ആകാശ് തില്ലങ്കേരിയോട് സിപിഎമ്മിന് എന്തുകൊണ്ട് രോഷമില്ല..?

parayathe-vayya-akash
SHARE

സി.പി.എമ്മില്‍ കൊല്ലുന്നവരും കൊല്ലിക്കുന്നവരുമുണ്ടെന്ന് ആരെങ്കിലും ആരോപിച്ചാല്‍ എന്തായിരിക്കും സിപിഎമ്മിന്റെ പ്രതികരണം. ഊഹിക്കാമല്ലോ.  ചിലപ്പോള്‍ പ്രതിഷേധത്താല്‍ കേരളം തന്നെ  തിരിച്ചുവച്ചെന്നുമിരിക്കും.  പക്ഷേ ചിലര്‍ പറഞ്ഞാല്‍ പാര്‍ട്ടിക്ക് മിണ്ടാട്ടമില്ല. നിര്‍ബന്ധിച്ചാല്‍ മിണ്ടിയെന്നു വരുത്തും. പക്ഷേ പിന്നെയും ചോദിച്ചാല്‍ പാര്‍ട്ടിക്കു ദേഷ്യം വരും. അല്ലെങ്കിലും ഏതെങ്കിലും കൊലക്കേസ് പ്രതിയൊക്കെ എന്തെങ്കിലും വിളിച്ചു പറഞ്ഞാല്‍  സി.പി.എം പ്രതികരിക്കണമെന്നു പറഞ്ഞാലെങ്ങനെ ശരിയാകും?

സി.പി.എമ്മില്‍ ക്വട്ടേഷന്‍ സംഘങ്ങളുണ്ടോ? പൊതുസമൂഹത്തില്‍ അത്തരം ചോദ്യങ്ങളുയര്‍ന്നാല്‍ സി.പി.എം പൊതുവേ വലിയ തോതില്‍ ഇരവാദം ഉയര്‍ത്താറുണ്ട്.  പാര്‍ട്ടിയെ തകര്‍ക്കാനുള്ള അപവാദപ്രചാരണമെന്ന് ശക്തമായ പ്രതികരണവും വരും. പക്ഷേ ഒരു മുന്‍അംഗം പാര്‍ട്ടിയുടെ ഒരു മുന്‍സജീവപ്രവര്‍ത്തകന്‍, സൈബര്‍പോരാളി അതും ഒരു കൊലക്കേസിലെ പ്രതി തന്നെ പാര്‍ട്ടിയെ സംശയത്തിന്റെ നിഴലിലാക്കിയിട്ടും സി.പി.എം അനങ്ങുന്നില്ല. പറയുന്നവര്‍ പറഞ്ഞങ്ങ് പോകട്ടെ എന്നൊരു അഴകൊഴമ്പന്‍ നിലപാട്. 

അതിനു മാത്രം ആകാശ് തില്ലങ്കേരി പറഞ്ഞുവച്ചിരിക്കുന്നതെന്താണ്? പല കാര്യങ്ങളിലും തന്നെ കുഴിയിൽ ചാടിച്ചത് DYFI മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി സരീഷ് പൂമരമാണെന്ന് അയാളുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ കമന്റില്‍ പറഞ്ഞാണ് തുടക്കം. ഇവരൊക്കെ പല ആഹ്വാനങ്ങളും തരും പക്ഷേ കേസ് വന്നാൽ തിരിഞ്ഞ് നോക്കില്ല.ആഹ്വാനം ചെയ്തവർക്ക് പാർട്ടി  സഹകരണ സ്ഥാപനങ്ങളിൽ ജോലിയും 

അതു നടപ്പിലാക്കിയവർക്ക് പട്ടിണിയും പടിയടച്ച് പിണ്ഡം വയ്ക്കലുമായിരുന്നുവെന്നാണ് ആകാശ് തില്ലങ്കേരിയുടെ ഫെസ് ബുക്ക് കമന്റ്. സ്വാഭാവികമായും ഇത് ഷുഹൈബ് കേസിലെ കുറ്റസമ്മതമാണെന്നാരോപിച്ച് കോണ്‍ഗ്രസും ഷുഹൈബിന്റെ കുടുംബവും രംഗത്തെത്തി. പാര്‍ട്ടി കയ്യൊഴിഞ്ഞതുകൊണ്ടാണ് ക്വട്ടേഷന്‍ വഴിയിലേക്ക് തിരിയേണ്ടി വന്നതെന്ന് ആകാശ് ആരോപിച്ചിരുന്നു.  തങ്ങള്‍ വായടച്ചതുകൊണ്ടു മാത്രമാണ്നേതാക്കളില്‍ പലരും പുറത്തിറങ്ങി നടക്കുന്നതെന്ന് ഭീഷണിയും ആകാശ് തില്ലങ്കേരി ഉയര്‍ത്തി. 

പക്ഷേ കോണ്‍ഗ്രസ് എന്തൊക്കെ ആക്ഷേപിച്ചാലും അനങ്ങില്ലെന്നങ്ങുറച്ചു നില്‍ക്കുകയാണ് സി.പി.എം. 

ഈ പാര്‍ട്ടി അങ്ങനെയല്ലല്ലോ. ഈ പാര്‍ട്ടികളാരും ഇങ്ങനെയുമല്ല പ്രതികരിക്കാറുള്ളത്. പക്ഷേ പറഞ്ഞ പാര്‍ട്ടിക്കും കുറച്ചു സവിശേഷതകളുണ്ട്. പറ‍ഞ്ഞങ്ങ് പ്രകോപിപ്പിക്കാന്‍ മാത്രം നിസാരനല്ലെന്നു ചുരുക്കം. സി.പി.എം ആരോപിക്കുന്നതുപോലെ ക്രിമിനലാണ്. പക്ഷേ ക്രൈം ഒക്കെ ചെയ്യിച്ചതാര് എന്ന ചോദ്യമാണ് ഇപ്പോള്‍ ആകാശ് തില്ലങ്കേരി ഉയര്‍ത്തുന്നത്. ആ ചോദ്യം നേരിടാന്‍ സി.പി.എമ്മിന് ഇത്തിരി ബുദ്ധിമുട്ടുണ്ടെന്ന് പ്രതികരണം കണ്ടാല്‍ മനസിലാകുമല്ലോ.

എന്നാല്‍ ആകാശിന് നിയമസഹായം നല്‍കില്ലേയെന്ന ചോദ്യത്തിന് ജില്ലാസെക്രട്ടറിയുടെ ഉത്തരം. മാധ്യമപ്രവര്‍ത്തകര്‍ വീണ്ടും വീണ്ടും നിര്‍ബന്ധിക്കേണ്ടി വന്നു. എന്താണ് പാര്‍ട്ടി ആകാശ് തില്ലങ്കേരിയുടെ ആരോപണങ്ങള്‍ക്കെതിരെ നടപടിയെടുക്കാത്തത്? 

ആകാശ് തില്ലങ്കേരിയെ തുറന്നു കാട്ടുമെന്നാണ് ഒടുവില്‍ മാധ്യമപ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചു പറയിച്ചെടുത്തത്. 

അതായത് ഒരു വ്യക്തിയോട് എന്തെങ്കിലും വിരോധത്തോടെ കാണുന്നത് മാര്‍ക്സിസ്റ്റ് സമീപനമല്ല. അല്ലെങ്കില്‍ കാണാമായിരുന്നു. പരസ്യമായി വെല്ലുവിളിക്കുന്ന  ആകാശ് തില്ലങ്കേരിയോടു സി.പി.എം കാണിക്കുന്ന സൗമനസ്യം സംയമനത്തിന്റെ ഉദാത്ത മാതൃകയാണ്. ഇനി ഈ കേസിന്റെ ചരിത്രമൊന്നു നോക്കാം. 

ആകാശ് തില്ലങ്കേരി യൂത്ത് കോണ്‍ഗ്രസ് നേതാവ്  ഷുഹൈബിനെ കൊലപ്പെടുത്തിയ  കേസിലെ പ്രധാനപ്രതിയാണ്. 2018 ഫെബ്രുവരി 12നാണ് ഷുഹൈബ് കൊല്ലപ്പെടുന്നത്. ആകാശ് തില്ലങ്കേരി അടക്കം 17 സി.പി.എം– DYFI പ്രവര്‍ത്തകരാണ് ഷുഹൈബ് വധക്കേസിലെ പ്രതികള്‍. ഭരണകക്ഷിക്കാര്‍ പ്രതികളായ കേസ് കേരളാ പൊലീസ് അന്വേഷിച്ചാല്‍ യഥാര്‍ഥ ഗൂഢാലോചന പുറത്തുവരില്ലെന്ന് കോണ്‍ഗ്രസും ഷുഹൈബിന്റെ കുടുംബവും ആരോപിച്ചിരുന്നു. സി.പി.എമ്മിന്റെ വന്യേരി ബ്രാഞ്ച് അംഗമായിരുന്നു ആകാശ് തില്ലങ്കേരി. RSS പ്രവര്‍ത്തകന്‍ വിനിഷീെന വധിച്ച കേസില്‍ പ്രതി. 21 വയസായിരുന്നു അന്ന്. പി.ജെ.ആര്‍മിയുെട പ്രബലമുഖമായിരുന്നു. എ.കെ.ജി.സെന്റര്‍ കേന്ദ്രീകരിച്ച് സൈബര്‍ പ്രചാരണത്തില്‍  പ്രവര്‍ത്തിച്ചിട്ടുമുണ്ട്. ഷുഹൈബ് കേസില്‍ ഒന്നാം പ്രതിയായി പ്രതിരോധിക്കാന‍് വഴിയില്ലാതായതോടെ സി.പി.എം ആകാശിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പക്ഷേ നിയമസഹായവും സംരക്ഷണവും തുടര്‍ന്നു. ജാമ്യത്തിലിറങ്ങിയതോടെ കൊടിസുനിയുടെ സംഘത്തിലെത്തി. സ്വര്‍ണക്കടത്തും ക്വട്ടേഷനും വീണ്ടും ആരംഭിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. 

പാര്‍ട്ടി കയ്യൊഴിഞ്ഞതുകൊണ്ടാണ് ക്വട്ടേഷന്‍ വഴിയിലേക്ക് തിരിയേണ്ടി വന്നതെന്ന് ആകാശ് ആരോപിച്ചിരുന്നു. ഓരോന്നു ചെയ്യാന്‍ ആഹ്വാനം ചെയ്യുന്നവര്‍ക്ക് സഹകരണസ്ഥാപനത്തില്‍ ജോലിയും അത് നടപ്പാക്കിയവര്‍ക്ക് പട്ടിണിയുമെന്നും ആരോപിക്കുന്ന ഫേസ്ബുക്ക് കമന്റാണ് പുതിയവിവാദങ്ങള്‍ക്കു തുടക്കമിട്ടത്. തങ്ങള്‍ വായടച്ചതുകൊണ്ടു മാത്രമാണ്നേതാക്കളില്‍ പലരും പുറത്തിറങ്ങി നടക്കുന്നതെന്ന ഭീഷണിയും ആകാശ് തില്ലങ്കേരി ഉയര്‍ത്തി. ഷുഹൈബ് കേസില്‍ പാര്‍ട്ടി പുറത്താക്കിയ ശേഷം നിയമസംരക്ഷണവും പ്രതിരോധവും ആകാശ് തില്ലങ്കേരിക്കും സംഘത്തിനും കിട്ടിയിരുന്നു. പക്ഷേ സ്വര്‍ണക്കടത്തും ക്വട്ടേഷനും വീണ്ടും സജീവമാക്കിയതോടെ പാര്‍ട്ടി അകലം പാലിച്ചു തുടങ്ങി. ഷുഹൈബ് കൊലക്കേസിനു പിന്നിലുള്ള ചിലര്‍ക്ക് പാര്‍ട്ടി ശുപാര്‍ശയില്‍ സഹകരണജോലി കിട്ടിയതാണ് ഒന്നാംപ്രതിയെ ഇപ്പോള്‍ പ്രകോപിപ്പിച്ചതെന്നാണ് വിവരം. പോസ്റ്റും കമന്റും തുടര്‍ന്ന് ഓണ്‍ലൈന്‍ വാഗ്‍യുദ്ധവും. DYFI വനിതാനേതാവിനോട്  അസഭ്യഭാഷയില്‍ പ്രതികരിച്ചതോടെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കേസായി. ഒളിവിലായി. ഒടുവില്‍ ആകാശിന് ഒരു ബുദ്ധിമുട്ടുമുണ്ടാകില്ലെന്നുറപ്പാക്കി ഒരു കീഴടങ്ങലും ജാമ്യമെടുക്കലും കഴിഞ്ഞു. 

17 പ്രതികളില്‍ ആകാശ് തില്ലങ്കേരിയാണ് ഷുഹൈബിന്റെ കൊല നടത്തിയതെന്നാണ്  കുറ്റപത്രം. ആകാശ് തില്ലങ്കേരിക്ക് ഷുഹൈബിനെ കണ്ടാല്‍ പോലും തിരിച്ചറിയില്ലായിരുന്നു. ആളെ കാണിച്ചുകൊടുത്തു നടത്തിയ ക്വട്ടേഷന്‍ കൊലയായിരുന്നു ഷുഹൈബ് വധം. ആരുടെ ക്വട്ടേഷനെന്ന് കൊലയാളി വിളിച്ചു പറഞ്ഞാല്‍ ആര്‍ക്കാണ് പ്രശ്നമെന്ന് കോടതിയില്‍ തുടരുന്ന നിയമയുദ്ധത്തില്‍  ഉത്തരമുണ്ട്.  ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ വരുന്നത് തടയാന്‍ സംസ്ഥാനസര്‍ക്കാര്‍ ഒരു കോടിയിലേറെ രൂപ മുടക്കിക്കഴിഞ്ഞു. 

അതുകൊണ്ടു തന്നെ ആകാശ് തില്ലങ്കേരിയെ ഒരു തരത്തിലും പ്രകോപിപ്പിക്കരുതെന്ന് സി.പി.എം യോഗം ചേര്‍ന്ന് തീരുമാനിച്ചുകഴിഞ്ഞു. എന്തെങ്കിലും വിളിച്ചുപറയട്ടെ, ആരും മറുപടി പറയേണ്ടെന്ന ഉദാരതയുടെ പശ്ചാത്തം ഇതാണ്. 

തല്‍ക്കാലം സി.പി.എമ്മിലെ തില്ലങ്കേരി യുദ്ധം ഒത്തുതീര്‍പ്പിലേക്കാണ്. പക്ഷേ രാഷ്ട്രീയ കൊലപാതകക്കേസിലെ പ്രതികളെ പേടിച്ചു പ്രവര്‍ത്തിക്കേണ്ട അവസ്ഥ ഏറ്റവും സംഘടനാബലമുള്ള പാര്‍ട്ടിക്കുണ്ടെന്ന് കേരളം കണ്ടുപോയി. കണ്ണൂരില്‍ മാത്രമല്ല, ആലപ്പുഴയില്‍ , തിരുവനന്തപുരത്ത്, കായംകുളത്ത് സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കുന്നത് പാര്‍ട്ടി ശത്രുക്കളല്ല. പാര്‍ട്ടിക്കകത്തു തന്നെയാണ് പ്രശ്നം. 

സംസ്ഥാനസെക്രട്ടറി എം.വി.ഗോവിന്ദന്റെ നേതൃത്വത്തില്‍  സി.പി.എമ്മിന്റെ പ്രതിരോധ ജാഥ അടുത്ത ദിവസം തുടങ്ങുകയാണ്.  സി.പി.എം ആരെയാണ് പ്രതിരോധിക്കേണ്ടത് എന്നത് ശരിക്കും ഒരു ചോദ്യമാണ്. 

MORE IN PARAYATHE VAYYA
SHOW MORE