചര്യമെന്നോര്‍ത്തില്ല. മരണം സ്ഥിരീകരിച്ചയുടന്‍ ഉമ്മന്‍ചാണ്ടിയുടെ കാലത്തെ കത്ത് ആയുധമാക്കി സ്വന്തം ഉത്തരവാദിത്തത്തില്‍ നിന്നൊഴിഞ്ഞു മാറാന്‍ ശ്രമിച്ചു. ജില്ലയിലെ മന്ത്രിയും വാദിച്ചു ജയിക്കാന്‍ ശ്രമിച്ചു. ആ കെട്ടിടം തകരാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പു കിട്ടിയിട്ട് 12 വര്‍ഷമായെന്നും അതില്‍ അവസാന 9 വര്‍ഷമായി സ്വന്തം സര്‍ക്കാരാണ് ഭരിച്ചുകൊണ്ടിരിക്കുന്നതെന്നും മന്ത്രിമാര്‍ മറന്നു. ഇന്നും ആ കെട്ടിടം മനുഷ്യര്‍ ഉപയോഗിക്കുന്നുണ്ടായിരുന്നുവെങ്കില്‍ അതിന്റെ ഉത്തരവാദികളാരാണെന്ന് സ്വയം ചൂണ്ടിക്കാട്ടി. പകരം മികച്ച സൗകര്യങ്ങളുള്ള കെട്ടിടം നിര്‍മിച്ചുവെന്നതു ശരിയാണ്. കെട്ടിടമുണ്ടാക്കാതെ തരമില്ലായിരുന്നു എന്നത് യാഥാര്‍ഥ്യവും.  പക്ഷേ കെട്ടിടം തകര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പുതിയ കെട്ടിടം പ്രവര്‍ത്തനസജ്ജമായെങ്കില്‍ എന്നും അപായമുന്നറിയിപ്പുകളുള്ള ഈ പെരുംമഴക്കാലത്ത് ഈ ദുരന്തത്തിനിടയാക്കാതെ അങ്ങോട്ടു മാറാതിരുന്നതെന്ത് എന്ന ചോദ്യത്തിനും ഉത്തരമില്ല. 

കോട്ടയത്തുണ്ടായ  ദുരന്തത്തിന്‍റെ നടുക്കം മാറിയിട്ടില്ലാത്ത കേരളത്തോട് ഇതെല്ലാം പൊതുജനാരോഗ്യമേഖലയെ താറടിക്കാനുള്ള ശ്രമമെന്നാണ് പാര്‍ട്ടിയും നേതാക്കളും പറയുന്നത്.  പൊതുജനാരോഗ്യമേഖല അല്ല, പൊതുജനാരോഗ്യഭരണമാണ് ചോദ്യം ചെയ്യപ്പെടുന്നത്. ജീവനെടുക്കുന്ന അനാസ്ഥയും പ്രതിഛായയുടെ രക്ഷാപ്രവര്‍ത്തനവും മറച്ചു വയ്ക്കാന്‍ പൊതുജനാരോഗ്യമേഖലയെ കവചമാക്കണ്ട പാര്‍ട്ടിയും സര്‍ക്കാരും. ഗുരുതരമായ പിഴവുകള്‍ ചൂണ്ടിക്കാണിച്ചാലുടന്‍ വികസനത്തിന്‍റെ കണക്കുകളാണ് മറുപടി. കാലോചിതമായ വികസനം നടത്തേണ്ടത് ഏതു സര്‍ക്കാരിന്‍റെയും ഉത്തരവാദിത്തമാണ്. കേരളത്തിലെ ജനങ്ങള്‍ക്കായി എന്തോ സൗജന്യം നല്‍കുന്നുവെന്നാണ് സര്‍ക്കാരിന്റെയും നേതാക്കളുടെയും പറച്ചില്‍ കേട്ടാല്‍ തോന്നുക. സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നവര്‍ക്ക് ഇതൊക്കെ തന്നെ വലിയ സൗകര്യങ്ങളാണ് എന്നാണോ ഈ ഔദാര്യം പറച്ചിലിന്റെ അര്‍ഥം? മുഖ്യമന്ത്രി പിണറായി വിജയന് അമേരിക്കയില്‍ പോയി ചികില്‍സിക്കാന്‍ സൗകര്യമുള്ള കേരളഭരണം സാധാരണക്കാര്‍ക്കും അതേ  ചികില്‍സാസൗകര്യങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍ ഒരുക്കണം. അത് സി.പി.എമ്മിന്റെ ഔദാര്യമൊന്നുമല്ല. ജനങ്ങളുടെ അവകാശമാണ്. ജനങ്ങളുടെ പണമാണ്. ദയവു ചെയ്ത് ഈ ഔദാര്യം പറച്ചില്‍ നിര്‍ത്തണം. ജനങ്ങളുടെ പണം ഉപയോഗിച്ച് നടത്തുന്ന വികസനപ്രവര്‍ത്തനങ്ങള്‍  സര്‍ക്കാരിന്റെ ഔദാര്യമായി കണക്കും കൊണ്ടു വരരുത്. 

മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്തു പോയി ചികില്‍സിക്കുന്നതില്‍ തെറ്റില്ല. കേരളത്തില്‍ ലഭ്യമല്ലാത്ത, രാജ്യത്ത് ലഭ്യമല്ലാത്ത ചികില്‍സാസൗകര്യങ്ങള്‍ അമേരിക്കയിലേ ഉള്ളൂവെങ്കില്‍ അവിടെ ചികില്‍സിക്കണം. പക്ഷേ അതേ ചികില്‍സയ്ക്കുള്ള അവകാശം ഇവിടത്തെ സാധാരണ മനുഷ്യര്‍ക്കുമുണ്ടെന്ന് അംഗീകരിക്കണം. ആ അവകാശങ്ങള്‍ക്കായി സംസാരിക്കുന്ന മനുഷ്യരെ പ്രതിഛായ നഷ്ടപ്പെടുമെന്ന പേരില്‍ ഭീഷണിപ്പെടുത്തുന്നത് നിര്‍ത്തണം. ആരാണ് മുഖ്യമന്ത്രി കേരളത്തിന്റെ ശത്രുക്കള്‍, ഈ സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരും ചോദ്യം ചെയ്യുന്നവരും കേരളത്തിന്റെ  ശത്രുക്കളാണോ? സത്യത്തില്‍ ഡോ.ഹാരിസിനെയല്ല, ഇനിയും സത്യം പറയാന്‍ സാധ്യതയുള്ളവരെയാണ് മുഖ്യമന്ത്രി ഭീഷണിപ്പെടുത്തിയത്. ഡോ.ഹാരിസിനോട് ഈ മാനസിക സമ്മര്‍ദത്തിലൂടെ കടന്നു പോയതിന്, മനഃസാക്ഷിയുണ്ടായതിന്റെ പേരില്‍ മാത്രം തൊഴില്‍പരമായി ആത്മഹത്യ ചെയ്യാന്‍ വരെ തയാറായതിന് മാപ്പു ചോദിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. പകരം ആ മനുഷ്യനെ ഭീഷണിപ്പെടുത്തുന്നു. കോട്ടയത്തും സര്‍ക്കാര്‍ വീഴ്ചയില്‍ മന്ത്രിമാരുടെ വീഴ്ചയില്‍ ഇരയായവരോട്, സര്‍ക്കാര്‍ ആശുപത്രിയില്‍ ജീവഭയവുമായി ഓടേണ്ടി വന്നവരോട് മാപ്പു ചോദിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലെ സാഹചര്യം ഒരു പാടു മാറിയിട്ടുണ്ട്. പക്ഷേ ചിലയിടത്തെങ്കിലും ഇപ്പോഴും ദയനീയസാഹചര്യം നിലനില്‍ക്കുന്നുവെന്ന വാര്‍ത്തകള്‍ ഒന്നിനു പുറകെ ഒന്നായി പുറത്തു വരികയാണ്. 

അതൊക്കെ അടിയന്തരശ്രദ്ധ വേണ്ടതും പരിഹരിക്കേണ്ടതുമാണ്. പ്രതിച്ഛായാ പേടിക്കു പകരം പ്രശ്നങ്ങളിലേക്കു നോക്കാനും പരിഹരിക്കാനും സര്‍ക്കാരിനു മനസുണ്ടാവണമെന്നു മാത്രം. പക്ഷേ സര്‍ക്കാരിനെ നയിക്കുന്നത് പ്രതിഛായാഭീതിയാണ്. അതു മാത്രമാണ്. ലോകനിലവാരമുളള ആരോഗ്യമേഖലയെന്ന് ആവര്‍ത്തിച്ചു പറയുന്ന മുഖ്യമന്ത്രി എന്തുകൊണ്ടാണ് അമേരിക്കയില്‍ തന്നെ ചികില്‍സിക്കുന്നതെന്ന് ജനങ്ങളോടു വിശദീകരിക്കണ്ട. ആരോഗ്യവും ചികില്‍സയും വ്യക്തിയുടെ സ്വകാര്യതയാണ്. പക്ഷേ അമേരിക്കയില്‍ മാത്രം അദ്ദേഹത്തിനു ലഭിക്കുന്ന ആ ആരോഗ്യസൗകര്യം 9 വര്‍ഷത്തിലേറെയായി ഭരിക്കുന്ന കേരളത്തിലെത്തിക്കാന്‍ എന്തു ചെയ്തു, എന്തു ചെയ്യാന്‍ പോകുന്നു എന്ന് അദ്ദേഹത്തിന് കേരളത്തോടു പറയാം. ജനങ്ങളുടെ പണം ഉപയോഗിക്കുന്ന രാഷ്ട്രീയനേതാക്കള്‍ സ്വകാര്യമേഖലയെ ആശ്രയിക്കേണ്ടി വരാത്ത വിധം കേരളത്തിലെ പൊതുജനാരോഗ്യമേഖലയില്‍ എന്തെല്ലാം മാറ്റങ്ങള്‍ കൊണ്ടു വരാന്‍ പോകുന്നുവെന്ന് വ്യക്തമായും കൃത്യമായും വിശദീകരിക്കാം. ഡോ.ഹാരിസിനെ പേടിപ്പിക്കുന്ന സമയം കൊണ്ട് ഇതെല്ലാം മുഖ്യമന്ത്രിക്ക് ചെയ്യാവുന്നതാണ്. കഴിഞ്ഞ 9 വര്‍ഷം കൊണ്ട് കേരളത്തില്‍ ചികില്‍സാചെലവ് എത്ര കുറയ്ക്കാന്‍ കഴിഞ്ഞുവെന്ന് പറയാം. പ്രതിഛായാനിര്‍മിതിയില്‍ മറച്ചു പിടിക്കാനാകാത്ത യാഥാര്‍ഥ്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി മനസിലാക്കണം. 

ആരോഗ്യം രാഷ്ട്രീയപ്രചാരണത്തിനുള്ള അജന്‍ഡയാകരുത്. ആരോഗ്യം ഔദാര്യപ്രഖ്യാപനമാകരുത്. ആരോഗ്യം പൗരന്‍റെ അടിസ്ഥാന അവകാശമാണ്. നമ്പര്‍ വണ്‍ മേനിയല്ല കേരളത്തിനു വേണ്ടത്, പിഴവുകളില്ലാത്ത ആരോഗ്യമേഖലയാണ്.  ആരോഗ്യത്തിലെ പിഴവുകള്‍ക്ക് ജീവന്റെ വിലയുണ്ട്. പിഴവുകള്‍ നേരിടേണ്ട, പഴുതുകള്‍ അടയ്ക്കേണ്ട സര്‍ക്കാര്‍ ആ പണി ചെയ്യണം. അല്ലാതെ നമ്പര്‍ വണ്‍ ആരോഗ്യകേരളത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നേയെന്ന് നിലവിളിക്കണ്ട. പൊതുജനാരോഗ്യമേഖല പിഴവുകളില്ലാതെ നടത്തിക്കൊണ്ടു പോകേണ്ടത് നിങ്ങളുടെ ചുമതലയാണ്. ഇപ്പോഴുള്ള സൗകര്യങ്ങള്‍ ഇവിടത്തെ മനുഷ്യരുടെ അവകാശമാണ്. ഇതിനേക്കാള്‍ ലോകോത്തര സൗകര്യങ്ങള്‍ക്കും ഇവിടത്തെ മനുഷ്യര്‍ക്ക് അവകാശമുണ്ട്.  പണം ജനങ്ങളുടേതാണ്. നടത്തിപ്പു ചുമതലയാണ് നിങ്ങള്‍ക്കുള്ളത്. അത് ചെയ്യണം.  അല്ലാതെ കോടികളുടെ ഔദാര്യക്കണക്ക് ജനങ്ങളുടെ മുന്നിലേക്കിട്ട് അവരെ പരിഹസിക്കരുത്. പ്രതിഛായയല്ല, മനുഷ്യത്വമാണ് നേതാക്കളെ നയിക്കേണ്ടത്.