നേരത്തെ വരേണ്ടവര്‍ ഇപ്പോഴെത്തി; സമീപനം മാറ്റുമോ പിണറായി സര്‍ക്കാര്‍?

PARAYATHE-VAYYA
SHARE

രണ്ടാം പിണറായി മന്ത്രിസഭയിലും നിയമസഭയിലും നിര്‍ണായക മാറ്റങ്ങള്‍. മന്ത്രിമാരില്‍ ചിലരുടെ പ്രവര്‍ത്തനം പ്രതീക്ഷയ്ക്കൊത്തുയര്‍ന്നില്ല എന്ന പാര്‍ട്ടി വിമര്‍ശനത്തിന്റെ അടിസ്ഥാനത്തിലല്ല തീരുമാനമെങ്കിലും പ്രതീക്ഷിക്കുന്നവര്‍ക്ക്  കാരണങ്ങളുണ്ട്. ഭരണതലത്തിലുണ്ടാകുന്ന പാളിച്ചകളും തൊഴിലാളിവര്‍ഗ സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ, സമരവിരുദ്ധ സമീപനങ്ങളും തുടര്‍ഭരണത്തോടുള്ള അസൂയ എന്ന പ്രതിരോധത്തില്‍ എല്ലാകാലവും മായ്ച്ചു കളയാനാകില്ല. ജനങ്ങളെ തെരുവുനായ ആക്രമണത്തില്‍ നിന്നും പേവിഷബാധയില്‍ നിന്നും രക്ഷിക്കാനുള്ള ഉത്തരവാദിത്തമെങ്കിലും കേരളത്തിലെ സര്‍ക്കാരിനുണ്ട് എന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും മനസിലാക്കണം. ഭരണത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കാനും തിരുത്താനുമുള്ള സംവിധാനമായി പാര്‍ട്ടിയും പാളിച്ചകള്‍ തിരിച്ചറിഞ്ഞ് തിരുത്താനുള്ള സന്നദ്ധതയോടെ മന്ത്രിസഭയും സ്വയം പുനഃസംഘടിക്കണം.  

വീണ്ടും അധികാരമേറ്റ് പതിനഞ്ചു മാസത്തിനു ശേഷമാണ് മന്ത്രിസഭയിലും നിയമസഭയിലും വലിയ മാറ്റത്തിനു വഴിയൊരുങ്ങിയത്. കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യാവസ്ഥ പരിഗണിച്ച് പാര്‍ട്ടി സെക്രട്ടറായി എം.വി.ഗോവിന്ദന്‍ എത്തിയതോടെ എം.ബി.രാജേഷ് തദ്ദേശ–എക്സൈസ് മന്ത്രിയാകുന്നു, എ.എന്‍.ഷംസീര്‍ സ്പീക്കറാകുന്നു.  സഭാനാഥന്‍ എന്ന നിലയില്‍ മികച്ച പ്രകടനം രേഖപ്പെടുത്തിയാണ് എം.ബി.രാജേഷ് മന്ത്രിസഭയിലേക്കെത്തുന്നത്. പ്രതിപക്ഷത്തേക്കാള്‍ കൂടുതല്‍ ഭരണപക്ഷത്തു നിന്നാണ്  സ്പീക്കറുടെ പ്രത്യേക പരിഗണനയില്ലാത്ത നിലപാടില്‍ പരസ്യമായി പ്രതിഷേധമുയര്‍ത്തിയത് എന്നതു തന്നെ ഒരു സ്പീക്കര്‍ക്ക് ലഭിക്കാവുന്ന അംഗീകാരമാണ്. സഭയില്‍ ബഹളക്കാരന്‍ എന്ന് പ്രതിപക്ഷം വിമര്‍ശിക്കുന്ന എ.എന്‍.ഷംസീറും പുതിയ ഉത്തരവാദിത്തത്തിന്റെ വലിപ്പം കൃത്യമായി തിരിച്ചറിഞ്ഞാണ് പ്രതികരിക്കുന്നത്. വാസ്തവത്തില്‍ എം.ബി.രാജേഷും, എ.എന്‍.ഷംസീറും രണ്ടാം മന്ത്രിസഭയുടെ തുടക്കത്തില്‍ തന്നെ കൂടുതല്‍ പ്രധാന ഉത്തരവാദിത്തങ്ങള്‍ ഏല്‍പിക്കപ്പെടും എന്ന് വിലയിരുത്തപ്പെട്ടവരാണ്. പക്ഷേ അന്ന് മുഖ്യമന്ത്രി മുന്നോട്ടു വച്ച മാനദണ്ഡങ്ങള്‍ മാത്രമനുസരിച്ചാണ് തീരുമാനങ്ങളുണ്ടായത്. ആ മാനദണ്ഡങ്ങളുടെ ഉദ്ദേശലക്ഷ്യങ്ങള്‍ മുഖ്യമന്ത്രിക്കല്ലാതെ മറ്റാര്‍ക്കും ഇതുവരെയും ബോധ്യമായിട്ടുമില്ല. തിരുവായ്ക്ക് എതിര്‍വായില്ലാതായിരിക്കുന്ന  സംഘടനാരീതികളിലും മാറ്റം വരികയാണോ എന്നു കൂടിയാണ് ഇനി അറിയേണ്ടത്. പാര്‍ട്ടിയിലും ഭരണത്തിലും വരുന്ന മാറ്റം ഏതറ്റം വരെ എങ്ങനെ പ്രതിഫലിക്കും? 

രണ്ടാം പിണറായി മന്ത്രിസഭയിലെ അംഗങ്ങളുടെ പേരുവിവരങ്ങള്‍ പുറത്തുവന്നപ്പോള്‍  മുഖ്യമന്ത്രിയുടെ കടുത്ത അനുയായികള്‍ പോലും മന്ത്രിമാരുടെ തിരഞ്ഞെടുപ്പിലെ മാനദണ്ഡം വിശദീകരിക്കാന്‍ ബുദ്ധിമുട്ടി. പരിചയസമ്പത്ത് ഒരു  അയോഗ്യതയാണെന്ന് തീരുമാനിച്ച മുഖ്യമന്ത്രി അതില്‍ ഇളവ് നല്‍കിയത് തനിക്ക് മാത്രം. സംസ്ഥാനം സങ്കീര്‍ണമായ വെല്ലുവിളികള്‍ നേരിടുന്ന ഘട്ടത്തിലും ഒരു ഭരണപരിചയവുമുണ്ടാകരുത്  എന്നതാണ് മുഖ്യമന്ത്രി  മുന്നോട്ടു വച്ച  ഒരേയൊരു മാനദണ്ഡം. മുഖ്യമന്ത്രി ഉദ്ദേശിച്ചവര്‍ മാത്രം കൃത്യമായി മന്ത്രിസഭയിലെത്തുന്നുവെന്നുറപ്പിക്കാന്‍ ചേരും പടി ചേര്‍ത്ത ഒരു ഫോര്‍മുലയുണ്ടാക്കിയാണ് അന്ന് അന്തിമതീരുമാനമുണ്ടായതും. ഒന്നര വര്‍ഷമെത്തുമ്പോള്‍ സ്വന്തം പാര്‍ട്ടിയില്‍ പോലും മന്ത്രിമാരുടെ പ്രവര്‍ത്തനത്തില്‍ വിമര്‍ശനമുയര്‍ന്നു. പാര്‍ട്ടി സെക്രട്ടറി തന്നെ അത് പരസ്യമായി സമ്മതിക്കുന്ന സാഹചര്യവുമുണ്ടായി.  

മന്ത്രിമാര്‍ ആവര്‍ത്തിക്കരുത് എന്ന് തീരുമാനിച്ചപ്പോള്‍ തന്നെ സ്വാഭാവികമായും മന്ത്രിസഭയില്‍ എത്തേണ്ടിയിരുന്ന പേരുകളാണ് എം.ബി.രാജേഷും എ.എന്‍.ഷംസീറും. പക്ഷേ അവര്‍ക്കു മുകളിലൂടെ പുതിയ പേരുകള്‍ വന്നു. എന്തുകൊണ്ടെന്ന് ആരും ചോദിച്ചില്ല. ഇങ്ങനെ പോയാല്‍ മതിയോ എന്നെങ്കിലും ഇപ്പോള്‍ പാര്‍ട്ടിക്കു തോന്നിത്തുടങ്ങുന്നുണ്ടെങ്കില്‍ നല്ലത്. പാര്‍ട്ടി സെക്രട്ടറിയായി എം.വി.ഗോവിന്ദന്‍ മാഷ് വരുന്നിടത്തും തിരുത്തലിന്റെ ഒരു ചെറിയ സ്വരമുണ്ട്. പാര്‍ട്ടി ഒറ്റക്കെട്ട് എന്നു പറഞ്ഞാല്‍ ഒറ്റയ്ക്കൊരാളുടെ തീരുമാനങ്ങള്‍ നടപ്പാക്കുകയല്ല എന്നൊരു ബോധ്യം വന്നുതുടങ്ങിയെങ്കില്‍ അത് സി.പി.എമ്മിനും കേരളരാഷ്ട്രീയത്തിനും ഗുണം ചെയ്യും.  അനുഭവസമ്പത്തും രാഷ്ട്രീയപരിചയവും ഭരണാധികാരികള്‍ക്ക് അനിവാര്യമാണെന്ന് ഈ സര്‍ക്കാര്‍ തന്നെ ഇപ്പോള്‍ പല തവണ തെളിയിച്ചു കഴിഞ്ഞു. വഖഫ് ബോര്‍ഡ് ബില്‍ പിന്‍വലിച്ചത് ഈയാഴ്ചയാണ്. വിദ്യാലയങ്ങളില്‍ ലിംഗസമത്വം നടപ്പാക്കുകയെന്ന സുപ്രധാന ആശയം ഉള്‍ക്കാഴ്ചയോടെ അവതരിപ്പിക്കുന്നതിലുണ്ടായ പരാജയവും കേരളം അര്‍ഹിക്കാത്ത ചര്‍ച്ചകളിലേക്ക് കാര്യങ്ങള്‍ എത്തിച്ചു. KSRTCയിലെ തൊഴിലാളി വിരുദ്ധസമീപനം തിരുത്തപ്പെടുന്നത് ഹൈക്കോടതിയുടെ ഇടപെടലിലാണ്. സില്‍വര്‍ലൈന്‍ പദ്ധതിയുടെ പേരില്‍ കേരളത്തെ  യുദ്ധക്കളമാക്കിയതും ഇതേ വീണ്ടുവിചാരമില്ലാത്ത ഭരണസമീപനമാണ്.  കടുത്ത പ്രതിഷേധമുയര്‍ന്നപ്പോഴാണ് ജനാധിപത്യവിരുദ്ധ ഏകപക്ഷീയ ശൈലിെയ കേരളം ഇന്നും ചെറുക്കുമെന്ന് പിണറായി സര്‍ക്കാര്‍ തിരിച്ചറിയുന്നത്.  

ജോലി ചെയ്ത കൂലിക്കു വേണ്ടിയാണ് KSRTC ജീവനക്കാര്‍ ഹൈക്കോടതിയില്‍ സര്‍ക്കാരുമായി നിയമയുദ്ധം നടത്തുന്നത്. ഒടുവില്‍ ഓണത്തിനു പോലും ചെയ്ത ജോലിക്കുള്ള കൂലി കൂപ്പണായും കുറച്ചു പണമായും കൊടുക്കാമെന്നാണ് എത്തിയിരിക്കുന്ന ധാരണ. കഴിഞ്ഞ രണ്ടു മാസത്തെ ശമ്പളവും ബത്തയും നല്‍കാന്‍ 103 കോടി രൂപ സര്‍ക്കാര്‍ നല്‍കണമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചാണ് സര്‍ക്കാര്‍ ഉത്തരവാദിത്തത്തില്‍ നിന്നൊഴിവായത്. അപമാനകരമാണീ അവസ്ഥയെന്ന് പറയുന്നത് CITU കൂടിയാണ്.  ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ജോലി ചെയ്ത കൂലിയുടെ മൂന്നിലൊന്നു മാത്രം വിതരണം ചെയ്യാന്‍ കഴിയുന്ന 50 കോടിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ കൊടുക്കുന്നത്. തൊഴിലാളിവിരുദ്ധ നടപടിയെന്നു ശക്തമായൊന്നു വിമര്‍ശിക്കണമെങ്കില്‍ തൊഴിലാളിവര്‍ഗസര്‍ക്കാരുമായിപ്പോയി. ഇനി മുഖ്യമന്ത്രി നേരിട്ടു നടത്തുന്ന ചര്‍ച്ചയില്‍ മാത്രമാണ് KSRTCയിലെ ഒരു പ്രതീക്ഷ.  പക്ഷേ അങ്ങനെ എല്ലാ വകുപ്പിലെയും പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രി ഒരാള്‍ തന്നെ വേണമെന്നു വരുന്നത് എന്തു തരണം ഭരണവ്യവസ്ഥയാണ്? പേവിഷബാധ മരണങ്ങളില്‍ ജനങ്ങളുടെ ആശങ്ക മനസിലാക്കാനും ആരോഗ്യമന്ത്രിയെ തിരുത്തി ഇടപെടാനും മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയതും ഈ ദിവസങ്ങളില്‍ തന്നെ കണ്ടു. ആരു പ്രഖ്യാപിച്ചാലും പരിഹരിച്ചാല്‍ മതിയെന്ന അവസ്ഥയിലായതുകൊണ്ടാണോ ഈ സ്ഥിതിക്കെതിരെ മുന്നണിക്കുള്ളിലും ചോദ്യങ്ങള്‍ ഉയരാത്തത്.  

ഇപ്പോള്‍ ജനങ്ങളെ ഏറ്റവുമധികം ആശങ്കയിലാക്കുന്ന പ്രശ്നമാണ് തെരുവുനായ ആക്രമണവും പേവിഷബാധയേറ്റുള്ള മരണവും. പേവിഷബാധയേറ്റ് 20 പേര്‍ മരിക്കുന്ന സാഹചര്യം കേരളം പോലെ അടിസ്ഥാനആരോഗ്യമേഖല ശക്തമായ ഒരു സംസ്ഥാനത്ത് എങ്ങനെ സംഭവിക്കുന്നു എന്നത് ഗുരുതരമായ പ്രശ്നമാണ്. മരിച്ച 20 പേരില്‍ 5 പേര്‍ പൂര്‍ണമായോ ഭാഗികമായോ വാക്സീന്‍ സ്വീകരിച്ചിരുന്നുവെന്നത് അതിനേക്കാള്‍ ചോദ്യങ്ങളുയര്‍ത്തുന്ന പ്രശ്നം. വാക്സീന് ഗുണനിലവാരം ഉറപ്പാക്കിയിട്ടുണ്ടെന്ന് ഒരു സംശയവുമില്ലാതെ ആരോഗ്യമന്ത്രി സഭയില്‍ പ്രഖ്യാപിച്ചു. എന്നാല്‍ മുഖ്യമന്ത്രി ഇത് തിരുത്തി, ജനങ്ങളുടെ ആശങ്ക കണക്കിലെടുത്ത് വിദഗ്ധസമിതി വിഷയം പരിശോധിക്കട്ടെ എന്നു പ്രഖ്യാപിച്ചു.  അടിയന്തരസാഹചര്യങ്ങള്‍ മുന്നില്‍ വരുമ്പോള്‍ അടിയന്തരമായ പ്രതികരണവും തിരുത്തലും വേണ്ടിവരും. നാഡീവ്യൂഹങ്ങള്‍ കൂടുതലുള്ള ശരീരഭാഗത്ത് കടിയേറ്റാല്‍ വാക്സീനെ മറികടക്കുന്ന സങ്കീര്‍ണതകളുണ്ടാകാമെന്ന് ആരോഗ്യമന്ത്രി പറഞ്ഞത് വസ്തുതാപരമായി ശരിയാണ്. പക്ഷേ അതിനപ്പുറത്തേക്കും സാഹചര്യം ഗുരുതരമായിരിക്കുന്നുവെന്ന് തിരിച്ചറിഞ്ഞേ പറ്റൂ. ഏറ്റവുമൊടുവില്‍ പത്തനംതിട്ടയിലും വാക്സീനെടുത്ത പന്ത്രണ്ടുകാരിക്ക് പേവിഷബാധയേറ്റത് സാഹചര്യത്തിന്റെ അതീവഗൗരവം വ്യക്തമാക്കുന്നു.  നിയന്ത്രിക്കാനാകാത്ത വിധം തെരുവുനായ ആക്രമണം കേരളത്തിലങ്ങോളമിങ്ങോളം ഈ ദിവസങ്ങളില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതോടൊപ്പം വളര്‍ത്തുമൃഗങ്ങളില്‍ നിന്നു കൂടി കടിയേറ്റ കേസുകളടക്കം രണ്ടു ലക്ഷത്തിനടുത്ത് സംഭവങ്ങളാണ് ഈ എട്ടു മാസത്തിനിടെ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം രണ്ടേകാല്‍ ലക്ഷം സമാന കേസുകള്‍ സംസ്ഥാനത്തുണ്ടായി. കഴിഞ്ഞ ആറു മാസത്തിനിടെ പൂച്ചകളുടെ കടിയേറ്റ് 2.19 ലക്ഷം പേരും ചികില്‍സ തേടിയിട്ടുണ്ട്.

ജൂലൈ മാസം വരെ മാത്രം കേരളത്തില്‍ ആന്റി റേബീസ് കുത്തിവയ്പെടുത്തവരുടെ എണ്ണം 3.6 ലക്ഷമാണ്. എന്തുകൊണ്ട് പേവിഷബാധയെ ഇത്രമേല്‍ ജാഗ്രതയോടെ കാണണമെന്ന ചോദ്യത്തിന്റെ ഉത്തരം ലളിതമാണ്. പിടിപെട്ടാല്‍ ചികില്‍സയില്ലാത്ത രോഗമാണ് പേവിഷബാധ. വിഷബാധയേറ്റാല്‍ മരണം സുനിശ്ചിതമാണെന്ന് വൈദ്യശാസ്ത്രം ആശങ്കപ്പെടുന്നു. അതുകൊണ്ട് തന്നെ പ്രതിരോധകുത്തിവയ്പ് മാത്രമാണ് രോഗം പിടിപെടാതിരിക്കാനുള്ള മാര്‍ഗം. പ്രതിരോധകുത്തിവയ്പില്‍ അലംഭാവമരുത് എന്ന് നല്ല ബോധ്യമുള്ള കേരളത്തിലാണ് ഒരു വര്‍ഷത്തിനിടെ കുത്തിവയ്പെടുക്കാതെ 15 പേര്‍ രോഗത്തിനു കീഴടങ്ങിയത് എന്നതും ഗൗരവവിഷയമാണ്. കുത്തിവയ്പെടുത്തവര്‍ തന്നെ പല സര്‍ക്കാര്‍ ആശുപത്രികളിലും മരുന്ന് ലഭിച്ചില്ലെന്ന് സാക്ഷ്യപ്പെടുത്തിയതും നമ്മള്‍ കേട്ടു. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പ്രതിരോധവാക്സീന്‍ ലഭ്യമാണ് എന്നാവര്‍ത്തിക്കും മുന്‍പ് അതുറപ്പു വരുത്താനുള്ള ബാധ്യത ആരോഗ്യവകുപ്പിനുണ്ട്. വാക്സീനുകളുടെ ഗുണനിലവാരപരിശോധന അതിവേഗം നടക്കണം. തെരുവുനായനിയന്ത്രണം സമാന്തരവേഗത്തില്‍ മുന്നോട്ടു പോകണം.  മനുഷ്യര്‍ക്ക് ജീവഭയമില്ലാതെ പുറത്തിറങ്ങാന്‍ കഴിയുന്ന അവസ്ഥ തെരുവുകളിലുണ്ടാകണം. തെരുവുനായകള്‍ മാത്രമാണ് പ്രശ്നം എന്നല്ല. തെരുവുനായകള്‍ പെരുകുന്നതിനെക്കുറിച്ച് അന്വേഷിച്ചു ചെല്ലുമ്പോള്‍ മാലിന്യപ്രശ്നത്തിലേക്ക് ചൂണ്ടുവിരല്‍ നീളും. വകുപ്പുകളുടെ ഏകോപനവും ഭരണമേല്‍നോട്ടവും നിര്‍ണായകമാകുന്നത് ഇത്തരം ഘട്ടങ്ങളിലാണ്. സില്‍വര്‍ലൈനായുള്ള ജനാധിപത്യരീതിയിലുള്ള ശ്രമങ്ങളൊക്കെ സര്‍ക്കാര്‍ മുന്നോട്ടു കൊണ്ടുപോകട്ടെ. പക്ഷേ വികസനം, വികസനം എന്ന മന്ത്രത്തിനു മുന്നില്‍ ജനങ്ങള്‍ നേരിടുന്ന അടിസ്ഥാനപ്രശ്നങ്ങള്‍ അവഗണിക്കപ്പെടരുത്. സര്‍ക്കാര്‍ അവഗണിച്ചാല്‍ അതോര്‍മപ്പെടുത്താനുള്ള കടമ പാര്‍ട്ടിയും മറന്നു പോകരുത്. ഭരണത്തിലെ മാറ്റം പേരുങ്ങളിലൊതുങ്ങാതെ, സമീപനത്തില്‍ കൂടി പ്രതിഫലിക്കേണ്ട അവസ്ഥ കേരളത്തിലുണ്ട്.  

MORE IN PARAYATHE VAYYA
SHOW MORE