parayathe-vayya-rss

കേരളത്തില്‍ മുഖ്യമന്ത്രിയുടെ ധാര്‍ഷ്്ട്യത്തെക്കുറിച്ച് പ്രതിപക്ഷമാണ് ആക്ഷേപമുന്നയിക്കുന്നതെങ്കില്‍ രാജ്യത്ത് സ്വന്തം നേതാവിനോട് ആര്‍.എസ്.എസ്  തന്നെയാണ് ധാര്‍ഷ്ട്യം വിലപ്പോകില്ലെന്ന്  താക്കീതുയര്‍ത്തുന്നത്. ആര്‍.എസ്.എസ് തലവന്‍  പരോക്ഷമായി നല്‍കിയ മുന്നറിയിപ്പ് മറ്റു നേതാക്കള്‍ പരസ്യമായി തന്നെ പറഞ്ഞു തുടങ്ങിയിരിക്കുന്നു. ആര്‍.എസ്.എസിന് പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ബി.ജെ.പിയുടെ ശൈലിയോടും ‌വിയോജിപ്പുണ്ടോ? ആര്‍.എസ്.എസ്. മോദിയെ തിരുത്തുമോ? 

 

അഹങ്കാരികളെ ശ്രീരാമന്‍ 240ല്‍ നിര്‍ത്തി. ശ്രീരാമന്റെ ഭക്തര്‍ ക്രമേണ അഹങ്കാരികളായി മാറി. ഏറ്റവും വലിയ പാര്‍ട്ടിയായി വളര്‍ന്നവരെ ശ്രീരാമന്‍ 240 ല്‍ നിര്‍ത്തി. പറഞ്ഞത് നിസാരക്കാരനല്ല. ആര്‍.എസ്.എസിന്റെ മുതിര്‍ന്ന നേതാവ് ഇന്ദ്രേഷ് കുമാറാണ്. ബി.ജെ.പിയെന്നോ മോദിയെന്നോ അദ്ദേഹം പറഞ്ഞിട്ടില്ല. പക്ഷേ 240ല്‍ നിര്‍ത്തിയ രാമഭക്തര്‍ ആരെന്നൊരു മറുചോദ്യമില്ല. അഹങ്കാരമാണ് തിരിച്ചടിക്ക് കാരണമെന്ന് ആര്‍.എസ്.എസ്. പരസ്യമായി പറയുന്നുവെന്നതില്‍ രാഷ്ട്രീയകൗതുകമുണ്ട്. പ്രസ്താവന വന്‍വിവാദമായതോടെ ഇന്ദ്രേഷ് കുമാര്‍ ഒന്നു മലക്കം മറിഞ്ഞു. ശ്രീരാമനെ എതിര്‍ത്തവര്‍ അധികാരത്തിനു പുറത്തു നില്‍ക്കുന്നവരാണെന്നും ശ്രീരാമനായി നിലകൊണ്ടവരാണ് അധികാരത്തിലെത്തിയതെന്നും ചെറുതായൊന്നു തിരുത്തി. 

പക്ഷേ തുടങ്ങിയത് ഇന്ദ്രേഷ് കുമാറല്ല, പറഞ്ഞതു പറഞ്ഞതു തന്നെയെന്നു നിലകൊള്ളുന്നത് ആര്‍.എസ്.എസ്. തലവനാണ്.  അഹങ്കാരിയായ ഒരാള്‍ സ്വയം സേവകനാവില്ലെന്ന് ആര്‍.എസ്.എസ്. തലവന്‍ പരസ്യമുന്നറിയിപ്പ് നല്‍കിയതും ഇക്കഴിഞ്ഞ ദിവസമാണ്. പക്ഷേ ആര്‍.എസ്.എസ് തള്ളിപ്പറയുന്ന അഹങ്കാരം എന്താണ്? മോദി സര്‍ക്കാര്‍ എങ്ങനെ തിരുത്തണമെന്നാണ് ആര്‍.എസ്.എസ് ആഗ്രഹം പ്രകടിപ്പിക്കുന്നത്? ആര്‍.എസ്.എസും ബി.െജ.പിയും തമ്മിലുള്ള അകല്‍ച്ചയില്‍ മതേതരജനാധിപത്യസമൂഹത്തിന് എന്തെങ്കിലും പ്രതീക്ഷിക്കാനുണ്ടോ? അഥവാ യഥാര്‍ത്ഥത്തില്‍ അങ്ങനെയൊരു അകല്‍ച്ചയുണ്ടോ? 

മോഹന്‍ ഭാഗവതും ആരുടെയും പേരും വിലാസവും പറഞ്ഞിട്ടില്ല. പക്ഷേ ഉദ്ദേശിച്ചത് പ്രധാനമന്ത്രി മോദിയെയാണ് എന്ന് വിലയിരുത്തപ്പെട്ടിട്ടും ഇതുവരെ തിരുത്താനോ നിഷേധിക്കാനോ മുതിര്‍ന്നിട്ടുമില്ല. ചരിത്രനേട്ടവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നാമതും അധികാരത്തില്‍ വന്ന ശേഷം  RSS തലവന്‍ ആദ്യമായി നടത്തിയ പ്രസംഗത്തില്‍ മണിപ്പൂരിനെക്കുറിച്ചും പ്രതിപക്ഷത്തിനു നല്‍കേണ്ട പരിഗണനയെക്കുറിച്ചും ഊന്നുന്നത് വ്യാഖ്യാനങ്ങള്‍ ആവശ്യമില്ലാത്ത വിധം വ്യക്തമായ നിലപാടാണ്. ഒരു സ്വയംസേവകന്‍ എപ്പോഴും ആ അന്തസ് പുലര്‍ത്തും. പ്രവൃത്തിയിലും പെരുമാറ്റത്തിലും മാന്യത പുലര്‍ത്തും. ഞാനാണിതൊക്കെ ചെയ്തത് എന്നു പറയുന്ന അഹങ്കാരം ഒരിക്കലും ഒരു സ്വയംസേവകനുണ്ടാകില്ല എന്നാണ് ഭാഗവത് നാഗ്പൂരില്‍ പറഞ്ഞത്. സ്വയംസേവകനായി പൊതുപ്രവര്‍ത്തനമാരംഭിച്ച നരേന്ദ്രമോദി സംഘപരിവാറിനെ മറികടന്ന് മോദി കാ പരിവാര്‍ എന്നു സ്ഥാപിക്കാന്‍ നടത്തുന്ന ശ്രമങ്ങളെയാണ് ആര്‍.എസ്.എസ് വിമര്‍ശിച്ചതെന്നാണ് നിരീക്ഷണം. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും നരേന്ദ്രമോദിയുടെ വമ്പന്‍ വിജയത്തിനു വേണ്ടി അടിത്തട്ടില്‍ അത്യധ്വാനം ചെയ്ത ആര്‍.എസ്.എസ് ഇത്തവണ പൊതുവേ തണുത്ത സമീപനമാണ് സ്വീകരിച്ചതെന്ന് നേരത്തെ തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഉത്തര്‍പ്രദേശിലും ബംഗാളിലും മഹാരാഷ്ട്രയിലും ബി.ജെ.പിക്ക് കനത്ത തിരിച്ചടിയേറ്റതിനു പിന്നിലെ പ്രധാന കാരണം ആര്‍.എസ്.എസ്. നിസംഗതയാണെന്നും വിലയിരുത്തലുണ്ട്. ആര്‍.എസ്.എസ് പ്രസിദ്ധീകരണമായ ഓര്‍ഗനൈസറിലെ ലേഖനം പരസ്യമായി തന്നെ ബി.ജെ.പിയുടെ അമിത ആത്മവിശ്വാസത്തെ കുറ്റപ്പെടുത്തിയതും ഈ പശ്ചാത്തലത്തിലാണ് പ്രസക്തമാകുന്നത്. 

സംഘപരിവാറിന്റെ പ്രത്യയശാസ്ത്രഅജന്‍ഡകള്‍ക്കു പകരം മോദിയുടെ ഗാരന്റിയിലേക്കു മാത്രമായി തിരഞ്ഞെടുപ്പിനെ ചുരുക്കിയതില്‍ ആര്‍.എസ്.എസിന് അതൃപ്തിയുണ്ടാകാം. ബി.ജെ.പിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷമുണ്ടായിരുന്ന കഴിഞ്ഞ പത്തു വര്‍ഷം ആര്‍.എസ്.എസിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ നടപ്പിലാക്കിയ അത്ര എളുപ്പമല്ല, സഖ്യകക്ഷിഭരണത്തിന്റെ അടുത്ത അഞ്ചു വര്‍ഷങ്ങള്‍ എന്ന നിരാശയുമുണ്ടാകാം. പക്ഷേ അതുകൊണ്ട് മോദിയുടെ അഹങ്കാരം തിരുത്താന്‍ ആര്‍.എസ്.എസ്. തുനിയുമോ? മോദിയുടെ അഹങ്കാരമാണോ ആര്‍.എസ്.എസിന്റെ ക‍ടിഞ്ഞാണിന്റെ കരുത്താണോ യഥാര്‍ഥ പ്രശ്നം?

രാമക്ഷേത്രം, ആര്‍ട്ടിക്കിള്‍ 370, ഏകസിവില്‍ കോഡ് തുടങ്ങി ആര്‍.എസ്.എസിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളാണ് കഴ‍ിഞ്ഞ പത്തുവര്‍ഷത്തെ ഭരണത്തില്‍ മോദി സര്‍ക്കാര്‍ ഊന്നിയത്.  10 വര്‍ഷം പിന്നിട്ട് അധികാരത്തില്‍ തുടരുന്ന മോദി സര്‍ക്കാര്‍ ആര്‍.എസ്.എസിനും സംഘടനാപരമായി വലിയ നേട്ടമുണ്ടാക്കിയിട്ടുണ്ട്. 2025ലെ വിജയദശമി ദിനത്തില്‍ സംഘടന സ്ഥാപിതമായി നൂറുവര്‍ഷം തികയും. നിലവില്‍ 74000 ശാഖകള്‍. ശതാബ്ദിയെത്തും മുന്‍പേ ഒരു ലക്ഷം ശാഖകളായി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് ആര്‍.എസ്.എസ്. പ്രഖ്യാപിച്ചത് പത്തു വര്‍ഷത്തെ സംഘടനാനേട്ടത്തില്‍ ഊന്നിതന്നെയാണ്. 

ആര്‍.എസ്.എസിന്റെ പരമാധികാരത്തിനു മുന്നില്‍ നരേന്ദ്രമോദിയും ബി.ജെ.പിയും പരിപൂര്‍ണവിധേയപ്പെടുന്നില്ല എന്നതിലുള്ള അതൃപ്തിയായി മാത്രമേ ആര്‍.എസ്.എസിന്റെ വിമര്‍ശനത്തെ കാണേണ്ടതുള്ളൂ എന്നു ചരിത്രം ഓര്‍മിപ്പിക്കും. മണിപ്പൂര്‍ പ്രശ്നത്തില്‍ ആത്മാര്‍ഥമായ വേദനയോ രാമഭക്തര്‍ അഹങ്കാരികളാകുന്നതിലുള്ള വേവലാതിയോ അല്ല വിമര്‍ശനങ്ങള്‍ക്കു പിന്നിലെന്ന് രാഷ്ട്രീയനിരീക്ഷരും ഓര്‍മിപ്പിക്കും. ആര്‍.എസ്.എസിന്റെ അജന്‍ഡകള്‍, ആര്‍.എസ്.എസ് ആഗ്രഹിക്കുന്ന വേഗത്തിലും  ആഴത്തിലും നടപ്പാകുന്നില്ല എന്നതിലേ ആര്‍.എസ്.എസിന് പ്രശ്നമുള്ളൂ. തിരഞ്ഞെടുപ്പു പ്രചാരണകാലത്തുടനീളം ഇന്ത്യന്‍ ജനതയ്ക്കു നേരെ വിദ്വേഷപ്രസ്താവനകളുമായി ബി.ജെ.പി. നേതാക്കള്‍ കളം നിറഞ്ഞപ്പോള്‍ 

ഇതേ ആര്‍.എസ്.എസ്. രംഗത്തു വന്നിട്ടില്ല. രാജ്യത്തിന്റെ യഥാര്‍ഥ ആകുലതകളൊന്നും ആര്‍.എസ്.എസിന്റെ ആകുലതയേയല്ല. ഒരു വര്‍ഷമായി മണിപ്പൂര്‍ പുകഞ്ഞു കത്തുന്നു. ആര്‍.എസ്.എസ്. ഇടപെട്ടിട്ടുമില്ല. വേദനിച്ചിട്ടുമില്ല. അഖണ്ഡഭാരതം ഉയര്‍ത്തിപ്പിടിക്കുന്ന ആര്‍.എസ്.എസ്., ചൈനയുടെ കടന്നു കയറ്റത്തില്‍ പ്രതിപക്ഷം സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയപ്പോള്‍ അനങ്ങിയിട്ടില്ല. ഇപ്പോള്‍ പ്രതിപക്ഷത്തെ കേള്‍ക്കണം, ന്യൂനപക്ഷങ്ങളെയും പരിഗണിക്കണം എന്നൊക്കെ പറയുന്നതും ആര്‍.എസ്.എസിന്റെ മനംമാറ്റമായി  കാണാനാകില്ല. മോദിസര്‍ക്കാരിന്റെ ഭരണപരാജയങ്ങളിലൊന്നും ആര്‍.എസ്.എസ്. പ്രയാസപ്പെട്ടു കണ്ടിട്ടില്ല. ആര്‍.എസ്.എസിന് പൂര്‍ണ നിയന്ത്രണാധികാരമില്ലാത്ത ഒരു സര്‍ക്കാര്‍ എന്ന അവസ്ഥയിലാണ് ആര്‍.എസ്. എസിന്റെ നിരാശ. എല്ലാ അധികാരവും നരേന്ദ്രമോദിയിലേക്കു മാത്രമായി കേന്ദ്രീകരിക്കുന്നു എന്നതില്‍ മാത്രമാണ് ആര്‍.എസ്.എസിന്റെ പ്രശ്നം. 

ഇപ്പോഴും ആര്‍.എസ്.എസ് സംസാരിക്കുന്നത് ഇന്ത്യന്‍ ജനതയ്ക്കു വേണ്ടിയല്ല. പ്രധാനമന്ത്രി മോദിയെയോ മോദി സര്‍ക്കാരിനെയോ വിമര്‍ശിക്കുന്നതും  മതേതരഇന്ത്യയുടെ വിശാലതാല്‍പര്യങ്ങള്‍ക്കു വേണ്ടിയല്ല. ആര്‍.എസ്.എസിനു വേണ്ടി മാത്രമാണ്.  ജനാധിപത്യ ഇന്ത്യയോട് അഹങ്കാരം വേണ്ട എന്നല്ല വിമര്‍ശനം, അഹങ്കാരം ആര്‍.എസ്.എസിനോടു വേണ്ട എന്നാണ്. എന്നു മാത്രമാണ്. മോദി സര്‍ക്കാര്‍ തിരുത്തണമെന്ന് ജനത ആഗ്രഹിക്കുന്നതൊന്നുമല്ല ആര്‍.എസ്.എസ് തിരുത്താനാഗ്രഹിക്കുന്നത് എന്ന് മനസിലാക്കിയേ പറ്റൂ. പക്ഷേ തിരഞ്ഞെടുപ്പിലെ തിരിച്ചടി, ശക്തി നേടിയ പ്രതിപക്ഷം തുടങ്ങിയ ഘടകങ്ങള്‍ക്കൊപ്പം ആര്‍.എസ്.എസിന്റെ വിമര്‍ശനം കൂടിയെത്തുന്നത് മോദി സര്‍ക്കാരിന് സമ്മര്‍ദമാണെന്നുറപ്പ്. 

ENGLISH SUMMARY:

Parayathe vayya on rss leader controversial statement