ഇന്ധന സെസ് എന്ന വഞ്ചന; ഇനി ഒരു രൂപ കുറച്ചുള്ള നാടകം വരും..!

PARAYATHE-VAYYA
SHARE

വഞ്ചിക്കപ്പെടുമ്പോഴാണ് മനുഷ്യര്‍ക്ക് ഏറ്റവും കൂടുതല്‍ രോഷം വരുന്നതെന്ന് കേരളത്തിലെ സാധാരണക്കാരുടെ ഇപ്പോഴത്തെ പ്രതികരണങ്ങള്‍ കാണുമ്പോഴറിയാം. സംസ്ഥാനബജറ്റ് കേരളത്തിലെ ജനങ്ങളെ വഞ്ചിച്ചിരിക്കുന്നു. രണ്ടു രൂപ സെസിലൊതുങ്ങുന്ന വഞ്ചനയല്ല ഇത്. ഇതുവരെ ഉയര്‍ത്തിയ രാഷ്ട്രീയമുദ്രാവാക്യങ്ങളെ, സമരങ്ങളെ, രാഷ്്ട്രീയ സത്യസന്ധതയെ, സുതാര്യതയെ,  ആത്മാര്‍ഥതയെ എല്ലാം സംശയത്തിലാക്കിയെന്നതാണ് ഈ ഇന്ധനനികുതിയുടെ സാമൂഹ്യമായ പ്രത്യാഘാതം. സി.പി.എമ്മിന്റെ ഏതു വാക്കാണ്  കേരളം വിശ്വസിക്കേണ്ടത്? 

സംസ്ഥാനബജറ്റില്‍ എന്തെങ്കിലും ഇനത്തില്‍ നികുതി വര്‍ധിപ്പിക്കാന്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ ഉടന്‍ ധനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തണം. എത്രയും പെട്ടെന്നു തന്നെ അതിനു കൂടി നികുതി കൂട്ടി പ്രശ്നം പരിഹരിക്കുന്നതാണ്. സമൂഹമാധ്യമങ്ങളില്‍ ഏറ്റവും ഹിറ്റായ കമന്റുകളില്‍ ഒന്നാണിത്. ന്യായമില്ലാത്ത, നീതിയില്ലാത്ത, പിടിച്ചുപറിയെന്നു തന്നെ പറയാവുന്ന നികുതിക്കൊള്ളയാണ് സംസ്ഥാനബജറ്റ്. ഇടതുപക്ഷം ഉയര്‍ത്തുന്ന രാഷ്ട്രീയമുദ്രാവാക്യങ്ങളിലെ ഇരട്ടത്താപ്പും ഈ ബജറ്റ് പ്രഖ്യാപനങ്ങള്‍ വെളിച്ചത്തു കൊണ്ടുവരുന്നു. ഇപ്പോള്‍ രണ്ടു രൂപ കൂട്ടിയ ഇന്ധനസെസ് ഒരു രൂപ കുറയ്ക്കുമെന്നാണ് സൂചന. സുഖപ്പെടുത്താനായി മുറിപ്പെടുത്തുന്ന ആ ഒരു കരുതല്‍ കാണാതെ പോകരുത്. വീണിടത്തു കിടന്നുരുളുക എന്നല്ലാതെ പാവം നേതാക്കള്‍ എന്തു ചെയ്യാന്‍? പറയുന്നതൊന്നും ചെയ്യുന്നത് വേറൊന്നുമെന്ന അവസ്ഥയിലാണെന്ന് തുറന്നങ്ങോട്ട് സമ്മതിക്കാനും വയ്യ. പക്ഷേ കേരളത്തിലെ ജനങ്ങള്‍ അത്ര മണ്ടന്‍മാരാണെന്നുറപ്പുമില്ല. അപ്പോ പിന്നെ രണ്ടു രൂപ കൂട്ടിയിട്ട് ഒരു രൂപ കുറയ്ക്കാം. കേരളത്തിലെ അതിസാമര്‍ഥ്യക്കാര്‍ അടങ്ങിക്കോളുമല്ലോ. അല്ലെങ്കിലും മുപ്പത് രൂപ കൂട്ടി 10 രൂപ കുറയ്ക്കുന്ന കേന്ദ്രത്തിന്റെ ഫെഡറല്‍ സ്നേഹത്തില്‍ കേരളം രണ്ടു രൂപയെങ്കിലും കൂട്ടി ഒരു രൂപ കുറയ്ക്കണ്ടേ? കുറ്റം പറയുന്നത് ശരിയാണോ?

തിരഞ്ഞെടുപ്പു കാല ബജറ്റുകളില്‍ അനിവാര്യഇടപെടലുകള്‍ ഒഴിവാക്കിയതിന്റെ ഫലമാണ് ഇപ്പോള്‍ ഒറ്റയടിക്ക് ഇരുട്ടടിയായി മാറിയതെന്ന് വര്‍ധനയില്‍ ന്യായം കണ്ടെത്താന്‍ ശ്രമിക്കുന്ന വിദഗ്ധര്‍ പോലും ചൂണ്ടിക്കാണിക്കുന്നു. തിരഞ്ഞെടുപ്പ് പ്രീണനനയത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിനെ അതിനിശിതമായി വിമര്‍ശിക്കുന്ന അതേ മുന്നണി കേരളത്തിലെ മനുഷ്യരെയും തിരഞ്ഞെടുപ്പ് യന്ത്രങ്ങളായി മാത്രം കാണുന്നുവെന്നത് ഖേദകരമാണ്. ഒരു തിരഞ്ഞെടുപ്പു മുതല്‍ അടുത്ത തിരഞ്ഞെടുപ്പു വരെ സൂക്ഷ്മമായി പ്രോഗ്രാം ചെയ്യപ്പെടുന്ന വോട്ടിങ് മെഷിനുകളാണ് തങ്ങളെന്ന് കേരളത്തിലെ പ്രബുദ്ധജനതയും മനസിലാക്കണം. അധികബാധ്യത സഹിക്കുന്നതിനേക്കാള്‍ പ്രയാസമാണ് കപടരാഷ്ട്രീയപ്രഖ്യാപനങ്ങള്‍ സഹിക്കാന്‍. ഇന്ധനവിലവര്‍ധനയ്ക്കെതിരെ ഇതുവരെ ഇടതുമുന്നണിയും സി.പി.എമ്മും സ്വീകരിച്ച നിലപാടില്‍ എന്താത്മാര്‍ഥതയാണുള്ളത്. ഇന്ധനവില കുറയണമെന്നാണോ കൂടണമെന്നാണോ സത്യത്തില്‍ കേരളം ഭരിക്കുന്ന സി.പി.എം ആഗ്രഹിക്കുന്നത്.? ഇന്ധനവില ഉയരുമ്പോഴെല്ലാം കേരളത്തിലെ സര്‍ക്കാര്‍ ഉള്ളില്‍ ആശ്വസിക്കുകയായിരുന്നില്ലേ? സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടപ്പോഴെല്ലാം തൊടുന്യായങ്ങള്‍ പറഞ്ഞൊഴിഞ്ഞു മാറിയത് ഈ വരുമാനം സംസ്ഥാനസര്‍ക്കാരിന് അത്രമേല്‍ ആവശ്യമായതുകൊണ്ടല്ലേ? ഈ സെസ് ഇരുട്ടടി ഇന്ധനവിലയുടെ രാഷ്ട്രീയത്തില്‍ സംസാരിക്കാനുള്ള കേരളത്തിന്റെ ആകെ ശബ്ദം നഷ്ടപ്പെടുത്തുകയല്ലേ? 

ഭരണകൂടത്തിന്റെ സാമ്പത്തിക കാര്യക്ഷമതയില്ലായ്മയുടെ ബലിയാടുകളാകേണ്ടവരല്ല ജനങ്ങള്‍. ഒരു തിരഞ്ഞെടുപ്പു മുതല്‍ അടുത്ത തിര‍ഞ്ഞെടുപ്പു വരെ നീളുന്ന അധികാരം പിടിക്കല്‍ അജന്‍ഡയിലെ കാലാള്‍പ്പടയുമല്ല ജനങ്ങള്‍. അര്‍ഹിക്കുന്ന ഭാരം മാത്രമാണ് ജനതയുടെ തലയിലേക്കു വയ്ക്കേണ്ടത്. ഈ കൂട്ടിയ നികുതിയൊക്കെ കേരളത്തിന്റെ വികസനത്തിനു തന്നെയല്ലേ ഉപയോഗിക്കുന്നത്? തിരഞ്ഞെടുപ്പ് ജയിക്കാനുള്ള അജന്‍ഡയാണെങ്കിലും ഇടയ്ക്ക് കിറ്റുകളും പെന്‍ഷനുകളുമൊക്കെ കിട്ടുന്നുണ്ടല്ലോ എന്നല്ലേ? ഈ ബജറ്റുണ്ടാക്കുന്ന എല്ലാ ബാധ്യതകളും താങ്ങേണ്ടത് ഇതേ മനുഷ്യര്‍ തന്നെയാണ്. കബളിപ്പിക്കല്‍ അവസാനിച്ചിട്ടില്ല. ഈ നാടകത്തില്‍ ഇനിയും രംഗങ്ങള്‍ ബാക്കിയുണ്ട്. കൂട്ടിയ രണ്ടു രൂപ സെസില്‍ നിന്ന് ഒരു രൂപ കുറയ്ക്കും. രണ്ടു രൂപയില്‍ നിന്ന് ഒരു രൂപ കുറച്ച സര്‍ക്കാരിന്റെ ഹൃദയവിശാലതയില്‍ നമ്മള്‍ പുളകം കൊള്ളും. ഇടതുപക്ഷത്തിന്റെ ഹൃദയപക്ഷകരുതലോര്‍ത്ത് ആശ്വാസത്തോടെ നമ്മള്‍ സുരക്ഷിതരാകും. ഇതിനിടയ്ക്ക്  ഒരു രൂപ കൂടിത്തന്നെ നില്‍ക്കുന്ന ഇന്ധനവിലയുടെ പാപഭാരം പോലും നമ്മള്‍  ഏറ്റെടുത്തുകളയും. ഇനിയും കിറ്റും സാമൂഹ്യസുരക്ഷാപെന്‍ഷനും ഏറ്റുവാങ്ങുമ്പോള്‍ ഈ ഹൃദയപക്ഷകരുതലിനെ സംശയിച്ചതോര്‍ത്ത് നമ്മള്‍ കുറ്റബോധം കൊണ്ടു വീര്‍പ്പു മുട്ടും. 

MORE IN PARAYATHE VAYYA
SHOW MORE