കുടുംബവാഴ്ചയ്ക്കെതിരെ അനിൽ ആന്റണിയുടെ പോരാട്ടം ...!

PVA-Anil
SHARE

അനില്‍ ആന്റണി കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ കോണ്‍ഗ്രസിന് ഒന്നും സംഭവിക്കുന്നില്ല. എന്നാല്‍ ബി.ജെ.പിക്ക് അത് ചെറുതല്ലാത്ത നേട്ടവുമാണ്. ഇതേ വൈരുധ്യം കോണ്‍ഗ്രസ് കടന്നു പോകുന്ന പല പ്രതിസന്ധികളിലുമുണ്ട്. ഓരോ നഷ്ടമുണ്ടാകുമ്പോഴും കോണ്‍ഗ്രസിന് ഒന്നുംസംഭവിക്കുന്നില്ല. പക്ഷേ ബി.ജെ.പിക്ക് നേട്ടമുണ്ടാകുന്നു. ഒന്നും സംഭവിക്കുന്നില്ല എന്നതാണ് യഥാര്‍ഥ പ്രതിസന്ധിയെന്ന് കോണ്‍ഗ്രസ് തിരിച്ചറിയും വരെ ഇനിയും ഈ ഒഴുക്ക് തുടരും. 

അതുകൊണ്ട് അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ല. അനില്‍ ആന്റണി ബി.ജെ.പിയില്‍ തന്നെയെത്തി. ഒന്നും സംഭവിക്കുന്നില്ലെന്ന് കോണ്‍ഗ്രസിന് ഉറപ്പിച്ചു വിശ്വസിക്കാം. പക്ഷേ കോണ്‍ഗ്രസിന് സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇതൊക്കെ തന്നെയാണ്.  എങ്ങനെ ബി.െജ.പിയിലെത്തി എന്നതിനു മാത്രമല്ല കോണ്‍ഗ്രസ് മറുപടി പറയേണ്ടത്, അനില്‍ ആന്റണി എങ്ങനെ കോണ്‍ഗ്രസ് നേതാവായി എന്നതിനാണ് ആദ്യം മറുപടി വേണ്ടത്. കോണ്‍ഗ്രസ് നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍ക്കൊക്കെയുള്ള ഉത്തരം ആ ചോദ്യത്തിലൂടെ തെളിഞ്ഞു വരും. ബി.ജെ.പി. രാഹുല്‍ ഗാന്ധിയെ ഏറ്റവുമധികം ആക്ഷേപിക്കുന്നത് എന്തിന്റെ പേരിലാണ്?  കുടുംബവാഴ്ച, അതൊരിക്കലും ബി.ജെ.പിക്ക് സഹിക്കാനാകില്ല. രാജീവ് ഗാന്ധിയുടെ മകന്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നതു പോലും കുടുംബവാഴ്ചയാണ്. അങ്ങേയറ്റം എതിര്‍ക്കപ്പെടേണ്ടതാണ്. പക്ഷേ എ.കെ.ആന്റണിയുടെ മകനാണെങ്കില്‍ കുടുംബവാഴ്ച പ്രശ്നമില്ല. സഞ്ജയ് ഗാന്ധിയുടെ മകനാണെങ്കില്‍ പ്രശ്നമില്ല. മാധവറാവു സിന്ധ്യയുടെ മകന് പ്രശ്നമില്ല, ജിതേന്ദ്രപ്രസാദയുടെ മകന് പ്രശ്നമില്ല. അതൊന്നും കുടുംബവാഴ്ചയല്ല. രാഷ്ട്രീയത്തിലെ കുടുംബാധിപത്യത്തിനെതിരെ  ബി.ജെപി.യുടെ  പ്രത്യേകതരം പോരാട്ടത്തെ വീണ്ടും അടയാളപ്പെടുത്തുന്നു ഈ പുതിയ മുഖവും. 

വ്യക്തിപരമായ കൊഴിഞ്ഞുപോക്കിനു കാരണം വ്യക്തിപരമായ കാരണങ്ങള്‍ തന്നെയാണ്, സംശയമില്ല. പക്ഷേ വ്യക്തിപരമായ സമ്മര്‍ദങ്ങള്‍ ചെറുത്തും പാര്‍ട്ടിയില്‍ ഉറച്ചു നില്‍ക്കുന്ന പ്രവര്‍ത്തകര്‍ക്ക് ഇനിയും കോണ്‍ഗ്രസ് നല്‍കുന്ന ഉറപ്പെന്താണ്?  നേതാക്കളേക്കാള്‍ മതേതര ഇന്ത്യയ്ക്കും ജനാധിപത്യബോധ്യങ്ങള്‍ക്കും വേണ്ടി ഉറച്ചു നില്‍ക്കുന്ന മനുഷ്യരോട് ഇന്നും കോണ്‍ഗ്രസ് കാണിക്കുന്ന ഉറപ്പെത്രയാണ്? തിരിച്ചുവരവ്, പ്രത്യാശയുടെ സൂചനകള്‍, പ്രതിപക്ഷ ഐക്യം ഇതൊക്കെ സാധ്യതകളാണ്. പക്ഷേ യാഥാര്‍ഥ്യവും സാധ്യതയും തമ്മില്‍ ഇപ്പോഴും എത്ര അന്തരമുണ്ട്? ഒറ്റുകാരല്ലാത്ത, ഒരിക്കലും ഒറ്റുകാരാവാത്ത   കോടിക്കണക്കിന് മനുഷ്യര്‍ വിശാലമാനവികരാഷ്ട്രീയപക്ഷത്ത് ഇന്ത്യയില്‍ ഇന്നും ചങ്കുറപ്പോടെ തലയുയര നില്‍ക്കുന്നുണ്ട്.  വസ്തുതയാണ്.  പക്ഷേ അവര്‍ ആര്‍ക്കൊപ്പം നില്‍ക്കണം? തിരിച്ചുവരുന്നുവെന്നും മതേതരരാഷ്ട്രീയം തിരിച്ചുപിടിക്കുമെന്നും കോണ്‍ഗ്രസ് ആവര്‍ത്തിക്കുന്നുണ്ട്. പക്ഷേ പ്രതീക്ഷകളും യഥാര്‍ഥ സാധ്യതയും തമ്മിലുള്ള അന്തരമാണ് കോണ്‍ഗ്രസ്  സത്യസന്ധമായി  വിലയിരുത്തേണ്ടത്. വ്യത്യാസം  ഇപ്പോഴും  80 ശതമാനത്തിലേറെയാണ്. 80 ശതമാനം പ്രതീക്ഷയും 20 ശതമാനം സാധ്യതയും മാത്രമാണ് ഇപ്പോഴും യാഥാര്‍ഥ്യം. കോണ്‍ഗ്രസ് പ്രവര്‍ത്തിക്കേണ്ടത് അനില്‍ ആന്റണിമാരിലല്ല, പ്രതീക്ഷയും സാധ്യതയും തമ്മിലുള്ള വ്യത്യാസം ഇല്ലാതാക്കാനാണ്

MORE IN PARAYATHE VAYYA
SHOW MORE