ഭയക്കേണ്ടത് മണിപ്പൂരിൽ മൗനത്തിൽ ഒളിച്ചുകളിക്കുന്ന ഭരണകൂടത്തെയോ?

PARAYATHE-VAYYA
SHARE

മണിപ്പൂരിന്റെ പേരില്‍ നമുക്ക് തോന്നേണ്ടത് നാണക്കേടാണോ, വേദനയാണോ? മണിപ്പൂര്‍ കത്തിയ രണ്ടര മാസവും ഒരക്ഷരം മിണ്ടാതെ ലോകസഞ്ചാരം നടത്തിയ പ്രധാനമന്ത്രിയുടെ നാണക്കേടാണോ ഇന്ത്യന്‍ ജനത കണക്കിലെടുക്കേണ്ടത്? നടന്നതെന്തെന്ന് കണ്‍മുന്നില്‍ കണ്ടിട്ടും അറിഞ്ഞിട്ടും അവഗണിച്ച പ്രധാനമന്ത്രി ഒടുവില്‍ മൗനം വെടിയാന്‍ നിര്‍ബന്ധിതനായപ്പോള്‍ കേട്ട വാക്കുകള്‍ രാജ്യത്തിന് ആശ്വാസമാണോ ആശങ്കയാണോ പകരുന്നത്? എല്ലാ ഭാരതീയരും സഹോദരീസഹോദരന്‍മാരാണെന്നു പ്രതിജ്ഞ ചൊല്ലി പഠിച്ചു വളരുന്ന നമ്മുടെ രാജ്യത്തെ മനുഷ്യര്‍ക്ക് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്?  മൃഗങ്ങള്‍ പോലും മടിക്കുന്ന ക്രൂരതകള്‍ സ്വാഭാവികമാണെന്ന്, രാഷ്ട്രീയഅന്ധത മനുഷ്യരെ വിശ്വസിപ്പിച്ചുതുടങ്ങിയോ?    മണിപ്പൂരിലെ അക്രമികളെയാണോ നിലവിളി കേള്‍ക്കാത്ത മൗനത്തെയാണോ ഇന്ത്യ കൂടുതല്‍ ഭയക്കേണ്ടത്? 

നടുങ്ങുകയാണോ, ഭയചകിതരാവുകയാണോ ചെയ്തതെന്നറിയില്ല.  മരവിപ്പിക്കുന്ന ദൃശ്യങ്ങള്‍ മണിപ്പൂരില്‍ നിന്ന് പുറത്തു വന്നത് സംഭവം നടന്ന് രണ്ടരമാസത്തിനു ശേഷമാണ്. മെയ് മൂന്നിനു കത്തിത്തുടങ്ങിയ മണിപ്പൂരില്‍ മെയ് നാലിനു നടന്ന മനഃസാക്ഷിയെ നടുക്കുന്ന ദൃശ്യങ്ങള്‍.മെയ്തേയി–കുക്കി വിഭാഗങ്ങള്‍ തമ്മില്‍ കലാപം തുടങ്ങിയതിന്റെ തൊട്ടടുത്ത ദിവസം, മെയ് നാലിന് നടന്ന ക്രൂരകൃത്യത്തിന്റെ 26 സെക്കന്റ് വീഡിയോ ദൃശ്യം. കുക്കി വിഭാഗത്തില്‍ നിന്നുള്ള 21ഉം 40ഉം വയസുള്ള രണ്ടു സ്ത്രീകളെ പൂര്‍ണ നഗ്നരാക്കി പൊതുവഴിയിലൂടെ നടത്തിച്ചുകൊണ്ടു പോകുന്ന ദൃശ്യം. പരസ്യമായി അപമാനിക്കുകയും ആക്രമിക്കുകയും ചെയ്യുന്നു ആള്‍ക്കൂട്ടം. 

 ഇതിലൊരു സ്ത്രീയെ ജനക്കൂട്ടം നോക്കിനില്‍ക്കെ കൂട്ടബലാല്‍സംഘം ചെയ്തു അക്രമികള്‍.   വീഡിയോ പുറത്തു വന്ന ശേഷം സംഘര്‍ഷം രൂക്ഷമായി കൂടുതല്‍ അക്രമസംഭവങ്ങള്‍ തുടരുന്നു. കൂടുതല്‍ കൂടുതല്‍  നടുക്കുന്ന വാര്‍ത്തകള്‍ പുറത്തുവരുന്നു. 

കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികന്റെ ഭാര്യയാണ് അതിക്രമത്തിനിരയായവരില്‍ ഒരാള്‍. പൊലീസ് നോക്കിനില്‍ക്കേയായിരുന്നു ഈ ഹീനകൃത്യം നടന്നതെന്ന് അതിക്രമത്തിനിരയായ യുവതി പറയുന്നു. പൊലീസും അക്രമികള്‍ക്കു മുന്നില്‍ നോക്കിനിന്നുവെന്ന് ആള്‍ക്കൂട്ടം ബന്ധിയാക്കിയിരുന്ന സംഭവത്തിന്  ദൃക്സാക്ഷിയാകേണ്ടി വന്ന അവരുടെ ഭര്‍ത്താവും പറയുന്നു. കൂടുതല്‍ സ്ത്രീകള്‍ അതിക്രമം നേരിട്ടുവെന്നും അവര്‍ പറഞ്ഞു. കൂട്ടബലാല്‍സംഘം ചെയ്യപ്പെട്ട പെണ്‍കുട്ടി പിന്നീട് പ്രദേശത്തേക്കു തിരിച്ചുവന്നില്ല. അവരെ സംരക്ഷിക്കാന്‍ ശ്രമിച്ച പിതാവിനെയും സഹോദരനെയും സ്ഥലത്തു വച്ചു തന്നെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയിരുന്നു. സൈനികനും ഭാര്യയും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ  പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ല.   ഇന്‍റര്‍െനറ്റ് വിച്ഛേദിച്ചിരുന്നതിനാല്‍ പുറംലോകത്തേക്ക് ദൃശ്യങ്ങളും വാര്‍ത്തയുമെത്തുന്നത് 77 ദിവസം കഴിഞ്ഞാണ്.  മെയ് മാസത്തില്‍ തന്നെ പരാതി കിട്ടിയ പൊലീസ് ലോകം മുഴുവന്‍ ഈ ദൃശ്യങ്ങള്‍ കാണുന്നതു വരെ ഒരു നടപടിയുമെടുക്കാന്‍ തയാറായില്ല.  ബി.ജെ.പി. ഭരിക്കുന്ന മണിപ്പുരിലെ പൊലീസ് അനങ്ങിയില്ലെന്നു മാത്രമല്ല.  വാര്‍ത്ത പുറത്തു വന്നപ്പോഴും   ബി.ജെ.പി. മുഖ്യമന്ത്രി ബിരേന്‍ സിങ്  ന്യായീകരിക്കാന്‍ ധൈര്യം കാണിച്ചു

ഈ സംഭവം എന്തുകൊണ്ട് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടില്ലെന്ന ചോദ്യത്തിനാണ് സമാനമായ നൂറുകണക്കിന് സംഭവങ്ങള്‍ ഇവിടെ നടന്നിട്ടുണ്ടെന്ന് ബിരേന്‍ സിങ് മറുപടി പറഞ്ഞത്. അതുകൊണ്ടാണ് ഇന്റര്‍നെറ്റ് വിച്ഛേദിച്ചതെന്നും ഇപ്പോള്‍ വീഡിയോ പുറത്തു വന്നതാണ് പ്രശ്നമായതെന്നുമായിരുന്നു മറുപടി. എങ്കിലും താന്‍ സംഭവത്തെ അപലപിച്ചിട്ടുണ്ടെന്നും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യത്തില്‍ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി ഔദാര്യപ്പെടുന്നു.  രണ്ടു മാസം മുന്‍പ് എഫ്.ഐ.ആര്‍. റജിസ്റ്റര്‍ ചെയ്ത സംഭവത്തിലാണ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുടെ ന്യായീകരണം. പ്രധാനമന്ത്രിയാകട്ടെ മണിപ്പൂരില്‍ ഒരക്ഷരം മിണ്ടാതെ രണ്ടരമാസം പിടിച്ചു നിന്നു. ഒടുവില്‍ ലോകം നടുങ്ങുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചു തുടങ്ങിയപ്പോള്‍ രണ്ടു വാക്ക് പറഞ്ഞു.  ഒടുവില്‍ പ്രധാനമന്ത്രി നിശബ്ദത വെടിഞ്ഞപ്പോള്‍ രാജ്യത്തിനുണ്ടായത് ആശ്വാസമാണോ? അവിശ്വാസമാണോ? ഇന്ന് ഞാന്‍ ഹൃദയം നിറയെ  രോഷത്തോടെയും വേദനയോടെയുമാണ് പാര്‍ലമെന്റിന് മുന്നില്‍ നില്‍ക്കുന്നത് എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.  മണിപ്പൂരില്‍ നടക്കുന്നതെന്താണെന്ന് ഇപ്പോഴാണ് അറിഞ്ഞതെന്നാണോ പ്രധാനമന്ത്രി പറയുന്നത്? ബി.ജെ.പി. ഭരിക്കുന്ന മണിപ്പൂരില്‍ പൊലീസറിഞ്ഞ, ബി.ജെ.പിയുടെ മുഖ്യമന്ത്രിയറിഞ്ഞ,  ബി.ജെ.പി. നിയോഗിച്ച ദേശീയ വനിതാകമ്മിഷനറിഞ്ഞ ഹീനകൃത്യം സമൂഹമാധ്യമങ്ങളിലൂടെയാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി അറിഞ്ഞതെന്നോ?  എങ്കില്‍  രാജ്യത്തിന്റെ പ്രധാനമന്ത്രി  സ്വന്തം പദവിയോട് എന്തുത്തരവാദിത്തമാണ് പുലര്‍ത്തുന്നത്?

സംസ്ഥാനം കത്തിത്തുടങ്ങി  79ാം ദിവസമാണ് മണിപ്പൂരില്‍ എന്തോ സംഭവിക്കുന്നുവെന്നറിഞ്ഞത് എന്നു തോന്നും പ്രധാനമന്ത്രിയുടെ ഞെട്ടല്‍ കണ്ടാല്‍. മലയാള മനോരമ  തന്നെ  ഇത് നേരത്തെ റിപ്പോര്‍ട്ട് ചെയ്തതാണ്. ജൂണ്‍ ഏഴിനു മലയാള മനോരമ റിപ്പോര്‍ട്ടര്‍ ജാവേദ് പര്‍വേശ് മണിപ്പൂരില്‍ നിന്നു പുറത്തുകൊണ്ടു വന്ന റിപ്പോര്‍ട്ടില്‍ അതിക്രമത്തിനിരയായ  സ്ത്രീയുെട ബന്ധു  ഇക്കാര്യങ്ങള്‍ തുറന്നു പറയുന്നുണ്ട്.  ആ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതു രണ്ടു മാസം മുന്‍പാണെന്നോര്‍ക്കണം. മെയ് നാലിനു നടന്ന സംഭവത്തില്‍ പരാതി മെയ് 18ന് ഗ്രാമത്തലവന്‍ പൊലീസില്‍ പരാതി നല്‍കി. പക്ഷേ പൊലീസ് കേസെടുത്തത് ജൂണ്‍ 21ന്. പൊലീസ് തന്നെ ദൃക്സാക്ഷികളായ സംഭവത്തില്‍ അറസ്റ്റ് ചെയ്യാന്‍ തയാറായത് ജൂലൈ 19ന് ദൃശ്യങ്ങള്‍ പുറത്തു വന്ന് രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നതിനു ശേഷം മാത്രം. ജൂൺ 12ന് ദേശീയ വനിതാകമ്മിഷന്‍  അധ്യക്ഷ രേഖ ശർമയ്ക്കുൾപ്പെടെ ഇ-മെയിൽ വഴി പരാതി നൽകിയിട്ടും ഒരു മറുപടിയും ലഭിച്ചില്ലെന്നും അതിക്രമം നേരിട്ടവര്‍ പറയുന്നു.  ഒടുവില്‍ ദൃശ്യങ്ങള്‍ പുറത്തു വന്നപ്പോള്‍ എല്ലായിടത്തും ഞെട്ടലോടു ഞെട്ടല്‍.   മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും പ്രതികരിച്ചതും ഈ ദൃശ്യങ്ങള്‍ പുറത്തു വന്നതുകൊണ്ടു മാത്രം. മണിപ്പൂരില്‍ നേരിട്ടെത്തി ജനങ്ങളെ കണ്ട എല്ലാവരും അറിഞ്ഞ കാര്യം രണ്ടരമാസത്തിനു ശേഷമാണ് നാടു ഭരിക്കുന്നവര്‍ അറിയുന്നതെങ്കില്‍ അത് അപഹാസ്യമാണ്. 

ഭരണകൂടം അറിയാതിരുന്നതുകൊണ്ടല്ല, പ്രതികരിക്കേണ്ടി വന്നതെന്ന് രാജ്യത്തിന് നന്നായി മനസിലാകും. ആ ദൃശ്യങ്ങള്‍ പുറത്തു വന്നതുകൊണ്ടു മാത്രമാണ്. ഇനിയും നിസംഗത ഭാവിക്കാനാകാത്ത നിവൃത്തികേടു കൊണ്ടു മാത്രമാണ്. അറിയാതിരുന്നതെങ്കില്‍ അത് അറിയേണ്ടെന്നു തീരുമാനിച്ചതുകൊണ്ടു മാത്രമാണ്. കാണാതിരുന്നെങ്കില്‍ അത് കാണേണ്ടെന്നു നിശ്ചയിച്ചുറപ്പിച്ചതുകൊണ്ടുമാത്രമാണ്. ഇപ്പോള്‍ ലോകത്തിനു മുന്നില്‍ നാണക്കേടായതുകൊണ്ടു മാത്രമാണ് മൗനം വെടിയേണ്ടി വന്നത്. മണിപ്പൂരില്‍ നടന്നുകൊണ്ടിരിക്കുന്നത് ഭീകരമായ വംശഹത്യയാണെന്ന് ഈ രാജ്യത്ത് കേള്‍ക്കാന്‍ മനസുണ്ടായിരുന്നവരെല്ലാം അറിഞ്ഞിരുന്നു. മണിപ്പൂര്‍ കലാപത്തില്‍ 142 പേര്‍ കൊല്ലപ്പെട്ടുവെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചിട്ടും ദിവസങ്ങളേറെയായി. അതിനു ശേഷവും ആളുകള്‍ കൊല്ലപ്പെട്ടുകൊണ്ടേയിരിക്കുന്നു. ആക്രമിക്കപ്പെടുകയും അഗ്നിക്കിരയാക്കപ്പെടുകയും ചെയ്യുന്നു. ഇത്രയും അരാജകത്വം നിറഞ്ഞ അരക്ഷിതാവസ്ഥയില്‍ സ്ത്രീകള്‍ അനുഭവിക്കുന്നതെന്തായിരിക്കുമെന്നാണ് നമ്മുടെ ഭരണകൂടങ്ങള്‍ പ്രതീക്ഷിച്ചത്? പൂര്‍ണസുരക്ഷിതരായി സംരക്ഷിക്കപ്പെടുകയാണെന്നായിരുന്നോ പ്രതീക്ഷ? കലാപകാലത്ത് ആണ്‍കോയ്മയുടെ ഭൂരിപക്ഷരാഷ്ട്രീയം സ്ത്രീകളോട് എന്താണ് ചെയ്യുന്നതെന്ന് ഗുജറാത്ത് കലാപകാലത്തും രാജ്യം കണ്ടതാണ്. അപൂര്‍വമായി നിയമത്തിനു മുന്നിലെത്തി, ശിക്ഷിക്കപ്പെട്ട ആ മനുഷ്യത്വഹീനരോട് ബി.ജെ.പിയുടെ രാഷ്ട്രീയസമീപനം എന്തായിരുന്നുവെന്ന് ബില്‍ക്കീസ് ബാനു കേസില്‍ ശിക്ഷായിളവ് നല്‍കാനുള്ള വെമ്പലില്‍ നിന്ന്  രാജ്യം ഇപ്പോള്‍ കണ്ടു കൊണ്ടിരിക്കുകയുമാണ്.  അതുകൊണ്ട് രോഷവും വേദനയും അല്‍പം കുറയ്ക്കാം. നാണക്കേടു തോന്നേണ്ടത് കലാപകാരികളുടെ ക്രൂരത ഓര്‍ത്തു മാത്രമല്ല, അതിനു കൂട്ടുനിന്ന , മൗനാനുവാദം നല്‍കിയ ഭരണകൂടരാഷ്ട്രീയത്തിന്റെ അധമത്വം ഓര്‍ത്താണ്. മണിപ്പൂരിലെ രാഷ്ട്രീയതാല്‍പര്യം മനസില്‍വച്ച്  ബി.ജെ.പി സര്‍ക്കാര്‍ മനഃപൂര്‍വം നിഷ്ക്രിയത്വം പുലര്‍ത്തുകയോ കൂട്ടുനില്‍ക്കുകയോ ആണ്. മനുഷ്യനന്‍മയുടെ മാഹാത്മ്യം പാടും മുന്‍പ് ഭരണകൂടരാഷ്ട്രീയം മണിപ്പൂരിനോടു ചെയ്യുന്നതെന്താണെന്ന് കേന്ദ്ര–സംസ്ഥാനസര്‍ക്കാരുകള്‍ മറുപടി പറയണം. 

സോട്ട് (മോദി, ഈ കുറ്റകൃത്യത്തിന് മാപ്പില്ല, രാജസ്ഥാനിലോ, ചത്തീസ്ഗഡിലോ ആകട്ടെ മുഖ്യമന്ത്രിമാര്‍ നടപടിയെടുക്കണം ) ഈയൊരൊറ്റ വാചകത്തില്‍ ഒരു രാഷ്്ട്രീയമനോഭാവമുണ്ട്. എല്ലാ മുഖ്യമന്ത്രിമാരോടും അഭ്യര്‍ഥിക്കുന്നുവെന്ന്. മറ്റു പലയിടത്തും സമാനസംഭവങ്ങള്‍ നടന്നിട്ടുണ്ടെന്ന്. ഒരു ഹീനകൃത്യത്തോട് പ്രതികരിക്കുമ്പോള്‍ ആദ്യമായല്ലല്ലോ എന്നു പറയാന്‍ തോന്നുന്നുവെങ്കില്‍ അതില്‍ ആര്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് പ്രത്യേകം പറയേണ്ടതില്ല. ‍ ഇത് നാണക്കേടിന്റെ മാത്രം  പ്രശ്നവുമല്ല. പുരുഷാധിപത്യരാഷ്ട്രീയത്തിന്റെ മാനക്കേടുകളുടെ ഭാരം സഹിക്കേണ്ടവരല്ല നമ്മുടെ രാജ്യത്തെ  സ്ത്രീകള്‍. അവരനുഭവിക്കുന്ന, അനുഭവിച്ചുകൊണ്ടേയിരിക്കുന്ന  ആഘാതത്തേക്കാള്‍ വലുതല്ല രാജ്യത്തിന്റെ നാണക്കേട്. ആ വലിപ്പത്തില്‍ ചിന്തിക്കാന്‍ ഭരണാധികാരികള്‍ക്കു കഴിഞ്ഞാല്‍ ഒരു കലാപവും ഒറ്റനാള്‍ക്കപ്പുറത്തേക്കു നീണ്ടു പോകില്ല. പരസ്യമായി കൂട്ടബലാല്‍സംഘം ചെയ്ത ആള്‍ക്കൂട്ടം രണ്ടരമാസം ഇരകള്‍ക്കു മുന്നിലൂടെ സ്വതന്ത്രരായി വിഹരിക്കില്ല.  പ്രധാനമന്ത്രി പറഞ്ഞതു തന്നെയാണ് രാജ്യത്തിനും പറയാനുള്ളത്. ഈ അതിക്രമം ചെയ്തവര്‍ക്കു മാത്രമല്ല, അതിനു വഴിയൊരുക്കിയവര്‍ക്കും മാപ്പില്ല. നിസംഗമായി കണ്ടു നിന്നവര്‍ക്കും മാപ്പില്ല. അവഗണിച്ചവര്‍ക്ക്, രാഷ്ട്രീയതാല്‍പര്യം മാത്രം നോക്കി പക്ഷം പിടിച്ചവര്‍ക്ക്, ആളിക്കത്തിച്ചവര്‍ക്ക്, ആര്‍ക്കും മാപ്പില്ല. ഉണ്ടാകരുത്. അപമാനിക്കപ്പെട്ട സ്ത്രീകള്‍ക്കു മാത്രമല്ല, ക്രൂരമായി കൊല ചെയ്യപ്പെട്ടവര്‍ക്കുമുണ്ടായിരുന്നു അന്തസ്, അഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം. ആ അവകാശം നിഷേധിക്കപ്പെട്ടാണ് ഇപ്പോള്‍ മണിപ്പുരികള്‍ ജീവിക്കുന്നത്. ഈ കലാപം ഇങ്ങനെ തുടരാന്‍ അനുവദിക്കുന്ന ഓരോ നിമിഷവും കുറ്റക്കാര്‍ ഭരണകൂടമാണ്. രണ്ടരമാസം പിന്നിട്ട കലാപം അവസാനിപ്പിക്കാന്‍ സുപ്രീംകോടതി ഇടപെടേണ്ടി വരുന്ന ഒരു രാജ്യം ആരാണ് ഭരിക്കുന്നത്? 

കലാപം തുടര്‍ന്ന രണ്ടരമാസത്തിനിടെ പലവട്ടം ഹര്‍ജികള്‍ കോടതികളിലുമെത്തിയിരുന്നു. പക്ഷേ സര്‍ക്കാര്‍ പരിഹരിക്കട്ടെ എന്ന നിലപാട് നീതിപീഠങ്ങള്‍ സ്വീകരിച്ചു. ഒടുവില്‍ സ്ത്രീകളെ നഗ്നരായി അപമാനിക്കുന്ന ദൃശ്യങ്ങള്‍ പുറത്തെത്തിയതോടെ സുപ്രീംകോടതി സ്വമേധയാ ഇടപെട്ടു.  ചീഫ് ജസ്റ്റിസ് കേന്ദ്രസര്‍ക്കാരിനെ നിര്‍ത്തിപ്പൊരിച്ചു. സര്‍ക്കാര്‍ നടപടി എടുത്തില്ലെങ്കില്‍ കോടതി ഇടപെടുമെന്നു മുന്നറിയിപ്പു നല്‍കി. കോടതി ഇടപെട്ടതിനു ശേഷം മാത്രമാണ് മണിപ്പുരില്‍ പൊലീസ് ഈ ഹീനകൃത്യം ചെയ്ത് സ്വതന്ത്രരായി വിഹരിക്കുകയായിരുന്ന അക്രമികളെ തേടിയിറങ്ങിയത്. 

മണിപ്പുര്‍ കലാപം പോലൊരു അനീതി തുടര്‍ന്നുകൊണ്ടേയിരിക്കുമ്പോള്‍ പാര്‍ലമെന്റില്‍ ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷം ആവശ്യപ്പെടേണ്ട സാഹചര്യം പോലുമുണ്ടാകരുതാത്തതാണ്. സര്‍ക്കാര്‍ സ്വമേധയാ വിഷയം അവതരിപ്പിക്കാന്‍ തയാറാകേണ്ടതാണ്.  പക്ഷേ പാര്‍ലമെന്റിനു പുറത്ത് പ്രധാനമന്ത്രി ഞെട്ടിയിട്ടും അകത്ത് അദ്ദേഹത്തിന്റെ സര്‍ക്കാരിന് ആ ഞെട്ടലില്ല. തൊടുന്യായങ്ങള്‍ പറഞ്ഞും ഉപാധികള്‍ മുന്നോട്ടു വച്ചും പാര്‍ലമെന്റില്‍ മണിപ്പുര്‍ ചര്‍ച്ച ചെയ്യാതിരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പരിശ്രമിച്ചത്.  പരിഹരിക്കണമെന്ന് കേന്ദ്ര–സംസ്ഥാനസര്‍ക്കാരുകള്‍ തീരുമാനിച്ചാല്‍ മണിപ്പൂര്‍ കലാപം ഇന്നവസാനിക്കും. ഇരട്ട എന്‍ജിന്‍ സര്‍ക്കാരെന്ന ബി.ജെ.പി. മോഹനവാഗ്ദാനത്തിന്റെ  ഭയാനകമായ വശം കൂടിയാണ് മണിപ്പൂരില്‍ നമ്മള്‍ കാണുന്നത്. ബി.ജെ.പിയുടെ രാഷ്ട്രീയതാല്‍പര്യങ്ങള്‍ കൂടിയാണ് രണ്ടരമാസമായി മണിപ്പൂരിലെ കലാപത്തിനു പിന്നില്‍ പുകയുന്നതെന്ന് രാഷ്ട്രീയനിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. മണിപ്പൂരില്‍ ഇതുവരെ ബി.െജ.പി. നേതൃത്വം കാണിച്ച നിസംഗതയുടെയും പുലര്‍ത്തിയ നിശബ്ദതയുടെയും പേരിലാണ് രാജ്യം തലകുനിക്കേണ്ടത്.  പ്രധാനമന്ത്രി ഇപ്പോഴും ആകെ പ്രതികരിച്ചിരിക്കുന്നത് മണിപ്പൂരില്‍ നിന്നു പുറത്തു വന്ന സ്ത്രീകളുടെ വീഡിയോയില്‍ മാത്രമാണ്. മണിപ്പൂര്‍ പ്രശ്നത്തെക്കുറിച്ചല്ല. മണിപ്പുരില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതില്‍ കേന്ദ്രീകരിച്ച് അദ്ദേഹം സംസാരിച്ചിട്ടില്ല. മണിപ്പൂരില്‍ ഇതിനോടകം കൊല്ലപ്പെട്ട നൂറ്റമ്പതോളം മനുഷ്യരെക്കുറിച്ചും അദ്ദേഹം വേദന പ്രകടിപ്പിച്ചിട്ടില്ല. വീടു കത്തിയമര്‍ന്ന് പലായനം ചെയ്യേണ്ടി വന്ന ആയിരങ്ങളെക്കുറിച്ച് മിണ്ടിയിട്ടില്ല. അരക്ഷിതാവസ്ഥയില്‍ ആശങ്കയോടെയും അതുണ്ടാക്കുന്ന പകയോടെയും ജീവിക്കുന്ന ലക്ഷങ്ങളെക്കുറിച്ച് സംസാരിച്ചിട്ടില്ല. മണിപ്പൂര്‍ സംസാരിക്കുമ്പോഴും രാജസ്ഥാനും ഛത്തിസ്ഗഢുമൊക്കെ കടന്നു വരുന്നത് എത്രമാത്രം സങ്കുചിതമായാണ് മണിപ്പൂര്‍ കലാപത്തെ ഭറണകൂടരാഷ്ട്രീയം ഇപ്പോഴും കാണുന്നത് എന്നതിന്റെ തെളിവാണ്. 

പ്രധാനമന്ത്രിയും വനിതാക്ഷേമവകുപ്പ് മന്ത്രി സ്മൃതി ഇറാനിയും മണിപ്പൂരിനെ പ്രതിരോധിക്കാന്‍ എടുത്തിടുന്ന രാജസ്ഥാനും ചത്തിസ്ഗറും മാസങ്ങള്‍ക്കുള്ളില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളാണെന്നു കൂടി ഓര്‍ക്കുമ്പോഴാണ് മണിപ്പൂരിെന പ്രതിരോധിക്കാന്‍ ബി.ജെ.പി. കാണിക്കുന്ന രാഷ്ട്രീയബുദ്ധി വ്യക്തമാകുക. രണ്ടും നിലവില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍. ഉത്തര്‍പ്രദേശിലോ മധ്യപ്രദേശിലോ അടുത്തിടെ നടന്ന ഒരു അതിക്രമവും പ്രധാനമന്ത്രിക്കും വനിതാക്ഷേമമന്ത്രിക്കും എടുത്തു പറയാനില്ല. പക്ഷേ രാജസ്ഥാനും ചത്തിസ്ഗഢും മാത്രം ഓര്‍മയിലുണ്ട്.   ജൂലൈ 16ന് ജോധ്പൂരിലെ യൂണിവേഴ്സിറ്റി ക്യാംപസില്‍ ഒരു ദളിത് പെണ്‍കുട്ടിയെ മൂന്നു പേര്‍ കൂട്ടബലാല്‍സംഘം ചെയ്ത  സംഭവത്തില്‍ പക്ഷേ രണ്ടു മണിക്കൂറിനകം മൂന്നു പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്ത്രീകളുടെ അന്തസിനെക്കുറിച്ച് വിലപിക്കുന്ന പ്രധാനമന്ത്രിയുടെ പാര്‍ട്ടി ഭരിക്കുന്ന മണിപ്പൂരില്‍ അക്രമികള്‍ക്കെതിരെ നടപടിയെടുക്കാന്‍ 77 ദിവസം വേണ്ടിവന്നതെന്തുകൊണ്ടാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ചോദ്യമുന്നയിക്കുന്നു. പക്ഷേ മണിപ്പുരിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനു പകരം രാജസ്ഥാനിലെ സംഭവങ്ങളില്‍ സ്വയം വിമര്‍ശനം വേണമെന്നു പറഞ്ഞ സ്വന്തം മന്ത്രിസഭാംഗത്തെ മണിക്കൂറുകള്‍ക്കുള്ളില്‍ പുറത്താക്കി ഗെലോട്ട് ജനാധിപത്യസഹിഷ്ണുത തെളിയിക്കുകയും ചെയ്തത് തൊട്ടു പിന്നാലെ. തുടര്‍ന്ന് രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറിയും തുടങ്ങിക്കഴിഞ്ഞു. തീര്‍ത്തും സമാധാനജീവിതം നയിക്കുന്ന ചത്തിസ്ഗഢിനെ മണിപ്പൂരുമായി താരതമ്യം ചെയ്യാന്‍ പ്രധാനമന്ത്രിക്കെങ്ങനെ കഴിയുന്നുവെന്നാണ് 

അവിടുത്തെ മുഖ്യമന്ത്രി ഭൂപേഷ് ബാഗലും ചോദ്യമുന്നയിച്ചത്. 

മണിപ്പൂര്‍ പരിഹരിക്കാനുള്ള ആത്മാര്‍ഥതയല്ല, രാഷ്ട്രീയമായ കുല്‍സിതബുദ്ധി മാത്രമാണ് ബി.ജെ.പി. പാര്‍ലമെന്റിലും പുറത്തും ഇപ്പോഴും പ്രകടിപ്പിക്കുന്നത്. ഇംഫാലില്‍ കലാപം തുടരുന്നു. തൊട്ടടുത്ത മിസോറമിലും നാഗാലാന്‍ഡിലും അനുരണനങ്ങള്‍ പടരുന്നു. അസ്വസ്ഥത ആളിക്കത്തിത്തുടങ്ങുന്നു. ഒരു കലാപം പരിധികളില്ലാതെ പടരട്ടെ എന്നു ഭരണാധികാരം ആദ്യം നോക്കിനിന്നാല്‍ പിന്നെ നിയന്തിക്കണമെന്നു തീരുമാനിക്കുമ്പോള്‍ പോലും നിയന്ത്രണത്തിലാവില്ലെന്നു ചരിത്രം പറയുന്നു. ഏതു കലാപകാലത്തും ഏറ്റവും കൂടുതല്‍ ഇരകളാകുന്നത് സ്ത്രീകളാണ്. കുട്ടികളാണ്. മെയ്തെയി– കുക്കി വിഭാഗക്കാര്‍ തമ്മില്‍ തുടങ്ങിയ മണിപ്പുര്‍ സംഘര്‍ഷം ഇപ്പോള്‍ ഏകപക്ഷീയ കുക്കി–വംശഹത്യയിലേക്കാണ് നീങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകളില്‍ നിന്നു വ്യക്തമാകുന്നു. ഭൂരിപക്ഷത്തിന്റെ അതിക്രമങ്ങള്‍ക്കു നേരെയാണ് നേരെയാണ് ബിരേന്‍സിങ് സര്‍ക്കാര്‍ കണ്ണടച്ചു പിടിച്ചിരിക്കുന്നത്. ഉള്ളറിഞ്ഞ പരിഹാരശ്രമങ്ങള്‍ക്കല്ലാതെ ഇനി പഴയ മണിപ്പുരിനെ വീണ്ടെടുക്കാനാകില്ലെന്നറിയാത്തവരല്ല, പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും. പ്രതിപക്ഷത്തിന്റെ പുതിയ കൂട്ടായ്മയായ ഇന്ത്യ ശക്തമായി പാര്‍ലമെന്റില്‍ പ്രതികരിക്കുന്നുണ്ട്. പക്ഷേ ഇനിയൊരിക്കലും മായ്ക്കാനാകാത്ത ഹീനചിത്രങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കലാപകാലത്ത് സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കുന്ന ശബ്ദമാകാന്‍ ഇപ്പോഴും പ്രതിപക്ഷത്തിനു കഴിയുന്നുണ്ടെന്ന് പറയാനാവില്ല. മണിപ്പുരിനു വേണ്ടി രാജ്യമൊന്നാകെ  ഒന്നിച്ചു നില്‍ക്കേണ്ട സാഹചര്യമാണ് മുന്നിലുള്ളത്. 

മണിപ്പൂരില്‍ രണ്ടുമാസമായി നടന്ന വംശീയ കലാപമാണ് ഭരണകൂടത്തെ ഞെട്ടിക്കേണ്ടിയിരുന്നത്.  ഇതുവരെ  പ്രധാനമന്ത്രി പുലര്‍ത്തിയ മൗനം രാജ്യത്തിനു നാണക്കേടായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ നിസംഗത നാണക്കേടായിരുന്നു. സംസ്ഥാനസര്‍ക്കാരിന്റെ ഒത്താശ നാണക്കേടായിരുന്നു. ആ നാണക്കേടെല്ലാം ചേര്‍ന്നാണ് മണിപ്പൂരിലെ മനുഷ്യരെ രണ്ടരമാസമായി തമ്മില്‍ കൊല്ലിച്ചത്, അപമാനിച്ചത്.  ആത്മാര്‍ഥതയില്ലാത്ത പ്രതികരണങ്ങളും ഇനി രാജ്യത്തിന് നാണക്കേടാകരുത്. തമ്മില്‍ തല്ലാനും കൊല്ലാനും സ്ത്രീകളെ അപമാനിക്കാനും പ്രേരിപ്പിക്കുന്ന അവസരവാദനിസംഗത  ജനങ്ങള്‍ തന്നെ തിരിച്ചറിയണം. ചെറുക്കണം. ഗത്യന്തരമില്ലാതെ കണ്ണും കാതും തുറക്കുന്ന സെലക്റ്റീവ് മനഃസാക്ഷിക്ക് മണിപ്പൂരിനെയും മനുഷ്യരെയും രക്ഷിക്കാനാകില്ല.  പരിഹരിക്കണമെന്നു പ്രധാനമന്ത്രി തീരുമാനിച്ചാല്‍ മണിപ്പൂരിലെ കലാപം അവസാനിക്കുമെന്നു രാജ്യത്തെ മനുഷ്യര്‍ക്കറിയാം. പ്രധാനമന്ത്രിയുടെ ഞെട്ടല്‍ കേള്‍ക്കാനല്ല രാജ്യം കാത്തിരിക്കുന്നത്. മണിപ്പൂര്‍ പ്രശ്നപരിഹാരത്തിനാണ്. 

MORE IN PARAYATHE VAYYA
SHOW MORE