ഇത് ന്യൂനപക്ഷ രാഷ്ട്രീയമല്ല; തീവ്രവാദ രാഷ്ട്രീയം; പ്രതിരോധിച്ചേ പറ്റൂ

parayathe-vayya
SHARE

പോപ്പുലര്‍ ഫ്രണ്ടിനെതിരെ മോദി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ തീവ്രവാദത്തിനെതിരായ പോരാട്ടമാണോ, ന്യൂനപക്ഷവിരുദ്ധതയാണോ? കോടതിരേഖകളിലൂടെ കേന്ദ്രഏജന്‍സികള്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്ന വിവരങ്ങള്‍ ഗുരുതരമായ ആരോപണങ്ങളാണ്. പക്ഷേ സംഘടനയ്ക്കെതിരെ കാലങ്ങളായി തുടരുന്ന വേട്ടയാണ് ഇപ്പോള്‍ ലക്ഷ്യം കാണുന്നതെന്ന് പോപ്പുലര്‍ ഫ്രണ്ട് ആരോപിക്കുന്നു. കേരളത്തിന് ഈ തര്‍ക്കത്തില്‍ ഒരു അനുഭവസാക്ഷ്യമുണ്ടോ? പോപ്പുലര്‍ ഫ്രണ്ട്  അര്‍ഹിക്കുന്നത് കര്‍ശനനിയമനടപടിയോ ന്യൂനപക്ഷരാഷ്ട്രീയത്തിന്റെ ആനുകൂല്യമോ?

പ്രധാനമന്ത്രിയെ വധിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ഗൂഢാലോചന നടത്തിയെന്ന ഗുരുതരമായ ആരോപണം വരെ കോടതിയിലെത്തിക്കഴിഞ്ഞു.  കേരളത്തില്‍നിന്ന് അറസ്റ്റിലായ ഷെഫീക്കിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഈ ഗുരുതരമായ ആരോപണം. ഈ വര്‍ഷം  ജൂലൈ 12ന് പട്നയിലെ റാലിക്കിടെ ആക്രമിക്കാനായിരുന്നു ആസൂത്രണമെന്ന് ഇ.ഡി. ആരോപിക്കുന്നു.  ഹവാല ഇടപാടിലൂടെ പോപ്പുലര്‍ ഫ്രണ്ട് 120 കോടി സമാഹരിച്ചെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ആരോപണമുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന് തീവ്രവാദ ബന്ധമുണ്ടെന്നത് ഉള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് എൻഐഎ ഉന്നയിച്ചിട്ടുള്ളത്. കേരളത്തിലെ പ്രമുഖരെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടെന്നും എന്‍.ഐ.എ ആരോപിക്കുന്നു.  കൊച്ചിയില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളില്‍ യുഎപിഎയിലെ വിവിധ വകുപ്പുകളും  പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്. യുവാക്കളെ അല്‍ഖ്വയ്ദ, ലഷ്‌കര്‍ ഇ തെയ്ബ, ഐ.എസ് പോലുള്ള തീവ്രവാദ സംഘടനകളില്‍ ചേരാനും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങൾക്കും പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ പ്രേരിപ്പിച്ചുവെന്ന് എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയിൽ ഇസ്ലാമിക ഭരണം  സ്ഥാപിക്കാൻ  പോപ്പുലർ ഫ്രണ്ട് ഗൂഢാലോചന നടത്തി. പ്രതികളിൽ നിന്നും മൊബൈൽ ഫോണടക്കമുള്ള ഡിജിറ്റൽ തെളിവുകൾ പിടിച്ചെടുത്തതായി NIA കോടതിയിൽ അവകാശപ്പെട്ടിട്ടുണ്ട്. ഭീകരതയിലൂടെ രാജ്യത്ത് സമാന്തര നീതിവ്യവസ്ഥ സ്ഥാപിക്കാനുള്ള ശ്രമമാണ് അറസ്റ്റിലായവര്‍ സമാന്തരമായി നടത്തിക്കൊണ്ടിരിക്കുന്നതെന്നാണ് കേന്ദ്ര ഏജന്‍സികള്‍ ഒരേ ശബ്ദത്തില്‍ കോടതിയില്‍ ഉന്നയിച്ചിരിക്കുന്നത്. ഭരണകൂടനയങ്ങളെക്കുറിച്ച് തെറ്റിദ്ധാരണ പരത്തി ഭീകരത സൃഷ്ടിക്കാന്‍ നിരന്തരം ശ്രമം നടത്തിയെന്നും കുറ്റാരോപണത്തിലുണ്ട്. പ്രഫ. ടി.ജെ.ജോസഫിന്റെ കൈപ്പത്തി വെട്ടിയത്, മറ്റു മതസംഘടനകളിലെ അംഗങ്ങള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങള്‍, സ്ഫോടകവസ്തുക്കളുടെ ശേഖരണം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ നടപടികളിലൂടെ ജനങ്ങളുെട മനസില്‍ ഭീതി വിതയ്ക്കുന്ന സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട് എന്നാണ് എന്‍.ഐ.എ കോടതിയില്‍ ഉന്നയിച്ചിരിക്കുന്നത്. 

ഇത്രയും ഭീകരപ്രവര്‍ത്തനങ്ങള്‍ ആരോപിക്കപ്പെടുന്ന സംഘടനയെ കേന്ദ്രസര്‍ക്കാര്‍ നിരോധിക്കാന്‍ വൈകുന്നതെന്തുകൊണ്ടാണ്? 

ആ ചോദ്യത്തിനും ഇന്നേവരെ കേന്ദ്രഭരണകക്ഷി തൃപ്തികരമായ  ഉത്തരം നല്‍കിയിട്ടില്ല. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചാല്‍ മറ്റു പേരുകളില്‍ അവര്‍ തിരിച്ചുവരുമെന്ന് ഒരു ന്യായം. നിരോധിക്കാന്‍ നിയമപരമായി പഴുതുകളില്ലാത്ത പദ്ധതി തയാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് മറുന്യായം. അതിനിടെ കേരളം കണ്ടുകൊണ്ടിരിക്കുന്നോ, ആര്‍.എസ്.എസും പോപ്പുലര്‍ ഫ്രണ്ടും അന്യോന്യം നടത്തുന്ന രാഷ്ട്രീയകൊലപാതകങ്ങളും അക്രമങ്ങളും. ആര്‍.എസ്.എസിന്റെ രാഷ്ട്രീയവളര്‍ച്ചയ്ക്കും ധ്രുവീകരണത്തിനും പോപ്പുലര്‍ ഫ്രണ്ട് ഇപ്പുറത്തുണ്ടാകണമെന്നതാണ് യഥാര്‍ഥ കാരണമെന്നു ചൂണ്ടിക്കാണിക്കുന്ന രാഷ്ട്രീയവിശകലനങ്ങളും ഏറെയുണ്ട്. വര്‍ഗീയധ്രുവീകരണത്തിന് പരസ്പരം പോഷകശക്തികളായി പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.എസിനെയും പോപ്പുലര്‍ ഫ്രണ്ടിനെയുമാണ് കേരളം കണ്ടുപോരുന്നത്. 

കേന്ദ്രസര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനുള്ള നടപടികളിലേക്കു നീങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കര്‍ണാടക, അസം സംസ്ഥാനങ്ങള്‍ നിരോധനമെന്ന ആവശ്യം ഉന്നയിച്ചു കഴിഞ്ഞു. 2017ല്‍ തന്നെ സംഘടനയെ നിരോധിക്കാന്‍ എന്‍.ഐ.എ ശ്രമം നടത്തിയിരുന്നു. പക്ഷേ നിരോധിക്കും നിരോധിക്കും എന്നു പറയുന്നതല്ലാതെ ഇന്നേ വരെ കര്‍ശനനടപടിയിലേക്ക് കേന്ദ്രം നീങ്ങിയിട്ടില്ല. 

എൻഐഎയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ യുഎപിഎയുടെ 35ആം വകുപ്പ് പ്രകാരം ഭീകരബന്ധം ചൂണ്ടിക്കാട്ടി പിഎഫ്ഐ നിരോധിക്കുന്നതിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനമെടുക്കുമെന്നു മാത്രമാണ് ബി.ജെ.പിയുടെ ന്യായീകരണം.  റെയ്ഡിന് പിന്നാലെ കേരളത്തിലും തമിഴ്നാട്ടിലും പിഎഫ്ഐ നടത്തിയ അക്രമ സംഭവങ്ങളുടെ വിശദാംശങ്ങളും കേന്ദ്ര ഏജൻസികൾ പരിശോധിക്കുന്നുണ്ട്. നിരോധനമല്ല രാഷ്ട്രീയ–സാമുദായിക ധ്രുവീകരണത്തെയും തീവ്രവാദത്തെയും നേരിടാനുള്ള ശരിയായ മാര്‍ഗമെന്ന് ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്. പക്ഷേ വര്‍ഗീയത തിരഞ്ഞെടുപ്പു വിജയത്തിനുള്ള കുറുക്കവഴിയിലെ ഇന്ധനം മാത്രമായി കാണുന്ന കേന്ദ്രഭരണകക്ഷിക്ക്  എല്ലാ നടപടികളും തിരഞ്ഞെടുപ്പ് മുദ്രാവാക്യം മാത്രമാണ്. ഭൂരിപക്ഷധ്രുവീകരണം മാത്രം ലക്ഷ്യം വയ്ക്കുന്ന ആര്‍.എസ്.എസിനും ബി.ജെ.പിക്കും പോപ്പുലര്‍ ഫ്രണ്ട് നല്‍കുന്ന പരസ്പരസഹായം വളരെ വലുതാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളെ ചൂണ്ടിയാണ് ദക്ഷിണേന്ത്യയില്‍ ബി.ജെ.പി. ന്യൂനപക്ഷങ്ങള്‍ക്കെതിരെ വന്‍തോതില്‍ രാഷ്ട്രീയ പ്രചാരണം നടത്തുന്നത്. 

പോപ്പുലര്‍ ഫ്രണ്ട് അതിതീവ്രമായ പ്രചാരണവും പ്രവര്‍ത്തനവും നടത്തിയിട്ടും കേരളത്തിലെ മുസ്‍ലിംസമൂഹം പോപ്പുലര്‍ ഫ്രണ്ടിന് സ്വീകാര്യത നല്കിയില്ല.  പോപ്പുലര്‍ ഫ്രണ്ടിനെ പ്രതിരോധിച്ചത്  മതനിരപേക്ഷതയെ ബഹുമാനിക്കുന്ന മുസ്‍ലിംസമൂഹം തന്നെയാണ്. വീണുപോകാന്‍ മതിയായ വൈകാരികപ്രലോഭനങ്ങളുയര‍്ത്തിയിട്ടും കേരളത്തിലെ ന്യൂനപക്ഷം പോപ്പുലര്‍ ഫ്രണ്ടിനെ അകറ്റി നിര്‍ത്തി. ആര്‍.എസ്.എസിനെ പോലെ തന്നെ അകറ്റിനിര്‍ത്തേണ്ട രാഷ്ട്രീയലക്ഷ്യങ്ങളാണ് പോപ്പുലര്‍ ഫ്രണ്ടും ഉയര്‍ത്തുന്നതെന്ന് ആദ്യം തിരിച്ചറിഞ്ഞത് കേരളത്തിലെ ന്യൂനപക്ഷങ്ങളാണ്. കേരളത്തിലെ മുസ്‍ലിം സംഘടനകളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ പോലും എസ്.ഡി.പി.ഐയോ പോപ്പുലര്‍ ഫ്രണ്ടോ ഇല്ല. എന്നിട്ടും ജനാധിപത്യമുഖംമൂടിയായ എസ്.ഡി.പി.ഐയിലൂടെ ചില പ്രാദേശിക ഭരണകൂടങ്ങളില്‍ സ്വാധീനശക്തിയാകാന്‍ അവര്‍ക്കു കഴിഞ്ഞത് കേരളത്തിലെ മുഖ്യധാരാരാഷ്ട്രീയപാര്‍ട്ടികളുടെ കപടരാഷ്ട്രീയനിലപാടുകള്‍ കാരണമാണ്. 

എന്‍.ഡി.എഫിന്റ പില്‍ക്കാല രൂപമാണ് പോപ്പുലര്‍ ഫ്രണ്ട് ഒാഫ് ഇന്ത്യ. നീതിയും സ്വാതന്ത്ര്യവും സുരക്ഷയും എല്ലാവര്‍ക്കും ലഭിക്കുന്ന സമത്വസമൂഹം സ്ഥാപിക്കുക എന്നതാണ് ഉയര്‍ത്തിപ്പിടിക്കുന്ന മുദ്രാവാക്യമെങ്കിലും തീവ്രമായ നിലപാടുകളുടെയും പ്രവര്‍ത്തനങ്ങളുടെയും പേരില്‍ ന്യൂനരാഷ്ട്രീയത്തെയാകെ പ്രതിക്കൂട്ടില്‍ കയറ്റുകയാണ് പ്രവര്‍ത്തനചരിത്രം. പ്രവാചകനെ അവഹേളിച്ചു എന്നാരോപിച്ച് അധ്യാപകന്റെ കൈവെട്ടി മാറ്റിയ രാഷ്ട്രീയമാണത്. മഹാരാജാസിലെ അഭിമന്യുവിന്റെ കൊലപാതകമടക്കം കഴിഞ്ഞ പതിറ്റാണ്ടില്‍ ഏറ്റവും കൂടുതല്‍ രാഷ്ട്രീയകൊലപാതകങ്ങള്‍ നടത്തിയ ഒരു പ്രസ്ഥാനം കൂടിയാണ് പോപ്പുലര്‍ ഫ്രണ്ട്. ഏറ്റവുമൊടുവില്‍ ആലപ്പുഴയിലും പാലക്കാടും ആവര്‍ത്തിക്കപ്പെട്ട പ്രതികാരകൊലകള്‍ ആര്‍.എസ്.എസും പോപ്പുലര്‍ ഫ്രണ്ടും തമ്മിലുള്ള രാഷ്ട്രീയശക്തിപ്രകടനമായിരുന്നു. ജനാധിപത്യത്തിലോ മനുഷ്യത്വത്തിലോ വിശ്വാസമില്ല. മതതീവ്രനിലപാടുകള്‍ ഉയര്‍ത്തി ഹീനമായ രാഷ്ട്രീയആക്രമണങ്ങളെ ന്യായീകരിച്ചുകൊണ്ടേയിരിക്കും. സംഘപരിവാറിനെ എതിര്‍ക്കുന്നുവെന്ന പേരില്‍ സംഘപരിവാറിന് വ്യക്തമായ രാഷ്ട്രീയഅജന്‍ഡകള്‍ അങ്ങോട്ടു സമ്മാനിച്ച് ന്യൂനപക്ഷസമൂഹത്തെ പ്രതിരോധത്തിലാക്കാന്‍ ശ്രമിക്കും. 

മുസ്‍ലിം സമൂഹം പോപ്പുലര്‍ ഫ്രണ്ടിന്റെ തേരോട്ടം പ്രതിരോധിച്ചു, തടുത്തു നിര്‍ത്തി. പക്ഷേ കേരളത്തിലെ ഇരുമുന്നണികളും തരാതരം പോലെ പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായം അധികാരം നിലനിര്‍ത്താന്‍ ഉപയോഗിച്ചിട്ടുണ്ട്. പ്രാദേശികഭരണത്തിലൊതുങ്ങുന്ന നീക്കുപോക്കുകളല്ല അതെന്ന് ഒളിഞ്ഞും തെളിഞ്ഞുമുള്ള അനേകം ചര്‍ച്ചകളും നടപടികളും തെളിയിച്ചിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ടിനോട് സമുദായം കാണിച്ച കാര്‍ക്കശ്യം കേരളത്തിലെ രാഷ്ട്രീയനേതൃത്വം കാണിച്ചിട്ടില്ല. അതിന്റെ വില പല തവണ പല അക്രമപ്രവര്‍ത്തനങ്ങളിലൂടെയായി കേരളം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. 

സംഘപരിവാര്‍ ഭരണകൂടത്തിന്റെ രാഷ്ട്രീയചരിത്രം അറിയാവുന്ന ആര്‍ക്കും ഇപ്പോഴത്തെ നടപടികളും കോടതി സാധൂകരിക്കാതെ നിഷ്കളങ്കമായി വിശ്വസിക്കാനാകില്ല. മാത്രമല്ല, ന്യൂനപക്ഷവിരുദ്ധത പ്രചരിപ്പിക്കാന്‍ സംഘപരിവാറിന്റെ ഏറ്റവും വലിയ ആയുധമായ പോപ്പുലര്‍ ഫ്രണ്ടിനെതിരെയുള്ളതാണെങ്കിലും നടപടികള്‍ സുതാര്യവും ജനാധിപത്യപരവും നിയമപരവുമാണെന്ന് രാജ്യം ഉറപ്പിക്കുക തന്നെ വേണം. അത് ജനാധിപത്യത്തെ അപകടത്തിലാക്കാന്‍ ശ്രമിക്കുന്ന പോപ്പുലര്‍ ഫ്രണ്ടിനു വേണ്ടിയല്ല, പോപ്പുലര്‍ ഫ്രണ്ടിനും ആര്‍.എസ്.എസിനും അന്തിമമായ ശത്രു നമ്മുടെ രാജ്യത്തെ മതനിരപേക്ഷജനാധിപത്യമാണെന്ന കൃത്യമായ തിരിച്ചറിവില്‍ സുതാര്യമായ നിയമനടപടികള്‍ രാജ്യം ഉറപ്പുവരുത്തണം. 

കേരളത്തിനു മാത്രം ഇടയ്ക്കിടെ കിട്ടുന്ന ഒരു സൗഭാഗ്യമാണ് ഹര്‍ത്താല്‍ എന്ന ഓമനപ്പേരില്‍ നടത്തുന്ന ബന്ദുകള്‍. മിന്നല്‍ ഹര്‍ത്താലുകള്‍ ഹൈക്കോടതി പല വട്ടം പല മട്ടില്‍ നിരോധിച്ചിട്ടും കേരളത്തില്‍ ബന്ദായി തന്നെ അത് അവതരിക്കുന്നു. 

കേരളീയര്‍ മാത്രം അത് അനുഭവിക്കേണ്ടി വരുന്നു. ഏറ്റവുമൊടുവില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് വ്യാപക അക്രമത്തിലൂടെ ജനജീവിതം  സ്തംഭിപ്പിച്ചത് പോപ്പുലര്‍ ഫ്രണ്ടാണ്. മനുഷ്യാവകാശങ്ങള്‍ക്കായി പോരാടുന്നുവെന്ന് അവകാശപ്പെടുന്ന സംഘടന ഒരൊറ്റ ദിവസം കൊണ്ട് കേരളത്തില്‍ നടത്തിയ അവകാശധ്വംസനങ്ങളും ആക്രമണങ്ങളും മനുഷ്യാവകാശപോരാട്ടത്തില്‍ പുതിയ ചരിത്രം കുറിക്കുമെന്നുറപ്പാണ്. 

ഹര്‍ത്താലുകള്‍ക്കെതിരെ സംസാരിച്ചാലുടന്‍ അവകാശസമരത്തിനെതിരായ അരാഷ്ട്രീയവാദമെന്ന ലേബലിങ്ങുമായി ആരും ഇങ്ങോട്ടു വരേണ്ട. പോപ്പുലര്‍ ഫ്രണ്ടിന് ജനാധിപത്യത്തോടും നിയമവ്യവസ്ഥയോടുമൊക്കെ എന്തെങ്കിലും പ്രതിബദ്ധതയുണ്ടോ എന്ന ചോദ്യം പോലും അസ്ഥാനത്തായിപ്പോകും. ആ സംഘടനയുടെ പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ ലക്ഷ്യങ്ങളും പ്രവര്‍ത്തനരീതിയുമൊക്കെ അറിയാവുന്ന ആരും അങ്ങനെയൊരു മണ്ടന്‍ ചോദ്യം ചോദിക്കില്ല. പക്ഷേ അങ്ങനെയൊരു തീവ്രസംഘടനയ്ക്കു പോലും കേരളത്തില്‍ ഒരു ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ജനങ്ങളെ മുഴുവന്‍ ബന്ദികളാക്കി മാറ്റാന്‍ കഴിയുന്നുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം കേരളത്തിലെ പൊതുരാഷ്ട്രീയനേതൃത്വത്തിനു കൂടിയുണ്ട് . ഏറ്റവും വലിയ ഉത്തരവാദിത്തം പിണറായി സര്‍ക്കാരിനുണ്ട്.  ഇവിടെ നടക്കുന്ന ഹര്‍ത്താലുകള്‍ ഒരു രാഷ്ട്രീയസമരവുമല്ല, നിസഹായരായ, അസംഘടിതരായ ജനങ്ങള്‍ക്കു മേല്‍ സംഘടിതരാഷ്ട്രീയശക്തികള്‍ നടത്തുന്ന ഏകപക്ഷീയ അവകാശധ്വംസനം മാത്രമാണ് കേരളത്തിലെ ഹര്‍ത്താലുകള്‍. ഏഴുദിവസത്തെ മുന്നറിയിപ്പു വേണമെന്ന ഹൈക്കോടതി വിധി പോലും കാറ്റില്‍ പറത്തി മിന്നല്‍ ഹര്‍ത്താലുകള്‍ നടത്തുന്നത് നിയമവ്യവസ്ഥയോടും ജനാധിപത്യത്തോടുമുള്ള പരസ്യമായ വെല്ലുവിളിയാണ്. 

ഹര്‍ത്താല്‍ ഒരു അനിവാര്യസമരമാര്‍ഗമാണെന്ന് ഒളിഞ്ഞും തെളിഞ്ഞും ന്യായീകരിച്ചു നടത്തിയെടുക്കുന്ന മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ ആര്‍ക്കും അത് ആവര്‍ത്തിക്കാന്‍ കഴിയുന്ന രാഷ്ട്രീയസാഹചര്യം കേരളത്തില്‍ ഒരുക്കിവച്ചിട്ടുണ്ട്. ഇതിനു മുന്‍പ് നടന്നൊരു വാട്സ്ആപ് ഹര്‍ത്താലില്‍ കേരളം അനുഭവിച്ച ഭീഷണി ആരും മറന്നിട്ടില്ല. അന്നും പോപുലര്‍ ഫ്രണ്ടും എസ്.ഡ‍ി.പി.ഐയുമാണ് വ്യാപകമായി അരങ്ങേറിയ അക്രമങ്ങള്‍ക്കു പിന്നില്‍ അണിനിരന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. 

പോപ്പുലര്‍ ഫ്രണ്ട് എന്താണെന്നും എന്തിനാണെന്നുമൊക്കെ നമ്മുടെ മുഖ്യമന്ത്രി പലവട്ടം തുറന്നു പറഞ്ഞിട്ടുണ്ട്. പക്ഷേ അങ്ങനെയൊരു സംഘടന ഹര്‍ത്താല്‍ നടത്തുമ്പോള്‍, കേരളത്തെയാകെ ബന്ദിയാക്കുമ്പോള്‍ കേരളത്തിന്റെ സര്‍ക്കാര്‍ എന്തു ചെയ്തു? . ഇപ്പോഴത്തെ നിയമനടപടികള്‍ സ്വീകരിച്ചത് കേന്ദ്രസര്‍ക്കാരാണ്. അതും പതിനഞ്ചോളം സംസ്ഥാനങ്ങളിലായി രാജ്യവ്യാപകമായി നടന്ന റെയ്ഡും അറസ്റ്റും. പക്ഷേ ഹര്‍ത്താല്‍ കേരളത്തില്‍ മാത്രം. അക്രമവും കേരളത്തില്‍ മാത്രം. അതിനു സാധിക്കുന്നതെങ്ങനെ എന്നതിനുത്തരം പറയാന്‍ കേരളത്തിലെ ഭരണത്തിനും പ്രതിപക്ഷത്തിനുമൊക്കെ ഉത്തരവാദിത്തമുണ്ട്. ഒളിഞ്ഞും തെളിഞ്ഞും രാഷ്ട്രീയപങ്കാളിത്തമെന്ന ആരോപണം മാത്രമല്ല, പരിധിയില്ലാത്ത അക്രമപ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഇച്ഛാശക്തിയോടെ ഒരു ഭരണതല നടപടിയും കേരളത്തില്‍ പോപുലര്‍ ഫ്രണ്ടിന് നേരിടേണ്ടി വന്നിട്ടില്ല എന്നതും ഈ അക്രമത്തിനുള്ള ധൈര്യമായിട്ടുണ്ടെന്നുറപ്പ്. 

ഒരു ചെറിയ പഴുതു കിട്ടിയാലുടന്‍  പോപ്പുലർ ഫ്രണ്ട് യഥാർത്ഥ മുഖം പുറത്തെടുക്കാൻ ഒരല്‍പം പോലും വൈകാറില്ല. പ്രതിരോധത്തിൽ നിൽക്കുന്ന ഒരു സംഘടന പ്രതിസന്ധിഘട്ടത്തിൽ ചെയ്യുമെന്ന് ആരും കരുതാത്ത അത്ര ആക്രമണോൽസുകത പോപ്പുലർ ഫ്രണ്ട് കാണിക്കുന്നതിന് കൃത്യമായ ഉദ്ദേശലക്ഷ്യങ്ങൾ ഉണ്ട് . സംഘടനയ്ക്കെതിരായ ഏതു നടപടിയും തീവ്രശക്തികളുടെ ശക്തിപ്രകടനത്തിനുള്ള അവസരമാണ്. ഭീതിയുടെ ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ ഒരു കാരണമാണ് പോപ്പുലര്‍ ഫ്രണ്ട് തേടിക്കൊണ്ടേയിരിക്കുന്നത്. സമുദായത്തിന്റെ പേരില്‍ ഉയര്‍ത്തുന്ന ഒരു ഇരവാദവും ആത്മാര്‍ഥമല്ലെന്ന് വിശ്വാസികള്‍ കാലങ്ങള്‍ക്കു മുന്‍പേ തിരിച്ചറിഞ്ഞത് ഈ ഹര്‍ത്താലില്‍ അനുഭവിച്ച ഭീകരത നേരത്തേ മനസിലാക്കിത്തന്നെയാണ്. 

കോടതിക്കു മുന്നിലുള്ള പ്രകടനം, കോടതികള‍്ക്കെതിരായ മുദ്രാവാക്യങ്ങള്‍, കോടതിയില്‍ പോലും ശക്തിപ്രകടനം. പോപ്പുലര്‍ ഫ്രണ്ടിന് ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയോടുള്ള ബഹുമാനം ഒന്നുകൂടി ഓര്‍ത്തെടുക്കാന്‍ കൈവെട്ടു കേസിലെ വിധിക്കു ശേഷം കോടതിക്കു പുറത്തു കണ്ട പ്രതികരണം മാത്രം ഓര്‍ത്തെടുത്താല്‍ മതി. സംഘടനയ്ക്ക് ഉയര്‍ത്താന്‍ കഴിയുന്ന  ഭീഷണി സമൂഹത്തെ ബോധ്യപ്പെടുത്താന്‍ കിട്ടുന്ന ഒരു അവസരവും പോപ്പുലർ ഫ്രണ്ട് പാഴാക്കാറില്ല. സഹതാപമല്ല കാത്തിരിക്കുന്നത് എന്ന് വ്യക്തം. ന്യൂനപക്ഷ വിഭാഗങ്ങൾ ഏറ്റവും സുരക്ഷിതമായി കഴിയുന്ന, സഹവർത്തിത്വത്തോടെ ജീവിക്കുന്ന,  ഏറ്റവും ശക്തമായ ജനാധിപത്യ ബോധം പുലർത്തുന്ന കേരളത്തിൽ തന്നെ ആവർത്തിച്ചുള്ള ശക്തിപ്രകടനങ്ങൾ ആക്രമണങ്ങൾ, അക്രമ പ്രവർത്തനങ്ങൾ, രാഷ്ട്രീയ കൊലപാതകങ്ങൾ ഇതെല്ലാം പോപ്പുലർ ഫ്രണ്ട് ലക്ഷ്യമിടുന്നത് എന്താണ് എന്ന് വ്യക്തമായി വിളിച്ചു പറയുന്നുണ്ട്.

എന്തുകൊണ്ട് കേരളത്തിൽ മാത്രം ഹർത്താൽ നടത്തി എന്നുള്ള ചോദ്യത്തിന് പോപ്പുലർ ഫ്രണ്ട് നൽകുന്ന ഉത്തരം പരിഹാസ്യമാണ്. ഓരോ സംസ്ഥാനത്തിനും യോജിച്ച സമര പ്രതിഷേധ രീതി അവലംബിച്ചു എന്നാണ്.  എന്നുവച്ചാൽ ഈ കണ്ട അതിക്രമം  കേരളത്തിലെ നടക്കൂ. കേരളം ഇതുവരെ പ്രകടിപ്പിച്ചു പോന്ന വിശാല ജനാധിപത്യ ബോധം മുതലെടുത്ത് സംഘപരിവാറിന് കേരളത്തെ ആക്രമിക്കാനുള്ള അവസരമാണ് പോപ്പുലര്‍ ഫ്രണ്ട് സൃഷ്ടിച്ചത്. 

കേന്ദ്രസര്‍ക്കാര്‍ എന്തു നടപടി സ്വീകരിച്ചാലും ഇല്ലെങ്കിലും പോപ്പുലര്‍ ഫ്രണ്ട് തീവ്രനിലപാടുകള്‍ പ്രചരിപ്പിക്കുന്ന സംഘടനയാണ്. അടിമുടി വിദ്വേഷവും വിഭാഗീയതയും ധ്രുവീകരണവും കുത്തിവയ്ക്കുന്ന ആശയമാണ്. സംഘപരിവാറിന്റെ വിദ്വേഷരാഷ്ട്രീയത്തെ പ്രതിരോധിക്കാന്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് മറ്റൊരു വിദ്വേഷരാഷ്ട്രീയത്തിന്റെയും സഹായം ആവശ്യമില്ല. പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയവളര്‍ച്ചയ്ക്ക് കേരളരാഷ്ട്രീയത്തിന് ഒഴിഞ്ഞുമാറാനാകാത്ത ഒരു ഉത്തരവാദിത്തമുണ്ട്. വളര്‍ത്തിയതാരെന്ന തര്‍ക്കം തീരാന്‍ കാത്തുനില്‍ക്കാതെ പോപ്പുലര്‍ ഫ്രണ്ട് അര്‍ഹിക്കുന്ന കര്‍ശനസമീപനം സ്വീകരിക്കാന്‍ കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികളും സര്‍ക്കാരും തയാറാകണം. പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയം ജനാധിപത്യവിരുദ്ധമാണ്, മതേതരവിരുദ്ധമാണ്, മനുഷ്യവിരുദ്ധവുമാണ്. പ്രതിരോധിക്കാന്‍ ഓരോ മതേതരവിശ്വാസിക്കും ബാധ്യതയുണ്ട്. 

MORE IN PARAYATHE VAYYA
SHOW MORE