മതവും സമുദായവും വൈകാരികതയും; വോട്ടുകളം വാഴുന്ന ആയുധങ്ങള്‍..!

നിലവിലെ എം.എല്‍.എയുടെ മരണത്തെത്തുടര്‍ന്ന് ഒരു ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ആ തിരഞ്ഞെടുപ്പ് ഒരു സൗഭാഗ്യമാണെന്ന് പറയുന്നത് ശരിയാണോ? അതിന്റെ പേരില്‍ പ്രതിപക്ഷം പ്രതിഷേധിക്കുന്നത് വൈകാരികമുതലെടുപ്പാണോ? രാഷ്ട്രീയതിര‍ഞ്ഞെടുപ്പിനു താല്‍പര്യമില്ലെന്ന് ഇരുമുന്നണികളും സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലൂടെ തന്നെ പ്രഖ്യാപിച്ചതുകൊണ്ടാകണം വൈകാരികതയാണ് തൃക്കാക്കരയിലെ പ്രചാരണത്തിലും നിറഞ്ഞുനില്‍ക്കുന്നത്. വികാരം പോരാതെ വന്നാല്‍ ബാക്കി മതസാമുദായികനേതാക്കള്‍ നോക്കിക്കോളുമെന്നും ഇരുമുന്നണികള്‍ക്കും ഉത്തമവിശ്വാസമുണ്ട്. സത്യത്തില്‍ തൃക്കാക്കരയിലെ വോട്ടര്‍മാര്‍ക്ക് കാര്യമായ റോളൊന്നുമില്ല. 

‘സൗഭാഗ്യ’ പ്രസ്താവന യു.ഡി.എഫിനെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്തുവെന്നാണ് പ്രതിപക്ഷം പ്രതികരിച്ചത്. മുഖ്യമന്ത്രി ഒരു ക്രൂരജന്‍മമാണെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ വേദന പ്രകടിപ്പിച്ചു. സ്വാഭാവികമായും ആ പ്രസ്താവനയുടെ വ്യാഖ്യാനം പി.ടി.തോമസിന്റെ ഭാര്യയായ സ്ഥാനാര്‍ഥി ഉമ തോമസിന് പ്രയാസമുണ്ടാക്കി. സി.പി.എം നേതാക്കള്‍ വിശദീകരണവുമായെത്തിയെങ്കിലും കോണ്‍ഗ്രസിന് പ്രസ്താവന രാഷ്ട്രീയചര്‍ച്ചയാക്കാന്‍ കഴിഞ്ഞു. 

മുഖ്യമന്ത്രിയുടെ പ്രസ്താവന പി.ടി.തോമസിനെ വ്യക്തിപരമായി ലക്ഷ്യം വച്ചല്ല എന്നു വിശദീകരിച്ചു തീര്‍ക്കേണ്ടിടത്ത് നിങ്ങളും  അവസരമെന്നു പറഞ്ഞിട്ടില്ലേയെന്ന മറുവാദവുമായി വിവാദം നീട്ടാന്‍ മാത്രം ആശയക്കുഴപ്പം ഇടതുമുന്നണിയിലുമുണ്ടായി. അവസരമെന്ന പ്രയോഗം പ്രതിപക്ഷനേതാക്കള്‍ തന്നെ നടത്തിയതാണെന്ന് യു.ഡി.എഫുകാരും മറന്നു പോയി. 

വസ്തുതാപരമായി വിലയിരുത്തിയാല്‍  പി.ടി.തോമസിനെ വ്യക്തിപരമായി  അവഹേളിക്കുകയോ അപമാനിക്കുകയോ ചെയ്യുന്ന വാക്കുകളായിരുന്നില്ല  മുഖ്യമന്ത്രിയുടേത്. എന്നാല്‍ പിണറായി വിജയന്റെ നോക്കിലും വാക്കിലും  നിറയുന്നതാണ് സമകാലീന സി.പി.എം  രാഷ്ട്രീയമെന്ന് കൊണ്ടാടപ്പെടുമ്പോള്‍ സൗഭാഗ്യമെന്ന പ്രയോഗം അസ്ഥാനത്തായി. അതൊ‌ഴിവാക്കാന്‍ മാത്രം രാഷ്ട്രീയപക്വത പിണറായി വിജയന്‍ ഒരിക്കലും പ്രകടിപ്പിച്ചിട്ടുമില്ല. എന്തുവന്നാലും വൈകാരികരാഷ്ട്രീയം വിലപ്പോകില്ലെന്നും വികസനരാഷ്ട്രീയത്തിന് വോട്ടുകിട്ടുമെന്നും മുഖ്യമന്ത്രിയും ഇടതുമുന്നണിയും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. പക്ഷേ  കെ.റെയിലിന്റെ തിളക്കമേറ്റാന്‍ മുഖ്യമന്ത്രി  ചിരിച്ചുകൊണ്ട് വരവേറ്റ കെ.വി.തോമസ് തന്നെ വികസനത്തിലൊരു സെല്‍ഫ്ഗോള്‍ മുഖ്യമന്ത്രിക്കിട്ടു കൊടുത്തത് കൊച്ചിക്കാരെങ്കിലും നോട്ട് ചെയ്തിട്ടുണ്ടാകണം. 

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ ആഘോഷത്തുടക്കമായി കൊണ്ടാടിയ കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി സംസാരിക്കുമ്പോഴാണ് അകത്ത് കോണ്‍ഗ്രസിലും പുറത്ത് സി.പി.എമ്മിലുമായി ട്രപീസ് തുടരുന്ന  കെ.വി.തോമസിന്റെ വരവ്. വന്നപാടെ ട്രാഫിക് ബ്ലോക്ക് കെ.വി.തോമസിനെ വലച്ചുവെന്ന് മുഖ്യമന്ത്രി സാക്ഷ്യപ്പെടുത്തി. അതുകൊണ്ടാണ് അദ്ദേഹം കെ.റെയിലിനെ അനുകൂലിക്കുന്നതെന്നൊരു കൂട്ടിച്ചേര്‍ക്കലും മുഖ്യമന്ത്രി നടത്തി. തുടര്‍ന്ന് സംസാരിച്ച കെ.വി.തോമസും തോപ്പുംപടിയില്‍ നിന്ന് പാലാരിവട്ടത്തെത്താന്‍ ഒരു മണിക്കൂറെടുത്ത കദനകഥ സാക്ഷ്യപ്പെടുത്തി. 

ആവേശം കൊണ്ടാകണം ഈ വൈറ്റില, കുണ്ടന്നൂര്‍ മേഖലയിലെ ഗതാഗതക്കുരുക്ക്  അവസാനിപ്പിച്ച്  വികസനവിപ്ലവം നടത്തിയ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍ എന്ന് കെ.വി.തോമസ് മറന്നു പോയി. മാഷ് മറന്നാലും മുഖ്യമന്ത്രി അത് മറന്നു പോയത് മോശമായിപ്പോയി. തൃക്കാക്കരമണ്ഡലത്തില്‍പെടുന്ന വൈറ്റിലക്കാര്‍ എന്തായാലും അത് മറക്കാനിടയില്ല. വികസനവിപ്ലവത്തിനു ശേഷവും ജനം വൈറ്റിലയില്‍ മണിക്കൂറുകള്‍ ഗതാഗതക്കുരുക്കിലാണ്. ലക്ഷ്യബോധമില്ലാത്ത വികസനപദ്ധതികള്‍ ശരിയായ പരിഹാരമല്ലെന്ന ഏറ്റവും വലിയ ഓര്‍മപ്പെടുത്തലാണ് വൈറ്റിലയിലെ ഗതാഗതക്കുരുക്ക്. അത് കെ.വി.തോമസ് ഓര്‍മപ്പെടുത്തിയതും മുഖ്യമന്ത്രി തലയാട്ടി സമ്മതിച്ചതും വളരെ നന്നായി. കൊച്ചി നഗരപ്രദേശങ്ങളില്‍ ഇപ്പോഴും വന്‍ഗതാഗതക്കുരുക്കായതുകൊണ്ടാണ് സില്‍വര്‍ ലൈന്‍ പദ്ധതിയെ പിന്തുണയ്ക്കുന്നതെന്ന് കോമഡി പറഞ്ഞ കെ.വി.തോമസ് കഴിഞ്ഞ ആറു വര്‍ഷമായി കേരളം ഭരിക്കുന്നത് പിണറായി വിജയനാണെന്നും മറന്നു പോയതായിരിക്കണം. എന്തായാലും കാക്കനാട് വഴി അതിവേഗം പാഞ്ഞുപോകുന്ന സില്‍വര്‍ലൈന്‍ വരുന്നതോടെ കൊച്ചി നഗരത്തിലെയും കേരളത്തിലെ മറ്റു പ്രധാന നഗരങ്ങളിലെയും ഗതാഗതക്കുരുക്കിന് എന്തു സംഭവിക്കും എന്ന ശരിയായ വികസനചര്‍ച്ചയ്ക്ക് തുടക്കമിട്ട കെ.വി.തോമസും അതേറ്റു പിടിച്ച മുഖ്യമന്ത്രിയും പ്രശംസ അര്‍ഹിക്കുന്നു. ഇരുവരും ചേര്‍ന്ന് 

 സില്‍വര്‍ലൈനും കേരളത്തിന്റെ ഗതാഗതപ്രശ്നങ്ങളും എന്ന ശരിയായ പോയന്റിലേക്ക് ചര്‍ച്ച കൊണ്ടുവച്ചിട്ടുണ്ട്. തോപ്പുംപടിയില്‍ നിന്ന് പാലാരിവട്ടത്തേക്കുള്ള 15 കിലോമീറ്ററിലെ വന്‍ഗതാഗതക്കുരുക്ക് സില്‍വര്‍ലൈന്‍ പരിഹരിക്കുമെന്ന് വിശ്വസിച്ചാണോ വികസനരാഷ്ട്രീയത്തിനു കൈയടിക്കേണ്ടതെന്ന് വോട്ടര്‍മാര്‍ ചോദിക്കട്ടെ. 

ഉറക്കത്തില്‍ കുലുക്കിയുണര്‍ത്തിയാലുംവികസനരാഷ്ട്രീയം എന്ന്  മന്ത്രിച്ചു തുടങ്ങുന്ന മുന്നണി നേതാക്കള്‍ ഈ തിരഞ്ഞെടുപ്പില്‍ അവസരവാദരാഷ്ട്രീയത്തെക്കുറിച്ച് മിണ്ടുന്നില്ല എന്നതും കൗതുകകരമാണ്. അവസരവാദമെന്നു കേള്‍ക്കുമ്പോള്‍ തൃക്കാക്കരക്കാര്‍ക്ക് സി.പി.എം പൊന്നാടയിട്ടു സ്വീകരിച്ച കെ.വി.തോമസിനെ ഓര്‍മ വരുമെന്നതുകൊണ്ടാണോ അതോ മതസാമുദായികആശീര്‍വാദത്തിനു നടക്കുന്ന സ്ഥാനാര്‍ഥികളെ ഓര്‍മ വരുമെന്ന് പേടിച്ചാണോ എന്നറിയില്ല. അവസരവാദത്തിന് ഇത്തവണ തിരഞ്ഞെടുപ്പ് ചര്‍ച്ചയില്‍ വേണ്ടത്ര മാര്‍ക്കറ്റില്ല. വികസനവാദത്തിന്റെ വിഹിതം കഴിഞ്ഞാല്‍   തൃക്കാക്കരയില്‍ ആരു ജയിക്കണമെന്ന് മതസാമുദായിക നേതാക്കള്‍ തീരുമാനിച്ചോളുമോ? പിന്നെ വോട്ടര്‍മാര്‍ എന്തിനാണ് പാടു പെട്ട് വോട്ടു ചെയ്യേണ്ടത്? എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും ക്രൈസ്തവ സഭകളും ഒക്കെ അങ്ങ് തീരുമാനിക്കട്ടെ തൃക്കാക്കരയില്‍ ആരു ജയിക്കണമെന്ന്. ഒരു നാണവുമില്ലാതെ കേരളത്തിന്റെ രാഷ്ട്രീയബോധത്തെ വെല്ലുവിളിക്കുകയാണ് തൃക്കാക്കരയില്‍ പരസ്പരം ഏറ്റുമുട്ടുന്ന മുന്നണികള്‍. 

കേരളം കണ്ട ഏറ്റവും അരാഷ്ട്രീയ തിരഞ്ഞെടുപ്പുകളിലൊന്നാണ് തൃക്കാക്കരയില്‍ നടക്കാന്‍ പോകുന്നത്. ഇടതുമുന്നണിക്കും ഐക്യമുന്നണിക്കും രാഷ്ട്രീയപോരാട്ടം നടത്താന്‍ ധൈര്യമില്ലാത്തതുകൊണ്ട് സ്ഥാനാര്‍ഥികള്‍ മുഖ്യധാരാരാഷ്ട്രീയത്തില്‍ സജീവമായിരുന്നവരല്ല.അതൊരു അയോഗ്യതയല്ലെന്നും മുന്നണികളുടെ രാഷ്ട്രീയത്തിനാണല്ലോ വോട്ടു ചെയ്യേണ്ടതെന്നും വോട്ടര്‍മാര്‍ വിശ്വസിക്കാന്‍ ശ്രമിക്കുമ്പോഴാണ് സാമുദായിക നേതാക്കളുടെ ആശീര്‍വാദം തേടിയുള്ള നെട്ടോട്ടം. ജീവിച്ചിരുന്ന കാലത്ത് പി.ടി.തോമസ് ഒറ്റയാള്‍പോരാട്ടം നടത്തിയ ട്വന്റി ട്വന്റിയുടെ ആശീര്‍വാദവും ഇന്നത്തെ യു.ഡി.എഫിനു വേണം. 

സി.പി.എം പാര്‍ട്ടി ചിഹ്നത്തിലാണ് മല്‍സരിക്കുന്നതെങ്കിലും സാധാരണ സി.പി.എം സ്ഥാനാര്‍ഥികളെപ്പോലെ ഒളിഞ്ഞും മറഞ്ഞുമല്ല ഇടതുസ്ഥാനാര്‍ഥി കണിച്ചുകുളങ്ങരയിലും പെരുന്നയിലും ആശീര്‍വാദം തേടിയത്. 

മരണമടഞ്ഞ എം.എല്‍.എയുടെ  ജീവിതപങ്കാളി എന്ന വൈകാരികതയില്‍ മാത്രം പ്രതീക്ഷയര്‍പ്പിച്ച് ഐക്യമുന്നണി മുന്നോട്ടു പോകുന്നു. മറ്റൊരു സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ തിര‍ഞ്ഞെടുപ്പ് കഴിഞ്ഞാലും തമ്മില്‍തല്ല്   തീരില്ല എന്നതും ഒരു കാരണമായിരുന്നു എന്ന് കാണാതിരിക്കുന്നില്ല. സ്ഥാനാര്‍ഥി ആരായിരുന്നാലും അദ്ദേഹം ക്രൈസ്തവരില്‍ നിന്നായിരിക്കണം എന്ന ഒരേയൊരു നിര്‍ബന്ധമേ ഇടതുമുന്നണിക്കുമുണ്ടായിരുന്നുള്ളൂ. അതും പോരാതെയാണ് സ്ഥാനാര്‍ഥികള്‍ മണ്ഡലവുമായി ബന്ധമില്ലാത്ത സാമുദായിക ആസ്ഥാനങ്ങള്‍ കയറിയിറങ്ങുന്നത്. അതിലെന്തു തെറ്റ് എന്നു തന്നെ ബി.ജെ.പിയും ചോദിക്കുന്നു

മതസാമുദായിക നേതൃത്വത്തിന് രാഷ്ട്രീയത്തില്‍ സ്വാധീനം കൂടുന്നതില്‍ ബി.ജെ.പിക്ക് സന്തോഷമേ ഉണ്ടാകൂ. സ്വാഭാവികം. കേരളത്തില്‍ ബി.ജെ.പി. പ്രോജക്റ്റ് നടക്കണമെങ്കില്‍ എല്ലാ ജാതിമതസമുദായങ്ങളും സ്വന്തം എണ്ണമെടുത്ത് തമ്മില്‍ തമ്മില്‍ ശക്തിപ്രകടനം നടത്തണം. ആദ്യമായല്ല ഒരു തിരഞ്ഞെടുപ്പില്‍ മതസാമുദായികനേതൃത്വങ്ങളുടെ ആശീര്‍വാദത്തിന് സ്ഥാനാര്‍ഥികള് പരക്കം പായുന്നത്. പക്ഷേ ഇപ്പോള്‍ കേരളത്തിലും നിലനില്‍ക്കുന്ന സാമൂഹ്യാന്തരീക്ഷത്തില്‍ വ്യത്യാസമുണ്ട്. രാഷ്ട്രീയത്തില്‍ 

മതമേലധ്യക്ഷന്‍മാര്‍ കൈകടത്താതിരിക്കണം, സാമൂഹ്യാന്തരീക്ഷം തകര്‍ക്കുന്ന വിഭാഗീയപ്രസ്താവനകള്‍ നടത്താത്തിരിക്കണം എന്ന് ആധികാരികമായി പറയണമെങ്കില്‍ തിരഞ്ഞെടുപ്പ് സമയത്തുള്ള ഈ സ്വാധീനസമ്മതം നടത്താതിരിക്കുകയെങ്കിലും വേണം. 

മതസാമുദായിക ചിന്തകള്‍ കേരള രാഷ്ട്രീയാന്തരീക്ഷത്തെ മലിനപ്പെടുത്തുന്നു എന്നു വ്യാകുലപ്പെടുകയും തിരഞ്ഞെടുപ്പായാല്‍ സാമുദായികാശീര്‍വാദങ്ങള്‍ക്ക് നെട്ടോട്ടമോടുകയും ചെയ്യുന്ന ഇരട്ടത്താപ്പെങ്കിലും മുന്നണികള്‍ അവസാനിപ്പിക്കണം. രാഷ്ട്രീയത്തില്‍ മതസാമുദായികശക്തിയുടെ സ്വാധീനം എന്താകണമെന്ന് സത്യസന്ധമായി ഒരു നിലപാട് പ്രഖ്യാപിക്കണം. മതവും സമുദായവും മുന്നില്‍ നില്‍ക്കും വിധം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയും പിന്നെ അനുഗ്രഹം തേടലും എല്ലാം കഴിഞ്ഞ് വോട്ടര്‍മാര്‍ രാഷ്ട്രീയം മാത്രം നോക്കി വോട്ടു ചെയ്താല്‍ മതിയെന്ന കാപട്യം വല്ലാതെ വിരസമാകുന്നുണ്ടെന്ന് പറയാതെ വയ്യ.