തല്‍ക്കാലം പാര്‍ട്ടി മിണ്ടിത്തുടങ്ങി; സിപിഎം ബാധ്യത തിരിച്ചറിഞ്ഞെങ്കില്‍ നല്ലത്..!

parayathe-pinarayi
SHARE

പൊലീസ് വകുപ്പിലൊഴിച്ച്  സംസ്ഥാനഭരണം  അതിഗംഭീരവും അതുല്യവുമാണോ? പൊലീസ് ഭരണത്തിന്റെ മേന്‍മ കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന പാര്‍ട്ടി സഖാക്കള്‍ക്ക് േമല്‍ തന്നെയാണ്  പൊതുമേഖലാ പെന്‍ഷന്‍ പ്രായം അറുപതാക്കിയ ഇരുട്ടടിയും വന്നുവീണത്.  48 മണിക്കൂറിനുള്ളില്‍ തീരുമാനം മരവിപ്പിച്ച് പിണറായി സര്‍ക്കാര്‍ ഭരണ മികവ് തെളിയിച്ചിട്ടുണ്ട്. പക്ഷേ ചെറിയൊരു പ്രശ്നമുണ്ട്. തീരുമാനമെടുത്തതും ഉത്തരവിറക്കിയതുമൊന്നും പാര്‍ട്ടി അറിഞ്ഞിട്ടില്ല. അറി‍ഞ്ഞിരുന്നെങ്കിലും എന്തു ചെയ്യാനാകുമായിരുന്നുവെന്നത് വേറെ ചോദ്യമാണ്. അതല്ല സി.പി.എം പിണറായി സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍സ് ഏജന്‍സി കരാര്‍ അവസാനിപ്പിച്ച് പാര്‍ട്ടിയുടെ ഉത്തരവാദിത്തം തിരിച്ചേറ്റെടുക്കുകയാണെങ്കില്‍ അത് സുപ്രധാനവുമാണ്.  

പൊതുമേഖലാപെന്‍ഷന്‍ പ്രായം അറുപതായി വര്‍ധിപ്പിച്ച ഉത്തരവ്  ഇറക്കിയത് തിങ്കളാഴ്ച. കുറച്ചു പാടുപെട്ടാണെങ്കിലും സര്‍ക്കാര്‍ ഉത്തരവ് തിരുത്തണമെന്ന് ഡിവൈഎഫ്ഐ പഠിച്ച് നിലപാടെടുത്തത് ചൊവ്വാഴ്ച, ഉത്തരവ് മരവിപ്പിച്ചത് ബുധനാഴ്ച. എല്ലാം വളരെ പെട്ടെന്നായിരുന്നു.  

യൂത്ത് കോണ്‍ഗ്രസ് ഒറ്റദിവസം കൊണ്ടു തന്നെ കടുത്ത പ്രതിഷേധസമരം നടത്തിയിരുന്നു.  ഭരണപക്ഷ സംഘടനയായ AIYF സമരം പ്രഖ്യാപിച്ചിരുന്നു. യുവമോര്‍ച്ചയടക്കം യുവജനസംഘടനകളെല്ലാം രോഷവും പ്രതിഷേധവും പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ഗവര്‍ണര്‍ക്കെതിരായ സമരത്തില്‍ ഒന്നിച്ചു നില്‍ക്കേണ്ട സ്വന്തം യുവജനസംഘടനകളെയടക്കം പ്രതിരോധത്തിലാക്കുന്നത് പന്തിയല്ലെന്നു മനസിലാക്കിയ സര്‍ക്കാര്‍ ഒരു സാഹസത്തിനും നിന്നില്ല. ഉടനേ ഉത്തരവ് മരവിപ്പിച്ചു. പൊതുമേഖലാസ്ഥാപനങ്ങളിലെ സേവന വേതന വ്യവസ്ഥകള്‍ ഏകീകരിക്കുന്നതിനായി രൂപം നല്‍കിയ സമിതിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ചപ്പോള്‍ അതില്‍ പെന്‍ഷന്‍പ്രായവും അറിയാതെ കടന്നു കൂടിയതാണെന്നു മുഖ്യമന്ത്രി മന്ത്രിസഭായോഗത്തില്‍ വിശദീകരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.  

പൊതുമേഖലാസ്ഥാപനങ്ങളില്‍ മാത്രമല്ലേ, ചെറിയ തീരുമാനമല്ലേ എന്ന് ന്യായീകരിക്കാവുന്ന പ്രശ്നവുമായിരുന്നില്ല. തീരുമാനത്തിന്റെ സന്ദേശം മനസിലാക്കി ആദ്യം രംഗത്തെത്തിയത് സര്‍ക്കാര്‍ സര്‍വീസ് സംഘടനകള്‍ തന്നെയാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായവും ഉയര്‍ത്തണമെന്ന് കൃത്യമായി ആവശ്യം ഉയര്‍ന്നു. ടെസ്റ്റ് ഡോസാണെന്ന് പ്രതിപക്ഷവും ആരോപിച്ചു. നില്‍ക്കക്കള്ളിയില്ലാതായതോടെയാണ് തെറ്റിദ്ധാരണയൊക്കെ മാറുമെന്ന് പറഞ്ഞുകൊണ്ടിരുന്ന സര്‍ക്കാര്‍ നിലപാട് മാറ്റാന്‍ തയാറായത്.  

എങ്ങനെ? മന്ത്രിസഭായോഗത്തിലെടുത്ത ഒരു സുപ്രധാന തീരുമാനം അറിയാതെ പറ്റിപ്പോയതാണെന്ന് വിശദീകരിച്ച് മുഖ്യമന്ത്രിയും സര്‍ക്കാരും തലയൂരുകയാണ്. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുകയെന്നത് കേരളത്തില്‍ എത്രമാത്രം സ്ഫോടനാത്കമായ പ്രശ്നമാണെന്ന് തിരിച്ചറിയാത്തവരല്ല മുഖ്യമന്ത്രിയും മന്ത്രിമാരും. അറിയാതെ പറ്റിപ്പോയതാണെങ്കില്‍ ഈ സര്‍ക്കാരിനു മേല്‍ നല്ല ശ്രദ്ധ വേണമെന്ന് പാര്‍ട്ടിക്കു മനസിലായിട്ടുണ്ടെന്നാണ് സെക്രട്ടറിയുടെ പ്രതികരണത്തില്‍ വ്യക്തമാകുന്നത്. സര്‍ക്കാര്‍ തിരുത്തിയ ശേഷവും പാര്‍ട്ടി അറിഞ്ഞില്ലെന്ന് പരസ്യമായി  പ്രതിഷേധം രേഖപ്പെടുത്തിയ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ത് എന്തായാലും വെറുതെയാവില്ലല്ലോ.   

മൂന്നു ദിവസം കൊണ്ട് പൊതുമേഖലാപെന്‍ഷന്‍ പ്രായം അറുപതാക്കലും പിന്നെ അത് മരവിപ്പിക്കലും അശ്രദ്ധയെന്നു കൈകഴുകലും ഒക്കെ കഴിഞ്ഞപ്പോഴാണ് പാര്‍ട്ടി സെക്രട്ടറി ഈ പോക്ക് അത്ര ശരിയല്ലെന്ന് പരസ്യമായി വിയോജിച്ചത്.  സര്‍ക്കാര്‍ ഒരു തീരുമാനമെടുത്തു, കനത്ത പ്രതിഷേധത്തിന്റെ ചൂട് മനസിലായ ഉടന്‍ അതില്‍ നിന്നു പിന്‍മാറുന്നു, പ്രശ്നം പക്ഷേ അവിടെ തീരുന്നില്ല. പാര്‍ട്ടിക്കു പറയാനുള്ളതു കൂടി ലോകമറിയണം എന്ന് സെക്രട്ടറി തീരുമാനിച്ചതിന് ഒരു കാരണമുണ്ടാകണം.  പാര്‍ട്ടി മാത്രമല്ല, മുന്നണിയും അറിഞ്ഞില്ല സുപ്രധാനതീരുമാനമെന്ന് വ്യക്തം. അങ്ങനെ ആരുമറിയാതെ ഒരു തീരുമാനം ആരെടുത്തു. 

തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നതും പരമാവധി ന്യായീകരിച്ചിട്ടും പിടിച്ചു നില്‍ക്കാനാവാതെ വരുമ്പോള്‍ പിന്‍വലിക്കുന്നതും പിണറായി സര്‍ക്കാരിന് പുത്തരിയൊന്നുമല്ല. പക്ഷേ തെറ്റായിപ്പോയെന്നും പാര്‍ട്ടി അറിയാതെ തീരുമാനിച്ചെന്നും  സെക്രട്ടറി സ്ഥിരീകരിക്കുന്നത് പുതുമയാണ്. സി.പി.എമ്മില്‍ എന്തെങ്കിലും മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ടോ? അതോ അതൊരു അതിവായനയാണോ? 

സില്‍വര്‍ലൈന്‍ കല്ലിടല്‍ , വഖഫ് നിയമനം, ശ്രീരാം വെങ്കിട്ടരാമന്റെ നിയമനം  തുടങ്ങി സര്‍ക്കാര്‍ നിന്ന നില്‍പില്‍ മലക്കം മറിഞ്ഞ ഒട്ടനവധി ഉദാഹരണങ്ങള്‍ കേരളത്തിനു മുന്നിലുണ്ട്. കരുത്തനായ ഭരണാധികാരി എന്ന പി.ആര്‍.ഇമേജിനു കോട്ടം തട്ടാതിരിക്കാന്‍ പാര്‍ട്ടിയിലാരും അതങ്ങനെ ഓര്‍ക്കാറില്ലെന്നു മാത്രം. പാര്‍ട്ടി അറിയാതെ ശബരിമല വിഷയത്തിലെടുത്ത പരസ്യനിലപാടും അത്രമേല്‍ പ്രതിസന്ധിയിലാക്കിയിട്ടും പാര്‍ട്ടി സര്‍ക്കാരിനു വേണ്ടി വിശദീകരണച്ചുമതല ഏറ്റെടുക്കുകയാണ് ചെയ്തത്. പിന്നീടാണ് പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ തന്നെ പാര്‍ട്ടി അറിയാതെ വന്നു തുടങ്ങിയത്. രണ്ടാം മന്ത്രിസഭാ രൂപീകരണം മുതല്‍ തീരുമാനമെടുക്കുന്നതാര് എന്ന് പാര്‍ട്ടി തന്നെ അറിഞ്ഞിട്ടില്ല. രണ്ടാം സര്‍ക്കാരിലെ മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ പോരെന്ന പാര്‍ട്ടി വിലയിരുത്തല്‍ കോടിയേരി സ്ഥിരീകരിച്ചതാണ് ആ പോക്കില്‍ പാര്‍ട്ടിയുടേതായ ഒരു പ്രതിരോധം കേരളം കണ്ടത്.  

 അങ്ങനെയൊരു സാഹചര്യത്തില്‍ സര്‍ക്കാര്‍ പാര്‍ട്ടി അറിയാതെ തീരുമാനമെടുത്തു എന്നു സെക്രട്ടറി വിശദീകരിക്കുന്നത് നിസാരമല്ല. പാര്‍ട്ടി അറിയാതെയെടുത്ത തീരുമാനം അകാലചരമം അടയുമെന്നും കടുത്ത അതൃപ്തി പ്രകടിപ്പിക്കുക കൂടി ചെയ്തു സെക്രട്ടറി.  

പാര്‍ട്ടിയെന്നാല്‍ ഒരൊറ്റ ശബ്ദവും മുഖവുമായി തീര്‍ന്നിരിക്കുന്നു എന്ന അഭിമാനം അപായസൂചനയായി തിരിച്ചറിഞ്ഞു തുടങ്ങിയതാണോ സ്വരംമാറ്റത്തിനു പിന്നിലെന്നു ചോദിക്കാം. പക്ഷേ ഉത്തരം അത്ര എളുപ്പമല്ല.തിരുത്തലിന്റെ ശബ്ദമെന്നൊന്നും പ്രതീക്ഷിക്കാവുന്ന അവസ്ഥ തല്‍ക്കാലമില്ലെന്ന് തുടര്‍ചോദ്യങ്ങള്‍ക്കുള്ള ഉത്തരം മറുപടിയുമാകും.  

കുടുംബാംഗങ്ങള്‍ പോയതില്‍ തെറ്റില്ല, സര്‍ക്കാര്‍ ചെലവില്‍ പോകുന്നോയെന്ന് നോക്കിയാല്‍ മതി,   കോടിയേരിയുടെ ഭൗതിക ശരീരം എകെജി സെന്‍ററില്‍ വച്ചില്ല എന്ന വിവാദം

ഡോക്ടര്‍മാരുമായും കുടുംബവുമായി ചര്‍ച്ച ചെയ്തെടുത്ത തീരുമാനമെന്ന് എം.വി. ഗോവിന്ദന്‍, സ്വപ്നയുടെ ആരോപണം. ആരോപണവിധേയര്‍ക്ക് നിയമനടപടി സ്വീകരിക്കാം

അക്കാര്യം അരോപണവിധേയര്‍ തീരുമാനിക്കട്ടെ.   

അതുകൊണ്ട് പാര്‍ട്ടിയില്‍ എന്തോ സംഭവിക്കുന്നുവെന്ന വിലയിരുത്തലിനൊന്നും തല്‍ക്കാലം സാധ്യതയില്ല.  മുഖ്യമന്ത്രി പാര്‍ട്ടിയേക്കാള്‍ വലിയ അധികാരകേന്ദ്രമായി മാറുന്നത് തിരിച്ചറിഞ്ഞ ഒരു തിരുത്തല്‍ ശബ്ദമൊന്നും പുറത്തും അകത്തും കേട്ടു തുടങ്ങിയിട്ടില്ല. പാര്‍ട്ടിക്ക് നഷ്ടപ്പെട്ട മേല്‍ക്കൈ തിരിച്ചു പിടിക്കാന്‍ ദുര്‍ബലമായെങ്കിലും ശ്രമങ്ങളുണ്ടാകാം. പക്ഷേ അതിപ്പോഴും ദുര്‍ബലം തന്നെയാണ്.  

മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരും ചെയ്യുന്നതെല്ലാം ശരിയായിരിക്കുമെന്ന വിധേയത്വഭാവത്തിലേക്ക് അണികളെയെത്തിച്ച പാര്‍ട്ടി നിസംഗത അവസാനിക്കുകയാണോ? അത് കണ്ടു തന്നെ അറിയണം. തല്‍ക്കാലം പാര്‍ട്ടി മിണ്ടിത്തുടങ്ങിയെന്നു പറയാം. ജനങ്ങള്‍ക്കു വേണ്ടി സംസാരിക്കാന്‍ പാര്‍ട്ടിക്കു ബാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞു തുടങ്ങിയെങ്കില്‍ നല്ലത്.  

MORE IN PARAYATHE VAYYA
SHOW MORE