
നിര്‍മിതബുദ്ധി ഇനി മനുഷ്യരെ എങ്ങനെയൊക്കെ സ്വാധീനിക്കും? എങ്ങനെയൊക്കെ നിയന്ത്രിക്കും. മനുഷ്യര്‍ കാത്തിരിക്കുന്ന ഉത്തരമാണ്. എന്തായാലും കേരളത്തില്‍ ഒരു ഉദാഹരണം തെളിഞ്ഞു വരുന്നുണ്ട്. കള്ളം കണ്ടു പിടിക്കാന്‍ വച്ചിരിക്കുന്ന ക്യാമറയുടെ പിന്നിലെ കള്ളം കണ്ടുപിടിക്കാനും ഇനി നിര്‍മിത ബുദ്ധി തന്നെ വേണ്ടി വരും. അഴിമതിയുണ്ടോ എന്നു പ്രതിപക്ഷം ചോദിക്കുമ്പോള്‍ അഴിമതി ഉണ്ടില്ല എന്നാണ് സര്‍ക്കാരിന്റെ സമീപനം. അവതാരങ്ങളെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി അധികാരത്തിലേറിയ മുഖ്യമന്ത്രി തന്നെ അവതാരരൂപം പൂണ്ട് മൗനത്തിലമരുന്ന കാലത്ത് ചോദ്യങ്ങള്‍ക്കുത്തരം ഇനി നിര്‍മിതബുദ്ധി തരുമായിരിക്കും.
ആദ്യമായി മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുമ്പോള്‍ പിണറായി വിജയന്‍ മുന്നോട്ടു വച്ച
മുന്നറിയിപ്പാണിത്. എന്റെ അടുത്ത ആളുകളായി ചിലര്‍ അവതരിക്കും. അവരെ കരുതിയിരിക്കണം. അത് കേരളത്തിനുള്ള മുന്നറിയിപ്പായിരുന്നോ അതോ അവനവനോടു തന്നെയുള്ള ആത്മഗതമായിരുന്നോ എന്നാണ് തുടര്‍ഭരണവും നേടി രണ്ടു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ തോന്നുന്ന സംശയം. അവതാരങ്ങളെ കേരളം തിരിച്ചറിഞ്ഞിട്ടും മുഖ്യമന്ത്രി അറിയുന്നില്ല. മിണ്ടുന്നില്ല. അവതാരങ്ങളെ സൂക്ഷിക്കാന്‍ കേരളത്തോടാവശ്യപ്പെട്ട മുഖ്യമന്ത്രി അദ്ദേഹത്തിന്റെ പേരില്‍ ഇടപെട്ട അവതാരങ്ങളുടെ വിവരങ്ങള്‍ കേരളത്തില്‍ എല്ലാവര്‍ക്കും ബോധ്യമായിട്ടും തള്ളിപ്പറയാനോ സംശയങ്ങള്‍ തീര്‍ക്കാനോ തയാറല്ല. ഈ അവതാരങ്ങള്‍ എങ്ങനെയിരിക്കുമെന്നും മുഖ്യമന്ത്രി സ്വപ്നാസുരേഷിന്റെ വിവാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ വ്യക്തമാക്കിയിട്ടുണ്ട്.
അപ്പോള്‍ മുഖ്യമന്ത്രി പേടിച്ച അവതാരങ്ങള്‍ എങ്ങനെയിരിക്കും? അവര്‍ എന്റെ അടുത്ത ആളുകളെന്നു പറഞ്ഞ് രംഗപ്രവേശം ചെയ്യും. ഇത് അഴിമതിയുടെ മറ്റൊരു മുഖമാണ്. ഈ അവതാരങ്ങളെ നമ്മള്‍ കരുതിയിരിക്കണം. ഇതൊന്നും ഞാന്‍ പറയുന്നതല്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞ വാക്കുകളാണ്. അങ്ങനെ മുഖ്യമന്ത്രി പറഞ്ഞതുപോലെ അവതാരങ്ങള്‍ അവതരിച്ചുവെന്ന് അനുഭവിച്ചവര്‍ വെളിപ്പെടുത്തിയിരിക്കുന്നു. അവര്‍ മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് പൊതുപണം കൈ നനയാതെ കൊള്ളയടിച്ചുവെന്നും ആരോപണം ഉയര്‍ന്നിരിക്കുന്നു. എവിടെ സൂക്ഷിക്കാന്‍ പറഞ്ഞ മുഖ്യമന്ത്രി? ഡയലോഗ് മാത്രമേയുണ്ടായിരുന്നുള്ളുവോ മുഖ്യമന്ത്രി? അവതാരപ്പിറവി കേരളം അറിഞ്ഞപ്പോള്‍ മുഖ്യമന്ത്രി മിണ്ടാത്തതെന്താണ്?
മുഖ്യമന്ത്രിയുടെ മിണ്ടാട്ടം മുട്ടിച്ച അവതാരപ്പിറവി ദൃശ്യമായത് എ.ഐ ക്യാമറ ഇടപാടിലാണ്. പദ്ധതിയൊക്കെ ഗംഭീരമായിരുന്നു. കേരളത്തിലെ റോഡ് യാത്ര സുരക്ഷിതമാക്കാന്‍ ഗതാഗതവകുപ്പ് പൂര്‍ണമായും ഓട്ടോമേറ്റഡായ ഒരു സംവിധാനം ആലോചിക്കുന്നു. നിയമലംഘനങ്ങള്‍ നിര്‍മിതബുദ്ധി ക്യാമറകളുടെ കൂടി സഹായത്തോടെ കണ്ടെത്തി നടപടിയെടുക്കാനായി വകുപ്പും കെല്‍ട്രോണും ചേര്‍ന്നൊരു പദ്ധതി സമര്‍പ്പിക്കുന്നു. 2020 ഏപ്രിലില്‍ പദ്ധതിക്കു ഭരണാനുമതി. പദ്ധതി നടപ്പാക്കാന്‍ കെല്‍ട്രോണ്‍ ടെന്‍ഡര്‍ വിളിക്കുന്നു. പങ്കെടുത്ത മൂന്നു കമ്പനികളില്‍ SRIT എന്ന കമ്പനിക്ക് 151.2 കോടി രൂപയ്ക്ക് പദ്ധതി നടപ്പാക്കാന്‍ കരാര്‍ ലഭിക്കുന്നു. SRIT പ്രസാഡിയോ ടെക്നോളജീസ് എന്ന കമ്പനിയുടെ നേതൃത്വത്തില്‍ കണ്‍സോര്‍ഷ്യം ഉണ്ടാക്കി പദ്ധതി ഉപകരാര്‍ കൊടുക്കുന്നു. ഈ പ്രസാഡിയോ ടെക്നോളജീസുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രി ഏഴുകൊല്ലം മുന്നേ മുന്നറിയിപ്പു നല്‍കിയതുപോലൊരു അവതാരപ്പിറവിയുണ്ടായതായി ഇപ്പോള്‍ ആരോപണമുയര്‍ന്നിരിക്കുന്നത്.
പ്രസാഡിയോ കമ്പനി ആദ്യം അല്‍ഹിന്ദുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ചു. പൈസയൊക്കെ അല്‍ഹിന്ദ് മുടക്കണം, പ്രസാഡിയോ കമ്പനി പറയുന്നവരില്‍ നിന്നു മാത്രം ക്യാമറയും വാങ്ങണം. ലാഭത്തിലും അറുപതു ശതമാനം അഞ്ചു പൈസ മുടക്കില്ലാത്ത പ്രസാഡിയോയ്ക്ക് നല്‍കണം എന്നൊക്കെ വിചിത്രമായ അവസ്ഥ വന്നതോടെ അല്‍ഹിന്ദ് പിന്മാറി. അപ്പോള്‍ പ്രസാഡിയോ പോയി ലൈറ്റ്മാസ്റ്റേഴ്സ് ഇന്ത്യ എന്ന കമ്പനിയെ സമീപിച്ച് ഇതേ വ്യവസ്ഥകളുമായി പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ചു. പര്‍ച്ചേസ് ഓര്‍ഡര്‍ വരെയെത്തി കാര്യങ്ങള്‍. പക്ഷേ വെറും ലാഭമല്ല, കൊള്ളലാഭവും ദുരൂഹഇടപാടുകളുമാണ് പ്രസാഡിയോയുടെ ലക്ഷ്യമെന്നു വന്നതോടെ പിന്‍മാറിയെന്നു ലൈറ്റ്മാസ്‍റ്റേഴ്സും പറയുന്നു.
പക്ഷേ കെല്‍ട്രോണില്‍ നിന്ന് കരാറെടുത്ത 151കോടിക്കല്ല, 75 കോടിക്ക് മുഴുവന്‍ പണിയും തീര്‍ക്കാനായിരുന്നു ലൈറ്റ്മാസ്റ്റേഴ്സിനു കിട്ടിയ കരാറെന്നും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. അതില്‍ കമ്മിഷനും തുടര്‍ഭരണത്തിനു വേണ്ട ചെലവു വരെ ഉള്‍പ്പെടുത്തിയിരുന്നുവെന്നും. എന്തായാലും ലൈറ്റ് മാസ്റ്റേഴ്സും പോയി പിന്നെ ഇ–സെന്‍ട്രിക് സൊലുഷന്‍സ് വന്നു, അവരും പ്രസാഡിയോയും ചേര്‍ന്ന് പദ്ധതി പൂര്‍ത്തിയാക്കി. ധനവകുപ്പിന് കാര്യമായ സംശയങ്ങളൊക്കെ തോന്നിയെങ്കിലും ഇനി നോക്കിയിട്ട് കാര്യമില്ലെന്നു പ്രത്യേകം രേഖപ്പെടുത്തി പദ്ധതിക്ക് മന്ത്രിസഭായോഗത്തില്‍ ഭരണാനുമതിയും കിട്ടി. പദ്ധതി തുടങ്ങാനുള്ള ആഘോഷത്തിനിടെയാണ് ഉയര്‍ന്ന പദ്ധതിച്ചെലവില്‍ സമൂഹമാധ്യമങ്ങളിലടക്കം സംശയങ്ങളുയരുന്നത്. മുന്‍പ്രതിപക്ഷനേതാവും പ്രതിപക്ഷനേതാവും പദ്ധതിയെക്കുറിച്ച് ഓരോ ദിവസവും ഗുരുതരമായ ചോദ്യങ്ങളുയര്‍ത്തി. കെല്‍ട്രോണിലെ കാര്യങ്ങള്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷിക്കുമെന്ന് വ്യവസായമന്ത്രി പി.രാജീവ് പ്രഖ്യാപിച്ചു.
പിന്നെ മുന്‍പൊരിക്കല്‍ ഗതാഗതവകുപ്പിലെ ഉദ്യോഗസ്ഥനെതിരെ ഉയര്‍ന്ന പരാതികള്‍ അന്വേഷിക്കാനെന്ന പേരില്‍ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണത്തില്‍ ഈ നിര്‍മിത ബുദ്ധി ക്യാമറകള്‍ കൂടി ഉള്‍പ്പെടുമെന്നും പരോക്ഷമായി പറഞ്ഞുപരത്തി പിണറായി സര്‍ക്കാര്‍ മൗനം ആചരിക്കാന്‍ തുടങ്ങിയതാണ്.
പിന്നെ ഇതുവരെ സര്‍ക്കാരും മിണ്ടിയില്ല, പാര്‍ട്ടിയും മിണ്ടിയിട്ടില്ല. ആഴ്ച രണ്ടു കഴിഞ്ഞു. ഇതിനിടെ ഗുരുതരമായ ഒട്ടേറെ ആരോപണങ്ങള്‍ ഉയര്‍ന്നു. പ്രസാഡിയോ എന്ന കമ്പനിക്കു വേണ്ടി മാത്രമുണ്ടാക്കിയതുപോലെയാണ് ഈ പദ്ധതി ഉരുത്തിരിഞ്ഞുവന്നത് എന്ന ന്യായമായും സംശയിക്കാവുന്ന ആരോപണങ്ങള്‍. പ്രസാഡിയോ കമ്പനി മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ ബെനാമിയെന്ന് നേരിട്ടാരോപിച്ചത് ബി.ജെ.പി. നേതാവ്. ബെനാമിയൊന്നുമല്ല, അടുത്ത ബന്ധമുണ്ടെന്നത് സത്യം പക്ഷേ ബിസിനസ് ബന്ധമില്ലെന്ന് വിശദീകരിച്ചത് പ്രസാഡിയോ കമ്പനി. ബന്ധമില്ലാത്ത ബന്ധു എങ്ങനെ ബിസിനസ് മീറ്റിങില്‍ പങ്കെടുത്തു എന്ന ചോദ്യത്തിന് നിര്‍മിതബുദ്ധിയില്‍ പോലും ഉത്തരമില്ലെന്നതാണ് അവസ്ഥ
ഗത്യന്തരമില്ലാതെ പ്രതിരോധത്തിനെത്തിയ വ്യവസായമന്ത്രിയും മുന്‍ മന്ത്രിയും രണ്ടു മറുചോദ്യങ്ങള്‍ മാത്രമാണ് മുന്നോട്ടു വച്ചത്. . അന്വേഷണം നടക്കുമ്പോള്‍ മറുപടി പറയുന്നതെങ്ങനെ? മുഖ്യമന്ത്രിയുടെ ബന്ധു ഇടപെട്ടതിന് തെളിവുണ്ടോ? രണ്ടും അപഹാസ്യമായ ചോദ്യങ്ങളെന്നറിയുന്നതുകൊണ്ടായിരിക്കണം ക്ഷോഭവും പരിഹാസവുമായിരുന്നു മെയിന്‍. മുഖ്യമന്ത്രിയെ വേട്ടയാടുന്നു, കമല ഇന്റര്‍നാഷനല്‍ എന്നു പറഞ്ഞിട്ടെന്തായി എന്നൊക്കെ വൈകാരിക ചോദ്യങ്ങളെറിയാനും ശ്രമിച്ചു. സത്യത്തില്‍ ഇതിന്റെയൊക്കെ ആവശ്യമെന്താണ്? നിര്‍മിത ബുദ്ധി ക്യാമറ പദ്ധതി പൂര്‍ണമായും സുതാര്യമാണ്, പ്രതിപക്ഷാരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ് എന്ന് നേരെ ചൊവ്വേ ഉറപ്പിച്ചു പറയാന്‍ എന്താണ് തടസം? അങ്ങനെ ഒരുറപ്പുണ്ടെങ്കില്‍ പാര്‍ട്ടി എന്തുകൊണ്ട് മിണ്ടുന്നില്ല? സര്‍ക്കാര്‍ ഔദ്യോഗികമായി വിശദീകരിക്കുന്നില്ല? ഉറപ്പില്ല എന്നു ബോധ്യപ്പെടാന്‍ സാമാന്യബുദ്ധി പോരെ, നിര്‍മിത ബുദ്ധി വേണോ?
ചോദ്യങ്ങള്‍ മനസിലാകാത്തതുകൊണ്ടല്ല സര്‍ക്കാരും പാര്‍ട്ടിയും മിണ്ടാത്തത്. യുക്തിസഹമായി ഒരു മറുപടിയുമില്ലാത്തതുകൊണ്ടാണ്. ക്യാമറകളുടെ അടിസ്ഥാനവിലയില്‍ തുടങ്ങുന്ന ആരോപണങ്ങളാണ്.
പ്രസാഡിയോയ്ക്കെതിരെ ഉയര്‍ന്നത്.കെല്‍ട്രോണില്‍ നിന്ന് കരാര്‍ നേടിയ കമ്പനിയുടെ ഉപകരാറുകാരായ പ്രസാഡിയോ ആണ് ഈ പദ്ധതി മുഴുവന്‍ നിയന്ത്രിച്ചതെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. അതും ഊരാളുങ്കല്‍ -SRIT- ബന്ധത്തിലൂടെ പിന്നീട് ട്രോയ്സിന്റെ ഡയറക്ടറായ ജിതേഷിന്റെ ട്രോയ്സ് കമ്പനിയുമായി ചേര്‍ന്ന്. തുടക്കത്തിലെ സഹകരാറുകാരായിരുന്ന അല്‍ഹിന്ദ് ട്രോയ്സിനേക്കാള്‍ വിലയും മികവും മെച്ചമുള്ള കമ്പനികളില്‍ നിന്ന് ക്യാമറകള്‍ വാങ്ങാന്‍ ശ്രമിച്ചപ്പോള്‍ പ്രസാഡിയോ നിര്‍ബന്ധം പിടിച്ചു. ട്രോയ്‍സില്‍ നിന്നു തന്നെ ഉയര്‍ന്ന വിലയ്ക്ക് ക്യാമറകളും വാങ്ങണം. എന്നാല്‍ ഒറ്റ പൈസയും മുടക്കാത്ത പ്രസാഡിയോയ്ക്ക് പദ്ധതിയുടെ ആകെ ലാഭത്തില്‍ നിന്ന് 60 ശതമാനം നല്‍കുകയും വേണം. നോക്കുകൂലി തന്നെ. എന്തിനുള്ള നോക്കുകൂലി എന്നിടത്തേക്കാണ് പ്രകാശ്ബാബു എന്ന പേരും കടന്നു വരുന്നത്.
പ്രസാഡിയോ കമ്പനിയുടെ ഡയറക്ടര്‍ രാംജിത്ത് തുടക്കം മുതല്‍ പ്രകാശ്ബാബുവിനെ മുന്‍നിര്‍ത്തിയാണ് പദ്ധതിക്ക് ഗാരന്റി നല്‍കിയത് എന്നാണ് ആരോപണം. പ്രകാശ്ബാബു തന്നെ കണ്‍സോര്‍ഷ്യം മീറ്റിങിലും പങ്കെടുത്തുവെന്ന് പ്രതിപക്ഷനേതാവ് ആരോപണം ശക്തമാക്കിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ പ്രസാഡിയോയുടെ സിംഹഭാഗം ഓഹരിയുടെയും ഉടമയായ സുരേന്ദ്രകുമാറിനോടു ചോദിക്കുമ്പോള്‍ അദ്ദേഹത്തിനു നിഷേധിക്കാനാകുമാകുന്നില്ല.
വിവാദം തുടങ്ങി രണ്ടാഴ്ചയ്ക്കു ശേഷമാണ് നിര്‍ണായക കരാര്‍ മീറ്റിങില്‍ മുഖ്യമന്ത്രിയുടെ ബന്ധു പങ്കെടുത്തോ എന്ന ചോദ്യത്തിന് വ്യക്തതയില്ലെന്ന വാദവുമായി കമ്പനി ഉടമ ഒഴിഞ്ഞു മാറുന്നത്. പ്രകാശ്ബാബുവുമായി ബിസിനസ് ബന്ധങ്ങളില്ലെന്ന് അദ്ദേഹം തീര്‍ത്തുപറയുന്നുമുണ്ട്. ബിസിനസ് ബന്ധമേയില്ലാത്ത ഉറ്റസുഹൃത്തിനെ ബിസിനസ് മീറ്റിങില്‍ പങ്കെടുപ്പിച്ചതെന്തിന് എന്ന് പറയാന്‍ അദ്ദേഹത്തിന് ഇനിയും അന്വേഷിക്കണം. ഉണ്ടെങ്കില്‍ തന്നെ എല്ലാം ചെയ്തത് രാംജിത്താണ്.
അതായത് ചുരുക്കത്തില്‍ നമുക്കിത്രയും മനസിലായി. അല്‍ഹിന്ദ് കമ്പനിയെ പദ്ധതിയിലേക്കു കൊണ്ടു വരുന്നത് മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ ഗാരന്റി ചൂണ്ടിക്കാണിച്ചാണ്. ബന്ധു മീറ്റിങില്‍ പങ്കെടുത്തിട്ടില്ലെന്ന് ഇതുവരെ വിവാദകമ്പനിക്കു പോലും നിഷേധിക്കാനായിട്ടില്ല. കൈയിട്ടു വാരല്‍ ബോധ്യമായ അല്‍ഹിന്ദ് അടക്കമുള്ള കമ്പനികള്‍ പിന്‍മാറിയപ്പോള്‍ പരാതിയുമായി ആദ്യം സമീപിച്ചതും മുഖ്യമന്ത്രിയുടെ ബന്ധുവിനെയാണ്. പരിഹാരമുണ്ടാകാതെ വന്നപ്പോള്‍ ഇതേ കമ്പനികള്‍ ഇക്കാര്യങ്ങള്‍ വ്യവസായവകുപ്പിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഒന്നരവര്‍ഷം മുന്‍പ് പദ്ധതിയിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാണിച്ച് മുന്നിലെത്തിയ പരാതി അവഗണിച്ച അതേ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയാണ് ഇപ്പോള്‍ വകുപ്പ് കെല്‍ട്രോണിനു വീഴ്ച പറ്റിയോ എന്നന്വേഷിക്കാന്‍ നിയോഗിച്ചിരിക്കുന്നത് എന്നത് വേറൊരു തമാശ.
മുഖ്യമന്ത്രി അഴിമതി നടത്തിയെന്നല്ല ആരോപണം. മുഖ്യമന്ത്രിയുടെ പേരില്‍ അഴിമതി നടന്നുവെന്നാണ്. ഏറ്റവും കുറഞ്ഞത് 100 കോടിയില്‍ താഴെ തീരുമായിരുന്ന പദ്ധതി പ്രസാഡിയോയ്ക്കും ട്രോയ്സിനും കൊള്ളലാഭമൊരുക്കാന്‍ ആകെ 232 കോടിയാക്കി ഉയര്‍ത്തിയെന്നാണ്. അതിനു വേണ്ടി കരാര്‍ മാനദണ്ഡങ്ങളില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തിയെന്നാണ്. അതിന്റെ വസ്തുതയെന്താണെന്നാണ് സര്‍ക്കാരും വകുപ്പുകളും ജനങ്ങളോടു വിശദീകരിക്കേണ്ടത്. 151 കോടിയുടെ പദ്ധതി ചെലവില്‍ യഥാര്‍ഥത്തില്‍ ചെലവായ തുകയെത്രയെന്നാണ് സര്‍ക്കാര്‍ രേഖാമൂലം മറുപടി പറയേണ്ടത്. കെ.ഫോണ്‍ അടക്കം മറ്റു പദ്ധതികളിലും ഇതേ കമ്പനികള്‍ ശൃംഖലയായി എത്തിയതെങ്ങനെയെന്നാണ് വിശദീകരിക്കപ്പെടേണ്ടത്.
മുഖ്യമന്ത്രിയുടെ ബന്ധുബലവും സ്വാധീനവും ചൂണ്ടിക്കാട്ടി ആരെങ്കിലും കൊള്ളലാഭത്തിനു ശ്രമിച്ചെങ്കില്‍ പൊതുപണം ചില്ലറ പണം പോലും മുടക്കാതെ കൈക്കലാക്കുന്നുവെങ്കില്‍ അത് അഴിമതിയാണോ? ആ ചോദ്യത്തിനു മാത്രം സി.പി.എം ഉത്തരം നല്‍കിയാല്‍ മതി. ആ ചോദ്യത്തിനു മാത്രമാണ് മുഖ്യമന്ത്രിയും മറുപടി നല്‍കേണ്ടത്. അത്രമേല്‍ ഗുരുതരമായ ഒരു ചോദ്യം അവഗണിക്കാനുള്ള പ്രിവിലേജ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനുണ്ടാകരുത്. കേരളത്തിലെ ജനങ്ങള്‍ക്കും ഇപ്പോള്‍ സാമാന്യബുദ്ധിക്കു പകരം നിര്‍മിതബുദ്ധിയാണ് എന്നുകൂടി പിണറായി സര്‍ക്കാര്‍ വിശ്വസിക്കുന്നുണ്ടോ?നിര്‍മിതബുദ്ധി ക്യാമറകളുടെ പേരില്‍ ഇതുവരെ ഉയര്‍ന്ന ഒരു ചോദ്യത്തിനു പോലും ഉത്തരം നല്‍കാത്ത സര്‍ക്കാര്‍ മൗനം ദുരൂഹമാണ്. സംശയകരമാണ്.
രണ്ടു കൊല്ലം കഴിഞ്ഞ് സര്‍ക്കാര്‍ ആലോചിക്കാന്‍ പോകുന്ന ഒരു പദ്ധതി മുന്‍കൂട്ടി കണ്ട് കരുനീക്കാന്‍ മാത്രം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുള്ള കമ്പനികളൊക്കെ കേരളത്തിലുണ്ടെന്ന് നമ്മളറിഞ്ഞോ?
പ്രസാഡിയോ കമ്പനിയുടെ സാന്നിധ്യത്തില്‍ ദുരൂഹതയുണ്ടോ? ഉപകരാറെടുത്ത പ്രസാഡിയോ പ്രധാന കരാറെടുത്ത SRITയേക്കാള്‍ വലിയ നടത്തിപ്പുകാരായതെങ്ങനെ? പദ്ധതി നടക്കുന്നുവെന്നു മുന്‍കൂട്ടി അറിയാനുള്ള നിര്‍മിത ബുദ്ധിയുള്ള ഒരു കമ്പനിയാണോ പ്രസാഡിയോ? കെല്‍ട്രോണും SRITയുമായി പദ്ധതി നടപ്പാക്കാനുള്ള കരാര്‍ ഒപ്പിടുന്നതിനും മുന്‍പേ SRITയും പ്രസാഡിയോയും തമ്മില്‍ ഈ പദ്ധതി നടത്താന്‍ കരാറായിരുന്നുവെന്ന് രേഖകള്‍ പുറത്തു വന്നിട്ടുണ്ട്. എല്ലാം നിര്‍മിതബുദ്ധിയുടെ കളിയായിരിക്കണം. ഈ ആരോപണങ്ങളൊക്കെ ഉയരുമ്പോഴും ഗതാഗതമന്ത്രിയോ വ്യവസായമന്ത്രിയോ ആരോപണങ്ങളുടെ മെറിറ്റില്‍ കടന്ന് ഉത്തരം പറയുന്നില്ല. എവിടെ വരെ പോകുമെന്നു നോക്കാം. വരട്ടെ. അപ്പോള്‍ കാണാം. തെളിവുകളുണ്ടെങ്കില്‍ കൊണ്ടുവരട്ടെ എന്നാണ്.
ദുരൂഹതകളില്ലെന്നു തീര്‍ത്തുപറയാനും ഒരൊറ്റമന്ത്രിയും തയാറല്ല എന്നതും ശ്രദ്ധേയം. സി.പി.എം ഒരു ആരോപണത്തെ പ്രതിരോധിക്കുന്നതെങ്ങെയെന്ന് അറിയാത്തവരൊന്നുമല്ലല്ലോ മലയാളികള്‍. പാര്‍ട്ടി മിണ്ടുന്നേയില്ല. ഇനിയും എന്തൊക്കെ തെളിവുകള്‍ വരുമെന്നു നോക്കി കാത്തിരിക്കുകയാണെന്നു വ്യക്തം. ഉപകരാറില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനി രാഷ്ട്രീയബന്ധം ചൂണ്ടിക്കാട്ടി മറ്റു കമ്പനികളെ സമീപിച്ചതെന്തിന്? മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുവിനെ ചൂണ്ടിക്കാട്ടി ബിസിനസ് സുരക്ഷയും അമിതലാഭവും വാഗ്ദാനം ചെയ്തതെന്തിനാണ്? ഈ വ്യക്തിക്കും മറ്റു കമ്പനി മേധാവികള്‍ക്കും ക്ലിഫ്ഹൗസുമായുള്ള ബന്ധമെന്താണ്? ഈ ചോദ്യങ്ങളൊക്കെ നില്‍ക്കുമ്പോഴും ഇതുവരെ പുറത്തു വന്നതൊക്കെ എന്ത് എന്നാണ് ഇതുവരെ വാ തുറക്കാന്‍ തയാറായവരുടെ തന്നെ ഒരേയൊരു മറുചോദ്യം
. ഇനിയുമുണ്ടെങ്കില്‍ വരട്ടെ എന്ന് എ.കെ.ബാലനും പി.രാജീവും മുന്‍കൂര്‍ജാമ്യമെടുക്കുകയും ചെയ്യുന്നു. ചോദ്യങ്ങളെല്ലാം മുഖ്യമന്ത്രിയെ വേട്ടയാടാനാണെന്ന് വഴിതിരിച്ചുവിടാനും ശ്രമിക്കുന്നു. മുഖ്യമന്ത്രിക്കെതിരെ ഇതുവരെ വ്യക്തിപരമായ ഒരു അഴിമതി ആരോപണവും ഈ ഇടപാടില്‍ ഉയര്‍ന്നിട്ടില്ല. പക്ഷേ മുഖ്യമന്ത്രിയുടെ ബന്ധുവാണ് ഗാരന്റി എന്ന വാഗ്ദാനം ദുരൂഹമായി കരാര്‍ നേടിക്കൊണ്ടിരിക്കുന്ന കമ്പനി ഉന്നയിച്ചുവെന്നാണ് ആരോപണം.
ആരോപണം ഉയര്‍ന്നാല്‍ രണ്ടു തരത്തില്‍ പ്രതികരിക്കാം. വസ്തുതകള്‍ വച്ച്. ചോദ്യങ്ങളുടെ മുനയൊടിക്കുന്ന മറുപടികള്‍ നല്‍കിക്കൊണ്ട്. അല്ലെങ്കില്‍ എ.കെ.ബാലനും പി.രാജീവും ചെയ്തതുപോലെ. ക്ഷോഭം, പരിഹാസം, ഭീഷണി , ധാര്‍ഷ്ട്യം.
ഇതിന്റെയൊന്നും ആവശ്യം വരുന്നില്ല. AI ക്യാമറ പദ്ധതി പൂര്‍ണമായും സുതാര്യമാണ് എന്ന് സര്‍ക്കാരിന് ബോധ്യമുണ്ട്. ഒരു കമ്പനിയും ദുരൂഹമായ ഇടപെടല്‍ നടത്തിയിട്ടില്ല. എല്ലാം ചട്ടപ്രകാരം, പൂര്‍ണസുതാര്യം. പ്രസാഡിയോ എന്ന കമ്പനിക്കു പിന്നിലും ആരോപണവിധേയമായ ബന്ധങ്ങളോ ഇടപെടലുകളോ ഇല്ലെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തിയിട്ടുണ്ട്. എന്നും പ്രതികരണമാകാം. ഏതു പ്രതികരണമാണ് ഇതുവരെ നടത്തിയത് എന്നതാണ് കേരളത്തിന് തല്‍ക്കാലം മുന്നിലുള്ള ഉത്തരം. അത് സംശയകരമാണ്.
ഇതൊക്കെ സര്‍ക്കാരും പ്രതിപക്ഷവും കൂടി തീര്‍ക്കട്ടെ എന്നു മാറിനില്‍ക്കാനാകുമോ സാധാരണ ജനങ്ങള്‍ക്ക്? ഒരിക്കലുമില്ലെന്നു മാത്രമല്ല, അവിഹിതമായി നടന്ന ഓരോ ഇടപാടിന്റെയും പിഴ കൂടിയാണ് ഇനി റോഡില്‍ നമ്മള്‍ ഒടുക്കിത്തീര്‍ക്കേണ്ടത്. കൃത്യമായ ടാര്‍ഗറ്റ് നിശ്ചയിച്ച് നിയമലംഘനങ്ങളിലെ പിഴയുടെ വീതം കൂടി ഈ വിവാദകമ്പനികള്‍ക്കാണ്. റോഡ് സുരക്ഷയ്ക്കു വേണ്ടി പിഴയൊടുക്കാം, പക്ഷേ രാഷ്ട്രീയബന്ധുബലത്തിന് പിഴ നല്‍കേണ്ട ഗതികേട് കേരളത്തിനുണ്ടാകരുത്. പദ്ധതിയുടെ സുതാര്യത ഉറപ്പുവരുത്തേണ്ടത് ജനങ്ങളുടെ അവകാശമാണ്.
വസ്തുതകള്‍ വിശദീകരിക്കണം. സര്‍ക്കാരിന്റെ എല്ലാ പദ്ധതികളിലും പാര്‍ട്ടിയുടെ ധനസ്രോതസെന്ന് കൂടി ആരോപണം നേരിടുന്ന കമ്പനികളുടെ ദുരൂഹസാന്നിധ്യം വിശദീകരിക്കപ്പെടണം. ഇത് പാര്‍ട്ടി ഫണ്ടിനെക്കുറിച്ചുള്ള ചര്‍ച്ചയല്ല. പൊതുജനങ്ങളുടെ പണം ഏറ്റവും കൃത്യതയോടെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട സര്‍ക്കാര്‍ എന്തു ചെയ്തുവെന്നതാണ് ചോദ്യം. കള്ളം പിടിക്കാനായിരുന്നു കാമറ. ക്യാമറയിലെ കള്ളം ആരു പിടിക്കും? നിര്‍മിത ബുദ്ധി ഉപയോഗിച്ചാണെങ്കിലും കേരളത്തിലെ മനുഷ്യരെ ബോധ്യപ്പെടുത്താനാകുന്ന ഒരു വിശദീകരണമെങ്കിലും കണ്ടു പിടിച്ചു മുന്നോട്ടു വയ്ക്കണം സര്‍ക്കാരേ. തുടര്‍ഭരണം കൊണ്ട് ജനാധിപത്യം അവസാനിപ്പിച്ചിട്ടില്ലെന്ന് എളിമയോടെ ഓര്‍മിപ്പിക്കുന്നു . ഗുരുതരമായ ഒരാരോപണത്തില്‍ മിണ്ടാന്‍ മനസില്ലെന്നു പറയാന്‍ കേരളത്തിലെ ജനങ്ങള്‍ തിരഞ്ഞെടുപ്പില്‍ രാജാവിനെയല്ലല്ലോ തിരഞ്ഞെടുത്തിരിക്കുന്നത്. ഈ ബുദ്ധി നിര്‍മിച്ചതാരാണ് എന്ന് മുഖ്യമന്ത്രി കേരളത്തോടു പറയണം. അതല്ല ഇനി മുഖ്യമന്ത്രിക്ക് ഈ ചോദ്യത്തിനു മറുപടി പറയാന്‍ നിര്‍മിതബുദ്ധിയുടെ സഹായം വേണ്ടി വരുമോ?