എല്ലാം മുഖ്യമന്ത്രിയില്‍ കേന്ദ്രീകരിക്കുന്ന ‘ജനാധിപത്യസുന്ദര’ കേരളം..!

PVA-2
SHARE

ജനാധിപത്യം കൂടുതല്‍ വിശാലവും അര്‍ഥസമ്പുഷ്ടവുമാക്കാന്‍ പിണറായി സര്‍ക്കാര്‍ നടത്തുന്ന പ്രയത്നം ആരുടെയും കരളലിയിപ്പിക്കുന്നതാണ്. ജനാധിപത്യത്തിന്റെ അടിത്തറ കൂടുതല്‍ ശക്തമാക്കാന്‍ വേണ്ടി വളരെ പാടുപെട്ട് ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ചു. വി.സി.നിയമനത്തില്‍ ഗവര്‍ണര്‍ക്കുള്ള അധികാരം വെട്ടിക്കുറച്ചുകൊണ്ടിരിക്കുന്നു. എല്ലാ അധികാരങ്ങളും മുഖ്യമന്ത്രിയിലേക്കു കേന്ദ്രീകരിക്കുന്ന ജനാധിപത്യസുന്ദര കേരളമാണ് പിണറായിയുടെ സ്വപ്നം. എത്രയും വേഗം അത് സാധ്യമാക്കുകയെന്ന ചരിത്രപരമായ ദൗത്യമാണ് സി.പി.എം ഏറ്റെടുത്തിരിക്കുന്നത്. 

മാസങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ഓര്‍ഡിനന്‍സായിരുന്ന ലോകായുക്ത ഭേദഗതി ഒടുവില്‍ സഭയിലെത്തി. പറയുന്നതല്ല യാഥാര്‍ഥ്യമെന്നറിഞ്ഞു തന്നെ നിയമമന്ത്രി പുതിയ വാദമുഖങ്ങള്‍ നിരത്തി ഭേദഗതിയെ ന്യായീകരിക്കാന്‍ പരമാവധി ശ്രമിച്ചു., മുന്‍മന്ത്രി കെ.കെ.ശൈലജയടക്കമുള്ള ഇടതുപക്ഷപ്രമുഖരും ലോകായുക്തയുടെ അധികാരം എന്തുകൊണ്ട് പരിമിതപ്പെടുത്തണമെന്നു വാദിക്കാനെത്തി. പക്ഷേ പ്രതിപക്ഷം ആവര്‍ത്തിച്ചുന്നയിച്ച ഒരു ചോദ്യത്തിനു മുന്നില്‍ ഭരണപക്ഷത്തിന് വ്യക്തമായ മറുപടിയേ ഉണ്ടായിരുന്നില്ല. എന്തിനു വേണ്ടിയാണ് ലോകായുക്ത എന്നതു തന്നെയാണ് ചോദ്യം. അഴിമതി തടയാനാണ്. മറ്റെല്ലാ ആശങ്കകളും രണ്ടാമതു മാത്രം വരുന്ന ചോദ്യങ്ങളാണ്. അഴിമതി തടയാന്‍ കേരളം രൂപീകരിച്ച ഒരു സംവിധാനത്തിന്റെ  അധികാരം വെട്ടിക്കുറയ്ക്കുന്ന സര്‍ക്കാര്‍ മറുപടി പറയേണ്ടത് ആ ചോദ്യത്തിനു തന്നെയാണ്. 

അന്വേഷിക്കുന്ന കേസില്‍ പൊലീസ് തന്നെ വിധി പറയുന്ന അവസ്ഥ ലോകത്തെവിടെയെങ്കിലുമുണ്ടോ എന്ന് നിയമമന്ത്രി ചോദിക്കുന്നത് നമ്മള്‍ കേട്ടു.  ആരോപണം നേരിടുന്നവര്‍ക്ക് വിധി തീരുമാനിക്കാവുന്ന അവസ്ഥയും ലോകത്തെവിടെയെങ്കിലുമുണ്ടോ? ഈ ഭേദഗതി കൊണ്ടുവരുന്ന മാറ്റം അതല്ലാതെ പിന്നെന്താണ്? ഓ.. മന്ത്രിമാര്‍ക്കെതിരെ ആരോപണം വന്നാല്‍ മുഖ്യമന്ത്രിയല്ലേ തീരുമാനിക്കുന്നത് എന്നാണോ? അതായത് കെ.ടി.ജലീല്‍ സ്വജനപക്ഷപാതം നടത്തിയെന്നു ലോകായുക്ത കണ്ടെത്തിയാല്‍ പിണറായി വിജയന്‍ തീരുമാനമെടുക്കുന്ന സംവിധാനം അല്ലേ? ലോകായുക്തയ്ക്ക് അത്രയും ശക്തി വേണ്ടി വരുമോ?ഓര്‍ഡിനന്‍സ് കൊണ്ടും വരും മുന്‍പ്  അറിഞ്ഞില്ല, അറിഞ്ഞിരുന്നെങ്കില്‍ ഞങ്ങള്‍ ശരിയാക്കിയേനെ എന്നൊക്കെ വീമ്പു പറഞ്ഞ സി.പി.ഐ ആ അഴിമതിവിരുദ്ധകാപട്യം അങ്ങവസാനിപ്പിച്ചുവെന്നതാണ് ഭേദഗതി കൊണ്ടുണ്ടായ ചെറിയ ചില പ്രയോജനങ്ങളില്‍ ഒന്ന്. ജനാധിപത്യത്തില്‍ ഇതൊക്കെ സഹിക്കേണ്ടി വരുമെന്ന് കാനം. കാനം പറഞ്ഞതാണ് യഥാര്‍ഥ പോയന്റ്. ജനാധിപത്യത്തില്‍ തിര‍ഞ്ഞെടുക്കപ്പെട്ടെവര്‍ക്ക് എന്തും ചെയ്യാനുള്ള അധികാരമുണ്ട്.  അഥവാ ഉണ്ടെന്ന് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അങ്ങനെയൊരു തോന്നലുണ്ട്. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അതങ്ങ് സഹിക്കേണ്ടി വരും. മുഖ്യമന്ത്രിക്കെതിരായ കേസ് പരിഗണിക്കുന്നതിനിടയ്ക്കു തന്നെ ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്നത് ഭരണഘടനയെ സംരക്ഷിക്കാനെന്നൊക്കെ നിയമമമന്ത്രിക്ക് പറയേണ്ടിവരും. അഭിമാനമാണീ ലോകായുക്തയെന്ന് നേരത്തെ ആവേശം കൊണ്ട മുഖ്യമന്ത്രി മിണ്ടാതെ, ഉരിയാടാതെ ലോകായുക്തയുടെ ചിറകരിയുന്നത് നമുക്ക് നോക്കിനില്‍ക്കേണ്ടി വരും.വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം പരിമിതപ്പെടുത്തുന്ന ബില്ലും സഭയില്‍ അവതരിപ്പിച്ചിട്ടുണ്ട്. 

ഗവര്‍ണറുടെ നിലപാടുകള്‍ അഴിമതിയോടോ സ്വജനപക്ഷപാതത്തോടോ വിട്ടുവീഴ്ചയില്ലാത്തതു കൊണ്ടാണെന്നൊന്നും കേരളത്തിന് തെറ്റിദ്ധരിക്കാനാകില്ല. മുഖ്യമന്ത്രിയും സര്‍ക്കാരും ഒന്നു വിധേയപ്പെട്ടാല്‍ തീരുന്ന ഈഗോയുദ്ധങ്ങളാണ് ഇതിനു മുന്‍പും നമ്മള്‍ കണ്ടിട്ടുള്ളത്. പക്ഷേ ഇപ്പോള്‍ ഏതു സാഹചര്യത്തിലാണ് ഈ ബില്ല് കൊണ്ടുവരുന്നതെന്നത് പ്രധാനമാണ്. കണ്ണൂര്‍ വി.സിക്ക് അസാധാരണ നടപടികളിലൂടെ സര്‍ക്കാര്‍ നിയമനം നീട്ടിനല്‍കുന്നു. അതേ വി.സി., മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ പങ്കാളിക്ക് അനധികൃതനിയമനം നല്‍കാന്‍ ചുക്കാന്‍ പിടിച്ചുവെന്ന് ആരോപണം നേരിടുന്നു. ആ നിയമനം ആദ്യം ഗവര്‍ണറും ഇപ്പോള്‍ ഹൈക്കോടതിയും സ്റ്റേ ചെയ്തിരിക്കുന്നു. അന്തിമതീരുമാനം കോടതി കൈക്കൊള്ളട്ടെ. പക്ഷേ കോടതിക്കു പോലും ഒറ്റനോട്ടത്തില്‍ സംശയകരമായി തോന്നുന്ന, സ്വജനപക്ഷപാത ആരോപണം നേരിടുമ്പോഴാണ് ഗവര്‍ണറുടെ അധികാരങ്ങള്‍ ഏതുവിധേനയും വെട്ടിക്കുറയ്ക്കാമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. 

എല്ലാം ജനാധിപത്യം ശക്തിപ്പെടുത്താനാണല്ലോ എന്നതാണ് ഒരു ആശ്വാസം. പക്ഷേ ജനാധിപത്യത്തില്‍ ജയിക്കുന്നവര്‍ക്ക് എന്തും തീരുമാനിക്കാമെന്ന് ദേശീയ തലത്തില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും അംഗീകരിക്കുന്നുണ്ടോ? അതോ അമിതാധികാരപ്രയോഗത്തെ ചോദ്യം ചെയ്യുകയും അതിശക്തമായി പ്രതിരോധിക്കാന്‍ ആഹ്വാനം ചെയ്യുകയുമാണോ ചെയ്യുന്നത്? ജനാധിപത്യം നല്‍കുന്ന അധികാരം തെറ്റായി വിനിയോഗിക്കപ്പെടുമ്പോള്‍ തിരുത്താനും പ്രതിരോധിക്കാനുമാണ് ഇന്ത്യന്‍ ഭരണഘടന ചെറിയ ചെറിയ കാര്യങ്ങളില്‍ പോലും അധികാരവികേന്ദ്രീകരണം ഉറപ്പാക്കിയിരിക്കുന്നത്.  ജനാധിപത്യം ഭരിക്കാനുള്ള അധികാരമാണ് നല്‍കുന്നത്. ആ ഭരണത്തില്‍ പിഴവുകള്‍ വരുമ്പോള്‍ തിരുത്താനുള്ള അധികാരം ലോകായുക്തയിലും ഗവര്‍ണറിലും വിവരാവകാശത്തിലുമെല്ലാം കുറേശേയാണെങ്കിലും എഴുതിവച്ചിരിക്കുന്നത് എല്ലാം ഞങ്ങള്‍ ശരിയാക്കും എന്നറിയാവുന്നതുകൊണ്ടു തന്നെയാണ്.  ജനങ്ങള്‍ ജയിപ്പിച്ചുകഴിഞ്ഞാല്‍ ഞങ്ങളോടാരും ചോദിക്കാന്‍ പാടില്ലെന്ന സമീപനവും ജനാധിപത്യവിരുദ്ധമാണ്. ലോകായുക്തഭേദഗതിയും സര്‍വകലാശാല ഭേദഗതിയും അക്കാരണങ്ങളാല്‍ തന്നെ ജനാധിപത്യവിരുദ്ധമാണ്.  

MORE IN PARAYATHE VAYYA
SHOW MORE