ദേഹത്തു തൊടരുത്, ഒരു ന്യായവും വേണ്ട

aparna
SHARE

സ്ത്രീകളോട് എങ്ങനെ പെരുമാറണം, സ്ത്രീകളുടെ അവകാശങ്ങളില്‍ എന്തഭിപ്രായം പറയണം എന്ന ചോദ്യം വന്നാല്‍ നമ്മുടെ സമൂഹത്തിന്റെ പൊള്ളത്തരമാകെ പൊടിഞ്ഞുവീഴുന്ന അവസ്ഥയാണ്. പ്രശസ്തരായ വ്യക്തികളോട് ആരാധനയുടെ പേരില്‍ എങ്ങനെയും പെരുമാറാമോ? ലിംഗസമത്വത്തിനു വേണ്ടി വാദിക്കുന്നവര്‍ക്ക് ഒന്നു ചേര്‍ത്തിനിര്‍ത്തി ഫോട്ടോ എടുത്താല്‍ എന്താണിത്ര പ്രശ്നം? തുല്യാവകാശങ്ങള്‍ക്കായി വാദിക്കുന്ന സ്ത്രീകള്‍ക്കു മാത്രമായെന്തിനാണ് ആര്‍ത്തവത്തിന്റെ പേരില്‍ അവധി? 2023ലും കേരളം ചര്‍ച്ച ചെയ്യുന്ന ചോദ്യങ്ങളാണ്. തിരിച്ചൊരു ചോദ്യമേയുള്ളൂ, കുറഞ്ഞ പക്ഷം മിണ്ടാതിരുന്നുകൂടേ? സ്ത്രീകളുടെ കാര്യത്തിലെങ്കിലും തീരുമാനങ്ങളും നിലപാടുമെടുക്കാനുള്ള അവകാശം അവര്‍ക്കുണ്ടെന്ന ഔചിത്യമെങ്കിലും പാലിച്ചു കൂടേ?

ഇങ്ങനെ ചോദിക്കേണ്ടി വരുന്നത് രണ്ട് വാര്‍ത്തകളുടെ പേരിലാണ്. ദേശീയപുരസ്കാരം നേടിയ നടി അപര്‍ണ ബാലമുരളിക്ക് എറണാകുളം ലോ കോളജില്‍ നേരിടേണ്ടി വന്ന മോശം പെരുമാറ്റം.  സമ്മതമില്ലാതെ സ്പര്‍ശിക്കുക മാത്രമല്ല, വ്യക്തിക്ക് സ്വീകാര്യമല്ലാത്ത രീതിയില്‍ ഇടപഴകാനും ശ്രമിച്ചത് ഒരു ലോ കോളജ് വിദ്യാര്‍ഥിയാണ്. അപര്‍ണയുടെ പ്രതികരണം വ്യക്തമായിരുന്നു. അപമര്യാദ തിരിച്ചറിഞ്ഞ സംഘാടകര്‍ അപ്പോള്‍ തന്നെ ഖേദം രേഖപ്പെടുത്തുകയും ചെയ്തു. 

ഖേദപ്രകടനത്തിനായി എത്തിയ വിദ്യാര്‍ഥിക്ക് പക്ഷേ എന്താണ് തന്റെ പെരുമാറ്റത്തിലെ പ്രശ്നം എന്നു തിരിച്ചറിയാനേ കഴിഞ്ഞിട്ടില്ലെന്ന് വീണ്ടും തെളിയിച്ചു. മോശം പെരുമാറ്റമെന്തെന്ന് തിരിച്ചറിയാത്തത് വിദ്യാര്‍ഥിക്കു മാത്രമല്ലെന്ന് പിന്നീട് സമൂഹമാധ്യമങ്ങളിലുണ്ടായ ചര്‍ച്ചകള്‍ തെളിയിച്ചു. ആരാധന, ലിംഗസമത്വം, വികാരപ്രകടനം തുടങ്ങിയ ഒരു ന്യായവും സത്യത്തില്‍ ഇക്കാര്യത്തില്‍ എഴുന്നള്ളിക്കേണ്ടതില്ല. അനുവാദമില്ലാതെ ഒരു വ്യക്തിയെയും തൊടാന്‍  പറ്റില്ല. പൊതുപ്രവര്‍ത്തകരോ, പ്രശസ്തരോ ഒന്നും പൊതുസ്വത്തല്ല, വ്യക്തികളെന്ന നിലയില്‍ അവരര്‍ഹിക്കുന്ന മര്യാദയില്‍ വിട്ടുവീഴ്ചയും പാടില്ല. 

പ്രമുഖതാരത്തോട് ആരാധനയോടെ പെരുമാറി, അവര്‍ തെറ്റിദ്ധരിച്ച് പ്രതികരിച്ചു തുടങ്ങിയ ന്യായങ്ങള്‍ ഒട്ടേറെ കണ്ടു. ഇതില്‍ സ്ത്രീയെന്ന ബഹുമാനം മാത്രമല്ല പ്രശ്നം. ഒരാളെയും അവരുടെ സമ്മതമില്ലാതെ തൊടരുത് എന്ന അടിസ്ഥാന മര്യാദ മാത്രമാണ്. ആരാധനയോ പിന്നീട് തെറ്റ് തിരിച്ചറിഞ്ഞ ഖേദമോ അല്ല വേദിയില്‍ ലോകം കണ്ടത്. അതവിടെ നില്‍ക്കട്ടെ, പക്ഷേ അത്തരം പെരുമാറ്റം ന്യായീകരിക്കപ്പെടുന്നത് എന്തടിസ്ഥാനത്തിലാണ്?  നേരത്തെ പുരുഷന്‍മാരായ സിനിമാതാരങ്ങളടക്കം സമാനമായ സാഹചര്യത്തില്‍ പ്രതികരിക്കേണ്ടി വന്നിട്ടുണ്ട്. അടുത്തിടെ കോഴിക്കോട് മാളില്‍വച്ചുണ്ടായ ദുരനുഭവങ്ങള്‍ പ്രമുഖ യുവതാരങ്ങള്‍ തുറന്നു പറഞ്ഞതും കേരളം കണ്ടു. 

ഇത് ഒരു പടി കൂടി കടന്ന് മര്യാദയോടെയെന്ന കാപട്യത്തിലുണ്ടായ മോശം പെരുമാറ്റമാണ്. തര്‍ക്കങ്ങളുന്നയിക്കാനും വാദിക്കാനുമൊക്കെ സൗകര്യമുണ്ടാക്കുന്ന തരം പെരുമാറ്റം.മറ്റൊരാളെ തൊട്ടുപ്രകടിപ്പിക്കാന്‍ മാത്രം സ്നേഹമുണ്ടെങ്കില്‍ അതു തുറന്നു സമ്മതം ചോദിക്കാനുള്ള മര്യാദ കൂടിയുണ്ടാകണം. അതു ചോദിക്കാനുള്ള സമയവും സാഹചര്യവുമല്ലെങ്കില്‍ അവരെ സമ്മര്‍ദത്തിലാക്കുന്നത് മോശവുമാണ്. സമ്മതമില്ലാത്ത സ്പര്‍ശമോ, സെല്‍ഫിയോ ഒക്കെ കടന്നുകയറ്റം മാത്രമാണ്. അതിലിനി തര്‍ക്കിക്കാന്‍ വരരുത്. ശുഷ്കമായ സാമൂഹ്യബോധത്തിന്റെ ദുരന്തം ഇനിയും ഇവിടത്തെ സ്ത്രീകള്‍ സഹിക്കണമെന്നും ആവശ്യപ്പെടരുത്. അപര്‍ണ കാണിച്ച മാന്യത പോലും തിരിച്ചുകാണിക്കാന്‍ ഒരു സ്ത്രീക്കും ബാധ്യതയില്ലെന്ന് ഓര്‍ക്കുന്നത് നല്ലതാണ്. അപര്‍ണയോട് അനുചിതമായി പെരുമാറിയ വിദ്യാര്‍ഥിയെ ലോകോളജ് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. യൂണിയന്‍ ഖേദം പ്രകടിപ്പിച്ച് വിശദീകരണക്കുറിപ്പും ഇറക്കിയത് നല്ല മാതൃകയാണ്. പക്ഷെ സംഘാടകര്‍ക്കു മാത്രമല്ല, ഇത്തരം കടന്നുകയറ്റങ്ങളുണ്ടാകുന്നില്ലെന്നുറപ്പു വരുത്താനുള്ള ബാധ്യത എല്ലാവര്‍ക്കും കൂടിയുള്ളതാണ്. 

ഒറ്റ വാചകത്തില്‍ തീരേണ്ടതാണ് മറുപടി, ആവര്‍ത്തിക്കരുത്, അസുഖകരമാം വിധം പെരുമാറരുത്. പക്ഷേ അപ്പോഴാണ് അപര്‍ണയെന്ന വ്യക്തിയുടെ നിലപാടുകളൊക്കെ ചൂണ്ടിയുള്ള ന്യായീകരണങ്ങള്‍ വരുന്നത്. ശക്തമായ നിലപാടുകളുള്ള , സ്വതന്ത്രമായ അഭിപ്രായമുള്ള ഒരു സ്ത്രീയെ അതേ ന്യായങ്ങള്‍ പറഞ്ഞ് അപമാനിക്കാമെന്ന് കരുതുന്ന മനുഷ്യര്‍ ജീവിക്കുന്നത് ഏതു കാലത്തിലാണ്? സമ്മതം എന്ന വാക്കിന്റെ അര്‍ഥം എന്തുകൊണ്ടാണ് ഇനിയും ലോകത്തിന് മനസിലാകാത്തത്?

തുല്യതയെക്കുറിച്ചു സംസാരിക്കുന്ന സ്ത്രീകളോട്, അവകാശങ്ങളെക്കുറിച്ച് ബോധമുണ്ടെന്ന് പ്രഖ്യാപിക്കുന്ന സ്ത്രീകളോട് പുരുഷാധിപത്യബോധം അസ്വസ്ഥത പ്രകടിപ്പിക്കുന്ന വിധം ദയനീയമാണ്. തുല്യമായ വേതനം ആവശ്യപ്പെട്ടതല്ലേ, ഇടപെടലിലും തുല്യതാബോധമില്ലാത്തതെന്താണെന്ന്. തുല്യനീതിയില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടെക്കുന്ന സ്ത്രീകളോട് എങ്ങനെയും പെരുമാറാന്‍ അവകാശമുണ്ടെന്ന് കരുതുന്ന പുരുഷന്‍മാരും അത്തരം ശക്തമായനിലപാടുകളുള്ള സ്ത്രീകള്‍ എന്തു പെരുമാറ്റവും അങ്ങ് സഹിച്ചോളണം എന്നു വാദിക്കുന്ന സ്ത്രീകളും പഴയ ഏതോ നൂറ്റാണ്ടിലെ സ്ത്രീവിരുദ്ധതയില്‍ അങ്ങ് പിടിച്ചു വിടാതെ നില്‍ക്കുകയാണ്.  വ്യക്തികളുടെ സ്വകാര്യത, സ്ത്രീകളുടെ അവകാശങ്ങള്‍ ഇതൊക്കെ അസ്വസ്ഥതയുണ്ടാക്കുന്നവര്‍ മിണ്ടാതിരിക്കുകയെങ്കിലും ചെയ്യണം. കാലം മുന്നോട്ടു തന്നെ പോകും. 

രണ്ടാമത്തെ ചര്‍ച്ച കേരളത്തിലുണ്ടായ വളരെ മാനുഷികമായ ഒരു തീരുമാനത്തിന്റെ പേരിലാണ്. സര്‍വകലാശാല വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവാവധി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പെണ്‍കുട്ടികളുടെ ശാരീരികപ്രയാസങ്ങള്‍ അവരുടെ പുരോഗതിയില്‍ തടസമാകരുതെന്ന വ്യക്തമായ കാഴ്ചപ്പാട് പുലര്‍ത്തുന്ന തീരുമാനം. സര്‍ക്കാര്‍ ഏറ്റവും സൗകര്യമുള്ള ഒരു തീരുമാനം പ്രഖ്യാപിച്ച് മറ്റ് അടിസ്ഥാനസൗകര്യപ്രശ്നങ്ങള്‍ പരിഗണിക്കാതെ ഒഴിഞ്ഞു മാറുന്നുവെന്ന് വിമര്‍ശിക്കാം. പക്ഷേ ഉയരുന്ന ചോദ്യങ്ങള്‍ അസ്വസ്ഥതയുടേതും അസഹിഷ്ണുതയുടേതുമാണ്. തുല്യാവകാശങ്ങള്‍ പറയുന്ന സ്ത്രീകളെന്തിന് ആര്‍ത്തവാവധി സ്വീകരിക്കുന്നുവെന്നാണ് ഒരു ചോദ്യം. യഥാര്‍ഥ പ്രശ്നം മനസിലാക്കാന്‍ പ്രയാസമൊന്നുമില്ല, സ്ത്രീകള്‍ക്ക് തുല്യമായ അവസരങ്ങള്‍ ഉറപ്പാക്കുന്ന ഏതു സാമൂഹ്യനീക്കവും ഒരു വിഭാഗത്തെ ഇപ്പോഴും പേടിപ്പിക്കുന്നുണ്ട്. 

സംസ്ഥാനത്തെ സര്‍വകലാശാലകള്‍ക്കു കീഴിലെ വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവാവധി അനുവദിക്കാന്‍ തീരുമാനിച്ചത് ഉന്നതവിദ്യാഭ്യാസവകുപ്പാണ്. ആര്‍ത്തവ കാലത്ത് വിദ്യാര്‍ഥിനികള്‍ നേരിടേണ്ടി വരുന്ന ശാരീരിക–മാനസിക ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് പരീക്ഷയെഴുതാനാവശ്യമായ ഹാജരില്‍ 2 ശതമാനം ഇളവ് അനുവദിക്കാനാണ് തീരുമാനം. 

18 വയസ് കഴിഞ്ഞ വിദ്യാര്‍ഥിനികള്‍ക്ക് പരമാവധി 60 ദിവസം വരെ പ്രസവാവധിയും അനുവദിച്ചിട്ടുണ്ട്. വിദ്യാഭ്യാസകാലത്തെ വിവാഹ–പ്രസവ സമ്മര്‍ദങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്ന തീരുമാനമെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പക്ഷേ വിദ്യാഭ്യാസം മുടങ്ങുന്നില്ലെന്നുറപ്പു വരുത്താന്‍ സഹായിക്കുന്നുവെന്നത് അനുകൂലം തന്നെയാണ്. കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയിലാണ് വിദ്യാര്‍ഥിയൂണിയന്റെ ആവശ്യപ്രകാരം ആദ്യം ആര്‍ത്തവാവധി പ്രഖ്യാപിച്ചത്. 

ആര്‍ത്തവ അവധി ശാരീരികപ്രയാസങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്ക് ഒരു ചെറിയ കാര്യമല്ല. ആര്‍ത്തവത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തലുമല്ല. കടുത്ത ശാരീരികപ്രയാസങ്ങളുള്ളവര്‍ക്ക് അവധിയെടുക്കാം. ആവശ്യമില്ലാത്തവരില്‍ അടിച്ചേല്‍പിക്കുന്നുമില്ല. സ്ത്രീകളുടെ സവിശേഷമായ ജൈവികപ്രത്യേകതകള്‍ പരിഗണിക്കുന്നത് സ്ത്രീവിരുദ്ധതയോ സ്ത്രീവിമോചനത്തിലെ വൈരുധ്യമോ അല്ല. അതു തന്നെയാണ് പുരോഗമനം. ലോകത്ത് പലയിടത്തും ഈ ചിന്താഗതി സ്വീകരിക്കപ്പെടുന്നുണ്ട്. 

പല ഏഷ്യന്‍ രാജ്യങ്ങളിലും വനിതാജീവനക്കാര്‍ക്ക് ആര്‍ത്തവാവധി നിലവിലുണ്ട്. ജപ്പാനില്‍ 70 വര്‍ഷമായി സ്ത്രീകള്‍ക്ക് ആര്‍ത്തവകാലത്ത് അവധിയെടുക്കാം. ശമ്പളത്തോടെയുള്ള അവധി തന്നെയാണിത്. ദക്ഷിണകൊറിയയില്‍ മാസത്തില്‍ ഒരു ആര്‍ത്തവ  അവധിയെടുക്കാം എന്ന നിയമഭേദഗതി വന്നത് 2001ലാണ്.  തായ്‍വാന്‍, ഇന്തോനീഷ്യ, സാംബിയ തുടങ്ങിയ രാജ്യങ്ങളിലും ആര്‍ത്തവാവധി നിലവിലുണ്ട്. ഈ നിരയിലേക്കെത്തുന്ന ആദ്യ യൂറപ്യന്‍ രാജ്യമാണ് സ്പെയിന്‍. കഴിഞ്ഞ ഡിസംബറിലാണ് സ്പെയിനില്‍ ആര്‍ത്തവാവധി ബില്‍ പാര്‍ലമെന്റില്‍ അംഗീകാരം നേടിയത്. ആര്‍ത്തവ കാലത്ത് കടുത്ത വേദന നേരിടുന്ന സ്ത്രീകള്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി അവധിയെടുക്കാം. എത്ര ദിവസമെന്നത് ഡോക്ടര്‍മാര്‍ക്കു തീരുമാനിക്കാം. തായ്‍വാനില്‍ പകുതി ശമ്പളത്തോടെ വര്‍ഷത്തില്‍ മൂന്ന് ദിവസമാണ് ആര്‍ത്തവാവധി. ഇത് 30 ദിവസത്തെ സിക്ക് ലീവിനു പുറമേയാണ്. ദക്ഷിണാഫ്രിക്കന്‍ രാജ്യമായ സാംബിയയില്‍ ആര്‍ത്തവാവധി നിലവില്‍ വന്നത് 2017ലാണ്. എല്ലാ വനിതാജീവനക്കാര്‍ക്കും മാസത്തില്‍ ഒരു ദിവസം കാരണം ബോധിപ്പിക്കാതെ അവധിയെടുക്കാം എന്നതാണ് സാംബിയയില്‍ നിലവിലുള്ള നിയമം. മദേഴ്സ് ഡേ എന്നാണ് അറിയപ്പെടുന്നതെങ്കിലും എല്ലാ സ്ത്രീകള്‍ക്കും സമ്മര്‍ദമില്ലാതെ അവധിയെടുക്കാമെന്നതാണ് സാംബിയയിലെ പ്രത്യേകത. 

കേരളം ഇപ്പോള്‍ മാതൃക കാണിച്ചിരിക്കുന്നത് സര്‍വകലാശാലകളില്‍ മാത്രമാണ്. സ്കൂളുകളിലും ജോലി സ്ഥലത്തും ആര്‍ത്തവ അവധി വേണമെന്ന ആവശ്യം ഇപ്പോള്‍ തന്നെ ഉയര്‍ന്നു കഴിഞ്ഞു. അയ്യേ, തുല്യത പറയുന്നവര്‍ ആര്‍ത്തവവാധിക്കു വേണ്ടി വാദിക്കുന്നോ എന്ന പരിഹാസത്തില്‍ തുടങ്ങിയ പ്രതികരണങ്ങള്‍ ഇപ്പോള്‍ അതു പറ്റില്ല, ജോലിയില്‍ അവധി കൊടുത്താല്‍ പുരുഷന്‍മാര്‍ക്കും അവധി വേണം എന്നായിട്ടുണ്ട്. ജന്‍ഡര്‍ ന്യൂട്രാലിറ്റിയൊന്നും നടക്കുന്ന കാര്യമല്ലെന്ന് മനസിലായില്ലേ എന്നു വേറൊരു വിഭാഗം. കരച്ചിലിന്റെ ശബ്ദങ്ങളില്‍ നിന്ന് ഒറ്റക്കാര്യമേ മനസിലാക്കാനുള്ളൂ. സ്ത്രീസമത്വമെന്നാല്‍ എന്താണെന്ന് ഈ മനുഷ്യര്‍ക്കൊന്നും വലിയ ധാരണയില്ല. 

ആര്‍ത്തവ അവധി എന്ന പ്രഖ്യാപനത്തോട് സമ്മിശ്രപ്രതികരണങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്. പുതിയൊരു തീരുമാനം ആശയക്കുഴപ്പങ്ങളുണ്ടാക്കും. അസുഖം പോലെ പരിഗണിക്കപ്പെടേണ്ടതാണോ ആര്‍ത്തവമെന്ന ചോദ്യമുണ്ടാകും. ആര്‍ത്തവ കാലത്ത് മാറ്റിനിര്‍ത്തപ്പെട്ടിരുന്ന അനാചാരങ്ങളില്‍ നിന്ന് പുറത്തു വരാന്‍ നടത്തിയ പരിശ്രമങ്ങളെ തിരിച്ചടിക്കില്ലേ എന്നു ന്യായമായും ചോദ്യമുണ്ടാകും. ജോലിയിലേക്കു കൂടി പരിഗണിക്കപ്പെട്ടാല്‍ സ്ത്രീകള്‍ക്ക് അവസരങ്ങള്‍ നല്‍കാതിരിക്കാന്‍ തൊഴിലുടമകള്‍ ശ്രമിക്കില്ലേ എന്ന ചോദ്യവുമുയരാം. പക്ഷേ അതിനൊക്കെയുള്ള ഉത്തരമാണ് ഇത്തരം തീരുമാനങ്ങള്‍ ഒരു സമൂഹം പൊതുവില്‍ കൈക്കൊള്ളുകയെന്നത്. ഒരു സ്വാഭാവികജൈവികപ്രക്രിയമായി മാത്രം കാണാന്‍ കഴിയുന്ന ആരോഗ്യസ്ഥിതിയുള്ള സ്ത്രീകളാരും ആര്‍ത്തവാവധി ആവശ്യപ്പെടില്ല. അതിനു പിന്നാലെ പോകുകയുമില്ല. പക്ഷേ അതാവശ്യമുള്ളവരുണ്ട്. കടുത്ത ശാരീരികപ്രയാസങ്ങള്‍ കൊണ്ടു മാത്രം ഇല്ലാത്ത അവധിയെടുക്കേണ്ടി വരുന്നവരുണ്ട്. ഹാജരില്‍ നഷ്ടം സഹിക്കേണ്ടി വരുന്നവരുണ്ട്. അവര്‍ക്ക് ഈ അവധി വലിയ മാറ്റമാണ്. ആശ്വാസമാണ്. അത് സ്ത്രീസൗഹാര്‍ദസമീപനത്തിന്റെ ആദ്യത്തെ ചുവടുകളിലൊന്നുമാണ്. ജോലിയിലേക്കും ഇതേ പരിഗണന വന്നാല്‍ അത് അട്ടിമറിക്കാനോ സ്ത്രീകളെ ഒഴിവാക്കാനോ ഒക്കെ തുടക്കത്തില്‍ ശ്രമമുണ്ടാകുമെന്നും ഉറപ്പാണ്.

ജപ്പാനില്‍ ആര്‍ത്തവാവധി 1945 മുതലുണ്ടെങ്കിലും ജോലിയില്‍ നേരിടുന്ന വിവേചനം ഭയന്ന് 10 ശതമാനത്തില്‍ താഴെ സ്ത്രീകള്‍ മാത്രമാണ് അവധി പ്രയോജനപ്പെടുത്തുന്നതെന്ന് പഠനങ്ങള്‍ പറയുന്നു. പക്ഷേ അതുകൊണ്ട് സ്ത്രീകള്‍ക്ക് തുല്യാവസരങ്ങളും തുല്യമായ അവകാശങ്ങളും ഉറപ്പാക്കുന്ന ഒരു തീരുമാനം തെറ്റാണെന്നു വരുത്താനാവില്ല. ശാരീരികമായ പരിഗണനകള്‍ കൂടി പരിഗണിച്ചുകൊണ്ട് തുല്യാവസരങ്ങള്‍ ഉറപ്പാക്കുന്ന ഒരു സമൂഹത്തിനേ സ്ത്രീസൗഹൃദമെന്ന് അവകാശപ്പെടാനാകൂ. ആര്‍ത്തവ സമയത്തെ കഠിനതകള്‍ എങ്ങനെയും സഹിച്ച് സമൂഹത്തിനു മുന്നില്‍ തെളിയിക്കേണ്ടതല്ല തുല്യത. അവകാശങ്ങളിലും അവസരങ്ങളിലുമാണ് തുല്യത കൊണ്ടുവരേണ്ടത്. 

അപ്പോഴും ഭരണത്തില്‍ ഏഴു വര്‍ഷം പൂര്‍ത്തിയാക്കാന്‍ മൂന്നു മാസം മാത്രം ശേഷിക്കുന്ന പിണറായി സര്‍ക്കാര്‍ മറുപടി പറയേണ്ട ഒരു സുപ്രധാന ചോദ്യമുണ്ട്. കേരളത്തില്‍ ഇപ്പോഴും സ്ത്രീകള്‍ക്കുപയോഗിക്കാന്‍ കഴിയുന്ന പബ്ലിക് ടോയ്‍ലറ്റുകളുണ്ടോ? അത് സ്ത്രീസമൂഹത്തിന് ഏറ്റവും അനിവാര്യമായ ഒരു അടിസ്ഥാനസൗകര്യമല്ലേ? സില്‍വര്‍ലൈന്‍ യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്ന സര്‍ക്കാര്‍ പബ്ലിക് ടോയ്‍ലറ്റുകള്‍ക്ക് പരിഗണന കൊടുക്കുന്നില്ലെന്നു മാത്രമല്ലേ അര്‍ഥം?  ചരിത്രപരമായ തീരുമാനമെന്ന് ആര്‍ത്തവ അവധിയെ ആഘോഷിക്കുമ്പോള്‍,  സ്ത്രീകള്‍ക്ക്  കൂടുതല്‍ അത്യാവശ്യമായ സൗകര്യങ്ങള്‍ക്ക് സര്‍ക്കാര്‍ എന്തു വില കല്‍പിക്കുന്നുവെന്ന് സ്വയം ഒന്നു വിലയിരുത്തണം. 

ആര്‍ത്തവഅവധി ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടേണ്ടതാണ് സംശയമില്ല. പക്ഷേ ആര്‍ത്തവത്തിന് അവധി ആവശ്യമില്ലാത്ത സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധികളില്‍ സര്‍ക്കാരിന് അനക്കമുണ്ടോ? നമ്മുടെ പൊതു ഇടങ്ങളില്‍ ശുചിത്വമുള്ള, ഉപയോഗയോഗ്യമായ എത്ര പൊതുടോയ്‍ലറ്റുകളുണ്ട്? ആര്‍ത്തവകാലത്തല്ലാതെയും സ്ത്രീകള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാവുന്ന, പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയുന്ന സൗകര്യങ്ങള്‍ പൊതുഇടങ്ങളിലുണ്ടോ? ആര്‍ത്തവ അവധിയില്ലാതെ ജോലിക്കായി സഞ്ചരിക്കേണ്ടി വരുന്നവര്‍ക്ക് , സ്വന്തം തൊഴിലിടങ്ങളിലെങ്കിലും ആവശ്യമായ ടോയ്‍ലറ്റ് സൗകര്യമുണ്ടെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടോ? സാനിറ്ററി നാപ്കിന്‍ സുരക്ഷിതമായി കൈകാര്യം ചെയ്യാനുള്ള സൗകര്യങ്ങളുണ്ടോ? സ്ത്രീകള്‍ക്ക് വീടിനു പുറത്തിറങ്ങിയാല്‍ ആര്‍ത്തവ ശുചിത്വം പാലിക്കാനുള്ള സൗകര്യം സര്‍ക്കാര്‍ ഉറപ്പാക്കേണ്ടതാണ്. അവധി പ്രായോഗികമല്ലാത്തയിടത്ത് വിശ്രമമുറികള്‍,  വൃത്തിയുള്ള തൊഴിലിടങ്ങള്‍ എന്നിവ കൂടി ഉറപ്പു വരുത്തേണ്ടത് അടിസ്ഥാന കടമയാണ്. അത് ആര്‍ത്തവ അവധി പോലെ ആഘോഷിക്കാന്‍ എളുപ്പമുള്ള തീരുമാനമല്ല. നല്ല ഇച്ഛാശക്തി വേണ്ട സര്‍ക്കാരില്‍ അര്‍പ്പിതമായ കടമയാണ്. 

അതു മറന്നു പോകരുത്. ആര്‍ത്തവ അവധി ആഘോഷിക്കേണ്ട തീരുമാനമാണ്. പക്ഷേ അതിനു പുറത്തുള്ള കോടിക്കണക്കിന് സ്ത്രീകള്‍ക്കും ആര്‍ത്തവവുമായി ബന്ധപ്പെട്ട് സവിശേഷമായ ആവശ്യങ്ങളുണ്ടെന്നും സര്‍ക്കാര്‍ മനസിലാക്കണം. അതാകട്ടെ സ്ത്രീകളുടെ മാത്രം ആവശ്യമെന്നു മാറ്റിനിര്‍ത്തുകയും വേണ്ട. മനുഷ്യാവകാശങ്ങളായി കണ്ട് ഇടപെടലുണ്ടാകണം. അയ്യോ, സ്ത്രീകള്‍ക്ക് മാത്രം അവധി കൊടുക്കുന്നേയെന്ന് വിലപിക്കുന്നവര്‍ അവിടത്തെന്നെയിരിക്കട്ടെ. അതും പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിഭാഗമാണ്. 

MORE IN PARAYATHE VAYYA
SHOW MORE