രാഹുൽഗാന്ധിയുടെ യോഗ്യത ബോധ്യമായതാർക്ക്?

rahul-pv
SHARE

ഇന്ത്യന്‍ ജനാധിപത്യത്തിന് കരുത്തും പ്രതീക്ഷയും നല്‍കുന്ന വിധിയിലൂടെ രാഹുല്‍ഗാന്ധി വീണ്ടും എം.പിയായി.  ജനാധിപത്യത്തിന്റെ തന്നെ പഴുതുകള്‍ ഉപയോഗിച്ച് പ്രതിപക്ഷശബ്ദം അടിച്ചമര്‍ത്താന്‍ നടത്തിയ ശ്രമങ്ങള്‍ അവസാനപ്രതീക്ഷയായ ജുഡീഷ്യറി തല്‍ക്കാലം തടയിട്ടു. രാഹുല്‍ഗാന്ധിയും ഇന്ത്യ മുന്നണിയും വര്‍ധിതവീര്യത്തോടെ ജനാധിപത്യപോരാട്ടം തുടരുമോ? പരമോന്നത കോടതിയില്‍ നിന്നൊരു തിരിച്ചടി പ്രതീക്ഷിച്ചു തന്നെയും ഈ നീക്കം നടത്തിയവരുടെ യഥാര്‍ഥ ഉന്നമെന്തായിരുന്നു? 

നിലവിലെ ദേശീയ രാഷ്ട്രീയ–സാമൂഹ്യ സാഹചര്യമായിരുന്നില്ലെങ്കില്‍ ഈ നിയമപോരാട്ടം ഇത്രയും നീളില്ലായിരുന്നുവെന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷേ ഇന്നത്തെ ഇന്ത്യയില്‍ ഇതും അസാധാരണമല്ല. പ്രതിപക്ഷത്തെ ഏറ്റവും പ്രമുഖനായ നേതാവിന് പൊതുവായ ഒരു രാഷ്ട്രീയപരാമര്‍ശത്തിന്റെ പേരില്‍ പാര്‍ലമെന്റില്‍ അയോഗ്യനാകുന്ന സാഹചര്യം മുന്‍പൊരിക്കലും നേരിടേണ്ടി വരുമായിരുന്നില്ല. പക്ഷേ ഇന്ന് അതും നടന്നതില്‍ അതിശയമില്ല. അതുകൊണ്ടു തന്നെ സുപ്രീംകോടതി രാഹുല്‍ ഗാന്ധിയുെട യോഗ്യത തിരിച്ചുനല്‍കിയ വിധിയിലെ ഓരോ പരാമര്‍ശവും പ്രധാനമാണ്.  മോദി പരാമര്‍ശത്തിന്റെ പേരിലുള്ള അപകീര്‍ത്തിക്കേസില്‍ രാഹുല്‍ഗാന്ധി കുറ്റക്കാരനാണെന്ന വിധി സുപ്രീംകോടതി സ്്റ്റേ ചെയ്തു. ഇതോടെ രാഹുല്‍ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിക്കും. 

പക്ഷേ 134 ദിവസം പ്രതിപക്ഷമുന്നണിയുടെ  പ്രമുഖനേതാവ് അയോഗ്യനായി പാര്‍ലമെന്റിനു പുറത്തു നിന്നു. അയാള്‍ ചെയ്ത കുറ്റമെന്തായിരുന്നു? ആരെയും കൊലപ്പെടുത്തിയില്ല, ആരുടെയും ജീവിതങ്ങള്‍ തകര്‍ത്തില്ല, വംശഹത്യയ്ക്കോ വിദ്വേഷപ്രചാരണത്തിനോ ഇടവരുത്തിയില്ല. പക്ഷേ  ജനങ്ങള്‍ തിരഞ്ഞെടുത്ത ജനപ്രതിനിധിക്ക് പാര്‍ലമെന്റില്‍ കയറാന്‍ യോഗ്യതയില്ലാതായി. ഇന്ത്യന്‍ ജനാധിപത്യത്തില്‍ രാഹുല്‍ഗാന്ധി യോഗ്യത  തെളിയിച്ചതോടെ ബി.ജെ.പിക്ക് അയോഗ്യതയുടെ വഴി തേടേണ്ടി വന്നതെന്നു വ്യക്തം.  വിചാരണക്കോടതി വിധിക്കെതിരെ ഗുജറാത്ത് ഹൈക്കോടതിയെ അടക്കം സമീപിച്ചെങ്കിലും രാഹുല്‍ഗാന്ധിക്ക് നീതി ലഭിച്ചത് സുപ്രീംകോടതിയില്‍ നിന്നു മാത്രമാണ്. ഗുജറാത്തിലെ സൂറത്ത് കോടതിയോ ഹൈക്കോടതിയോ സുപ്രീംകോടതിയുടെ കര്‍ക്കശമായ ചോദ്യങ്ങളില്‍ വിളറുമെന്നു പോലും പ്രതീക്ഷിക്കാന്‍ വയ്യ. കാരണം സംസ്ഥാനം ഗുജറാത്താണ്. ഭരണകക്ഷിയുടെ കേന്ദ്രസര്‍ക്കാരിന്റെയും ഇച്ഛയും ഇംഗിതവുമെല്ലാം പശ്ചാത്തലത്തിലുണ്ട്. ഇനിയും കേസില്‍ അന്തിമതീര്‍പ്പ് വരേണ്ടത് ഇതേ ചാക്രിക നിയമവ്യവസ്ഥകളിലൂടെയാണ്. സുപ്രീംകോടതിയുടെ പരാമര്‍ശം ബി.ജെ.പിക്കും ഒരു നാണക്കേടും തോന്നിക്കാന്‍ പോകുന്നില്ല. മാനാഭിമാനത്തേക്കാള്‍ ലക്ഷ്യമാണ് വലുതെന്ന് ബി.ജെ.പി ഇനി പ്രത്യേകിച്ചു പറയേണ്ടതുമില്ല. രാഹുല്‍ഗാന്ധിക്കെതിരായ കോടതിവ്യവഹാരങ്ങള്‍ തുടരും.നിയമവ്യവസ്ഥയിലെ പഴുതുകള്‍ ആവര്‍ത്തിച്ചുപയോഗിച്ച് സാധ്യമായിടത്തെല്ലാം ബി.െജ.പി. നേതാക്കള്‍ ആസൂത്രിതമായ നിയമക്കുരുക്കുകള്‍ തീര്‍ത്തുകൊണ്ടേയിരിക്കും പക്ഷേ ഓരോ തവണയും രാഹുല്‍ഗാന്ധിക്കെതിരെ കുല്‍സിതമാര്‍ഗങ്ങള്‍ തേടുമ്പോഴും ബി.ജെ.പി. ഒരു സത്യം അവരറിയാതെ ഉച്ചത്തില്‍ വിളിച്ചു പറയും. രാഹുല്‍ ഗാന്ധി എന്ന  പേരിനെ ഭയപ്പെടുന്നു. നേര്‍ക്കുനേര്‍ രാഷ്ട്രീയപോരാട്ടം നടത്താന്‍ ഭയക്കുന്നു. ചോദ്യം ചെയ്യാനാകാത്ത ഭൂരിപക്ഷമെന്ന് ആര്‍ത്തു വിളിക്കുമ്പോഴും ജനപക്ഷത്തു നില്‍ക്കുന്ന രാഹുല്‍ ഒരു അപായചിഹ്നമാണ്. അതുകൊണ്ട് ഇനിയുമിനിയും അധാര്‍മികമായ, അരാഷ്്ട്രീയമായ ചതിക്കുഴികള്‍ രാഹുല്‍ഗാന്ധിക്കു മുന്നിലുണ്ടാകും. അത് തിരിച്ചറിയാനും നേരിടാനുമുള്ള രാഷ്്ട്രീയപക്വത രാഹുല്‍ഗാന്ധിക്കും പ്രതിപക്ഷത്തിനുമുണ്ടാകണം. 

രാഹുല്‍ഗാന്ധിയുടെ മോദി പരാമര്‍ശം അപക്വമായ രാഷ്ട്രീയനിലവാരത്തിലുള്ള ഒരു പ്രസ്താവനയാണ്. ക്രിമിനല്‍ കുറ്റമാകുന്നതെങ്ങനെ എന്ന ചോദ്യത്തോടൊപ്പം തന്നെ മോദി കാലത്തെ രാഷ്ട്രീയവ്യവഹാരരീതിയുടെ കെണികള്‍ മനസിലാക്കി ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ രാഹുലിനും കോണ്‍ഗ്രസ് പാര്‍ട്ടിക്കും പ്രതിപക്ഷത്തിനാകെയും സാധിക്കണം.ബി.ജെ.പി. നേതാക്കളുടെ നിയമയുദ്ധം, വിധി വന്ന് 24 മണിക്കൂറിനകം രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കുന്ന ലോക്സഭാഭരണകേന്ദ്രത്തിന്റെ അതിവേഗം, വീടൊഴിപ്പിക്കല്‍ തുടങ്ങി എല്ലാ നടപടികളിലും കേന്ദ്രഭരണപക്ഷം സ്വീകരിച്ച നിലപാട് രാജ്യം കണ്ടു കഴിഞ്ഞു. മാന്യമായതൊന്നും പ്രതീക്ഷിക്കേണ്ടെന്ന് ഇതിനേക്കാള്‍ നല്ല മുന്നറിയിപ്പില്ല. രാഹുല്‍ഗാന്ധിയാണ് എതിരാളിയെന്ന തുറന്ന പ്രഖ്യാപനമാണ് ബി.ജെ.പി.നടത്തിയത്. പാര്‍ലെന്റില്‍ ഗൗതം അദാനിക്കെതിരായ ചോദ്യങ്ങളിലാണ് രാഹുല്‍ ഗാന്ധിയിലെ എതിരാളിയെ ബി.ജെ.പി. ഉറപ്പിച്ചത്. അതേ രാഹുല്‍ഗാന്ധി നാലരമാസത്തിനു ശേഷം പാര്‍ലമെന്റിലേക്കു തിരിച്ചു വരുമ്പോള്‍ ഭരണപക്ഷത്തിന്റെ വെപ്രാളം എന്തൊക്കെ നടപടികളെടുപ്പിക്കുമെന്ന് കാത്തിരുന്നു കാണണം. മണിപ്പുരിലെ പൂര്‍ണമൗനം പാലിച്ച പ്രധാനമന്ത്രിയെക്കൊണ്ടു സംസാരിപ്പിക്കുക എന്ന ഒറ്റ ഉദ്ദേശത്തില്‍ പ്രതിപക്ഷമുന്നണി കൊണ്ടു വരുന്ന അവിശ്വാസപ്രമേയത്തില്‍ രാഹുലിന് പങ്കെടുക്കാനാകുമോ എന്ന് തീരുമാനിക്കുന്നതും ഫലത്തില്‍ ബി.െജ.പിയാണ്.  രാഹുല്‍ഗാന്ധിയോടുള്ള ഭയം എത്ര വളര്‍ന്നിരിക്കുന്നുവെന്ന് വരും ദിവസങ്ങളിലെ ലോക്സഭാസെക്രട്ടേറിയറ്റ് തീരുമാനങ്ങളില്‍ നിന്നറിയാം. ചെയ്യാത്ത തെറ്റിന് മാപ്പു പറയില്ലെന്ന ഉറച്ച നിലപാട് ശ്ലാഘനീയമാണ്. പക്ഷേ കാലത്തിന്റെയും സാഹചര്യത്തിന്റെയും ഗൗരവവും അടിയന്തരപ്രാധാന്യവും ഉള്‍ക്കൊള്ളുന്ന സമീപനം പ്രതിപക്ഷനേതൃത്വത്തില്‍ നിന്നുണ്ടാകണം. ചതിക്കെണികള്‍ തിരിച്ചറിയാനും ഒഴിവാക്കാനുമുള്ള രാഷ്ട്രീയബുദ്ധി ഇന്ത്യ മുന്നണിക്കും അനിവാര്യമാണ്. 

ഏതു വരെ പോകുമെന്ന് പ്രധാനമന്ത്രി മോദിയും പാര്‍ട്ടിയും കാണിച്ചു തന്നുവെന്നതാണ് രാഹുല്‍ഗാന്ധിയുടെ അയോഗ്യതാവിവാദത്തില്‍ ഇന്ത്യന്‍ ജനതയ്ക്കുണ്ടായ നേട്ടം.  എങ്ങനെ നേരിടുമെന്ന് ഇനിയും പ്രതിപക്ഷമുന്നണി കാണിച്ചു തരേണ്ടിവരും. നേരായ മാര്‍ഗത്തിലുള്ള പോരാട്ടം ഭരണകൂടരാഷ്ട്രീയത്തില്‍ നിന്നു പ്രതീക്ഷിക്കുകയേ വേണ്ട. ഇന്ത്യന്‍ രാഷ്ട്രീയത്തെ അതിന്റെ നേര്‍വഴിയിലേക്ക് തിരിച്ചുകൊണ്ടുവരികയെന്നത് ഒട്ടും എളുപ്പമല്ലാത്ത ഒരു ദൗത്യം തന്നെയാണെന്ന് ഓര്‍മിപ്പിക്കുന്നു രാഹുല്‍ഗാന്ധിയുടെ നിയമപോരാട്ടം. 

MORE IN PARAYATHE VAYYA
SHOW MORE