മോദിയെ വീഴ്ത്താനുള്ള ഉപായമോ ‘ഇ.ശ്രീധരന്‍’ ലൈന്‍..?

PARAYATHE-VAYYA_1
SHARE

സില്‍വര്‍ലൈനിലൂടെ തിരഞ്ഞെടുപ്പിലേക്ക് ഒരു ലൈന്‍ വലിച്ചാല്‍ ആര്‍ക്കെങ്കിലും പ്രശ്നമുണ്ടോ?  അ‌തു പറ്റില്ലെന്ന് പ്രതിപക്ഷം പറഞ്ഞിട്ടു കാര്യമുണ്ടോ? സില്‍വര്‍ലൈനല്ല, വേറെതെങ്കിലും ലൈനായാലും വന്നാല്‍ മതിയെന്ന് സര്‍ക്കാര്‍ പറഞ്ഞാല്‍ അത് ബി.ജെ.പിയുമായുള്ള ഒത്തുകളിയാകുമോ? ഈ ചോദ്യങ്ങള്‍ക്കൊന്നും ഉടനേ ഉത്തരമായില്ലെങ്കിലും സില്‍വര്‍ലൈന്റെ രണ്ടാം വരവ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ  ട്രാക്കിലൂടെയാണ്. 

കുറച്ചു കാലമായി സില്‍വര്‍ലൈനെക്കുറിച്ചാരും കേട്ടിട്ടിട്ടില്ല. നാഴികയ്ക്കു നാല്‍പതുവട്ടം കെ.റെയില്‍ വരും കേട്ടോ എന്നു മുന്നറിയിപ്പു നല്‍കിയിരുന്ന ഭരണപക്ഷം പോലും സില്‍വര്‍ലൈനെക്കുറിച്ചു മിണ്ടുന്നുണ്ടായിരുന്നില്ല. പിന്നെ ഇടയ്ക്കൊന്നു കേട്ടത് അമേരിക്കയിലാണ്. മുഖ്യമന്ത്രിയില്‍ നിന്നു തന്നെ. 

മുഖ്യമന്ത്രി അങ്ങനെ പറഞ്ഞപ്പോഴും അതിനി എങ്ങനെ നടപ്പാകുമെന്നായിരുന്നു സംശയം. കാരണം മാസങ്ങളായി സില്‍വര്‍ലൈന്‍ പദ്ധതിയിലെ എല്ലാ നടപടികളും സംസ്ഥാനസര്‍ക്കാര്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. പദ്ധതിയുടെ സാമൂഹികാഘാത പഠനം നിലച്ചിട്ടും ‍ഒരു വര്‍ഷം പിന്നിട്ടു. റെയില്‍വേയാകട്ടെ പദ്ധതി പറ്റില്ലെന്നോ പറ്റുമെന്നോ പറയുന്നുമില്ല. 

കാര്യങ്ങള്‍ അങ്ങനെ ഒരു വാലും തലയുമില്ലാതെ മുന്നോട്ടു പോയ്ക്കൊണ്ടിരിക്കുന്നതിനിടയിലാണ് പെട്ടെന്നൊരു ദിവസം പുതിയൊരു പദ്ധതി കേരളത്തിനു മുന്നിലെത്തുന്നത്. ആദ്യം എല്ലാവരും കെ.വി.തോമസിനെ സംശയിച്ചു. പക്ഷേ സാക്ഷാല്‍ മുഖ്യമന്ത്രി തന്നെയാണ് സ്വപ്നപദ്ധതി മാറ്റിപ്പിടിക്കാന്‍ പ്രതിനിധിയെ അയച്ചത് എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. സില്‍വര്‍ലൈന്‍ എല്ലാം തികഞ്ഞ സമ്പൂര്‍ണപദ്ധതിയാണെന്നു കേരളത്തിനു മുന്നില്‍ നിന്നു വാദിച്ച മുഖ്യമന്ത്രി മനസു മാറ്റിയതെപ്പോഴാണ്? സില്‍വര്‍ലൈന്‍ പദ്ധതി മുഖ്യമന്ത്രിയും ഉപേക്ഷിച്ചോ?സില്‍വര്‍ലൈനപ്പുറം ഒരു ചോദ്യവുമില്ല, പറച്ചിലുമില്ല എന്നു വാദിച്ച മുഖ്യമന്ത്രി സില്‍വര്‍ലൈനെ കൈവിട്ടോ? 

ഇത്രമേല്‍ സില്‍വര്‍ലൈന്‍ പദ്ധതിയെ വിശ്വസിച്ച ഒരാള്‍ കെ.റെയില്‍ ഡിസൈനിങ് ടീമില്‍ പോലും ഉണ്ടാകില്ല. സില്‍വര്‍ലൈന്‍ മതി. സര്‍ക്കാരിന് എല്ലാം ബോധ്യമാണ്. ഇതിനപ്പുറത്തേക്ക് ഒന്നും ചിന്തിക്കാനില്ല. ആവശ്യമായ എല്ലാ വിലയിരുത്തലും സര്‍ക്കാര്‍ നടത്തിയതാണ് എന്ന് മുന്നില്‍ നിന്നു വാദിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. 

പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ രാഷ്ട്രീയമെന്നവഗണിച്ചു. പക്ഷേ കക്ഷിരാഷ്ട്രീയത്തിനപ്പുറം വിദഗ്ധര്‍ ഉയര്‍ത്തിയ ചോദ്യങ്ങളോടു പോലും സര്‍ക്കാര്‍ മുഖം തിരിച്ചു. ജനാധിപത്യപരമായ ചര്‍ച്ചയും ആശങ്കകള്‍ പരിഹരിക്കലും വേണമെന്ന് ആവശ്യപ്പെട്ടവരെയെല്ലാം വികസനവിരുദ്ധരെന്നു വിളിച്ചു. പദ്ധതിക്ക് അനുമതി പോലും ലഭിക്കും മുന്‍പ് സ്ഥലമേറ്റെടുക്കുന്നതിന് അതിര്‍ത്തി നിര്‍ണയിച്ച് മഞ്ഞക്കുറ്റിയിടാന്‍ ശ്രമിച്ചു. കേരളമങ്ങോളമിങ്ങോളം സംഘര്‍ഷങ്ങള്‍ അരങ്ങേറി. സ്ത്രീകളടക്കമുള്ള സമരക്കാര്‍ക്കെതിരെ പൊലീസ് കടുത്ത നടപടിയെടുത്തു. കേസെടുത്തു. 

അങ്ങനെ ബലം പിടിച്ചിരുന്ന സ്വപ്നപദ്ധതിയിലാണ് ഇപ്പോള്‍ മുഖ്യമന്ത്രി മാറിച്ചിന്തിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഇത്രയും ദിവസമായിട്ടും മുഖ്യമന്ത്രി അതു നിഷേധിച്ചിട്ടുമില്ല . പദ്ധതിയെക്കുറിച്ച് അന്നുയര്‍ന്ന എല്ലാ ചോദ്യങ്ങളെയും വികസനവിരുദ്ധര്‍ എന്നാക്ഷേപിച്ചാണ് സര്‍ക്കാര്‍ നേരിട്ടത്. രാജ്യദ്രോഹികളെന്ന സംഘപരിവാര്‍ ബ്രാന്‍ഡിങ് പോലെ കേരളവിരുദ്ധര്‍ എന്നൊരു ലേബല്‍ ചോദ്യകര്‍ത്താക്കള്‍ക്കു പതിച്ചു കിട്ടിയതും സില്‍വര്‍ലൈന്‍ ആഘോഷകാലത്താണ്. 

സില്‍വര്‍ൈലന്‍ അങ്ങനെയൊന്നും വേണ്ടെന്നു വയ്ക്കാനാകുന്ന ഒന്നല്ല മുഖ്യമന്ത്രി പിണറായി വിജയന്. പക്ഷേ സില്‍വര്‍ലൈന്റെ രൂപരേഖയേക്കാള്‍ പ്രശ്നം ആ പദ്ധതിയില്‍ ഇടതുസര്‍ക്കാര്‍ സ്വീകരിച്ച രാഷ്ട്രീയസമീപനമാണ്. ഒരു പദ്ധതി പ്രഖ്യാപിക്കുന്നു. എങ്ങനെയും അത് നടപ്പാക്കുമെന്ന് ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു. പ്രായോഗികമല്ലെന്നു ചൂണ്ടിക്കാട്ടിയവരെയെല്ലാം അപഹസിക്കുന്നു. ആക്രമിക്കുന്നു. ഒരു നടപടിക്രമവും പാലിക്കാതെ കല്ലിടലും സംഘര്‍ഷവുമായി മുന്നോട്ടു പോകുന്നു. തൃക്കാക്കര തിരിച്ചടിച്ചപ്പോള്‍ ബലപ്രയോഗം നിര്‍ത്തിവയ്ക്കുന്നു. ഇപ്പോള്‍ കേന്ദ്രാനുമതി എളുപ്പമല്ലെന്നറിയുമ്പോള്‍ മുന്‍പെതിര്‍ത്ത ഇ.ശ്രീധരനെ തന്നെ വീണ്ടും സമീപിക്കുന്നു. ആ വഴിക്കുള്ള രാഷ്ട്രീയസാധ്യത തേടുന്നു. 

കേരളത്തിനു വേണ്ടി ഒരു പദ്ധതി നടപ്പാക്കിയെടുക്കാന്‍ എന്തു വിട്ടുവീഴ്ചയ്ക്കും തയാറാണെന്നു ന്യായീകരിക്കാം. പക്ഷേ എന്തു ബോധ്യത്തിലാണ് സര്‍ക്കാര്‍ ഇതുവരെ സില്‍വര്‍ലൈനില്‍ ജനങ്ങള്‍ക്കു നേരെ ബലപ്രയോഗം നടത്തിയത്. നൂറു ശതമാനം ബോധ്യമില്ലാതെയാണോ സര്‍ക്കാര്‍ ഒരു വന്‍പദ്ധതിയുമായി ജനതയെ നേരിട്ടത്? കേന്ദ്രം നിര്‍ദേശിക്കുമ്പോഴേക്കും പൂര്‍ണമായും മാറിച്ചിന്തിക്കാവുന്ന ഭരണവൈദഗ്ധ്യമാണോ മുഖ്യമന്ത്രി പിണറായിവിജയന്റേത്? ഇതാണോ വ്യക്തതയുള്ള ഭരണനിര്‍വഹണം? സില്‍വര്‍ലൈനില്‍ സര്‍ക്കാര്‍ ലൈനെന്ത് എന്നറിയുമ്പോള്‍ ഈ ചോദ്യങ്ങള്‍ക്കു കൂടി ഉത്തരം വേണം. വികസനം വീണ്ടും ചര്‍ച്ചയാക്കിയാല്‍ ഏതു വഴിക്കും നാലു വോട്ട് കൂടുതല്‍ കിട്ടാന്‍ സാധ്യതയുണ്ട് എന്നു മാത്രമാണെങ്കില്‍ ശരി. 

കേരളത്തിന ്അതിവേഗറെയില്‍പ്പാത വേണം. പൊതുഗതാഗതം സാധ്യമായ എല്ലാ രീതിയിലും മെച്ചപ്പെടണം. പക്ഷേ അതിനു വേണ്ടി ഒരു പദ്ധതി കൊണ്ടുവരുമ്പോള്‍ അത്രമേല്‍ സുതാര്യവും ശാസ്ത്രീയവുമാകണം. ജനങ്ങളുടെ ആശങ്കകള്‍ അഭിമുഖീകരിച്ചു മാത്രമേ ഇത്രയും വന്‍പദ്ധതി മുന്നോട്ടു കൊണ്ടു പോകാനാകൂ. ആ അടിസ്ഥാന ജനാധിപത്യമര്യാദയല്ല  മുഖ്യമന്ത്രിയെ മാറിച്ചിന്തിപ്പിക്കുന്നത് എന്നത് ഇപ്പോഴും പ്രശ്നമാണ്. ബി.ജെ.പി. സര്‍ക്കാരില്‍ നിന്ന് അനുമതി കിട്ടാനുള്ള എളുപ്പവഴി മാത്രം നോക്കിയാണ് ഇ.ശ്രീധരന്‍ ലൈനിലേക്ക് സില്‍വര്‍ലൈന്‍ മാറുന്നതെങ്കില്‍ അതില്‍ പ്രശ്നം പിടിച്ച രാഷ്ട്രീയചോദ്യങ്ങളുണ്ട്. 

MORE IN PARAYATHE VAYYA
SHOW MORE