വിശ്വാസം ശാസ്ത്രത്തിലാണെങ്കിലോ?

PARAYATHE-VAYYA
SHARE

ഗണപതി മിത്താണോ സത്യമാണോ? അങ്ങനെയൊരു ചോദ്യം ഇപ്പോള്‍ ആരാണ് ചോദിച്ചത്? ആര്‍ക്കാണതിന്റെ ഉത്തരം വേണ്ടത്? ചോദ്യവും ഉത്തരവും എന്താണെന്നറിയാതെ വീണ്ടുമൊരു ധ്രുവീകരണഅഭ്യാസത്തിന് സാക്ഷ്യം വഹിക്കുകയാണ് കേരളം. ഉള്‍പ്പെട്ടവര്‍ക്കാര്‍ക്കും അത്ര നിഷ്കളങ്കമായ ലക്ഷ്യങ്ങളല്ല എന്നതു മാത്രം കേരളമറിയണം. ദൈവങ്ങളുടെ കാര്യം ദൈവങ്ങളും മനുഷ്യന്റെ കാര്യം മനുഷ്യനും നോക്കിക്കോളും. 

വിമാനം കണ്ടുപിടിച്ചതാരാണ്?എന്റെ കാലത്തെ ഉത്തരം റൈറ്റ് ബ്രദേഴ്സ് ആയിരുന്നു. ഇപ്പോ റൈറ്റ് ബ്രദേഴ്സ് അല്ല. ഉത്തരം തെറ്റാണ്. വിമാനം കണ്ടു പിടിച്ചത് ഹിന്ദുത്വകാലത്തേയുണ്ട്, ലോകത്തെ ആദ്യത്തെ വിമാനം പുഷ്പകവിമാനമാണ്. ടെക്നോളജി നിങ്ങള്‍ ആലോചിക്കണം. ശാസ്ത്രസാങ്കേതികരംഗം വികാസം പ്രാപിക്കുന്നു എന്നു മാത്രമല്ല, സയന്‍സിനെ മിത്തുകള്‍ കൊണ്ട് റിപ്ലേസ് ചെയ്യുന്നു. പാഠപുസ്തകങ്ങള്‍ക്കകത്ത് ശാസ്ത്രത്തെ പ്രോല്‍സാഹിപ്പിക്കുന്നതിനു പകരം മിത്തുകളെ പ്രോല്‍സാഹിപ്പിക്കുന്നു. അതിന്റെ ഭാഗമാണ് വിമാനം കണ്ടുപിടിച്ചതാര് എന്ന ചോദ്യത്തിന് റൈറ്റ് ബ്രദേഴ്സ് എന്നെഴുതിയാല്‍ തെറ്റാകുന്നതും ഹിന്ദുത്വകാലം എന്നെഴുതിയാല്‍ ശരിയാകുന്നതും. പ്ലാസ്റ്റിക് സര്‍ജറി മെഡിക്കല്‍ സയന്‍സിന്റെ  ഒരു പുതിയ കണ്ടുപിടിത്തമാണ്. പ്ലാസ്റ്റിക് സര്‍ജറി  ഇവിടെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് പ്ലാസ്റ്റിക് സര്‍ജറി നേരത്തേ ഹിന്ദുത്വകാലത്തേയുള്ളതാ. ആദ്യത്തെ പ്ലാസ്റ്റിക് സര്‍ജറി ഏതാണ്?   മനുഷ്യന്റെ ശരീരവും ആനയുടെ മുഖവുമുള്ള ഗണപതിയാണ്.  

ഇവിടെയാണ് തുടക്കം. സ്പീക്കര്‍ പറഞ്ഞത് മിത്തുകളുടെ സാംഗത്യത്തെക്കുറിച്ചല്ല. ശാസ്ത്രത്തിനു പകരം മിത്തുകള്‍ പഠിപ്പിക്കാനുള്ള നീക്കത്തെക്കുറിച്ചാണ്. സ്പീക്കറുടെ വാക്കുകള്‍ രണ്ടു രീതിയില്‍ കേള്‍ക്കാം, ബുദ്ധി കൊണ്ടും കുബുദ്ധി കൊണ്ടും. ബുദ്ധി കൊണ്ടു കേട്ടാല്‍ കാര്യം സിംപിളാണ്.  സ്പീക്കര്‍ പറഞ്ഞത്  മിത്തുകള്‍ കൊണ്ടു വന്ന് ശാസ്ത്രപഠനത്തിന്റെ ഗൗരവം കുറയ്ക്കരുത്.  അത്രേയുള്ളൂ.  കുബുദ്ധി കൊണ്ടു കേട്ടാല്‍ പക്ഷേ ആകെ പ്രശ്നമാണ്. അല്ല പ്രശ്നമാക്കാന്‍ വേണ്ടി കേള്‍ക്കുമ്പോള്‍ പിന്നെ കുബുദ്ധിയല്ലാതൊരു ബുദ്ധിയില്ലല്ലോ. 

ആദ്യം നമുക്ക് ബുദ്ധി കൊണ്ടു കേള്‍ക്കാം. സ്പീക്കര്‍ എ.എന്‍.ഷംസീര്‍ പറഞ്ഞതു പോലെ ഇതിനു മുന്‍പും ആരൊക്കെയോ പറഞ്ഞു നമ്മള്‍ കേട്ടിട്ടില്ലേ?  പ്രധാനമന്ത്രി പറഞ്ഞത് മിത്താണോ സയന്‍സാണോ എന്നാരും ചോദിക്കാന്‍ പോയിട്ടില്ല. പറഞ്ഞത് പ്രധാനമന്ത്രിയായതുകൊണ്ട് എന്തായാലും സയന്‍സായിരിക്കില്ല  എന്നുറപ്പായതുകൊണ്ടായിരിക്കാം. അന്നതിനെ ചോദ്യം ചെയ്തതും നമ്മുടെ ശശി തരൂര്‍ എം.പിയാണ്. 

അന്നും ആരുടെയും വികാരം വ്രണപ്പെട്ടില്ല. പക്ഷേ ഇതൊന്നും പാഠപുസ്തകത്തില്‍ ശാസ്ത്രമായി പഠിപ്പിക്കരുതെന്ന് നമ്മുടെ സ്പീക്കര്‍ പറഞ്ഞപ്പോള്‍ ഇവിടെ കുറച്ചു വിശ്വാസിക്ള്‍ക്ക് വികാരമായി , ബഹളമായി. 

സ്പീക്കര്‍ എ.എന്‍.ഷംസീര്‍ പറഞ്ഞതില്‍ ഏതു വാക്കാണ്, ഏതു വാചകമാണ്, ഏതര്‍ഥമാണ് പ്രശ്നം  എന്നു കേട്ടിട്ടു നിങ്ങള്‍ക്കു മനസിലായോ? 

വികാരം കൊള്ളുന്നവരോ സമരം ചെയ്യുന്നവരോ ഒന്നും ആ ചോദ്യത്തിന് ഇതേ വരെ നേരേചൊവ്വേ ഉത്തരം പറഞ്ഞിട്ടില്ല. ശാസ്ത്രത്തിനെ മിത്തുകള്‍ കൊണ്ട് പകരം വയ്ക്കരുത് എന്നു പറയുന്നത് പ്രശ്നമാണോ? ആദ്യത്തെ പ്ലാസ്റ്റിക് സര്‍ജറി ഗണപതിയുടേതാണെന്നു പറയരുത് എന്നു പറഞ്ഞാല്‍ പ്രശ്നമാണോ? അങ്ങനെയാണ് എന്നു നമ്മുടെ പ്രധാനമന്ത്രി പറഞ്ഞപ്പോള്‍ പ്രശ്നമുണ്ടായില്ലല്ലോ. പിന്നെന്തു വികാരമാണ് ഇപ്പോള്‍ വ്രണപ്പെട്ടിരിക്കുന്നത്  എന്നു ചോദിച്ചാല്‍ കഥയില്‍ ചോദ്യമില്ലല്ലോ.

മിത്തുകള്‍ വിശ്വസിക്കരുത് എന്ന് എ.എന്‍.ഷംസീര്‍ പറഞ്ഞിട്ടില്ല. ഗണപതി ദൈവമല്ലെന്നോ ആണെന്നോ പറഞ്ഞിട്ടില്ല.  ആകെ പറഞ്ഞത് പാഠപുസ്തകങ്ങളില്‍ ശാസ്ത്രത്തിനു പകരം മിത്തുകള്‍ തിരുകി കയറ്റിവയ്ക്കരുത് എന്നാണ്. അപ്പോള്‍ ബുദ്ധി കൊണ്ടു കേട്ടാലും ആദ്യത്തെ ചോദ്യം ന്യായമായും ഉയരും. എവിടെയെങ്കിലും പാഠപുസ്തകത്തില്‍ അങ്ങനെ ശാസ്ത്രത്തെ ഐതിഹ്യങ്ങള്‍ പകരം വച്ച് പഠിപ്പിക്കുന്നുണ്ടോ?സ്പീക്കര്‍ സംസാരിച്ചത് കുട്ടികളോടാണ്, അപ്പോള്‍ വിദ്യാഭ്യാസത്തെക്കുറിച്ചും പുസ്തകങ്ങളെക്കുറിച്ചും തന്നെ സംസാരിക്കേണ്ടി വരും. ഇപ്പോള്‍ പാഠപുസ്തകങ്ങളില്‍ സയന്‍സും ഐതിഹ്യവും കൂട്ടിക്കുഴയ്ക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും പറയേണ്ടി വരും. പറഞ്ഞത് സത്യമാണെങ്കില്‍. സത്യമല്ല എന്നു പറയാന്‍ പ്രതിഷേധക്കാര്‍ക്കു കഴിയുമോ? ഗുജറാത്തില്‍ ഹിന്ദുത്വവാദത്തിന്റെ വക്താവായ ദിനനാഥ് ബത്രയുടെ 8 പുസ്തകങ്ങള്‍ സംസ്ഥാനസര്‍ക്കാര്‍ അച്ചടിച്ചു സ്കൂളുകളില്‍ വിതരണം ചെയ്തത് ഈ പുഷ്പകവിമാനപരാമര്‍ശങ്ങള്‍ എല്ലാം ഉള്‍ക്കൊള്ളിച്ചു തന്നെയാണ്.

ബത്രയുടെ പുസ്തകങ്ങള്‍ക്ക് ആമുഖം എഴുതിയതോ, സാക്ഷാല്‍ നരേന്ദ്രമോദി എന്ന നമ്മുടെ പ്രധാനമന്ത്രി. ആ പുസ്തകങ്ങള്‍ ഉദാഹരിച്ചു തന്നെയാണ് ഡോക്ടര്‍മാരുടെ ശാസ്ത്രസമ്മേളനത്തില്‍ കര്‍ണന്റെ ജനനം സ്റ്റെം സെല്ലില്‍ നിന്നാണെന്നും ആദ്യത്തെ പ്ലാസ്റ്റിക് സര്‍ജറി ഗണപതിയാണെന്നുമൊക്കെ നമ്മുടെ പ്രധാനമന്ത്രി അവകാശപ്പെട്ടത്.  അധികവായനയ്ക്കെന്ന പേരില്‍ സര്‍ക്കാര്‍ തന്നെ അച്ചടിച്ചു വിതരണം ചെയ്ത ഈ ടെക്സ്റ്റ് ബുക്കുകള്‍ക്കെതിരെ NCERT റിപ്പോര്‍ട്ടില്‍ പോലും പരാമര്‍ശങ്ങള്‍ ഇടം പിടിച്ചിട്ടുണ്ട്. വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ വിഭാഗീയത വളര്‍ത്തുന്ന പരാമര്‍ശങ്ങളാണ് ഗുജറാത്തിലെ പാഠപുസ്തകങ്ങളിലുള്ളതെന്ന് ആ റിപ്പോര്‍ട്ടുകളില്‍ പോലും ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. തൊട്ടടുത്ത് കര്‍ണാടകയിലാണ് പുതിയ കോണ്‍ഗ്രസ് സര്‍ക്കാരിന് അധികാരമേറ്റയുടന്‍ ടെക്സ്റ്റ് ബുക്കുകളില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടു വരേണ്ടി വന്നത്. മുന്‍പ് അധികാരത്തിലിരുന്ന ബി.ജെ.പി. സര്‍ക്കാര്‍ , ആര്‍.എസ്.എസ് അജന്‍ഡയ്ക്കനുസൃതമായി പാഠപുസ്തങ്ങളില്‍ വരുത്തിയ തിരുത്തലുകളാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ തിരുത്തിയത്. 

അപ്പോള്‍ പാഠപുസ്തകങ്ങളില്‍ ഐതിഹ്യങ്ങള്‍ ആധികാരികമായി അവതരിപ്പിക്കുന്നു എന്ന് സ്പീക്കര്‍ പ്രകടിപ്പിച്ച ആശങ്ക അവാസ്തവമല്ല.  ആ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ച മണ്ടത്തരങ്ങള്‍ നമ്മുെട ഭരണാധികാരികള്‍ തന്നെ വസ്തുതയായി അവതരിപ്പിച്ചതുമാണ്. വരും തലമുറയുടെ ശാസ്ത്രപാഠങ്ങളില്‍ രാഷ്ട്രീയഅജന്‍‍ഡ കലര്‍ത്തരുത് എന്ന് ആരും പറഞ്ഞു പോകുന്ന രാഷ്ട്രീയസാഹചര്യം നമ്മുടെ രാജ്യത്തുണ്ട് .  എന്നാലും പറഞ്ഞതിലെന്തോ ഒന്ന് ബി.ജെ.പിക്കും എന്‍.എസ്.എസിനും ഇഷ്ടപ്പെട്ടില്ല.  പക്ഷേ  ഇഷ്ടപ്പെടാത്തതെന്താണ് എന്നു ചോദിച്ചാല്‍ അവര്‍ കഷ്ടപ്പെടുകയാണ്. 

സ്പീക്കര്‍ പറഞ്ഞതില്‍ അവഹേളനമോ അധിക്ഷേപമോ ആരോപിക്കാനാകില്ല. പിന്നെ ഗണപതിയുടെ പേരാണെങ്കില്‍, ഈ വിഷയത്തിലേക്കു വലിച്ചിട്ടത് കുറ്റമാണെങ്കില്‍ ആദ്യം നമ്മുടെ പ്രധാനമന്ത്രിയെ ശിക്ഷിക്കേണ്ടി വരും. അപ്പോള്‍ പറഞ്ഞതൊന്നുമല്ല, പറഞ്ഞതാരാണ് എന്നതാണ് പ്രശ്നമെന്ന് വ്യക്തമാണ്. സ്പീക്കറുടെ പേരും ജനിച്ച സമുദായവുമാണ് പ്രശ്നമെങ്കില്‍ അതിന്റെ പേര് വിശ്വാസപ്രതിഷേധം എന്നല്ല. വര്‍ഗീയത എന്നു മാത്രമാണ്. അതങ്ങനെ പച്ചയ്ക്ക് സമ്മതിക്കാന്‍ മടിയുള്ളതുകൊണ്ട് വിശ്വാസികള്‍, പ്രതിഷേധം എന്നൊക്കെ പറയാമെന്നു മാത്രം. ബി.ജെ.പിക്ക് കേരളത്തില്‍ ചര്‍ച്ച ചെയ്യാന്‍ മറ്റൊരു രാഷ്ട്രീയവുമില്ലെന്ന് വിളിച്ചു പറയുന്ന പാപ്പരത്തം ഒരിക്കല്‍കൂടി നേതാക്കള്‍ തെളിയിക്കുന്നു.  ഉള്ളിലിരിപ്പ് അറിയാതെ തികട്ടി വരുന്നുമുണ്ട്. 

ബി.ജെ.പി ഉള്ള കാര്യം ഉള്ളതുപോലെ പറഞ്ഞതിനൊപ്പമാണ് പ്രസക്തി നഷ്ടപ്പെടുന്ന സമുദായസംഘടനകള്‍ പൂര്‍വകാലപ്രതാപം തിരിച്ചു പിടിക്കാന്‍ നടത്തുന്ന ശ്രമങ്ങളും.  വൈകാരികമുദ്രാവാക്യങ്ങള്‍ ഏറ്റുവിളിച്ചുകൊണ്ടാണ് പ്രകടനം എന്നു മാത്രം. പക്ഷേ കൗതുകകരമായ കാര്യം ഈ വിഷയത്തില്‍ കോണ്‍ഗ്രസും യു.ഡി.എഫും സ്വീകരിക്കുന്ന നിലപാടാണ്. 

പ്രതിപക്ഷനേതാവിന്റെ ആദ്യത്തെ പ്രതികരണം യുക്തിഭദ്രമായിരുന്നു. സ്പീക്കര്‍ ചെയ്തത് തെറ്റാണെന്നുറപ്പിച്ചു പറയുന്നില്ല. പക്ഷേ തിരുത്തുന്നതാണ് പ്രശ്നം അവസാനിപ്പിക്കാന്‍ നല്ലത്, ഇതില്‍ മുതലെടുപ്പിനില്ല, പക്ഷേ പ്രശ്നംതീര്‍ക്കാന്‍ സി.പി.എം തന്നെ മുന്‍കൈയെടുക്കണം. പക്ഷേ സി.പി.എമ്മും സ്പീക്കറും പറഞ്ഞതില്‍ ഉറച്ചു നിന്നതോടെ നിലപാടില്‍ ഭേദഗതി വന്നു

അതു തന്നെയാണ് സ്പീക്കറും പറഞ്ഞത്, വിശ്വാസത്തെ ശാസ്ത്രബോധവുമായി കൂട്ടിക്കുഴയ്ക്കരുത്. പക്ഷേ സ്പീക്കര്‍ പറഞ്ഞതില്‍ തെറ്റെന്ത് എന്നു ചോദിക്കാന്‍ വന്ന സംസ്ഥാനസെക്രട്ടറി  ഒരു അപകടത്തിന്റെ വക്കില്‍ വരെയെത്തി മലക്കം മറിയേണ്ടി വന്നു. മിത്തും വിശ്വാസവുമൊന്നും രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ വിശദീകരിക്കാന്‍ പോകാത്തതാണ് നല്ലത് എന്ന് ബോധ്യമായാല്‍ നല്ലത്. 

സ്പീക്കര്‍ തിരുത്തണമെന്ന് വ്യാപകമായ പ്രതിഷേധമുയര്‍ന്നപ്പോള്‍ തന്നെയാണ് നിലപാട് കണിശവും വ്യക്തവുമാണെന്ന് പ്രഖ്യാപിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി പാര്‍ട്ടിയുടെ പിന്തുണയറിയിക്കാന്‍ എത്തിയത്. 

പക്ഷേ ദാര്‍ശനികമായി അവലോകനം ചെയ്തുള്ള പോക്കില്‍ പാര്‍ട്ടി സെക്രട്ടറി സ്വയം ചില കുഴികള്‍ കൂടി കുഴിച്ചെടുത്തു.  അതോടെ മറ്റൊരു പ്രശ്നം അവിടെ തുടങ്ങി.  കയ്യില്‍ നിന്നു പോയെന്ന് മനസിലായാല്‍ പിന്നെന്തു ചെയ്യണം. വീണിടത്ത് കിടന്ന് ഒറ്റ ഉരുളല്‍, പതിവു പോലെ പഴി മാധ്യമങ്ങള്‍ക്ക് 

മയത്തില്‍ പറഞ്ഞാല്‍ നല്ല മലക്കം മറിച്ചിലാണ് സി.പി.എം സെക്രട്ടറി നടത്തിയത്. ഗണപതി മിത്തല്ലാതെ പിന്നെന്താണെന്ന് സംസ്ഥാനസെക്രട്ടറി ആവേശത്തോടെ ചോദിച്ചത് നമ്മളൊക്കെ കേട്ടതാണ്. പക്ഷേ ആ ചോദ്യത്തിലുറച്ചു നില്‍ക്കാന്‍ പറ്റിയ രാഷ്ട്രീയകാലാവസ്ഥയല്ല രാജ്യത്തെന്ന് പെട്ടെന്ന് വീണ്ടു വിചാരമുണ്ടായെങ്കില്‍ നല്ല കാര്യം. ഒരു കാര്യം കൂടി രാഷ്ട്രീയനേതാക്കള്‍ ഓര്‍ക്കുന്നത് നല്ലതാണ്. വിശ്വാസത്തില്‍ യുക്തിയില്ല, യുക്തിയില്‍ വിശ്വാസവുമില്ല. രണ്ടും രണ്ടു വഴിക്ക് വിടുന്നതാണ് നല്ലത്. നമുക്കും നാടിനും നല്ലത് അതാണ്. 

ഇതൊക്കെ അറിയാമെങ്കിലും വിശ്വാസം ചോദ്യം ചെയ്യപ്പെട്ടാല്‍ എവിടെ നില്‍ക്കുമെന്ന് പ്രതിപക്ഷനേതാവും വ്യക്തമായി പറഞ്ഞിട്ടുണ്ട്. മതസാമുദായിക വികാരം മുതലെടുക്കുന്നതില്‍ കോണ്‍ഗ്രസ് മാത്രമല്ല, സി.പി.എമ്മും സ്വീകരിച്ചിട്ടുള്ള നിലപാടുകളൊക്കെ സമകാലികരാഷ്ട്രീയത്തിന് നല്ല ഓര്‍മയുണ്ട്. 

അതിനിടയില്‍ മിത്തല്ലേ, അത് മിത്തു തന്നെയാണല്ലോ എന്നൊക്കെ തരാതരം പോലെ നിറം മാറാന്‍ എപ്പോഴും സാഹചര്യം അനുകൂലമാകില്ല. ഓണവും ക്രിസ്‍മസും പെരുന്നാളുമൊക്കെ സര്‍ക്കാര്‍ അവധിയും സര്‍ക്കാര് ആഘോഷവുമാകുന്നത് മിത്താണോ എന്ന ചോദ്യത്തിനുത്തരം മുന്നിലെടുത്തു വച്ചിട്ടല്ല. ശാസ്ത്രബോധം പ്രചരിപ്പിക്കേണ്ടത് ഓരോ ഭാരതീയന്റെയും ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. 

പക്ഷേ ശാസ്ത്രം പ്രചരിപ്പിക്കാന്‍ വിശ്വാസത്തെ ചാരണമന്നേയില്ല. വിശ്വാസത്തില്‍ കൂടിയൊന്നു തൊട്ടിട്ടുപോകൂ, ബാക്കി ഞങ്ങളായിക്കോളാമെന്ന് നൊട്ടിനുണഞ്ഞു കാത്തിരിക്കുന്ന ഛിദ്രശക്തികള്‍ക്ക് ഏതൊക്കെ ആയുധം അങ്ങോട്ടിട്ടുകൊടുക്കണമെന്ന് തീരുമാനിക്കുന്നതും ഒരു മനഃശാസ്ത്രമാണ്. 

മനഃശാസ്ത്രവും ഒരു ശാസ്ത്രമാണ്. ഇക്കാലത്ത് മനഃശാസ്ത്രബോധം കൂടിയുണ്ടാകുന്നതു നല്ലതുമാണ് . വിശ്വാസം പ്രചരിപ്പിക്കാന്‍ ശാസ്ത്രം കലര്‍ത്തണ്ട, അതുപോലെ ശാസ്ത്രം പ്രചരിപ്പിക്കാന്‍ വിശ്വാസത്തെയും കൂട്ടുപിടിക്കണ്ട. ഇനി  ശാസ്ത്രമല്ല, വിശ്വാസമാണ് വലുത് എന്നുറച്ചു നില്‍ക്കാനും വിരോധമില്ല. പക്ഷേ  എനിക്ക് ശാസ്ത്രത്തിലാണ് വിശ്വാസം. ആ വിശ്വാസത്തെയും ചോദ്യം ചെയ്യരുത്, വ്രണപ്പെടുത്തരുത്, എന്റെ ശാസ്ത്രവിശ്വാസത്തെ ആക്ഷേപിക്കാനും വരരുത്. അത്രയും ലളിതമാണ് കാര്യങ്ങള്‍. 

MORE IN PARAYATHE VAYYA
SHOW MORE