ആക്രമണോത്സുകത പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയം; അധികാരാധിപത്യത്തിന്റെ ദുഷിച്ച കാഴ്ച

pva
SHARE

അധികാരം ആവര്‍ത്തിക്കപ്പെടുമ്പോള്‍ അതിനൊപ്പം വന്നുചേരുന്ന ചില അവസ്ഥകളുണ്ട്. രാഹുല്‍ഗാന്ധിയുടെ ഓഫിസില്‍ എസ്.എഫ്.ഐ നടത്തിയ ആക്രമണം ആ അവസ്ഥയുടെ ദൃശ്യാവിഷ്കാരമാണ്. സ്വാതന്ത്ര്യം, ജനാധിപത്യം എന്നു മുദ്രാവാക്യം വിളിക്കുന്നവര്‍ക്കു തന്നെ അതിന്റെ അര്‍ഥം മനസിലാകാത്ത അവസ്ഥ സൃഷ്ടിക്കുന്നത്  അധികാരത്തിന്റെ പ്രമത്തതയാണ്. എസ്.എഫ്.ഐയില്‍ മാത്രമല്ല കേരളം സമീപകാലത്ത് ഈ ആക്രമണോല്‍സുകത കണ്ടത്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ സംസ്ഥാനകമ്മിറ്റി ഓഫിസിനു നേരെയുണ്ടായ ആക്രമണത്തിലും  പ്രകടമായത് ഇതേ ആക്രമണോല്‍സുകതയാണ്. സില്‍വര്‍ലൈന്‍ പദ്ധതി ഏതുവിധേനയും നടപ്പാക്കുമെന്ന അധികാരപ്രഖ്യാപനത്തിലും പിന്നീടുണ്ടായ നടപടികളിലും കേരളം കണ്ടത് ഇതേ അധികാരാധിപത്യമാണ്.  അധികാരം മനുഷ്യനെ മാത്രമല്ല, സംഘടനകളെയും രാഷ്ട്രീയത്തെയും ദുഷിപ്പിക്കും. അധികാരത്തെ ചോദ്യം ചെയ്യുന്ന എന്തിനോടും  ആരോടും ആക്രമണോല്‍സുകത സി.പി.എം പ്രോല്‍സാഹിപ്പിക്കുന്നു, എസ്.എഫ്.ഐയും ഏറ്റെടുത്തു നടപ്പാക്കിയത് അതുമാത്രമാണ്.  

കോണ്‍ഗ്രസ് ദേശീയനേതാവും വയനാട് എം.പിയുമായ രാഹുല്‍ഗാന്ധിയുടെ കല്‍പറ്റയിലെ എം.പി.ഓഫിസാണ് എസ്.എഫ്.ഐ അടിച്ചു തകര്‍ത്തത്. രാഹുല്‍ ഗാന്ധിയുടെ പി.എ അടക്കമുള്ള ഓഫിസ് ജീവനക്കാരെയും ആക്രമിച്ചു. അമ്പതോളം എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് ഓഫിസിനകത്തു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. രാഹുല്‍ഗാന്ധിയുടെയും ഗാന്ധിജിയുടെയും ചിത്രങ്ങള്‍ നശിപ്പിക്കുകയും ഫയലുകള്‍ വലിച്ചു വാരി നശിപ്പിക്കുകയും ചെയ്തുവെന്ന് ഓഫിസ് ജീവനക്കാര്‍ പറഞ്ഞു. കോണ്‍ഗ്രസ് ദേശീയ നേതാവിന്റെ ഓഫിസിലേക്കു നടന്ന പ്രതിഷേധമാര്‍ച്ചില്‍ പൊലീസ് ഒരുക്കിയ സുരക്ഷ  10 പൊലീസുകാരെ വിന്യസിക്കലാണ്. മുന്നൂറോളം എസ്.എഫ്.ഐ പ്രവര്‍ത്തകരെ പ്രതിരോധിക്കാനുണ്ടായിരുന്നത് വിരലിലെണ്ണാവുന്ന പൊലീസുകാര്‍. 

രാഹുല്‍ഗാന്ധിയുടെ ഓഫിസ് അടിച്ചു തകര്‍ത്ത എസ്.എഫ്.ഐ നടപടിയെ മുഖ്യമന്ത്രിയടക്കം സി.പി.എം നേതൃത്വം തള്ളിപ്പറഞ്ഞു. ശക്തമായ നടപടി പ്രഖ്യാപിച്ചു. ഡി.വൈ.എസ്.പിയെ സസ്പെന്‍ഡ് ചെയ്തു. പ്രതിഷേധമോ ആക്രമണമോ പാര്‍ട്ടി അറിഞ്ഞില്ലെന്നും നേതാക്കള്‍ ആണയിടുന്നു.  സി.പി.എം നേതൃത്വം അറിയാതെ കോണ്‍ഗ്രസിന്റെ ദേശീയനേതാവിന്റെ ഓഫിസ് അടിച്ചു തകര്‍ക്കാന്‍ എസ്.എഫ്.ഐ ഇറങ്ങിയെന്നൊക്കെ വിശ്വസിക്കാന്‍  സാമാന്യബോധമുള്ളവരോട് ആവശ്യപ്പെടരുത്. സി.പി.എം അറിയാതെ എസ്.എഫ്.ഐ അനങ്ങില്ല. ഒന്നുകില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയും ആസൂത്രണത്തോടെയും നടന്ന ആക്രമണം. അതല്ലെങ്കില്‍ സി.പി.എമ്മിനു പോലും നിയന്ത്രണമില്ലാത്ത അക്രമാസക്ത ആള്‍ക്കൂട്ടമായി എസ്.എഫ്. ഐ പരിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്നു. ഇതില്‍ ഏതാണ് സംഭവിച്ചതെന്ന് സി.പി.എം തന്നെ സത്യസന്ധമായി കേരളത്തോടു പറയണം. 

എസ്.എഫ്.ഐ സംസ്ഥാനനേതൃത്വം പ്രതിഷേധപരിപാടി അറിഞ്ഞിരുന്നു. പക്ഷേ അക്രമം നടക്കുമെന്നറ‍ിഞ്ഞില്ല. സി.പി.എം ജില്ലാനേതൃത്വം പ്രതിഷേധം തന്നെ അറിഞ്ഞില്ല.  സംസ്ഥാനനേതൃത്വത്തിനു സൂചന പോലുമില്ലായിരുന്നു. എസ്.എഫ്.ഐ ജില്ലാകമ്മിറ്റി മറ്റാരോടും ആലോചിക്കാതെയാണ് ഇങ്ങനെയൊരു പ്രതിഷേധമാര്‍ച്ച് നടത്തിയതും അക്രമം നടത്തിയതെന്നുമാണ് ഇപ്പോള്‍ പാര്‍ട്ടി വിശദീകരണം. എന്തായാലും മാധ്യമങ്ങളെയടക്കം നേരത്തെ അറിയിച്ചാണ് എസ്.എഫ്.ഐ  പ്രതിഷേധം സംഘടിപ്പിച്ചത്. 

ബഫര്‍സോണ്‍ പ്രശ്നത്തില്‍ രാഹുല്‍ ഗാന്ധി എം.പി. ഗൗരവമായി ഇടപെടുന്നില്ലെന്ന് സി.പി.എം ശക്തമായ ആരോപണമുയര്‍ത്തി പ്രതിഷേധിക്കുന്ന സാഹചര്യം വയനാട്ടില്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ രാഹുല്‍ഗാന്ധിക്കെതിരെ സി.പി.എം പ്രത്യക്ഷസമരത്തിനിറങ്ങിയിട്ടില്ല. ബഫര്‍സോണ്‍ പ്രശ്നത്തില്‍ എം.പി. എന്ന നിലയില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും രാഹുല്‍ഗാന്ധി കത്തയച്ചിട്ടുണ്ട്. നടപടിയെടുക്കാമെന്നു കാണിച്ച് മുഖ്യമന്ത്രി രാഹുല്‍ഗാന്ധിക്കു മറുപടിയും നല്‍കിയിട്ടുണ്ട്. സി.പി.എമ്മിന്റെ രാഷ്ട്രീയാരോപണം ഏറ്റെടുത്ത് എസ്.എഫ്.ഐ രാഹുല്‍ഗാന്ധിക്കെതിരെ പ്രതിഷേധിക്കുന്നതൊക്കെ മനസിലാക്കാം. പക്ഷേ ഓഫിസ് അടിച്ചു തകര്‍ക്കാന്‍ മാത്രം ആ പ്രതിഷേധം മുന്നോട്ടു പോയെങ്കില്‍ അത് സ്വാഭാവികമല്ല. കൃത്യമായ ആസൂത്രണമോ രാഷ്ട്രീയ അജന്‍ഡയോ ഇല്ലാതെ എസ്.എഫ്.ഐ അതിനു മുതിരുമെന്ന് സി.പി.എമ്മിന്റെ രാഷ്ട്രീയസംഘടനാസംവിധാനത്തെക്കുറിച്ചറിയുന്ന ആര്‍ക്കും വിശ്വസിക്കാനാകില്ല. 

ഇനി സത്യമായും സി.പി.എം അറിയാതെയാണ് എസ്.എഫ്.ഐ ഈ ആക്രമണം നടത്തിയതെങ്കില്‍ അത് കൂടുതല്‍ ഗുരുതരമാണ്. രാഷ്ട്രീയപ്രതിയോഗികള്‍ക്കെതിരെ, വിയോജിക്കുന്നവര്‍ക്കെതിരെ ആക്രമണോല്‍സുകമായ പ്രതികരണമാണ് വേണ്ടത് എന്ന സന്ദേശമാണ് പാര്‍ട്ടിയുടെ സമീപകാലനിലപാടുകളില്‍ നിന്ന് സ്വന്തം വിദ്യാര്‍ഥി സംഘടന പോലും ഉള്‍ക്കൊണ്ടിരിക്കുന്നത് എന്നര്‍ഥം. അങ്ങനെയൊരു സമീപനമല്ല സി.പി.എം ഉദ്ദേശിക്കുന്നതെങ്കില്‍ തിരുത്തണം. അതല്ല, ആക്രമണോല്‍സുകത തന്നെയാണ് നമ്മുടെ നയമെങ്കില്‍  ഇപ്പോള്‍ ആക്രമണത്തെ ആത്മാര്ഥമായി അപലപിച്ചവരുടെ സംശയം അങ്ങു തീര്‍ത്തുകൊടുക്കണം. ആര്‍ക്കും ആശയക്കുഴപ്പമുണ്ടാകരുത്.

ദിവസങ്ങള്‍ക്കു മുന്‍പ് കെ.പി.സി.സി. ഓഫിസിനു നേരെ ആക്രമണമുണ്ടായപ്പോള്‍ സി.പി.എം തള്ളിപ്പറഞ്ഞില്ല എന്നോര്‍ക്കണം. ആ ആക്രമണം ന്യായമാണെന്നായിരുന്നു പാര്‍ട്ടി നിലപാടെന്നു വ്യക്തം. ന്യായീകരണമോ, മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തിനകത്ത് മുദ്രാവാക്യംവിളിച്ചു, പ്രതിഷേധിച്ചു. പ്രതിഷേധവും മുദ്രാവാക്യവുമൊക്കെ മുഖ്യമന്ത്രിയെ കൊല്ലാന്‍ ശ്രമിച്ചു എന്നാക്കിയ സി.പി.എം അന്ന് സംസ്ഥാനവ്യാപകമായി കോണ്‍ഗ്രസ് ഓഫിസുകള്‍ക്കു നേരെ അക്രമം നടത്തി. കോണ്‍ഗ്രസ് പ്രതിരോധത്തിനിറങ്ങി. കേരളം മുഴുവന്‍ സംഘര്‍ഷഭരിതമായി. മുഖ്യമന്ത്രിക്കെതിരായ  പ്രതിഷേധം ആക്രമണമാക്കി മാറ്റിയ സി.പി.എം ഇന്ന് ആക്രമണത്തില്‍ മുഖം രക്ഷിക്കാന്‍ നടപടികള്‍ തേടുന്നു. ആക്രമണോല്‍സുകരാഷ്ട്രീയത്തെ  തള്ളിപ്പറയില്ലെന്നു മാത്രമല്ല, ഏറ്റെടുക്കാനും മടിയില്ലെന്ന്  പ്രഖ്യാപിച്ച കോണ്‍ഗ്രസ് നേതൃത്വമാണ് മറുവശത്തും. 

എന്നാല്‍ രാഹുല്‍ഗാന്ധിയുടെ ഓഫിസിനു നേരെയുണ്ടായ ആക്രമണത്തിന് ഒരു പ്രകോപനവുമുണ്ടായിരുന്നില്ല. തീര്‍ത്തും സമാധാനാന്തരീക്ഷത്തില്‍ ബഫര്‍സോണ്‍ ആശങ്കയില്‍ ജീവിക്കുന്ന ജനതയ്ക്കു മുന്നിലാണ് പൊടുന്നേ അവിചാരിതമായി ഒരു അക്രമസമരം അരങ്ങേറിയത്. എസ്.എഫ്.ഐ തന്നെ ബാഹ്യഇടപെടല്‍ സംശയിക്കുന്നുവെന്നു പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കേണ്ടിവരുന്നത്ര ജനാധിപത്യവിരുദ്ധമായ സമരമാണ് എസ്.എഫ്.ഐ നടത്തിയത്. 

കേരളത്തിലെ വിദ്യാര്‍ഥിരാഷ്ട്രീയത്തില്‍  നിലവില്‍ ഏറ്റവും പ്രബല സംഘടനയാണ് എസ്.എഫ്.ഐ. എങ്ങനെ സമരം ചെയ്യണമെന്നും എങ്ങനെ ചെയ്യാതിരിക്കണമെന്നും ഏറ്റവും നന്നായി അറിയാവുന്ന, പ്രവര്‍ത്തകരില്‍ നിയന്ത്രണമുള്ള സംഘടന. ആറുവര്‍ഷമായി വിദ്യാര്‍ഥിരാഷ്ട്രീയവുമായി ബന്ധപ്പെട്ട് കാര്യമായൊരു സമരവും സംഘടിപ്പിക്കാന്‍ കേരളത്തില്‍ എസ്.എഫ്.ഐയ്ക്കു കഴിഞ്ഞിട്ടില്ല. അധികാരപക്ഷത്തിരിക്കുമ്പോള്‍ രാഷ്ട്രീയോര്‍ജം പ്രകടിപ്പിക്കാനാകാതെ ഒതുങ്ങിനില്‍ക്കേണ്ടി വന്ന എസ്.എഫ്.ഐ ഒരു അവസരം കിട്ടിയപ്പോള്‍ ആ‍ഞ്ഞടിച്ചുവെന്നു പോലും ന്യായീകരിക്കാനാകാത്തത്ര അനൗചിത്യമാണ് വയനാട്ടില്‍ കണ്ടത്.

സി.പി.എം അറിയാതെ എസ്.എഫ്.ഐ ജില്ലാനേതാക്കളുടെ നേതൃത്വത്തില്‍ രാഹുല്‍ഗാന്ധിയുടെ ഓഫിസ് ആക്രമിക്കുമെന്ന് രാഷ്ട്രീയബോധ്യമുള്ളവര്‍ക്ക് വിശ്വസിക്കാനാകില്ല. അക്രമത്തില്‍ സി.പി.എമ്മും എസ്.എഫ്.ഐയും എന്തു നടപടിയെടുക്കുന്നുവെന്ന് കാണാതെ അറിഞ്ഞില്ലെന്ന വാദത്തിന് വിശ്വാസ്യത ലഭിക്കുകയുമില്ല. പക്ഷേ ഒരു കാര്യം ഉറപ്പാണ്. ആക്രമണോല്‍സുക സമീപനം ഇതേ രീതിയില്‍ തുടര്‍ന്നാല്‍ നിയന്ത്രണം വിട്ടു പോകുന്ന നേരത്ത് അണികളെയോ പ്രാദേശികനേതൃത്വത്തെയോ കുറ്റപ്പെടുത്തി ഒഴിഞ്ഞുമാറാന്‍ സി.പി.എമ്മിന് കഴിയില്ല. ജനാധിപത്യപരമല്ലാത്ത ഒരു പ്രതിഷേധവും പ്രതികരണവും രാഷ്ടീയം കൊണ്ട് ന്യായീകരിക്കപ്പെടില്ല. 

ഇനി രാഹുല്‍ഗാന്ധിയെപ്പറ്റി. രാഷ്ട്രീയവിയോജിപ്പുകളുള്ളവര്‍ക്കു പോലും രാഹുല്‍ഗാന്ധിയുടെ മാനുഷിക–രാഷ്ട്രീയസമീപനത്തെ വിമര്‍ശിക്കാനാകില്ല. വിമര്‍ശനത്തിന്റെ ഭാഷയിലും സമീപനത്തിലുമെല്ലാം ദേശീയ രാഷ്ട്രീയസാഹചര്യം മുന്‍നിര്‍ത്തിയുള്ള നിലപാടാണ് കേരളത്തിലെ ഇടതുപക്ഷത്തോട് രാഹുല്‍ഗാന്ധി സ്വീകരിക്കാറുള്ളതും. വയനാട്ടില്‍ വന്നു മല്‍സരിച്ച് കേരളത്തിലെ ഇടതുപക്ഷത്തെ ഒന്നിലൊതുക്കിയതെന്തിന് എന്ന ചോദ്യം സി.പി.എമ്മിന് രാഹുല്‍ഗാന്ധിയോടുണ്ടെങ്കിലും അദ്ദേഹം ഈ ആക്രമണം അര്‍ഹിച്ചില്ലെന്ന് സി.പി.എമ്മിനു തന്നെ സമ്മതിക്കേണ്ടി വരുന്നത് ഈ പശ്ചാത്തലത്തിലാണ്. 

എം.പിയുടെ ഉത്തരവാദിത്തത്തെക്കുറിച്ച് ചോദ്യം വരുമ്പോള്‍ കോണ്‍ഗ്രസിന് ഇങ്ങനെ പറഞ്ഞു പ്രതിരോധിക്കാനൊന്നുമാകില്ല. മണ്ഡലത്തിലെ ജനങ്ങളെ ഗുരുതരമായി ബാധിക്കുന്ന ഒരു പ്രശ്നത്തില്‍ ഏറ്റവും ശക്തമായി ഇടപെടാന്‍ ജനപ്രതിനിധിക്ക് ബാധ്യതയുണ്ട്. ദേശീയ നേതാവ് ജനപ്രതിനിധിയായി , ദേശീയ തലത്തില്‍ തിരക്കിലായിപ്പോകുന്ന സാഹചര്യത്തില്‍ ആ കടമ കൃത്യമായി നിറവേറ്റണ്ടത് പാര്‍ട്ടിയുടെ ഉത്തരവാദിത്തമാണ്. പക്ഷേ ബഫര്‍ സോണ്‍ പ്രശ്നത്തില്‍ ഇടപെടേണ്ടതുപോലെ ഇടപെടാന്‍ സംസ്ഥാനസര്‍ക്കാര്‍ പോലും തയാറായിട്ടില്ലെന്നതാണ് വൈരുധ്യം. ഇടപെടണമെന്ന രാഹുല്‍ഗാന്ധിയുടെ കത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയില്‍ പോലും തിരിച്ചാവശ്യപ്പെടുന്നത് ഇക്കാര്യം പാര്‍ലമെന്റില്‍ ശക്തമായി ഉന്നയിക്കണമെന്നാണ്. ബഫര്‍സോണ്‍ പ്രശ്നം, നിയമപരമായും സാങ്കേതികമായും സംസ്ഥാനസര്‍ക്കാരിനു മാത്രം മുന്‍കൈയെടുത്തു തന്നെ പരിഹരിക്കാനേ കഴിയൂ. സുപ്രീംകോടതി ഇപ്പോള്‍ തീരുമാനിച്ചതുപോലെ ഒരു കിലോമീറ്റര്‍ ബഫര്‍സോണായി നിലനിര്‍ത്താന്‍ മന്ത്രിസഭായോഗം ചേര്‍ന്നു തീരുമാനിച്ച സംസ്ഥാനസര്‍ക്കാരിന്റെ ആശയക്കുഴപ്പം മറയ്ക്കാന്‍ കൂടിയാണ് സി.പി.എം മലയോരജില്ലകളില്‍ ഹര്‍ത്താല്‍ നടത്തി പാടുപെടുന്നത്. 

സി.പി.എം തന്നെ എസ്.എഫ്.ഐ എന്തിനു സമരം ചെയ്തുവെന്ന്  പരസ്യമായി തള്ളിപ്പറയുമ്പോള്‍ പോലും എസ്.എഫ്.ഐയ്ക്ക് ബഫര്‍സോണ്‍ പ്രശ്നത്തില്‍ സമരം ചെയ്യാന്‍ അവകാശമുണ്ട്. ഇടതുസര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ ഇത്തരത്തില്‍ സംസ്ഥാനസര്‍ക്കാരിനെ നേരിട്ടു കുറ്റപ്പെടുത്താന്‍ കഴിയാത്ത പ്രശ്നങ്ങളിലല്ലാതെ അവരെങ്ങനെ സമരം ചെയ്യും? പക്ഷേ സമരം അക്രമമായത് ആരുടെ നിര്‍ദേശപ്രകാരമാണ് എന്നതു മാത്രമാണ് കേരളത്തിന്റെ പ്രശ്നം. ആ ചോദ്യം കൂടുതല്‍ ശക്തമാകുന്നത് അടുത്ത കാലത്തായി സി.പി.എം ആവര്‍ത്തിക്കുന്ന ജനാധിപത്യവിരുദ്ധ നിലപാടുകളുടെ കൂടി പശ്ചാത്തലത്തിലാണ്. 

സില്‍വര്‍ലൈനെതിരെ ജനങ്ങളെ ശത്രുപക്ഷത്തു നിര്‍ത്തി മുന്നോട്ടു പോകാന്‍ ശ്രമിച്ച സര്‍ക്കാരിനെ കേരളം കണ്ടത് ആഴ്ചകള്‍ മുന്‍പാണ്. ഈ സമീപനം ശരിയാണോ എന്നൊരു ചോദ്യം ഒരിക്കല്‍ പോലും സ്വന്തം സര്‍ക്കാരിനോടു ചോദിക്കാതെ ബലപ്രയോഗത്തെ ന്യായീകരിക്കുകയാണ് സി.പി.എമ്മും ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയുമെല്ലാം ചെയ്തത്. ഞങ്ങളുടെ സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ക്കുന്നവരെയും ചോദ്യം ചെയ്യുന്നവരെയുമെല്ലാം ശത്രുപക്ഷത്താണ് സി.പി.എം അണികള്‍ സങ്കല്‍പിക്കുന്നത്. ഞങ്ങളുടെ രാഷ്ടീയം അംഗീകരിക്കാത്തവരെല്ലാം സംശയിക്കേണ്ടവരും വെറുക്കേണ്ടവരുമാണ് എന്ന മനോഭാവമാണ് വളര്‍ന്നുവരുന്നതും പ്രകടമാകുന്നത്. 

സില്‍വര്‍ലൈനിനെതിരെ ഒരു കവിത പോലും വച്ചുപൊറുപ്പിക്കില്ലെന്ന ആക്രമണോല്‍സുകത കേരളം തിരിച്ചറിഞ്ഞതാണ്. സമീപനത്തിലെ ആക്രമണോല്‍സുകത പാര്‍ട്ടി തിരുത്തിയിട്ടില്ല, തള്ളിപ്പറഞ്ഞിട്ടുമില്ല. ആള്‍ക്കൂട്ട ആക്രമണമായി പരിണമിക്കുന്ന സൈബര്‍ വേട്ടയാടലുകള്‍ വിമര്‍ശനമല്ലേ , അങ്ങു സഹിച്ചോളണം എന്നാണ് സി.പി.എം ഔദ്യോഗികമായി തന്നെ സ്വീകരിച്ചിട്ടുള്ള നിലപാട്. വിമര്‍ശനവും വേട്ടയാടലും തിരിച്ചറിയാന്‍ മാത്രം പ്രയാസമുള്ള പാര്‍ട്ടിയൊന്നുമല്ല സി.പി.എം. വിമര്‍ശനങ്ങളെയും ചോദ്യങ്ങളെയും ജനാധിപത്യപരമായ സംവാദങ്ങളിലേക്കെത്തിക്കുന്നതിനു പകരം പേടിപ്പിച്ച് നിശബ്ദരാക്കുക എന്ന രാഷ്ട്രീയപരിപാടി സി.പി.എം നേതൃത്വം തന്നെ  അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. രാഹുല്‍ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചതിനെ പാര്‍ട്ടി പരസ്യമായി തള്ളിപ്പറയുകയും നടപടി പ്രഖ്യാപിക്കുകയുമൊക്കെ ചെയ്തെങ്കിലും അണികള്‍ സമൂഹമാധ്യമങ്ങളിലും മറ്റും നടത്തുന്ന ന്യായീകരണങ്ങള്‍ ഈ ജനാധിപത്യവിരുദ്ധതയുടെ പ്രകടനമാണ്. 

അക്രമാസക്തിയില്‍ അഭിരമിക്കുന്ന മനോഭാവം എന്തായാലും രാഷ്ട്രീയമല്ല. അത് സി.പി.എമ്മിനു മാത്രമല്ല, കേരളത്തിനും ഒരു ഗുണവും ചെയ്യില്ല. തല്‍ക്കാലം സംഘടിതശക്തിയിലും അധികാരബലത്തിലും പിടിച്ചുനില്‍ക്കാനാകുമായിരിക്കും. പക്ഷേ ജനാധിപത്യവിരുദ്ധതയെ സമൂഹം തിരിച്ചറിയുകയും ചെറുക്കുകയും ചെയ്യുമെന്നാണ് ചരിത്രം. ജനാധിപത്യവിരുദ്ധത ഏതു രൂപത്തില്‍ അവതരിച്ചാലും ശക്തമായി പ്രതിരോധിക്കേണ്ടത് കേരളത്തിന്റെ ഉത്തരവാദിത്തമാണ്. കാരണം ജനാധിപത്യരാഷ്ട്രീയത്തിന്റെ അവസാനതുരുത്തുകളിലൊന്നാണ് കേരളം. 

MORE IN PARAYATHE VAYYA
SHOW MORE