നമ്മളിൽ ചിലരെ രാജ്യദ്രാഹികളാക്കിയോ വികസനം?; ഈ മനുഷ്യരോട് ഇത് വേണോ?

PARAYATHE-VAYYA
SHARE

വിഴിഞ്ഞം പദ്ധതിയുടെ പേരില്‍ ഇപ്പോള്‍ നടക്കുന്നത് ഒരു ജനാധിപത്യസമൂഹത്തിലും നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ്.  ഒരു വന്‍ വികസനപദ്ധതിയുടെ പേരില്‍ ജീവിതം പ്രതിസന്ധിയിലാകുന്ന മനുഷ്യരെ വേട്ടയാടിയല്ല കേരളം ഈ പദ്ധതി പൂര്‍ത്തീകരിക്കേണ്ടത്. മലയാളികളില്‍ ഒരു സമൂഹത്തെ രാജ്യദ്രോഹികളെന്നും തീവ്രവാദികളെന്നും പേരിട്ടു വിളിച്ച് ഒറ്റപ്പെടുത്തിയുമല്ല വിഴിഞ്ഞം യാഥാര്‍ഥ്യമാകേണ്ടത്. വിഴിഞ്ഞത്തേക്ക് എളുപ്പവഴിയൊരുക്കാന്‍ പ്രയോഗിക്കുന്ന ഹീനമാര്‍ഗങ്ങള്‍ സര്‍ക്കാര്‍ അവസാനിപ്പിക്കണം. വിഴിഞ്ഞം സമരം ജനാധിപത്യപരമായി പരിഹരിക്കണം. 

ഇത്രയും കേട്ടാല്‍ എന്താണു തോന്നുക? വളരേ നല്ല രീതിയില്‍ പുരോഗമിക്കുന്ന ഒരു പദ്ധതിയെ അട്ടിമറിക്കാന്‍  ഒരു കൂട്ടം മല്‍സ്യത്തൊഴിലാളികള്‍ ഒരു സുപ്രഭാതത്തില്‍ അങ്ങ് തീരുമാനിക്കുന്നു. അതിന് വര്‍ഗീയധ്രുവീകരണമുണ്ടാക്കി  നേതൃത്വം നല്‍കാന്‍ ലത്തീന്‍ സഭ ഇടപെടുന്നു. വൈദികരും മല്‍സ്യത്തൊഴിലാളികളും കൂടി ഒരു ഞായറാഴ്ച ഉച്ച നേരത്ത് വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുന്നു. പൊലീസുകാര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുന്നു. അക്രമികളായ തൊഴിലാളികള്‍ വിജയാഹ്ലാദം മുഴക്കി പിരിഞ്ഞു പോകുന്നു. ശേഷം ഒരു വൈദികന്‍ ഒരു മന്ത്രി പേരു കൊണ്ടു തന്നെ തീവ്രവാദിയല്ലേ എന്ന് വംശീയാധിക്ഷേപം നടത്തുന്നു. പിന്നെയും അട്ടിമറി ഗൂഢാലോചന തുടരുന്നു.  എന്നല്ലേ നമ്മുടെ മുഖ്യമന്ത്രിയും മന്ത്രിമാരും സി.പി.എം നേതാക്കളും പറയുന്നതു കേട്ടാല്‍ തോന്നുക? സത്യം അതാണോ? സംഭവിച്ചത് അതാണോ?

എങ്ങനെ ന്യായീകരിച്ചാലും അംഗീകരിക്കാനാകാത്ത പ്രവൃത്തിയാണ് വിഴിഞ്ഞം പൊലീസ് സ്റ്റേഷനില്‍ സമരക്കാരുടെ ഭാഗത്തു നിന്നുണ്ടായത്. മുപ്പത്തഞ്ചോളം പൊലീസുകാര്‍ക്ക്  പരുക്കേറ്റു. സ്റ്റേഷനും വാഹനങ്ങളും തകര്‍ത്തു. സ്റ്റേഷനില്‍ മണിക്കൂറുകളോളം കലാപസമാനമായ അന്തരീക്ഷമുണ്ടായി. പൊലീസ് പരമാവധി സംയമനം പാലിച്ചു. എന്നിട്ടും കല്ലേറിലും ആക്രമണത്തിലും ഒട്ടേറെ പൊലീസുകാര്‍ക്കും സമരക്കാര്‍ക്കും പരുക്കേറ്റു. 

ഇങ്ങനെ വികസനം തടസപ്പെടുത്തുന്നവര്‍ രാജ്യദ്രോഹികളാണെന്ന് ഫിഷറീസ് മന്ത്രി പ്രഖ്യാപിച്ചു.  മന്ത്രിയുെട രാജ്യദ്രോഹികളാക്കണമെന്ന പ്രഖ്യാപനത്തോട് സമരസമിതി കണ്‍വീനര്‍ ഫാ.തിയഡോഷ്യസിന്റെ പ്രതികരണം എല്ലാ പരിധികളും ലംഘിച്ചു. അങ്ങനെയെങ്കില്‍ മന്ത്രിയുടെ പേരില്‍ തന്നെ തീവ്രവാദിയുണ്ടല്ലോ എന്ന ഹീനമായൊരു വംശീയ പരാമര്‍ശം വൈദികന്‍ നടത്തി. ശക്തമായ വിമര്‍ശനം നേരിട്ടപ്പോള്‍ പിന്‍വലിച്ച് മാപ്പ് പറഞ്ഞെങ്കിലും. 

സമരം ആക്രമണമായതിനും വൈദികന്റെ തീവ്രവാദപരാര്‍ശത്തിനും ഒരു ന്യായവുമില്ല. പക്ഷേ  അതിലേക്കെത്തിച്ച സാഹചര്യം  സൂക്ഷ്മമായി സൃഷ്ടിച്ച പ്രകോപനങ്ങളെക്കുറിച്ചാരും മിണ്ടുന്നില്ല. 130 ദിവസം സമാധാനപരമായി നടന്ന സമരമാണ്, സമരത്തെ എതിര്‍ത്തു സമരം ചെയ്യാന്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ സി.പി.എം സര്‍ക്കാരിന്റെ ഒത്താശയോടെ എത്തിയവരുടെ ഇടപെടലിനെത്തുടര്‍ന്ന്  സംഘര്‍ഷത്തിലെത്തിയത്. ആ സംഘര്‍ഷത്തിന്റെ യഥാര്‍ഥ കാരണങ്ങള്‍ അന്വേഷിക്കാന്‍ മിനക്കെടാതെ, അത് അവസാനിപ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാതെ മല്‍സ്യത്തൊഴിലാളികള്‍ക്കെതിരെ മാത്രം നടപടി സ്വീകരിച്ച് അവരെ അറസ്റ്റ് ചെയ്ത പൊലീസിന്റെ നടപടി കൂടുതല്‍ പ്രകോപനമുണ്ടാക്കി, സംഘര്‍ഷം ആക്രമണമായി. 

വിഴിഞ്ഞം സമരം കലാപമാകേണ്ടത് ആരുടെ ആവശ്യമാണ്?  സമരം ആക്രമണവും സംഘര്‍ഷവുമായതിന്റെ ഗുണഭോക്താക്കളാരാണ്? 

ആ ചോദ്യത്തിന്റെ ഉത്തരം വളരെ പ്രസക്തമാണ്. ഇപ്പോള്‍ സര്‍ക്കാര്‍ പ്രചരിപ്പിക്കുന്ന വ്യാഖ്യാനമനുസരിച്ച് തുടക്കത്തില്‍ പദ്ധതിയെ അനുകൂലിച്ചിരുന്ന ലത്തീന്‍ സഭയുടെ നേതൃത്വത്തിലുള്ള സമരക്കാര്‍ പെട്ടെന്നൊരു ദിവസം ബാഹ്യശക്തികളുടെ പണം വാങ്ങി വിഴിഞ്ഞം പദ്ധതി തകര്‍ക്കാന്‍ സമരം ചെയ്യുകയാണ്.  പറഞ്ഞ് പറഞ്ഞ് വിഴിഞ്ഞത്ത് രാജ്യദ്രോഹികളായി, തീവ്രവാദികളായി, ഇപ്പോള്‍ വന്ന് വന്ന് സര്‍ക്കാരിനെ അട്ടിമറിക്കാനുളള ശ്രമം വരെയായി. സര്‍ക്കാരിനെതിരെ സമരം ചെയ്താല്‍ രാജ്യദ്രോഹം,  തീവ്രവാദം, രാജ്യാന്തര ഫണ്ടിങ്,  സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന.... ഈ ഡയലോഗൊക്കെ നമ്മള്‍ എവിടെയോ കേട്ടിട്ടുണ്ടല്ലോ എന്നല്ലേ.  ഓര്‍മയില്‍ ചികയാനൊന്നും പോകണ്ട കാര്യമില്ല. ഡല്‍ഹിയിലേക്ക് ഒന്ന് കാതോര്‍ത്താല്‍ മതി.  അധികാരത്തിന്റെ മാതൃകകള്‍ മോദിഭരണത്തിലായാലും പിണറായി ഭരണത്തിലായാലും അടിച്ചമര്‍ത്തല്‍ തന്നെയാണ്. അടിച്ചമര്‍ത്താന്‍ എളുപ്പമല്ലെങ്കില്‍ തീവ്രവാദബന്ധം വരും. പേടിച്ചോടണം. 

തുറമുഖമന്ത്രിക്ക് ബാഹ്യഇടപെടലിലും തീവ്രവാദബന്ധത്തിലും സംശയം. ഫിഷറീസ് മന്ത്രിക്ക് തീവ്രവാദസംശയമില്ല പ്രദേശത്തുകാരനായ ഗതാഗതമന്ത്രിക്ക് ബാഹ്യഇടപെടല്‍ വെള്ളിയാഴ്ചയില്ല, ശനിയാഴ്ചയായപ്പോഴേക്കും വേണമെങ്കില്‍ ലേശമാകാം.  സി.പി.എം കോഴിക്കോട് ജില്ലാസെക്രട്ടറിക്ക് ഇത്തരം ആശയക്കുഴപ്പങ്ങളൊന്നുമില്ലാത്ത ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നേരത്തെ തന്നെ കിട്ടിക്കഴിഞ്ഞു. 

മുഖ്യമന്ത്രിക്ക് ഒട്ടേറെ തിരക്കുകളുള്ളതു കൊണ്ട് വിഴിഞ്ഞത്ത് കാര്യമായി ഇടപെടാന്‍ സമയം കിട്ടിയിരുന്നില്ല. പക്ഷേ കിട്ടിയ നേരത്ത് അദ്ദേഹം ഗൂഢാലോചന സ്ഥിരീകരിച്ചിട്ടുണ്ട്.  നമ്മുടെ അറിവില്‍ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനാണ്. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി ഇപ്പോഴും സി.പി.എമ്മാണ്. പിന്നെയും പിന്നെയും ഗൂഢാലോചന സംശയിക്കുകയും അന്വേഷണം ആവശ്യപ്പെടുകയുമൊക്കെ ചെയ്യുന്നത് ആരോടാണ്? വിഴിഞ്ഞത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നു. മന്ത്രിമാര്‍ ആവര്‍ത്തിക്കുന്നു. തീവ്രവാദബന്ധം പരിശോധിക്കണമെന്ന് മന്ത്രിമാര്‍ ആവശ്യപ്പെടുന്നു.രാജ്യാന്തരഗൂഢാലോചനക്കാരെ പാര്‍ട്ടി മുഖപത്രം ചിത്രം സഹിതം പ്രസിദ്ധീകരിക്കുന്നു. പക്ഷേ തെളിവു മാത്രം ആരും പറയുന്നില്ല, പ്രസിദ്ധീകരിക്കുന്നുമില്ല. വിഴിഞ്ഞം സമരത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സര്‍ക്കാരിന് ബോധ്യപ്പെട്ടെങ്കില്‍ തെളിവു സഹിതം അത് കേരളത്തിനു മുന്നില്‍ കൊണ്ടു വരാന്‍ മടിക്കുന്നതെന്തിനാണ്? 

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രഖ്യാപനങ്ങള്‍ കൂടാതെ പാര്‍ട്ടി മുഖപത്രം 9 വ്യക്തികളുടെ ചിത്രം സഹിതം ഗൂഢാലോചനക്കാരെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതിലൊരാള്‍ മന്ത്രി ആന്റണി രാജുവിന്റെ സഹോദരനാണ്. അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകനാണ്. വിഴിഞ്ഞം പദ്ധതിയെ സി.പി.എം എതിര്‍ത്തിരുന്ന കാലത്ത് ഇതേ പാര്‍ട്ടി മുഖപത്രം തന്നെ അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. 

സര്‍ക്കാരിനെ അട്ടിമറിക്കാനും വിഴിഞ്ഞം പദ്ധതി തകര്‍ക്കാനും ഗൂഢാലോചന നടത്തുന്ന ഒരു വ്യക്തിയുടെ സഹോദരന് മന്ത്രിയായി തുടരാനാകുമോ എന്ന് ആര്‍ക്കും ന്യായമായി ചോദിക്കാം ഗൂഢാലോചനക്കാരെന്ന് സി.പി.എം ചൂണ്ടിക്കാട്ടുന്നവരില്‍ ഇടതുപക്ഷസഹയാത്രികരുണ്ട്. ഇടതുപക്ഷം ആവേശത്തോടെ ഏറ്റെടുത്ത കര്‍ഷകസമരത്തിന്റെ മുന്നണിപ്പോരാളികളുണ്ട്. ഒരു തെളിവും അടിസ്ഥാനവും മുന്നോട്ടു വയ്ക്കാതെ വ്യക്തികളെ ആള്‍ക്കൂട്ട വിചാരണയ്ക്കിട്ടുകൊടുക്കുകയാണ് സി.പി.എമ്മും സര്‍ക്കാര്‍ അനുകൂലികളും. 

വിഴിഞ്ഞത്ത്  രാജ്യാന്തരഗൂഢാലോചനയും തീവ്രവാദബന്ധവുമുണ്ടെന്ന് സര്‍ക്കാരിന് വിവരമുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് അതു പുറത്തുവിടണം. അതല്ല, സമരക്കാരെല്ലാം തീവ്രവാദികളായിരിക്കും എന്ന പതിവു സിദ്ധാന്തമാണെങ്കില്‍ അത് മടക്കി കൈയില്‍ വച്ചേക്കണം. 

എല്ലായിടത്തും കേന്ദ്ര ഇടപെടലിനെതിരെ സമരം ചെയ്യുന്ന സി.പി.എമ്മിന് വിഴിഞ്ഞത്ത് കേന്ദ്രസേന വരണമെന്നാണ് ആഗ്രഹം.  അടിച്ചൊതുക്കാനുള്ള രാഷ്ട്രീയപരിമിതി കേന്ദ്രത്തിന് ബാധകമാകേണ്ടല്ലോ. പേടിപ്പിച്ചും ഒറ്റപ്പെടുത്തിയും ധ്രുവീകരിച്ചും സമരം ചെയ്യുന്ന മനുഷ്യരെ അടിച്ചൊതുക്കാന്‍ ശ്രമിക്കുന്നത് അധികാരത്തിന്റെ ബലത്തില്‍ സാധിച്ചേക്കാം. പക്ഷേ അത് നീതിയല്ല. തൊഴിലാളി വര്‍ഗപാര്‍ട്ടി അധികാരത്തിലിരിക്കുന്ന ഒരു നാട്ടില്‍ അടിസ്ഥാനതൊഴിലാളിവിഭാഗത്തിന്റെ സമരത്തെ തീവ്രവാദമായും രാജ്യാന്തരഗൂഢാലോചയായും ഒരു തെളിവുമില്ലാതെ ചിത്രീകരിക്കുന്നവര്‍ സ്വന്തം രാഷ്ട്രീയചരിത്രത്തെയാണ് ഒറ്റുകൊടുക്കുന്നത്. ഇത്തരം ഹീനമാര്‍ഗങ്ങളിലൂടെയല്ലാതെയും വിഴിഞ്ഞം പദ്ധതിക്കു മുന്നോട്ടു പോകാനാകും. 

ഒക്കച്ചങ്ങായിമാര്‍ എന്ന മുഖ്യമന്ത്രിയുടെ പ്രയോഗം വിഴിഞ്ഞത്ത് ആര്‍ക്കാണ് ചേരുകയെന്ന് നേരത്തെ തന്നെ കേരളം കണ്ടു ബോധ്യപ്പെട്ടതാണ്. പരസ്യമായി ചില സൗഹൃദസമരപ്രയോഗങ്ങളുണ്ടെങ്കിലും വിഴിഞ്ഞത്ത് പരസ്യമായ വര്‍ഗീയധ്രുവീകരണത്തിനു പോലും കളമൊരുങ്ങിയത് ആരുടെ മൗനാനുവാദത്തിലാണെന്നും നമ്മള്‍ കാണുന്നു. ഇപ്പോള്‍ കേന്ദ്രസേന വേണമെന്ന് സര്‍ക്കാര്‍കോടതിയിലും കോടതി തീരുമാനിക്കട്ടെയെന്ന് മന്ത്രിമാര്‍ പുറത്തും പറഞ്ഞൊഴിയുന്നു.

കേരളത്തിലാണ് സമരം, കേരളത്തിലെ ഒരു ജനവിഭാഗമാണ് സമരം െചയ്യുന്നത്. അവരുന്നയിച്ച ഏഴ് ആവശ്യങ്ങളില്‍ ആറും അംഗീകരിച്ചുവെന്ന് ആവര്‍ത്തിച്ചു വീമ്പു പറയുന്ന മന്ത്രിമാര്‍ക്കു പോലും അതിലെത്രമാത്രം നടപ്പായെന്ന് പറയാനാവില്ല. പുനരധിവാസം എന്ന അടിസ്ഥാനആവശ്യം പോലും പൂര്‍ണമാകാന്‍ ഇനിയുമെത്ര നാള്‍  വേണ്ടിവരുമെന്നു പോലും മന്ത്രിമാര്‍ക്ക് കൃത്യമായി പറയാനാവില്ല. വിഴിഞ്ഞം തുറമുഖം എന്ന വമ്പന്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ വേണ്ട സമയത്തില്‍ നിഷ്കര്‍ഷയുണ്ട്. പദ്ധതിയുടെ പേരില്‍ ജീവിതം നഷ്ടപ്പെടുന്ന മനുഷ്യരെ പുനരധിവസിപ്പിക്കാന്‍ സമയബന്ധിതമായ തിടുക്കമില്ല. വികസനം എന്നാല്‍ മനുഷ്യരുടേതു കൂടിയാകണം, ഭരണകൂടങ്ങളുടേതു മാത്രമാകരുത്. 

വിഴിഞ്ഞം പദ്ധതി നിര്‍ത്തിവച്ച് തീരശോഷണത്തെക്കുറിച്ച് പഠിക്കണം എന്ന ആവശ്യമൊഴിച്ച് സമരക്കാര്‍ ഉന്നയിച്ച ഏഴില്‍ ആറെണ്ണവും അംഗീകരിച്ചു  എന്നാണ് മുഖ്യമന്ത്രി പോലും അവകാശപ്പെടുന്നത്.

സര്‍ക്കാര്‍ അവകാശപ്പെടുന്നത് സമരാവശ്യങ്ങള്‍ അംഗീകരിച്ചുവെന്നാണ്, നടപ്പാക്കിയെന്നല്ല. നടപ്പാക്കിക്കിട്ടാന്‍ , നടപ്പാകുമെന്നുറപ്പ് പ്രവൃത്തിയില്‍ കിട്ടാന്‍ ഈ മല്‍സ്യത്തൊഴിലാളികള്‍ക്ക് അവകാശമില്ലേ? ഏഴില്‍ ശേഷിക്കുന്ന ആറും അതിജീവനത്തിനായുള്ള പുനരധിവാസപദ്ധതികളാണ്. വിഴിഞ്ഞം മേഖലയില്‍ തീരശോഷണമേയില്ലെന്ന് ആദ്യം നിഷേധിച്ച സര്‍ക്കാര്‍ ഇപ്പോള്‍ തീരശോഷണമുണ്ടെന്നും കാരണം പക്ഷേ വിഴിഞ്ഞം പദ്ധതിയല്ലെന്നും പറയുന്നു. അങ്ങനെ തീരശോഷണവും കടലാക്രമണവും കാരണം ഇപ്പോള്‍ നൂറുകണക്കിനു മല്‍സ്യത്തൊഴിലാളികള്‍ വലിയതുറയിലെ സിമന്റ് ഗോഡൗണില്‍ അടിസ്ഥാനസൗകര്യങ്ങള്‍ പോലുമില്ലാതെ നരകിക്കുകയാണെന്നും യാഥാര്‍ഥ്യം മാത്രം. 

വിഴിഞ്ഞത്തിന്റെ വേഗം ഇരകളാകുന്ന മല്‍സ്യത്തൊഴിലാളികള്‍ക്കുള്ള പരിഹാരത്തില്‍ പ്രതീക്ഷിക്കരുതെന്നാണോ? വിഴിഞ്ഞം നിര്‍ത്തിവയ്ക്കണമെന്ന ഗൂഢലക്ഷ്യം ഈ മല്‍സ്യത്തൊഴിലാളികള്‍ക്കുണ്ടെന്ന് സത്യമായും സര്‍ക്കാര്‍ വിശ്വസിച്ചാണോ പ്രചരിപ്പിക്കുന്നത്. 

വിഴിഞ്ഞം പരിഹരിക്കേണ്ടത് കേന്ദ്രസേനയല്ല, ഇടതുമുന്നണി സര്‍ക്കാരാണ്. ഭരണാധികാരിയുടെ മികവ് ചരിത്രം രേഖപ്പെടുത്തുന്നത് വികസനപദ്ധതികളിലെ ശിലാഫലകത്തില്‍ മാത്രമല്ല. ഒരു പദ്ധതി എങ്ങനെ , എത്രമാത്രം ജനാധിപത്യപരമായി നടപ്പാക്കി എന്നതാണ് ഭരണമികവ്. അധികാരത്തിലിരിക്കുമ്പോള്‍ പൊലീസിനെയും പട്ടാളത്തെയും ഉപയോഗിച്ച് എല്ലാ നിയന്ത്രണവും കൈയിലിരിക്കുമ്പോള്‍ ഒരു പദ്ധതി നടപ്പാക്കാന്‍ ആര്‍ക്കും സാധിക്കും. പക്ഷേ വികസനത്തിന്റെ ഇരകളാകുന്നവരേക്കൂടി പരിഗണിച്ച്, അവര്‍ക്ക് സമാശ്വാസം ഉറപ്പാക്കി പദ്ധതി നടത്തുക എന്നതിന് മികച്ച വീക്ഷണവും ജനാധിപത്യബോധവും ഹൃദയവിശാലതയും കൂടി ഭരണാധികാരിക്കുണ്ടാകണം. ഏതു ഗണത്തില്‍ പെടുന്നുവെന്നാണ് വിഴിഞ്ഞം പ്രശ്നത്തില്‍ പിണറായി വിജയന്‍ തെളിയിക്കാന്‍ പോകുന്നത്. ബലപ്രയോഗം, തീവ്രവാദഭീഷണി, രാജ്യാന്തരഗൂഢാലോചന തുടങ്ങിയ നമ്പറുകളിലൂടെയും വിഴിഞ്ഞം നടപ്പാക്കാനായേക്കാം. പക്ഷേ അത് കേരളത്തിന്റെ പദ്ധതിയാകില്ല, ഭരണകൂടത്തിന്റെ പദ്ധതിയാകും. അതു മാത്രമായിപ്പോകും. 

MORE IN PARAYATHE VAYYA
SHOW MORE