'ഇന്ത്യ'യെ ആക്രമിക്കുന്ന സമയം മോദി മണിപ്പുരിനായി മാറ്റിവയ്ക്കുമോ?

PVA-MANIPUR
SHARE

രാജ്യത്തിന്റെ മാത്രമല്ല, ലോകത്തിന്റെ തന്നെ ആശങ്കയായി മാറിക്കഴിഞ്ഞ മണിപ്പുര്‍ പ്രശ്നം പാര്‍ലമന്റില്‍ ചര്‍ച്ച ചെയ്യുന്നതിന് മോദി സര്‍ക്കാര്‍ മടിക്കുന്നതെന്തിനാണ്? അതൊഴിവാക്കാന്‍ വേണ്ടി  പ്രധാനമന്ത്രി, പദവിയുടെ മഹത്വം പോലും മറന്ന് രാഷ്ട്രീയപ്രചാരണത്തിനിറങ്ങുന്നതെന്തുകൊണ്ടാണ്? മണിപ്പുര്‍ പ്രശ്നത്തിലെ രാഷ്ട്രീയതാല്‍പര്യങ്ങള്‍ മാത്രമല്ല, പിടിപ്പുകേടു കൂടിയാണ് കേന്ദ്രഭരണപക്ഷം വിളിച്ചു പറയുന്നത്. ഭരണാധികാരം പ്രഹസനമാക്കുന്നുവെന്നതു മാത്രമല്ല, ജനാധിപത്യസംവിധാനം മണിപ്പുര്‍ ജനതയോട് സ്വീകരിക്കുന്ന സമീപനം കുറ്റകരമാണ്. ഇന്ത്യ മുന്നണിയെ കടന്നാക്രമിക്കാന്‍ ചെലവിടുന്ന ഊര്‍ജത്തിന്റെ നാലിലൊന്നെങ്കിലും മണിപ്പൂര്‍ പരിഹാരത്തിനായി പ്രധാനമന്ത്രി മാറ്റിവയ്ക്കണം. നരേന്ദ്രമോദി മണിപ്പുരിന്റെ കൂടി പ്രധാനമന്ത്രിയാണെന്ന് അദ്ദേഹത്തെ ആരെങ്കിലും ഒന്നോര്‍മിപ്പിക്കണം. 

കലാപം തുടങ്ങി രണ്ടരമാസം പിന്നിട്ട ശേഷവും മണിപ്പുരില്‍ നിന്ന്  മനോരമന്യൂസ് ലോകത്തിനു മുന്നിലെത്തിച്ച റിപ്പോര്‍ട്ടുകള്‍ ഒന്നു കാണുക, വിലാപം കേള്‍ക്കുക. ദിവസങ്ങള്‍ കൊണ്ട് മനോരമന്യൂസിന് കാണാനായതിന്റെ ആയിരം മടങ്ങാണ് മണിപ്പുരിന്റെ യാഥാര്‍ഥ്യം. കേന്ദ്രത്തിനറിയാത്തതല്ല, പ്രധാനമന്ത്രിക്കറിയാത്തതല്ല. ബംഗാളിലേക്കു പോകൂ, രാജസ്ഥാനിലേക്കു നോക്കൂ എന്ന് ആവര്‍ത്തിക്കുന്ന കേന്ദ്രമന്ത്രിമാര്‍ക്കറിയാത്തതല്ല. ഒന്നുകില്‍ മണിപ്പുരിലെ മനുഷ്യര്‍ എത്ര കത്തിയമര്‍ന്നാലും അതിനേക്കാള്‍ വലുതായി കാണുന്ന രാഷ്ട്രീയലക്ഷ്യങ്ങള്‍ കേന്ദ്രരാഷ്ട്രീയത്തിനുണ്ട്. അല്ലെങ്കില്‍ പ്രശ്നം സൃഷ്ടിക്കാനല്ലാതെ പരിഹരിക്കാന്‍ നമ്മുടെ രാജ്യം ഭരിക്കുന്നവര്‍ക്കറിയില്ല. ഇപ്പോഴും പുകഞ്ഞുകത്തുകയാണ് മണിപ്പുര്‍. കേസുകള്‍ ഏറ്റെടുത്ത സി.ബി.ഐയ്ക്ക് ഇതുവരെ പ്രതികളെയൊന്നും കണ്ടെത്താനായിട്ടില്ല. ഫലമോ പത്തും പതിനഞ്ചും മണിക്കൂര്‍ നീണ്ട വെടിവയ്പുകള്‍ ആവര്‍ത്തിക്കുന്നു. വീടുകള്‍ ഇപ്പോഴും കത്തിക്കപ്പെടുന്നു. സുരക്ഷാസേനകളെപ്പോലും വിശ്വാസമില്ലാതെ കുക്കി വിഭാഗങ്ങള്‍ ബങ്കറുകളും കൂട്ടായ്മകളും തീര്‍ത്ത് സ്വയം പ്രതിരോധം തീര്‍ക്കാന്‍ പാടുപെടുന്നു. അവിശ്വാസവും അരക്ഷിതാവസ്ഥയും പുകഞ്ഞു കത്തുന്ന മണിപ്പുര്‍ പ്രശ്നത്തെക്കുറിച്ച് പ്രധാനമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടു പോലുമില്ലെന്നോര്‍ക്കണം. സ്ത്രീകളെ നഗ്നനരാക്കി ആക്രമിച്ച വീഡിയോയെക്കുറിച്ചല്ലാതെ പ്രധാനമന്ത്രി മണിപ്പുര്‍ എന്നുച്ചരിച്ചിട്ടു പോലുമില്ല. ഒരേയൊരു തവണ മണിപ്പുര്‍ എന്നു പറഞ്ഞ പ്രധാനമന്ത്രി പ്രതിപക്ഷത്തിന്റെ ഇന്ത്യ മുന്നണിയെക്കുറിച്ച് എത്ര തവണ എന്തൊക്കെ പറഞ്ഞുവെന്നു നമ്മള്‍ കേട്ടു. പ്രതിപക്ഷം മണിപ്പുരിലെത്തിയിട്ടുണ്ട്. രാജ്യത്തിന്റെ മുഴുവന്‍ മനഃസാക്ഷി മണിപ്പുരിനൊപ്പമുണ്ട്. പക്ഷേ ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഇതുവരെ മണിപ്പുര്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിന് സമയമായിട്ടില്ല.

മണിപ്പുര്‍ പ്രശ്നത്തില്‍ പ്രതിപക്ഷപ്രതിഷേധം ശക്തമാക്കിയിട്ടും കേന്ദ്രസര്‍ക്കാര്‍ അനങ്ങിയിട്ടില്ല. ഒടുവില്‍ പരാജയപ്പെടുമെന്നുറപ്പുള്ളൊരു  അവിശ്വാസപ്രമേയം കൊണ്ടു വന്നാണ് പ്രതിപക്ഷം മണിപ്പുര്‍ സഭയിലെത്തിക്കാന്‍ ശ്രമം തുടരുന്നത്. രാജ്യത്തെ ഏറ്റവും നീറുന്ന പ്രശ്നത്തെക്കുറിച്ച് പ്രധാനമന്ത്രിയൊക്കൊണ്ടൊരു വാക്ക് ഉരിയാടിക്കാന്‍ അവിശ്വാസപ്രമേയം കൊണ്ടു വരേണ്ടി വരുന്ന അവസ്ഥ. മണിപ്പുരിനെക്കുറിച്ച് ആരും മിണ്ടരുതെന്നായിരുന്നു പാര്‍ലമെന്റിലെ അവസ്ഥ. പ്രതിപക്ഷം വിട്ടു കൊടുക്കാതെ പ്രതിഷേധിച്ചതോടെ ബഹളത്തിന്റെ മറവില്‍ സുപ്രധാന വിവാദബില്ലുകള്‍ ഒന്നൊന്നായി ചുട്ടെടുക്കുന്നതുപോലെ പാസാക്കിയെടുക്കാനാണ് ഭരണപക്ഷം സാഹചര്യം മുതലെടുത്തത്. വലിയ എതിര്‍പ്പുകള്‍ നേരിടുന്ന വനസംരക്ഷണ ഭേദഗതി ബില്ലും ഖനനധാതുപദാര്‍ഥ ബില്ലും നഴ്സിങ്–ഡെന്റല്‍ കമ്മിഷന്‍ ബില്‍ എല്ലാം ഇതുപോലെ പാസാക്കിയെടുത്തു. മണ്‍സൂണ്‍ സമ്മേളനത്തിന്റെ ആദ്യദിവസം തല കാണിച്ചു പോയതല്ലാതെ പ്രധാനമന്ത്രി പിന്നെ പാര്‍ലമെന്റിലേക്ക് വന്നിട്ടേയില്ല. എന്നാലോ പാര്‍ലമെന്റ് നടക്കുമ്പോള്‍ തന്നെ പുറത്തുള്ള വേദികളില്‍ പ്രതിപക്ഷത്തെ കടന്നാക്രമിച്ചുകൊണ്ടേയിരിക്കുന്നു. 

പ്രധാനമന്ത്രി പ്രതിപക്ഷമുന്നണിയെക്കുറിച്ചു മാത്രമാണ് ഇപ്പോള്‍ ചിന്തിക്കുന്നതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. ലോക്സഭാ കണക്കുകളും നീക്കങ്ങളും നോക്കുമ്പോള്‍ പ്രധാനമന്ത്രിക്ക് ഇന്ത്യാ മുന്നണിയെ ഇങ്ങനെ ഭയക്കേണ്ട കാര്യമില്ലെന്നും അവര്‍ പരിഹസിക്കുന്നു. പക്ഷേ പ്രധാനമന്ത്രിയുടെ മനസില്‍ ഇപ്പോള്‍ ഇന്ത്യ മാത്രമേയുള്ളൂ. നമ്മുടെ ഇന്ത്യയല്ല, പ്രതിപക്ഷമുന്നണിയുടെ പേരായ ഇന്ത്യ. ഇനിയെങ്ങനെയെങ്കിലും ഇന്ത്യ എന്ന േപരിെനക്കൂടി ഇല്ലാതാക്കേണ്ടി വരുമെന്ന മട്ടിലാണ് ബി.ജെ.പിയുടെയും നീക്കങ്ങള്‍. കൊളോണിയല്‍ ആധിപത്യം പേറുന്ന പേരാണ് ഇന്ത്യയെന്നും ഭാരതത്തിന് ഇന്ത്യയെന്ന പേരു വേണ്ടെന്നും പാര്‍ലമെന്റില്‍ പോലും ബി.ജെ.പി. ആവശ്യപ്പെടുന്ന മട്ടിലാണ് കാര്യങ്ങള്‍. എലിയെ പേടിച്ച് ഇല്ലം ചുടാനും മടിക്കില്ലെന്ന് നമുക്കുറപ്പൊന്നുമില്ലാത്തതുകൊണ്ട് എന്തും സംഭവിക്കാം. അതേസമയം മണിപ്പുരില്‍ നേരിട്ടു സന്ദര്‍ശനത്തിലാണ് ഇന്ത്യ മുന്നണി നേതാക്കള്‍. മണിപ്പുരിനു സമാശ്വാസവും നിശ്ചയദാര്‍ഢ്യവുമുള്ള ഭരണഇടപെടല്‍ അനിവാര്യമാണ്. ഇനിയൊരിക്കലും മുന്‍പത്തേതുപോലെയാവില്ലെന്നു ഭയക്കേണ്ടത്ര അകല്‍ച്ച രണ്ടു ജനസമൂഹങ്ങള്‍ക്കിടയില്‍ സംഭവിച്ചുകഴിഞ്ഞു. പക്ഷേ പ്രശ്നത്തില്‍ രാജ്യഭരണകൂടത്തിന്റെ ഇടപെടല്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന പ്രതിപക്ഷത്തിനെതിരെ കൂടി നിന്ന് കല്ലെറിയുന്നതില്‍ മാത്രമാണ് ഭരണപക്ഷത്തിന്റെ ശ്രദ്ധ. ബംഗാളിലെയും രാജസ്ഥാനിലെയും കുറ്റകൃത്യങ്ങളെ ചൂണ്ടിയാണ് വംശഹത്യയായി മാറിക്കഴിഞ്ഞ മണിപ്പുരിനെ പ്രതിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നതില്‍ ഓരോ ഇന്ത്യക്കാരന്റെയും തല കുനിയണം. പ്രധാനമന്ത്രി എങ്ങനെയും അപഹസിക്കട്ടെ, മണിപ്പുരില്‍ ഇന്ത്യ എന്ന ആശയം വീണ്ടെടുക്കുമെന്നാണ് രാഹുല്‍ഗാന്ധി പ്രഖ്യാപിച്ചത്.  എളുപ്പമുള്ള പ്രഖ്യാപനമല്ല അതെന്ന് പ്രതിപക്ഷത്തിനറിയാം. ലോകം മുഴുവന്‍ വിരല്‍ ചൂണ്ടിയിട്ടും മണിപ്പുര്‍ കത്തുന്നത് നോക്കിയിരിക്കാന്‍ തീരുമാനിച്ച ഭരണകൂടമാണ് മുന്നിലുള്ളത്. 

മണിപ്പുരിന്റെ ആധി പരിഹരിക്കാന്‍ ബി.ജെ.പി. രാഷ്ട്രീയം ഉദ്ദേശിക്കുന്നില്ല. അഥവാ, അതിനുള്ള കെല്‍പുമില്ല. പ്രതിപക്ഷമുന്നണിക്കും ഇതു വെല്ലുവിളിയാണ്. അനങ്ങില്ലെന്നുറപ്പിച്ചു നില്‍ക്കുന്ന ഭരണകൂടത്തിന്റെ മുന്നില്‍ മണിപ്പുര്‍ എങ്ങനെ പരിഹരിക്കപ്പെടും? മണിപ്പൂര്‍ രാജ്യത്തിന്റെ മനഃസാക്ഷിക്കു മുന്നില്‍ അതിനിര്‍ണായകമായ ഒരു ചോദ്യചിഹ്നമായി പുകഞ്ഞുകൊണ്ടേയിരിക്കുന്നു. പ്രതിപക്ഷമുന്നണിയെക്കുറിച്ചെന്തു വേണമെങ്കിലും പറയൂ പ്രധാനമന്ത്രി. കൂട്ടത്തിലെങ്കിലും മണിപ്പൂരിനെക്കുറിച്ചു കൂടി ഒരു വാക്ക് പറയാന്‍ തോന്നുന്നില്ലെങ്കില്‍ ഈ രാജ്യം എങ്ങനെയാണ് ഇനിയും രാഷ്ട്രീയത്തില്‍ വിശ്വസിക്കേണ്ടത്? ഈ രാജ്യത്തെ പൗരന്‍മാര്‍ വോട്ടിങ് മെഷിനുകള്‍ മാത്രമല്ല, മനുഷ്യര്‍ കൂടിയാെണന്ന് എപ്പോഴാണ് ഭരണകൂടം തിരിച്ചറിയുക? 

MORE IN PARAYATHE VAYYA
SHOW MORE