കേരളത്തിലെ അഴിമതി വിപ്ലവം; കൂട്ടുകച്ചവടത്തിന്റെയും..!

PARAYATHE-VAYYA-12-08-23
SHARE

പിണറായി വിജയന്‍ ആരാണ് എന്നാണ് സി.പി.എം ധരിച്ചിരിക്കുന്നത്? ആരാണെന്നാണ് പിണറായി വിജയന്‍ സ്വയം ധരിച്ചുവച്ചിരിക്കുന്നത് എന്നത് അവഗണിച്ചേക്കാം. പക്ഷേ സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി, ഇടതുധാര്‍മികതയുടെ മൊത്തക്കച്ചവടക്കാരായി സ്വയം അവതരിക്കുന്ന പാര്‍ട്ടി പിണറായി വിജയന്‍ ആരാണെന്നാണ് ധരിച്ചിരിക്കുന്നത്. ഒരു അര്‍ധ ജുഡീഷ്യല്‍ സ്ഥാപനം ക്രമക്കേടെന്ന് ഉത്തരവില്‍ കണ്ടെത്തിയാല്‍ പോലും അഴിമതിയെക്കുറിച്ച് വിശദീകരിക്കാന്‍ ഉത്തരവാദിത്തമില്ലാത്ത ഒരു ഭരണാധികാരിയോ? അങ്ങനെ ഒരു  ജനാധിപത്യഭരണമോ? അതങ്ങനേ അംഗീകരിച്ചുകൊടുക്കുന്ന, ഏറ്റുപാടുന്ന ഒരു ജനാധിപത്യപാര്‍ട്ടിയോ?മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ ആരോപണങ്ങള്‍ വിശദീകരിക്കേണ്ട ബാധ്യത സ്വയം ഏറ്റെടുക്കുന്ന പാര്‍ട്ടിയും പേടിച്ചോടുന്ന പ്രതിപക്ഷവും. കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത് അഴിമതിയുടെ വിപ്ലവമാണ്. കൂട്ടുകച്ചവടത്തിന്റെ വിപ്ലവം. ഒത്തുതീര്‍പ്പിന്റെ വിപ്ലവം. 

അത്രയും ഉറക്കം കെടുത്തുന്ന മറുപടിയാണ് മുഖ്യമന്ത്രിക്ക് ഇക്കാര്യത്തിലുള്ളതെങ്കില്‍  അതൊന്നു പറയാന്‍ അദ്ദേഹത്തിന് എവിടെയെങ്കിലും ഒരു അവസരം ഒരുക്കിക്കൊടുക്കണം സഖാക്കളേ. എവിടെയെങ്കിലും എപ്പോഴെങ്കിലും ആ പേടിപ്പിക്കുന്ന മറുപടി കേട്ട് കേരളം കൂടി ഒന്നു ഞെട്ടട്ടെ.  

പാര്‍ട്ടി സെക്രട്ടറി പറയുന്നതുപോലെ ഇതൊരു ആരോപണമല്ല കേട്ടോ, കണ്ടെത്തലാണ്, ഉത്തരവാണ്. മുഖ്യമന്ത്രിയുെട മകള്‍ ഒരു സേവനവും ചെയ്യാതെ കോടികള്‍ മാസപ്പടി പറ്റിയെന്നത് മാധ്യമങ്ങളുടെ കണ്ടെത്തലല്ല. നികുതി തര്‍ക്കങ്ങള്‍ പരിഹരിക്കുന്ന ബോര്‍ഡിന്റെ ഉത്തരവാണ്. ഔദ്യോഗിക രേഖയാണ്. നാലുവര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ ഒരു ട്രിബ്യൂണലിന്റെ കണ്ടെത്തലാണ്. ഇതിന്റെ പഴി  മാധ്യമങ്ങളുടെ തലയിലിടണ്ട.

ഇത്രയൊന്നും ദേഷ്യപ്പെട്ട് പൊട്ടിത്തെറിക്കേണ്ട കാര്യമേയില്ല സി.പി.എമ്മിന്റെ സംസ്ഥാനസെക്രട്ടറിക്ക്. നിവര്‍ന്നിരുന്ന്  ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടി പറ​​ഞ്ഞാല്‍ പിന്നെ ചോദ്യമില്ല. വീണാവിജയന്‍ വിവാദകരിമണല്‍ കമ്പനിക്കു നല്‍കിയ  സേവനമെന്താണ്?   മാസം തോറും 5 ലക്ഷം രൂപ എന്ന കരാറില്‍ കണ്‍സള്‍ട്ടന്റായി വീണ കരിമണല്‍ കമ്പനിക്കു നല്‍കിയ സേവനമെന്താണ്? മാസം തോറും 3 ലക്ഷം രൂപ എന്ന കരാറില്‍ വീണയുടെ മാത്രം ഉടമസ്ഥതയിലുള്ള കമ്പനി കരാറില്‍ ഏര്‍പ്പെട്ടത് ഏതൊക്കെ സേവനങ്ങള്‍ക്കായാണ്? ഒന്നേമുക്കാല്‍ കോടി കൈപ്പറ്റിയെങ്കില്‍ എന്തൊക്കെ സേവനങ്ങള്‍ നല്‍കി? ഈ ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാത്തതുകൊണ്ടു മാത്രമാണ് സി.പി.എം. സംസ്ഥാനസെക്രട്ടറിക്ക് മാധ്യമങ്ങള്‍ക്കു നേരെ പൊട്ടിത്തെറിക്കേണ്ടി വരുന്നത്. ആദ്യം മുഖ്യമന്ത്രിയോടും മകളോടും ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ചോദിച്ചിട്ടു വന്നാല്‍ ഇങ്ങനെ ക്ഷോഭിച്ചു വശം കെടേണ്ടി വരില്ല. 

വീണ വിജയന്  ഒന്നേമുക്കാല്‍ കോടി െവറുതേ കൊടുത്ത കരിമണല്‍ കമ്പനിക്ക് പരാതിയുണ്ടെങ്കില്‍ അവരു പറയട്ടെ എന്ന്. എങ്ങനെ, പിണറായി വിജയന്റെ മകളായതുകൊണ്ടു മാത്രം ഈ പണം വെറുതേ കൊടുത്തു എന്ന ഉത്തരവ് മുന്നില്‍ വച്ചിട്ട് സി.പി.എം ചോദിക്കുകയാണ് കമ്പനിക്ക് പരാതിയില്ലല്ലോ,പിന്നെ നിങ്ങള്‍ക്കെന്താണ് പ്രശ്നമെന്ന്. ആശയക്കുഴപ്പമുണ്ടാക്കാം, ആക്രോശിക്കാം, ആഞ്ഞു തുള്ളാം. പക്ഷേ വസ്തുത വസ്തുതയല്ലാതാകില്ല. പിണറായി വിജയന്റെ മകള്‍ ഒരു വിവാദകമ്പനിയില്‍ നിന്ന് തെളിയിക്കാനാകാത്ത സേവനങ്ങളുടെ പേരില്‍ കോടികള്‍ കൈപ്പറ്റിയിരിക്കുന്നു. ഒരു മറുചോദ്യവും ആ വസ്തുതയ്ക്കു മറുപടിയാകില്ല. ഒരു ആരോപണവും ആ രേഖകള്‍ക്കു മറുപടിയാകില്ല. സി.പി.എം. എങ്ങനെയെല്ലാം ആര്‍ത്തു വിളിച്ചാലും ഈ വസ്തുത വസ്തുതയായിത്തന്നെ മുഴച്ചു നില്‍ക്കും.  

ഇത്രയൊന്നും ദേഷ്യപ്പെടേണ്ട കാര്യമേയില്ല സഖാക്കള്‍ക്ക്. നേരേചൊവ്വേ ലളിതമായി ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞാല്‍ തീരുന്ന പ്രശ്നമേയുള്ളൂ. മറുപടി പറയാന്‍ ഒരു നിവൃത്തിയുമില്ലാത്തതുകൊണ്ട് ക്ഷോഭം അഭിനയിച്ചു രക്ഷപ്പെടാമെന്നു വിചാരിക്കരുത്. എവിടെയാണ് പ്രശ്നം തുടങ്ങുന്നത്? മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയന് , സ്വകാര്യകമ്പനി നല്‍കിയ  ഒരുകോടി എഴുപത്തിരണ്ട് ലക്ഷം രൂപയുടെ കണക്ക് സ്വീകാര്യമല്ലെന്ന് ആദായനികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് ഉത്തരവിടുന്നു. വന്‍തുക കൈപ്പറ്റിയത് സേവനമൊന്നും നല്‍കാതെയാണെന്നാണ് ബോര്‍ഡിന്റെ ഉത്തരവില്‍ രേഖകളും തെളിവുകളും സഹിതം രേഖപ്പെടുത്തിയിരിക്കുന്നത്. പ്രമുഖവ്യക്തിയുമായുള്ള ബന്ധം പരിഗണിച്ചാണ് പണം നല്‍കിയതെന്ന് ഉത്തരവില്‍ പറയുന്നു. വീണയും വീണയുടെ സ്ഥാപനമായ എക്സാലോജിക്കും ഐടി സേവനങ്ങള്‍ക്കെന്ന പേരില്‍ കരാറുണ്ടാക്കി പണം കൈപ്പറ്റിയെങ്കിലും, സേവനങ്ങള്‍ ഒന്നും നല്‍കിയില്ലെന്നാണ് കണ്ടെത്തല്‍. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷമാണ് വീണ വിജയനുമായി ശശിധരന്‍ കര്‍ത്തയുടെ കമ്പനി കരാര്‍ ഉണ്ടാക്കുന്നത്. വീണയുമായും വീണയുടെ എക്സാലോജിക് കമ്പനിയുമായും കരാര്‍ ഒപ്പിട്ട ഉദ്യോഗസ്ഥര്‍ തന്നെയാണ് അവരുടെ അറിവില്‍ ഒരു സേവനവും കമ്പനിയില്‍ നിന്നു ലഭിച്ചിട്ടില്ലെന്ന് ആദായനികുതി വകുപ്പിന് മൊഴി നല്‍കിയത്. നിയമപ്രകാരം തെളിവുമൂല്യമുള്ള മൊഴി പിന്നീട് സത്യവാങ്മൂലത്തിലൂടെ പിന്‍വലിക്കാന്‍ കര്‍ത്തായും കമ്പനിയും ശ്രമിച്ചെങ്കിലും വിശ്വാസ്യതയില്ലെന്ന് ബോര്‍ഡ് വിലയിരുത്തി. ആദായനികുതി നിയമത്തിലെ 245 എ എ വകുപ്പ് പ്രകാരമുള്ള ഇന്‍റീം സെന്‍റില്‍മെന്‍റ് ബോര്‍ഡിന്‍റെ തീരുമാവനം അന്തിമമായതിനാല്‍ അപ്പീല്‍ വ്യവസ്ഥയുമില്ല. 

എന്നുവച്ചാല്‍ മുഖ്യമന്ത്രിയുടെ മകളും പൊതുമരാമത്തു മന്ത്രിയുടെ ജീവിതപങ്കാളിയുമായ വീണ വിജയന്‍ സര്‍ക്കാരുമായി ഇടപാടുള്ള ഒരു വിവാദകമ്പനിയില്‍ നിന്ന് ഒന്നേമുക്കാല്‍ കോടിയോളം രൂപ സൗജന്യമായി കൈപ്പറ്റിയെന്ന ഒരു ട്രിബ്യൂണല്‍ കണ്ടെത്തല്‍ നിലനില്‍ക്കുന്നു. അത് ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. മറിച്ചു തെളിയിക്കപ്പെട്ടിട്ടില്ല.  പക്ഷേ മുഖ്യമന്ത്രിക്കും മന്ത്രിക്കും ഒന്നും സംഭവിക്കില്ല.  സമൂഹത്തിന്റെ ധാര്‍മികതയുടെ അളവുകോല്‍ മാറിയതുകൊണ്ടല്ല. കാരണം അധികാരം എന്ന ന്യായത്തേക്കാള്‍ വലുതൊന്നും ഇപ്പോള്‍ സി.പി.എമ്മിനില്ല.  നിയമപരമായി തെളിയിക്കപ്പെട്ട ഒരു അഴിമതിയെ ന്യായീകരിക്കാന്‍ സ്വന്തം രാഷ്ട്രീയജീവിതത്തിന്റെ വിശ്വാസ്യത പോലും പണയം വച്ചും ഉന്തിത്തള്ളുന്ന നേതാക്കളുള്ളപ്പോള്‍ പിണറായിക്കെന്തു പാട്?

നാലു വര്‍ഷം നീണ്ട നിയമയുദ്ധത്തില്‍ കര്‍ത്തായുടെ കമ്പനി പോലും ഉന്നയിക്കാത്ത ന്യായവാദങ്ങള്‍ വരെ സി.പി.എമ്മിന്റെ ഉന്നതനേതാക്കള്‍ കണ്ടെത്തിക്കഴിഞ്ഞു. വാര്‍ഷിക മെയ്ന്റനന്‍സ് കരാറാണത്രേ. ഏത് സോഫ്റ്റ്‍വെയറിന് ഏതു മെയ്‍ന്റനന്‍സിനുള്ള കരാര്‍? ഉപയോഗിക്കുന്ന സോഫ്‍റ്റ്‍വെയറുകള്‍ ഏതെന്നും അതിന്റെ പരിപാലനം നിര്‍വഹിക്കുന്നതാരെന്നുമൊക്കെ കൃത്യമായി എഴുതിവച്ചിട്ടുണ്ട് ഉത്തരവില്‍. മാത്രമല്ല, സോഫ്റ്റ്‍വെയറിന്റെ ഡെവലപ്മെന്റ്, നിര്‍വഹണം, പരിപാലനം എന്നീ ആവശ്യങ്ങള്‍ക്കാണ് കരാര്‍ എന്നാണ് രേഖ. കമ്പനിയിലെ   ഐ.ടി. സംബന്ധമായ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്തിരുന്നത്  തങ്ങളാണെന്നും പുറത്തു നിന്ന് ഒരു സേവനവും ഉണ്ടായിരുന്നില്ലെന്നും കരിമണല്‍ കമ്പനിയിലെ ഐ.ടി.വിഭാഗം മേധാവി എന്‍.സി. ചന്ദ്രശേഖരന്‍, ഐ.ടി. ഓഫിസര്‍ അഞ്ജു റേച്ചല്‍ എന്നിവരുടെ സാക്ഷ്യവും ഉത്തരവില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.  കര്‍ത്തായുടെ കമ്പനിയിലെ ഐ.ടി. മേധാവിക്കോ ഐ.ടി.ടീമിനോ അറിയാത്ത രഹസ്യ പരിപാലനമായിരുന്നുവെന്നാണ് സി.പി.എം നേതാക്കള്‍ വാദിച്ചു പരിഹാസ്യരാകുന്നത്. അതൊന്നും പോരാഞ്ഞ് സാക്ഷാല്‍ ശശിധരന്‍ കര്‍ത്താ തന്നെ മൊഴി നല്‍കിയിരിക്കുന്നത് കരാര്‍ വ്യവസ്ഥകളനുസരിച്ച് തൃപ്തികരമായ ഒരു സേവനവും എക്സാലോജിക്കില്‍ നിന്നോ വീണ വിജയനില്‍ നിന്നോ ലഭിച്ചിട്ടില്ലെന്നാണ്. എന്നിട്ടും ഞങ്ങള്‍ കരാറനുസരിച്ചുള്ള പണം കൊടുത്തതാണ് എന്നാണ്. 

എന്നുവച്ചാല്‍ എന്താണ്? സേവനമൊന്നും കിട്ടിയില്ലെങ്കിലും ‍പറ​ഞ്ഞ പൈസ ഞങ്ങളങ്ങു കൊടുത്തു ഉദാരത കാണിച്ചുവെന്ന്. എത്ര പൈസ, വെറും ഒന്നേമുക്കാല്‍ കോടി, അതങ്ങ് വെറുതേ കൊടുത്തുവെന്നാണ് കര്‍ത്തായുടെ തന്നെ മൊഴി.  നമുക്ക് സേവനമൊന്നും കിട്ടിയില്ലെങ്കിലും മുഖ്യമന്ത്രിയുടെ മകള്‍ക്ക്  പണം കിട്ടണമെന്നതായിരുന്നു ഈ കരാറിലെ ഒരേയൊരു വ്യവസ്ഥ. ശോ. എന്തൊരു കരുതലാണീ മനുഷ്യര്‍ക്ക്. 

ആനുവല്‍ മെയിന്‍റനന്‍സ് എന്ന് പാര്‍ട്ടി നേതാക്കളും അണികളും പാടുപെട്ടുണ്ടാക്കുന്ന വാദമേ വീണയും കരിമണല്‍ കമ്പനിയുമായുള്ള കരാറിലില്ലെന്നാണ് സെറ്റില്‍മെന്റ് ബോര്‍ഡിലെ ഉത്തരവിലെ രേഖകള്‍. അതുമാത്രമല്ല, 2016ല്‍ പിണറായി വിജന്‍ മുഖ്യമന്ത്രിയായതിനു പിന്നാലെ ഡിസംബര്‍ 20നാണ് വീണയും കര്‍ത്തായുടെ കമ്പനിയുമായി ആദ്യകരാര്‍ ഒപ്പുവയ്ക്കുന്നത്. അത് പരിപാലനത്തിനൊന്നുമല്ല. ഐ.ടി.മാര്‍ക്കറ്റിങ്, കണ്‍സള്‍ട്ടന്റായി വീണ വിജയനെ നിയമിച്ചുകൊണ്ടാണ് ആദ്യകരാര്‍. മാസം 5 ലക്ഷം രൂപ പ്രതിഫലം.  ഈ കരാര്‍ പ്രാബല്യത്തിലായത് 2017 ജനുവരി ഒന്നിന്. തൊട്ടുപിന്നാലെ  2017 മാര്‍ച്ച് രണ്ടാം തീയതി എക്സാലോജിക് കമ്പനി എം.ഡിയായ വീണ വിജയന്‍, കര്‍ത്തായുടെ CMRL കമ്പനിയുമായി മറ്റൊരു സേവന കരാര്‍ ഒപ്പുവയ്ക്കുന്നു. ആലുവ എടയാറിലെ CMRL കമ്പനിയുടെ ദൈനംദിന നടത്തിപ്പിനാവശ്യമായ സോഫ്റ്റ്‍വെയര്‍ നിര്‍മാണം, നടത്തിപ്പ്, പരിപാലനം ഇത്രയുമാണ് ആവശ്യമായ സേവനങ്ങള്‍. മാസം മൂന്നു ലക്ഷം രൂപ വീതമാണ് എക്സാലോജിക് കമ്പനിക്കുള്ള പ്രതിഫലം. അതായത് മൂന്നു മാസത്തിനിടെ രണ്ടു കരാറുകള്‍. കമ്പനിയുടെ  ഐ.ടി. സോഫ്റ്റ്‍വെയറിനായി ഒരു കരാര്‍, കമ്പനിയുടെ ഐ.ടി.ഉപദേഷ്ടാവായി മറ്റൊരു കരാര്‍. എന്നിട്ട് ഒരു സേവനവും കിട്ടിയുമില്ല. കമ്പനിക്കാകട്ടെ അതിലൊട്ടു പരാതിയുമില്ല. 

കൊള്ളാം നന്നായിട്ടുണ്ട്, ഞങ്ങളുെട മുഖ്യമന്ത്രിയുടെ മോള്‍ക്ക് കുറച്ചു പണം വെറുതെ കിട്ടിയിട്ടുണ്ടെങ്കില്‍ നിങ്ങളാരാ ചോദിക്കാന്‍ എന്ന്. ഇതിനു മുന്‍പ് ഇങ്ങനെയല്ലല്ലോ പറഞ്ഞത്? തെളിവുണ്ടെങ്കില്‍ കൊണ്ടുവരാനല്ലേ? മകളെക്കുറിച്ച് അനാവശ്യം പറഞ്ഞാല്‍ അങ്ങനെ മിണ്ടാതിരിക്കുന്ന ആളൊന്നുമല്ല മുഖ്യമന്ത്രി, ഇപ്പോള്‍ വാഴ്ത്തുപാട്ടുകാര്‍  പറയുന്നതുപോലെ ഇമ്മാതിരി കേസിലൊന്നും മറുപടി പറയാത്ത ആളുമല്ല നമ്മുടെ മുഖ്യമന്ത്രി. മകളെക്കുറിച്ച് സഭയില്‍ ഒരാരോപണം കേട്ടപ്പോള്‍ പൊട്ടിത്തെറിച്ച മുഖ്യമന്ത്രിയെ നമ്മളാരും മറന്നിട്ടില്ല. ഇപ്പോള്‍ ഒരു ഉത്തരവില്‍, മകള്‍ തന്റെ പേരില്‍ അന്യായമായി പണം കൈപ്പറ്റിയെന്ന് എഴുതിവന്നിട്ടും മറുപടി പറയാന്‍ മുഖ്യമന്ത്രിയെവിടെ?

അതുമാത്രമല്ല, ഇപ്പോള്‍ തെളിവോടെ പുറത്തു വന്നിരിക്കുന്ന വിവരങ്ങള്‍ 2020ല്‍ തന്നെ പി.ടി.തോമസും ഉന്നയിച്ചതാണ്.  ഇത്തരം ആരോപണങ്ങള്‍ക്ക്  മുഖ്യമന്ത്രി നല്‍കിയ മറുപടിയെന്തായിരുന്നു.  അപ്പോള്‍ കുടുംബത്തെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ അങ്ങനെ വെറുതെ വിടുന്ന ആളൊന്നുമല്ല മുഖ്യമന്ത്രി, പക്ഷേ തെളിവുണ്ടാകരുത് എന്നു മാത്രം. തെളിവുണ്ടെങ്കില്‍ പിന്നെ മൗനവ്രതമാണ്. മുഖ്യമന്ത്രിയെ മാത്രമല്ല, പൊതുമരാമത്തു മന്ത്രിയെയും കാണാനില്ല. ഇത്തരം ആരോപണങ്ങളുയര്‍ന്നാല്‍ പൊതുസമൂഹത്തോട് വിശദീകരിക്കേണ്ട എന്നായിരുന്നോ സി.പി.എമ്മിന്റെ നിലപാട്?

പക്ഷേ ഇവിടെ കാര്യങ്ങള്‍ അന്വേഷിക്കുക പോലും ചെയ്യാതെ സി.പി.എം ഔദ്യോഗികവാര്‍ത്താക്കുറിപ്പ് ഇറക്കിയിരിക്കുന്നു. ഒരു ന്യായവുമില്ലാത്ത ന്യായീകരണങ്ങളും ഇരവാദവും ആവര്‍ത്തിക്കുന്നു. പുതുപ്പള്ളി തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് ഈ വിവരം കൊണ്ടു വന്നിരിക്കുന്നതെന്ന് ആരോപിക്കുന്നു. ഈ ഉത്തരവ് ഇറങ്ങിയത് ഉമ്മന്‍ചാണ്ടി മരിക്കുന്നതിനു പോലും മുന്‍പാണ് എന്നോര്‍ക്കണം. ഉമ്മന്‍ചാണ്ടി വൈകാതെ മരിക്കുമെന്നും പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് വരുമെന്നും അപ്പോള്‍ പ്രയോഗിക്കാമെന്നു കരുതി ആദായനികുതി തര്‍ക്കപരിഹാരബോര്‍ഡ് ഒരു ഉത്തരവ് തയാറാക്കി വച്ചുവെന്ന്. എങ്ങനെ സാധിക്കുന്നു സഖാക്കളേ?

വിജയന്‍ മാത്രമല്ല, സി.പി.എമ്മും പഴയ സി.പി.എമ്മല്ലെന്ന് തെളിഞ്ഞു. സി.പി.എമ്മിന് അധികാരം വേണം, നിലനില്‍പിന്റെ പ്രശ്നമാണ്. ന്യായം, നീതി , നിയമം എന്നൊക്കെ പിണറായി വിജയനോട് ചോദിക്കാന്‍ ഇന്നാ പാര്‍‍ട്ടിയില്‍ ഒരു കുഞ്ഞു പോലും ശേഷിക്കുന്നില്ലെന്ന് നമുക്കറിയാം. സി.പി.എമ്മിന്റെ ഗതികേടൊക്കെ സഹിക്കാം. അധികാരവും അനുബന്ധസൗകര്യങ്ങളുമെന്ന നേട്ടമുണ്ടല്ലോ. പക്ഷേ നമ്മുടെ പ്രതിപക്ഷത്തിന്റെ അവസ്ഥ. കര്‍ത്തായുടെ കണക്ക് എന്ന് കേട്ടതേയുള്ളൂ, ഓടിയ വഴിക്ക് പുല്ലു പോലും മുളക്കില്ല. ഈ പ്രതിപക്ഷത്തിനു വേണ്ടി പുതുപ്പള്ളി തിരഞ്ഞെടുപ്പ് ജയിപ്പിക്കാന്‍ വേണ്ടി കൊണ്ടു വന്ന വാര്‍ത്തയെന്നു പറയുന്നവരെങ്കിലും ആ പ്രതിപക്ഷത്തെയൊന്നു കണ്ടു പിടിച്ചുകൊണ്ടു തരണം. കാണാനുള്ള കൊതി കൊണ്ടാണ്. 

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇതുവരെ പ്രതിപക്ഷം ഉയര്‍ത്തിയതൊക്കെ ആരോപണങ്ങളായിരുന്നുവെങ്കില്‍, ഇതങ്ങനെയല്ല. നിയമപരമായ കണ്ടെത്തലാണ്. ട്രിബ്യൂണല്‍ ഉത്തരവില്‍ ഈ ഇടപാടില്‍ മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തവും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രമുഖ വ്യക്തിയുമായുള്ള ബന്ധം മാത്രമാണ് ഈ നിയമവിരുദ്ധ ഇടപാടിനുള്ള ഒരേയൊരു കാരണമെന്ന് നിയമപരമായി രേഖപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയകേരളം കത്തേണ്ടതാണ്. പക്ഷേ ഏറ്റെടുക്കേണ്ട പ്രതിപക്ഷം ഒരൊറ്റ ഒാട്ടമായിരുന്നു. ഇതെന്തൊരു പോക്കാണെന്നു ചോദിച്ച മാധ്യമങ്ങളോട് പോയ പോക്കില്‍ തട്ടിക്കയറുകയും ചെയ്തു. 

കാരണം സിംപിളാണ്. റിപ്പോര്‍ട്ടിന്റെ മറ്റൊരു ഭാഗത്ത് രാഷ്ട്രീയനേതാക്കള്‍ക്കും പാര്‍ട്ടികള്‍ക്കും വേണ്ടി നേരിട്ടു കൊടുത്ത അനധികൃത പണത്തെക്കുറിച്ചും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ആ പട്ടികയിലും മുഖ്യമന്ത്രി പിണറായി വിജയന്റെ പേരുണ്ട്. പക്ഷേ കൂടുതലും യു.ഡി.എഫ് ഉന്നത നേതാക്കളുടെ പേരാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പട്ടികയില്‍പേരു കണ്ട രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും സംഗതി സമ്മതിക്കുന്നുമുണ്ട്. 

പരിസ്ഥിതി പ്രശ്നങ്ങളുണ്ടാക്കുന്ന ബിസിനസാണെന്നും അതുമൂലം നേരിടേണ്ടി വരുന്ന പ്രശ്നങ്ങള്‍ മറികടക്കാനാണ് നേതാക്കള്‍ക്ക് പണം കൊടുത്തിരുന്നതെന്നും മൊഴിയുമുണ്ട്. പുറത്തു വന്ന പട്ടിക ഇനിഷ്യലുകളുടെ സാംപിള്‍ മാത്രമാണ്. മുഴുവന്‍ പട്ടിക, കൊടുത്ത പണത്തിന്റെയും സമയത്തിന്റെയും കണക്ക് സഹിതം വേറെയുണ്ട്. അത് പുറത്തു വന്നിട്ടില്ല. മ‍ുഴുവന്‍ പട്ടിക പുറത്തു വിടാന്‍ കര്‍ത്തായ്ക്കും കമ്പനിക്കും ഒരു പ്രയാസവുമില്ലെന്ന് അറിയാവുന്നവരെല്ലാം മിണ്ടാട്ടം മുട്ടിനില്‍ക്കുകയാണ്. പകരം അഴിമതിയെന്താണെന്ന് മാധ്യമങ്ങളെ പഠിപ്പിക്കുന്ന തിരക്കിലാണ് പ്രതിപക്ഷം. പ്രതിപക്ഷം എന്നു പറയുമ്പോള്‍ ബി.ജെ.പിയുമുണ്ട്, കേരളത്തില്‍ അഴിമതി എന്നു കേള്‍ക്കുമ്പോഴേക്കും ചാടി വീഴുന്നവരെയൊന്നും ഇപ്പോള്‍ കാണാനില്ല. മാധ്യമങ്ങള്‍ക്കു വേണ്ടിയും കോടികള്‍ ചെലവഴിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ സൂചനകളുണ്ട്. ഏതൊക്കെ മാധ്യമങ്ങള്‍ ഏതൊക്കെ മാധ്യമപ്രവര്‍ത്തകര്‍ എന്നൊക്കെ അന്വേഷിച്ച് സത്യം പുറത്തു കൊണ്ടു വരേണ്ട സംസ്ഥാനസര്‍ക്കാരും അണികളുമാണ് നിങ്ങള്‍ മിണ്ടണ്ട, ഞങ്ങളും മിണ്ടാതിരിക്കാം എന്നു ഭീഷണിപ്പെടുത്തുന്നത്. ഒന്നിനും  കേന്ദ്രഏജന്‍സികളെ കാത്തു നില്‍ക്കരുത്. ആദായനികുതി വകുപ്പിന്റെ പക്കല്‍ എല്ലാ കണക്കും കൃത്യമായി കിട്ടിയിട്ടുണ്ട്.  സംസ്ഥാനസര്‍ക്കാര്‍ മുന്‍കൈയെടുത്ത് എല്ലാ കള്ളനാണയങ്ങളെയും പുറത്തു കൊണ്ടുവരണം. അഭ്യര്‍ഥനയായി എടുക്കണ്ട, വെല്ലുവിളിയായിത്തന്നെ എടുക്കണം. ഞങ്ങള്‍ വാങ്ങിയിട്ടുണ്ടെങ്കില്‍ നിങ്ങളും വാങ്ങിയിട്ടില്ലേ എന്ന ഡയലോഗൊന്നും പറഞ്ഞ് മുങ്ങരുത്. വാര്‍ത്ത പുറത്തുകൊണ്ടു വരുകയും ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെ നിശബ്ദരാക്കാന്‍ എന്തിനാണിത്ര വെപ്രാളം എന്നേ ചോദിക്കാനുള്ളൂ. 

സി.പി.എമ്മുകാര്‍ വിശ്വസിക്കുന്ന പിണറായി വിജയന്‍ ഒരു മിത്തല്ലെങ്കില്‍ ഈ കണ്ടെത്തല്‍ തെറ്റാണെന്ന് അദ്ദേഹം കേരളത്തിനു മുന്നില്‍ തെളിവു വയ്ക്കണം.അതിന് അദ്ദേഹം തയാറാകുന്നില്ലെങ്കില്‍ നേതാക്കള്‍ വാദിക്കുന്നതുപോലെ  ഈ അഴിമതിയും മിത്തല്ല. ശാസ്ത്രത്തില്‍ വിശ്വസിക്കാനാണല്ലോ സി.പി.എം ഇപ്പോള്‍ നമ്മളോടാവശ്യപ്പെടുന്നത്. നമ്മുടെ മുന്നിലുള്ള തെളിവ് മുഖ്യമന്ത്രിക്കെതിരാണ്. അഴിമതിയാണ് എന്നാണ്.  ഞങ്ങളുടെ നേതാവ് അഴിമതി ചെയ്യില്ലെന്ന് വിശ്വസിക്കാന്‍ എല്ലാ സി.പി.എം അണികള്‍ക്കും അവകാശമുണ്ട്. പക്ഷേ തെളിയിക്കണം. അതില്ലാതെ തുടരുന്ന ഓരോ നിമിഷവും കേരളരാഷ്ട്രീയത്തിന്റെ ഗതികേടിന്റെ മുതലെടുപ്പാണ്. കേരളത്തിലെ ജനങ്ങളുടെ നിവൃത്തികേടിന്റെ വിളവെടുപ്പാണ്. സി.പി.എം അണികളോടാണ്, തെളിവു പുറത്തു കൊണ്ടു വരുന്നവരെ നിങ്ങള്‍ക്ക് ആക്രമിക്കാം, ചീത്ത വിളിക്കാം. ചോദ്യം ചോദിക്കുന്നവരെ സംഘടിതമായി നേരിടാം. നിങ്ങളുടെ തലച്ചോറ് ആര്‍ക്കു വേണമെങ്കിലും പണയം വയ്ക്കാം. പക്ഷേ കേരളത്തിലെ എല്ലാ മനുഷ്യരുടെയും ബുദ്ധിക്ക് വില പറയരുത്.

MORE IN PARAYATHE VAYYA
SHOW MORE