ജനങ്ങള്‍ ആര്‍ക്കും മുഖ്യമന്ത്രിക്കുപ്പായം എടുത്തുവച്ചിട്ടില്ല; കോണ്‍ഗ്രസ് ഓര്‍ക്കണം

Tharoor
SHARE

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കും? ജയിക്കുമെന്നുറപ്പിച്ച് തൊട്ടടുത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന നേരത്തെ പാര്‍ട്ടിയിലല്ല ഈ തര്‍ക്കം. കേരളീയര്‍ ഈ ചോദ്യത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയിട്ടുണ്ടാകില്ല. പക്ഷേ മുഖ്യമന്ത്രിക്കുപ്പായം തയ്ച്ചവരുടെ മനസില്‍ ആ സ്വപ്നം മാത്രമേയുള്ളൂ. ആത്മാനുരാഗമാകാം. പക്ഷേ പരിഹാസ്യമാകരുത്. പാര്‍ട്ടിയെ ശക്തിപ്പെടുത്താനും പ്രതിപക്ഷത്തെ കെട്ടുറപ്പോടെ നയിക്കാനും ശ്രദ്ധ കേന്ദ്രീകരിക്കേണ്ട നേരത്ത് മുഖ്യമന്ത്രിസ്ഥാനം മനസിലിട്ടു തമ്മില്‍ തല്ലുന്നവരുടെ മനസില്‍ കോണ്‍ഗ്രസോ കേരളമോ ഒന്നുമല്ലെന്ന് സ്വയം വെളിപ്പെടുത്തുകയാണ്. അധികാരം മാത്രമാണ് ലക്ഷ്യവും പ്രശ്നവുമെന്ന് ധ്വനിപ്പിക്കുന്ന നേതാക്കള്‍ കൂടിയാണ് കോണ്‍ഗ്രസിനെ ഇന്നത്തെ അവസ്ഥയിലെത്തിച്ചത്.  

കേരളത്തില്‍ പതിവുകള്‍ തെറ്റിച്ച് ഇടതുമുന്നണി തുടര്‍ഭരണം നേടിയപ്പോള്‍ കോണ്‍ഗ്രസിലുണ്ടായ കുലുക്കം ആ പാര്‍ട്ടിയെയും സംവിധാനത്തെയും അടിമുടി നവീകരിക്കുമെന്നു പ്രതീക്ഷിച്ചവരാണ് അനുഭാവികളിലേറെയും. പതിവുരീതികളെല്ലാം വിട്ട് കെ.പി.സി.സിയിലും പ്രതിപക്ഷനേതൃസ്ഥാനത്തും പുതിയ നേതാക്കളെത്തിയതോടെ മാറ്റത്തിന് തുടക്കമായി എന്നുറപ്പിക്കുകയും ചെയ്തു പാര്‍ട്ടിയും. തുടര്‍ന്നൊരു ചലനവുമുണ്ടായില്ലെന്നു പറയാനും കഴിയില്ല. തുടര്‍ച്ചയായ തിരിച്ചടികള്‍ക്കൊടുവില്‍ തൃക്കാക്കരയില്‍ ജയിച്ചു. പാര്‍ട്ടി–മുന്നണി സംവിധാനത്തിനാകെ ഉണര്‍വേകി.തദ്ദേശതിരഞ്ഞെടുപ്പുകളില്‍ തിരിച്ചുവരവിന്റെ സൂചന ദൃശ്യമായി. പ്രതിപക്ഷസമരമുഖം ഊര്‍ജിതമായി. 

ഇടയ്ക്ക് ചെറിയ പൊട്ടലും ചീറ്റലും പ്രകടമായെങ്കിലും വൈകാതെ തിരുത്തി കോണ്‍ഗ്രസും മുന്നണിയും മുന്നോട്ടു പോകുന്നു. ഇടതുമുന്നണിയുടെ വര്‍ധിതവീര്യത്തെ മറികടക്കാന്‍ മാത്രം ക്രിയാത്മകമായ പ്രതിപക്ഷശക്തി ആര്‍ജിച്ചോ എന്ന ചോദ്യം ഇപ്പോഴും പ്രസക്തമാണെങ്കിലും ബദല്‍ സാധ്യതകള്‍ ശുഷ്കമായതിനാല്‍ ഇപ്പോഴുള്ളതുപോലെയൊക്കെ അങ്ങു മുന്നോട്ടു പോകുകയാണ് കോണ്‍ഗ്രസ്.  ഇതിനിടയിലേക്കാണ് ശശി തരൂരിന്റെ ബോംബ് ലാന്‍ഡിങ് നടന്നത്. പതിവു പര്യടനമെന്ന് തരൂര്‍ ക്യാംപ് പുറമേ പറഞ്ഞെങ്കിലും ഊര്‍ജവും ആരവവും അതിനും മേലെ ഉയര്‍ന്നപ്പോള്‍  മനസിലാകേണ്ടവര്‍ക്ക് കാര്യം പിടികിട്ടി. ഫലമോ യൂത്ത്കോണ്‍ഗ്രസ് തന്നെ തരൂരിനെ ക്ഷണിച്ച പരിപാടിയില്‍ നിന്നു പിന്‍മാറി. പാര്‍ട്ടിയുടെ വഴി നോക്കാതെ സ്വന്തം നിലയ്ക്ക് താക്കോല്‍സ്ഥാനം ലക്ഷ്യമാക്കി ഇറങ്ങിത്തിരിച്ച ശശി തരൂരാണോ ഉന്നം നോക്കി ചെക്ക് പറഞ്ഞ  നേതാക്കളാണോ ശരി? 

ആരും വിലക്കിയില്ലെന്ന് കെ.സുധാകരനും വി.ഡി.സതീശനും ആദ്യമൊന്ന് പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും കളം നോക്കി കളിക്കാനറിയുന്ന മറ്റു ചിലരെ അവര്‍ മറന്നു പോയി. അങ്ങനെ സ്വാഭാവികമായി ഒരു ചെറിയ ഓളമൊക്കെയുണ്ടാക്കി അതിലങ്ങ് തീരേണ്ടിയിരുന്ന തരൂരിന്റെ പര്യടനം ഒടുക്കം മലബാര്‍ വിപ്ലവമായും  കലാപമായുമൊക്കെ പരിണമിച്ചു.  വി.ഡി.സതീശന്റെ ഉന്നമെന്താണെന്നും ശശി തരൂരിന്റെ ഉന്നമെന്താണെന്നും സാമാന്യ രാഷ്ട്രീയബോധമുള്ളവര്‍ക്കെല്ലാം മനസിലാകും. പാര്‍ട്ടി തിരിച്ചുവരാന്‍ ശ്രമിക്കുമ്പോള്‍ തരൂര്‍ ഇടിച്ചു കയറി മുന്നില്‍ നില്‍ക്കുന്നത് ശരിയാണോയെന്നു ചോദിച്ചാല്‍ തിരഞ്ഞെടുപ്പു വിജയം മാത്രമാണ് ശരിയെന്നു വിലയിരുത്തപ്പെടുന്ന കാലത്ത്  ഉത്തരം ഒരു നേര്‍രേഖയില്‍ കിട്ടണമെന്നുമില്ല. തരൂര്‍ സമകാലീനരാഷ്ട്രീയത്തില്‍ ഒരു സാധ്യതയാണ്. ഒരു ബ്രാന്‍ഡാണ്. തരൂര്‍ ശരിയാണോയെന്ന ചോദ്യത്തേക്കാള്‍ ഇപ്പോള്‍ ഇത് പ്രസക്തവുമാണ്.  പാര്‍ട്ടി വിലക്കിയെന്നു പരസ്യമായിട്ടും കോഴിക്കോട്ട് ശശി തരൂരിന് ലഭിച്ചതു വന്‍സ്വീകരണം.  പ്രതിപക്ഷനേതാവ് പരസ്യമായി നിലപാടെടുത്തിട്ടും ശശി തരൂരിന് മുസ്‍ലിംലീഗ് ഒരുക്കിയത് ഏറ്റവും ഊഷ്മളമായ വരവേല്‍പ്. തരൂര്‍ നിലവിലുള്ള സമവാക്യങ്ങളെ അട്ടിമറിക്കുന്നുവെന്ന കോണ്‍ഗ്രസ് വേവലാതി ഗൗനിക്കുന്നേയില്ലെന്ന് മു‍സ്‍ലിം ലീഗ് വളരെ കൃത്യമായി പ്രകടിപ്പിച്ചു.  

സാധാരണ ഗതിയില്‍ കാര്യമായ പ്രചാരണമില്ലാതെ പര്യവസാനിക്കേണ്ടിയിരുന്ന പരിപാടികള്‍ക്ക് വന്‍ മാധ്യമശ്രദ്ധ ലഭിച്ചു. ശശി തരൂര്‍ മുന്‍പത്തേക്കാള്‍ വലിയ താരമായി. വീണ്ടുവിചാരമില്ലാതെ ഉള്ളിലിരിപ്പ് വിളിച്ചു പറഞ്ഞവര്‍ക്ക് തക്കം നോക്കിയിരുന്നവര്‍ മറുപടി പറയാനുമെത്തി.  അപ്പോള്‍ തരൂരിനൊപ്പം ആരൊക്കെയുണ്ട്? ആരൊക്കെയില്ല എന്നു നോക്കുന്നതാവും എളുപ്പമെന്നതാണ് കോണ്‍ഗ്രസിലെ പുതിയ ഗ്രൂപ്പുകളുടെ അവസ്ഥ. പാര്‍ട്ടിയിലെ ഐക്യത്തിന്റെ യാഥാര്‍ഥ്യം ഒരിക്കല്‍കൂടി പുറംലോകമറിഞ്ഞു . അധികാരമെവിടേയ്ക്കോ അവിടേക്കു ചായുമെന്നും  ഒന്നു നേരമിരുട്ടി വെളുക്കുമ്പോഴേക്കും നേതാക്കള്‍ കാണിച്ചു തരുന്നു. ഇതൊക്കെ ഇവിടെ ജനം അതേ പടി കണ്ടുകൊണ്ടിരിക്കുന്നുവെന്ന് ചിന്തിക്കാനാരും കോണ്‍ഗ്രസിലില്ല. അഥവാ കോണ്‍ഗ്രസ് നേതാക്കള്‍ അവരവരെ മാത്രമേ കാണുന്നുള്ളൂ.  

ഗ്രൂപ്പ് കൂറ് എന്നത് വെറും മിത്താണെന്ന് നിര്‍ണായക നേതൃമാറ്റ‍സമയത്ത് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ തുറന്നു കാണിച്ചു തന്നതാണ്. അധികാരസാധ്യതകളേക്കാള്‍ വലിയ കടപ്പാടോ കൂറോ നിലനില്‍ക്കുന്നില്ലെന്ന് ഗ്രൂപ്പ് ഭേദമില്ലാതെ അന്ന് നമ്മള്‍ കണ്ടു. അതു തന്നെ വീണ്ടും കാണുന്നു. അതും പൊടുന്നനെ. ശശി തരൂരിനെ ഇത്രയും കാലം അകറ്റി നിര്‍ത്തിയിരുന്ന, മാനിക്കാതിരുന്നവരെല്ലാം പെട്ടെന്ന് തരൂരില്‍ പ്രത്യാശകാണുന്നു. സംസ്ഥാനരാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാന്‍ തരൂര്‍ തീരുമാനിച്ചു എന്ന ഒരേയൊരു തിരിച്ചറിവില്‍ രായ്ക്കുരാമാനം വീണ്ടും കൂറുമാറ്റങ്ങളായി. ഇപ്പോള്‍ കാണുന്നത് രണ്ടു പക്ഷം. തരൂരിനെ തുറന്നെതിര്‍ത്ത് സതീശന്‍ പക്ഷം. അങ്ങനെ എഴുതിത്തള്ളേണ്ടെന്ന് തെളിയിക്കാന്‍ തരൂര്‍ പക്ഷം. പരസ്യപ്രസ്താവനയൊക്കെ വിലക്കിയ കെ.പി.സി.സി.പ്രസിഡന്റ് പിന്നെ നടന്നതൊന്നും അറ‍ിഞ്ഞിട്ടില്ല.  

രമേശ് ചെന്നിത്തല പ്രത്യക്ഷത്തില്‍ ഒത്തുതീര്‍പ്പ് വാദിയായി അവതരിച്ചെങ്കിലും പിന്തുണ തരൂരിനല്ലെന്നു പരോക്ഷമായി പറഞ്ഞു വച്ചിട്ടുണ്ട്.  കെ.മുരളീധരന്‍ തല്‍ക്കാലം തരൂരിനെ ആരാധിക്കുന്നു. എം.കെ.രാഘവനായിരുന്നു മുന്‍പ് ഒറ്റയാള്‍ ആര്‍മിയെങ്കില്‍ ഇപ്പോള്‍ മുരളീധരന്റെ പിന്തുണയും പിന്നിലുണ്ട്. കെ.സുധാകരനും ഇപ്പോഴിപ്പോള്‍ തരൂരിനൊപ്പമാണെന്നാണ് അണിയറക്കഥകള്‍. വിശ്വസ്തരുടെ സാന്നിധ്യത്തിലൂടെയും കണ്ണൂരില്‍ ഡി.സി.സിയുടെ സ്വീകരണത്തിലൂടെയും സുധാകരന്‍ തരൂരിന് ഊര്‍ജമേകുന്നു. അതോടൊപ്പം കുറച്ചു കാലമായി നിശബ്ദമായിരുന്ന ഏ ഗ്രൂപ്പ് ഒന്നാകെ തരൂരിനൊപ്പം ചാടുന്നുവെന്ന് വിലയിരുത്തുന്നവരുമുണ്ട്. കോട്ടയത്ത് യൂത്ത്കോണ്‍ഗ്രസിന്റെ മഹാസമ്മേളനത്തിലേക്കുള്ള ക്ഷണം തരൂരിനെത്തിയതും ഒരു രാഷ്ട്രീയപ്രഖ്യാപനമാണ്. മുസ്‍ലിംലീഗ് പരസ്യമായി ഹൃദയം വെളിപ്പെടുത്തിക്കഴി‍ഞ്ഞു. ഒരിക്കല്‍ ഡല്‍ഹി നായരെന്ന് ആക്ഷേപിച്ച എന്‍.എസ്.എസ് മന്നം ജയന്തിക്ക് മുഖ്യാതിഥിയായി കണ്ടിരിക്കുന്നതും ശശി തരൂരിനെ തന്നെ.  

ചുരുക്കത്തില്‍ തരൂര്‍ പിന്തുണ വര്‍ധിപ്പിച്ചു തന്നെയാണ് മുന്നോട്ടു പോകുന്നത്. പക്ഷേ അതാണോ ശരിയായ രാഷ്ട്രീയശൈലി?അടിത്തട്ടില്‍ മാറ്റങ്ങളുണ്ടാക്കാന്‍ ചുവടുകളെടുത്തവരെ മറികടന്ന്, സ്വയം ഒരു പദ്ധതി പ്രഖ്യാപിച്ച് മുന്നോട്ടു പോകുന്നത് ശരിയാണോ? ആരോഗ്യകരമായ മല്‍സരം നേതൃത്വത്തിലേക്കുണ്ടാകണം. പക്ഷേ അത് പാര്‍ട്ടിയെ ആകെ ആശയക്കുഴപ്പത്തിലാക്കുന്നതായാലോ? ജീവന്‍മരണ പോരാട്ടം നടക്കേണ്ട സമയത്ത് പാര്‍ട്ടിക്കുള്ളില്‍ തന്നെ വിള്ളലുകളുണ്ടാക്കിയാലോ? പരിഹരിക്കേണ്ട ചുമതല ആര്‍ക്കാണ്?  

ശശി തരൂര്‍  സി.പി.എമ്മിനെയോ മുഖ്യമന്ത്രിയെയോ കടന്നാക്രമിക്കുന്നില്ല എന്നത് അദ്ദേഹത്തിന്റെ തന്നെ പാര്‍ട്ടിയുടെ വിമര്‍ശനമാണ്.  സര്‍ക്കാരിനെതിരെ ശക്തമായ പോരാട്ടം നടക്കേണ്ട നേരത്ത് സി.പി.എമ്മിന് പിടിവള്ളിയുണ്ടാക്കുന്ന രാഷ്ട്രീയനീക്കങ്ങളാണ് തരൂരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്നും നിലവിലെ നേതൃത്വം ചൂണ്ടിക്കാണിക്കുന്നു. തരൂരിന്റെ ശൈലി വ്യത്യസ്തമാണ്. അത് ജനകീയമാണ്. പോസിറ്റീവ് പൊളിറ്റിക്സാണെന്ന് തരൂരിനെ അനുകൂലിക്കുന്നവര്‍ അവകാശപ്പെടുന്നു. എല്ലാ രാഷ്ട്രീയസംവാദങ്ങളും അരാഷ്ട്രീയവല്‍ക്കരിക്കപ്പെടുന്ന കാലത്ത് തരൂര്‍ ശൈലി കേരളത്തിനാകെ ഗുണകരമാണോ, ദോഷമുണ്ടാക്കുന്നതാണോ? മറുപടി സൂക്ഷ്മമായി തിരഞ്ഞെടുക്കേണ്ടതാണ്. 

എന്തായാലും അധികാരം ആരുടെയും കുത്തകയല്ല. ജനാധിപത്യപരമായി പാര്‍ട്ടിയുടെ അതിരുകള്‍ക്കുള്ളില്‍ നിന്ന് നേതൃത്വത്തിനായി മല്‍സരിക്കാന്‍ ജനകീയ പിന്തുണയുള്ള ഒരു നേതാവ് തീരുമാനിച്ചാല്‍ സംഘടനാധികാരം കൊണ്ട് വിലക്കുകയല്ല മറുപടി. ആ വെല്ലുവിളിയേക്കാള്‍ ഊര്‍ജിതമായ പ്രവര്‍ത്തനത്തിലൂടെ ചിട്ടയായ നീക്കങ്ങളിലൂടെ കൂടുതല്‍ മെച്ചപ്പെട്ട നേതൃശൈലി തെളിയിക്കുകയാണ്. പാര്‍ട്ടിയെ കൂടുതല്‍ ക്രിയാത്മകമായ വഴികളിലേക്ക് നയിച്ചുകൊണ്ടാണ് മറുപടിയുണ്ടാകേണ്ടത്. ജനങ്ങളെ സ്വാധീനിക്കാനാകുന്ന നേതാക്കളുടെ ജനകീയത പാര്‍ട്ടിക്ക് ഗുണപരമായി വിനിയോഗിക്കുന്നതിലാണ് യഥാര്‍ഥ നേതൃത്വം ഊന്നേണ്ടത്.  

അധികാരവും കൈയിലുള്ള നിയന്ത്രണവും വച്ചു മാത്രം ഒരു മാറ്റത്തെയും തടുക്കാനാകില്ല. കാര്യക്ഷമത, കാലം ആവശ്യപ്പെടുന്ന മാറ്റങ്ങള്‍, വിശാലമായ ജനാധിപത്യബോധം ഇതൊക്കെ വച്ചു മാത്രമേ ഈ കാലത്ത്  കോണ്‍ഗ്രസിനും മുന്നോട്ടു പോകാനാകൂ. ജനങ്ങള്‍ ആര്‍ക്കും  മുഖ്യമന്ത്രിക്കുപ്പായം  എടുത്തുവച്ചിട്ടില്ല. സ്വാഭാവികമായി , അനായാസമായി പ്രതിപക്ഷത്തെ അങ്ങ് അധികാരമേല്‍പിച്ചിരുന്ന പരിപാടി കേരളം നിര്‍ത്തിവച്ചിട്ടുണ്ട്. ഇത്രയും അധികാരദുര്‍വിനിയോഗവും അഴിമതിയും പുറത്തു വന്നിട്ടും സര്‍ക്കാരിനെ ഒന്ന് പ്രതിരോധത്തിലാക്കാന്‍പോലും  പ്രതിപക്ഷത്തിനു കഴിഞ്ഞിട്ടില്ല. ആ നേരത്തും അടുത്ത മുഖ്യമന്ത്രിക്കുപ്പായം തയ്പിച്ചുകൊണ്ടിരിക്കുന്ന നേതാക്കളെ പാര്‍ട്ടി അണികള്‍ തന്നെ തിരുത്തുന്നത് നന്നായിരിക്കും. 

MORE IN PARAYATHE VAYYA
SHOW MORE