അധികാര താല്‍പര്യങ്ങള്‍ക്ക് വേണ്ടി മാത്രം അടി കൂടുന്നവര്‍..!

parayathe-clash
SHARE

ജനങ്ങള്‍ക്കു വേണ്ടി ഏതറ്റം വരെയും പോകാന്‍ തയാറാകുന്ന, ഇത്രയും ആത്മാര്‍ഥതയുള്ള ഗവര്‍ണറെയും മുഖ്യമന്ത്രിയെയും കിട്ടിയ നമ്മള്‍ കേരളീയര്‍ ഭാഗ്യം ചെയ്തവരാണ്. നേര്‍ക്കുനേര്‍ ഭീഷണിയും വെല്ലുവിളിയുമായി ഒരു സംസ്ഥാനത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയും ഭരണഘടനാ അധികാരമുള്ള ഗവര്‍ണറും അന്യോന്യം പോര്‍ വിളിക്കുകയാണ്. എന്തിന്? എന്തു കാര്യത്തിന് എന്നു ചോദിച്ചാല്‍ മറുപടി രണ്ടു കൂട്ടര്‍ക്കും ഇത്തിരി പ്രയാസമാകും. സര്‍ക്കാരിനെതിരെ മുന്‍പും ഗവര്‍ണര്‍ പലവട്ടം ആഞ്ഞടിച്ച് രംഗത്തു വന്നിട്ടുണ്ടെങ്കിലും പ്രത്യാക്രമണത്തിന് മുഖ്യമന്ത്രി തന്നെ നേരിട്ടെത്തുന്നത് ഇതാദ്യമാണ്.  ആര്‍ക്കൊപ്പമാണ് കേരളത്തിലെ ജനങ്ങള്‍ നില്‍ക്കേണ്ടത്?  

കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പിണറായി സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ജനാധിപത്യസംരക്ഷണം തന്റെ ബാധ്യതയാണെന്ന ഭാരത്തില്‍ ഇടയ്ക്കിടെ ആരോപണങ്ങളുമായി ഗവര്‍ണര്‍ രംഗത്തെത്തും. വന്‍പ്രതിസന്ധിയെന്ന് വിശകലനങ്ങള്‍ വരുമ്പോഴേക്കും മുഖ്യമന്ത്രിയോ മന്ത്രിമാരോ നേരില്‍  കണ്ട് മയപ്പെടുത്തുന്നതോടെ ഗവര്‍ണറുടെ പ്രശ്നം തീരും. സര്‍ക്കാരിന്റെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങി അനധികൃത വി.സി.നിയമനത്തിനു വരെ താന്‍ കൂട്ടുനിന്നിട്ടുണ്ട് എന്ന കുറ്റസമ്മതം വരെ ഗവര്‍ണര്‍ നടത്തിയിട്ടുണ്ട് എന്നോര്‍ക്കണം. എന്നുവച്ചാല്‍ സര്‍ക്കാരുമായി നന്നായിരിക്കുമ്പോള്‍ നിയമവും ഭരണഘടനയും ജനങ്ങളുടെ അവകാശവുമൊന്നും ഗവര്‍ണര്‍ക്ക് പ്രശ്നമല്ല. പക്ഷേ ഇടയുമ്പോള്‍ മൂന്നു വര്‍ഷം മുന്‍പും നടന്ന പ്രതിഷേധത്തെ വരെ ഗൂഢാലോചനയും ആക്രമണവുമൊക്കെയായി കണ്ട് ഗവര്‍ണര്‍ പരസ്യവെല്ലുവിളി തുടങ്ങും. 

കണ്ണൂര്‍ വി.സിയെ ക്രിമിനല്‍ എന്നു വിളിച്ചപ്പോഴോ സര്‍ക്കാരിനെ പരസ്യമായി ആക്ഷേപിച്ചപ്പോഴോ മുഖ്യമന്ത്രി പിണറായി വിജയനും ദേഷ്യം വന്നിട്ടില്ല. പക്ഷേ തനിക്കെതിരെ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയതോടെ മുഖ്യമന്ത്രി സ്വതസിദ്ധമായ ക്ഷോഭം പുറത്തെടുത്തു.  കണ്ണൂര്‍ യൂണിവേഴ്സിറ്റിയിലെ നിയമനം മുഖ്യമന്ത്രിയുടെ അറിവില്ലാതെ നടക്കില്ലെന്ന് ഗവര്‍ണര്‍. അതിന് മുഖ്യമന്ത്രിയുടെ കനത്ത ഭാഷയിലുള്ള തിരിച്ചടി.  

എന്നാല്‍ പിന്നെ യൂണിവേഴ്സിറ്റികളില്‍ രാഷ്ട്രീയഇടപെടലുകളുണ്ടാവില്ലെന്ന് മുഖ്യമന്ത്രി തനിക്കെഴുതിയ കത്ത് പുറത്തുവിടുമെന്ന് ഗവര്‍ണറുടെ ഭീഷണി.  

മൂന്ന് വര്‍ഷം മുന്‍പ് കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ ചരിത്ര കോണ്‍ഗ്രസിനിടെ  തനിക്കെതിരെ നടന്ന പ്രതിഷേധത്തിനു പിന്നില്‍ കണ്ണൂര്‍ വി.സിയാണെന്നാണ് ഗവര്‍ണര്‍ ഉന്നയിക്കുന്ന ഒരു പ്രധാന ആക്ഷേപം. തനിക്കെതിരെ നടന്ന ആക്രമണത്തില്‍ കേസ് മുന്നോട്ടു പോകാത്തതിലടക്കം മുഖ്യമന്ത്രിക്കും പങ്കുണ്ട് എന്ന് ഗവര്‍ണര്‍ ഉന്നയിച്ചിരിക്കുന്നു.  എല്ലാത്തിനു പിന്നിലും മുഖ്യമന്ത്രിക്കു പങ്കുണ്ട് എന്ന ഗുരുതരമായ ആരോപണം ഉയര്‍ത്താനും ഗവര്‍ണര്‍ക്ക് മടിയില്ല. ഇതും മുഖ്യമന്ത്രി മൗനം വെടിഞ്ഞ് പ്രത്യാക്രമണം നടത്തുന്നതിനു കാരണമായി. 

അഴിമതിക്കെതിരെയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നാണ് ഗവര്‍ണര്‍ അവകാശപ്പെടുന്നത്. കേരളത്തിലെ സര്‍വകലാശാലകളില്‍ പ്രത്യേകിച്ചും ബന്ധുനിയമനങ്ങളില്‍ അഴിമതിക്കെതിരായ ഇടപെടല്‍ അനിവാര്യമാണെന്നത് നമുക്കെല്ലാവര്‍ക്കും അറിയാം. സി.പി.എം തന്നെയാണ് ഓരോ വിവാദത്തിലും പ്രതിക്കൂട്ടില്‍ കയറിനില്‍ക്കുന്നത്. പ്രധാന സി.പി.എം നേതാക്കന്‍മാരുടെ ബന്ധുക്കളാണ് ഓരോ നിയമനവിവാദത്തിലും കേന്ദ്രബിന്ദുവാകുന്നത്. ഗവര്‍ണറുടെ ആകെ സമീപനത്തിലും ഇടപെടലിലും ജനാധിപത്യവിരുദ്ധസമീപനം ആരോപിക്കാമെങ്കിലും കണ്ണൂരിലെ നിയമനവിവാദത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം വ്യക്തമാണോ? ഉത്തരവാദിത്തത്തോടെയുള്ളതാണോ? പിശകുണ്ടെങ്കില്‍ നടപടിയെടുക്കട്ടെ എന്നു പറഞ്ഞൊഴിയാന്‍ മാത്രം നിഷ്കളങ്കത മുഖ്യമന്ത്രിക്കു ചേരുന്നതാണോ?  

ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചാകണം വര്‍ത്തമാനമെന്ന് ഗവര്‍ണറെ തിരിച്ചു ഭീഷണിപ്പെടുത്തുന്ന മുഖ്യമന്ത്രി പക്ഷേ ആരോപണത്തില്‍ വ്യക്തമായ ഒരു നിലപാടും എടുക്കാനാകാതെ ഒഴിഞ്ഞു മാറുകയായിരുന്നുവെന്നത് വ്യക്തം. സ്റ്റാഫിന്റെ ബന്ധുവും ഒരു വ്യക്തിയാണ്. അര്‍ഹമാണെന്നു തോന്നുന്ന ജോലിക്ക് അപേക്ഷിക്കാന്‍ അവര്‍ക്ക് അവകാശമുണ്ടെന്നും മുഖ്യമന്ത്രി ന്യായീകരിച്ചു. അപ്പോള്‍ നടന്ന നിയമനം ന്യായമാണോ എന്നു പറയാന്‍ മുഖ്യമന്ത്രിക്കു കഴിയുന്നുമില്ല.  

ആ നിയമനത്തില്‍ പിഴവുണ്ടെന്ന പരാതിയില്‍ ഗവര്‍ണറും ഹൈക്കോടതിയും ഇടപെട്ടിരിക്കുകയാണെന്നും പ്രാഥമികപരിശോധനയില്‍ കോടതിയും നിയമനം സ്റ്റേ ചെയ്തിരിക്കുകയാണെന്നും മുഖ്യമന്ത്രിക്ക് അറിയാതിരിക്കില്ല. ഇല്ലാത്ത യോഗ്യത ഉണ്ടെന്നു വരുത്തി സര്‍വകലാശാല നിയമനം നടത്തിയെന്നാണ് കോടതിയിലെത്തിയ പരാതി.  

പക്ഷേ തടസം നില്‍ക്കാന്‍ പാര്‍ട്ടി പ്രതിരോധം തീര്‍ത്തു മുഖ്യമന്ത്രി. അത് താങ്കള്‍ അറിയാതെയല്ലല്ലോ. സര്‍വകലാശാലയും വ്യക്തികളും തമ്മിലുള്ള നിയമനവിവാദത്തില്‍ പാര്‍ട്ടി പ്രതിരോധിക്കാനെത്തിയത് ആര്‍ക്കു വേണ്ടിയാണ്.  

സ്വന്തം പ്രൈവറ്റ് സെക്രട്ടറിയുടെ ബന്ധുവിന് വേണ്ടി സര്‍വകലാശാല പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന പ്രശ്നത്തില്‍ , സ്വന്തം പാര്‍ട്ടി പ്രതിരോധം തീര്‍ക്കുന്ന പ്രശ്നത്തിലാണ് സുതാര്യത ഉറപ്പു വരുത്താന്‍ ആരു തടസം നിന്നുവെന്ന് മുഖ്യമന്ത്രി നിഷ്കളങ്കമായി ചോദിക്കുന്നത്. ഇത്തരത്തില്‍ നിരവധി, അനവധി ആരോപണങ്ങള്‍ കേരളത്തിലെ സര്‍വകലാശാലകള്‍ നേരിടുന്നതെല്ലാം മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കും നേതാക്കള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും വേണ്ടിയാണ്. മുഖ്യമന്ത്രിയുടെ ഓഫിസിലെ  ഉന്നതന്റെ ബന്ധുവിനു വേണ്ടി ചട്ടങ്ങള്‍ പോലും മാറ്റിയെഴുതി നിയമനത്തിനു ശ്രമം നടന്നതും ഒടുവില്‍ ഗവര്‍ണറുടെ ഇടപെടല്‍ കൊണ്ട് പിന്‍മാറേണ്ടിവന്നതും ഒരുപാടു കാലം മുന്‍പൊന്നുമല്ലല്ലോ.അപ്പോള്‍ ഗവര്‍ണറും കോടതിയും ഇടപെടേണ്ടി വരുന്ന തരത്തില്‍ നിരവധി രാഷ്ട്രീയക്രമക്കേടുകള്‍ മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കു വേണ്ടി സര്‍വകലാശാലകളില്‍ ആവര്‍ത്തിക്കുന്നുണ്ട്. ഗവര്‍ണര്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ അപ്രസക്തമായതുകൊണ്ടല്ല, പദവിക്കു ചേരാത്ത വിധം ഗവര്‍ണര്‍ പെരുമാറുന്നതുകൊണ്ടു മാത്രമാണ് ഈ പ്രശ്നങ്ങളില്‍ കേരളത്തിന് അദ്ദേഹത്തെ വിശ്വസിക്കാന്‍ സാധിക്കാത്തത്.  

ഗവര്‍ണറുടെ ഉദ്ദേശശുദ്ധിയില്‍ നല്ല സംശയമുള്ളതു കൊണ്ടാണ് കേരളത്തിലെ പ്രതിപക്ഷം പോലും സര്‍ക്കാര്‍ – ഗവര്‍ണര്‍ യുദ്ധത്തില്‍ സുരക്ഷിത അകലം പാലിക്കുന്നത്. ഗവര്‍ണറെ ഭീഷണിപ്പെടുത്തി നിശബ്ദനാക്കാന്‍ കഴിയില്ലെന്ന് പിന്തുണയുമായി ബി.ജെ.പി എത്തിയിട്ടുണ്ട്. 

ഇപ്പോഴും രാജഭരണകാലമാണെന്നും താന്‍ രാജാവിനെപ്പോലെ പരിഗണിക്കപ്പെടേണ്ട സവിശേഷവ്യക്തിയാണെന്ന എന്ന നിലയിലാണ് ഗവര്‍ണറുടെ സംസാരമെങ്കിലും ജനങ്ങളാണ് പരമാധികാരികളെന്ന് ഇടയ്ക്കിടെ മറക്കാതെ പറയുന്നുണ്ട്. ഉന്നയിക്കുന്നതെല്ലാം ജനങ്ങളുടെ അവകാശമാണെങ്കിലും ഗവര്‍ണര്‍ പ്രശ്നമായി ഉന്നയിക്കുന്നതെല്ലാം  വ്യക്തിപരമായ അവഗണനയെക്കുറിച്ചാണ്.  വ്യക്തിപരമായ ഈഗോ മുറിപ്പെടുമ്പോള്‍ മാത്രം സര്‍ക്കാരിനെതിരെ പൊട്ടിത്തെറിക്കുന്ന ഗവര്‍ണര്‍,  സര്‍ക്കാര്‍ ഒന്നു സന്തോഷിപ്പിക്കുമ്പോഴേക്കും ഉന്നയിക്കുന്ന പ്രശ്നങ്ങളെല്ലാം വിഴുങ്ങുന്നത് കേരളത്തിനു പുത്തരിയല്ല.  നേരത്തെ ബി.ജെ.പി. നേതാവിനെ പേഴ്സണല്‍ സ്റ്റാഫിനെ നിയമിക്കുന്നതിന് സര്‍ക്കാര്‍ തടസവാദം ഉന്നയിച്ചതിന്റെ പേരിലാണ് കേരളത്തിന്റെ നയപ്രഖ്യാപനപ്രസംഗം വരെ നടത്തില്ലെന്ന ഭീഷണിയുമായി ഗവര്‍ണര്‍ നിലപാടെടുത്തത്. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്റെ സേവനവേതന വ്യവസ്ഥകള്‍ക്കെതിരെ പരസ്യവിമര്‍ശനം ഉന്നയിച്ചു.  .പൊതുഭരണസെക്രട്ടറിയെ രായ്ക്കുരാമാനം തല്‍സ്ഥാനത്തു നിന്ന് മാറ്റിയപ്പോഴാണ്  ഭരണഘടനാപ്രതിസന്ധി വരെയെത്തിയ പ്രതിസന്ധിയില്‍ ഗവര്‍ണര്‍ വഴങ്ങാന്‍ തയാറായത്. പിന്നെ പേഴ്സണല്‍സ്റ്റാഫിന്റെ പ്രശ്നവുമില്ല നിലപാടുമില്ല.   . രാഷ്ട്രപതിക്ക് ഡി.ലിറ്റ് വിവാദത്തില്‍  കേരളസര്‍വകലാശാല വൈസ് ചാന്‍സലറെ വിളിച്ചു വരുത്തി കത്തെഴുതി വാങ്ങിയശേഷം അതു പരസ്യപ്പെടുത്തി വി.സിയെ അപമാനിച്ചതും ഇതേ ഗവര്‍ണറാണ്.  

ഭരണഘടനാപരമായ അധികാരങ്ങള്‍ മറന്ന് പരസ്യമായ പോര്‍വിളിയില്‍ മുഴുകുമ്പോള്‍ ഗവര്‍ണര്‍ സ്വയം ചെറുതാകുകയാണ്. തന്നെ അവഗണിക്കുന്നു, തന്നെ ആക്രമിക്കാന്‍ മുഖ്യമന്ത്രിയുെട നേതൃത്വത്തില്‍ ഗൂഢാലോചന നടക്കുന്നു. താന്‍ ഗവര്‍ണറാണ്. തന്നെക്കൂടി പരിഗണിക്കണം.നിയമവിരുദ്ധമായ പ്രവൃത്തികള്‍ സാധൂകരിക്കാന്‍ സമ്മര്‍ദം ചെലുത്തുന്നു എന്നൊക്കെയാണ് ഗവര്‍ണര്‍ പരസ്യമായി പരാതികള്‍ ഉന്നയിക്കുന്നത്. ഗവര്‍ണര്‍ സ്വന്തം പദവിയുടെ മഹത്വവും വലിപ്പവും മനസിലാക്കി വേണം പെരുമാറാന്‍. അത് മുഖ്യമന്ത്രി പറയുന്നതുപോലെ മിണ്ടാതിരുന്നുകൊണ്ടല്ല, ഗവര്‍ണര്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ ഗുരുതരമാണെന്നുറപ്പുണ്ടെങ്കില്‍ ആ പദവിയുടെ അധികാരമുപയോഗിച്ച് നടപടികള്‍ സ്വീകരിക്കാനാണ് ഗവര്‍ണര്‍ തയാറാകേണ്ടത്. പകരം പരസ്യമായി വെല്ലുവിളികളും പരാതികളും ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നത് അപഹാസ്യവും ദയനീയവുമാണ്.  

ഇതിപ്പോള്‍ രാഷ്ട്രീയമായ പോരിനപ്പുറത്തേക്ക് ഭരണഘടനാപ്രതിസന്ധിയിലേക്ക് നീളുമോ എന്നതാണ് അടുത്ത പ്രശ്നം. ലോകായുക്തയുടെ അധികാരം ദുര്‍ബലപ്പെടുത്തുന്ന ബില്ലും വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം ചുരുക്കുന്ന ബില്ലും നിയമായില്ലെങ്കില്‍ കേരളത്തിലെ ജനങ്ങളെ അത് ബാധിക്കാനൊന്നും പോകുന്നില്ല. നിയമങ്ങള്‍ ഭരണഘടനാവിരുദ്ധമായതുകൊണ്ട് ഗവര്‍ണര്‍ ഒപ്പിടരുതെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാടെങ്കിലും ഗവര്‍ണറെ വിശ്വസിക്കാന്‍ പ്രതിപക്ഷവും തയാറല്ല. നിയമങ്ങള്‍ ഒപ്പിടില്ല എന്ന് ഗവര്‍ണര്‍ ആവര്‍ത്തിച്ചു വെല്ലുവിളിക്കുന്നുണ്ടെങ്കിലും ഭരണഘടന പ്രകാരം അനന്തമായി ജനാധിപത്യസഭയുടെ നിയമങ്ങള്‍ പിടിച്ചുവയ്ക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് കോടതികള്‍ പോലും പല വട്ടം വ്യാഖ്യാനിച്ചിട്ടുള്ളതാണ്. ഇതിനിടെ വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടത് പിന്‍വലിച്ച ബില്ലിലടക്കം ഗവര്‍ണര്‍ ഒപ്പിടുകയും ചെയ്തിട്ടുണ്ട്. ദൈനംദിനം ഭരണച്ചുമതലകളില്‍ ഗവര്‍ണര്‍ സഹകരിക്കുന്നുണ്ടെന്നു ചുരുക്കം.  

അപ്പോള്‍ ഈ നാടകീയ പോര്‍വിളിയുടെ ക്ലൈമാക്സ് എന്താകുമെന്ന കൗതുകം മാത്രമാണ് ഇനിയുള്ളത്. തല്‍ക്കാലം സമവായസാധ്യതകള്‍ മുന്നിലില്ല. പക്ഷേ സമവായം ഏതു നിമിഷവും ഏതു വിധേനയും സംഭവിക്കാമെന്ന് സമീപകാലചരിത്രം  സാക്ഷ്യം. ഉന്നയിക്കുന്ന പ്രശ്നങ്ങളില്‍ ആത്മാര്‍ഥതയില്ലാത്ത ഗവര്‍ണറും ഗവര്‍ണര്‍ ഉന്നയിക്കുന്നതിലെ യഥാര്‍ഥ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ 

മാത്രം പ്രത്യാക്രമണത്തില്‍  കേന്ദ്രീകരിക്കുന്ന മുഖ്യമന്ത്രിയും സംസാരിക്കുന്നത് കേരളത്തിലെ ജനങ്ങള്‍ക്കു വേണ്ടിയല്ല. സ്വന്തം അധികാര താല്‍പര്യങ്ങള്‍ക്കു വേണ്ടി മാത്രമാണ്. ഈ പോര്‍വിളി കേരളത്തിനു വേണ്ടിയല്ല. 

MORE IN PARAYATHE VAYYA
SHOW MORE