രാഷ്ട്രീയവേട്ടയോ നിയമവഴിയോ? വരുംദിവസങ്ങൾ ഉത്തരം തരും

parayatahe-vayya-sudhakaran
SHARE

പുരാവസ്തുതട്ടിപ്പുകേസില്‍ കെപിസിസി പ്രസിഡന്റ് അറസ്റ്റിലായി. കോണ്‍ഗ്രസ് രണ്ടു ദിവസം കരിദിനാചരണവും സംസ്ഥാനവ്യാപകപ്രതിഷേധവും നടത്തുന്നുണ്ട്. മോദി സര്‍ക്കാര്‍ നടത്തുന്ന പ്രതിപക്ഷവേട്ടയ്ക്ക് സമാനമാണ് സുധാകരനെതിരായ നടപടിയെന്നാരോപിച്ച് ദേശീയതലത്തിലും കോണ്‍ഗ്രസ് പ്രചാരണം ശക്തമാക്കുന്നു. KPCC അധ്യക്ഷനും പ്രതിപക്ഷനേതാവിനുമെതിരെയുള്ള നിയമനടപടികള്‍ സ്വാഭാവികമാണോ?  നിയമം നിയമത്തിന്റെ വഴിക്കാണോ പിണറായി വിജയന്റെ വഴിക്കാണോ നീങ്ങുന്നത്? ഇത് രാഷ്ട്രീയവേട്ടയാണെന്ന് കെ.സുധാകരന് അവകാശപ്പെടാന്‍ കഴിയുമോ? അദ്ദേഹത്തിന്റെ പാര്‍ട്ടി പോലും അങ്ങനെ പൂര്‍ണമായി വിശ്വസിക്കുന്നുണ്ടോ? 

മോന്‍സന്‍ മാവുങ്കലിന്റെ പുരാവസ്തുതട്ടിപ്പു കേസില്‍ രണ്ടാം പ്രതിയായാണ് കെ.പി.സി.സി അധ്യക്ഷനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഹൈക്കോടതി മുന്‍കൂര്‍ജാമ്യം നല്‍കിയിരുന്നതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തി, ജാമ്യം നല്‍കി വിട്ടയച്ചു. പത്തുകോടിയുടെ പുരാവസ്തുതട്ടിപ്പുകേസിലാണ് കെ.സുധാകരന്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. പത്തുകോടിയുടെ പുരാവസ്തു തട്ടിപ്പുകേസില്‍ വഞ്ചന, വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെ വ്യാജരേഖ ചമയ്ക്കല്‍ എന്നിവയാണ് സുധാകരനെതിരായ കുറ്റങ്ങളായി ചുമത്തിയിരിക്കുന്നത്. 2018 നവംബര്‍ 22ന് മോന്‍സന്റെ കൈയില്‍ നിന്ന് 10 ലക്ഷം രൂപ വാങ്ങുന്നത് കണ്ടുവെന്ന ദൃക്സാക്ഷികളുടെ കോടതിയിലെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.  പക്ഷേ കെ.സുധാകരനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് അന്വേഷണസംഘം ചൂണ്ടിക്കാണിക്കുന്നു. നിഷേധിക്കാനാകാത്ത ഡിജിറ്റല്‍ തെളിവുകളും ഇക്കൂട്ടത്തിലുണ്ടെന്നും. ഉന്നയിക്കപ്പെട്ടിരിക്കുന്ന കുറ്റങ്ങള്‍ നിസാരമല്ല. കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനെതിരെ ഇത്തരം ആരോപണങ്ങളുയരുന്നത് ഒട്ടും ചെറുതായി കാണാനുമാകില്ല. 

പ്രതിപക്ഷം രാഷ്ട്രീയവേട്ടയെന്നാരോപിക്കുന്നുവെങ്കിലും കെ.സുധാകരന്‍ കുടുങ്ങിയിരിക്കുന്നത് രാഷ്ട്രീയബന്ധത്തിന്റെ പേരിലുള്ള കേസിലല്ല. ഒരു കുറ്റവാളിയുമായുള്ള വ്യക്തിപരമായ ബന്ധത്തിന്റെയും ഇടപാടുകളുടെയും പേരിലാണ്. കെ.സുധാകരന്‍ നിയമപരമായി തന്നെ നിരപരാധിത്വം തെളിയിക്കേണ്ടി വരും. പ്രതിപക്ഷത്താണ് എന്നതുകൊണ്ടു മാത്രം ന്യായീകരിക്കപ്പെടാവുന്ന ആരോപണങ്ങളല്ല കെ.സുധാകരനു നേരെ ഉയര്‍ന്നിരിക്കുന്നത്. ഗുരുതരമായ ആരോപണങ്ങളാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ ഈ ആരോപണങ്ങള്‍ക്കു മുന്നില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് സംഘടനയ്ക്കു തന്നെ അപമാനം സൃഷ്ടിക്കുന്നതുമാണ്. 

പോക്സോ കേസടക്കം പതിനാറുകേസുകളില്‍ പ്രതിയാണ് മോന്‍സന്‍ മാവുങ്കല്‍. കോടിക്കണക്കിനു രൂപയുടെ തട്ടിപ്പു കേസുകളും നിരന്തരബലാല്‍സംഘവുമടക്കമുള്ള ഹീനമായ കുറ്റകൃത്യങ്ങളാണ് ഇതില്‍ പലതും. അങ്ങനെയൊരു വ്യക്തിയുമായി എന്തു ബന്ധമാണ്, എന്തിടപാടുകളാണ് ഒരു ഉന്നത രാഷ്ട്രീയനേതാവിനുണ്ടായിരുന്നത് എന്ന ചോദ്യം ഗൗരവമുളള്ളതാണ്.  മോന്‍സന്‍ മാവുങ്കലുമായുള്ള ബന്ധത്തെക്കുറിച്ച് അവ്യക്തവും പരസ്പരവിരുദ്ധവുമായ മറുപടികളാണ്  കെ.സുധാകരന്‍ സമൂഹത്തിനു മുന്നില്‍  അവതരിപ്പിച്ചത്. തുടക്കം മുതലേ അതില്‍ അവ്യക്തത പ്രകടമായിരുന്നു. 

ഒടുവില്‍ കെ.സുധാകരന്‍ കേസില്‍ പ്രതിയായിരിക്കുന്നുവെന്നു വന്നപ്പോള്‍ പോലും മോന്‍സനെക്കുറിച്ചുള്ള സുധാകരന്റെ പരാമര്‍ശങ്ങള്‍ വൈരുധ്യം പ്രകടമാക്കി. മോന്‍സന്‍മാവുങ്കലിനെ പോക്സോ കേസില്‍ ശിക്ഷിച്ചപ്പോഴും കെ.സുധാകരന്റെ പ്രതികരണം ആ  കുറ്റവാളിയോടുള്ള വ്യക്തിപരമായ വിധേയത്തമോ ഭയമോ വെളിപ്പെടുത്തുന്നതായിരുന്നു.  പക്ഷേ കെ.സുധാകരന്‍ കുറ്റവാളിയാണെന്നോ അല്ലെന്നോ  പ്രഖ്യാപിക്കാന്‍ ഈ വൈരുധ്യങ്ങള്‍ മതിയാകില്ല . കേരളത്തിന്റെ പൊലീസ് മേധാവി മുതല്‍  അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മോന്‍സന്‍ മാവുങ്കലുമായുള്ള ബന്ധത്തില്‍ കെ.സുധാകരന്റെ കാര്യത്തില്‍ മാത്രം ഭരണപക്ഷം കാണിക്കുന്ന വ്യഗ്രതയാണ് പ്രതിപക്ഷം ഉയര്‍ത്തുന്ന പ്രശ്നം.  സംസ്ഥാന പൊലീസ് മേധാവി പോലും ആരോപണവിധേയനായ മോന്‍സന്‍ ശൃംഖലയില്‍, നേരിട്ടു പണം വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടിയെടുക്കാന്‍ ഇല്ലാത്ത ശുഷ്കാന്തി സുധാകരന്റെ കാര്യത്തില്‍ മാത്രമുണ്ടാകുന്നത് അവഗണിക്കാവുന്ന യാദൃശ്ചികതയല്ല. 

വഞ്ചനാക്കേസില്‍ മാത്രമല്ല പോക്സോ കേസിലും കെ.സുധാകരനെതിരെ മൊഴിയെന്ന് വാര്‍ത്ത നല്‍കിയത്  ഭരണകക്ഷിയുടെ മുഖപത്രമാണ്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ആ ആരോപണം പരസ്യമായി ഉന്നയിക്കുകയും ചെയ്തു.  എം.വി.ഗോവിന്ദന്‍ സൂപ്പര്‍ ഡി.ജി.പി. ചമയുകയാണെന്നാരോപിച്ച് പ്രതിപക്ഷം ഒന്നാകെ രംഗത്തെത്തി പൊല്ലാപ്പിലായെന്നു ബോധ്യമായ എം.വി.ഗോവിന്ദന്‍ വീണ്ടും പാര്‍ട്ടി പത്രത്തെ ആശ്രയിച്ചാണ് നിലപാട് വിശദീകരിച്ചത്.  പക്ഷേ അപ്പോഴേക്കും പാര്‍ട്ടി പത്രത്തിലെ വാര്‍ത്ത പോക്സോ കേസിലെ അതിജീവിതയെന്നത് മാറി, അതീജിവിത സുധാകരനെ മോന്‍സന്‍ മാവുങ്കലിന്റെ വീട്ടില്‍ കണ്ടിരുന്നുവെന്ന മൊഴിയായി മാറി.  പോക്സോ കേസിലെ അതിജീവിത പീഡിപ്പിക്കപ്പെടുമ്പോള്‍ കെ.സുധാകരന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്നും രക്ഷപ്പെടാന്‍ സഹായം തേടിയിട്ടും കെ.സുധാകരന്‍ സഹായിച്ചില്ലെന്നുമുള്ള വാര്‍ത്ത മുങ്ങി.

കെ.സുധാകരന്‍ കുറ്റക്കാരനാണോ  എന്ന് ഇനി നിയമമാണ് വിധി പറയേണ്ടത്. പക്ഷേ മോന്‍സന്‍ മാവുങ്കലിന്റെ കേസ് സര്‍ക്കാര്‍ തന്നെ നാണം കെട്ട കേസാണ്. സംസ്ഥാനത്തിന്റെ പൊലീസ് മേധാവിയടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കോമാളിവേഷം കെട്ടി മോന്‍സന്റെ ആതിഥ്യം സ്വീകരിച്ച ദൃശ്യങ്ങള്‍ കേരളം കണ്ടതാണ്. മോന്‍സന്‍ മാവുങ്കല്‍ എന്ന കുറ്റവാളിക്ക് ഏറ്റവും കൂടുതല്‍ സ്വീകാര്യത നല്‍കിയത് കേരളാപൊലീസിന്റെ സാക്ഷ്യവും സാന്നിധ്യവുമാണ്. അതും ഒരാളല്ല, പൊലീസ് സേനയാകെ മോന്‍സന്റെ ഇച്ഛയ്ക്കൊത്ത് ചലിച്ചുകൊണ്ടിരുന്നതിന്റെ നിരവധി തെളിവുകള്‍ പുറത്തു വന്നതാണ്. പരാതിക്കാര്‍ തന്നെ അത് ആവര്‍ത്തിച്ചാവര്‍ത്തിച്ച് കോടതിയില്‍ ഉന്നയിക്കുകയും സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തതോടെയാണ് കെ.സുധാകരനെതിരെ മാത്രം നടപടിയുണ്ടായത്. മോന്‍സന്‍ മാവുങ്കലിന്റെ അക്കൗണ്ടില്‍ നിന്ന് നേരിട്ട് പണം സ്വീകരിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ സര്‍വീസില്‍ സ്വതന്ത്രവിഹാരം നടത്തുമ്പോള്‍ സുധാകരനില്‍ േകന്ദ്രീകരിച്ചു മാത്രം ധൃതഗതിയില്‍ നടപടികളുണ്ടാകുന്നത് ചോദ്യം ചെയ്യപ്പെടും

ഐ.ജിയും ഡി.ഐ.ജിയുമൊക്കെയാണ് മോന്‍സന്‍ മാവുങ്കലിന്റെ അക്കൗണ്ടില്‍ നിന്ന് പണം സ്വീകരിച്ചവരുടെ പട്ടികയിലുള്ളത്. സര്‍വീസിലുള്ള എ.സി.പിയും സി.ഐയുമടക്കം ഒട്ടേറെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പേരുകളും പിന്നാലെയുണ്ട്. വീടിനു മുന്നില്‍ ബീറ്റ് ബോക്സ് സ്ഥാപിച്ച് മോന്‍സന്റെ കുറ്റകൃത്യങ്ങള്‍ക്കെല്ലാം കേരളപൊലീസിന്റെ സാക്ഷ്യം നല്‍കിയ പൊലീസ് ഉദ്യോഗസ്ഥരൊന്നും ഇതുവരെ അറസ്റ്റോ ചോദ്യം ചെയ്യലോ നേരിടേണ്ടി വന്നിട്ടില്ല.  

മോന്‍സന്‍ മാവുങ്കല്‍ കേസില്‍ കേരളാപൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് പല തവണ പരാതിക്കാര്‍ക്ക് കോടതിയില്‍ ഉന്നയിക്കേണ്ടി വന്നു. സുതാര്യമായ വസ്തുതാന്വേഷണമല്ല കേരളാപൊലീസ് നടത്തുന്നതെന്ന സംശയം പരാതിക്കാര്‍ തന്നെയാണ് നിയമപരമായി ഉന്നയിച്ചത്. അതുകൊണ്ട് വന്‍തട്ടിപ്പിനു കൂട്ടുനിന്ന ഉന്നതര്‍ ആരൊക്കെ, അവര്‍ക്കുള്ള പങ്കാളിത്തം എന്തൊക്കെ എന്നത് പൂര്‍ണമായി കൊണ്ടു വരുന്നതുവരെ രാഷ്ട്രീയാന്വേഷണം എന്ന പ്രതിപക്ഷാരോപണം നിലനില്‍ക്കും.  മുണ്ടുടുത്ത മോദിയെന്നാവര്‍ത്തിച്ചാരോപിച്ചാണ് മുഖ്യമന്ത്രിപിണറായി വിജയനെ കോണ്‍ഗ്രസ് ദേശീയ നേതാവ് ജയ്റാം രമേഷ് വിമര്‍ശിച്ചത്. കെ.സി.വേണുഗോപാലും ദേശീയരാഷ്ട്രീയസാഹചര്യം മുന്‍നിര്‍ത്തി നടപടിയെ ചോദ്യം ചെയ്തു. 

കെ.സുധാകരന്‍ മാറേണ്ടതില്ലെന്ന് പ്രതിപക്ഷനേതാവ് പ്രഖ്യാപിച്ചെങ്കിലും സംഘര്‍ഷങ്ങള്‍ പുകയുന്ന സംസ്ഥാന കോണ്‍ഗ്രസിന്റെ നിലപാടെന്താകുമെന്ന് കണ്ടറിയേണ്ടി വരും.  കെ.സുധാകരന്‍ നിരപരാധിയാണോയെന്ന് നിയമവ്യവസ്ഥ തീരുമാനിക്കും. രാഷ്ട്രീയമാണോ നിയമവഴിയാണോ എന്ന് കേരളാപൊലീസിന്റെ തുടര്‍നടപടികളും തെളിയിക്കും.  പ്രതിപക്ഷത്തെ രണ്ടു സുപ്രധാനനേതാക്കളും കേസില്‍ കുടുങ്ങിയ സാഹചര്യം ഇതിനു മുന്‍പുണ്ടായിട്ടില്ലെന്നു ചൂണ്ടിക്കാണിക്കുന്ന ഭരണപക്ഷത്തിന്റെ ഉന്നം വ്യക്തമാണ്. പ്രതിപക്ഷത്തിന്റെ പ്രതിരോധമെന്തെന്നതു തന്നെയാണ് അടുത്ത ചോദ്യം. 

MORE IN PARAYATHE VAYYA
SHOW MORE