ഗുജറാത്ത് പൊള്ളിക്കുന്നത് എന്തുകൊണ്ട്? അറിയരുതെന്ന് പറയാന്‍ ആര്‍ക്കവകാശം?

PVA
SHARE

നമ്മുടെ രാജ്യത്ത് പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നത്  വിലക്കിയിട്ടുണ്ടോ? രാജ്യം ഭരിക്കാന്‍ ജനാധിപത്യം തിരഞ്ഞെടുത്തവരെ വിമര്‍ശിക്കുന്നത് നിരോധിച്ചിട്ടുണ്ടോ? പിന്നെങ്ങനെയാണ് ഇന്ത്യയെയും ഇന്ത്യയുടെ പ്രധാനമന്ത്രിയെയുംകുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി സീരീസ് ഇന്ത്യക്കാര്‍ കാണേണ്ടെന്ന് ഇന്ത്യന്‍ ഭരണകൂടം തീരുമാനിച്ചത്? ഏത് അധികാരത്തിലാണ്?ഡോക്യുമെന്ററിക്ക് ഔദ്യോഗികവിലക്കേര്‍പ്പെടുത്തിയിട്ടില്ല. പക്ഷേ ഇന്ത്യക്കാരെ അത് കാണാന്‍ അനുവദിക്കില്ലെന്ന് മഹത്താന്‍ ഇന്ത്യന്‍ ഭരണഘടന തൊട്ട് അധികാരമേറിയ ഭരണാധികാരികള്‍ തീരുമാനിച്ചതെന്തുകൊണ്ടാണ്?  ഗുജറാത്ത് ഇന്നും പൊള്ളിക്കുന്നതാരെയാണ്? 

ബിബിസി ഡോക്യുമെന്ററി വിവാദം രാജ്യത്താകെ കത്തിപ്പടരുമ്പോള്‍ ജനാധിപത്യവിശ്വാസികള്‍ തേടുന്നത്  അടിസ്ഥാനചോദ്യത്തിനുള്ള ഉത്തരമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിക്കുന്നത് ഇന്ത്യയില്‍ നിരോധിച്ചിട്ടുണ്ടോ? പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നു എന്ന ഒറ്റക്കാരണത്താല്‍ അറിയാനുള്ള ഇന്ത്യക്കാരന്റെ അവകാശം നിഷേധിക്കാന്‍ മോദിസര്‍ക്കാരിന് അവകാശമുണ്ടോ? ബി.ബി.സി. ഡോക്യുമെന്ററി ഇന്ത്യയില്‍ ഔദ്യോഗികമായി നിരോധിച്ചിട്ടില്ല. പക്ഷേ അതാരും കാണാന്‍ അനുവദിക്കില്ലെന്ന നിഗൂഢനിലപാട് സ്വീകരിക്കാന്‍ മോദി സര്‍ക്കാര്‍ ഉപയോഗിക്കുന്ന നിയമമേതാണ്? അത് എന്തിന്റെ അടിസ്ഥാനത്തിലാണ്? 

ഐ.ടി.ആക്റ്റിലെ സെക്ഷന്‍ 69 എയ്ക്കു കീഴിലെ അടിയന്തര അധികാരങ്ങള്‍ ഉപയോഗിച്ചാണ്  ഇന്റര്‍നെറ്റില്‍ നിന്നും ഡോക്യുമെന്ററി നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എന്തിന്, എന്തുകൊണ്ട് എന്നീ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ല. ചോദ്യം    ചെയ്യാനാരുമില്ലെന്ന ധാര്‍ഷ്ട്യം നിറഞ്ഞ ഏകപക്ഷീയമായ നടപടി. ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട ലിങ്കുകളും ട്വീറ്റുകളുമടക്കം സമൂഹമാധ്യമങ്ങളില്‍ നിന്നും നീക്കം ചെയ്യപ്പെട്ടു. പക്ഷേ രാജ്യത്തെവിദ്യാര്‍ഥിസമൂഹം പിന്‍മാറിയില്ല.  രാജ്യത്തുടനീളം ഡോക്യുമെന്ററിയുടെ പൊതുപ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. കേരളത്തിലാണ്  ഏറ്റവും സജീവമായി പ്രതിഷേധപ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കപ്പെട്ടത്. ബി.ജെ.പി. പലയിടത്തും പ്രതിഷേധവുമായെത്തി. ഉന്തുംതള്ളും സംഘര്‍ഷവുമായി.  കേരളത്തിനു പുറത്തും ബി.ജെ.പി. ഇതരസര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പൊതുപ്രദര്‍ശനങ്ങള്‍ പൊലീസ് തടഞ്ഞില്ല. നിരോധിക്കപ്പെട്ടിട്ടില്ലാത്ത ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നത് തടയേണ്ടതില്ലെന്ന് നിലപാടെടുത്തു. എന്നാല്‍ ബി.ജെ.പിക്ക് സ്വാധീനമുള്ളിടത്തെല്ലാം പൊലീസ് അമിതാധികാരപ്രയോഗം നടത്തി. ജെ.എന്‍.യുവില്‍  വൈദ്യുതി വിച്ഛേദിച്ചും ഇരുട്ടിലാക്കിയും വിദ്യാര്‍ഥികളെ തടയാന്‍ ശ്രമിച്ചിട്ടും  വിദ്യാര്‍ഥി യൂണിയന്‍ നേതൃത്വത്തില്‍ ലാപ്ടോപ്പിലും മൊബൈലിലുമായി വിദ്യാര്‍ഥികള്‍ ഡോക്യുമെന്ററി കണ്ടു. ഏറ്റവുമൊടുവില്‍ ഡല്‍ഹി സര്‍വകലാശാലയിലും അംബേദ്കര്‍ സര്‍വകലാശാലയിലുമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ജാമിയ മിലിയയില്‍ സംഘര്‍ഷത്തില്‍ പിന്‍മാറാതെ അടുത്ത ദിവസം വീണ്ടും പ്രദര്‍ശനം പ്രഖ്യാപിച്ചപ്പോള്‍  ‌അധികൃതര്‍ സര്‍വകലാശാലയ്ക്കാകെ അവധി പ്രഖ്യാപിച്ചാണ് നേരിട്ടത്. ചെന്നൈയിലും മദ്രാസ് സര്‍വകലാശാലയില്‍ പ്രദര്‍ശനം തടയാന്‍ സര്‍വകലാശാല അധികൃതര്‍ പൊലീസിന്റെ സഹായം തേടി.  രാജ്യത്ത് നിരോധിച്ചിട്ടില്ലാത്ത ഒരു ഡോക്യുമെന്ററിയുടെ പ്രദര്‍ശനം തടയുന്നതെന്തിനാണ്? പൊലീസും ഭരണപക്ഷവും എന്തടിസ്ഥാനത്തിലാണ് ബി.ബി.സി ഡോക്യുമെന്ററിക്കെതിരെ രംഗത്തു വരുന്നത്? അത് ഇന്നത്തെ ഇന്ത്യയിലെ ന്യൂ നോര്‍മല്‍ എന്താണെന്ന് വ്യക്തമായി കാണിച്ചു തരുന്നു. മോദിസര്‍ക്കാരിന് അഹിതമായതൊന്നും ആരും കാണരുത്, കേള്‍ക്കരുത്. നിയമവശമെന്തെന്നൊന്നും ചോദിക്കേണ്ട, പൊലീസും തടയും ഭരണാനുകൂലികള്‍ കൈകാര്യം ചെയ്യുകയും ചെയ്യും. മോദിസര്‍ക്കാരിന് ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നവരാണ് മനഃപൂര്‍വം പ്രകോപനമുണ്ടാക്കി സംഘര്‍ഷമുണ്ടാക്കുന്നത്. സര്‍ക്കാരിന് ഇഷ്ടപ്പെടാത്തത് ചെയ്യാതിരുന്നാല്‍ എന്തെങ്കിലും പ്രശ്നമുണ്ടോ? ഈ ചോദ്യമാണ് ഇപ്പോള്‍ നോര്‍മലായ ചോദ്യം. കാണരുതെന്ന് മോദി സര്‍ക്കാര്‍ പരസ്യമായി പറഞ്ഞിട്ടില്ലെങ്കിലും ആഗ്രഹിക്കുന്നത് അതാണെന്ന് മനസിലായിട്ടും ആരാണിവിടെ രാജ്യസ്നേഹമില്ലാതെ വിദേശികളുടെ ഡോക്യുമെന്ററി കാണാന്‍ ശ്രമിക്കുന്നത്? അങ്ങനെ കാണാന്‍ മാത്രം എന്താണ് ആ ഡോക്യുമെന്ററിയുടെ ഉള്ളടക്കം? 

ബിബിസി തയാറാക്കിയ രണ്ടു ഭാഗങ്ങളുള്ള ഡോക്യുമെന്ററിയുടെ  ടൈറ്റില്‍ ഇന്ത്യ– ദ് മോദി ക്വസ്റ്റ്യന്‍ എന്നാണ്. ഗുജറാത്ത് കലാപത്തിന്റെ കാര്യകാരണങ്ങള്‍ അന്വേഷിച്ചു തുടങ്ങുന്ന ഒന്നാം ഭാഗവും രാജ്യത്തെ പൊതുരാഷ്ട്രീയകാലാവസ്ഥയും ന്യൂനപക്ഷങ്ങള്‍ നേരിടുന്ന വെല്ലുവിളികളും ചൂണ്ടിക്കാണിക്കുന്ന രണ്ടാം ഭാഗവും.  ഗുജറാത്ത് കലാപം കഴിഞ്ഞു പോയ കാര്യമാണെന്നും ഇനിയത് വീണ്ടും കുത്തിപ്പൊക്കേണ്ടതില്ലെന്നും വിശ്വസിക്കുന്നവരുണ്ട്.  ഗുജറാത്ത് കലാപത്തിന്റെ പേരില്‍ ഇനിയും ചര്‍ച്ചകള്‍ തുടരുന്നത് പ്രധാനമന്ത്രി മോദിക്ക് ഇരവാദം ആവര്‍ത്ിക്കാനുള്ള അവസരമൊരുക്കുമെന്ന് വിശ്വസിക്കുന്നവര്‍ എല്ലാ പക്ഷത്തുമുണ്ട്. അതിനിടെ വിദേശഏജന്‍സികളുടെ കണ്ടെത്തല്‍ നമ്മുടെ സ്ഥാപനങ്ങളേക്കാള്‍ മുകളില്‍ ആഘോഷിക്കരുതെന്ന് നിലപാടെടുത്ത അനില്‍ ആന്റണിക്ക് കോണ്‍ഗ്രസിലെ പദവികളെല്ലാം രാജിവച്ചുപോകേണ്ടി വരുന്നതും കണ്ടു.  ബി.ബി.സി പൂര്‍ണമായും രാഷ്ട്രീയപക്ഷപാതിത്വമില്ലാത്ത, അജന്‍ഡകളില്ലാത്ത സ്ഥാപനമെന്ന് വാദിക്കേണ്ട കാര്യമൊന്നുമില്ല. മാധ്യമചരിത്രത്തില്‍ ബി.ബി.സിയും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. പിഴവുകള്‍ വരുത്തിയിട്ടുണ്ട്. അജന്‍ഡകള്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ ബി.ബി.സിയുടെ വിശ്വാസ്യതയെന്തെന്ന്  ഇന്ത്യക്കാര്‍ക്ക് പഠിപ്പിച്ചു തന്നിട്ടുള്ളത് നമ്മുടെ പ്രധാനമന്ത്രി തന്നെയാണ്.  സത്യത്തില്‍ ബി.ബി.സി. ഡോക്യുമെന്ററി പുതുതായെന്തെങ്കിലും അവതരിപ്പിച്ചിട്ടുണ്ടോ? ഗുജറാത്ത് കലാപത്തില്‍ നരേന്ദ്രമോദിക്കെതിരായ ആരോപണം പുതിയതാണോ?  . പ്രത്യക അന്വേഷണസംഘത്തിന്റെ ക്ലീന്‍ചിറ്റ് മുന്‍നിര്‍ത്തി സുപ്രീംകോടതി തീര്‍പ്പാക്കിയതിനാല്‍ ഇനി ആരും ഗുജറാത്ത് കലാപത്തെക്കുറിച്ച് മിണ്ടരുത് എന്നാണ് കേന്ദ്രത്തിന്റെയും ബി.ജെ.പിയുടെയും ആജ്ഞ. ഇന്ത്യയ്ക്കകത്തുള്ളവരുെട വായടിപ്പിക്കാം. നിയമവും നോക്കേണ്ട, വകുപ്പും നോക്കണ്ട. മൃഗീയഭൂരിപക്ഷത്തിന്റെ ഏകാധിപത്യം കാണിക്കാം. പക്ഷേ ലോകത്താരും മിണ്ടരുതെന്നു പറയാനാകുമോ? ഗുജറാത്ത് കലാപത്തിന്റെ ഇരകളും മനുഷ്യാവകാശത്തില്‍ വിശ്വസിക്കുന്നവരും നീതി കിട്ടുന്നതുവരെ ഗുജറാത്തിനെക്കുറിച്ച് സംസാരിക്കും. നീതിയല്ലാതെ അവരുടെ ചോദ്യത്തിനൊരു മറുപടിയുണ്ടോ? 

പുതുതായൊന്നും വലുതായി പറയാത്ത ഒരു ഡോക്യുമെന്ററിക്കെതിരെ മോദി സര്‍ക്കാരിന് ഹാലിളകുന്നതിനു പല കാരണങ്ങളുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രി ഇന്ത്യയുടെ പ്രധാനമന്ത്രിയായപ്പോള്‍ തന്നെ മറന്നു കളയേണ്ട ചോദ്യങ്ങളാണ് ബി.ബി.സി. വീണ്ടും ഓര്‍മപ്പെടുത്തിയത് .ലോകനേതാവായി അവതരിക്കാനൊരുങ്ങുന്ന വേളയില്‍ ഇതിനേക്കാള്‍ വലിയൊരു അലോസരമുണ്ടാകാനില്ല. ന്യൂനപക്ഷവിരുദ്ധരാഷ്ട്രീയമെന്ന ആരോപണം  അതിസൂക്ഷ്മമായ ചുവടുകളിലൂടെ, പ്രചാരണങ്ങളിലൂടെ മറികടന്നുവെന്നും അവസാനിപ്പിച്ചുവെന്നും വിശ്വസിക്കുമ്പോഴാണ് ബി.ബി.സിയുടെ അന്വേഷണം വീണ്ടും അസ്വസ്ഥതയായെത്തിയത്. ഇന്ത്യയിലെ നീതിന്യായവ്യവസ്ഥയില്‍ മോദിസര്‍ക്കാരിന് ഒരു തലവേദനയും പുതുതായി സൃഷ്ടിക്കാന്‍ ബി.ബി.സി. ഡോക്യുമെന്ററിക്ക് കഴിയില്ല. അങ്ങനെയൊരു ആശങ്കയും സര്‍ക്കാരിനുണ്ടാവുകയുമില്ല. പക്ഷേ ഓര്‍മപ്പെടുത്തലുകള്‍ പ്രതിഛായയില്‍ കളങ്കങ്ങളുണ്ടാക്കും. നീതിയുടെയും രാഷ്ട്രീയധാര്‍മികതയുടെയും ചോദ്യങ്ങള്‍ ആഭ്യന്തരമായി അവഗണിച്ചാലും രാജ്യാന്തരരാഷ്ട്രീയത്തില്‍ ആ ചൂണ്ടുവിരലുകള്‍ കളങ്കമാകും.  ഇന്ത്യക്കെതിരായ ആസൂത്രിത പ്രചാരണവും അജന്‍ഡയുമാണിതെന്ന് വിദേശകാര്യവക്താവ് ബി.ബി.സി. പ്രതികരണത്തില്‍ ആരോപിച്ചു. പക്ഷേ ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ പ്രതികരണങ്ങള്‍ ഓരോ ചോദ്യത്തിനും തേടിയതാണെന്നും ആരും പ്രതികരിക്കാന്‍ തയാറായില്ലെന്നും ബി.ബി.സി. ഡോക്യുമെന്ററിയുടെ രണ്ടുഭാഗങ്ങളുടെയും തുടക്കത്തില്‍ വിവരിക്കുന്നുണ്ട്. എന്നുവച്ചാല്‍ ബി.ബി.സി. ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കൊന്നിനും മോദി സര്‍ക്കാരിനു മറുപടിയില്ല. മറുപടി പറയാന്‍ താല്‍പര്യവുമില്ല.  

വിദേശസ്ഥാപനം നമ്മുടെ പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ നിങ്ങള്‍ ആര്‍ക്കൊപ്പമാണ്?  കൊളോണിയല്‍ വാഴ്ചയുടെ തീരാത്ത ഹുങ്കുമായി ബ്രിട്ടന്റെ പിന്തുണയോടെ ഒരു മാധ്യമസ്ഥാപനം നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുമ്പോള്‍ നിങ്ങള്‍ ആര്‍ക്കൊപ്പം നില്‍ക്കുന്നു? അതിദേശീയതയുടെ വാള്‍പ്പയറ്റില്‍ അധികാരത്തിലേറിയ മോദി സര്‍ക്കാര്‍ ഈ വിവാദത്തിലും ഇന്ത്യന്‍ ജനതയെ വീഴ്ത്താന്‍ ശ്രമിക്കുന്നത് ദേശസ്നേഹത്തിന്റെ വൈകാരികതയിലാണ്. ഈ വിവാദത്തില്‍ ഇന്ത്യക്കാരന്‍ ബി.ബി.സിക്കൊപ്പം നില്‍ക്കേണ്ട കാര്യമേയില്ല. പക്ഷേ അറിയാനുള്ള അവകാശത്തിനൊപ്പം നില്‍ക്കണം. ഗുജറാത്ത് കലാപത്തിന്റെ പേരില്‍ ഒരിക്കലും ചോദ്യങ്ങള്‍ അവസാനിക്കാത്തത് ഇനിയും ശരിയായ ഉത്തരം കിട്ടാത്തതുകൊണ്ടാണെന്ന നീതിബോധത്തിനൊപ്പം നില്‍ക്കണം. ഇന്ത്യയെന്നാല്‍ മോദിയല്ലെന്ന ദേശസ്നേഹത്തിനൊപ്പം നില്‍ക്കണം. ഭരണാധികാരിയെ വിമര്‍ശിക്കുന്നുവെന്നതുകൊണ്ട് നിരോധിക്കപ്പെടാനുള്ളതല്ല ഇന്ത്യക്കാരന്റെ അറിയാനുള്ള അവകാശമെന്ന ജനാധിപത്യബോധത്തിനൊപ്പം നില്‍ക്കണം.  ബി.ബി.സി ഡോക്യുമെന്ററിയിലെ വാദങ്ങള്‍ വസ്തുതയാണെന്ന് സമര്‍ഥിക്കാന്‍ പോരാടേണ്ട കാര്യം ഇന്ത്യക്കാരനില്ല. പക്ഷേ ഇന്ന് നമ്മുടെ രാജ്യം ഭരിക്കുന്നവരോടുയരുന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടി എവിടെയെന്ന് നമ്മള്‍ അന്വേഷിക്കണം. ബി.ബി.സി. ലോകത്തിനു മുന്നില്‍ വച്ച ചോദ്യങ്ങള്‍ വസ്തുതാപരമായ മറുപടിയിലൂടെ പ്രതിരോധിക്കാന്‍ കഴിയുമെങ്കില്‍ അതായിരുന്നു ലോകത്തിനു മുന്നിലുണ്ടാകേണ്ടത്. അതുണ്ടാകാത്തതെന്തുകൊണ്ടാണ്? പകരം സുതാര്യമല്ലാത്ത വഴികളിലൂടെ, അമിതാധികാരപ്രയോഗത്തിലൂടെ ഡോക്യുമെന്ററി ഇന്ത്യന്‍ ജനത കാണേണ്ടതില്ലെന്ന് തീരുമാനിക്കുക മാത്രം ചെയ്യുന്നതെന്തുകൊണ്ടാണ്? ബി.ബി.സി ഉയര്‍ത്തിയ ചോദ്യങ്ങവും വാദങ്ങളും വസ്തുതാവിരുദ്ധവും അജന്‍ഡയും മാത്രമാണെങ്കില്‍ എന്തുകൊണ്ടാണ് അതിനു മേല്‍ രാജ്യം ഔദ്യോഗികമായി നിരോധനം പ്രഖ്യാപിക്കാത്തത്? 

പ്രധാനമന്ത്രി നരേന്ദ്രമോദി ഒരിക്കലും ന്യൂനപക്ഷവിരുദ്ധനെന്ന വിശേഷണം അര്‍ഹിക്കുന്നില്ല. അദ്ദേഹം ഒരിക്കലും മുസ്‍ലിംന്യൂനപക്ഷത്തോടു വിവേചനപൂര്‍ണമായ സമീപനം സ്വീകരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ഭരണകാലത്ത് ഒരിക്കലും ന്യൂനപക്ഷങ്ങള്‍ അരക്ഷിതരായിട്ടില്ല. ഗുജറാത്ത് കലാപത്തില്‍ ഒരു ഭരണാധികാരി സ്വീകരിക്കേണ്ട ഏറ്റവും നല്ല മാതൃകയാണ് നരേന്ദ്രമോദി സ്വീകരിച്ചത്. ഈ നാലഞ്ചു വാചകങ്ങള്‍ കൊണ്ട് തീരേണ്ടതാണ് ബി.ബി.സി. വിവാദം. പക്ഷേ ഈ ഉത്തരങ്ങള്‍ മോദി സര്‍ക്കാര്‍ ബി.ബി.സിയോട് പറഞ്ഞിട്ടില്ല. ബ്രിട്ടനോടു പറഞ്ഞിട്ടില്ല. ലോകത്തോടും പറയുന്നില്ല. ലോകത്തോടും പറയുന്നില്ല. എന്തുകൊണ്ടാണ് ബിബിസിയുടെ വായടപ്പിക്കുന്ന വസ്തുതാപരമായ മറുപടിക്ക് നമ്മുടെ സര്‍ക്കാര്‍ തയാറാകാത്തത്.  

ആരും പറയാന്‍ മടിക്കുന്ന വസ്തുതകളൊന്നുമല്ല ബി.ബി.സി. ‌ഉന്നയിച്ചത്.  ആവര്‍ത്തിച്ചു പറഞ്ഞവര്‍ ഇന്ത്യയില്‍ തന്നെയുണ്ട്. ടീസ്റ്റ് സെതല്‍വാദും ആര്‍.ബി.ശ്രീകുമാറും സഞ്ജീവ് ഭട്ടും ജീവിതത്തില്‍ നേരിടേണ്ടിവരുന്നതെന്താണെന്ന് അറിഞ്ഞിട്ടും നീതിക്കായി ശബ്ദമുയര്‍ത്തുന്നവര്‍ ഇന്നും നമ്മുടെ രാജ്യത്തുണ്ട്. വരുംവരായ്കകകള്‍ അറിയാതെയല്ല, നീതിബോധത്തിനു മുന്നില്‍ മനഃസാക്ഷി ജയിക്കുമ്പോള്‍ തലയുയര്‍ത്തി തന്നെ ചോദ്യങ്ങള്‍ ആവര്‍ത്തിക്കുന്നവര്‍. ബി.ബി.സി. ഒരൊറ്റ വിഷയത്തിലേ സ്പര്‍ശിച്ചിട്ടുള്ളൂ. മോദികാലത്തെ ഇന്ത്യയിലെ ന്യൂനപക്ഷജീവിതം. അതിനുമപ്പുറത്തേക്ക് മോദി ഭരണകാലം ഇന്ത്യന്‍ ജനാധിപത്യത്തിനേല്‍പിച്ച പരുക്കുകള്‍ ഓരോന്നോരോന്നായി നമുക്കു മുന്നില്‍ നിസംഗതയില്‍ ആണ്ടു കിടക്കുന്നുണ്ട്. ഭരണഘടനാസ്ഥാപനങ്ങളിലുണ്ടായ മൂല്യച്യുതി. നീതിന്യായവ്യവസ്ഥയില്‍ പോലുമുണ്ടായ അവിശ്വാസം, മാധ്യമസ്വാതന്ത്ര്യത്തിനേറ്റ മാരകമായ മുറിവുകള്‍, വിശ്വാസ്യതയിലും സുതാര്യതയിലും ഇന്ത്യന്‍ പൊതുജീവിതത്തിനുണ്ടായ തകര്‍ച്ച. ഇതൊന്നും നമ്മള്‍ അതിന്റെ ആഴത്തില്‍ ചര്‍ച്ച ചെയ്യുന്നില്ല. അഥവാ അതിന് ധൈര്യപ്പെടുന്നില്ല. പെഗസസ് ചാരസോഫ്റ്റ്‍വെയര്‍ ഉപയോഗിക്കപ്പെട്ടുവെന്നും പ്രതിപക്ഷനേതാക്കളടക്കം അതിന്റെ ഇരകളായെന്നും സ്ഥിരീകരിക്കപ്പെട്ട സമൂഹമാണ് അതേ നിസംഗത തുടരുന്നത് എന്നു കൂടി നമ്മളോര്‍ക്കണം. ഇതെല്ലാം ഇവിടെ സംഭവിക്കും എന്നു സ്വയം വിശ്വസിക്കാനും ആശ്വസിക്കാനും നമ്മള്‍ പഠിച്ചുകഴിഞ്ഞു. ഇതില്‍ ഇനിയൊന്നും ചെയ്യാനില്ലെന്ന മാനസികാവസ്ഥയും സ്വാഭാവികമായി സ്വീകരിക്കപ്പെട്ടു കഴിഞ്ഞു.  ഇന്ത്യയ്ക്കകത്ത് ചോദ്യങ്ങള്‍ ഉയര്‍ത്തുക എന്നതാണ് ഇന്ന് ഏറ്റവും സാഹസികമായ പ്രവൃത്തി. ചോദ്യം ചോദിക്കേണ്ടവര്‍ ഓരോരുത്തരായി നിസംഗതയിലും നിര്‍വികാരതയിലും അഭയം  പ്രാപിക്കുന്ന അവസ്ഥ ഇന്ന് ഒരു രഹസ്യവുമല്ല. വ്യക്തികള്‍ മാത്രമല്ല, ഭരണഘടനാസ്ഥാപനങ്ങള്‍ പോലും നിശബ്ദതയെ ആശ്രയിക്കുന്നതുകൊണ്ടാണ് പുറത്തു നിന്നൊരു ചൂണ്ടുവിരല്‍ ഉയരുമ്പോള്‍ ഇത്രയേറെ ശബ്ദമുണ്ടാകുന്നത്. ഏറ്റവുമൊടുവില്‍ അദാനി ഗ്രൂപ്പിനെതിരായ ചൂണ്ടുവിരല്‍ ഉയരുന്നതും ഇന്ത്യയ്ക്കു പുറത്തു നിന്നാണ്. അതിന്റെ വസ്തുതയും തീര്‍പ്പും എന്തു തന്നെയായാലും ചോദിക്കേണ്ടവരാരും ചോദിക്കാതെ പോയ ചോദ്യങ്ങള്‍ എങ്ങനെ മൂടിവച്ചാലും ഉയരുക തന്നെ ചെയ്യുമെന്ന് ഇന്ത്യ കാണുകയാണ്.  

പ്രധാനമന്ത്രി മോദിക്കൊപ്പം അതേ കാലത്ത്  രാജ്യം മുഴുവനും ഉയര്‍ന്നു കേട്ട പേരാണ് അദാനി. പരസ്പരബന്ധത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ സത്യമായാലും അസത്യമായാലും വളര്‍ച്ച ഒരേ സമയത്ത് ഒരേ ദിശയിലായിരുന്നു. പടര്‍ന്നു പന്തലിച്ചത് ഭരണകൂടത്തിന്റെ തണലിലെന്ന് വ്യക്തമാകുന്ന ഒട്ടനവധി സന്ദര്‍ഭങ്ങളും തീരുമാനങ്ങളും സമകാലീനചരിത്രത്തിലുണ്ട്. അങ്ങനെ ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട് ലോകത്തെ ധനികരുടെ പട്ടികയില്‍ മൂന്നാമതെത്തിയ അദാനിക്കു നേരെയും കഴിഞ്ഞ ദിവസം രാജ്യത്തിനു പുറത്തു നിന്നൊരു ചൂണ്ടുവിരല്‍ ഉയര്‍ന്നു. അദാനി ഗ്രൂപ്പിലെ ഏഴു കമ്പനികളുടെ ഓഹരിമൂല്യം 85 ശതമാനത്തോളം പെരുപ്പിച്ചുകാണിച്ച് വന്‍തട്ടിപ്പു നടത്തിയെന്ന് വെളിപ്പെടുത്തിയത് അമേരിക്കന്‍ നിക്ഷേപകഗവേഷണ ഏജന്‍സിയായ ഹിന്‍ഡന്‍ബര്‍ഗ് ആണ്. റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് അദാനിഗ്രൂപ്പിലെ കമ്പനികളുടെ ഓഹരിമൂല്യം കുത്തനെ ഇടിഞ്ഞു. രണ്ടു ദിവസം കൊണ്ട് ഫോബ്സിന്രെ ധനികരുടെ പട്ടികയില്‍ ഏഴാം സ്ഥാനത്തേക്കു കൂപ്പുകുത്തി. അദാനി ഗ്രൂപ്പിന്റെ തകര്‍ച്ച ഇന്ത്യന്‍ ഓഹരിവിപണിയെയും പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരിമൂല്യത്തെയുമെല്ലാം ബാധിച്ചു. മാത്രമല്ല, തുറമുഖം, വിമാനത്താവളം, ഊര്‍ജം, പ്രതിരോധം തുടങ്ങിയ മേഖലകളില്‍ സര്‍ക്കാര്‍ സഹായത്തോടെ അദാനി ഗ്രൂപ്പ് സ്വാധീനം ഉറപ്പിച്ചതെങ്ങനെയെന്നും ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലുണ്ട്. കേന്ദ്ര ഏജന്‍സികളൊന്നും അദാനി ഗ്രൂപ്പിന്റെ അസാധാരണമായ വളര്‍ച്ചയെ നിരീക്ഷിക്കുകയോ സുതാര്യത ഉറപ്പു വരുത്തുകയോ ചെയ്തിട്ടില്ലെന്നും സൂചിപ്പിക്കുന്നുണ്ട്. എന്നുവച്ചാല്‍ രാജ്യത്തിനകത്ത് പ്രധാനമന്ത്രിയുടെയും പാര്‍ട്ടിയുടെയും താല്‍പര്യങ്ങള്‍ക്കപ്പുറത്ത് ഒരു ഭരണഘടനാസ്ഥാപനവും ചിന്തിക്കുന്നില്ല, പ്രവര്‍ത്തിക്കുന്നില്ല. രാജ്യത്തെ ഭരണ–വ്യവസായ മേഖലകളിലെ സുതാര്യത ഉറപ്പു വരുത്തേണ്ടവരാരും അതിനു തുനിയുന്നില്ല എന്നറിയാവുന്നതുകൊണ്ടു കൂടിയാണ് പുറത്തു നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ചൂണ്ടുപലകകളാകുന്നത്. രാജ്യത്തെ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകര്‍ത്തവരാണ് വിദേശസ്ഥാപനങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ആശ്രയിക്കുന്ന സാഹചര്യത്തിനും മറുപടി പറയേണ്ടത്.  ഭരണകൂടത്തോട് ചോദ്യങ്ങള്‍ ചോദിക്കുന്നത് രാജ്യവിരുദ്ധമാണെന്ന് വിശ്വസിക്കാന്‍ തുടങ്ങിയെങ്കില്‍ അത് നമ്മുടെ പ്രശ്നമാണ്. അത് പ്രധാനമന്ത്രിയുടെയുടെ പോലും പ്രശ്നമല്ല. ഭയം നമ്മെ കീഴ്പ്പെടുത്തിയിരിക്കുന്നുവെന്ന് സമ്മതിക്കാന്‍ പോലും നമ്മള്‍ ഭയക്കുന്നുവെങ്കില്‍ ശരിക്കും നമ്മള്‍ എന്തുമാത്രം ഭയന്നിട്ടുണ്ടാകണം? ആലോചിച്ചുനോക്കൂ. നമുക്ക് ചോദിക്കാനാകാത്ത ചോദ്യങ്ങള്‍, ഭയപ്പെടേണ്ടതില്ലാത്തവരാരെങ്കിലും ചോദിക്കുമ്പോള്‍ അവരോട് പോരാടാന്‍ ഭരണകൂടം പറയുകയും നമ്മളത് അനുസരിക്കുകയുമാണ് ചെയ്യുന്നതെങ്കില്‍ പൗരബോധവും ജനാധിപത്യബോധവും പൂര്‍ണമായും നമ്മള്‍ ഭരണകൂടത്തിന് അടിയറ വച്ചുകഴിഞ്ഞോ? നമ്മുടെ കൂടി അവകാശമാണ് ഈ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍. ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവകാശത്തിനു വേണ്ടിത്തന്നെയാണ് ഇന്ത്യ നിലകൊള്ളേണ്ടത്. 

MORE IN PARAYATHE VAYYA
SHOW MORE