മുഖ്യമന്ത്രിക്ക് ഇപ്പോള്‍ ജനങ്ങളെ അടുത്തുകാണണം; എന്തുകൊണ്ട്..?

pv1
SHARE

നമ്മുടെ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പെട്ടെന്ന് ജനങ്ങളെ കാണണമെന്ന് തോന്നുന്നതെപ്പോഴാണ്? കനത്ത സുരക്ഷാസന്നാഹങ്ങള്‍ക്കിടയിലൂടെ ചീറിപ്പാഞ്ഞ് സഞ്ചരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഇപ്പോള്‍  കേരളത്തിലെ ജനങ്ങളെ അടുത്തു കാണണമെന്ന് തോന്നിയതെന്തുകൊണ്ടാണ്?  മുഖ്യമന്ത്രിയും മന്ത്രിമാരും ജനസദസ് നടത്താനിറങ്ങുകയാണ്.  സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളെ അറിയിക്കുകയാണ് പ്രധാന ലക്ഷ്യം. കൂട്ടത്തില്‍ ആര്‍ക്കെങ്കിലും പരാതികളുണ്ടെങ്കില്‍ സ്വീകരിക്കുകയും ചെയ്യും. ഇതിനു മുന്‍പെവിടെയോ ഇതുപോലൊരു പരിപാടിയെക്കുറിച്ച് കേട്ടിട്ടുണ്ടല്ലോ എന്നൊരു സംശയം തോന്നുന്നുണ്ടോ? ഏയ്, ഇത് അതല്ല. അത് ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്കപരിപാടി. അത് ഉദ്യോഗസ്ഥര്‍ ചെയ്യേണ്ട കാര്യങ്ങള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും കൂടി ചെയ്യാനിറങ്ങിയ, ഭരണപരാജയത്തിന്റെ കുറ്റസമ്മതമായിരുന്നല്ലോ? എന്നാരു പറഞ്ഞു? ആരോ പറഞ്ഞിരുന്നു. എന്തായാലും ഇത് അതല്ല.  

പ്രതിഛായ മെച്ചപ്പെടുത്തണമെന്നും ജനങ്ങളുടെ തെറ്റിദ്ധാരണ നീക്കണമെന്നും മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും തോന്നാന്‍ പല പല കാരണങ്ങളുണ്ട്. ആരൊക്കെ എന്തൊക്കെ പരിശ്രമിച്ചാലും ശരിക്കുള്ള ചിത്രം ജനങ്ങള്‍ തിരിച്ചറിയും. മുഖ്യമന്ത്രി പറഞ്ഞത് വളരെ ശരിയാണ്.  

ഏഴുമാസത്തെ ഇടവേളയ്ക്കു ശേഷം മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയ മുഖ്യമന്ത്രിയാണ് ജനസദസുകളുമായി ജനങ്ങള്‍ക്കിടയിലേക്കിറങ്ങാനുള്ള പ്രഖ്യാപനം നടത്തിയത്. നവകേരളനിര്‍മിതിയുടെ ഭാഗമായി ഇതിനകം സര്‍ക്കാര്‍ ഉണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി കൂടുതല്‍ സംവദിക്കുന്നതിനും സമൂഹത്തിന്റെ ചിന്താഗതികള്‍ അടുത്തറിയുന്നതിനുമാണ് പര്യടനം. മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ അസംബ്ലി മണ്ഡലങ്ങളിലും പര്യടനം നടത്തും. പ്രമുഖരുമായി കൂടിക്കാഴ്ചയുണ്ടാകും. മണ്ഡലം കേന്ദ്രീകരിച്ച് ബഹുജനസദസും നടത്തും. സര്‍ക്കാര്‍ പരിപാടിയാണെങ്കിലും വിജയിപ്പിക്കേണ്ട ചുമതല ഏറ്റെടുത്തിരിക്കുന്നത് പാര്‍ട്ടിയാണ്.  

കൃത്യമായി പ്രവര്‍ത്തിക്കുന്ന ഒരു ഭരണസംവിധാനത്തിന് ജനസമ്പര്‍ക്കം പോലുള്ള ജനവിരുദ്ധ പരിപാടികള്‍ വേണ്ടിവരില്ലെന്ന് സി.പി.എം നേരത്തേ പരിഹസിച്ചിട്ടില്ലേയെന്നു ചോദിച്ചോള്‍ സെക്രട്ടറിയുടെ മറുപടി ഇങ്ങനെ.  

സര്‍ക്കാര്‍ ചെലവില്‍ ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടി  നടത്തുകയാണെന്നും അതിനു ഞങ്ങളില്ലെന്നും യു.ഡി.എഫ് പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ വികസനപദ്ധതികള്‍ കണ്ട് പേടിച്ചതുകൊണ്ടാണ് പ്രതിപക്ഷം സഹകരിക്കാത്തതെന്ന് ഇ.പി.ജയരാജനും എ.കെ.ബാലനും ശക്തമായി തിരിച്ചടിക്കുകയും ചെയ്തു. കടുത്ത സാമ്പത്തികപ്രതിസന്ധിയിലും സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ ജനമറിയട്ടെ എന്ന ത്യാഗമനോഭാവം പ്രതിപക്ഷം മനസിലാക്കാത്തതില്‍ സി.പി.എമ്മിന് കനത്ത അമര്‍ഷമുണ്ടെന്ന് വ്യക്തം. ജനസമ്പര്‍ക്കത്തിന്റെ ഇടതു ബദല്‍ അവതരിപ്പിക്കുമ്പോള്‍ പ്രതിപക്ഷം ഇങ്ങനെ പുറം തിരിഞ്ഞുനില്‍ക്കുന്നതെന്തുകൊണ്ടാണ്? 

സര്‍ക്കാരും പാര്‍ട്ടിയും കൂടുതല്‍ ജനകീയമാകണമെന്ന തിരിച്ചറിവ് തന്നെയാണ് മണ്ഡലജനസദസായും കേരളീയമായും അവതരിക്കുന്നതെന്ന് വ്യക്തമാണ്. 

 സര്‍ക്കാരിന് പ്രചാരണപരിപാടികള്‍ നടത്താനുള്ള അവകാശമുണ്ട്. എല്ലാ സര്‍ക്കാരുകളും തിരഞ്ഞെടുപ്പുകള്‍ക്കു മുന്‍പ് ഏതെങ്കിലുമൊരു പേരില്‍ ഇങ്ങനെ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടികള്‍ നടത്താറുമുണ്ട്. ഇതുവരെ ജനങ്ങള്‍ക്കിടയിലൂടെ യാത്ര ചെയ്യാന്‍ വന്‍വാഹനവ്യൂഹവും കനത്ത സുരക്ഷാസന്നാഹവും ആവശ്യമുണ്ടായിരുന്ന മുഖ്യമന്ത്രി സാധാരണ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിവരുന്നുവെന്നതു തന്നെ വലിയ കാര്യമാണ്. കനത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് വിലപിക്കുമ്പോഴും മുഖ്യമന്ത്രിയുടെ യാത്രകള്‍ക്ക് ലക്ഷങ്ങള്‍ ചെലവിട്ട് ഹെലികോപ്റ്റര്‍ എടുത്തതും അടിക്കടി വിദേശയാത്രകളുമൊക്കെ ജനങ്ങള്‍ തെറ്റിദ്ധരിക്കാതിരിക്കാനുള്ള വിശദീകരണങ്ങളും വേണ്ടിവരും.  

സത്യം പറഞ്ഞാല്‍ ഈ ഏഴര വര്‍ഷത്തിനുള്ളില്‍ കേരളത്തിലുള്ളവരേക്കാള്‍ വിദേശത്തുള്ള മലയാളികള്‍ക്ക് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാനും ആവലാതികള്‍ ഉന്നയിക്കാനും അവസരം ലഭിച്ചിട്ടുണ്ട്. പൊതുതിരഞ്ഞെടുപ്പായതുകൊണ്ട് ഇനി കേരളത്തിലുള്ളവരുടെ അവസരമാണ്. കേരളത്തിലുള്ളവര്‍ക്കു പറയാനുള്ളതു കേള്‍ക്കുകയും അവരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയാനുമായാണ് ഈ സുവര്‍ണാവസരം  പക്ഷേ എങ്ങനെയുള്ള മറുപടികളാണ് മുഖ്യമന്ത്രിയില്‍ നിന്ന് പ്രതീക്ഷിക്കേണ്ടത്?  തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ഇപ്പോള്‍ പറയുന്നതുപോലുള്ള മറുപടികളാണോ? കേരളത്തിന്റെ മുഖ്യമന്ത്രി ഇപ്പോള്‍  അദ്ദേഹത്തിനു നേരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ അവാസ്തവമെന്ന് സ്ഥാപിച്ചോ? അന്വേഷിക്കാനോ വസ്തുതകള്‍ അവതരിപ്പിക്കാനോ  ഒരുക്കമല്ലെന്ന് വ്യക്തമാണ്. പക്ഷേ  വാദഗതികളിലെങ്കിലും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ് എന്നുറപ്പിച്ചു പറയാന്‍ അദ്ദേഹത്തിനു കഴി‍ഞ്ഞോ? ചോദ്യങ്ങളുന്നയിക്കുന്നവരുടെ മനോനിലയെ സംശയിച്ചും, എന്നെ തകര്‍ക്കാനെന്ന ഇരവാദം ആവര്‍ത്തിച്ചും എത്ര നാള്‍  ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ അദ്ദേഹത്തിനു കഴിയും. ഉത്തരം കിട്ടാതെ  ആ ചോദ്യം എങ്ങനെ ഇല്ലാതെയാകും?  

മകള്‍ക്കു നേരെ ആരോപണങ്ങളുയര്‍ന്ന് ഒരു രണ്ടു മാസത്തിനു ശേഷമാണ് മുഖ്യമന്ത്രി മറുപടി പറയാന്‍ തയാറായത്. ഏഴു മാസമായി ഒരു ചോദ്യവും നേരിടാതെ വാര്‍ത്താസമ്മേളനങ്ങളില്‍ നിന്നൊഴിഞ്ഞു മാറിയ മുഖ്യമന്ത്രി, ഗുരുതരമായ ആരോപണത്തിന് ആദ്യം വിശദീകരണം നല്‍കിയത് നിയമസഭയിലാണ്.  

മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ ഉയര്‍ന്നത് രാഷ്ട്രീയാരോപണമല്ല. ആ വസ്തുത മുഖ്യമന്ത്രി എത്ര നിഷേധിച്ചാലും മറച്ചു പിടിച്ചാലും വസ്തുതയല്ലാതാകില്ല. ആദായനികുതി തര്‍ക്കങ്ങള്‍ പരിഹരിക്കുന്ന ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് കരിമണല്‍ കമ്പനിയുടെ ആദായനികുതി വെട്ടിപ്പില്‍ പരിഹാരനിര്‍ദേശമായി പുറപ്പെടുവിച്ച ഉത്തരവിലാണ് മുഖ്യമന്ത്രിയും മകളുമൊക്കെ പരാമര്‍ശിക്കപ്പെട്ടത്. സ്ഥിരമായി പണം കൊടുക്കുന്ന രാഷ്ട്രീയനേതാക്കളുടെ ചുരുക്കപ്പേരെഴുതിയ പട്ടികയില്‍ പിണറായി വിജയനുമുണ്ട്, രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയുമടക്കമുള്ള UDFനേതാക്കളുമുണ്ട്. പക്ഷേ രാഷ്ട്രീയനേതാക്കളെ സ്വാധീനിക്കാനുള്ള നടപടികളുടെ ഭാഗമായി തന്നെയാണ് പിണറായിയുടെ മകളുടെ കമ്പനിയുമായി ഒരു സേവനവും നല്‍കാതെ വന്‍തുകയുടെ കരാര്‍ ഉണ്ടാക്കിയതെന്നാണ് ആദായനികുതിവകുപ്പ് കണ്ടെത്തിയത്, സെറ്റില്‍മെന്റ് ബോര്‍ഡ് ആ കണ്ടെത്തല്‍ ശരിവയ്ക്കുകയും ചെയ്തു. സേവനമില്ലാതെ കമ്പനിയില്‍ നിന്ന് മാസപ്പടി പറ്റിയെന്ന ആരോപണത്തിനാണ് മുഖ്യമന്ത്രിയുടെ വിശദീകരണം കേരളത്തിനു വേണ്ടത്. പക്ഷേ ആ ചോദ്യത്തിനുത്തരമൊഴിച്ച് എല്ലാം മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. സേവനമെന്തെന്ന ചോദ്യത്തിനുത്തരം പറയാതെ ഒഴിഞ്ഞു മാറിയ മുഖ്യമന്ത്രി ഒരു കഥ വരെ പറഞ്ഞു. കുറച്ചു സെന്‍സിറ്റീവായ ഒരു കഥ. മകളുടെ കമ്പനിയുമായി ബിസിനസ് നടത്തിയ സ്ഥാപനത്തിനു  തീവ്രവാദബന്ധമുണ്ടാക്കാന്‍ വരെ ശ്രമമുണ്ടായെന്നായിരുന്നു വെളിപ്പെടുത്തല്‍.  

സമുദായസ്ഥാപനം ഏതെന്നും മുഖ്യമന്ത്രിയുടെ ഉന്നമെന്തെന്നുമൊക്കെ കേട്ടവര്‍ക്ക് മനസിലായി. 

പക്ഷേ ചോദ്യത്തിനുത്തരം മാത്രം മുഖ്യമന്ത്രി പറഞ്ഞില്ല. ചോദിക്കാത്ത ചോദ്യങ്ങള്‍ക്കു വരെ ഉത്തരങ്ങളുണ്ടാക്കിയെത്തിയ മുഖ്യമന്ത്രി ഇതേ കഥകളൊക്കെ വാര്‍ത്താസമ്മേളനത്തിലും പറഞ്ഞു. പക്ഷേ മുഖ്യമന്ത്രിയുടെ മകളും കമ്പനിയും കരിമണല്‍ കമ്പനിക്ക് നല്‍കിയ സേവനമെന്താണെന്ന അടിസ്ഥാനചോദ്യത്തിനു മാത്രം ഉത്തരമില്ല. ആരോപണങ്ങള്‍ തന്നെ തകര്‍ക്കാനാണെന്ന് വരെ അവകാശപ്പെട്ട മുഖ്യമന്ത്രി വ്യക്തമായ ഉത്തരം നല്‍കാതെ ഈ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞു മാറുന്നതെന്നതുകൊണ്ടാണ്? തെറ്റായ പരാമര്‍ശമാണെങ്കില്‍ മുഖ്യമന്ത്രിയും മകളും നിയമപരമായ നടപടികള്‍ സ്വീകരിക്കാത്തതെന്തുകൊണ്ടാണ്? 

ഇത്ര പോലും അസ്വസ്ഥനാകേണ്ട കാര്യമില്ല. പറയാനൊരു ന്യായമായ കാരണമുണ്ടെങ്കില്‍. സേവനം നല്‍കിത്തന്നെയാണ് പണം വാങ്ങിയതെന്നും അതെന്താണെന്നും ജനങ്ങളോടു പറയാം. പക്ഷേ ഒന്നരമാസമായി ഈ ആരോപണത്തില്‍ സി.പി.എമ്മിനെ വട്ടം ചുറ്റിച്ചപ്പോഴും സേവനമെന്തായിരുന്നുവെന്ന ചോദ്യത്തിന് മുഖ്യമന്ത്രി പാര്‍ട്ടിക്കു പോലും മറുപടി നല്‍കിയിട്ടില്ല. ആ മറുപടിയില്ലാതെയാണ് വിശദീകരിക്കാന്‍ തുനിഞ്ഞ് മുഖ്യമന്ത്രി അപഹാസ്യനായതും. നല്‍കിയ സേവനത്തിനുള്ള ന്യായമായ പ്രതിഫലമാണ് വാങ്ങിയതെങ്കില്‍ ഈ ഗുരുതരമായ പരാമര്‍ശം നീക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മകള്‍ക്കും കോടതിയെ സമീപിക്കാം. മറ്റു നിയമനടപടികള്‍ സ്വീകരിക്കാം. പക്ഷേ ഇരവാദം ആവര്‍ത്തിക്കുന്നതല്ലാതെ ആ വഴിക്കും നീക്കമില്ല.  

മുഖ്യമന്ത്രിയുടെ പേര് പരാമര്‍ശിച്ചതിന്റെയും കൃത്യമായ കാരണങ്ങള്‍ ഉത്തരവില്‍ 

വിശദീകരിച്ചിട്ടുണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാരണം പണം നല്‍കുന്നവരുടെ പട്ടികയിലും പി.വി.എന്ന പിണറായി വിജയന്‍ എന്നു രേഖപ്പെടുത്തിയിരുന്നു എന്നതാണ്.  

പട്ടികയില്‍ പേരുണ്ടായിരുന്ന രമേശ് ചെന്നിത്തലയും പി.കെ.കുഞ്ഞാലിക്കുട്ടിയും ആരോപണം നിഷേധിക്കുകയല്ല, പാര്‍ട്ടി ഫണ്ടെന്ന് ന്യായീകരണം ചമയ്ക്കുകയാണ് ചെയ്തത്. പിണറായി വിജയന്‍ കരിമണല്‍ കമ്പനിയുടെ പണം പാര്‍ട്ടിക്കു വേണ്ടിയും  വാങ്ങിയിട്ടില്ലെങ്കില്‍ ഇല്ല എന്നു വ്യക്തമായി തീര്‍ത്തു പറയാന്‍ മുഖ്യമന്ത്രി തയാറാകണം.  

പക്ഷേ പണം വാങ്ങിയിട്ടുണ്ടോ എന്നു ചോദ്യം വരുമ്പോള്‍ ഉണ്ടില്ല എന്ന മട്ടിലാണ് 

മുഖ്യമന്ത്രിയുടെ മറുപടി. മകളുടെ കാര്യത്തിലും മറുവാദങ്ങള്‍ മാത്രം. മറുപടിയില്ല. പേരെടുത്തുള്ള പരാ‍മര്‍ശങ്ങള്‍ക്കോ നിയമപരമായ ഉത്തരവിനെതിരെയോ നിയമനടപടിയുമില്ല. പരാമര്‍ശം മുഖ്യമന്ത്രിയെ മാത്രം ബാധിക്കുന്ന വ്യക്തിപരമായ  പ്രശ്നമാണോ? മുഖ്യമന്ത്രി ഉദാരമനസ്കനായി അങ്ങു ക്ഷമിച്ചു കൊടുത്താല്‍ ബോര്‍ഡിന്റെ ഗുരുതരപരാമര്‍ശം ഇല്ലാതാകുമോ? 

കരിമണല്‍ കമ്പനിയില്‍ നിന്ന് മുഖ്യമന്ത്രിയുടെ മകള്‍ കൈപ്പറ്റിയത് ഈ തുക മാത്രമല്ലെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചിരുന്നു.  അതൊന്നും മുഖ്യമന്ത്രി സ്പര്‍ശിക്കുന്നതുപോലുമില്ല. ആദായനികുതി ബോര്‍ഡിന്റെ ഉത്തരവും ബി.ജെ.പി. സര്‍ക്കാരിന്റെ രാഷ്ട്രീയതാല്‍പര്യങ്ങളെന്നും പറഞ്ഞ് ഒഴിഞ്ഞുമാറുക മാത്രമാണ് ചെയ്യുന്നത്. ഇപ്പോള്‍  കരുവന്നൂരിലെ ബാങ്ക് കൊള്ളയിലെ അണിയറരഹസ്യങ്ങള്‍ പ്രതിസന്ധിയിലാക്കുമ്പോള്‍  മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ചെയ്യുന്നത് ഇതേ നിലപാട് ആവര്‍ത്തിക്കുക മാത്രമാണ്. വസ്തുതാപരമായ ചോദ്യങ്ങള്‍ക്കൊന്നും മറുപടിയില്ല.  

പക്ഷേ മറുപടി പറയാത്തതുകൊണ്ട് ഒരു ചോദ്യവും ഇല്ലാതാകില്ല. ഉത്തരം കിട്ടുന്നതുവരെ ആവര്‍ത്തിച്ചു ചോദിക്കേണ്ടത് ജനങ്ങളുടെയും പ്രതിപക്ഷത്തിന്റെയും ഉത്തരവാദിത്തമാണ്. തല്‍സമയം,  ഈ ചോദ്യങ്ങളൊക്കെ സര്‍ക്കാരിനോടു ചോദിക്കേണ്ട പ്രതിപക്ഷത്തിന്റെ അവസ്ഥയെന്താണ്? ഒരൊറ്റ ദൃശ്യത്തില്‍ കാണാം.  

 ഏതു സര്‍ക്കാര്‍, ഏതു മുഖ്യമന്ത്രി? ചോദ്യങ്ങള്‍ ചോദിച്ചെന്നു വരുത്തലും പ്രശ്നങ്ങള്‍ ഏറ്റെടുക്കലും തമ്മിലുള്ള വ്യത്യാസം അറിയാത്തവരൊന്നുമല്ല കോണ്‍ഗ്രസിന് നേതൃത്വം കൊടുക്കുന്നത്. ഏതു വിഷയം വന്നാലും ആദ്യം പ്രതിസന്ധിയിലാകുന്നത് കോണ്‍ഗ്രസ് എന്ന പതിവുപരിപാടിയില്‍ ഇപ്പോഴും വലിയ മാറ്റം വന്നിട്ടില്ല. അപഹാസ്യമായ ഈ പരസ്യതര്‍ക്കത്തേക്കാള്‍ കഷ്ടമായിരുന്നു വിശദീകരണം.  

അപ്പോള്‍ കേരളത്തിന് ഇനി ജനസദസുകള്‍ക്കു വേണ്ടി കാത്തിരിക്കാം. കേരളസര്‍ക്കാരിന്റെ നേട്ടങ്ങള്‍ മനസിലാക്കാത്തതുമാത്രമാണ് ഇപ്പോള്‍ ജനങ്ങളുടെ മുന്നിലുള്ള പ്രശ്നം. ഇടയ്ക്കുയരുന്ന ആരോപണങ്ങളിലും ചോദ്യങ്ങളിലുമൊക്കെ മുഖ്യമന്ത്രിയും സെക്രട്ടറിയും പറയുന്ന വാദങ്ങള്‍ അങ്ങ് വിശ്വസിച്ചാല്‍ മതി. വസ്തുതാപരമായ, വ്യക്തമായ ഉത്തരങ്ങള്‍ക്കു വേണ്ടി വാശിപിടിക്കരുത്. ജനാധിപത്യത്തില്‍ ജനങ്ങളുടെ അവകാശങ്ങളെക്കുറിച്ച് സി.പി.എമ്മിന് നല്ല ധാരണയുണ്ട്. പിണറായി വിജയനും അദ്ദേഹത്തിന്റെ കുടുംബത്തിനുമുള്ള അവകാശങ്ങള്‍ കേരളത്തിലെ ജനങ്ങളും മനസിലാക്കിയാല്‍ മതി.  

MORE IN PARAYATHE VAYYA
SHOW MORE