സിവില്‍ കോഡ് സിപിഎം ‘ആവേശക്കമ്മിറ്റി’; ധ്രുവീകരണം വിളിച്ചുവരുത്തുന്ന വഴി

PARAYATHE-VAYYA
SHARE

ഏകസിവില്‍ കോഡില്‍ സി.പി.എമ്മിന് ആത്മാര്‍ഥതയില്ലെന്ന് ശക്തമായ വിമര്‍ശനം. തെറ്റായ പ്രചാരണമാണ്. സിവില്‍കോഡില്‍ സി.പി.എമ്മിനുള്ളത്ര ആത്മാര്‍ഥത തല്‍ക്കാലം കേരളത്തില്‍ ആര്‍ക്കുമില്ല. സിവില്‍കോഡിന്റെ പേരില്‍ ഒരിത്തിരി വോട്ടുകള്‍ ധ്രുവീകരിച്ചു കിട്ടിയാല്‍ അത് പാഴാക്കില്ലെന്ന നിശ്ചയദാര്‍ഢ്യത്തോടെ, അങ്ങേയറ്റം ആത്മാര്‍ഥതയോടെയാണ് സി.പി.എം മുന്നോട്ടു പോകുന്നത്. ആ ആത്മാര്‍ഥത സ്വന്തം മുന്നണിയെപ്പോലും ബോധ്യപ്പെടുത്താന്‍ മിനക്കെടാതെ ചാടിയിറങ്ങി ചെറിയ പരിക്കൊക്കെ പറ്റിയെങ്കിലും സി.പി.എമ്മിന്റെ ആത്മാര്‍ഥത ആരും ചോദ്യം ചെയ്യരുത്. 

 അങ്ങനെ ആത്മാര്‍ഥതയുടെ ഉല്‍ഘാടനം ആവേശത്തോടെ നടന്നു. കോഴിക്കോടു നടത്തിയ ആദ്യദേശീയ സെമിനാറില്‍ സി.പി.എം ജനറല്‍ സെക്രട്ടറിയും പാര്‍ട്ടി നേതാക്കളും സമസ്തയും മറ്റു ക്ഷണിതാക്കളും ഗൗരവത്തോടെ വിഷയം ചര്‍ച്ച  ചെയ്തു.  വിവിധ ആശയധാരകള്‍ പുലര്‍ത്തുന്ന മുസ്‍ലിംസംഘടനകളെ ഒരേ വേദിയില്‍ എത്തിക്കാനായത് സെമിനാറിന്റെ നേട്ടമായി.  ഇനിയും രാജ്യവ്യാപകമായി സെമിനാറുകള്‍ തുടരും. ജൂണ്‍ 27നാണ് പ്രധാനമന്ത്രി വീണ്ടും സിവില്‍കോഡ് തുറന്നു വിട്ടത്. 20 ദിവസത്തിനുള്ളില്‍ സെമിനാര്‍ നടത്താനായത് സി.പി.എമ്മിന്റെ രാഷ്ട്രീയ നേട്ടമാണ്. ലീഗിനെയും സമസ്തയെയുമൊക്കെ സെമിനാറിലേക്ക് ക്ഷണിചിരുന്നു. കാര്യമായ ആലോചനകള്‍ നടത്തിയ ശേഷം മുസ്‍ലിംലീഗ് ക്ഷണം നിരസിക്കുന്നു. ലീഗിനെക്കൊണ്ട് കുറച്ചു ദിവസം ആലോചിപ്പിക്കാനായി എന്നതു പോലും സി.പി.എമ്മിന് രാഷ്ട്രീയലാഭമാണ്. 

ഇത്രയും ആത്മാര്‍ഥതയോടെ ഇത്ര വേഗത്തില്‍ ഏകസിവില്‍കോഡ് ചര്‍ച്ചയാക്കിയ മറ്റൊരു പാര്‍ട്ടിയില്ല. എന്നിട്ടും എല്ലാവരും സി.പി.എമ്മിന്റെ ആത്മാര്‍ഥയെ സംശയിക്കുന്നു. വളരെ ആവേശത്തോടെ ഒരു രാഷ്ട്രീയസാധ്യത മുന്നില്‍ കണ്ട് മുതലെടുക്കാന്‍ ഇറങ്ങിത്തിരിക്കുമ്പോള്‍ ഇങ്ങനെ പെരുമാറുന്നത്  എന്തൊരു കഷ്ടമാണ്. ബി.ജെ.പി.യ്ക്കെതിരെ ഉരുത്തിരിയുന്ന  വികാരത്തിന്റെ അവകാശികള്‍ ഞങ്ങളാണ് എന്നു പറയാനാണ് സി.പി.എമ്മിന്റെ പെടാപ്പാട്. അതങ്ങനെ തന്നെ തുറന്നു കാണിക്കണമെന്ന് സ്വന്തം മുന്നണിയിലുള്ളവര്‍ പോലും വാശിപിടിക്കുന്നതാണ് മനസിലാകാത്തത്.  സിവില്‍കോഡ് ഏകീകരിക്കുമെന്നു പറയപ്പെടുന്ന വ്യക്തിനിയമങ്ങള്‍ പരിഷ്കരിക്കണമെന്നു തന്നെയാണ് സി.പി.എമ്മിന്റെ പ്രഖ്യാപിത നിലപാട്. അതില്‍ സമസ്തയ്ക്കു സംശയമുണ്ട്. സെമിനാറില്‍ പങ്കെടുക്കുമ്പോഴും ആ സംശയം ഒരു വിഭാഗം ഉയര്‍ത്തിപ്പിടിക്കുന്നു. 

മുസ്‍ലിംവിഭാഗത്തെ ബാധിക്കുന്ന അടിസ്ഥാനപ്രശ്നങ്ങളില്‍ നിന്നു തെന്നിമാറി വൈകാരികവിഷയങ്ങളില്‍ നിന്ന് നേട്ടമുണ്ടാക്കാന്‍ മാത്രമാണ് സി.പി.എമ്മിന്റെ ശ്രമമെന്ന വിമര്‍ശനം ഇവര്‍ ആവര്‍ത്തിക്കുന്നു. ലീഗാകട്ടെ ക്ഷണം നിരസിക്കുമ്പോള്‍ പോലും അത്ര കടുത്ത സംശയമൊന്നും സി.പി.എമ്മിനെതിരെ പ്രകടിപ്പിച്ചില്ല.  പക്ഷേ ലീഗിന് ഈ ക്ഷണം നിരസിക്കാന്‍ ആലോചിക്കേണ്ടി വന്നുവെന്നത് മുന്നണിരാഷ്ട്രീയത്തില്‍ സി.പി.എമ്മിന് നേട്ടമാണ്. ഇനിയുമുണ്ടല്ലോ സെമിനാര്‍, അപ്പോഴേക്കും മനസു മാറാമല്ലോ എന്ന് സി.പി.എമ്മിനും പ്രത്യാശയുണ്ട്.  മുസ്‍ലിം സ്ത്രീകളുടെ ഭാഗത്തു നിന്നേയല്ല സി.പി.എമ്മും ഈ പ്രശ്നങ്ങളെ സമീപിക്കുന്നതെന്നു ചൂണ്ടിക്കാണിക്കുന്നവരുണ്ട്.  എന്‍.ഡി.എയില്‍ ഇപ്പോഴും തുടരുന്ന നേതാവിനെക്കൂടി ഇരുത്തിയാണ് സി.പി.എം ബി.ജെ.പിക്കെതിരെ വികാരം ധ്രുവീകരിക്കുന്നത് എന്നതാണ് ആത്മാര്‍ഥത തെളിയിക്കുന്ന മറ്റൊരു ഘടകം

സി.പി.എം ഏകപക്ഷീയമായി ചാടിയിറങ്ങിയെന്ന ലീഗിനു വേണ്ടിയും വലവീശുന്നു എന്ന  ഫീലിങിലാണ് സി.പി.ഐ പോലും പറ്റുന്നതുപോലെയൊക്കെ അമര്‍ഷം പ്രകടിപ്പിച്ചത്.  ഒടുവില്‍ മുന്നണി കണ്‍വീനറുടെ അസാന്നിധ്യവും വിവാദമുയര്‍ത്തി. സ്വന്തം മുന്നണിയിലെ വിയോജിപ്പുകളല്ല, അപ്പുറത്തു നില്‍ക്കുന്ന മുസ്‍ലിം വോട്ടുകള്‍ മാത്രമാണ് ഉന്നമെന്നതിനാല്‍ അതൊന്നും സി.പി.എമ്മിന് പ്രശ്നമല്ല.  ഇ.പി.ജയരാജന്റെ പ്രശ്നം വ്യക്തിപരമാണെന്നാണ് പാര്‍ട്ടിയുടെ നിലപാട്. പക്ഷേ അദ്ദേഹം കേരളം ഭരിക്കുന്ന മുന്നണിയുടെ കണ്‍വീനറാണ്. ഭരണമുന്നണി കണ്‍വീനര്‍ പാര്‍ട്ടിയുമായി അകല്‍ച്ചയിലാണെന്ന് ഇനിയാരും തുറന്നു സമ്മതിക്കേണ്ട കാര്യമൊന്നുമില്ല. എന്തിന്റെ പേരിലാണ് അകല്‍ച്ച. മുന്നണി കണ്‍വീനറും പാര്‍ട്ടിയുമായുള്ള പ്രശ്നമെന്താണ്? 

ഇ.പി.ജയരാജന്‍ മുന്നണി കണ്‍വീനറാണ്. സെമിനാര്‍ സംഘടിപ്പിച്ചത് മുന്നണിയല്ല, സി.പി.എമ്മാണ്. ഇ.പി.പങ്കെടുക്കണമെന്ന് പാര്‍ട്ടി തീരുമാനിച്ചിട്ടില്ലെന്ന ഒറ്റ വാചകത്തില്‍ തീരേണ്ട പ്രശ്നം, അങ്ങനെ തീരുന്ന ഒന്നല്ലെന്ന് പുറത്തു വന്നത് സംസ്ഥാനസെക്രട്ടറിയുടെ വാക്കുകളില്‍ നിന്നു തന്നെയാണ്. പതിവു പോലെ പാര്‍ട്ടിസെക്രട്ടേയറ്റില്‍ പോലും പങ്കെടുക്കാതെ DYFI പരിപാടിക്കു പങ്കെടുക്കാന്‍ തിരുവനന്തപുരത്തെത്തിയ ഇ.പി.ജയരാജന്‍ മാധ്യമങ്ങളില്‍ വിവാദം കത്തിത്തീരുമ്പോള്‍ വന്ന് ഒരു പ്രശ്നവുമില്ലെന്ന് ഭാവിച്ചുകൊണ്ട് വിശദീകരണവുമായെത്തും.  സന്ദര്‍ഭത്തിനു ചേരുന്ന പഴഞ്ചൊല്ലുകള്‍ പ്രയോഗിക്കുന്നതില്‍ വൈദഗ്ധ്യമുള്ള എ.കെ.ബാലന്റെ വാക്കുകളില്‍ ഇ.പിക്കില്ലാത്ത വേദന ചോദ്യങ്ങളായി ഉയരേണ്ടതില്ല. 

എന്തായാലും ഇ.പി. സെമിനാറിനു വന്നില്ലെന്നതു കൊണ്ടു മാത്രം ഏകസിവില്‍കോഡില്‍ സി.പി.എമ്മില്‍ ഭിന്നതയെന്നൊക്കെ പറയുന്നത് കടന്ന കൈയാവും. ഇ.പി.ജയരാജന്റെ വ്യക്തിപരമായ പ്രശ്നം മാത്രമാണ് അദ്ദേഹം പ്രകടിപ്പിക്കുന്നതെന്നു വ്യക്തം.   ഏകസിവില്‍കോഡ് പ്രശ്നം രാഷ്ട്രീയവല്‍ക്കരിക്കുന്നതില്‍ സി.പി.എമ്മിന് ഏകമനസാണ്. ഒരു ഭിന്നതയുമില്ല. ഐക്യത്തിലും ആത്മാര്‍ഥതയിലും ആര്‍ക്കും സംശയം വേണ്ടെന്ന് പരിപാടിയും തെളിയിച്ചു.   പക്ഷേ  മാറ്റിനിര്‍ത്തുക മാത്രമല്ല, കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കിയും മുന്നേറുന്ന പ്രതിരോധത്തിന്റെ രാഷ്ട്രീയലക്ഷ്യം ആരും സംശയിക്കരുതെന്നു പറഞ്ഞാല്‍ ഇത്തിരി അതിമോഹമാണ്. കോണ്‍ഗ്രസിന് വ്യക്തയില്ലാത്തതുകൊണ്ട് വിളിച്ചില്ല, ഇനിയും വിളിക്കുകയുമില്ല. അപ്പോള്‍ സി.പി.എമ്മിന്റെ വ്യക്തതയോ? കഥയില്‍ ചോദ്യമില്ല എന്നാണുത്തരം. 

ഏകസിവില്‍ കോഡ് ചര്‍ച്ചകള്‍ ഇപ്പോള്‍ ബി.ജെ.പി ഉയര്‍ത്തിക്കൊണ്ടു വരുന്നത് ധ്രുവീകരണം മാത്രം ലക്ഷ്യമിട്ടാണെന്ന് ആര്‍ക്കുമറിയാം. ആ ധ്രുവീകരണ അജന്‍ഡയെ എങ്ങനെ നേരിടണമെന്നതില്‍ മാത്രമാണ് പ്രതിപക്ഷത്തിനിടയില്‍ ആശയക്കുഴപ്പം. കോണ്‍ഗ്രസ് സിവില്‍കോഡിനെതിരെ ഒരു പ്രത്യക്ഷസമരം പ്രഖ്യാപിക്കുകയെന്നതാണ് ബി.ജെ.പിക്ക് ഈ വിഷയത്തില്‍ ഇപ്പോള്‍ കിട്ടാവുന്ന ഏറ്റവും വലിയ നേട്ടം. കോണ്‍ഗ്രസ് ഒന്നു പ്രത്യക്ഷസമരത്തിനിറങ്ങിക്കിട്ടിയാല്‍ മതി ബി.ജെ.പിയുടെ അജന്‍ഡയുടെ ആദ്യഘട്ടം സമ്പൂര്‍ണവിജയമായി പ്രഖ്യാപിക്കാം.  പിന്നെ ധ്രുവീകരണം എളുപ്പമായി, ചര്‍ച്ചകള്‍ എളുപ്പമായി, തിരഞ്ഞെടുപ്പ് അതിലേറെ എളുപ്പമാകുമെന്നതാണ് ആനുകാലിക ദേശീയ രാഷ്ട്രീയസാഹചര്യം. കോണ്‍ഗ്രസിന്റെ നിലവിലെ അവസ്ഥ കാരണം കാര്യക്ഷമമായ ഒരു പ്രതികരണം പോലും നടത്താന്‍ പാര്‍ട്ടിക്കാകുന്നില്ലെന്നത് സഹതാപാര്‍ഹമായ യാഥാര്‍ഥ്യം.നിലപാടില്ലായ്മയുടെ പേരില്‍ സി.പി.എം മുള്‍മുനയിലാക്കിയതുകൊണ്ട് കേരളത്തില്‍ ഒരു ബഹുസ്വരതാസംഗമം ഈ മാസാവസാനം പ്രഖ്യാപിക്കേണ്ടി വന്നു. പക്ഷേ മണിപ്പൂരും മറ്റു വിഷയങ്ങളുമൊക്കെ ചേര്‍ത്ത് പരമാവധി മയപ്പെടുത്തി ഏകസിവില്‍കോഡിന്റെ പേരില്‍ മാത്രം ശക്തമായ നിലപാടെടുത്തുവെന്നു വരാതിരിക്കാന്‍ യു.ഡി.എഫ് ശ്രമിക്കുന്നുണ്ട്. 

ചാഞ്ചാ‍ടിയാടുന്ന ലീഗിനെ സമാധാനിപ്പിക്കുകയും വേണം, ദേശീയതലത്തില്‍ വലിയ ചര്‍ച്ചയാകാതിരിക്കുകയും വേണമെന്ന മട്ടില്‍ വഴിപാട് പ്രഖ്യാപനമാണ് സംഗമമെന്ന കാര്യത്തില്‍ സംശയമില്ല. രാഷ്ട്രീയഅജന്‍‍ഡകള്‍ നേരിടുന്നതില്‍ കോണ്‍ഗ്രസിന്റെ ആശയക്കുഴപ്പം ഒരു സഹതാപവും അര്‍ഹിക്കുന്നുമില്ല. പക്ഷേ ബി.ജെ.പിയെ നേരിടുന്നതില്‍ കോണ്‍ഗ്രസിന്റെ ആത്മാര്‍ഥതയെ സംശയിക്കാനാണ് സി.പി.എം കേരളത്തോട് ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസിന് ഏകസിവില്‍കോഡില്‍ വ്യക്തതതയില്ല. ശരിയാണ്. സി.പി.എമ്മിനോ? ശരീയത്ത് നിയമങ്ങളല്ല, ആധുനികമനുഷ്യനെ മുന്നോട്ടു നയിക്കേണ്ടതെന്ന പുരോഗമനനിലപാട് സി.പി.എം ഉപേക്ഷിച്ചോ? ഇ.എം.എസിന്റെ വാക്കുകള്‍ക്ക് ഈ കാലത്ത് ഒരു പ്രസക്തിയുമില്ലെന്ന് സി.പി.എമ്മിനു പറയാനാകുമോ? മതങ്ങളിലെ വ്യക്തിനിയമങ്ങള്‍ പരിഷ്കരിക്കണമെന്നു തന്നെയാണ് ഇപ്പോഴും അടിസ്ഥാനചോദ്യങ്ങളുയരുമ്പോള്‍ സി.പി.എമ്മിന്റെ മറുപടി. അത് വ്യക്തതയുള്ള വ്യക്തിനിയമനിലപാടാണോ?

ബി.ജെ.പിയുടെ അജന്‍ഡയെ പ്രതിരോധിക്കുന്നതില്‍ മുന്നില്‍ ഞങ്ങളാണ് എന്ന് സെമിനാറിനു ശേഷം സി.പി.എമ്മിന് കേരളത്തില്‍ അവകാശപ്പെടാം. പക്ഷേ കടുത്ത പുരുഷാധിപത്യം പുലര്‍ത്തുന്ന മതനിയമങ്ങളെ നേരിടുന്നതില്‍  കോണ്‍ഗ്രസിനേക്കാള്‍ വ്യക്തമായ എന്തു നിലപാടാണ് സി.പി.എം മുന്നോട്ടു വയ്ക്കുന്നത്? മതങ്ങള്‍ക്കകത്തെ ലിംഗനീതി നിഷേധത്തില്‍ കോണ്‍ഗ്രസിന്റെയും സി.പി.എമ്മിന്റെയും നിലപാടെന്താണ്? സ്ത്രീകള്‍ക്ക് തുല്യാവകാശം ഉറപ്പു വരുത്താന്‍ വേണ്ടിയുള്ള നിയമപരിഷ്കരണത്തിന് എന്താണ് ഇരുപാര്‍ട്ടികളും മുന്നോട്ടു വയ്ക്കുന്ന പരിഹാരം? ഉത്തരം കിട്ടാന്‍ നല്ല പ്രയാസമാണ്. തല്‍ക്കാലം ആത്മാര്‍ഥതയിലൂന്നി അങ്ങ് മുന്നോട്ടു പോകുന്നതാണ് സുരക്ഷിതം. 

MORE IN PARAYATHE VAYYA
SHOW MORE