പിണറായി കൂട്ടിയാൽ പൊള്ളില്ല; ജനത്തെ ബാധിക്കാത്ത ഒരു പ്രത്യേകതരം വർധന..!

parayathe vayya
SHARE

എല്ലാവരും ചിരിക്കൂ. സന്തോഷിക്കൂ. നമ്മുടെ മുഖ്യമന്ത്രി ചിരിക്കുന്നില്ലെന്നാര്‍ക്കൊക്കെയോ പരാതി ഉണ്ടായിരുന്നല്ലോ. സന്തോഷമായില്ലേ? അദ്ദേഹമങ്ങനെ ചിരി അടക്കാന്‍ പാടുപെടുന്നത് കാണുന്നില്ലേ? എത്ര സന്തോഷവാനാണ് ഭരണാധികാരി, നമുക്കും സന്തോഷിച്ചുകൂടേ? സന്തോഷിക്കാന്‍ എന്തൊക്കെ കാരണങ്ങളുണ്ട്? പെട്രോള്‍, ഡീസല്‍ വില കൂടുന്നു, വെള്ളക്കരം കുത്തനെ കൂടിക്കഴിഞ്ഞു. വൈദ്യുതിചാര്‍ജും കൂട്ടിയിട്ടുണ്ട്. സന്തോഷിക്കാതിരിക്കാന്‍ എങ്ങനെ സാധിക്കുന്നു മനുഷ്യരേ?

ചോദ്യം പണ്ട് ഇതേ പിണറായി വിജയന്‍ നടത്തിയ ഒരു ആഹ്വാനത്തെക്കുറിച്ചായിരുന്നു. 2014ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ നികുതികള്‍ ഉയര്‍ത്തിയപ്പോള്‍ ആരും നികുതിയടക്കാതെ പ്രതിഷേധിക്കണമെന്ന് ഒരു ആഹ്വാനം അദ്ദേഹം നടത്തിയതിനെ കുറിച്ചായിരുന്നു.

മുഖ്യമന്ത്രി പറഞ്ഞത് വളരെ ശരിയാണ്. അന്നത്തെ സാഹചര്യമല്ല ഇന്ന്. അന്ന് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നില്ല. പിണറായി വിജയനും അദ്ദേഹത്തിന്റെ സര്‍ക്കാരും ഒരിക്കലും ജനങ്ങളെ ദ്രോഹിക്കില്ല. പെട്രോളിനും ഡീസലിനും വില കൂട്ടുന്ന നടപടി പിണറായി സര്‍ക്കാര്‍ സ്വീകരിച്ചാലും അതൊരിക്കലും ജനങ്ങളെ ബാധിക്കില്ല. ജനങ്ങള്‍ക്കാര്‍ക്കും ഒരു പ്രശ്നവുമില്ല. പ്രതിപക്ഷത്തിന് മാത്രമാണ് പ്രശ്നം. സംശയമുണ്ടോ? നിങ്ങള്‍ക്കാര്‍ക്കെങ്കിലും ഈ നികുതിഭാരത്തില്‍ പ്രശ്നമുണ്ടോ? എങ്കില്‍ നിങ്ങള്‍ മുഖ്യമന്ത്രിയുടെ കേരളത്തില്‍ പെട്ടവരാണോയെന്ന് ന്യായമായും സംശയിക്കാം. തള്ള ചവിട്ടിയാല്‍ പിള്ളയ്ക്ക് കേടില്ലെന്ന് ആര്‍ക്കാണറിയാത്തത്?

ഇവരൊന്നും കേരളത്തില്‍ പെട്ടവരായിരിക്കില്ല. അല്ലാതെ നാടിന്റെ വികസനത്തിനെതിരു നില്‍ക്കാന്‍ ഒരു കേരളീയനും തയാറാവില്ല. ഇതാരാണീ വികസനവിരുദ്ധര്‍? സാമൂഹ്യസുരക്ഷയെക്കുറിച്ച് ഒരു ബോധവും പ്രതിബദ്ധതയുമില്ലാത്തവര്‍? ആരാണിവര്‍?

ഞങ്ങളില്‍പെടാത്തവരൊന്നും ഇന്നാട്ടുകാരല്ല എന്ന നിലപാട് നമ്മളെവിടെയോ കേട്ടിട്ടുണ്ടല്ലോ. ഉണ്ട്. ഞങ്ങടെ സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ വില കൂട്ടിയാല്‍ ‍ഞങ്ങള്‍ക്കൊരു കുഴപ്പവുമില്ല. ഞങ്ങളങ്ങ് സഹിക്കും, നിങ്ങള്‍ക്കെന്താ സഹിച്ചാല്‍ എന്നു ചോദിച്ചുകൊണ്ടിരുന്ന വേറൊരു കൂട്ടരുണ്ട്. അക്കൂട്ടത്തില്‍ പുതുതായി ഒരു കൂട്ടര്‍ കൂടി കൂടിയിട്ടുണ്ട് എന്നേയുള്ളൂ. ഈ നാടിനു വേണ്ടിയല്ലേ. ഈ നാടിനു മുന്നോട്ടു പോകണ്ടേ? ഈ നാടിന്റെ ഗതിയോര്‍ക്കേണ്ടേ?

മാര്‍ച്ചില്‍ മതിയെന്നു കരുതിയിരുന്ന ജലവിഭവമന്ത്രി പോലും ബജറ്റിലെ നികുതിഭാരം കണ്ടപ്പോള്‍ ഉടനേയങ്ങ് കൂട്ടാമെന്നു തീരുമാനിച്ചു. എന്തായാലും ഇത്രയും കൂട്ടിയിട്ടും  ജനങ്ങള്‍ക്ക് പ്രശ്നമൊന്നുമില്ല. എന്നാല്‍ പിന്നെ വെള്ളക്കരം കൂടി ചുളുവില്‍ ആരുമറിയാതെ അങ്ങ് കൂട്ടിയേക്കാമെന്നു കരുതിയതാണ് സ്പീക്കര്‍ക്ക് ഇഷ്ടപ്പെടാതെ പോയത്.

വെള്ളക്കരം കൂട്ടിയത് വകുപ്പിന്റെ സാമ്പത്തിക പ്രതിസന്ധി കൊണ്ടു മാത്രമല്ല. ജനങ്ങളെ വെള്ളം എങ്ങനെ കുറച്ചുപയോഗിക്കണമെന്ന് പഠിപ്പിക്കാനും കൂടിയാണ്.

ഒരു കുടുംബത്തിന് ഒരു ദിവസം 100 ലീറ്റര്‍ വെള്ളം പോരേയെന്ന് മന്ത്രി ചോദിച്ചതും ആത്മാര്‍ഥമായാണ്. പക്ഷേ എല്ലാവരും മന്ത്രിയെ തെറ്റിദ്ധരിച്ചു. മന്ത്രിക്ക് വിഷമമായി. വിശദീകരണമായി. 100 ലീറ്റര്‍ പോരേ എന്നു ചോദിക്കുമ്പോള്‍ ഒരു ശരാശരി ബക്കറ്റില്‍ കൊള്ളുന്ന വെള്ളം 20 ലീറ്ററാണ് എന്നു മന്ത്രിക്കറിയില്ലായിരുന്നു.

മന്ത്രി സഭയില്‍ വെള്ളം കുടിച്ചെങ്കില്‍ നാട്ടുകാര്‍ വെള്ളം കുടിക്കാന്‍ പോകുന്നതേയുള്ളൂ. ഈ നിരക്കുവര്‍ധനയുടെ പൂരമൊക്കെ കേരളത്തിലെ ജനങ്ങള്‍ക്ക് താങ്ങാന്‍ കഴിയുമെന്ന് തിരിച്ചറിയാന്‍ സി.പി.എമ്മിന് തുടര്‍ഭരണം വേണ്ടി വന്നു. എന്തൊക്കെയായിരുന്നു. എന്തായാലും ഇനി ഇന്ധനവിലവര്‍ധനയുടെ പേരില്‍ കേരളത്തില്‍ സമരപ്രഹസനങ്ങളെങ്കിലും ഒഴിവാകുമെന്ന് പ്രതീക്ഷിക്കാമോ?

ഇന്ധനവില വര്‍ധിപ്പിക്കുന്നത് ഞങ്ങളല്ലെങ്കില്‍ ഞങ്ങളെങ്ങനെ പ്രതികരിക്കും. ഇനി ഇന്ധനവില ഉയര്‍ത്തുന്നത് ഞങ്ങളാണെങ്കില്‍ ഞങ്ങളെങ്ങനെ പ്രതികരിക്കും? അപ്പോഴും കെ.സുരേന്ദ്രന്‍ ഇന്ത്യക്കാരുടെ ഭാഗ്യം പ്രത്യേകം ഓര്‍മിപ്പിക്കുന്നുണ്ട്. നമ്മുടെ ഭാഗ്യം നമ്മള്‍ തന്നെ തിരിച്ചറിയാത്തതുകൊണ്ടാണ്.

അപ്പോള്‍ ചുരുക്കിപ്പറഞ്ഞാല്‍ പ്രശ്നം ഇന്ധനവിലയല്ല, ആരു കൂട്ടുന്നുവെന്നതു മാത്രമാണ്. എല്ലാ വര്‍ധനയ്ക്കും ഒരു ന്യായമുണ്ട്. വര്‍ധിപ്പിക്കുന്നവര്‍ക്കെല്ലാം ജനങ്ങള്‍ ഒപ്പമുണ്ടാകുമെന്ന് ഉറപ്പുമുണ്ട്. ഉണ്ടായിട്ടുമുണ്ടെന്നാണ് തിരഞ്ഞെടുപ്പ് ചരിത്രം. പിണറായി സര്‍ക്കാര്‍ ഇന്ധനവില കൂട്ടിയാലും ജനം മനസിലാക്കും, മോദി സര്‍ക്കാര്‍ കൂട്ടിയാലും ജനം മനസിലാക്കുമത്രേ. അപ്പോള്‍ ഇനി സമരങ്ങളൊന്നും വേണ്ടല്ലോ. ഈ സര്‍ക്കാരിനെ പോലെ തന്നെ കേരളത്തിന്റെ ഭാഗ്യമാണ് ഈ പ്രതിപക്ഷവും.   പതിവുപോലെ സര്‍ക്കാരിന്റെ ഒരു ജനവിരുദ്ധ തീരുമാനത്തില്‍ പ്രതിപക്ഷം പ്രതിസന്ധിയിലാണ്. ആശയക്കുഴപ്പം തീര്‍ത്തു വരുമ്പേേഴക്കും അടുത്ത ബജറ്റാകുമായിരിക്കും.

ഇന്ധനസെസ് നിരക്കിനെതിരെ ആഞ്ഞടിച്ച് സമരം തുടങ്ങിയ പ്രതിപക്ഷം സ്വന്തം രാഷ്ട്രീയമികവില്‍ വീണ്ടും കുഴിയില്‍ ചാടിയിട്ടുണ്ട്. നികുതി ബഹിഷ്കരിക്കുമെന്ന് കെ.സുധാകരനും, ആ പ്രഖ്യാപനത്തില്‍ പെട്ട് കോണ്‍ഗ്രസും.

അപ്പോള്‍ ആദ്യം പ്രതിപക്ഷം ഇക്കാര്യത്തില്‍ ഒരൊറ്റ നിലപാടിലെത്തട്ടെ. ഭരണപക്ഷത്തിലെന്തായാലും ഒറ്റ നിലപാടേയുള്ളൂ. ഒറ്റയ്ക്കൊരു പി.സി.ചാക്കോ ഒരു തിരുത്തല്‍ നിലപാടെടുത്തെങ്കിലും പൊതുഅന്തരീക്ഷം മനസിലാക്കി ആവശ്യം ആരുമറിയാതെ വിഴുങ്ങിയിട്ടുണ്ട്. പ്രതിപക്ഷത്തിന്റെ ഒത്തൊരുമ കാരണം പതിവു പോലെ ഭരണപക്ഷത്തിന് കാര്യങ്ങള്‍ എളുപ്പമാണ്. ഭരിക്കുന്ന പാര്‍ട്ടിക്ക് ഒരു കണക്കുകൂട്ടലുണ്ട്. ആ കണക്കനുസരിച്ചു തന്നെ കാര്യങ്ങള്‍ മുന്നോട്ടു പോകും.

മനോരമയല്ലായിരുന്നു, ഈ നാടിന്റെ സി.എ.ജിയായിരുന്നു അങ്ങനെ പിരിച്ചെടുക്കാന്‍ കോടികളുടെ കുടിശികയുണ്ടെന്ന് കണക്കും രേഖകളും സഹിതം ചൂണ്ടിക്കാട്ടിയത്. കുടിശിക പിരിച്ചെടുക്കാന്‍ ചെറിയ ശ്രമമെങ്കിലും നടത്തിയാല്‍ ഈ അധികഭാരം ജനങ്ങളുടെ തലയില്‍ വയ്ക്കേണ്ടിവരില്ലായിരുന്നുവെന്ന് വ്യക്തമാകുന്ന കണക്കുകളുമായിരുന്നു അത്. സഭയില്‍ വച്ച സി.എ.ജി. റിപ്പോര്‍ട്ട് പ്രകാരം കേരളത്തിന് പിരിച്ചെടുക്കാനുള്ളത് 21,798 കോടിയാണ്. ഇത് 2021 മാര്‍ച്ച് വരെയുള്ള കണക്കാണ്. കുടിശിക പിരിക്കാന്‍ സര്‍ക്കാരിന്റെ അടിയന്തരഇടപെടല്‍ വേണമെന്നും സി.എ.ജി. നിര്‍ദേശിക്കുന്നുണ്ട്.

കേരളത്തിലെ സി.എ.ജിയെ കേരളത്തിലെ പാര്‍ട്ടിയും കാര്യമാക്കാറില്ല. കേന്ദ്രത്തിലെ ഓഡിറ്റ് റിപ്പോര്‍ട്ട് മാത്രമാണ് സി.പി.എം. കാര്യമാക്കാറുള്ളത്. അപ്പോള്‍ പത്തിരുപത് കൊല്ലം കാത്തിരുന്നാല്‍ തീരുന്ന പ്രശ്നമേ ഇപ്പോള്‍ കേരളത്തിനുള്ളൂ. എല്ലാം നാടിനു വേണ്ടിയാണ്. കേന്ദ്രം പണം തരാത്തതാണ് പ്രശ്നമെങ്കില്‍ നമ്മള്‍ കേന്ദ്രത്തിനെതിരെ സംയുക്തമായി ഒരു സമരം നടത്തുകയല്ലേ വേണ്ടത്. പകരം, കേന്ദ്രത്തിന്റെ ജനവിരുദ്ധനയങ്ങള്‍ സഹിക്കേണ്ടി വരുന്ന അതേ ജനങ്ങളില്‍ നിന്ന് വീണ്ടും പിടിച്ചുപറിക്കുന്നത് കൊള്ളയല്ലേ എന്നൊക്കെ ചോദിക്കാന്‍ തോന്നും. അപ്പോള്‍ പത്തിരുപത് കൊല്ലം കഴിഞ്ഞുള്ള കേരളത്തെ ഓര്‍ത്ത് കടിച്ചു പിടിച്ചങ്ങ് സഹിക്കണം. അല്ലെങ്കില്‍ തന്നെ സഹിക്കേണ്ട കാര്യമൊന്നുമില്ല. ഇന്ധനവില ഒന്നോ രണ്ടോ കൂട്ടിയാല്‍ സഹിക്കേണ്ടത്ര ബുദ്ധിമുട്ടൊന്നും കേരളത്തില്‍ ആര്‍ക്കുമില്ല. കേരളത്തിലെ സര്‍ക്കാരും കടക്കെണിയിലല്ല. ജനങ്ങളും കടക്കെണിയിലല്ല. ഇത്രയും ക്ഷേമം സഹിക്കാനാകാതെ ചില മനുഷ്യര്‍ക്ക് ഇതിനിടയില്‍ ആത്മഹത്യ ചെയ്യേണ്ടി വരുന്നതൊ്നും കാണാനോ കേള്‍ക്കാനോ നില്‍ക്കരുത്. വികസനത്തിന്റെ വേഗം കുറഞ്ഞു പോകും.‌

കൊല്ലം പത്തനാപുരത്ത് ജീവനൊടുക്കിയ ബിജുമോന്റെ അമ്മയാണിത്. ആറുമാസമായി വേതനമില്ലാതെ ജോലി ചെയ്യേണ്ടി വന്ന സാക്ഷരതാപ്രവര്‍ത്തകനായിരുന്നു ബിജുമോന്‍.

1714 സാക്ഷരതാപ്രവര്‍ത്തകര്‍ ഇതേ പ്രതിസന്ധി നേരിടുന്നവരാണ്. വകുപ്പു മാറ്റത്തെച്ചൊല്ലിയുള്ള സാങ്കേതികതടസത്തിന്റെ പേരില്‍ മാത്രമാണ് ഇവര്‍ ആറുമാസമായി വേതനമില്ലാതെ ജോലി ചെയ്യേണ്ടി വരികയാണെന്ന് സാക്ഷരതാപ്രേരക്മാര്‍ ചൂണ്ടിക്കാട്ടുന്നത്.  

മാസത്തിലെ ആദ്യ പത്തു ദിവസം പിന്നിട്ടിട്ടും ഇതുവരെ ശമ്പളം കിട്ടാത്ത കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ ഇത്തവണയും ചെയ്ത ജോലിക്ക് കൂലി തേടി ഹൈക്കോടതിയിലാണ്. അഞ്ചാം തീയതിക്കു മുന്‍പ് ശമ്പളം നല്‍കുമെന്നുറപ്പു നല്‍കിയത് മുഖ്യമന്ത്രിയാണ്. നിത്യച്ചെലവുകള്‍ക്ക് വകയില്ലാതെ ചെയ്ത ജോലിക്ക് കൂലി തേടി ജീവനക്കാര്‍ പതിവായി കോടതി കയറിയിറങ്ങുന്നത് ഈ ഇടതുസുവര്‍ണഭരണകാലത്തിലാണ്

. ഇതിനിടെ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം കേരളത്തില്‍ സാമ്പത്തികപ്രതിസന്ധി താങ്ങാനാവാതെ ആത്മഹത്യ ചെയ്ത കുടുംബങ്ങള്‍, വ്യക്തികള്‍ ഇവരുടെയൊക്കെ പ്രശ്നം എന്തായിരിക്കും? ദേശാഭിമാനി പത്രം ആരോപിക്കുന്നതുപോലെ ബാങ്കില്‍ ഒരു ലക്ഷം രൂപയുണ്ടായിട്ടും ആത്മഹത്യയ്ക്കു പിന്നില്‍ സാമ്പത്തികകാരണമെന്നു വരുത്തിത്തീര്‍ത്ത് സര്‍ക്കാരിനെ നാണം കെടുത്താന്‍ മനഃപൂര‍്‍വമുള്ള ഗൂഢാലോചനയായിരിക്കുമോ?

ഇവരും കേരളത്തില്‍ പെട്ടവരായിരിക്കില്ല. നാടിനെ കാത്തിരിക്കുന്ന വന്‍ സാമൂഹ്യസുരക്ഷയും വികസനക്കുതിപ്പും മനസിലാകാതെ പോയവര്‍. കേരളത്തിനും സാമ്പത്തികപ്രതിസന്ധിയില്ല, കേരളത്തിലാര്‍ക്കും സാമ്പത്തികപ്രതിസന്ധിയുമില്ല. എങ്ങനെയെല്ലാം ന്യായീകരിച്ചാലും രണ്ടു രൂപ സെസില്‍ തുടങ്ങുന്ന ഈ അധിക ഭാരം, വെള്ളക്കരമായും നികുതിവര്‍ധനയായും വൈദ്യുതിച്ചാര്‍ജായും എവിടെ നിന്നാണ് കേരളത്തിലെ ജനങ്ങള്‍ കണ്ടെത്തുക? ഈ അധികഭാരം അവരെങ്ങനെ താങ്ങുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്?

പിരിച്ചെടുക്കാനുള്ള പതിനായിരം കോടികളുടെ സി.എ.ജി കണക്ക് ധനമന്ത്രി തള്ളുന്നില്ല. പകരം വിശദീകരണങ്ങളാണ്.

കേന്ദ്രസര്‍ക്കാര്‍ ബി.ജെ.പി. ഇതരസംസ്ഥാനങ്ങളോടു കാണിക്കുന്ന അവഗണന യാഥാര്‍ഥ്യമാണ്. കേരളത്തിന് കൂടുതല്‍ കേന്ദ്രവിഹിതം ലഭിക്കാതെ അതിജീവിക്കുകയെന്നത് കഠിനവുമാണ്.  കേന്ദ്രത്തിന്റെ നയമാണ് പ്രശ്നമെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും പറയുന്നത് യാഥാര്‍ഥ്യമാണ്. പക്ഷേ കേന്ദ്രനയത്തിനെതിരെ മാര്‍ഗങ്ങള്‍ തേടുന്നതിനു പകരം ആ ഭാരം ജനങ്ങള്‍ നേരിടണമെന്ന് പറയുന്നിടത്താണ് പ്രശ്നം. അധികവിഭവസമാഹരണത്തിന് ജനങ്ങളെ ഇത്രമേല്‍ നേരിട്ടു ബാധിക്കുന്നതല്ലാത്ത ക്രിയാത്മകമാര്‍ഗങ്ങള്‍ തേടാന്‍ ഒരു ശ്രമവുമുണ്ടാകുന്നില്ല. ബി.ജെ.പിയെ നിലം തൊടീക്കാതെ രാഷ്ട്രീയചെറുത്തുനില്‍പ് നടത്തുന്ന കേരളത്തിലെ ജനങ്ങള്‍ക്കു മേലാണ് ബി.ജെ.പി നയത്തിന്റെ ഭാരമെന്ന ന്യായം ഇടതുമുന്നണി സര്‍ക്കാരും നേരിട്ടു കയറ്റിവയ്ക്കുന്നത്.  

നിലപാടെടുക്കേണ്ടത് കേരളസര്‍ക്കാരാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രി തന്നെയാണ് നിലപാടെടുക്കേണ്ടത്. കേന്ദ്രം വിഹിതം അനുവദിക്കാത്തതും കടമെടുപ്പ് തടയുന്നതുമാണ് ഈ തീരുമാനത്തിന്റെ യഥാര്‍ഥ കാരണമെന്ന് മുഖ്യമന്ത്രിക്കു തന്നെ ഉറച്ചബോധ്യമുണ്ടെങ്കില്‍ എന്തുകൊണ്ടാണ് ഈ കേന്ദ്രസര്‍ക്കാരിനെതിരെ കൃത്യമായി ഈ നിലപാടുയര്‍ത്തി, ചോദ്യങ്ങളുയര്‍ത്തി മുഖ്യമന്ത്രി ഒരു വാര്‍ത്താസമ്മേളനം പോലും നടത്താത്തത്. അര്‍ഹിക്കുന്ന വിഹിതം എത്രയെന്ന് ഉയര്‍ത്തിക്കാട്ടി കേരളത്തിന്റെ പ്രത്യേകസംഘം കൃത്യമായ ആവശ്യങ്ങളുമായി കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താന്‍ തയാറാകാത്തതെന്തുകൊണ്ടാണ്? അര്‍ഹിക്കുന്ന വിഹിതം നിഷേധിച്ച് കേരളത്തെ വരിഞ്ഞു മുറുക്കുന്നു എന്നത് നിയമപരമായി കൂടി തെളിയിക്കാന്‍ സാധിക്കുന്നതാണെങ്കില്‍ എന്തുകൊണ്ടാണ് നിയമവഴി സ്വീകരിക്കാത്തത്?

കേന്ദ്രത്തിനെതിരെയാണ് ചര്‍ച്ചകള്‍ വേണ്ടതെന്നും കേന്ദ്രത്തിനെതിരെയാണ് ജനരോഷം ഉയരേണ്ടതെന്നും പറഞ്ഞൊഴിയുകയല്ലാതെ കേരളത്തിനു വേണ്ടി ആ സമരത്തിന് നേതൃത്വം നല്‍കാന്‍ തയാറാകാത്തതെന്തുകൊണ്ടാണ് സര്‍ക്കാര്‍? പകരം ന്യായങ്ങളും വാദങ്ങളും പരോക്ഷമായി ചൊരിഞ്ഞ് കേരളത്തിലെ ജനങ്ങള്‍ കേരളത്തിന്റെ സര്‍ക്കാര്‍ തന്നെ ശ്വാസം മുട്ടിക്കുന്നതെന്തുകൊണ്ടാണ്?

 കേരളത്തിന്റെ ചോദ്യങ്ങള്‍ക്കും കിട്ടേണ്ട ഉത്തരങ്ങള്‍ക്കുമിടയില്‍ ഗൂഢമായ ഒരു നിശബ്ദതയുണ്ട്. അതിന്റെ ഭാരമാണ് ഇപ്പോള്‍ കേരളം താങ്ങേണ്ടി വരുന്നത്. കേരളത്തെ വരിഞ്ഞു മുറുക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ കേരളം ഒന്നിച്ചു സമരം ചെയ്യണമെന്ന് മുഖ്യമന്ത്രി പറഞ്ഞാല്‍, ധനമന്ത്രി പറഞ്ഞാല്‍ കേരളം ഒപ്പമുണ്ടാകില്ലേ? പ്രതിപക്ഷത്തിനു പോലും ഒപ്പം നില്‍ക്കേണ്ടി വരില്ലേ? പകരം കേരളത്തിലെ ജനങ്ങളോട് സമരം ചെയ്യുന്നതെന്തിനാണ് സര്‍ക്കാരേ?

kerala budget 2023 fuel cess

MORE IN PARAYATHE VAYYA
SHOW MORE