വീഴ്ചകളുടെ പ്രവാഹം; തിരുത്തേണ്ടത് പൊലീസല്ല; കേരളത്തിന്റെ ആഭ്യന്തര മന്ത്രി

കേരളത്തിന്  ഒരു ആഭ്യന്തരമന്ത്രി വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തരമായി ആവശ്യപ്പെടണം.  പൊലീസ് അതിക്രമങ്ങളില്‍ നിന്ന് കേരളത്തിലെ മനുഷ്യരെ രക്ഷിക്കേണ്ടതാരാണ്? ഈ ചോദ്യത്തിനുത്തരം മുഖ്യമന്ത്രി പിണറായി വിജയനറിയില്ലെങ്കില്‍ പാര്‍ട്ടി ഒന്നു പറഞ്ഞു കൊടുക്കണം.  ഒറ്റപ്പെട്ട ഒരായിരം സംഭവങ്ങള്‍ ന്യായീകരിച്ചിട്ടും ആഭ്യന്തരഭരണം നേരെയാക്കാനാകുന്നില്ലെങ്കില്‍ സി.പി.എമ്മും കേരളം അര്‍പ്പിച്ച വിശ്വാസം അര്‍ഹിക്കുന്നില്ല. പൊലീസ് എന്നും അങ്ങനെയാണ്,  ശരിയാക്കാന്‍ സമയമെടുക്കുമെന്നും അടിയേറ്റു വീഴുന്ന മനുഷ്യരോടു പറയാനാവില്ല. പൊലീസ് ഇങ്ങനെയാകരുതെന്ന് ഇച്ഛാശക്തിയുള്ള ഒരു തീരുമാനമെടുത്താല്‍  ഒരാള്‍ക്കു നേരെയും അതിക്രമത്തിന് ഒരു പൊലീസുകാരനും ധൈര്യം കാണിക്കില്ല. പക്ഷേ അതിനാദ്യം പൊലീസിന്റെ മനോവീര്യത്തെക്കാള്‍ മനുഷ്യരുടെ നിസഹായത മനസിലാക്കാനാകുന്ന ഒരു മന്ത്രി ആഭ്യന്തരവകുപ്പിനുണ്ടാകണം. 

നടന്നതെന്താണെന്ന് സ്വയം ന്യായീകരിക്കാന്‍ പൊലീസ് പുറത്തു വിട്ട ദൃശ്യങ്ങളില്‍ നിന്നു തന്നെ  കേരളം കണ്ടു. പൊലീസ് സ്റ്റേഷനില്‍ ആദ്യം സൈനികന്റെ മുഖത്തടിക്കുന്നത് പൊലീസാണ്. വീണ്ടും ആക്രമണത്തിന് ശ്രമിക്കുമ്പോള്‍ സൈനികന്‍ പ്രതിരോധിക്കുന്നതും പിടിവലിയും തമ്മിലടിയുമാകുന്നതും ദൃശ്യങ്ങളില്‍ നിന്നു വ്യക്തമാണ്. പിന്നീടെന്തു സംഭവിച്ചുവെന്ന്  പൊലീസ് കാണിക്കുന്നില്ലെങ്കിലും സാമാന്യബോധമുള്ള ആര്‍ക്കും മനസിലാക്കാന്‍ പ്രയാസമില്ല.  ന്യായീകരണശ്രമം പാളിയെന്നു വ്യക്തമായതോടെ എസ്.ഐയുടെ ശബ്ദസന്ദേശവും പിന്നാലെയെത്തി. അതിക്രൂരമായി മര്‍ദനമേറ്റത് ഡിവൈഎഫ്ഐ പ്രവര്‍ത്തകനും സഹോദരനായ സൈനികനുമാണ്. രണ്ടാഴ്ചയോളം റിമാന്‍ഡും നടപടികളും കഴിഞ്ഞ് സഹോദരന്‍ ജയിലില്‍ നിന്നു പുറത്തിറങ്ങി മാധ്യമങ്ങള്‍ക്കു മുന്നിലെത്തും വരെ പൊലീസിന്റെ മര്‍ദനം മാത്രമല്ല,  തുടര്‍ന്നുണ്ടാക്കിയ കള്ളക്കേസും പുറത്തറിഞ്ഞപ്പോഴും പരമാവധി പൊലീസിനെ സംരക്ഷിച്ചു നിര്‍ത്താന്‍ ശ്രമം നടന്നു. ഗത്യന്തരമില്ലാതോടെ സ്ഥലംമാറ്റവും സസ്പെന്‍ഷനും നടപടിയായി എടുത്തു. ഇത് നടന്നത് കൊല്ലത്താണെങ്കില്‍ പാലക്കാടു നിന്ന് അടുത്തത്. മലപ്പുറത്ത് മറ്റൊരിടത്ത് വിദ്യാര്‍ഥികളെ മഫ്തിയില്‍ മര്‍ദിക്കുന്ന പൊലീസുകാര്‍. 

ഇതിനിടയില്‍ 10 കിലോ മാങ്ങ മോഷ്ടിച്ചതിനും 8 പവന്‍ സ്വര്‍ണം മോഷ്ടിച്ചതിനുമൊക്കെ പൊലീസുകാര്‍ അറസ്റ്റിലായിട്ടുണ്ട്.  വ്യക്തിപരമായ കുറ്റകൃത്യങ്ങളുടെ പേരില്‍ കേരളപൊലീസിനെ വിമര്‍ശിക്കേണ്ടതില്ല. എന്നാല്‍ നിസഹായരായ സാധാരണക്കാരുടെ നേരെ പൊലീസ് അതിക്രമങ്ങള്‍ ആവര്‍ത്തിക്കുന്നത്  ഒറ്റപ്പെട്ട സംഭവങ്ങളായി കണക്കാക്കാനാകില്ല. കേരളത്തിലെ പൊലീസിനെ നിയന്ത്രിക്കേണ്ടവര്‍ അതിനു തയാറാകുന്നില്ലെങ്കില്‍ ആ നിയന്ത്രണാധികാരം നല്‍കിയ ജനങ്ങള്‍ അവരെ തിരുത്താന്‍ തയാറാകണം. ആഭ്യന്തരമന്ത്രി പിണറായി വിജയന്‍ എന്നും എപ്പോഴും ആശങ്കപ്പെട്ടിട്ടുള്ളത് കേരളത്തിലെ ജനങ്ങളേക്കാള്‍ പൊലീസിന്റെ മനോവീര്യത്തെക്കുറിച്ചാണ് എന്ന് വീണ്ടും വീണ്ടും ഓര്‍മിപ്പിക്കുന്നുണ്ട്. പൊലീസിലെ ചിലര്‍ ഇടതുമുന്നണിയുടെ പൊലീസ് നയം പാലിക്കുന്നില്ലെന്നാണ് സി.പി.എമ്മിന്റെ തന്നെ ആരോപണം. പൊലീസിന്  മുന്നണിയുടെ രാഷ്ട്രീയനയം പാലിക്കാന്‍ ബാധ്യതയൊന്നുമില്ല. പക്ഷേ പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗമായ പൊലീസ് മന്ത്രിക്ക് അതുണ്ട്. ആഭ്യന്തരമന്ത്രി മുന്നണിയുടെ രാഷ്ട്രീയനയം മുന്‍നിര്‍ത്തിയാണോ പ്രവര്‍ത്തിക്കുന്നത്? അങ്ങനെയൊരു ചോദ്യമുന്നയിക്കാന്‍ തല്‍ക്കാലം മുന്നണിക്കോ പാര്‍ട്ടിക്കോ നിവൃത്തിയുമില്ല. മുന്നണിക്കെന്തു നയമുണ്ടായാലും പൊലീസ് എങ്ങനെ പ്രവര്‍ത്തിക്കണമെന്നു തീരുമാനിക്കുന്നത് ആഭ്യന്തരമന്ത്രിയാണ്. ആഭ്യന്തരമന്ത്രി മുന്നണിയുടെ രാഷ്ട്രീയനയം നടപ്പാക്കണമെന്നു തീരുമാനിച്ചിട്ടില്ലെന്നാണോ? അതോ ആഭ്യന്തരമന്ത്രിയുടെ തീരുമാനം വകുപ്പും പൊലീസും വകവയ്ക്കുന്നില്ലെന്നാണോ? 

 തിരുത്തേണ്ടത് കേരളത്തിലെ പൊലീസല്ല, ആഭ്യന്തരമന്ത്രിയാണ്. മനുഷ്യന്റെ അന്തസിനും അവകാശങ്ങള്‍ക്കും നേരെ കൈ പൊക്കാന്‍ ഒരു പൊലീസിനും അവകാശമില്ലെന്ന് ഒരു തവണ പറയേണ്ടതുപോലെ ആഭ്യന്തരമന്ത്രി ഒന്നു പറഞ്ഞു നോക്കണം. പൊലീസ് ഇടയ്ക്കിടെ കയറൂരിപ്പോകുന്നതിന് ആഭ്യന്തരമന്ത്രിയെ വിമര്‍ശിക്കുന്നത് രാഷ്ട്രീയദുഷ്ടലാക്കാണെന്ന് വിശ്വസിക്കുന്ന പാവങ്ങള്‍ ഇപ്പോഴും പാര്‍ട്ടിയിലുണ്ട്. അധികാരം സംഘടിതര്‍ക്കൊപ്പം നിന്ന് അവരുടെ മനോവീര്യമേറ്റാനല്ല. നിസഹായരായ സാധാരണ മനുഷ്യരെ പരിരക്ഷിക്കാനാണ് എന്നതാവണം പൊലീസ് നയം. നിലവിലെ ആഭ്യന്തരമന്ത്രി എന്നെങ്കിലും അങ്ങനെയൊരു നയം ഉറക്കെപ്പറഞ്ഞ് കേരളം കേട്ടിട്ടില്ല. ആഭ്യന്തരമന്ത്രി പിണറായി വിജയനെ വിമര്‍ശിക്കണോ പൊലീസിനെ വിമര്‍ശിച്ചാല്‍ മതിയോ എന്ന സംശയം തന്നെ സി.പി.എം എത്തിച്ചേര്‍ന്നിരിക്കുന്ന ദയനീയാവസ്ഥയുടെ പ്രകടനമാണ്. കേരളത്തിലെ കരുത്തുറ്റ ജനാധിപത്യബോധത്തിന് ആഭ്യന്തരമന്ത്രിയുടെ ആരാധകവൃന്ദം എല്‍പിക്കുന്ന പരുക്കും ചെറുതല്ല.  പതിയെ പതിയെ മാത്രമേ അതിന്റെ വേദന അറിഞ്ഞു തുടങ്ങുകയുള്ളൂവെന്നു മാത്രം.