വിദേശയാത്രയോ വിനോദയാത്രയോ?; കുടുംബവും കേരളത്തെ നയിക്കണോ?

parayathe-vayya
SHARE

കേരളത്തിനും സി.പി.എമ്മിനും കനത്ത നഷ്ടമായാണ് കോടിയേരി ബാലകൃഷ്ണന്‍റെ അകാല വിയോഗവാര്‍ത്തയെത്തിയത്. കടുത്ത രോഗാവസ്ഥയെ അതിജീവിച്ച് കോടിയേരി ജീവിതത്തിലേക്കു മടങ്ങിയെത്തുമെന്ന പ്രതീക്ഷ അസ്ഥാനത്തായി. അദ്ദേഹം വിട പറഞ്ഞു. കഴിഞ്ഞ ദിവസം കോടിയേരിയുടെ വിയോഗവേളയില്‍ ആദരമര്‍പ്പിച്ചവര്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് സി.പി.എം ഒരു വാര്‍ത്താക്കുറിപ്പ് പ്രസിദ്ധീകരിക്കുകയുണ്ടായി. അതില്‍ ഒരു കാര്യം പ്രത്യേകം എടുത്തു പറഞ്ഞിരുന്നു. ഡോക്ടര്‍മാരുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ ഭൗതികദേഹം നേരെ തലശേരിയിലേക്കു കൊണ്ടുപോയത്. തലസ്ഥാനത്ത് കോടിയേരിയുടെ പൊതുദര്‍ശനം ഒഴിവാക്കിയതില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കുള്ള വിശദീകരണമാണ് ഇത്. എന്തുകൊണ്ടാണ് സി.പി.എമ്മിന് അങ്ങനെയൊരു വിശദീകരണം പുറത്തിറക്കേണ്ടി വന്നത്? കോടിയേരി അര്‍ഹിക്കുന്ന നീതി പുലര്‍ത്തുന്നതില്‍ സി.പി.എമ്മിന് വീഴ്ച വന്നിട്ടുണ്ടോ? 

സി.പി.എമ്മിനും കേരളരാഷ്ട്രീയത്തിനും കനത്ത നഷ്ടമായാണ് കോടിയേരി ബാലകൃഷ്ണന്‍റെ അകാലവിയോഗവാര്‍ത്തയെത്തിയത്. രോഗത്തിന്റെ ഗുരുതരാവസ്ഥ നേരത്തെ തന്നെ അറിയാമായിരുന്നെങ്കിലും ചികില്‍സ ഫലപ്രദമായി അദ്ദേഹം തിരിച്ചെത്തുമെന്നായിരുന്നു പാര്‍ട്ടിയുടെയും സമൂഹത്തിന്റെയും പ്രതീക്ഷ. പക്ഷേ ഒക്ടോബര്‍ ഒന്നിനു വൈകിട്ട് ആ ദുഃഖവാര്‍ത്ത സ്ഥിരീകരിച്ചു. തനതായ, സൗമ്യമായ, മാനുഷികമായ നേതൃശൈലിയിലൂടെ രാഷ്ട്രീയഎതിര്‍പക്ഷത്തിനു പോലും സ്വീകാര്യനായ കോടിയേരി ബാലകൃഷ്ണന്‍ 69ാം വയസില്‍ വിടവാങ്ങി.  

കോടിയേരിയുടെ ഭൗതികശരീരം പിറ്റേന്ന് രാവിലെ നേരെ തലശേരിയിലേക്കു കൊണ്ടു വരുമെന്നും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ അറിയിച്ചു. രണ്ടാം തീയതി രാവിലെ 11 മണിയോടെ എയര്‍ആംബുലന്‍സ് മാര്‍ഗം കണ്ണൂരിലെത്തിക്കുമെന്നും തുടര്‍ന്ന് തലശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കുമെന്നും മൂന്നാം തീയതി വൈകിട്ട് 3 മണിക്ക് പയ്യാമ്പലത്ത് സംസ്കരിക്കുമെന്നും പാര്‍‍ട്ടി അറിയിച്ചു. രണ്ടാം തീയതി രാവിലെ എയര്‍ ആംബുലന്‍സ് 12.55ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തി. 12.20ന് തിരുവനന്തപുരം വിമാനത്തില്‍ കണ്ണൂരിലെത്തിയ മുഖ്യമന്ത്രി തന്നെ നേരിട്ട് അദ്ദേഹത്തിന്റെ ഭൗതികദേഹം ഏറ്റുവാങ്ങി. വിമാനത്താവളം മുതല്‍ തലശേരി ടൗണ്‍ ഹാള്‍ വരെയുള്ള 25.5 കിലോമീറ്റര്‍ ദൂരം ആയിരങ്ങള്‍ അണിനിരന്ന് കോടിയേരിക്ക് അന്ത്യാഭിവാദ്യം അര്‍പ്പിച്ചു. തലശേരി ടൗണ്‍ഹാളിലും 

അണ മുറിയാതെ ആയിരങ്ങള്‍ കോടിയേരിക്ക് ആദരാഞ്ജലി അര്‍പ്പിക്കാനെത്തി. രാത്രി വീട്ടിലേക്കു കൊണ്ടുപോയ ഭൗതികശരീരം മൂന്നാം തീയതി ജില്ലാകമ്മിറ്റി ഓഫിസില്‍ പൊതുദര്‍ശനത്തിനു ശേഷം പയ്യാമ്പലത്ത് പൂര്‍ണ ഔദ്യോഗികബഹുമതികളോടെ സംസ്കാരം നടന്നു. തുടര്‍ന്ന് ചേര്‍ന്ന അനുസ്മരണസമ്മേളനത്തില്‍ മുഖ്യമന്ത്രി വികാരാധീനനായി പ്രസംഗം പൂര്‍ത്തിയാക്കാനാകാതെ പ്രയാസപ്പെട്ടു.  

കേരളമങ്ങോളമിങ്ങോളം കോടിയേരിക്ക് അനുശോചനമര്‍പ്പിച്ചുകൊണ്ട് അനുശോചനയോഗങ്ങള്‍ ചേര്‍ന്നു. ഇപ്പോഴും യോഗങ്ങള്‍ തുടരുകയാണ്. കോടിയേരി ഇനിയില്ല എന്നതുള്‍ക്കൊള്ളാനാകാത്ത പാര്‍ട്ടി  അണികള്‍ ആ നഷ്ടത്തില്‍ നിന്ന് കരകയറാന്‍ പാടുപെടുകയാണ്.  

അത്രമേല്‍ വൈകാരികമായാണ് പാര്‍ട്ടി കോടിയേരിക്ക് അന്ത്യയാത്രയൊരുക്കിയത്. എന്നിട്ടും വിമര്‍ശനങ്ങളും സംശയങ്ങളും കടന്നു വന്നതെങ്ങനെയാണ്? പാര്‍ട്ടിക്ക് പല മട്ടില്‍ വിശദീകരണങ്ങള്‍ ആവര്‍ത്തിക്കേണ്ടി വരുന്നതെന്തുകൊണ്ടാണ്? കോടിയേരി ഇതിനേക്കാള്‍ വിശാലമായ ഒരു യാത്രയയപ്പ് അര്‍ഹിച്ചിരുന്നുവെന്ന് കരുതുന്നത് പാര്‍ട്ടിയുടെ വിമര്‍ശകര്‍ മാത്രമാണോ? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കിട്ടാന്‍ ചില വസ്തുതകള്‍ അല്‍പം കൂടി വിശദമായി പരിശോധിക്കേണ്ടതുണ്ട്.  

പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ തലസ്ഥാനത്തു നടന്ന അനുസ്മരണയോഗത്തിലാണ് ഈ വാക്കുകള്‍ പറഞ്ഞത്. തൊട്ടടുത്ത ദിവസം ചേര്‍ന്ന സി.പി.എം സംസ്ഥാനസെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം പ്രസിദ്ധീകരിച്ച വാര്‍ത്താക്കുറിപ്പില്‍ ഇങ്ങനെ പറയുന്നു. 

ചെന്നൈയില്‍ വച്ചാണ് സഖാവിന്റെ അന്ത്യമുണ്ടായത്. ദീര്‍ഘ നാളത്തെ രോഗാവസ്ഥ സഖാവിന്റെ ശരീരത്തെ ഏറെ ബാധിച്ചിരുന്നു. മരണശേഷവും ദീര്‍ഘമായ ഒരു യാത്ര അതുകൊണ്ടു തന്നെ ഒഴിവാക്കണമെന്ന നിര്‍ദേശമാണ് ഡോക്ടര്‍മാരില്‍ നിന്നുണ്ടായത്. അതിന്റെ അടിസ്ഥാനത്തിലാണ് ചെന്നൈയില്‍ നിന്ന് തലശേരിയിലേക്കും പിന്നീട് കണ്ണൂരിലേക്കും കൊണ്ടു പോകുന്നതിന് തീരുമാനമെടുത്തത്. അനുശോചനയോഗങ്ങളില്‍ സ്വന്തം അണികളോടും ഇക്കാര്യം ആവര്‍ത്തിച്ച് വിശദീകരിക്കാന്‍ സി.പി.എം തീരുമാനിച്ചത് ഉയര്‍ന്ന വിമര്‍ശനങ്ങളുടെ തോത് മനസിലാക്കിത്തന്നെയാണ്. ബിരുദപഠനകാലം മുതല്‍ പതിറ്റാണ്ടുകളായി  തിരുവനന്തപുരം കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ച നേതാവാണ് കോടിയേരി. കുടുംബവുമൊത്തു സ്ഥിരതാമസവും തിരുവനന്തപുരത്തായിരുന്നു. അതു മാത്രമല്ല, മരിക്കുന്നതിനു തൊട്ടുമുന്‍പുള്ള കാലം വരെ സി.പി.എം സംസ്ഥാനസെക്രട്ടറിയായി സി.പി.എം ആസ്ഥാനമന്ദിരത്തോടു ചേര്‍ന്ന പാര്‍ട്ടി ഫ്ലാറ്റിലായിരുന്നു കോടിയേരി താമസിച്ചിരുന്നത്. സ്വാഭാവികമായും ഭരണതലസ്ഥാനം കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ച നേതാവിന് തലസ്ഥാനത്ത് അന്ത്യദര്‍ശനത്തിനുള്ള സൗകര്യമൊരുക്കാതിരുന്നതെന്തുകൊണ്ട് എന്ന ചോദ്യത്തിന്റെ ഗൗരവം പാര്‍ട്ടിയും കാണുന്നുണ്ട് എന്നു വ്യക്തം. ദീര്‍ഘകാലത്തെ അനാരോഗ്യവും കടുത്ത ചികില്‍സാരീതികളും കണക്കിലെടുക്കുമ്പോള്‍ ഭൗതികശരീരത്തിന്റെ അവസ്ഥ മോശമായിരിക്കുമെന്ന് വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രത്യേകിച്ചും അവസാനദിവസങ്ങളില്‍  പനിയും അണുബാധയും കൂടിയുണ്ടായിരുന്നുവെന്നതു പരിഗണിക്കുമ്പോള്‍ എംബാം ചെയ്തതാണെങ്കില്‍ പോലും ഭൗതികശരീരത്തിന് മതിയായ പരിരക്ഷ ആവശ്യമാണെന്നും ഫോറന്‍സിക് വിദഗ്ധര്‍ പറയുന്നു. എന്തായാലും ശനിയാഴ്ച രാത്രി മരണം സ്ഥിരീകരിച്ച ശേഷം തിങ്കളാഴ്ച വൈകിട്ടാണ് സംസ്കാരം നടത്താന്‍ തീരുമാനിച്ചത്. ഈ സമയക്രമത്തിനുള്ളില്‍ തന്നെ എയര്‍ ആംബുലന്‍സ് മാര്‍ഗം തിരുവനന്തപുരത്തും ഒരു പാതിദിവസമെങ്കിലും അന്ത്യദര്‍നമൊരുക്കാമായിരുന്നില്ലേ എന്ന ചോദ്യം  നിലനില്‍ക്കും. അദ്ദേഹത്തിന്റെ കുടുംബത്തിനും തിരുവനന്തപുരത്ത് കൊണ്ടു പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അതിനിര്‍ണായകഘട്ടത്തില്‍ പാര്‍ട്ടിയെ നയിച്ച, തുടര്‍ഭരണചരിത്രത്തില്‍ ഏറ്റവും പ്രധാന പങ്കു വഹിച്ച കോടിയേരിയുടെ അന്ത്യയാത്രയുടെ കാര്യത്തില്‍ സി.പി.എം മനഃപൂര്‍വം എന്തെങ്കിലും ഉദാസീനത കാണിച്ചുവെന്ന് ആര്‍ക്കും പറയാനാകില്ല. അത്രമേല്‍ വികാരഭരിതമായിരുന്നു പാര്‍ട്ടി സഖാക്കളുടെ അവസ്ഥയും. പക്ഷേ തലസ്ഥാനത്തേക്കു കൊണ്ടു വരാതിരുന്നതില്‍ മാത്രമല്ല, അന്ത്യയാത്രയുടെ പേരിലും  പാര്‍ട്ടിക്ക് അസാധാരണമായ വിശദീകരണം നടത്തേണ്ടി  വന്നു. കോടിയേരി അര്‍ഹിക്കുന്ന ആദരമര്‍പ്പിക്കാന്‍ അവസരമൊരുക്കുന്നതിനേക്കാള്‍ പറഞ്ഞ സമയം പാലിക്കുന്നതിലായിരുന്നു പാര്‍ട്ടിയുടെ ശ്രദ്ധയെന്ന് പറയാതിരിക്കാനാവില്ല.  

രണ്ടാം തീയതി ഒരു മണിക്കു ശേഷം കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നു പുറപ്പെട്ട വിലാപയാത്രയില്‍ കോടിയേരിക്ക് ആദരമര്‍പ്പിക്കാനായി ആയിരക്കണക്കിനാളുകള്‍ പാര്‍ട്ടി പ്രഖ്യാപിച്ച കേന്ദ്രങ്ങളില്‍ തടിച്ചു കൂടിയിരുന്നു. മട്ടന്നൂര്‍, കതിരൂര്‍, തൊക്കിലങ്ങാടി,  കൂത്തുപറമ്പ് തുടങ്ങി വന്‍ജനക്കൂട്ടമുണ്ടായിരുന്ന പോയന്റുകളില്‍ പോലും കൂടുതല്‍ സമയം നിര്‍ത്താതെ 3.15ന് തന്നെ ഭൗതികശരീരം തലശേരി ടൗണ്‍ഹാളില്‍ എത്തിച്ചു. രാത്രി 10 മണി വരെ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാക്കളും പൊതുദര്‍ശനത്തിന് സാക്ഷ്യം വഹിച്ചു. തുടര്‍ന്ന് ഭൗതികശരീരം വീട്ടിലേക്കു കൊണ്ടു പോയി. മൂന്നാം തീയതി രാവിലെ കൃത്യം 10 മണിക്കു തന്നെ അന്ത്യയാത്ര വീട്ടില്‍ നിന്ന് കണ്ണൂര്‍ ജില്ലാകമ്മിറ്റി ഓഫിസിലേക്കു കൊണ്ടു പോയി. 25 കിലോമീറ്റര്‍ ദൂരം പിന്നിട്ട് 11.40ന് ജില്ലാകമ്മിറ്റി ഓഫിസായ അഴീക്കോടന്‍ സ്മാരകമന്ദിരത്തിലെത്തിച്ചു. ദേശീയനേതാക്കളും പ്രതിപക്ഷനേതാക്കളുമടക്കം ഒട്ടേറെ പേര്‍ ആദരാഞ്ജലി അര്‍പ്പിച്ചത് ഇവിടെയാണ്. നേരത്തെ അറിയിച്ചിരുന്ന സമയപ്രകാരം കൃത്യം 2 മണിക്കു തന്നെ ജില്ലാകമ്മിറ്റി ഓഫിസില്‍ നിന്ന് ഭൗതികശരീരം പയ്യാമ്പലത്തേക്കു കൊണ്ടുപോകാന്‍ വിലാപയാത്ര തുടങ്ങി. മൂന്നു മണിക്ക് നടക്കുമെന്നറിയിച്ച സംസ്കാരം ഔദ്യോഗികബഹുമതികളെല്ലാം പൂര്‍ത്തിയാക്കി 3.40ന്  നടന്നു. കോടിയേരിയുടെ മക്കളായ ബിനോയ്‍യും ബിനീഷും ചേര്‍ന്ന് ചിതയ്ക്ക് തീ കൊളുത്തി. 

5 മണിയോടെ അനുസ്മരണസമ്മേളനം പൂര്‍ത്തിയാക്കി നേതാക്കള്‍ പിരിഞ്ഞു. നേരത്തേ പ്രഖ്യാപിച്ച സമയക്രമത്തിനുള്ളില്‍ കൃത്യമായി തന്നെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് തികഞ്ഞ അച്ചടക്കത്തോടെ ക്രമീകരണങ്ങളോട് സഹകരിക്കാന്‍ ജനങ്ങള്‍ സന്നദ്ധമായതുകൊണ്ടാണ് എന്ന് സംസ്ഥാനസെക്രട്ടറിയേറ്റിന്റെ വാര്‍ത്താക്കുറിപ്പില്‍ എടുത്തു പറയുന്നുണ്ട്.  കണ്ണൂര്‍ ജില്ലാകമ്മിറ്റിയുടെ വാര്‍ത്താക്കുറിപ്പില്‍ രാവിലെ മുതല്‍ ജനങ്ങള്‍ ഒഴുകിയെത്തിയെന്നും മൃതദേഹം എടുക്കേണ്ട സമയമായ 2 മണിക്കു ശേഷവും ക്യൂ അവസാനിച്ചിരുന്നില്ലെന്നും പ്രത്യേകം വിശദീകരിക്കുന്നുണ്ട്. ക്യൂവില്‍ കാത്തുനിന്നവരോട് റോഡിന്റെ ഇരുവശത്തും അണിനിരന്നാല്‍ വാഹനത്തില്‍ നിന്നു കാണാമെന്ന് ജില്ലാസെക്രട്ടറി അഭ്യര്‍ഥിച്ചതിനെത്തുടര്‍ന്നാണ് വിലാപയാത്ര ആരംഭിച്ചതെന്നും വിശദീകരിക്കുന്നു. ഈ തിടുക്കത്തിന്റെ കാരണമെന്തായിരുന്നുവെന്നു കൂടി പാര്‍ട്ടിക്കു വിശദീകരിക്കാനാകുമോ? മിനിറ്റുകള്‍ പോലും അങ്ങോട്ടോ ഇങ്ങോട്ടോ മാറാതെ പ്രിയപ്പെട്ട നേതാവിന് അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയവര്‍ക്കു മുന്നില്‍ കാര്‍ക്കശ്യം കാണിച്ചതെന്തിനാണ്? അന്ത്യനിമിഷങ്ങളിലെ ആദരവിനേക്കാള്‍ സമയക്രമം പാലിക്കാന്‍ വെപ്രാളപ്പെട്ടത് എന്തിനു വേണ്ടിയാണ്? തലശേരി ടൗണ്‍ഹാളില്‍ ആറേ മുക്കാല്‍ മണിക്കൂറും പിറ്റേദിവസം ജില്ലാകമ്മിറ്റി ഓഫിസില്‍ രണ്ടേകാല്‍ മണിക്കൂറുമായി 10 മണിക്കൂര്‍ മാത്രം പൊതുദര്‍ശനത്തിനും ആദരാഞ്ജലിക്കും സമയം നിശ്ചയിച്ചത് ഏതു തിടുക്കത്തിലാണ്?  

അലോസമുണ്ടാക്കുന്ന ചോദ്യങ്ങളാണ്, മനഃസാക്ഷി സമ്മതിക്കുമെങ്കില്‍ ആര്‍ക്കും അവഗണിക്കാം. ചോദിക്കുന്നവരെ ആക്രമിച്ച് നിശബ്ദരാക്കാനും എളുപ്പമാണ്. പക്ഷേ പിന്നീടുണ്ടായ അനൗചിത്യങ്ങള്‍ ചോദിക്കാതിരിക്കാനാവില്ല. മാറ്റിവച്ച വിദേശയാത്ര പുറപ്പെടുന്നതിലും കൂടെയാരൊക്കെയുണ്ട് എന്നതിലും മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തോടു മറുപടി പറയേണ്ട ഒട്ടേറേ ചോദ്യങ്ങളുണ്ട്. വിനോദയാത്രയല്ല വിദേശയാത്രയെന്നു സമര്‍ഥിക്കുന്ന പാര്‍ട്ടിയും മറുപടി പറയണം, കേരളത്തിന്റെ വികസനം തീരുമാനിക്കുന്നതില്‍ മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ പങ്കെന്താണ്?  

ഒക്ടോബര്‍ മൂന്നിന് കോടിയേരിയുടെ സംസ്കാരച്ചടങ്ങുകള്‍ കഴിഞ്ഞയുടന്‍ 5.15ന് മടങ്ങിയ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്നു തന്നെ വിദേശയാത്രയ്ക്ക് പുറപ്പെടുകയാണെന്ന് ഔദ്യോഗികമായ ഒരു പ്രഖ്യാപനവും ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രിയുടെ ഓരോ ദിവസത്തെയും പരിപാടി കൃത്യമായി പ്രസിദ്ധീകരിക്കുന്ന ഓഫിസും ഇക്കാര്യത്തില്‍ പൂര്‍ണമൗനം പാലിച്ചു. 7.15ന് കണ്ണൂര്‍ വിമാനത്താവളത്തിലേക്കു പുറപ്പെട്ട മുഖ്യമന്ത്രി 8.20ന് സ്വകാര്യവ്യവസായഗ്രൂപ്പിന്റെ ഹെലികോപ്റ്ററില്‍ 8.20ന് കൊച്ചിയിലേക്കു പുറപ്പെട്ടു. ആ ഹെലികോപ്റ്ററില്‍ മുഖ്യമന്ത്രിയെ കൂടാതെ 4 യാത്രക്കാരാണ് ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ ഭാര്യ, മകള്‍, കൊച്ചുമകന്‍, പേഴ്സണല്‍ സ്റ്റാഫ് അംഗം. 9.20ന് കൊച്ചി വിമാനത്താവളത്തിലിറങ്ങിയ ശേഷം പുലര്‍ച്ചെ 3 മണിക്ക്  ദോഹ വഴി അദ്ദേഹവും കുടുംബവും നോര്‍വേയിലേക്കു പുറപ്പെട്ടു. മുഖ്യമന്ത്രിക്കും കുടുംബത്തിനും സഞ്ചരിക്കാന്‍ സ്വകാര്യഹെലികോപ്റ്റര്‍ സര്‍ക്കാര്‍ വാടകയ്ക്കെടുത്തതാണോ? സാധാരണ നിരക്കനുസരിച്ച്  കണ്ണൂരില്‍ നിന്ന് കൊച്ചി വിമാനത്താവളത്തിലേക്ക് ഒരു ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കാന്‍ അഞ്ചര ലക്ഷം രൂപയാണ് ചെലവ്. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഗ്രൗണ്ട് ഹാന്‍ഡ്‍ലിങ് ചാര്‍ജടക്കം എല്ലാ നിരക്കുകളും അടച്ചിരിക്കുന്നത് സ്വകാര്യവ്യവസായ ഗ്രൂപ്പിന്റെ പേരിലാണ്. സര്‍ക്കാര്‍ ചെലവിലാണ് ആ യാത്രയെങ്കില്‍ മുഖ്യമന്ത്രിയുടെ മകളും കൊച്ചുമകനുമടക്കം ആ യാത്രയില്‍ പങ്കാളികളായത് അധികാരദുര്‍വിനിയോഗമല്ലേ?. അതല്ല, യാത്ര സൗജന്യമായിരുന്നുവെങ്കില്‍ കേരളത്തിന്റെ മുഖ്യമന്ത്രി സ്വകാര്യസംരംഭകരുടെ സൗജന്യം സ്വീകരിക്കുന്നതും അധികാരദുര്‍വിനിയോഗമല്ലേ?  

രണ്ടാഴ്ച നീളുന്ന വിദേശയാത്രയിലും മുഖ്യമന്ത്രിക്കൊപ്പം കുടുംബവുമുണ്ട്. ഭരണാധികാരികളുടെ ജീവിതപങ്കാളികള്‍ വിദേശയാത്രകളില്‍ അനുഗമിക്കുന്നത് സാധാരണയാണ്. പക്ഷേ മകളും കൊച്ചുമകനുമായി രണ്ടാഴ്ച നീളുന്ന വിദേശയാത്ര ഔദ്യോഗികയാത്രയാണോ വിനോദയാത്രയാണോ? സകുടുംബം വിനോദയാത്രയ്ക്കു കൂടി  അവസരമൊരുക്കുന്നത് അധികാരദുര്‍വിനിയോഗമല്ലേ എന്നൊരു ചോദ്യം ചോദിക്കാന്‍ ഇന്ന് ഈ പാര്‍ട്ടിയില്‍ ഒരാളെങ്കിലും ശേഷിക്കുന്നുണ്ടോ? അതോ പിണറായി വിജയന്‍ ചെയ്യുന്നതെല്ലാം ശരിയായിരിക്കും എന്ന വിധേയത്വം പുതിയ ന്യായീകരണവാദങ്ങള്‍ ചമയ്ക്കുമോ? 

കോടിയേരിയുടെ അവിചാരിതവിയോഗം അറിഞ്ഞയുടന്‍ മുഖ്യമന്ത്രി വിദേശയാത്ര നീട്ടിവയ്ക്കുകയും ആദ്യാവസാനം അന്ത്യോപചാരചടങ്ങുകള്‍ക്ക് നേരിട്ട് നേതൃത്വം നല്‍കുകയും ചെയ്തു. തുടര്‍ന്ന് സംസ്കാരം കഴിഞ്ഞയുടന്‍ അദ്ദേഹം വിദേശയാത്ര പുറപ്പെട്ടതിനെയും വിമര്‍ശിക്കാനാകില്ല. കാരണം ഔദ്യോഗികചുമതലകളും മുഖ്യമന്ത്രിക്കു പ്രധാനമായിരിക്കണം. പക്ഷേ സകുടുംബം നടത്തിയ സ്വകാര്യഹെലികോപ്റ്റര്‍ യാത്രയും വിദേശസന്ദര്‍ശനവും ന്യായീകരിക്കുന്നത് ഏതു വാദമുഖം ഉന്നയിച്ചുകൊണ്ടാണ്? മുഖ്യമന്ത്രിയുടെ ഔദ്യോഗികപദവിയ്ക്ക് ലഭിക്കുന്ന അവകാശാധികാരങ്ങളില്‍ തീര്‍ത്തും സ്വകാര്യവ്യക്തികളായ അദ്ദേഹത്തിന്റെ മകളും കൊച്ചുമകനും പങ്കാളികളാകുന്നത് എങ്ങനെയാണ്? 

ഇതിലൊന്നും ഒരു പങ്കാളിത്തവുമില്ലെന്ന് മുഖ്യമന്ത്രി പറയുന്ന അദ്ദേഹത്തിന്റെ കുടുംബമാണ് നോര്‍വേ പാര്‍ലമെന്റിലും നൊബേല്‍ പീസ് സെന്ററിലുമെല്ലാം മുഖ്യമന്ത്രിയുടെ ഔദ്യോഗികസംഘത്തോടൊപ്പം നില്‍ക്കുന്നത്. മകളും കുടുംബവും വിനോദയാത്രയിലാണെങ്കില്‍ അതിന് മുഖ്യമന്ത്രിയുടെ ഔദ്യോഗികപദവിയുടെ പ്രത്യേക അവകാശങ്ങളും അധികാരങ്ങളും ഉപയോഗപ്പെടുത്തുന്നത് എന്തടിസ്ഥാനത്തിലാണ്? ഇതിനു മുന്‍പും ഇത്തരത്തില്‍ ചോദ്യങ്ങളുയര്‍ന്നപ്പോള്‍ സര്‍ക്കാര്‍ തന്നെ നിയമസഭയില്‍ നില്‍കിയിട്ടുള്ള ഒരു ഉത്തരമുണ്ട്. വിദേശയാത്രയില്‍ അനുഗമിച്ച  മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ യാത്രായിനത്തില്‍ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. വിമാനടിക്കറ്റ് കുടുംബം തന്നെ വഹിച്ചേ പറ്റൂ. അതല്ലാതൊരു വകുപ്പ് നിലവിലില്ല. പക്ഷേ 10 ദിവസത്തോളമുള്ള വിദേശയാത്രയ്ക്കിടെ അവിടെയുള്ള യാത്രാച്ചെലവുകള്‍, താമസ–ഭക്ഷണച്ചെലവുകള്‍ വിനോദസഞ്ചാരചെലവുകള്‍ ഇതൊക്കെ പ്രത്യേകമായി വ്യക്തികളില്‍ നിന്ന് ഈടാക്കുന്നുണ്ടോ? അതു മാത്രമല്ല, ഇത്തരം ശൈലി നല്‍കുന്ന സന്ദേശമെന്താണ്? മറ്റേതെങ്കിലുമൊരു പ്രതിപക്ഷനേതാവോ കേന്ദ്രമന്ത്രിയോ ആണ് ഇങ്ങനെ ചെയ്തതെങ്കില്‍ സി.പി.എമ്മും ഇടതുപക്ഷവും എങ്ങനെയെല്ലാം വിമര്‍ശിക്കുമായിരുന്നു?  

മുഖ്യമന്ത്രിയോട് ഈ ചെയ്യുന്നത് ശരിയാണോ എന്ന് ആരും ചോദിക്കില്ലെന്ന് മുഖ്യമന്ത്രിക്കറിയാം. ആരും ചോദിക്കുന്നില്ലെങ്കില്‍ ശരിയോ തെറ്റോ എന്നത് പ്രശ്നമേയല്ലെന്ന് മുഖ്യമന്ത്രി നിരന്തരം തെളിയിക്കുന്നുമുണ്ട്. പക്ഷേ കേരളത്തിന്റെ മുഖ്യമന്ത്രിയുടെ ഔദ്യോഗികപദവി നിര്‍വഹണം സുതാര്യവും സ്വജനപക്ഷപാതരഹിതവുമായിരിക്കാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അവകാശമുണ്ട്. അധികാരദുര്‍വിനിയോഗമെന്ന് എവിടെ സംശയം വന്നാലും അത്  തെറ്റാണെന്നു പറയാന്‍ പാര്‍ട്ടിക്ക് ധൈര്യമില്ലെങ്കില്‍ ജനങ്ങള്‍ക്ക് അതുണ്ടാകണം. 

MORE IN PARAYATHE VAYYA
SHOW MORE