നേതാക്കള്‍ സ്വന്തമാക്കുന്ന ജോലി; അണികള്‍ക്ക് ജോലി ന്യായീകരണം

PARAYATHE-VAYYA
SHARE

ഒരു രാഷ്ട്രീയപാര്‍ട്ടി അധികാരത്തിലിരിക്കുമ്പോള്‍ പാര്‍ട്ടിക്കാര്‍ക്കും ബന്ധുക്കള്‍ക്കും സാധ്യമായിടത്തെല്ലാം പിന്‍വാതില്‍ നിയമനം നടക്കുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണോ? സത്യമായും അല്ല. ഇവിടെ ഇങ്ങനെയൊക്കെയാണ് നടക്കുന്നതെന്ന് കേരളത്തിലെ ജനങ്ങള്‍ക്കുമറിയാം. പക്ഷേ കൈയോടെ പിടിക്കപ്പെടുമ്പോഴും ആധികാരികമായ തെളിവുകള്‍  പുറത്തു വരുമ്പോഴും കൂസലില്ലാതെ ജനങ്ങളെ വെല്ലുവിളിക്കുന്നത് ഞെട്ടിക്കുന്നതാണ്. പിന്‍വാതില്‍ നിയമനവും സ്വജനപക്ഷപാതവും ബന്ധുനിയമനങ്ങളും ഞങ്ങളുടെ അവകാശമാണെന്ന് ഒരു ഇടതുപക്ഷപാര്‍ട്ടി പരസ്യമായി നിലപാടെടുക്കുന്നത് ഞെട്ടിക്കുന്നത് തന്നെയാണ്. കോടതി തിരുത്തിയാലും ഞങ്ങള്‍ ഞങ്ങളുടെ നേതാക്കളെ ന്യായീകരിച്ചു രക്ഷിച്ചെടുക്കുമെന്ന അണികളുടെ അധഃപതനവും ഞെട്ടിക്കുന്നതാണ്. ജനാധിപത്യവും ജനങ്ങളോടുള്ള പരസ്പരബഹുമാനവും മറന്നു തുടങ്ങിയത് തുടര്‍ഭരണത്തിന്റെ ആത്മവിശ്വാസത്തിലാണെങ്കില്‍ അത് കേരളത്തിനാകെ അപായമണിയാണ്.  

കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രഫസറായി നിയമിക്കപ്പെടാന്‍ പ്രിയാ വര്‍ഗീസ് യോഗ്യയല്ല എന്ന ഹൈക്കോടതി വിധി ഒരു പൂര്‍ണവിരാമമല്ലെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ തിരുത്തലിന്റെ തുടക്കമെങ്കിലുമാകണം. യോഗ്യരായ പലരെയും പിന്നിലാക്കി നിയമനപ്പട്ടികയില്‍ ഒന്നാമതെത്തിയ പ്രിയാവര്‍ഗീസിന്് യോഗ്യതയില്ലെന്ന് ഹൈക്കോടതി അസന്നിഗ്ധമായി വ്യക്തമാക്കിക്കഴിഞ്ഞു. തല്ലിപ്പഴുപ്പിച്ച അധ്യാപനപരിചയം സുപ്രധാന നിയമനത്തിന് മതിയായ യോഗ്യതയല്ലെന്ന് കോടതി അക്കമിട്ട് വ്യക്തമാക്കിയിട്ടുണ്ട്.  

അതായത് യോഗ്യതയുടെ കാര്യത്തില്‍ സര്‍വകലാശാലയ്ക്കു പോലും സംശയമുണ്ടായിട്ടും കണ്ണൂര്‍ സര്‍വകലാശാല നിയമനപ്പട്ടികയില്‍ ഒന്നാമതെത്തിയത് പ്രിയാവര്‍ഗീസ് ആണ്. മതിയായ അധ്യാപനപരിചയമുണ്ടോ എന്നുറപ്പില്ലാത്ത ഒരു വ്യക്തിയെ അസോസിയേറ്റ് പ്രഫസറാക്കണമെന്ന് സര്‍വകലാശാലയ്ക്ക് നിര്‍ബന്ധമുണ്ടാകാന്‍ കാരണമായ അധികയോഗ്യത എന്താണ്? മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ് പ്രിയാവര്‍ഗീസിന്റെ ജീവിതപങ്കാളി എന്നതല്ലാതെ ഒരു അധികയോഗ്യതയും നമ്മുടെ മുന്നിലില്ല. കോടതിയുടെ മുന്നിലുമെത്തിയില്ല, സര്‍വകലാശാലയ്ക്കു മുന്നിലുമില്ല.  

സര്‍ക്കാരിന് ഈ നിയമനത്തില്‍ എന്തു ബന്ധം? സി.പി.എമ്മിന് എന്തു തിരിച്ചടി? തിരിഞ്ഞു നിന്ന് ജനങ്ങളോടാണ് മന്ത്രിമാരും ഭരണപാര്‍ട്ടി നേതാക്കളും ഈ ചോദ്യം ചോദിക്കുന്നത്.നമ്മുടെ സാമാന്യബുദ്ധിയോട്, സമൂഹത്തിന്റെ ധാര്‍മിക ബോധത്തോട്, പിന്തുണയ്ക്കുന്ന അണികളുടെ മനഃസാക്ഷിയോട് സി.പി.എമ്മും സര്‍ക്കാരും ചോദിക്കുകയാണ് പ്രിയാവര്‍ഗീസിന്റെ നിയമനം തടഞ്ഞെങ്കില്‍ അതിന് സര്‍ക്കാരെന്തിനു മറുപടി പറയണം. അടിസ്ഥാനമര്യാദകള്‍ക്ക് ഒരു വിലയും കല്‍പിക്കാതെ,  ചരിത്രപരമായി തുടര്‍ഭരണം നല്‍കിയ ജനതയോട് ഒരു രാഷ്ട്രീയാദര്‍ശം ചോദിക്കുന്ന ചോദ്യമാണത്. ആര്‍ക്കെങ്കിലും സംശയമുണ്ടോ? 

സി.പി.എമ്മിനോ സര്‍ക്കാരിനോ ഈ നിയമനത്തില്‍ എന്തെങ്കിലും പങ്കുള്ളതുകൊണ്ടല്ല സി.പി.എം നേതാക്കള്‍ ഈ ന്യായങ്ങളൊക്കെ നിരത്തിയതെന്ന് ആര്‍ക്കാണ് അറിയാത്തത്? മുഖ്യമന്ത്രി തന്നെ ഇത് പണ്ട് സാക്ഷ്യപ്പെടുത്തിയതാണല്ലോ.  നമ്മുടെ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് സമ്മര്‍ദം ചെലുത്തി പുനര്‍നിയമനം നല്‍കിയ ഒരു വി.സിയുണ്ട് കണ്ണൂരില്‍.  ആ വി.സി. പക്ഷേ പ്രിയാവര്‍ഗീസിന്റെ വിവാദനിയമനത്തില്‍  പ്രിയാവര്‍ഗീസിനു വേണ്ടി പരസ്യമായ ന്യായീകരണം ഇറക്കാനൊന്നും മടിച്ചിരുന്നില്ല. ഇന്ന് ഇതേ വി.സി. സങ്കടപ്പെടുന്നു, യോഗ്യതയെക്കുറിച്ച് യു.ജി.സിയോട് സംശയം ചോദിച്ചിട്ട് മിണ്ടിയില്ല. കോടതിയില്‍ പറഞ്ഞത് സര്‍വകലാശാലയോടു പറഞ്ഞിരുന്നെങ്കില്‍ ഇതൊന്നുമുണ്ടാകില്ലായിരുന്നു. അപ്പോള്‍ യോഗ്യതയുണ്ടായിരുന്ന വേറാരും പട്ടികയില്‍ ഉണ്ടായിരുന്നില്ലേ എന്ന് സ്വാഭാവികമായും സാമാന്യബുദ്ധിക്ക് സംശയമുണ്ടാകും. അധികയോഗ്യതയുടെ കാര്യം നമ്മളാരും മറക്കരുത്. 

അത്ര വലിയ ബന്ധമൊന്നും ഈ വിവാദനിയമനത്തില്‍ സര്‍ക്കാരിനില്ല. യോഗ്യത ഉറപ്പില്ലാതിരുന്നിട്ടും  നിയമിക്കപ്പെട്ടത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ. അവര്‍ക്കു വേണ്ടി വാദിക്കാനെത്തിയത്  മുഖ്യമന്ത്രി ഇടപെട്ട് നിയമിച്ച വി.സി., ഗവര്‍ണര്‍ ഇടപെട്ട് നിയമനം തടഞ്ഞിട്ടും നിരന്നു നിന്ന് വാദിച്ചത് പാര്‍ട്ടിയുടെ ഉന്നതനേതാക്കള്‍. അങ്ങനെ വളരെ ചെറിയൊരു ബന്ധം മാത്രമേ പ്രിയാവര്‍ഗീസിന്റെ നിയമനത്തില്‍ സര്‍ക്കാരിനും പാര്‍ട്ടിക്കുമുള്ളൂ. അതിന്റെ പേരിലാണ് ഈ പാവം സര്‍ക്കാരും പാര്‍ട്ടിയും പഴി കേള്‍ക്കുന്നത്.  തിരുവനന്തപുരം കോര്‍പറേഷനിലെ നിയമനക്കത്ത് വിവാദത്തിലാണെങ്കില്‍ പാര്‍ട്ടിക്ക് ബന്ധമേയില്ല. ഓരോ ദിവസവും പുറത്തു വന്നുകൊണ്ടിരിക്കുന്ന  കത്തുകള്‍ പാര്‍ട്ടിയുടേതല്ല. ഇനി പുറത്തു വരാന്‍ പോകുന്ന കത്തുകളും പാര്‍ട്ടിയുടേതല്ല. പാര്‍ട്ടിക്ക് അങ്ങനെയൊരു കത്ത് പരിപാടിയില്ല.  

അങ്ങനെ പാര്‍ട്ടി എവിടെയെങ്കിലും  നല്‍കിയ കത്ത് ആരും കണ്ടിട്ടുമില്ല, കേട്ടിട്ടുമില്ല,  പറഞ്ഞിട്ടുമില്ല എന്നാണ് മേയറുടെ നിയമനക്കത്ത് വിവാദത്തില്‍ ആനാവൂര്‍ നാഗപ്പന്‍ ഉന്നയിച്ച പ്രതിരോധം. അപ്പോള്‍ മനോരമന്യൂസ് ഒരു കത്ത് പുറത്തു വിട്ടു.  പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തില്‍ പാര്‍ട്ടി  ഏരിയാസെക്രട്ടറിയുടെ മകന് താല്‍ക്കാലിക നിയമനം നല്‍കുന്നതില്‍ എന്താണ് തെറ്റ് എന്നല്ല ആനാവൂര്‍ സത്യസന്ധമായി ചോദിച്ചത്. സംഘത്തില്‍ ആധിപത്യമുള്ള വ്യാപാരി വ്യവസായ സമിതി ഒരു ഉപദേശം ചോദിച്ചു, അപ്പോള്‍ ഒരു നിര്‍ദേശം കൊടുത്തു. അതിലെന്താണ് തെറ്റെന്നാണ്? 

ഇതിനിടയില്‍ ഡി.ആര്‍.അനില്‍ എഴുതിയെന്ന് അദ്ദേഹം തന്നെ സമ്മതിച്ച പാര്‍ട്ടി നിയമനക്കത്ത് അദ്ദേഹം തന്നെ ശരിയല്ലെന്നു തോന്നിയതിനാല്‍ കത്തിച്ചു കളഞ്ഞിട്ടുണ്ട്. മേയറുടെ പേരില്‍ വ്യാജഒപ്പിട്ട് കത്തുണ്ടാക്കിയതാരെന്നറിയാന്‍ സി.പി.എമ്മിന് ധൃതിയില്ലാത്തതുകൊണ്ടാകണം, അന്വേഷണം എവിടെയുമെത്തിയിട്ടില്ല. കേസു പോലും എടുത്തിട്ടില്ല. 

എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കും മനസിലായി. അത് കണ്ണൂര്‍ സര്‍വകലാശാലയിലാണെങ്കിലും തിരുവനന്തപുരത്തെ പാര്‍ട്ടി നിയമനങ്ങളിലാണെങ്കിലും. അത് ഔദ്യോഗികമായി തെളിയിക്കണമെങ്കില്‍ സര്‍ക്കാര്‍ തന്നെ വിചാരിക്കണം. സര്‍ക്കാരിന്റെ വിചാരമെന്താകുമെന്ന് ആര്‍ക്കും സംശയമില്ലാത്തതുകൊണ്ട് പ്രശ്നമില്ല.  പച്ചയായ സ്വജനപക്ഷപാതവും അഴിമതിയുമാണ് സി.പി.എം നടത്തിക്കൊണ്ടിരിക്കുന്നത്. ഇടതുപക്ഷം ഭരിക്കുമ്പോള്‍ ഇടതുപക്ഷക്കാരെ നിയമിക്കുന്നതിലെന്താണ് തെറ്റ് എന്ന് ചോദിക്കുന്നവര്‍ അഴിമതിയെ സ്ഥാപനവല്‍ക്കരിക്കുകയാണ് . ഇതില്‍  എന്താണ് തെറ്റ് എന്നു ചോദിക്കുമ്പോള്‍ സി.പി.എം മറന്നു പോകുന്നത് സാമൂഹ്യനീതിയാണ്. അടിസ്ഥാനമര്യാദയാണ്. ഞങ്ങള്‍ക്കു കിട്ടിയ അധികാരം ഞങ്ങളുടെ സ്വന്തക്കാരെ തിരുകിക്കയറ്റി പൊതുപണം പറ്റാനുള്ള അവസരമാണ് എന്ന് തുറന്നു വെല്ലുവിളിക്കുന്നത് അഴിമതിയാണ്. സ്വജനപക്ഷപാതമാണ്. അധികാരദുര്‍വിനിയോഗമാണ്. ചരിത്രം സൃഷ്ടിച്ച തുടര്‍ഭരണം എന്തും ചെയ്യാനുള്ള അധികാരമെന്ന് കരുതുന്നത് മൗഢ്യമാണ്. ഞങ്ങളുടെ ആളുകളും ഞങ്ങളുടേതല്ലാത്ത ആളുകളുമായി പാര്‍ട്ടി പട്ടിക കേരളത്തെ വേര്‍തിരിക്കുമ്പോള്‍ ഈ സര്‍ക്കാര്‍ പാര്‍ട്ടിക്കാരുടേതു മാത്രമായിപ്പോകുകയാണ്.  

മതിയായ അധ്യാപനപരിചയമില്ലെന്ന്  മാസങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കു ശേഷം കോടതി വിധിയെഴുതിയിട്ടും പ്രിയാവര്‍ഗീസിനു വേണ്ടി വാദിക്കാന്‍ പാടു പെടുന്നു സി.പി.എം അനുഭാവികള്‍. പ്രിയ വര്‍ഗീസിന്റെ വാദങ്ങള്‍ അവരെ തന്നെ തുറന്നുകാണിക്കുന്നതാണ്. വ്യക്തികളല്ല  പ്രശ്നം എന്നതുകൊണ്ടുതന്നെ സ്വന്തം വാദമുഖങ്ങളിലൂടെ കൂടുതല്‍ അയോഗ്യത വെളിപ്പെടുത്തുന്നതിനെ വിമര്‍ശിക്കേണ്ട ബാധ്യത നമുക്കില്ല. പക്ഷേ പ്രിയ വര്‍ഗീസിന്റെ ഒരു വാദം ശരിയാണ്.  ഈ വിവാദം അവര്‍ക്ക് ഒന്നും നഷ്ടപ്പെടുത്തുന്നില്ല. ഇത് കിട്ടിയില്ലെങ്കില്‍ അടുത്തത്.പഴുതുകളില്ലാത്ത ഒരു രാഷ്ട്രീയനിയമനം ഉറപ്പുവരുത്താവുന്ന സ്വാധീനം സി.പി.എമ്മിന് ഭരണമുള്ളിടത്തോളം അവര്‍ക്കു മുന്നിലുണ്ട്. പക്ഷേ പ്രിയ വര്‍ഗീസിനും കെ.കെ.രാഗേഷിനുമല്ല ഈ വിവാദം നഷ്ടങ്ങളുണ്ടാക്കുന്നത്. സി.പി.എം എന്ന പാര്‍ട്ടിക്കാണ്. സ്വന്തം അണികള്‍ക്കു മുന്നില്‍ പോലും പിടിച്ചു നില്‍ക്കാന്‍ ന്യായങ്ങളില്ലാതെ സി.പി.എം നേതൃത്വത്തിനു മുഖം നഷ്ടപ്പെടുന്നു. തീര്‍ത്തും അപഹാസ്യമായ വാദങ്ങളിലൂടെ ഉയര്‍ത്താന്‍ ശ്രമിക്കുന്ന പ്രതിരോധം തന്നെ പാര്‍ട്ടിയെ അപമാനിക്കുന്നു.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം, 2016 മുതല്‍ സി.പി.എമ്മിലെ എത്ര ഉന്നതനേതാക്കളുടെ ജീവിതപങ്കാളികള്‍ക്ക് ഉന്നതനിയമനം കിട്ടിയെന്നത് നമ്മുടെ മുന്നിലുണ്ട്. എത്ര കേസുകള്‍ കോടതി കയറിയെന്നും കോടതി ഇടപെടല്‍ കാരണം ചിലര്‍ക്കെങ്കിലും പിന്‍വാങ്ങേണ്ടി വന്നതും കേരളം മറന്നിട്ടില്ല. ന്യായങ്ങള്‍ പലതും കണ്ടു. ഇടതുപക്ഷം അധികാരത്തിലിരിക്കുമ്പോള്‍ ഇടതുപക്ഷക്കാരെയല്ലാതെ സംഘപരിവാറുകാരെയാണോ നിയമിക്കേണ്ടത് എന്ന ചോദ്യങ്ങള്‍ പോലും കണ്ടു. ആരാണീ നിയമനം ലഭിക്കുന്ന ഇടതുപക്ഷക്കാരെന്ന് ഇടതുപക്ഷഅനുഭാവികള്‍ ചിന്തിക്കട്ടെ. നേതാക്കളുടെ ബന്ധുക്കള്‍, അത്രയും സ്വാധീനമുളളവര്‍, അധികാരബന്ധങ്ങളുള്ളവര്‍ മാത്രമാണ് ഈ നിയമനങ്ങള്‍ നേടുന്നത്. പാര്‍ട്ടിക്കുവേണ്ടി കൊടി പിടിക്കുന്നവരല്ല. മുദ്രാവാക്യങ്ങളുമായി പ്രതിരോധം തീര്‍ക്കുന്നവരല്ല. അധികാരസ്ഥാനങ്ങളിലിരിക്കുന്നവരുടെ ബന്ധുക്കള്‍ മാത്രമാണ് ജീവിതം സുരക്ഷിതമാക്കുന്നത്. തുല്യാവകാശം ഉറപ്പു നല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയെ പോലും അട്ടിമറിച്ചു കൊണ്ട് പാര്‍ട്ടിയുടെ ആളുകള്‍ക്ക് നിയമനം നല്‍കുമ്പോള്‍ നേതാക്കളുടെ ബന്ധുക്കളുടെ നിയമനങ്ങളെ ന്യായീകരിച്ച് തൊണ്ട കീറുന്നവരെ തന്നെയാണ് ഈ പാര്‍ട്ടി വീണ്ടും വീണ്ടും വഞ്ചിച്ചുകൊണ്ടിരിക്കുന്നത്. പ്രിയ വര്‍ഗീസ് നിയമിക്കപ്പെടുമ്പോള്‍ യോഗ്യതയുള്ള ഇടതുപക്ഷഅനുഭാവികള്‍ തന്നെ ഒട്ടേറെ പേര്‍ അപേക്ഷകരായുണ്ടായിരുന്നു. പക്ഷേ അടിസ്ഥാനയോഗ്യത പോലുമില്ലാത്ത ഒരാള്‍ തിരഞ്ഞെടുക്കപ്പെട്ടതെങ്ങനെയെന്ന ചോദ്യമുയര്‍ത്താന്‍ പോലും നില്‍ക്കാതെ നടപടിയെ ന്യായീകരിക്കുകയാണ് അണികള്‍.  

സത്യത്തോട് ഒരു അടിസ്ഥാനബഹുമാനമുണ്ടാകണം. സമൂഹത്തെ മുന്നോട്ടു നയിക്കുന്നവര്‍ തന്നെ പച്ചക്കള്ളമെന്ന് അവര്‍ക്കും നമുക്കും ബോധ്യമുള്ള ഒരു കാര്യം സത്യമെന്ന് ആവര്‍ത്തിച്ചു ന്യായീകരിക്കുന്നത് സമൂഹത്തിലെ പരസ്പരബഹുമാനം ഇല്ലാതാക്കും. ഒരു രാഷ്ട്രീയ ആശയത്തെ വിശ്വസിച്ച് ബഹുമാനത്തോടെ ജനങ്ങള്‍ നല്‍കിയതാണ് അധികാരം. അധികാരത്തിന്റെ ബലത്തില്‍ അതേ ജനങ്ങളോട്, കള്ളമെന്ന് അവര്‍ക്കു ബോധ്യമുള്ള ഒരു കാര്യം സത്യമാണെന്ന് വാദിക്കുന്നത് ശുദ്ധമര്യാദകേടാണ്. പിടിക്കപ്പെടുമോ, അന്വേഷണത്തില്‍ തെളിയിക്കാനാകുമോ എന്നതൊക്കെ പിന്നീടു മാത്രം വരുന്ന കാര്യങ്ങളാണ്. മനുഷ്യര്‍ തമ്മിലുള്ള പരസ്പരവിശ്വാസം ഇപ്പോഴും നിലനില്‍ക്കുന്ന ഒരു മൂല്യമാണെന്ന ബോധം സി.പി.എമ്മിനുണ്ടാകണം.  

ഗവര്‍ണര്‍ അടുത്തതായി ലക്ഷ്യം പ്രഖ്യാപിച്ചിരിക്കുന്നത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനവും പെന്‍ഷനും ക്രമക്കേടുകളുമാണ്.  കേരളത്തില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ അവകാശങ്ങള്‍ക്കു മേല്‍ ഗവര്‍ണര്‍ ഇടപെടുന്നത് വളരെ സൂക്ഷ്മമായാണ്. കേന്ദ്രരാഷ്ട്രീയപദ്ധതിയെന്നു നേരിട്ടു കുറ്റപ്പെടുത്താനാകാത്ത വിധം പൊതുബോധത്തിന് ക്രമക്കേടെന്ന് അംഗീകരിക്കേണ്ടി വരുന്ന വിഷയങ്ങളാണ് സൂക്ഷ്മമായി തിരഞ്ഞെടുക്കുന്നത്. അതിനിടിയില്‍ സംഘപരിവാറിനെ വെളള പൂശി സ്വയം പ്രതിരോധത്തിലാകുന്നകെപിസിസി പ്രസിഡന്റും പ്രതിപക്ഷളും  ഏതു വഴിക്കെന്ന് കേരളത്തിന് ഒരു നിശ്ചയവുമില്ല.  

കേരളത്തിലെ രാഷ്ട്രീയനേതൃത്വങ്ങള്‍ അതിയായ ജാഗ്രത പുലര്‍ത്തേണ്ട ദേശീയ സാഹചര്യത്തില്‍ കൂടിയാണ് ഭരണകക്ഷി സ്വന്തം നേതാക്കളെയും പക്ഷപാതനിയമനങ്ങളെയും ന്യായീകരിക്കാന്‍ ഊര്‍ജവും സമയവും ചെലവാക്കേണ്ടി വരുന്നത്. കൂറ് കേരളത്തോടാണോ സ്വന്തം താല്‍പര്യങ്ങളോടാണോ എന്നു മനസിലാക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല.  വിശ്വാസ്യതയുള്ള രാഷ്ട്രീയപരിസരത്തു നിന്നുകൊണ്ടേ ഗവര്‍ണറുടെ ഇടപെടലുകള്‍ക്കെതിരായ സമരത്തിനും വിശ്വാസമാര്‍ജിക്കാനാകൂ. ഗവര്‍ണറുടെ നിലപാടാണ് ശരിയെന്ന് കോടതികള്‍ക്കു പോലും പറയേണ്ടി വരുമ്പോള്‍ ആ സാഹചര്യമൊഴിവാക്കാനുള്ള ജാഗ്രതയാണ് ദിശാബോധമുള്ള രാഷ്ട്രീയമുന്നണികള്‍ക്കുണ്ടാകേണ്ടത്. അതല്ലാതെ രാജ്ഭവനിലും സുതാര്യതയില്ലാത്ത നിയമനങ്ങളില്ലേ , ബന്ധുക്കളുടെ സന്ദര്‍ശനമില്ലേ, പണ്ട് യു.ഡി.എഫും ശുപാര്‍ശക്കത്തുകള്‍ കൊടുത്തിട്ടില്ലേ എന്നൊക്കെ ചോദിക്കുന്നത് ദയനീയമായ ന്യായവാദങ്ങളായി ഒടുങ്ങിപ്പോകും.  

നേതാക്കളുടെ കുടുംബത്തിനും ബന്ധുക്കള്‍ക്കും വേണ്ടി പ്രതിരോധം തീര്‍ക്കേണ്ടി വരുന്ന പാര്‍ട്ടി അണികളാണ് യഥാര്‍ഥത്തില്‍ സഹതാപമര്‍ഹിക്കുന്നത്. പാര്‍ട്ടിയെ ശക്തിപ്പെടുത്താനും പാര്‍ട്ടി ശത്രുക്കളെ നേരിടാനും വേണ്ടി സ്വജനപക്ഷപാതത്തെയും ന്യായീകരിക്കാന്‍ വിധിക്കപ്പെടുകയാണ് അണികള്‍. ആരുടെ ജീവിതമാണ് മാറുന്നത്? പൊതുപണത്തില്‍ അവിഹിതമായി പങ്കു പറ്റുന്നത് ഏതു രാഷ്ട്രീയം ശക്തിപ്പെടുത്താനാണ്? ആരുടെ ചെലവിലാണ്, ആരുടെ ചുമലിലാണ് ഈ അധികാരദുര്‍വിനിയോഗവും അഴിമതിയും സ്ഥാപനവല്‍ക്കരിക്കാനുള്ള ബാധ്യത വന്നു ചേരുന്നത് എന്ന് പാര്‍ട്ടിയുടെ അണികള്‍ മനസിലാക്കാത്തിടത്തോളം കാലം നേതാക്കള്‍ ഇതു തുടരും. അണികള്‍ ചത്തു കിടന്ന് ന്യായീകരിക്കും. നേതാക്കള്‍ സ്വന്തം ഭാവിയും ബന്ധുക്കളുടെ ഭാവിയും സുരക്ഷിതമാക്കും. അനര്‍ഹരായവര്‍ പൊതു പദവികളിലും ഉദ്യോഗങ്ങളിലും വിരാജിക്കും. യോഗ്യതയില്ലാത്തവര്‍ ഉന്നതവിദ്യാഭ്യാസത്തിന്റെ വിശ്വാസ്യതയും അന്തഃസത്തയും നശിപ്പിക്കും. ബന്ധുനിയമനം ന്യായീകരിക്കാന്‍ വെമ്പുമ്പോള്‍   യോഗ്യതയൊക്കെ ആപേക്ഷികമല്ലേ എന്നു തോന്നിത്തുടങ്ങുന്നിടത്ത് തുല്യനീതിയും സാമൂഹ്യനീതിയും അവസാനിക്കുകയാണ്. വെറും വാഴ്ത്തുപാട്ടുകാര്‍ മാത്രമായി ഇടതുപക്ഷരാഷ്ട്രീയത്തിന്റെ ശബ്ദം ചുരുങ്ങിപ്പോകുന്നത് ഖേദകരമാണ്. എല്ലാത്തിനും ഒരു പരിധിയുണ്ടെന്ന് ഭരണകക്ഷി ഓര്‍ക്കുന്നത് നല്ലതാണ്. മനുഷ്യരുടെ സാമാന്യബുദ്ധിയെ ആ പരിധിക്കപ്പുറം പരീക്ഷിക്കരുത്. ഇന്നത്തെ രാഷ്ട്രീയകാലാവസ്ഥയില്‍ സ്വന്തക്കാരുടെ ജീവിതസുരക്ഷയേക്കാള്‍ വലിയ രാഷ്ട്രീയപരിപാടികളൊക്കെ പരിഗണിക്കാവുന്ന ഒരു പാര്‍ട്ടിയാണ് സി.പി.എം. 

MORE IN PARAYATHE VAYYA
SHOW MORE