പ്രഹരശേഷിയോടെ തലപൊക്കുന്ന ജാതീയത; ഉറച്ച നിലപാടില്ലാതെ നമ്മളും

pv2
SHARE

ക്ഷേത്രപരിസരത്തു വച്ച് വിവേചനം നേരിട്ടുവെന്ന ദേവസ്വം മന്ത്രിയുടെ വെളിപ്പെടുത്തലില്‍ നടുങ്ങിയവരും നടുങ്ങാത്തവരും കേരളത്തിലുണ്ട്. ആദ്യമായി കേള്‍ക്കുന്ന മട്ടില്‍ ​ഞെട്ടല്‍ രേഖപ്പെടുത്തിയ നേതാക്കളുണ്ട്.  മന്ത്രി ചൂണ്ടിക്കാട്ടിയത് സാമൂഹ്യയാഥാര്‍ഥ്യമാണെന്ന് നിസംഗതയോടെ ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്. ഭക്തിയില്‍ യുക്തിയില്ലെന്നത് യാഥാര്‍ഥ്യം. പക്ഷേ അതുകൊണ്ട്  സാമൂഹ്യനീതിയുടെ ലംഘനമെന്ന ഗൗരവമുള്ള പ്രശ്നം

ഉപേക്ഷിച്ചുകളയാവുന്നതാണോ? 

മന്ത്രിയുടെ വെളിപ്പെടുത്തല്‍ ദിവസങ്ങള്‍ക്കു മുന്‍പ് കോട്ടയത്ത്. സംഭവം നടന്നത് എട്ടു മാസം മുന്‍പ് ജനുവരിയില്‍ കണ്ണൂര്‍ പയ്യന്നൂരില്‍.  

മുന്‍പും ഈ അനുഭവം തുറന്നു പറഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഭാരതീയ വേലന്‍ മഹാസഭയുടെ സംസ്ഥാനസമ്മേളനത്തിലാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയായത്. വിവാദത്തിനില്ലെന്നും ഇത്തരം അനുഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ഇക്കാര്യം തുറന്നു പറഞ്ഞതെന്നും മന്ത്രി ആവര്‍ത്തിക്കുകയും ചെയ്തു. 

അങ്ങനെ സംഭവിച്ചിട്ടേയില്ല എന്ന വിശദീകരണം വരുമെന്നാണ് നമ്മള്‍ പ്രതീക്ഷിച്ചത്. പക്ഷേ അതാണ് ആചാരമെന്ന ന്യായീകരണമാണ് വന്നത്. ആ ആചാരം വിശ്വാസികള്‍ക്ക് പുതുമയല്ല.  ക്ഷേത്രാധികാരത്തിലെ തൊട്ടുകൂടായ്മ കേരളത്തിലെ പല ക്ഷേത്രങ്ങളിലും നിലവിലുണ്ട്. പ്രത്യേകം പറയട്ടെ ചില ക്ഷേത്രങ്ങളില്‍ മാത്രം.  കീഴ്‍വഴക്കമെന്ന പേരില്‍ വിശ്വാസികള്‍ തന്നെ അംഗീകരിച്ചു കൊടുക്കുന്നതും അനുവദിക്കുന്നതുമായ ആചാരം. ഏത് ആചാരത്തിന്റെ പേരിലായാലും ശുദ്ധിയുടെ പേരിലുള്ള  അയിത്തം കാലോചിതമാണോ എന്ന ചോദ്യത്തിന് ആര്‍ക്കുത്തരമുണ്ട്?

സത്യത്തില്‍ ഇത് അന്ന് തൊട്ടുകൂടായ്മ കാണിച്ച ശാന്തിക്കാരുടെയോ ഇപ്പോഴും ഇങ്ങനെ ഒരാചാരമുണ്ടെന്ന് ന്യായീകരിക്കുന്നവരുടേയോ വ്യക്തിപരമായ പ്രശ്നമല്ല. വിളക്ക് താഴെ വച്ച വ്യക്തിയെ അറസ്റ്റു ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യവും പ്രസക്തമല്ല. അങ്ങനെ നടപടിയെടുക്കാനാണെങ്കില്‍ ഇന്നും നൂറുകണക്കിന് ക്ഷേത്രങ്ങളില്‍ വഴി, വഴി എന്ന് തെളിച്ചുകൊണ്ട് കടന്നു വരുന്ന എല്ലാ പൂജാരിമാര്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കേണ്ടി വരും. മറ്റു മനുഷ്യരോടു തൊട്ടുകൂടായ്മയുണ്ടെന്നും ശുദ്ധാശുദ്ധമാണെന്നും നിയമത്തിനു മുന്നില്‍ പറയാനാകില്ല.

​​ഞെട്ടല്‍ പ്രകടിപ്പിച്ചെങ്കിലും മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും തണുത്ത നിലപാട് പ്രകടമായിരുന്നു. മന്ത്രിക്ക് നേരിട്ടത് ജാതിവിവേചനമാണെങ്കില്‍ കടുത്ത നിയമനടപടി വേണമെന്ന നിലപാട് സ്വീകരിക്കാന്‍ ശബരിമല പ്രശ്നത്തിന്റെ പശ്ചാത്തലത്തില്‍ സി.പി.എം ആലോചിക്കുക പോലുമില്ലെന്നുറപ്പ്. 

സി.പി.എമ്മിന്റെ അഴകൊഴമ്പന്‍ നിലപാട് മാത്രമല്ല ഇതിലെ പ്രശ്നം. നിയമനടപടി ഈ പ്രശ്നത്തിനുള്ള പരിഹാരമാകില്ല. മാത്രമല്ല, പുതിയൊരു പ്രശ്നത്തിനുള്ള തുടക്കമാകുമെന്നും ഉറപ്പാണ്. ആചാരങ്ങളെ ചോദ്യം ചെയ്യുന്നുവെന്ന പ്രചാരണം ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞു. ഈ വിവേചനത്തിന് പരിഹാരം കണ്ടെത്തേണ്ടത് അതിനിരയായ മന്ത്രിയോ അദ്ദേഹത്തിന്റെ പാര്‍ട്ടിയോ മാത്രമല്ല. സമൂഹത്തില്‍ എല്ലാവര്‍ക്കും അതിനുള്ള ഉത്തരവാദിത്തമുണ്ട്. സാമൂഹ്യമായ മാറ്റമാണ് ഉണ്ടാകേണ്ടത്. മനുഷ്യരുടെ അഭിമാനവും തുല്യതയും ചോദ്യം ചെയ്യപ്പെടുന്ന ഒരു പ്രശ്നമെന്ന ബോധത്തോടെ ബന്ധപ്പെട്ടവരെല്ലാം ചേര്‍ന്നു തന്നെയാണ് പരിഹാരമുണ്ടാകേണ്ടത് 

മന്ത്രി, തുറന്നു പറഞ്ഞതുകൊണ്ടും ആവര്‍ത്തിച്ചു നിലപാടെടുത്തതുകൊണ്ടും ഇങ്ങനെയൊരു മനുഷ്യത്വവിരുദ്ധ സമ്പ്രദായം നിലനില്‍ക്കുന്നുണ്ട് എന്ന് നമുക്ക് തുറന്നു സമ്മതിക്കേണ്ടി വന്നു. അത് ആചാരമാണെന്ന ന്യായീകരണം സമൂഹത്തിന് സ്വീകാര്യമാകണോ എന്നതാണ് അടുത്ത ചോദ്യം. സ്വീകരിക്കാനാകുന്നവര്‍ മാത്രം ആ ആചാരം നിലനില്‍ക്കുന്ന ക്ഷേത്രങ്ങളിലേക്ക് പോയാല്‍ മതിയെന്ന വാദം ശരിയല്ലെന്ന് അതുന്നയിക്കുന്നവര്‍ക്കു തന്നെയാകാം. എല്ലാ ക്ഷേത്രങ്ങളിലും ഈ ആചാരമില്ല. ഇങ്ങനെയൊരു ശുദ്ധാശുദ്ധവുമില്ല. 

ശബരിമലയില്‍ മാത്രമല്ല, കേരളത്തിലെ പല ക്ഷേത്രങ്ങളിലുമില്ല. തമിഴ്നാട്ടില്‍ ഇല്ല, ഉത്തേരന്ത്യയില്‍ ഇല്ല. ഒരേ മതവിശ്വാസത്തില്‍ തന്നെ ഭൂരിഭാഗം ആരാധനലായങ്ങളിലും ഇല്ലാത്ത ഒരു സമ്പ്രദായമാണെന്ന് ആചാരമെന്നു വാദിക്കുന്നവരും സമ്മതിക്കുന്നു. 

വിശ്വാസം മനുഷ്യന്റെ ആശ്വാസത്തിനാണ്. ശാസ്ത്രവും ലോകവും അതിവേഗം ബഹുദൂരം മുന്നോട്ടു പോകുമ്പോഴും യുക്തിയുടെ ചോദ്യങ്ങളില്‍ നിന്ന് വിശ്വാസത്തെ മാറ്റിനിര്‍ത്തിയിരിക്കുന്നതു തന്നെ വിശ്വാസം ആശ്വാസമാണെങ്കില്‍ ആവട്ടെ എന്ന പൊതുബോധമാണ്.  ആശ്വാസമാകേണ്ട വിശ്വാസത്തിന്റെ പേരില്‍ ഒരു മനുഷ്യനും അപമാനവും അയിത്തവും നേരിടേണ്ടി വരരുത്. വിശ്വാസത്തിന്റെ നടത്തിപ്പുകാര്‍ തന്നെയാണ് അനാചാരമാകുന്ന ആചാരങ്ങള്‍ തിരുത്തേണ്ടത്. ഇത്തരം ചര്‍ച്ചകള്‍ തന്നെയാണ് അതിനു വഴിമരുന്നിടേണ്ടതും.

കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും കളങ്കിതമായ അയിത്താചാരണകാലത്തും ന്യായം ആചാരവും വിശ്വാസവും എന്നായിരുന്നു. പൂജാകര്‍മങ്ങളുെട പേരില്‍ ശുദ്ധാശുദ്ധിയെന്ന വാദവും തൊട്ടുകൂടായ്മയെ നിലനിര്‍ത്താനുണ്ടായിരുന്നു. മനുഷ്യന്റെ അന്തസിനെ ചോദ്യം ചെയ്യുന്നതൊന്നും ആചാരത്തിന്റെ പേരില്‍ മുന്നോട്ടു പോകരുതെന്ന് സാമൂഹ്യപരിഷ്കര്‍ത്താക്കള്‍ തീരുമാനിച്ചു , ചോദ്യം ചെയ്തു, നിരന്തരസമരങ്ങള്‍ നടന്നു. അതിന്റെയെല്ലാം ഫലമാണ് എല്ലാ മനുഷ്യരും തുല്യരാണ് എന്ന് അയിത്താചരണത്തിന്റെ വക്താക്കള്‍ക്കും അംഗീകരിക്കേണ്ടി വന്നത്. ഇന്നും ജാതിബോധം പേറുന്നവരാണ് ശുദ്ധിബോധവും ന്യായീകരിക്കുന്നതെന്ന് വ്യക്തമാണ്. അഭിമാനകരമല്ലാത്ത, മനുഷ്യനെ അപമാനിക്കുന്ന  ഒരു ആചാരം ഇപ്പോഴും തുടരുന്നുവെന്നതില്‍ വിശ്വാസികള്‍ക്കാണ് തിരുത്തല്‍ ബോധമുണ്ടാകേണ്ടത്. ജാതിയെന്ന് തെറ്റിദ്ധരിക്കല്ലേ. പിന്നെ വിവേചനമാണെങ്കില്‍ ഞങ്ങളൊക്കെ അനുവദിച്ചുകൊടുത്ത് അനുഭവിക്കുന്നതാണേ എന്നാണ് നമ്മള്‍ പറയുന്നത് എന്നോര്‍ക്കുക. മനുഷ്യന്‍ മനുഷ്യനെ തൊടുന്നത് അശുദ്ധിയാണ് എന്ന വിശ്വാസം ഇക്കാലത്ത് ആര്‍ക്കാണ് വിശ്വസിക്കാനാകുക? സര്‍വചരാചരങ്ങളിലും കുടികൊള്ളുന്നുവെന്ന് അഭിമാനത്തോടെ ഏറ്റുപറയുന്ന വിശ്വാസികള്‍ എങ്ങനെയാണ് അതേ വിശ്വാസത്തിന് തൊട്ടൂകൂടായ്മയുടെ പരിശുദ്ധി വേണമെന്നും അതേ സ്വരത്തില്‍ വിശ്വസിക്കുക? ശുദ്ധിബോധം ജാതിബോധത്തില്‍ നിന്നു തന്നെയാണുണ്ടാകുന്നത്. ജാതി തന്നെയാണ് തൊട്ടുകൂടായ്മയുടെ വിശ്വാസമായി പ്രച്ഛന്നവേഷം കളിക്കുന്നതും. കേരളത്തിലും വിശ്വാസം രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടു പോയിരിക്കുന്നു. കാലോചിതമായി പരിഷ്കാരം വേണമെന്നു നിലപാടുറപ്പിച്ചു പറായന്‍ അധികാരം ആഗ്രഹിക്കുന്ന ഏതു രാഷ്ട്രീയപ്രസ്ഥാനവും പേടിക്കും. ആ പേടിയുടെ വികലമായ പ്രഖ്യാപനമാണ് മന്ത്രി കെ.രാധാകൃഷ്ണന്‍ നേരിട്ട അപമാനത്തില്‍ അദ്ദേഹം തന്നെ ഒറ്റയ്ക്കു വാദിക്കേണ്ടി വരുന്ന അവസ്ഥയില്‍ നിഴലിച്ചുകാണുന്നത്. 

തിരുത്തേണ്ടത് തിരുത്തുക തന്നെ വേണം. ജാതിവിവേചനം പൊതിഞ്ഞു പിടിക്കുന്ന തൊട്ടുകൂടായ്മ വാദങ്ങള്‍ ചോദ്യം ചെയ്യപ്പെടണം. ഇനി   പ്രബുദ്ധകേരളത്തില്‍ ജാതിയില്ലെന്നാണോ? ജാതിവിവേചനം ഇല്ലെന്നാണോ? കേരളത്തില്‍ ജാതിവിവേചനം ഇല്ലെന്ന് പറയാന്‍ ധൈര്യമുള്ള ഒരാള്‍ മുന്നോട്ടു വരുമോ? ജാതി എന്നും നമുക്ക് അംഗീകരിക്കാനും അഡ്രസ് ചെയ്യാനും ബുദ്ധിമുട്ടുള്ള ഒരു സാമൂഹ്യയാഥാര്‍ഥ്യമാണ്. പക്ഷേ പ്രകടമായി അലങ്കാരമാക്കാതിരിക്കാന്‍ മാത്രമുള്ള സമ്മര്‍ദം നമ്മുെട സാമൂഹ്യാവസ്ഥ ചെലുത്തുന്നുണ്ട്. എന്നിട്ടും സാധ്യമാകുന്ന ഏതവസരത്തിലും ഇങ്ങനെ മാരകമായ പ്രഹരശേഷിയോടെ തലപൊക്കാന്‍ മാത്രം ഉറപ്പ് ജാതിവംശീയതയ്ക്കുണ്ടെന്ന് ഇപ്പോള്‍ നമ്മള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. ആ ജാതിശുദ്ധിവാദത്തെ എന്തു ചെയ്യണമെന്ന് ഇനി പുരോഗമനകേരളമൊന്നാകെയാണ് തീരുമാനിക്കേണ്ടത്. 

MORE IN PARAYATHE VAYYA
SHOW MORE