മുഖദാവിലെ മുദ്രാവാക്യത്തിന് പ്രതികാരം? നാടുകടത്തേണ്ട രാഷ്ട്രീയ സംസ്കാരം

അമിതാധികാരം ഭരണാധികാരിക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുമോ, അരക്ഷിതനാക്കുമോ? 

തനിക്കെതിരെ പ്രതിഷേധമുദ്രാവാക്യം വിളിച്ച പ്രതിപക്ഷരാഷ്ട്രീയപ്രവര്‍ത്തകന്‍ തന്നെ കൊല്ലാന്‍ വന്നതാണെന്ന് മുഖ്യമന്ത്രി പറയുന്ന  നാട്ടില്‍ പിന്നെന്തു നടക്കും? അതൊക്കെ തന്നെയാണ് കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നതും. തന്നെ കൊല്ലാന്‍ വന്ന പ്രതിപക്ഷരാഷ്ട്രീയപ്രവര്‍ത്തകനെ ഗുണ്ടാനിയമം ചുമത്തി നാടു കടത്തുന്നതുവരെ ഭരണാധികാരിയെങ്ങനെ സമാധാനമായുറങ്ങും? സ്വജനപക്ഷപാതം ചൂണ്ടിക്കാണിക്കുന്ന ഗവര്‍ണറെ അധികാരം വെട്ടിക്കുറച്ച് കെട്ടുകെട്ടിക്കാതെ സമ്പൂര്‍ണാധികാരം പിന്നെന്തിനാണ്,  തമാശയ്ക്കാണോ? ജനാധിപത്യം ഏല്‍പിച്ചു കൊടുത്ത മൃഗീയ ഭൂരിപക്ഷം ജനാധിപത്യവിരുദ്ധമായി എങ്ങനെയെല്ലാം  പ്രയോഗിക്കാമെന്ന പരീക്ഷണങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ് കേരളം. 

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റ് ഫര്‍സീന്‍ മജീദിനെതിരെ കാപ്പ ചുമത്താനാണ് കേരളപൊലീസ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ രൂപം നല്‍കിയ കാപ്പ രാഷ്ട്രീയപ്രവര്‍ത്തകനെതിരെ  ചുമത്താന്‍  ഡി.ഐ.ജി കണ്ടെത്തിയിരിക്കുന്നത് സ്ഥിരം കുറ്റവാളിയാണ് എന്ന കാരണമാണ്. മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചുവെന്ന കേസുകളടക്കം ചൂണ്ടിക്കാട്ടിയാണ് ശുപാര്‍ശ. കേസുകളുടെ എണ്ണവും സ്വഭാവവും പരിഗണിക്കുമ്പോള്‍ ഫര്‍സീനെ കണ്ണൂര്‍ ജില്ലയില്‍ നിന്ന് നാടുകടത്തണമെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഫര്‍സീന്‍ 19 കേസുകളില്‍ പ്രതിയാണ് എന്ന് സി.പി.എമ്മും മുഖ്യമന്ത്രിയും നേരത്തെ ആരോപിച്ചിരുന്നെങ്കിലും പൊലീസ് തയാറാക്കിയ നോട്ടീസില്‍ 13 കേസുകളാണുള്ളത്. 

കേരളത്തില്‍ ഏതു രാഷ്ട്രീയപ്രവര്‍ത്തകനു നേരെയും ഇപ്പോള്‍ നിലവിലുള്ള കേസുകള്‍ തന്നെയാണ് ഫര്‍സീന്‍ മജീദിനെതിരെയും നിലവിലുള്ളത്. രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമായി പങ്കാളിയായ  സമരങ്ങളുടെയും പ്രതിഷേധങ്ങളുടെയും പേരിലുള്ള നിയമനടപടികള്‍ നേരിടാന്‍ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് ബാധ്യതയുമുണ്ട്. 

ഡി.ഐ.ജിയുടെ ശുപാര്‍ശ കലക്ടര്‍ അംഗീകരിച്ചാല്‍ ഫര്‍സീന്‍ മജീദിനെ ജില്ലയ്ക്കു പുറത്തേക്കു നാടു കടത്താം. ഒരു വര്‍ഷം വരെ കരുതല്‍ തടങ്കലില്‍ വയ്ക്കുകയുമാവാം. 

 രാഷ്ട്രീയസമരങ്ങളുടെ പേരില്‍ രാഷ്ട്രീയപ്രവര്‍ത്തകനെതിരെ കാപ്പ ചുമത്തുകയെന്നത് കേട്ടുകേള്‍വിയില്ലാത്തതാണ്, ജനാധിപത്യവിരുദ്ധമാണ്. ഫര്‍സീന്‍ മജീദിനെതിരെ ഇപ്പോള്‍ സ്വീകരിക്കുന്നത് പച്ചയായ പ്രതികാരനടപടിയാണ്. മുഖ്യമന്ത്രിക്കെതിരെ മുഖദാവില്‍ പ്രതിഷേധമുദ്രാവാക്യമുയര്‍ത്തിയതിന് അധികാരം ദുര്‍വിനിയോഗം ചെയ്തുള്ള പ്രതികാരം. ഇനിയാരും ഇതിനു ധൈര്യപ്പെടരുത് എന്ന ഭീഷണി.  മുഖ്യമന്ത്രി പിണറായി വിജയന്റെ ഈഗോ സംരക്ഷിക്കാന്‍ പ്രയോഗിക്കാനുള്ളതല്ല കാപ്പ നിയമം. അത് പൗരന്റെ ജീവനും ജീവിതത്തിനും സുരക്ഷ ഉറപ്പു വരുത്താന്‍ സാമൂഹ്യദ്രോഹപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കേണ്ട നിയമമാണ്. 

മുഖ്യമന്ത്രിയുടെ ഭീതിയാണ് ഇത്തരം നടപടികള്‍ക്കു പിന്നിലെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. യഥാര്‍ഥത്തില്‍ ഈ അധികാരദുര്‍വിനിയോഗത്തിനെതിരെ പ്രതികരിക്കേണ്ടത് പ്രതിപക്ഷം മാത്രമല്ല. ചരിത്രപരമായ ഭരണത്തുടര്‍ച്ച നല്‍കി പിണറായി സര്‍ക്കാരില്‍ വിശ്വാസമര്‍പ്പിച്ച കേരളത്തിലെ ജനങ്ങളാണ്. വന്‍ഭൂരിപക്ഷത്തില്‍ വീണ്ടും അധികാരത്തിലേറിയ ഭരണാധികാരിക്ക് തനിക്കെതിരെ പ്രതിഷേധിച്ച രാഷ്ട്രീയക്കാരോട് കടുത്തനിയമങ്ങള്‍ പ്രയോഗിച്ച് പ്രതികാരം ചെയ്യേണ്ടിവരുന്ന അവസ്ഥ ദയനീയമാണ്. സാധാരണ ഗതിയില്‍ പ്രതിപക്ഷത്തിന്റെ ശക്തമായ സംഘടിതമായ പ്രതിഷേധം നേരിടേണ്ടിവരും എന്ന അവസ്ഥയല്ല ഇപ്പോള്‍ കേരളത്തില്‍ കാണുന്നതെന്നതും പിണറായി സര്‍ക്കാരിന് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ടാകാം. രാഹുല്‍ഗാന്ധിയുടെ ഓഫിസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തകര്‍ത്ത കേസില്‍ പ്രതിരോധത്തിലായിരുന്ന ഇടതുമുന്നണിക്ക് മറുചോദ്യങ്ങളുന്നയിക്കാനുള്ള അവസരം കോണ്‍ഗ്രസില്‍ നിന്നു തന്നെ കിട്ടിയെന്നാണ് ഗാന്ധിചിത്രം തകര്‍ത്ത കേസിലെ പൊലീസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഗാന്ധിച്ചിത്രം തകര്‍ത്തത് രാഹുല്‍ഗാന്ധിയുടെ പി.എ. അടക്കമുള്ള കോണ്‍ഗ്രസുകാരാണെന്ന് ആരോപിച്ച് പൊലീസ് നാലു പേരെ അറസ്റ്റു ചെയ്യുകയും ചെയ്തു. 

ഗാന്ധിചിത്രം തകര്‍ത്തത് വൈകാരികപ്രശ്നമായി ഉയര്‍ത്തിയത് ആത്മാര്‍ഥമായിരുന്നെങ്കില്‍ യഥാര്‍ഥ കുറ്റവാളികള്‍ ആരെന്നത് കോണ്‍ഗ്രസിനും ആശങ്കയുണ്ടാക്കേണ്ടതു തന്നെയാണ്. അപ്പുറത്ത് കാലോചിതമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാതെ മതശാസനങ്ങളുടെ ആധികള്‍ രാഷ്ട്രീയമായ തലത്തില്‍ പങ്കുവച്ച് മുസ്‍ലിംലീഗും സ്വയം അപഹാസ്യരാകുന്ന തിരക്കിലാണ്. 

സര്‍വകലാശാലകളിലെ ബന്ധുനിയമനത്തില്‍ പ്രതിപക്ഷത്തേക്കാള്‍ ഊര്‍ജത്തോടെ സര്‍ക്കാരിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത് ഗവര്‍ണറാണ്. ആ യുദ്ധമാകട്ടെ മെറിറ്റില്‍ ഊന്നി തന്നെ തുടരുമെന്ന്  പ്രതീക്ഷിക്കാനുമാകില്ല. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഏതു നിമിഷവും ഒത്തുതീര്‍പ്പാകാം, അതോടെ ബന്ധുനിയമനവും അടഞ്ഞ അധ്യായമായി സര്‍ക്കാരിനു കണക്കാക്കുകയും ചെയ്യാം. അമിതാധികാരവും സ്വജനപക്ഷപാതവും വളരെ വ്യക്തമായി നടമാടുമ്പോഴും  പ്രതിപക്ഷം വേണ്ടത്ര ഏകോപനത്തോടെ പ്രതിരോധം തീര്‍ക്കുന്നതില്‍ പരാജയമാണ്. മുന്നണി നേരിടുന്ന രാഷ്ട്രീയപ്രതിസന്ധികളോ കേരളത്തിലെ രാഷ്ട്രീയാന്തരീക്ഷത്തില്‍ ഉയരുന്ന ജനാധിപത്യവിരുദ്ധ ഭീഷണികളോ ഗൗരവത്തില്‍ കാണാന്‍ പ്രതിപക്ഷത്തിനു കഴിയുന്നില്ലെന്നതും പിണറായിയുടെ പൊലീസ് ഭരണത്തിന് കൂടുതല്‍ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുന്നു. 

മുഖ്യമന്ത്രിയെ തിരുത്താന്‍ കരുത്തുള്ള ഒരു സംവിധാനവും പാര്‍ട്ടിയിലോ ഭരണത്തിലോ ഇല്ലെന്നത് യാഥാര്‍ഥ്യമായിരിക്കാം. പക്ഷേ അമിതാധികാരം കൈയിലുണ്ട് എന്നു കരുതി ഏത് ചട്ടം എങ്ങനെ ദുരുപയോഗിച്ചും വ്യക്തിപരമായ താല്‍പര്യങ്ങള്‍ നടപ്പാക്കാമെന്ന് മുഖ്യമന്ത്രി കരുതരുത്. പാര്‍ട്ടിയിലും മുന്നണിയിലും മാത്രമേ തിരുവായ്ക്ക് എതിര്‍വായില്ലാതായിട്ടുള്ളൂ. കേരളത്തിലെ ജനങ്ങളുടെ രാഷ്ട്രീയബോധ്യത്തെ വെല്ലുവിളിക്കരുത്. ഭരണാധികാരിയുടെ ഈഗോ സംരക്ഷിക്കാനുള്ള കാവല്‍ക്കാരല്ല കേരളത്തിലെ പൊലീസ്.