അവസരവാദത്തിനൊരു കാബിനറ്റ് റാങ്ക്; ജനത്തെ കൂസാത്ത പിണറായി സർക്കാർ

kv-thomas
SHARE

ന്യൂസീലാന്‍‍ഡില്‍ ജസീന്താ ആര്‍ഡേന്‍ സ്ഥാനമൊഴിഞ്ഞ അതേ ദിവസം കേരളത്തില്‍ ഒരു പദവിയില്‍ ആരോഹണം നടന്നു. പ്രഫ.കെ.വി.തോമസ് പിണറായി സര്‍ക്കാരിന്റെ പ്രതിനിധിയായി ഡല്‍ഹിയില്‍ കാബിനറ്റ് പദവി അലങ്കരിക്കും. രാഷ്ട്രീയതാല്‍പര്യം നടപ്പാക്കാന്‍ ആലങ്കാരികപദവിയില്‍ ആഡംബരത്തോടെ കയറ്റിയിരുത്തുന്നത് പൊതുജനങ്ങളുടെ ചെലവിലാണെന്നത് മുഖ്യമന്ത്രിക്കറിയാതെയല്ല. പൊതുജനം എന്തു വിചാരിച്ചാലും ഒരു പ്രശ്നവും ഇനിയില്ലെന്ന് ഒരിക്കല്‍ക്കൂടി വിളിച്ചു പറയുന്നു മുഖ്യമന്ത്രി പിണറായിവിജയന്‍ എന്നുമാത്രം. 

ന്യൂസീലന്‍ഡിന്റെ പ്രധാനമന്ത്രി 42ാം വയസില്‍ അധികാരമൊഴിയുമ്പോള്‍ പ്രഖ്യാപിച്ചത് ഇനിയൊരു തിരഞ്ഞെടുപ്പിനും രാഷ്ട്രീയപ്രവര്‍ത്തിനുമൊന്നും ഊര്‍ജമില്ലെന്നാണ്. ഇവിടെ കോണ്‍ഗ്രസ് പാര്‍ട്ടി  വേണ്ട വിധം പരിഗണിച്ചില്ലെന്ന പരിഭവത്തില്‍ ഇടതുമുന്നണിയിലേക്ക് ചേക്കേറിയ മുന്‍ കേന്ദ്രമന്ത്രിയും സംസ്ഥാനമന്ത്രിയുമൊക്കെയായ കെ.വി.തോമസ് പുതിയ പദവിയില്‍ നിയമിക്കപ്പെട്ടത് ്അതേ ദിവസമായത് തീര്‍ത്തും യാദൃശ്ചികം. 

കോണ്‍ഗ്രസില്‍ നിന്ന് ഇനി കിട്ടാന്‍ പദവിയൊന്നുമില്ലാത്തത്രയും പരിഗണിക്കപ്പെട്ട കെ.വി.തോമസിന്റെ  അതിമോഹങ്ങള്‍ സാധിച്ചുകൊടുക്കാന്‍ വേണ്ടി മാത്രം സൃഷ്ടിച്ചതല്ല കേരളത്തിന്റെ പ്രത്യേക പ്രതിനിധി സ്ഥാനം. നേരത്തെ എ.സമ്പത്തിനും പുനരധിവാസം ഉറപ്പു വരുത്തിയത് ഈ പദവി ഉപയോഗിച്ചാണ്. പക്ഷേ കാര്യങ്ങള്‍ നടക്കാന്‍ ആവശ്യമുള്ള പ്രാപ്തി എന്താണെന്ന് സര്‍ക്കാരിന് ബോധ്യമുള്ളതുകൊണ്ട് ഓഫിസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടിയായി വേണു രാജാമണിയെ ചുമതലപ്പെടുത്തി. 

കോണ്‍ഗ്രസുകാര്‍ എന്തു പറഞ്ഞാലും കെ.വി.തോമസിലാണ് ഭാവികേരളത്തിന്റെ പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പിണറായി വിജയനറിയാം കെ.വി.തോമസിന്റെ കാബിനറ്റ് പദവി ആരുടെ ഉപകാരസ്മരണയാണ്? കളം മാറിയെത്തുന്ന അവസരവാദികള്‍ക്ക് പുനരധിവാസമൊരുക്കുന്ന പദ്ധതി പൊതുജനത്തിന്റെ ചെലവില്‍ നിര്‍ബാധം നടപ്പാക്കാമെന്ന  അധികാരധാര്‍ഷ്ട്യത്തിനുള്ള അടിത്തറ കേരളം തന്നെ ഒരുക്കിയതാണ്. 

രാഷ്ട്രീയതാല്‍പര്യത്തിനു വേണ്ടി മാത്രം വെള്ളാനകളെയുണ്ടാക്കുന്ന ഇടതുമാതൃക.  ഇത് കേരളമാണ്. ഇവിടെയേ ഇതൊക്കെ നടക്കൂ. ഇടതുപക്ഷം ചെയ്യുന്നതൊന്നും തെറ്റായിരിക്കില്ലെന്ന് ആര്‍ക്കാണറിയാത്തത്?

കോണ്‍ഗ്രസിലായിരുന്നപ്പോള്‍ കെ.വി.തോമസിന്റെ അധികാരമോഹത്തെക്കുറിച്ചുപന്യസിക്കാത്ത സി.പി.എമ്മുകാരില്ല. പക്ഷേ അദ്ദേഹത്തിന്റെ മികവില്‍ പ്രതീക്ഷയര്‍പ്പിച്ച് സ്വന്തം പാളയത്തിലേക്കു കൊണ്ടുവന്ന് പ്രത്യേകപദവിയില്‍ കുടിയിരുത്താനായിരുന്നു ഈ പെടാപ്പാടൊക്കെ പെട്ടത് എന്നാരും തിരിച്ചറിഞ്ഞില്ല.  കെ.വി.തോമസില്‍ പിണറായി വിജയന്‍  അര്‍പ്പിക്കുന്ന ഏറ്റവും വലിയ പ്രതീക്ഷ അദ്ദേഹത്തിന്റെ ഡല്‍ഹിബന്ധങ്ങളാണ്. പ്രത്യേകിച്ച് പ്രധാനമന്ത്രിയുമായുള്ള ബന്ധം സി.പി.എമ്മിന് പ്രായശ്ചിത്തം ചെയ്യാനുള്ള അവസരമായി മാത്രമേ കേരളം കാണേണ്ടതുള്ളൂ. കോഴമാണിയെന്നു വിളിച്ച കെ.എം.മാണിയോട് മരണാനന്തരം പ്രായശ്ചിത്തം ചെയ്തു. ചരിത്രത്തിലാദ്യമായി അഴിമതിക്കേസില്‍ ശിക്ഷ വാങ്ങിച്ചുകൊടുത്തുവെന്ന് വി.എസ്.അഭിമാനിച്ച ബാലകൃഷ്ണപിള്ളയെയും സ്വന്തം വാക്കുകള്‍ വിഴുങ്ങി അഴിമതിക്കാരനെന്ന ചീത്തപ്പേര് മാറ്റിയെടുത്തു സി.പി.എം പ്രായശ്ചിത്തം ചെയ്തിരുന്നു. 

ഇതില്‍ കേരളം ഇത്ര പ്രയാസപ്പെടേണ്ട കാര്യമൊന്നുമില്ല. ഉല്‍ക്കണ്ഠയുടെയും ആവശ്യമില്ല. സത്യത്തില്‍ മുന്നണിരാഷ്ട്രീയത്തിലെ  നല്ല പാഠങ്ങളാണ് സി.പി.എം മുന്നോട്ടു വയ്ക്കുന്നത്. ഇനി സി.പി.എം ആരെയെങ്കിലും അഴിമതിക്കാരനെന്നോ കുറ്റവാളിയെന്നോ ആക്ഷേപിക്കുമ്പോള്‍ ഒരു നിമിഷം നില്‍ക്കുക, ഒന്നു ചിന്തിക്കുക, ഇതേ നേതാവ് ഇടതുമുന്നണിയിലേക്ക് ചേക്കേറിയാല്‍ സി.പി.എം എങ്ങനെയായിരിക്കും സ്വീകരിക്കുക? എന്തായിരിക്കും വിശേഷിപ്പിക്കുക. കെ.വി.തോമസ് കൂടി കാബിനറ്റ് പദവിയാല്‍ അലങ്കരിക്കപ്പെടുമ്പോള്‍ ആ ചോദ്യത്തിന് നല്ല രസമുള്ള ഒരു ഉത്തരമായി.  ഇടതുമുന്നണിയിലേക്കുള്ള വഴിയും പണ്ടത്തേതു പോലെ കാര്‍ക്കശ്യമുള്ളതൊന്നുമല്ല. സ്വന്തം മുന്നണിയില്‍ പരമാവധി പാര്‍ട്ടിയെ ഇകഴ്ത്തുക, പിന്നെയും വിലപേശുക. പിന്നെ നാല് പിണറായി സ്തുതിഗീതങ്ങള്‍ ഉറക്കെപ്പാടുക. തിരഞ്ഞെടുപ്പില്‍ വിചാരിച്ച പ്രയോജനമുണ്ടായോ, ഇനിയുണ്ടാകുമോ എന്നതൊന്നും പ്രശ്നമല്ല. പ്രവേശനപരീക്ഷ കഴിഞ്ഞു. ഇതൊക്കെ എല്ലാ മുന്നണികളും ചെയ്യുന്നതുമാണ്. സ്വന്തം വലയ്ക്കകത്തെത്തിക്കഴി‍ഞ്ഞാല്‍ എല്ലാവരും ശുദ്ധീകരിക്കപ്പെടുമെന്ന് ആര്‍ക്കാണറിയാത്തത്. ഒരേയൊരു വ്യത്യാസം

 അധികാരമോഹം, പാര്‍ലമെന്ററി വ്യാമോഹം, അഴിമതിക്കൊതി ഇതൊന്നും വച്ചുപൊറുപ്പിക്കുന്ന പാര്‍ട്ടിയല്ല സി.പി.എം. അങ്ങെയെന്തെങ്കിലും മോഹവുമായി ആരെങ്കിലും മുന്നണിയിലേക്കു വന്നാല്‍ ഒന്നുകില്‍ ഒരു കാബിനറ്റ് പദവിയില്‍ അങ്ങോട്ടു കൊണ്ടിരുത്തും. അതല്ലെങ്കില്‍ പാലായില്‍ കണ്ടതു പോലെ കാല്‍കഴുകി മുത്തി മാനസാന്തരപ്പെടുമോയെന്നു നോക്കും. അതല്ലാതെ യു.ഡി.എഫില്‍ കാണിക്കുന്ന അഹങ്കാരമൊന്നും എല്‍.ഡി.എഫില്‍ കാണിക്കാമെന്ന് ആരും വ്യാമോഹിക്കേണ്ടെന്ന് തെളിയിക്കുന്നതാണ് സ്ഥാനമോഹമില്ലാത്ത കെ.വി.തോമസിന്റെ ഡല്‍ഹി നിയോഗം. 

MORE IN PARAYATHE VAYYA
SHOW MORE