ഇരുട്ടിലേക്ക് തള്ളുന്ന സ്ത്രീജീവിതം; താലിബാന്റെ വിചിത്ര‘രാജ്യം’..!

PARAYATHE-VAYYA
SHARE

താലിബാന്‍ തനിനിറം കാണിച്ചു. വീണ്ടും വീണ്ടും കാണിക്കുന്നു എന്നു പറയുന്നതാകും ശരി. പെണ്‍കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസം വേണ്ട എന്ന നിലപാട് മാനവരാശിയുടെ വികാസത്തിനെതിരായ വെല്ലുവിളി തന്നെയാണ്. തീവ്രമതാധിപത്യം പിന്തുടരുന്ന ഭരണകൂടങ്ങള്‍ സ്വന്തം ജനതയുടെ മനുഷ്യാവകാശങ്ങളാണ് ആദ്യം അരിഞ്ഞുകളയുകയെന്ന വിശാല രാഷ്ട്രീയമുന്നറിയിപ്പും താലിബാന്റെ ഹീനമായ തീരുമാനത്തില്‍ കാണാതെ പോകരുത്. 

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചപ്പോള്‍ ലോകം ആശങ്കപ്പെട്ട കാര്യങ്ങള്‍ ഓരോന്നായി സംഭവിച്ചുകൊണ്ടിരിക്കുകയാണ്. സ്ത്രീകള്‍ പഠിക്കേണ്ടതേയില്ലെന്ന നിലപാട് ഉപേക്ഷിക്കും, ഉദാരസമീപനം സ്വീകരിക്കും  തുടങ്ങിയ പ്രഖ്യാപനങ്ങള്‍ പുതിയ ഭരണകൂടത്തിന്റെ കാപട്യം മാത്രമാണെന്ന് അന്നേ വിലയിരുത്തപ്പെട്ടതുമാണ്. ഒരുപാട് വൈകുന്നതിനു മുന്‍പേ ആറാം ക്ലാസിനു മുകളിലേക്ക് പെണ്‍കുട്ടികള്‍ പഠിക്കുന്നത് കര്‍ശനമായി വിലക്കി. അപ്പോഴും സര്‍വകലാശാലകളില്‍ പ്രവേശനം ലഭിച്ച പെണ്‍കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസം തുടരാം എന്നായിരുന്നു ധാരണ. ഇപ്പോഴിതാ അതും അവസാനിപ്പിച്ചിരിക്കുന്നു. ഇനി അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്ക് ആറാം ക്ലാസ് വരെ മാത്രമേ വിദ്യാഭ്യാസം നേടാന്‍ അനുമതിയുള്ളൂ. ഉത്തരവ് വന്ന പാടെ സര്‍വകലാശാലകള്‍ പെണ്‍കുട്ടികള്‍ക്കു മുന്നില്‍ വാതിലടച്ചു. എന്നിട്ടും പ്രത്യാശയോടെ കോളജുകളുടെ വാതില്‍ക്കല്‍ കണ്ണീരോടെ കേണു നിന്ന പെണ്‍കുട്ടികള്‍ ഈ നൂറ്റാണ്ടിന്റെ തന്നെ സങ്കടക്കാഴ്ചയാണ്. 

മതമൗലികവാദം എന്നും എവിടെയും എപ്പോഴും ആദ്യം ഉന്നം വയ്ക്കുന്നത് സ്ത്രീകളുടെ അവകാശങ്ങളാണ്. കരുത്തില്ലാത്ത  ഭരണകൂടങ്ങള്‍ക്ക്  ആത്മവിശ്വാസം കിട്ടുന്നത് വിധേയത്വത്തോടെ ദുര്‍ബലസമൂഹങ്ങളെ കാല്‍ച്ചുവട്ടില്‍ കാണുമ്പോഴാണ്. വിദ്യാഭ്യാസം സ്ത്രീകളെ കരുത്തരാക്കുമെന്നും സമൂഹത്തെയാകെ അത് ശക്തരാക്കുമെന്നും മതാധിപത്യഭരണകൂടങ്ങള്‍ ഭയക്കുന്നത് സത്യം മനസിലാക്കിത്തന്നെയാണ്.

ഇതിനു മുന്‍പ് 1996 മുതല്‍ 2001 വരെ താലിബാന്‍ ഭരണത്തിലായിരുന്നപ്പോഴും അഫ്ഗാന്‍ സമാനമായ പ്രാകൃത നടപടികള്‍ക്ക് സാക്ഷ്യം വഹിച്ചിരുന്നു. വിദ്യാഭ്യാസത്തിനും സ്ത്രീകള്‍ പുറത്ത് ജോലി ചെയ്യുന്നതിനും അന്നും നിരോധനമേര്‍പ്പെടുത്തി. പക്ഷേ പുതിയ ശതകത്തില്‍ കാല്‍ നൂറ്റാണ്ടു പിന്നിടാറാകുന്ന ഘട്ടത്തിലും താലിബാന്റെ രാഷ്ട്രീയ ആയുധം സ്ത്രീകള്‍ തന്നെയാണെന്നത് ഉള്‍ക്കിടിലമുണ്ടാക്കുന്ന തിരിച്ചറിവാണ്. അഫ്ഗാനില്‍ ഇപ്പോള്‍ സ്ത്രീകള്‍ക്ക് തനിച്ച് വിമാനയാത്ര നടത്താന്‍ അവകാശമില്ല. രാജ്യത്തിനകത്താണെങ്കിലും ദീര്‍ഘയാത്രകള്‍ക്ക് ബന്ധുവായ പുരുഷന്‍ ഒപ്പം വേണം. എന്നിട്ടും രാജ്യാന്തരസമൂഹത്തിനു മുന്നില്‍ താലിബാന്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നത് ആധുനികസമൂഹത്തിനൊപ്പം ചേരാന്‍ പര്യാപ്തമായ സമയം വേണമെന്നും മുന്‍നിലപാടുകള്‍ തിരുത്തുമെന്നുമാണ്. പക്ഷേ മുന്‍വിധികളും ആശങ്കകകളും അസ്ഥാനത്തല്ലെന്ന് തെളിയിക്കുന്ന നടപടികളാണ് തുടര്‍ന്നും ഉണ്ടായിരിക്കൊണ്ടിരിക്കുന്നത്. ഇതിനിടെ ഉയരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ താലിബാന്‍ ഭരണകൂടത്തിലെ ഉന്നതരുടെ പെണ്‍മക്കളെല്ലാം വിദേശത്ത് ഉന്നതപഠനം നടത്തുന്നുണ്ട്. വിദ്യാഭ്യാസത്തിന്റെ ആവശ്യമെന്തെന്നും ലക്ഷ്യമെന്തെന്നും താലിബാന്‍ നേതൃത്വത്തിന് നല്ല ബോധ്യമുണ്ടെന്നു വ്യക്തം. പക്ഷേ തങ്ങളുടെ അധികാരനിയന്ത്രണത്തിന് സ്ത്രീസമൂഹത്തെ ഇരകളാക്കുകയെന്ന പ്രാകൃത മതബോധം ഉപേക്ഷിക്കാന്‍ താലിബാന്‍ തയാറല്ല. തിരുത്തണമെന്ന് ഐക്യരാഷ്ട്രസഭയും മറ്റു രാജ്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും താലിബാന്‍ തിരുത്തുമെന്ന് തല്‍ക്കാലം ആരും പ്രതീക്ഷിക്കുന്നുമില്ല. 

താലിബാനിസം എന്നത് മനുഷ്യത്വരാഹിത്യത്തെയും സ്ത്രീവിരുദ്ധതയെയും സൂചിപ്പിക്കുന്ന വാക്കായി പരിണമിച്ചത് ഇത്തരം നടപടികളിലൂടെയാണ്. താലിബാന്‍  ആധുനികലോകത്തെ ഉള്‍ക്കൊള്ളില്ല. പക്ഷേ അഫ്ഗാനിലെ മനുഷ്യര്‍ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് ഈ ആധുനികലോകത്തും ഇരുട്ടില്‍ കഴിയേണ്ടി വരുന്നത് ലോകത്തെല്ലാ മനുഷ്യരുടെയും തലകുനിപ്പിക്കേണ്ട യാഥാര്‍ഥ്യമാണ്. കണ്ടില്ലെന്നു നടിച്ച് ഒഴിഞ്ഞു മാറാനാകാത്ത കണ്ണീരാണ് അഫ്ഗാനില്‍ ഇപ്പോള്‍ വീഴുന്നത്.   വരുംതലമുറകളുടെ കൂടി വിനാശത്തിന് അത് വഴിവയ്ക്കരുത്. 

MORE IN PARAYATHE VAYYA
SHOW MORE