
സ്ത്രീകള്‍ ലൈംഗികാതിക്രമത്തിനെതിരെ പരാതിയുമായി സമൂഹത്തിനു മുന്നില്‍ വന്ന മൂന്ന് സുപ്രധാനസന്ദര്‍ഭങ്ങള്‍ ഈ കഴിഞ്ഞ ദിവസങ്ങളിലും കേരളത്തിലുണ്ടായി. വനിതാനേതാവിന്റെ പരാതി ഒതുക്കിയെന്ന യൂത്ത്കോണ്‍ഗ്രസിനെതിരായ ആരോപണം,
അഭിഭാഷകനെതിരെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതി, കുട്ടികള്‍ക്കു മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ചുവെന്ന് സിനിമാതാരത്തിനെതിരെ ഉയര്‍ന്ന പരാതി. ഈ മൂന്നിലും പരാതിക്കാര്‍ സ്ത്രീകളാണ് അഥവാ കുട്ടികളാണ്. ചൂഷണത്തിനും അനീതിക്കുമെതിരെ നീതി തേടുന്നവരോട് എന്താണ് നമ്മുടെ മനോഭാവം, നമ്മുടെ കോടതികളുടെ മനോഭാവം? രാഷ്ട്രീയനേതൃത്വത്തിന്റെയും സമൂഹത്തിന്റെയും മനോഭാവം? സത്യത്തില്‍ ആര്‍ക്കൊപ്പമാണ് നമ്മള്‍? എന്തുമാത്രം സ്ത്രീവിരുദ്ധതയാണ് നമ്മള്‍ ഇങ്ങനെ പല ന്യായംപറഞ്ഞു പരിപാലിച്ചു പോരുന്നത്?
അപ്പോള്‍ പെണ്‍കുട്ടിക്കു നേരെ മോശം പെരുമാറ്റമെങ്കിലും ഉണ്ടായിട്ടുണ്ട് എന്ന് യൂത്ത് കോണ്‍ഗ്രസ് പരോക്ഷമായി സമ്മതിക്കുന്നു. അത് പുറത്തു പറയാതെ ഇക്കാരണത്തില്‍ തന്നെ സംഘടനാപരവും നിയമപരവുമായ നടപടികള്‍ സ്വീകരിക്കാതെ യൂത്ത്കോണ്‍ഗ്രസ് ഒഴിഞ്ഞു മാറുന്നതെന്തുകൊണ്ടാണ്? പെണ്‍കുട്ടിക്ക് പരാതിയുണ്ടെങ്കില്‍ മുന്നോട്ടു വരട്ടെ എന്നാവര്‍ത്തിക്കുന്നതു പോലും ശരിയായ നിലപാടാണോ? പെണ്‍കുട്ടിക്ക് പരാതി നല്‍കാന്‍ തടസമുണ്ടെങ്കില്‍ പോലും യൂത്ത്കോണ്‍ഗ്രസിന് പരാതിയുണ്ടാകേണ്ടേ? സഹപ്രവര്‍ത്തകയായ വനിതയോട് ഏതര്‍ഥത്തില്‍ അപമര്യാദയായി പെരുമാറിയിട്ടുണ്ടെങ്കിലും ആ വ്യക്തിയെ അതേ കുറ്റത്തില്‍ തുറന്നുകാണിക്കാന്‍ ഒരു യുവജനരാഷ്ട്രീയപ്രസ്ഥാനം മടിക്കുന്നതെന്തിനാണ്? കാരണം ഒന്നേയുള്ളൂ. സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നത് അത്ര ഗുരുതരമായ ഒരു പ്രശ്നമായി ഒരു രാഷ്ട്രീയനേതൃത്വത്തിനും
കാണാനേ കഴിയുന്നില്ല.
യൂത്ത്കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്ന നിലപാട് മാതൃകാപരമല്ല. ഒരു സ്ത്രീ വാക്കാലോ പ്രവൃത്തിയാലോ അതിക്രമം
നേരിട്ടു എന്നറിഞ്ഞാല്‍ അതേ പ്രശ്നത്തില്‍ തന്നെ നിലപാട് സ്വീകരിക്കണം. തുറന്നു പറയണം. നിയമനടപടിക്കു വഴിയൊരുക്കണം.
യുവജനസംഘടനകളെങ്കിലും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിഷ്കര്‍ഷ പുലര്‍ത്തണം. സ്ത്രീകള്‍ക്ക് അന്തസോടെയും ആത്മാഭിമാനത്തോടെയും പ്രവര‍്ത്തിക്കാനുള്ള സാഹചര്യം ഉറപ്പിക്കേണ്ടത് നേതൃത്വത്തിന്റെ കടമയാണ്. അവിടെ ന്യായീകരണങ്ങള്‍ക്ക് നില്‍ക്കരുത്. അതിക്രമം കൊണ്ടു തന്നെ സമ്മര്‍ദത്തിലായിരിക്കുന്ന സ്ത്രീയോട് കൃത്യമായി ലെറ്റര്‍പാഡില്‍ അക്ഷരവും വ്യാകരണവും അഡ്രസും തെറ്റാതെ പരാതിയെഴുതി സമര്‍പ്പിക്കൂ എന്നു പറയുന്നതാകരുത് സംഘടനാനേതൃത്വത്തിന്റെ മനോഭാവം. പരാതിയില്ലല്ലോ പിന്നന്താ പ്രശ്നം എന്നു ചോദിക്കുന്ന കോണ്‍ഗ്രസ് നേതൃത്വവും ഇക്കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്നത് ശരിയായ സമീപനമല്ല. സ്ത്രീസുരക്ഷയില്‍ വിട്ടുവീഴ്ചയില്ല എന്ന മാതൃകാപരമായ നിലപാട് സ്വീകരിക്കാന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിക്കും കഴിയുന്നില്ല എന്ന് കേരളത്തിലെ സ്ത്രീകള്‍ തിരിച്ചറിയണം. നിയമപരിരക്ഷ സ്വയം തേടണം.
പതിനൊന്നും പതിനാലും വയസുള്ള പെണ്‍കുട്ടികള്‍ക്കു മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന പരാതിയിലാണ് നടന്‍ ശ്രീജിത്ത് രവി റിമാന്‍ഡിലായത്. ആറു വര്‍ഷം മുന്‍പ് സമാനമായ കേസില്‍ പ്രതിയായിരുന്നു ശ്രീജിത്ത് രവി. പ്രതി മനോവൈകല്യത്തിനു ചികില്‍സയിലാണെന്നും മരുന്നു മുടങ്ങിയതാണെന്നുമാണ് പ്രതിഭാഗം കോടതിയില്‍ വാദിച്ചത്. പുരുഷന്‍റെ മനോവൈകല്യത്തിന് കുട്ടികള്‍ പോലും ഇരകളായാലും ആ മാനസികാഘാതം ജീവിതം മുഴുവന്‍ അവരെ വേട്ടയാടിയാലും പുരുഷന്‍ കുറ്റക്കാരനല്ലെന്നാണോ ആ വാദത്തിന്റെ അര്‍ഥം? പുരുഷന്റെ വൈകല്യങ്ങള്‍ക്കും അത്യാര്‍ത്തികള്‍ക്കും വേട്ടയാടാനുള്ളതാണോ സ്ത്രീജീവിതങ്ങള്‍?
ലൈംഗികാതിക്രമം നടത്തുന്നവര്‍ സമൂഹത്തില്‍ നിലയും വിലയുമുള്ളവരാകുമ്പോള്‍ സമൂഹത്തിനു മാത്രമല്ല, നിയമത്തിനു പോലും അനുതാപം വഴിഞ്ഞൊഴുകുന്നത് നമ്മള്‍ കാണുകയാണ്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ പ്രാഥമികതത്വങ്ങള്‍ എന്തിനെന്നത് മറന്ന് ലൈംഗികചൂഷകരായ പുരുഷന്‍മാര്‍ക്കൊപ്പം നിലകൊള്ളാന്‍ നിയമവ്യവസ്ഥ പോലും പഴുതുകള്‍ തേടുന്നു. കോടതിയും സമൂഹവും എന്താണ് സ്ത്രീകളോടു പറയുന്നത്. പുരുഷന് ലൈംഗികചൂഷണം നടത്തിക്കൊണ്ടേയിരിക്കാം. ചെറുക്കേണ്ടത് സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തമാണ് എന്നാണോ? പുരുഷന് ഇച്ഛിക്കുന്നതുപോലെയെല്ലാം സ്ത്രീകളെ വേട്ടയാടാം, വലയില്‍ വീഴാതിരിക്കേണ്ടത് സ്ത്രീകളുടെ ബാധ്യതയാണ് എന്നാണോ? പിന്നെന്തിനാണ് ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍, പ്രത്യേക നിയമങ്ങളില്‍ എല്ലാം സ്ത്രീകള്‍ക്കു വേണ്ടി ഇത്രയും വിശാലമായ പരിരക്ഷ ഉറപ്പു വരുത്തിയിരിക്കുന്നത്? എന്തുകൊണ്ടാണ് സ്ഥിരം വേട്ടക്കാരായ പുരുഷന്‍മാരോട് ഇത് ഇവിടെ നടക്കില്ലെന്ന് ഒരു തവണ പോലും പറയാന്‍ നിങ്ങളുടെ ചൂണ്ടുവിരലുകള്‍ ഉയരാത്തത്?
ഒരു വേട്ടക്കാരനെ സ്വതന്ത്രനാക്കി വിടാനും അയാള്‍ക്കു വേണ്ടി ന്യായീകരണങ്ങള്‍ ചമയ്ക്കാനും ശ്രമിക്കുന്നവര്‍ ഒരു കാര്യം മാത്രം ചിന്തിക്കണം. തുറന്നു വിടുന്നത് വേട്ടക്കാരനെയാണ്. ഇനിയും കൂടുതല്‍ ഇരകളെ തേടാനുള്ള മൗനാനുവാദമാണ് അയാള്‍ക്കുവേണ്ടി ഉയരുന്ന ന്യായീകരണങ്ങള്‍. അതിക്രമത്തിന്റെ ആഘാതം വ്യക്തിപരമായി നേരിടുമ്പോഴേ നമുക്കത് മനസിലാകൂ എന്ന് വരുന്നത് ഖേദകരമാണ്. ലൈംഗികചൂഷണം ഇല്ലാതാക്കാനും കുറ്റകരമായി കണ്ട് ശിക്ഷ നല്‍കാനും നിയമത്തില്‍ പരിമിതികളുണ്ടെങ്കില്‍ കോടതികളാണ് ചൂണ്ടിക്കാണിക്കേണ്ടത്. പകരം ഇത് സിനിമയില്‍ കണ്ടിട്ടുള്ള ബലാല്‍സംഗമല്ല എന്ന മട്ടിലുള്ള അനീതി കോടതികളില്‍ നിന്നുണ്ടാകരുത്. നിയമത്തില്‍ പോരായ്മകളുണ്ടെങ്കില്‍ അതു തിരുത്തേണ്ടത് നിയമനിര്‍മാണസഭകളിലൂടെ രാഷ്ട്രീയനേതൃത്വമാണ്. അതുകൊണ്ടാണ് മാറുന്ന കാലത്ത് സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളെ കൂടുതല്‍ വിശാലമായും വ്യക്തമായും മനസിലാക്കാന്‍ യുവജനരാഷ്ട്രീയസംഘടനാനേതൃത്വങ്ങളെങ്കിലും തയാറാകേണ്ടത് അനിവാര്യമാകുന്നത്.