ആറരവര്‍ഷത്തിനിടെ 85 വിദേശയാത്ര; ബാക്കിപത്രം ജനങ്ങളറിഞ്ഞോ..?

parayathe-ministers
SHARE

മുഖ്യമന്ത്രിയും മന്ത്രിമാരും  ചെറിയൊരു ഇടവേളയ്ക്കു ശേഷം വീണ്ടും വിദേശസന്ദര്‍ശനത്തിനു പുറപ്പെടുകയാണ്. ഭരണാധികാരികള്‍ പൊതുഖജനാവിലെ പണം ഉപയോഗിച്ച് വിദേശരാജ്യങ്ങളില്‍ ഭരണമാതൃകകള്‍ പഠിക്കാന്‍ നിരന്തരം താല്‍പര്യം കാണിക്കുന്നത് വിമര്‍ശിക്കപ്പെടേണ്ടതാണോ? ചരിത്രം ചികഞ്ഞാല്‍ കിട്ടുന്ന ഉത്തരങ്ങള്‍ കൗതുകകരമാണെങ്കിലും പ്രതിപക്ഷം ഭരണപക്ഷമാകുമ്പോള്‍ പറ‍ഞ്ഞതു വിഴുങ്ങാന്‍ പ്രയാസമില്ലാത്തതുകൊണ്ട് കുഴപ്പമില്ല.  

മന്ത്രിമാര്‍ ഉലകം ചുറ്റുന്നു; ജനം വട്ടം കറങ്ങുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ പ്രതിപക്ഷം ഉന്നയിച്ച വിമര്‍ശനത്തിന്റെ തലവാചകമാണിത്. സാമ്പത്തികഞെരുക്കവും വിലക്കയറ്റവും പകര്‍ച്ചവ്യാധികളും കാരണം ജനം നട്ടംതിരിയുമ്പോള്‍ മന്ത്രിമാര്‍ ഉലകം ചുറ്റലിന്റെ ലഹരിയില്‍. അമേരിക്കന്‍ പര്യടനം കഴിഞ്ഞ് ഒരു മന്ത്രി വിമാനമിറങ്ങിയ ഉടന്‍ മറ്റു രണ്ട് പേര്‍ പറന്നു. മറ്റൊരു മന്ത്രി അടുത്ത ദിവസം ചൈനയിലേക്ക് തിരിക്കും. കഴിഞ്ഞ ആറുമാസത്തിനിടെ വിദേശപര്യടനം നടത്തിയ മന്ത്രിമാരുടെ എണ്ണം ഒരുഡസനിലധികമാണ്. പണ്ട് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് മന്ത്രിമാര്‍ താല്‍പ്പര്യം കാണിച്ചതെങ്കില്‍ ഇപ്പോള്‍ അമേരിക്കയും യൂറോപ്പുമാണ് പ്രിയപ്പെട്ട ലക്ഷ്യസ്ഥാനങ്ങള്‍. നാട്ടില്‍ കോളറയും പകര്‍ച്ചവ്യാധികളും പടര്‍ന്നുപിടിച്ചപ്പോള്‍ ആരോഗ്യമന്ത്രി  അമേരിക്കയിലായിരുന്നു തുടങ്ങി വിമര്‍ശനം അങ്ങു നീളുകയായിരുന്നു. പക്ഷം മാറി ഭരണത്തിലെത്തുമ്പോള്‍ ഈ ചോദ്യങ്ങളൊക്കെ ബാധകമാണോ?  

വിദേശയാത്രകള്‍ വരുമ്പോഴേക്കും സാമ്പത്തികഞെരുക്കം പറഞ്ഞ് കേരളത്തെ കൊച്ചാക്കിക്കളയരുതെന്നാണ് ധനമന്ത്രിയുടെ അഭ്യര്‍ഥന. മുഖ്യമന്ത്രിയാകട്ടെ, വിദേശസന്ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ അറിയിച്ച വാര്‍ത്താസമ്മേളനത്തില്‍ തന്നെ ഈ ചോദ്യം പ്രതീക്ഷിച്ച് ഉത്തരവും എഴുതിക്കൊണ്ടുവന്നിരുന്നു.   

ഭരണാധികാരികള്‍ ഭരണമാതൃകകള്‍ തേടി വിദേശയാത്ര നടത്തുന്നത് ഒരു തെറ്റൊന്നുമല്ല.പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നുമില്ലാത്ത യാത്രകള്‍ പോലും മനുഷ്യന് പുതിയ ഉള്‍ക്കാഴ്ചകള്‍ തരും, നവീകരിക്കും. പക്ഷേ പൊതുഖജനാവിലെ പണം ഉപയോഗിച്ച് നിരന്തരമായി വിദേശയാത്രകള്‍ നടത്തുമ്പോള്‍ അതെന്തിനെന്നും എങ്ങനെയെല്ലാം ഫലപ്രദമായെന്നും കൃത്യമായ ഒരു വിശദീകരണം ജനങ്ങള്‍ക്കു മുന്നിലുണ്ടാകണം. മുഖ്യമന്ത്രി ഇപ്പോള്‍ മുന്നോട്ടു വച്ചിരിക്കുന്ന വാര്‍ത്താക്കുറിപ്പില്‍ അത് വ്യക്തമാണോ? വിദേശയാത്രകള്‍ നടത്താനുള്ള ആവേശം അത് ഫലപ്രദമാക്കുന്നതില്‍ പ്രകടമാണോ? 

പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷമുള്ള ഈ ആറരവര്‍ഷത്തിനിടെ അദ്ദേഹവും മന്ത്രിമാരും കൂടി 85 തവണ ഇതിനോടകം വിദേശയാത്രകള്‍ നടത്തിയിട്ടുണ്ട്. 15 വിദേശയാത്രകളുമായി മുഖ്യമന്ത്രി തന്നെയാണ് മുന്നില്‍.13 വിദേശയാത്രകളുമായി ആദ്യസര്‍ക്കാരില്‍ ടൂറിസം മന്ത്രിയായ കടകംപള്ളി സുരേന്ദ്രനാണ് ഇതുവരെ രണ്ടാം സ്ഥാനം. സ്വാഭാവികമായും ടൂറിസം മന്ത്രിമാര്‍ തന്നെയാണ് ഓരോ സര്‍ക്കാരിലും കൂടുതല്‍ വിദേശയാത്രകള്‍ ചെയ്യാറുള്ളതും. ഇതുവരെ 50 ലക്ഷം രൂപ വിമാനയാത്രാക്കൂലി മാത്രമായി സര്‍ക്കാര്‍ ചെലവാക്കിയിട്ടുണ്ടെങ്കിലും സാമ്പത്തികച്ചെലവിന്റെ മാത്രം അടിസ്ഥാനത്തിലല്ല വിദേശയാത്രകള്‍ വിലയിരുത്തപ്പെടേണ്ടത്. ഫലപ്രാപ്തി തന്നെയാണ് പ്രധാനം. എന്തു ഫലമെന്ന ചോദ്യം പ്രധാനമാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണല്ലോ മുഖ്യമന്ത്രി പട്ടികയുമായെത്തിയത്.  

വിദേശപര്യടനങ്ങളുടെ പേരില്‍ മുഖ്യമന്ത്രി ഏറ്റവും കൂടുതല്‍ പരിഹസിക്കപ്പെടുന്ന റൂം ഫോര്‍ റിവര്‍ പദ്ധതിയുടെ തുടക്കമായെന്നും നെതര്‍ലന്‍ഡ്സ് പോലും 22 വര്‍ഷമെടുത്താണ് പദ്ധതി നടപ്പാക്കിയതെന്നും ചൂണ്ടിക്കാണിക്കുന്നത് മുഖവിലയ്ക്കെടുക്കേണ്ടതു തന്നെയാണ്. അപ്പോള്‍ കുട്ടനാടിലും സമീപപ്രദേശത്തും പരിഹാരസൂചനകള്‍ കാണുന്നുണ്ടെന്നു പ്രത്യാശിക്കാനും കാരണങ്ങളുണ്ട്. പക്ഷേ അപ്പോള്‍ കേരളത്തിലെ പ്രധാന നഗരങ്ങള്‍ ഒറ്റ മഴയ്ക്കു പോലും വെള്ളപ്പൊക്കത്തിലാകുന്നതിന് പരിഹാരമന്വേഷിക്കാന്‍ ഇനി എവിടേയ്ക്കാണ് പോകേണ്ടത്? ഖരമാലിന്യസംസ്കരണ മാതൃക പഠിക്കാന്‍ നടത്തിയ സ്വിസ് സന്ദര്‍ശനത്തിന്റെ പരിഹാരമാണോ കേരളം ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്?  

കേരളത്തില്‍ നിന്ന് പ്രതിവര്‍ഷം വിദേശജോലി ലഭിക്കുന്ന നഴ്സുമാരുടെ ആകെ കണക്കും വിദേശസന്ദര്‍ശനത്തിന്റെ ഭാഗമായി കിട്ടിയെന്നു പറയുന്ന ജോലിയുടെ കണക്കും താരതമ്യത്തിനു പോലും സാധിക്കാത്തത്ര അന്തരമാണെന്ന് മുഖ്യമന്ത്രിക്കും അറിയാമായിരിക്കും. തുടര്‍ന്നു മുഖ്യമന്ത്രി നടത്തുന്ന വിശദീകരണവും അവ്യക്തമാണ്. 

തുടക്കമിടാന്‍ സാധിച്ചു, ആശയം മനസിലാക്കാന്‍ ശ്രമിച്ചു തുടങ്ങിയ അവ്യക്തമായ മറുപടികളിലല്ല മന്ത്രിമാരുടെ വിദേശപര്യടനം അവതരിപ്പിക്കപ്പെടേണ്ടത്. തൊട്ടടുത്ത് തമിഴ്നാട്ടില്‍ ഇടതുമുന്നണിയുടെ കൂടി പ്രിയങ്കരനായ മുഖ്യമന്ത്രി സ്റ്റാലിന്‍ ഒന്നര വര്‍ഷത്തിനിടെ ഒരൊറ്റ ഔദ്യോഗിക വിദേശപര്യടനമാണ് യു.എ.ഇയിലേക്ക്  നടത്തിയത്. പദ്ധതികള്‍ തുടങ്ങാന്‍ ധാരണയല്ല, ആറായിരം കോടിയില്‍ പരം വിദേശനിക്ഷേപത്തിന് ധാരണാപത്രം ഒപ്പിട്ടു കൊണ്ടാണ് വിജയകരമെന്നു വിളിക്കുന്നതെന്ന് സ്റ്റാലിന്‍ അവകാശപ്പെടുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് സിംഗപ്പൂരിലെ കോണ്‍ഫറന്‍സില്‍ ഡല്‍ഹി മാതൃക അവതരിപ്പിക്കാന്‍ ക്ഷണം ലഭിച്ചപ്പോഴാണ് കേന്ദ്രം അനുമതി നല്‍കിയില്ലെന്ന പരാതിയുമായി  അദ്ദേഹം രാജ്യത്തിനു മുന്നിലെത്തിയത്. സാധാരണ ഗതിയില്‍ താന്‍ വിദേശയാത്രകളില്‍ അമിതതാല്‍പര്യമുള്ള ഭരണാധികാരിയല്ലെന്നും അന്ന് കേജരിവാള്‍ വിശദീകരിച്ചിരുന്നു. കൊച്ചുകേരളത്തിലെ സര്‍ക്കാരുകള്‍ക്ക് എല്ലാ മാതൃകകളും വിദേശത്താണെന്നു തോന്നുന്നതിലും തെറ്റൊന്നും കാണേണ്ടതില്ല. ഒന്നുമില്ലെങ്കിലും തെരുവുനായപ്രശ്നം മൂലം ആളുകള്‍ പുറത്തിറങ്ങാന്‍ പേടിക്കുന്നതും കുഴികളില്‍ വീണ്  മനുഷ്യര്‍ മരിക്കുന്നതും അവസാനിപ്പിക്കാന്‍ കഴിയുന്ന മാതൃകകള്‍ എവിടെയെങ്കിലും കിട്ടിയാല്‍ കേരളം രക്ഷപ്പെട്ടു. വിദേശയാത്രകളില്‍ അഭിരമിക്കുകയാണോ അനിവാര്യമെന്നു കൃത്യമായ ആസൂത്രണമികവോടെ സംഘടിപ്പിക്കുന്ന യാത്രകളാണോ  നടക്കുന്നതെന്നു വിലയിരുത്താന്‍ മാത്രമുള്ള പക്വതയൊക്കെ നമ്മുടെ ഭരണാധികാരികള്‍ക്കുണ്ട്. എട്ടര വര്‍ഷം കൊണ്ട് 114 വിദേശയാത്രകള്‍ നടത്തിയ പ്രധാനമന്ത്രിയാണ് നമ്മുടെ രാജ്യത്തിനുള്ളത് എന്നത് മറക്കരുത്.  

ചുരുക്കിപ്പറഞ്ഞാല്‍ വിദേശമാതൃകകള്‍ തേടിയുള്ള പര്യടനം ആവശ്യമാണ്. ആവശ്യവും അനിവാര്യവും തമ്മിലുള്ള വ്യത്യാസം അത് തീരുമാനിക്കുന്നവരുടെ ഔചിത്യബോധത്തെക്കൂടി ആശ്രയിച്ചായിരിക്കും. വിദേശയാത്രകള്‍ വിനോദയാത്രകളാണെന്ന പൊതുബോധം സൃഷ്ടിച്ചതിനു പിന്നില്‍ ഇടതുപക്ഷത്തിനും നല്ല പങ്കുണ്ട്. അത് തിരുത്താന്‍ കഴിയുന്ന തരത്തില്‍ വിദേശപര്യടനങ്ങളുടെ ഫലപ്രാപ്തി വ്യക്തവും കൃത്യവുമായ കണക്കുകളായും ആശയങ്ങളായും ജനങ്ങളുടെ മുന്നിലുണ്ടാകണം. 

MORE IN PARAYATHE VAYYA
SHOW MORE