മാധ്യമങ്ങളോടുള്ള അരിശത്തിൽ വസ്തുത മറക്കുന്ന നേതാക്കൾ, ന്യായങ്ങൾ

pv-sfi-cpm
SHARE

എസ്.എഫ്.ഐയും സി.പി.എമ്മും തമ്മില്‍ ഒരു ബന്ധവുമില്ല. ഈ പ്രാപഞ്ചിക സത്യം മാതൃകയാക്കിയാകണം ഇനി കേരളത്തിലെ മാധ്യമങ്ങളുടെ പ്രവര്‍ത്തനം. എസ്.എഫ്.ഐക്കാരുടെ വ്യാജബിരുദവും വ്യാജരേഖയുമൊക്കെ ഇതുപോലെ തന്നെ സത്യമാണ് എന്നു പ്രഖ്യാപിക്കാനാകുമായിരുന്നു. പക്ഷേ പൊലീസ് ഉരുണ്ടു കളിച്ചിട്ടും മാധ്യമങ്ങള്‍ അങ്ങ് സ്വന്തമായി അന്വേഷണം നടത്തിയതുകൊണ്ട് ഒത്തില്ല. ഒരു വ്യാജരേഖ ഒറിജിനലാണ് എന്നുയര്‍ത്തിക്കാട്ടി വെല്ലുവിളിച്ചുകൊണ്ട് നാണം കെടേണ്ടി വന്ന ദുരവസ്ഥ മാധ്യമങ്ങള്‍ സൃഷ്ടിച്ചതല്ല. . എസ്.എഫ്.ഐയെ തകര്‍ക്കാന്‍ ശ്രമിക്കരുത് എന്ന് കേരളത്തിലെ മാധ്യമങ്ങള്‍ക്കു നല്കുന്ന മുന്നറിയിപ്പ് സംഘടനയ്ക്കുള്ളിലും കൂടെ ഒന്നു പറഞ്ഞാല്‍ തീരുന്ന പ്രശ്നമേ ഇപ്പോള്‍ സി.പി.എമ്മിനുള്ളൂ. 

ഈ സത്യം കേട്ടു വളരുന്ന കുട്ടികള്‍ പിന്നെ സത്യമല്ലാതെ എന്തു പറയും? സത്യമല്ലാതെ എന്തു പ്രവര്‍ത്തിക്കും? ഈ സ്നേഹം കിട്ടി വളരുന്ന കുട്ടികളും ഇതാണ് മാതൃകയെന്ന് കരുതുന്നതില്‍ തെറ്റില്ലല്ലോ. ഒറ്റനോട്ടത്തിലേ പിശക് ബോധ്യപ്പെട്ടാലും പിടിക്കപ്പെടും വരെ പിടിച്ചു നില്‍ക്കുന്നതില്‍ എന്താണ് തെറ്റ്?  എസ്.എഫ്.ഐ സംസ്ഥാനസെക്രട്ടറിക്കെന്നല്ല, ഒരു സംഘടനയുടെയും സംസ്ഥാന അധ്യക്ഷന്  ഇങ്ങനെയൊരു അവസ്ഥയുണ്ടാകരുതെന്നേ ആഗ്രഹിക്കാനാകൂ. മാധ്യമങ്ങളെ നേരിടാനുള്ള അത്യാവേശത്തില്‍ ഒരു വസ്തുതാപരിശോധനയും നടത്താന്‍ തോന്നിയില്ല എന്നേയുള്ളൂ.  സംഗതി തെറ്റാണെന്നു പിന്നാലെ തെളിഞ്ഞു. എന്നിട്ടാ തെറ്റു തിരുത്തല്‍ എങ്ങനെയായിരുന്നു? ആ തെറ്റു തിരുത്തലും മാതൃകാപരമായിരുന്നുവെന്ന് പറയാതെ വയ്യ. 

നാലു മണിക്കൂറു കൊണ്ടു കൊണ്ടു അടപടലം മാറ്റിപ്പറയേണ്ടി വന്നെങ്കിലും ഒരിക്കലും സമ്മതിക്കരുത് എന്ന ആപ്തവാക്യം എസ്.എഫ്.ഐ മാതൃകാപരമായി നടപ്പാക്കി. സത്യം മാത്രം പറയുന്ന മറ്റൊരു മാതൃക മഹാരാജാസ് വ്യാജരേഖക്കേസിലെ പ്രതിയില്‍ നിന്നും കേരളം കണ്ടു  മഹാരാജാസില്‍ അധ്യാപനപരിചയമുണ്ടെന്ന വ്യാജരേഖ സൃഷ്ടിച്ചതാണ് കെ.വിദ്യ നേരിടുന്ന കുറ്റം. ആ വ്യാജരേഖ കണ്ടു പിടിച്ച് നിയമത്തിനു മുന്നില്‍ കൊണ്ടു വന്ന പ്രിന്‍സിപ്പലാണ് വ്യാജരേഖയുണ്ടാക്കിയതെന്നാണ് വിദ്യ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.  കായംകുളത്ത് വ്യാജബിരുദം തന്നെയുണ്ടാക്കി മാതൃക സൃഷ്ടിച്ച നിഖില്‍ തോമസും പറയുന്നത് കലിംഗയുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റാണെന്നു വിചാരിച്ചാണ് രണ്ടു ലക്ഷം രൂപ മുടക്കി ഒരു വ്യാജബിരുദം വാങ്ങിയതെന്നാണ്. നിഖിലിനു സമ്മര്‍ദം ചെലുത്തി എം.കോം പ്രവേശനം നേടിയെന്നാരോപണം നേരിടുന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം കെ.എച്ച്.ബാബുജാന് അതൊന്നും ഓര്‍മയില്ലാത്ത മാതൃകയാണ്. 

ഇതെല്ലാം മാതൃകയാക്കി എന്തുകൊണ്ട് കേരളത്തിലെ മാധ്യമങ്ങള്‍ക്കും പ്രവര്‍ത്തിച്ചൂ കൂടാ എന്നാണ് സി.പി.എം ചോദിക്കുന്നത്. മാധ്യമങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന ക്ലാസെടുക്കലിലാണ്  ഇപ്പോള്‍ സി.പി.എമ്മിന്റെ മുഴുവന്‍ ശ്രദ്ധയും. ഇടയ്ക്കൊക്കെ സ്വന്തം പാര്‍ട്ടിയിലും ബഹുജനവിദ്യാര്‍ഥിസംഘടനകളെക്കൂടി ഒന്നു ശ്രദ്ധിച്ചാല്‍ മാധ്യമങ്ങള്‍ക്ക് വ്യാജരേഖയും വ്യാജബിരുദവുമൊന്നും കണ്ടു പിടിക്കേണ്ടി വരില്ല. ആരും തെറ്റു ചെയ്യരുത് എന്നൊന്നും എസ്.എഫ്.ഐയ്ക്കോ സി.പി.എമ്മിനോ ഉത്തരവിടാനാകില്ല. വ്യക്തിപരമായ തെറ്റുകള്‍ ഇനിയും ആവര്‍ത്തിച്ചേക്കാം. പക്ഷേ അത് സംഘടന അറിയുമ്പോഴും എന്തു ചെയ്തു , ഏതു സന്ദേശമാണ് അണികള്‍ക്കും സമൂഹത്തിനും കൈമാറുന്നത് എന്നത് പ്രശ്നമാണ്. സ്വന്തം പക്ഷത്തു നിന്നുള്ള തെറ്റുകള്‍ പുറത്തു വരുമ്പോള്‍ മാധ്യമങ്ങളെ ആക്രമിച്ചു ചെറുത്തുനില്‍ക്കുന്നതിനു പകരം ഇത്തരക്കാര്‍ക്ക് ഒരു സംരക്ഷണവും ഉണ്ടാകില്ലെന്ന് ഉപാധികളില്ലാത്ത പ്രഖ്യാപനങ്ങളും നടപടിയുമുണ്ടായാല്‍ നല്ല മാറ്റമുണ്ടാകും. ഫലം ചെയ്യുമോയെന്ന് ഒന്നു പരീക്ഷിച്ചു നോക്കാവുന്നത്. 

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ജീവിതപങ്കാളിക്ക് കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രഫസര്‍ തസ്തികയില്‍ യോഗ്യതയുണ്ടെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയില്‍ മാധ്യമങ്ങള്‍ക്ക് ശക്തമായ വിമര്‍ശനമുണ്ട്. കോടതിനടപടികള്‍ക്കിടയിലെ പരാമര്‍ശങ്ങള്‍ ഹര്‍ജിക്കാരുടെ സ്വകാര്യതയെ ഹനിക്കുന്ന തരത്തില്‍ വ്യാപകപ്രചാരണത്തിനുപയോഗിച്ചത് തെറ്റാണെന്ന് പ്രത്യേകം വിധിയില്‍ എടുത്തു പറയുന്നു. വ്യക്തികളുടെ സ്വകാര്യത മാധ്യമങ്ങള്‍ മാനിക്കണമെന്നും സ്വയം നിയന്ത്രിക്കണമെന്നും പരാമര്‍ശങ്ങളുണ്ട്. മാധ്യമങ്ങളും ഗൗരവത്തോടെ പരിഗണിക്കേണ്ട സാഹചര്യമാണ് കോടതി ചൂണ്ടിക്കാണിച്ചത്. പക്ഷേ ആ വിധിയുടെ ഭാഗം അടര്‍ത്തി മാറ്റി ഇപ്പോള്‍ മാധ്യമങ്ങള്‍ പുറത്തു കൊണ്ടു വന്ന ഇടതുപക്ഷതട്ടിപ്പുകളെല്ലാം മാധ്യമവേട്ടയാണെന്നു വരുത്തിത്തീര്‍ക്കാനാണ് സി.പി.എം കോടതി വിധി ദുരുപയോഗിക്കുന്നത്. 

ഇന്നേവരെ ഭരണത്തിലിരിക്കുന്ന പാര്‍ട്ടിക്ക് മാധ്യമങ്ങളോടു സ്നേഹം തോന്നിയ ചരിത്രമുണ്ടായിട്ടില്ല. ഭേദഗതിയുള്ളത് മോദി സര്‍ക്കാരിന്റെ കാലത്തെ മാധ്യമസമീപനത്തിന്റെ കാര്യത്തില്‍ മാത്രമാണ്. ഭരണകൂടത്തോടു വിധേയത്തമില്ലാതെ അതിജീവിക്കാന്‍ കഴിയാത്ത തരത്തില്‍ മാധ്യമങ്ങളെ വരിഞ്ഞു മുറുക്കുന്ന രാഷ്ട്രീയസമീപനം ലോകമാകെ ചര്‍ച്ചയുമാണ്. സര്‍ക്കാരിന്റേയും ഭരണപക്ഷത്തിന്റെയും ഭാഗത്തു നിന്നുണ്ടാകുന്ന തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനാണ് ഏകാധിപത്യസ്വഭാവമില്ലാത്ത രാഷ്ട്രീയം ആവശ്യപ്പെടേണ്ടത്. തെറ്റുകള്‍ ശ്രദ്ധയില്‍ പെടാതെ പോകുന്നതാണെന്നും ചൂണ്ടിക്കാണിക്കുന്നവ തിരുത്താന്‍ തന്നെയാണ് നിലപാടെന്നുമാണ് സമൂഹത്തിനു ലഭിക്കേണ്ട സന്ദേശം. കുറ്റം ചെയ്ത് രാഷ്ട്രീയസംഘടനകളെയാകെ പ്രതിസന്ധിയിലാക്കുന്നവരെക്കുറിച്ചുള്ള ഉല്‍ക്കണ്ഠയുടെ ഒരു ശതമാനമെങ്കിലും അവര്‍ കവര്‍ന്നെടുക്കുന്ന അവസരം നഷ്ടമാകുന്ന മനുഷ്യരോടു കൂടിയാകാം. ഇരട്ടത്താപ്പും ഭീഷണിയുമൊക്കെ മറയില്ലാതെ പ്രകടിപ്പിക്കാമെന്നു തോന്നിത്തുടങ്ങുന്നത് അത്ര നല്ല ലക്ഷണമല്ല. 

MORE IN PARAYATHE VAYYA
SHOW MORE