കോവിഡിനേക്കാള്‍ പേടിക്കണോ ഈ രാഷ്ട്രീയ ലക്ഷ്യങ്ങളെ?

rahul-parayathevayya
SHARE

കോവി‍ഡ് വീണ്ടും വരുന്നുവെന്ന മുന്നറിയിപ്പിനേക്കാള്‍ മുന്‍പെത്തിയത് രാഷ്ട്രീയവിവാദം. കോവിഡ് ജാഗ്രതാനീക്കങ്ങള്‍ വച്ച് ഭാരത് ജോ‍ഡോ യാത്രയെ തകര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കമെന്ന രാഹുല്‍ഗാന്ധിയുടെ ആരോപണം വസ്തുതാപരമാണോ? കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രസ്താവനയില്‍ പറയുന്നതുപോലെ എതിരാളി ശക്തി പ്രാപിച്ചിരിക്കുന്നുവെന്ന ആശങ്ക കേന്ദ്രസര്‍ക്കാരിനുണ്ടോ? ആശങ്കപ്പെടേണ്ട സാഹചര്യമായിട്ടില്ലെന്ന് കേന്ദ്ര–സംസ്ഥാനസര്‍ക്കാരുകള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ഉടനേ വീണ്ടും കോവിഡിനെ പേടിക്കേണ്ട. പക്ഷേ പേടിക്കേണ്ട രാഷ്ട്രീയലക്ഷ്യങ്ങള്‍ കോവിഡിന്റെ പേരിലുണ്ടോ? 

നമ്മുടെ രാജ്യത്ത് ഇപ്പോള്‍ കോവിഡ് ആശങ്കയുണ്ടാക്കുന്ന സാഹചര്യമല്ല. പ്രതിദിനശരാരി കേസുകള്‍ 150നോട് അടുപ്പിച്ചു മാത്രമാണ്. മരണവും വിരലിലെണ്ണാവുന്ന കേസുകള്‍ മാത്രമെന്ന ആശ്വാസവും. പക്ഷേ ആഗോളതലത്തില്‍ അപായസൂചനകളുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. സുതാര്യമായ കണക്കുകള്‍ ഒരിക്കലും പുറത്തു വരാത്ത ചൈനയില്‍ സാഹചര്യം ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബറിലെ ആദ്യദിവസങ്ങളില്‍ മാത്രം ആഗോവളതലത്തില്‍ 1.1 കോടി രോഗബാധയുണ്ടായെന്നാണ് കണക്കുകള്‍. 15 രാജ്യങ്ങളിലാണ് രോഗവ്യാപനം കൂടുതല്‍.  വിദേശരാജ്യങ്ങളിലെ കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ കേന്ദ്രആരോഗ്യമന്ത്രാലയം ഇന്ത്യയിലും കോവിഡ് പ്രതിരോധം ശക്തമാക്കാന്‍ തീരുമാനിക്കുന്നു.  

പക്ഷേ രാജ്യത്തോട് കോവിഡ് വീണ്ടും വരുന്നുവെന്നു പറയുന്നതിനു മുന്‍പേ കേന്ദ്രആരോഗ്യമന്ത്രി രാഹുല്‍ഗാന്ധിയോടാണ്  അത് പറഞ്ഞത്. രാജ്യത്ത് പുതിയ കോവിഡ് മാനദണ്ഡങ്ങള്‍ പ്രഖ്യാപിക്കുന്നതിനു മുന്‍പേ രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ കോവിഡില്‍ നിന്ന് രക്ഷിക്കുന്നതിനെക്കുറിച്ചായിരുന്നു ബി.ജെ.പിയുടെ ഉല്‍ക്കണ്ഠ മുഴുവന്‍. അതെന്തൊരു നീതിയാണ്. രാഹുല്‍ഗാന്ധിയോട്  ബി.ജെ.പിക്ക് എന്നു മുതലാണ് ഇത്രയും സ്നേഹവും കരുതലും തുടങ്ങിയത്? 

കോവിഡ് പ്രതിരോധം ശക്തമാക്കുന്നുവെന്നറിയും മുന്‍പ് രാജ്യമറിഞ്ഞത് രാഹുല്‍ഗാന്ധിയോട് ഭാരത് ജോഡോ യാത്രയില്‍ നിയന്ത്രണങ്ങള്‍ പാലിക്കാനാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി കത്തയച്ചുവെന്നാണ്. മാസ്ക്, സാനിറ്റൈസര്‍, സാമൂഹിക അകലം എന്നിവ കൃത്യമായി പാലിക്കണമെന്നും അത് പറ്റില്ലെങ്കില്‍ ജോഡോ യാത്ര നിര്‍ത്തിവയ്ക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. സ്വാഭാവികമായും അതെന്താണ് അങ്ങനെയൊരു പ്രത്യേക പ്രോട്ടോക്കോള്‍ ജോഡോ യാത്രയ്ക്കു മാത്രമെന്ന് കോണ്‍ഗ്രസ് തിരിച്ചു ചോദിച്ചു.  

ഒരു കുടുംബത്തിനു മാത്രമായി ഒരു പ്രത്യേക പരിഗണനയില്ലെന്നും എല്ലാവരും രാജ്യതാല്‍പര്യം മുന്‍നിര്‍ത്തി നിയന്ത്രണങ്ങള്‍ പാലിക്കണമെന്നുമായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രിയുടെ മറുപടി.  

അതുതന്നെയാണ് കേന്ദ്രം ഉത്തരം പറയേണ്ട ചോദ്യവും. ഒരു കുടുംബത്തിന് മാത്രമായി എന്താണ് പ്രത്യേകത? എന്തിനാണ് പ്രത്യേക പരിഗണന? ഭാരത് ജോഡോ യാത്രയില്‍ പാലിക്കണമെന്നാവശ്യപ്പെട്ട ഒരു നിബന്ധനയും ഇതുവരെ രാജ്യത്ത് വീണ്ടും പൊതു നിബന്ധനയായി പ്രഖ്യാപിച്ചിട്ടില്ല. .  എല്ലാവര്‍ക്കും ബാധകമാകുന്ന ഒരു പ്രോട്ടോക്കാള്‍ കേന്ദ്ര–സംസ്ഥാനസര്‍ക്കാരുകള്‍ പ്രഖ്യാപിച്ചാല്‍ എല്ലാവര്‍ക്കും അത് ബാധകമാണ്. അത് പാലിക്കുകയും വേണം. എങ്ങനെയെങ്കിലും തടസപ്പെടുത്തണമെന്ന് കേന്ദ്രം ആഗ്രഹിക്കുന്നത്ര സ്വാധീനം രാഹുല്‍ഗാന്ധിയുടെ ജോഡോ യാത്ര ഉണ്ടാക്കിയിട്ടുണ്ടോ? 

രാഹുല്‍ഗാന്ധിക്കും അശോക് ഗെഹ്‍ലോട്ടിനും ജോഡോ യാത്രയില്‍ മാസ്കും സാമൂഹ്യാകലവും പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി കത്തയക്കുന്ന നേരത്ത് പ്രധാന മന്ത്രി നരേന്ദ്രമോദിയോ ആരോഗ്യമന്ത്രി സ്വയമോ പോലും മാസ്ക് ഉപയോഗിച്ചു തുടങ്ങയിരുന്നില്ല. ഏറ്റവുമാദ്യം ജോഡോ യാത്രയാണ് കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കേണ്ടതെന്ന് കേന്ദ്രം തീരുാമാനിച്ചതെന്തുകൊണ്ടാണ്. ഈ കത്തിനു ഒരു ദിവസം മുന്‍പാണ് പ്രധാനമന്ത്രി ത്രിപുരയിലെ അഗര്‍ത്തലയില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത വികസനപദ്ധതി ഉല്‍ഘാടനം നിര്‍വഹിച്ചത്.  

രാഹുല്‍ഗാന്ധിയോട് കോവിഡ് വ്യാപനം കണക്കിലെടുത്ത് യാത്ര നിര്‍ത്തിവയ്ക്കുന്നതുപോലും പരിഗണിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ആവശ്യപ്പെടുമ്പോള്‍ രാജസ്ഥാനില്‍ പ്രതിപക്ഷമായ ബി.ജെ.പിയുടെ നേതൃത്വത്തില്‍ ജന്‍ ആക്രോശ് റാലികള്‍ തകര്‍ക്കുകയായിരുന്നു. കര്‍ണാടകയിലും മറ്റു സംസ്ഥാനങ്ങളിലുമെല്ലാം വന്‍ജനപങ്കാളിത്തത്തില്‍ പാര്‍ട്ടി പരിപാടികള്‍ തുടര്‍ന്നു. ശബരിമലയടക്കം തീര്‍ഥാടനകേന്ദ്രങ്ങളില്‍ ലക്ഷണക്കണക്കിനാളുകള്‍ ഒത്തുകൂടി കോവിഡ് കാലത്തിനു ശേഷമുള്ള ആദ്യതീര്‍ഥാടന കാലം ആഘോഷിക്കുകയായിരുന്നു. ജാഗ്രത അനിവാര്യമായ അത്തരം കേന്ദ്രങ്ങളിലൊന്നും ഇടപെടാതെയാണ് കേന്ദ്രം ജോഡോ യാത്രയ്ക്കു നേരെ തിരിഞ്ഞത്.  അപ്പോഴും പെട്ടെന്ന് എന്തു സംഭവിച്ചുവെന്ന് മനസിലാകുന്നില്ലെന്ന് പൊതു ആരോഗ്യവിദഗ്ധരെല്ലാം അതിശയം കൂറുകയും ചെയ്തു.  

എന്തായാലും ജോഡോ യാത്രയെ ലക്ഷ്യമിട്ട കോവിഡ് പ്രതിരോധം വിവാദമായതോടെ ഒറ്റ ദിവസം കൊണ്ട് കേന്ദ്രസര്‍ക്കാര്‍ സ്വയം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു മാതൃക കാണിക്കാന്‍ തീരുമാനിച്ചു. ആയിരത്തിലധികം പേര്‍ അടച്ചിട്ട മുറിയില്‍ ഒത്തുചേരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ആദ്യമായി സ്പീക്കര്‍മാര്‍ മാസ്ക് ധരിച്ചെത്തി. പ്രധാനമന്ത്രിയും തുടര്‍ന്ന് മാസ്ക് വച്ചെത്തി. ബി.ജെ.പി. രാജസ്ഥാനിലെ പാര്‍ട്ടി റാലികള്‍ നിര്‍ത്തി. പ്രധാനമന്ത്രി മാസ്ക് വച്ചാലുടന്‍ രാജ്യത്തെ ജനങ്ങളെല്ലാം മാസ്ക് വയ്ക്കാന്‍ ഇത് രാജഭരണകാലമല്ല. എല്ലാവരും മാസ്ക് ധരിക്കണമെന്ന് സര്‍ക്കാരുകള്‍ തീരുമാനിക്കണം, അത് ശാസ്ത്രലോകത്തിന്റെ നിര്‍ദേശങ്ങളുനസരിച്ചാകണം. അത് തീരുമാനമായി ജനങ്ങളെ അറിയിക്കുകയും വേണം. അതില്‍ രാഷ്ട്രീയം കലരുന്നുവെന്ന് സംശയം പോലും ഉയരുന്നത് കോവിഡ് പ്രതിരോധത്തിന്റെ വിശ്വാസ്യതയെത്തന്നെയാണ് ബാധിക്കുക.  

ജോഡോ യാത്രയ്ക്ക് കത്തയച്ചത് വിവാദമായ ശേഷമാണ് പ്രധാനമന്ത്രിയും സ്പീക്കര്‍മാരും സഭയില്‍ മാസ്ക് ധരിച്ചെത്തിയത്. ഒറ്റദിവസം കൊണ്ട് ബി.ജെ.പി.രാജസ്ഥാനിലെ റാലികള്‍ നിര്‍ത്തുകയും ചെയ്തു. ഞങ്ങള്‍ എല്ലാം പ്രതിരോധം തുടങ്ങി, ഇനി നിങ്ങളും പ്രതിരോധിച്ചു കാണിക്കൂ എന്നായി ബി.ജെ.പി. ലൈന്‍. ജോഡോ യാത്രയെ ബി.ജെ.പി ഭയക്കുന്നുവെന്നും കോവിഡിന്റെ പേരില്‍ തടസപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും രാഹുല്‍ഗാന്ധി തന്നെ ആരോപിച്ചു.  

കോവിഡ് പ്രതിരോധപ്രോട്ടോക്കോള്‍ പാലിക്കാന്‍ രാഹുല്‍ഗാന്ധിയും ബാധ്യസ്ഥനാണ്.  പക്ഷേ ഇതുവരെയും രാജ്യത്ത് പൊതുസ്ഥലങ്ങളില്‍ മാസ്ക് വീണ്ടു നിര്‍ബന്ധമാക്കിയിട്ടില്ല. പൊതുപരിപാടികള്‍ക്കു വിലക്കില്ല.  അങ്ങനെയൊരു പ്രോട്ടോക്കോള്‍ വീണ്ടും നിലവില്‍ വന്നാല്‍ അതൊന്നും രാഹുല്‍ഗാന്ധിയോട് പ്രത്യേകമായി അനുസരിക്കാന്‍ ആവശ്യപ്പെടേണ്ടതുമില്ല.  

എന്തായാലും കോവിഡ് പ്രതിരോധനടപടികള്‍ തീര്‍ത്തും അവഗണിക്കുമെന്നൊരു നിലപാട് രാഹുല്‍ഗാന്ധിയും മറ്റു യാത്രികരും അനുവര്‍ത്തിക്കുന്നതും അംഗീകരിക്കാനാകില്ല. യാത്ര നിര്‍ത്തിവയ്ക്കണമെന്ന നിര്‍ദേശത്തില്‍ രാഷ്ട്രീയം ആരോപിക്കാം. പക്ഷേ കരുതലുകള്‍ വേണമെന്ന സാഹചര്യം രാഷ്ട്രീയാരോപണത്തില്‍ അവഗണിക്കാവുന്നതല്ല. 

രാജ്യത്തെല്ലാവര്‍ക്കും കോവിഡ് പ്രതിരോധ പ്രോട്ടോക്കോള്‍ ബാധകമാകുകയും വേണം. നേരത്തെ കോവിഡ് സാഹചര്യം ഗുരുതരമായിരുന്നപ്പോള്‍ പോലും 2021ലെ സംസ്ഥാനതിര‍ഞ്ഞെടുപ്പ് കാലത്ത് കോവിഡ് നിബന്ധനകള്‍ കര്‍ശനമാക്കാന്‍ മനഃപൂര്‍വം വൈകിച്ചുവെന്ന ആരോപണം ശക്തമായി ഉയര്‍ന്നിരുന്നു. അത് തീവ്രതരംഗത്തിനു കാരണമായതും സമീപകാലചരിത്രം.ഏറ്റവുമൊടുവില്‍ തീവ്രകോവിഡ് വ്യാപനമുള്ള  വിദേശരാജ്യങ്ങളില്‍ നിന്നെത്തുവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാക്കുമെന്നാണ് കേന്ദ്രതീരുമാനം.  നിലവില്‍  വിദേശരാജ്യങ്ങളിലാണ് കോവിഡ് പ്രതിസന്ധി തീവ്രമെന്ന് റിപ്പോര്‍ട്ടുകള്‍ ഉള്ളതിനാല്‍ ആ തീരുമാനം യുക്തിസഹമാണ്. തുടര്‍ന്നും 

സൂക്ഷ്മമായി സാഹചര്യം വിലയിരുത്തി ആരോഗ്യമന്ത്രാലയം കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ പിന്തുടരാന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്.  

രാഷ്ട്രീയനേതൃത്വത്തിന്റെ സൗകര്യമോ താല്‍പര്യമോ കണക്കിലെടുത്താകരുത് കോവിഡ് പ്രതിരോധം. പ്രതിരോധത്തില്‍ രാഷ്ട്രീയം കലര്‍ന്നാല്‍ കോവിഡ് പ്രതിരോധനടപടികളുടെ വിശ്വാസ്യതയെ അത് ഗുരുതരമായി ബാധിക്കും. കോവിഡ് പ്രതിരോധത്തില്‍ ഏറ്റവും പ്രധാനഘടകം പരസ്പരവിശ്വാസമാണ്. എല്ലാവരും വ്യക്തിപരമായും സാമൂഹ്യമായും പ്രതിരോധനടപടികള്‍ പിന്തുടരും എന്ന പരസ്പരവിശ്വാസം. ജനങ്ങള്‍ സര്‍ക്കാര്‍ നടപടികളില്‍ പൂര്‍ണവിശ്വാസത്തോടെ സഹകരിക്കുമ്പോള്‍ മാത്രമാണ് പ്രതിരോധം ഫലപ്രദമാകുക. കോവിഡ് പ്രതിരോധം തീര്‍ത്തും സുതാര്യമായിരിക്കുമെന്ന് ഉറപ്പു വരുത്തേണ്ട ബാധ്യത കേന്ദ്രസര്‍ക്കാരിനു തന്നെയാണ്.  

MORE IN PARAYATHE VAYYA
SHOW MORE