സ്വപ്നയുടെ ആരോപണം വ്യക്തമാകട്ടെ; സർക്കാർ പേടിക്കുന്നത് എന്തിന്?

parayathe-vayya-swapna
SHARE

സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്നസുരേഷിന്റെ ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണോ? ആ ചോദ്യത്തിനുത്തരം വേണമെങ്കില്‍ ആദ്യം സ്വപ്നസുരേഷ് പറഞ്ഞു തുടങ്ങിയത് വ്യക്തമായി പൂര്‍ത്തിയാക്കണം. കറന്‍സി കടത്തിയത് മുഖ്യമന്ത്രിയാണോ, മുഖ്യമന്ത്രിക്കു വേണ്ടിയാണോ? മുഖ്യമന്ത്രിയുടെ ഭാര്യയും മകളും മുന്‍ചീഫ് സെക്രട്ടറിയും എന്തു കുറ്റമാണ് ചെയ്തത്? മന്ത്രി കെ.ടി.ജലീല്‍ എന്തു നിയമവിരുദ്ധ പ്രവര്‍ത്തനമാണ് നടത്തിയത്? ഇതൊന്നും ഇതുവരെ സ്വപ്നസുരേഷ് പുറത്തു പറ‍ഞ്ഞിട്ടില്ല. പറഞ്ഞതിനൊന്നിനു പോലും തെളിവും മുന്നോട്ടു വച്ചിട്ടില്ല. സ്വപ്ന സുരേഷ് പറഞ്ഞതെന്തെങ്കിലും വിശ്വസിക്കണോ അവിശ്വസിക്കണോ എന്നു സംശയിക്കത്തക്ക വ്യക്തതയോടെ അവര്‍ ഒന്നും പറഞ്ഞിട്ടില്ല. പക്ഷേ സ്വപ്ന സുരേഷ് ഇനി കൂടുതലൊന്നും പറയാന്‍ സമ്മതിക്കില്ലെന്ന വാശിയില്‍ സംസ്ഥാനസര്‍ക്കാര്‍ പ്രതികാരനടപടികള്‍ സ്വീകരിക്കുന്നത് സംശയകരമാണ്. സ്വപ്നസുരേഷിന്റെ ആരോപണങ്ങളോട് പിണറായി സര്‍ക്കാര്‍ പ്രതികരിക്കുന്ന രീതി ജനാധിപത്യവിരുദ്ധമാണ്. അധികാരദുര്‍വിനിയോഗമാണ്, എല്ലാത്തിലും ഉപരി ദുരൂഹമാണ്. സ്വപ്നസുരേഷിന്റെ ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെങ്കില്‍ മുഖ്യമന്ത്രിയും പൊലീസും കാണിച്ചുകൂട്ടുന്നതെന്താണ്, എന്തിനാണ്?

ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യം, ഇതാണ്, ഇതു മാത്രമാണ് ഇതുവരെ സ്വപ്ന പറഞ്ഞത് എന്നതാണ്. കറന്‍സി കടത്തി മുഖ്യമന്ത്രിയുടെ പക്കല്‍ ഏല്‍പിച്ചുവെന്നോ മുഖ്യമന്ത്രിയുടെ കുടുംബം കള്ളക്കടത്ത് നടത്തിയെന്നോ സ്വപ്ന സുരേഷ് പറഞ്ഞിട്ടില്ല. ബിരിയാണിച്ചെമ്പിലെന്തായിരുന്നുവെന്നും സ്വപ്ന സുരേഷ് ആരോപിച്ചിട്ടില്ല. ആദ്യം ആരോപണം വ്യക്തമാകട്ടെ. ചൊവ്വാഴ്ച ആദ്യആരോപണം നടത്തിയ ശേഷം ഓരോ ദിവസവും മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു ചോദിക്കുമ്പോഴും സമയമാകട്ടെ, പറയാം എന്നു പറഞ്ഞ് അവര്‍ ഒഴിഞ്ഞുമാറുകയാണ്. കേരളരാഷ്ട്രീയത്തെ മുള്‍മുനയില്‍ നിര്‍ത്തി സ്വന്തം താല്‍പര്യങ്ങള്‍ സാധിച്ചെടുക്കാനാണ് സ്വപ്ന സുരേഷ് കാത്തിരിക്കുന്നതെന്നേ ഈ ഘട്ടത്തില്‍ കരുതാനാകൂ. സ്വപ്ന സുരേഷ് പാതിയില്‍ നിര്‍ത്തിയതൊന്നും പൂരിപ്പിക്കാന്‍ കേരളത്തിനല്ല ബാധ്യത. അവര്‍ക്കു തന്നെയാണ്. പാതിയില്‍ നിര്‍ത്തിയ ചോദ്യത്തിനല്ല  മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോള്‍ മറുപടി പറയേണ്ടത്. 

 സ്വപ്നസുരേഷിനെ പേടിപ്പിക്കാനും നിശബ്ദയാക്കാനും കേരളപൊലീസ് ഇറങ്ങിയതെന്തിനെന്ന് മുഖ്യമന്ത്രി തന്നെ മറുപടി പറയണം. മുഖ്യമന്ത്രിക്കെതിരെ ആരോപണമുയര്‍ത്തിയാല്‍ നിയമവിരുദ്ധ നടപടികളിലൂടെ അവരെ നേരിടാന്‍ ഇത് പിണറായി വിജയന്‍ ഭരിക്കുന്ന ഏകാധിപത്യരാജ്യമാണോ?

ഇതുവരെ പറഞ്ഞത് ആരോപണമുന്നയിക്കുന്നവരില്‍ കാണുന്ന അവ്യക്തതയെക്കുറിച്ചാണ്. എന്നാല്‍ ആരോപണത്തോട് സര്‍ക്കാരിന്റെ പ്രതികരണത്തില്‍ കാണുന്നതെന്താണ്?  ആശയക്കുഴപ്പവും ജനാധിപത്യവിരുദ്ധതയുമാണ്  .സര്‍ക്കാരിന്റെ വിജിലന്‍സ് മേധാവി എന്തിനാണ് ഒരു ദിവസം മുപ്പത് തവണ സ്വപ്നയുടെ സുഹൃത്തുമായി സംസാരിച്ചത്, പ്രശ്നത്തില്‍ എന്ത് ഇടപെടലിനാണ് ശ്രമിച്ചത്, സ്വപ്നയുടെ സു‍ഹൃത്തും കൂട്ടുപ്രതിയുമായ സരിതിനെ ബലമായി കസ്റ്റഡിയിലെടുത്ത് ഫോണ്‍ പിടിച്ചെടുത്ത് ഭീഷണി സൃഷ്ടിച്ചതെന്തിനാണ്? എന്തുകൊണ്ടാണ് മുഖ്യമന്ത്രി പൊലീസിന്റെ കനത്ത കാവലില്‍ ഒഴിഞ്ഞു മാറിനടക്കുന്നത്? സ്വപ്നസുരേഷിന്റെ ആരോപണങ്ങളേക്കാള്‍ ദുരൂഹമാണ് സര്‍ക്കാരിന്റെ പ്രതികരണവും. 

പുതുതായി ഉയര്‍ന്ന ആരോപണങ്ങളുടെ പിന്നില്‍ രാഷ്ട്രീയഗൂഢാലോചനയാണെന്ന് മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പിറക്കിയിട്ടുണ്ട്. എന്നാല്‍ പിന്നീട് സര്‍ക്കാരില്‍ നിന്നും പൊലീസില്‍ നിന്നുമുണ്ടായ നീക്കങ്ങള്‍ ഇതുവരെ വിശദീകരിക്കാനോ ജനാധിപത്യവിരുദ്ധ ഇടപെടലുകള്‍ തിരുത്താനോ മുഖ്യമന്ത്രി തയാറായിട്ടില്ല. ജനങ്ങളെ സ്തംഭിപ്പിച്ചു നിര്‍ത്തുന്ന സുരക്ഷാവലയത്തില്‍ മുന്നോട്ടു പോകുന്നതാണോ ശരിയായ മാര്‍ഗം? ആരോപണങ്ങളെക്കുറിച്ചല്ലെങ്കില്‍ പോലും ഭരണപരമായി തന്നെ മുഖ്യമന്ത്രി വിശദീകരിക്കേണ്ട നടപടികള്‍ പൊലീസില്‍ നിന്നുണ്ടായി. പൊലീസ് കാവലല്ല മുഖ്യമന്ത്രിക്കു പ്രതിരോധമാകേണ്ടത്, ജനങ്ങളുടെ വിശ്വാസമാണ്. 

ഇന്നത്തെ ഇന്ത്യയില്‍ ഒരു രാഷ്ട്രീയനീക്കവും തീര്‍ത്തും സ്വാഭാവികമായിരിക്കില്ലെന്നു കരുതിയിരിക്കേണ്ടതുമുണ്ട്. അത് അനുഭവം നമ്മളെ പഠിപ്പിക്കുന്ന പാഠമാണ്. ധാര്‍മികതയുടെ നിഷ്പക്ഷനിലപാടു പോലും മുതലെടുക്കാന്‍ ആസൂത്രിത പദ്ധതികള്‍ അണിയറയില്‍ സസൂക്ഷ്മം ഒരുങ്ങുന്നുണ്ടാകുമെന്ന് ഇന്ന് ഓരോ ഇന്ത്യക്കാരനുമറിയാം. അതുകൊണ്ടു തന്നെ മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണം വ്യക്തമാകട്ടെ. സ്വതന്ത്രമായ അന്വേഷണ തീരുമാനമെടുക്കാനും ജനങ്ങളെ ബോധ്യപ്പെടുത്താനും സര്‍ക്കാരിന് ബാധ്യതയുണ്ട്. കടുത്ത പ്രതിഷേധസമരങ്ങള്‍ നടത്തുമ്പോള്‍ പോലും പ്രതിപക്ഷവും കാത്തിരിക്കുന്നത് ആരോപണങ്ങളിലെ കൃത്യതയ്ക്കാണെന്നു വ്യക്തമാണ്. 

MORE IN PARAYATHE VAYYA
SHOW MORE